തിരുനബിവചന വിജ്ഞാനവുമായി ബന്ധപ്പെട്ട ത്യാഗപൂർണമായ അലച്ചിലുകൾ നടക്കുന്ന കാലം. മുസ്ലിമിൻ്റെ മനസ്സിൽ ഇടയ്ക്കിടെ വിരുന്നുവന്ന ചിന്ത പ്രമുഖമായ ഒരു ഗ്രന്ഥരചനയുടേതായിരുന്നു. ലക്ഷക്കണക്കിന് നബിവചനങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. എല്ലാം മനസ്സിലും എഴുത്തിലുമായി സുഭദ്രം. അവയിൽ നിന്നൊരു അതിസൂക്ഷ്മ രചന. മുസ്ലിം അത് ഇടയ്ക്കിടെ സ്വപ്നം കണ്ടു. പക്ഷേ രംഗത്തിറങ്ങാൻ കഴിഞ്ഞില്ല. അതിനിടയിലാണ് ഒരു വിദ്യാർത്ഥി അതേ ആശയം മുന്നോട്ട് വെക്കുന്നത്. എന്തുകൊണ്ട് ഒരു രചന ആയിക്കൂടാ?. തിരുവചനവിഷയത്തിൽ എല്ലാവരാലും സ്വീകാര്യമായിരിക്കണം അത്. കുറ്റമറ്റതും ലോകം നിരാക്ഷേപം ഏറ്റെടുക്കുന്നതുമാകണം.
ഈ ആശയം പങ്ക് വെച്ചത് പ്രിയ ശിഷ്യൻ അഹ്മദ് ബിനു സലമയാണെന്ന് ചിലർ നിരീക്ഷിക്കുന്നു. മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത് മഹാൻ്റെ സതീർത്ഥ്യരോ സമശീർഷരോ ഒക്കെയാകാമെന്നാണ്. ഗുണകാംക്ഷ നിറഞ്ഞ ആ വീക്ഷണം മുസ്ലിമിനെ ത്രസിപ്പിച്ചു. ഇനി കാത്തുനിൽക്കുന്നതിനർത്ഥമില്ല. വൈകാതെ മഹാൻ രചനയിലേക്ക് പ്രവേശിച്ചു. പിൽക്കാലത്ത് ലോകപ്രശസ്തഗ്രന്ഥമായി ലോകം ഏറ്റെടുത്ത ‘സ്വഹീഹ് മുസ്ലിമിൻ്റെ’ പിറവി അങ്ങനെയാണ്.
"സ്വഹീഹ് "എന്നാൽ സുശക്തം എന്നർത്ഥം. ഗ്രന്ഥം പിന്നീട് ഇമാമിന്റെ പേരിൽ തന്നെ അറിയപ്പെട്ടു. അഥവാ മുസ്ലിം. മുസ്ലിമിലെ ഓരോ വചനങ്ങളും സുവ്യക്തമായിരുന്നു. രചയിതാവ് തന്നെ പറയുന്നു: ‘ഈ ഗ്രന്ഥത്തിലെ നബിവചനത്തിന്റെ സാധുതാവിഷയത്തിൽ ഒരു സംശയത്തിനും പഴുതില്ല. "
രചനയുടെ കാലം, നയ്സാപൂരിൽ അഗ്രേസ്യരായ നബിവചനപണ്ഡിതന്മാർ ജീവിക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ നിരൂപണത്തിന് മൂർച്ചയേറും. പക്ഷേ മുസ്ലിമിന് ഭയമുണ്ടായിരുന്നില്ല. എല്ലാം നേരിടാൻ മാത്രമുള്ള വിഭവം മഹാൻ്റെ കൈവശം ഉണ്ടായിരുന്നു.
ഇമാം ബുഖാരിയെപ്പോലെ നീണ്ടകാലമെടുത്താണ് രചനയുടെ നിർമിതി. ഇമാം നവവി പറയുന്നത്, 16 കൊല്ലമെടുത്തു എന്നാണ്. രചനാകാലത്ത് സ്ഥിരസാന്നിധ്യമായി ഉണ്ടായിരുന്ന അഹ്മ്മദ് ബ്നു സലമ പറയുന്നത് സ്വഹീഹിന്റെ രചനാവേളയിൽ 15 കൊല്ലം ഞാൻ ഗുരുവിൻ്റെ കൂടെ ഉണ്ടായിട്ടുണ്ട് എന്നാണ്. ഒരർത്ഥത്തിൽ ദീർഘമാണ് ഈ കാലം. പക്ഷേ നബിവചനകൈമാറ്റം അതിസൂഷ്മമായിരിക്കണം എന്നുള്ള അടിസ്ഥാനത്തിലായിരിക്കാം ഇത്രയും സമയം എടുത്തത്.
രചന ആരംഭിക്കുമ്പോൾ മഹാന് വയസ്സ് കേവലം 20. രചനയിൽ നിന്ന് വിരമിക്കുന്നത് ഹിജ്റ 250 ലാണ് .അഥവാ രചനയുടെ ആരംഭം ഹിജ്റ 235ൽ. തിരക്കുകളുള്ള കാലം തന്നെയായിരുന്നു മുസ്ലിമിന് ഇത് .കച്ചവടത്തിന്റെയും മറ്റും ബാധ്യതകൾ ഒരു ഭാഗത്തുണ്ട്. കുടുംബഉത്തരവാദിത്വം വേറെ. പക്ഷേ എല്ലാത്തിനെയും അദ്ദേഹം പക്വമായി നിയന്ത്രിച്ചു. രചനയിൽ വ്യാപൃതനായി.
രചനാനന്തരം പ്രമുഖ പണ്ഡിതർക്കരികിൽ വായിച്ചു കേൾപ്പിച്ച് ഉറപ്പുവരുത്തുന്ന ചടങ്ങുകൾ തന്നെ ഉണ്ടായി. ഇബ്രാഹിം ഇബ്നു സുഫ് യാൻ പറയുന്നുണ്ട്: സ്വഹീഹ് മുസ്ലിമിൻ്റെ വായനയിൽ നിന്ന് ഞങ്ങൾ വിരമിച്ചത് ഹിജ്റ 287 റമളാൻ മാസത്തിൽ ആയിരുന്നു."
സ്വഹീഹ് മുസ്ലിമിനെ ഒരുവേള കുറ്റമറ്റതാക്കിയത് ഇത്തരം പണ്ഡിതവായനകൾ ആയിരുന്നു. 620 പേജുകളിലായി ചെറിയ എഴുത്തിൽ ആദ്യകാലങ്ങളിൽ ഇത് പകർത്തപ്പെട്ടിരുന്നു. പല പ്രമുഖ പണ്ഡിതരും ഇമാം മുസ്ലിമിൽനിന്ന് തന്നെ കിതാബിന്റെ ഉള്ളടക്കം നേരിട്ട് ഉൾക്കൊള്ളാൻ താല്പര്യപ്പെട്ടു. വ്യാപാരകേന്ദ്രത്തിൽ വെച്ച് പോലും പഠന പാരായണം നടന്ന അനുഭവം ഉണ്ട്. നിരവധി പിൽക്കാല പണ്ഡിതർ സ്വഹീഹ് മുസ്ലിം മന:പ്പാഠമാക്കുകയുണ്ടായി.
ലോകപ്രശസ്ത ലൈബ്രറികളെ സ്വഹീഹ് മുസ്ലിമിന്റെ സാന്നിധ്യം ധന്യമാക്കി. ബുഖാരി എന്ന പ്രശസ്തിയിൽ ഉന്നതിയാർജിച്ച നബിവചനഗ്രന്ഥത്തിന് സമാനം സ്വഹീഹ് മുസ്ലിമും ലോകം കൊണ്ടാടി. മുസ്ലിമിലെ അധ്യായങ്ങൾ ഏകദേശം 1351 എണ്ണം വരും. 3ലക്ഷം ഹദീസുകളിൽ നിന്ന് ചികഞ്ഞെടുത്തതാണ് സ്വഹീഹ് മുസ്ലിം എന്ന് ഇമാം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 5770 ഹദീസുകൾ( തിരുവചനം) ഉൾക്കൊള്ളുന്നു രചന. അനുബന്ധങ്ങൾ സഹിതം നോക്കിയാൽ 7395 എണ്ണം വരും.
ബുഖാരി കഴിഞ്ഞാൽ മുസ്ലിം എന്നതാണ് പണ്ഡിത ലോകത്തെ ചൊല്ല്. അഥവാ തിരുവചനലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ടാമത്തെ രചന സ്വഹീഹ് മുസ്ലിം ആണ്. ചുരുക്കം ചില നാടുകളിൽ ബുഖാരിയേക്കാൾ മുസ്ലിമിന് പണ്ഡിതർ മുൻഗണന നൽകിയതായി കാണാം.
ആഗോള പ്രശസ്ത പണ്ഡിതനായ ഇബ്നു ഹജർ പറഞ്ഞത് ഇങ്ങനെ: "മുസ്ലിം വലിയ ഭാഗ്യവാനാണ്. സമാനമായി ആർക്കും അത്ര ഭാഗ്യം ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ മുസ്ലിമിന് ആളുകൾ പ്രാധാന്യം കൽപ്പിക്കുന്നത് കണ്ടിട്ടുണ്ട്. മഹാൻ്റെ രചനയുടെ മികവാണിതിനു കാരണം"
ഇബ്നു തൈമിയ പറഞ്ഞു: “വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ബുഖാരിയെക്കാളും മുസ്ലിമിനെക്കാളും സാധുതയുള്ള മറ്റൊരു ഗ്രന്ഥം ആകാശത്തിനു ചുവട്ടിൽ ഇല്ല." പിൽകാല പണ്ഡിതർ സ്വഹീഹ് മുസ്ലിമിന് പാദസേവ ചെയ്യാൻ മത്സരിച്ചു. പ്രിന്റിംഗ് വികസിക്കാത്ത കാലത്ത് അത് പകർത്തിയെഴുതിയായിരുന്നു ചിലരുടെ സേവനം. മറ്റു ചിലർ വിശാലമായ അധ്യാപനം സ്വഹീഹ് മുസ്ലിം വെച്ച് നടത്തി. കുറെയധികം പേർ മന:പ്പാഠമാക്കി. ഖുർആൻ പോലെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഓതി തീർത്തിരുന്ന പണ്ഡിതന്മാരും ഏറെയാണ്. രാജാക്കന്മാരും ഭരണാധികാരികളും സ്വഹീഹ് മുസ്ലിം പഠിക്കാൻ ഉത്സാഹിച്ചു. വിദൂരദിക്കുകളിലേക്ക് സ്വഹീഹ് മുസ്ലിം പഠിക്കാനും കേൾക്കാനും നീങ്ങിയ വിജ്ഞാന സ്നേഹികൾക്ക് കണക്കില്ല.
സ്വഹീഹ് മുസ്ലിമിന് വ്യാഖ്യാനം ചമച്ചവർ നിരവധിയാണ്. 64 ഗ്രന്ഥങ്ങൾ ഈ ഗണത്തിൽ പ്രസിദ്ധമാണ്.ഇമാം നവവിയുടെ ശറഹ് മുസ്ലിം (മുസ്ലിം വിശദീകരണം) ഉദാഹരണം. ചിലർ ബുഖാരി- മുസ്ലിം സംയുക്തരചനകൾ ഇറക്കി. ഒട്ടേറെപ്പേർ സ്വഹീഹ് മുസ്ലിമിന് സംക്ഷിപ്ത രൂപം നൽകി. 15 എണ്ണം ഇവയിൽ പ്രസിദ്ധങ്ങളാണ്.
മുസ്ലിമിനെ പുരസ്ക്കരിച്ച് നിരൂപണഗ്രന്ഥങ്ങളും ധാരാളം ഇറങ്ങിയിട്ടുണ്ട്. മുസ്ലിമിലെ നിവേദകന്മാരെക്കുറിച്ചുള്ള ചരിത്രപഠനമാണ് മറ്റൊരു വൈജ്ഞാനിക സംഭാവന .ഈ ഗണത്തിൽ 23 എണ്ണം കിതാബുകൾ പ്രസിദ്ധങ്ങളായിട്ടുണ്ട്. അനറബി ഭാഷയിലും നിരവധി ഗ്രന്ഥങ്ങൾ സ്വഹീഹ് മുസ്ലിമിനെ പുരസ്ക്കരിച്ചു വന്നിട്ടുണ്ട്.
