ഇമാം മുസ്ലിം ആത്മവിശ്വാസത്തിന്റെ അൾരൂപമായിരുന്നു. വിശേഷിച്ചും തിരുനബിവചന വിജ്ഞാനീയത്തിൽ. അദ്ദേഹം പതിറ്റാണ്ടുകളോളം ലോകം സഞ്ചരിച്ചു. ആയിരക്കണക്കിന് ഗുരുക്കന്മാരെ കണ്ടുമുട്ടി . തിരുവചനങ്ങൾ സമ്പാദിച്ചു.
ഒരുപാടൊരുപാട് ചർച്ചകളിലും സംവാദങ്ങളിലും പങ്കുകൊണ്ടു . അനേകം ശിഷ്യരിലേക്ക് പഠിച്ചത് ഒട്ടും ചോരാതെ പകർന്നു. എന്തുകൊണ്ടും അഭിമാനാർഹമായ ജീവിതം, ധന്യമായ അധ്വാനങ്ങൾ. ‘സ്വഹീഹ് മുസ്ലിം’ എന്ന മഹാന്റെ അതിപ്രശസ്തവും ആധികാരികതയിൽ മുൻപന്തിയിലുള്ളതുമായ ഗ്രന്ഥം, ലോകം ഏറ്റെടുത്തത് ഒരു പൊൻതൂവൽചാർത്തായി തുടരുന്നു.
ഇമാം വിജ്ഞാനവഴിയുടെ തിളക്കങ്ങളിൽ നിലകൊള്ളവെയാണ് നാട്ടിൽ ഒരു ചർച്ച സംഘടിപ്പിക്കപ്പെടുന്നത്. തിരുവചന സംബന്ധമായ ചർച്ച തന്നെയാണ്. നിരവധി പണ്ഡിതർ സംഗമിച്ചിട്ടുണ്ട്. മഹാൻ്റെ പ്രധാന ശിഷ്യഗണങ്ങളും ഒരുമിച്ചു കൂടിയിരിക്കുന്നു. തിരുവചനസംബന്ധമായ ചോദ്യങ്ങളും മറുപടികളും നിർബാധം തുടർന്നു. എല്ലാത്തിനും കൃത്യമായ മറുപടി മുസ്ലിമിൻ്റെ ഭാഗത്തുനിന്ന് ഉയർന്നുവന്നു. സദസ്സ് ചൂടുപിടിച്ചു. അതിനിടയിൽ ഒരാൾ ഒരു നബിവചനം അവതരിപ്പിച്ചു; ‘ഇതേപ്പറ്റി താങ്കളുടെ അറിവ് എന്താണ്?’ ചോദ്യം മുസ്ലിമിനോടായിരുന്നു. മഹാന്റെ കണ്ഠം ഒന്നിടറി. അത്യപൂർവ അനുഭവമാണിത്. കാരണം ആ ഒരു വചനം ഇതുവരെ പരിചയത്തിൽ ഇല്ല. ഓർമ കിട്ടുന്നില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ശേഖരിച്ച ലക്ഷക്കണക്കിന് ഹദീസുകളുടെ ഗണത്തിൽ ഈ ഒരു ഹദീസ് എന്തുകൊണ്ട് ഉണ്ടായില്ല. അങ്ങനെ വരാൻ വഴിയില്ല. ഉണ്ടായിരിക്കും. പക്ഷേ എങ്ങനെ മറവി എന്നെ പിടികൂടി. ഇമാം മാനസികപ്രതിസന്ധിയിലായി.
ചർച്ച തൽക്കാലം അവസാനിപ്പിച്ച് വീട്ടിലേക്ക് നീങ്ങി. ആ തിരുവചനം കണ്ടെത്തിയിട്ടു തന്നെ കാര്യം. മുസ്ലിമിൻ്റെ അന്വേഷണത്വര ഉണർന്നു. സംശയമില്ല എൻ്റെ ശേഖരത്തിൽ അത്തരം ഒരു വചനം ഉണ്ടാകും. ഉണ്ടാകാതിരിക്കില്ല. അത് കണ്ടെത്തിയേ പറ്റൂ. ഇത് ജന്മദൗത്യമാണ്.
ഇമാം ചിന്തിച്ചു. അങ്ങനെ ലൈബ്രറി റൂമിലേക്ക് പ്രവേശിച്ചു. ആളുകൾക്ക് നിർദ്ദേശം നൽകി. ഇനി ആരും വീട്ടിലേക്ക് വരരുത്. വീട്ടുകാരെ വിളിച്ചുപറഞ്ഞു; ‘എൻ്റെ അനുവാദമില്ലാതെ ആരും ഈ റൂമിലേക്ക് പ്രവേശിക്കരുത്.’
അന്വേഷണം തുടങ്ങി.
രാത്രിയായി.
വിളക്കുകൊളുത്തി.
അന്വേഷണത്തിൽ തന്നെ.
വീട്ടുകാർ പറഞ്ഞു: ‘കുറച്ച് ഈത്തപ്പഴം കൊണ്ടുവന്നിരിക്കുന്നു. എന്ത് ചെയ്യണം?’
‘അതിങ്ങോട്ടു എടുക്കൂ’ മുസ്ലിം കൽപ്പിച്ചു. ഈത്തപ്പഴത്തിന്റെ അത്യാവശ്യം വലിയ വട്ടി മുറിയിലേക്ക് എടുത്തു. ഇമാം ഗാഢമായ തിരച്ചിലിലാണ് . അതിനിടയിൽ അറിയാതെ ഓരോ ഈത്തപ്പഴവും തിന്നുകൊണ്ടിരുന്നു. രാത്രി മുഴുവനും നീണ്ട തിരച്ചിൽ. ഒടുവിൽ ഈത്തപ്പഴം തീർന്നു. തിരുവചനം കണ്ടെത്തി. രണ്ടും ഒന്നിച്ചായിരുന്നു.
വൈജ്ഞാനികമായ ഈ ചിന്ത ഇമാമിനെ പിടിച്ചുലച്ചു. മനസ്സിനെ അത് ബാധിച്ചു. അറിയാതെ ഈത്തപ്പഴം ധാരാളം കഴിച്ചത് ശരീരത്തെയും ബാധിച്ചു. ദഹനപ്രക്രിയ തകരാറിലായി.
അതേത്തുടർന്ന് ഇമാം രോഗഗ്രസ്ഥനായി. അസുഖബാധിതനായ മഹാൻ പിന്നീട് കൂടുതൽ ദിവസം തുടർന്നില്ല. ഒരു അഭിപ്രായപ്രകാരം അന്നുതന്നെ അല്ലാഹുവിൻ്റെ അനുഗ്രഹലോകത്തേക്ക് യാത്രയായി. ഹിജ്റ 261- ഞായറാഴ്ച ദിവസം സായാഹ്നത്തിലായിരുന്നു വിട. റജബ് 25ന് AD 875 മെയ് 6 ന്. അമ്പത്തിയഞ്ച് വയസ്സായിരുന്നു അന്ന് ഇമാമിന്. മധ്യവയസ്സിലേക്ക് കടന്നിട്ടേ ഉള്ളൂ. ആ ജ്ഞാനതാരകം തന്റെ ദൗത്യം അവസാനിപ്പിച്ചു യാത്രയായി. തിങ്കളാഴ്ചയാണ് മറവ് ചെയ്തത്. നയ്സാപൂരിൻ്റെ പ്രാന്തപ്രദേശത്ത് നസ്റാബാദിൽ സിയാദ് മൈതാനിയുടെ തുടക്കത്തിൽ ആയിരുന്നു ഖബറൊരുക്കിയത്. ഒരുപാടൊരുപാട് വിശ്വാസികൾ അവസാനയാത്രയിൽ സംഗമിച്ചു .ലോകമാകെ ദു:ഖം രേഖപ്പെടുത്തി.. പണ്ഡിതന്മാർ വേദനകൊണ്ടു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം അസ്തമിച്ചിരിക്കുന്നു. സന്ദർശകരാൽ ആ നാട് വീർപ്പ് മുട്ടി. ഇന്നും ആ ഓർമകൾ കാന്തിയൽപവും മങ്ങാതെ ജ്വലിച്ചു നിൽക്കുന്നു.
