മുസ്ലിമിൻ്റെ ജീവിതകാലത്ത് നയ്സാപൂർ ലോകപ്രശസ്തമായ കച്ചവടകേന്ദ്രമാണ്. വിവിധനാടുകളിൽനിന്ന് വ്യാപാരാവശ്യാർത്ഥം ആളുകൾ അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നു. പ്രധാനമായി വസ്ത്രവ്യാപാരമാണ്. അതുപോലെ വീട്ടുപകരണങ്ങളുടെ കച്ചവടവും. ലോകോത്തര തുണിത്തരങ്ങൾ നയ്സാപൂരിനെ സമ്പന്നമാക്കി. മിക്കകുടുംബങ്ങളും കച്ചവടത്തിൽ ഏർപ്പെട്ടു. ശാമിലേക്കും(സിറിയ) തുർക്കിനാടുകളിലേക്കും ധാരാളമായി കയറ്റുമതി നടന്നു. ലോകരാജാക്കന്മാർ മോഹവിലക്ക് വസ്ത്രങ്ങൾ വാരിക്കുട്ടി. ഇത് നയ്സാപൂരിലേക്ക് സമ്പന്നത കൊണ്ടുവന്നു.
ജ്ഞാനതൃഷ്ണ തലയ്ക്കുപിടിച്ച് നടക്കുന്ന മുസ്ലിം നാടിൻ്റെ ഈ മാറ്റം കാണാതെ പോയില്ല. ഒരു വേള അദ്ദേഹത്തിന്റെ ചിന്തയുണർന്നു. എന്തുകൊണ്ട് തനിക്കും വ്യാപാരമായിക്കൂടാ. തിരുനബിവചന പഠനത്തിന് പണം ആവശ്യമാണ്. ജീവിക്കാനും വേണം പണം. യാത്രകൾക്ക് പറയേണ്ടതുമില്ല. അതോടൊപ്പം സമൂഹത്തെ സേവിക്കുവാൻ ആവശ്യമായ സമ്പത്ത് അനിവാര്യം.
ഇനി ചിന്തിച്ചിരുന്നിട്ട് കാര്യമില്ല. ഇമാം മുസ്ലിമിൽ തീരുമാനം ഉറച്ചു. അങ്ങനെ കച്ചവടത്തിലേക്ക് ഇറങ്ങി. കൈവശമുണ്ടായിരുന്ന കുറച്ചു പണവും മറ്റുമെല്ലാം കച്ചവടത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചു.
വസ്ത്രവ്യാപാരം തന്നെയാണ് തിരഞ്ഞെടുത്തത്. അതിനാണ് ലോകവിപണിയിൽ മാർക്കറ്റ്. സ്വന്തം കൈകൊണ്ട് അധ്വാനിച്ച് തിന്നുന്നതിന് പ്രത്യേകം മധുരമുണ്ട്. ഏറ്റവും ശ്രേഷ്ഠമായ സമ്പാദ്യമാണതെന്നാണ് നബിവചനം. നബിമൊഴികൾ ജീവിതത്തിൽ പകർത്താൻ കൂടിയുള്ളതാണ്.
പ്രവാചകന്മാരെല്ലാം ഓരോ ജോലിക്കാരായിരുന്നു. തന്റെ ജോലി കച്ചവടം ആകട്ടെ. മെല്ലെ തുടങ്ങിയ വ്യാപാരം ക്രമേണ വിജയത്തിലേക്ക് എത്തി. ഖാൻമഹ് മിശിൽ വിപുലമായ കട തുറന്നു. വ്യാപാരം വിജയകരമായി മുന്നോട്ടുപോയി. തൻ്റെ പഠനത്തിനു വിഘ്നം നിൽക്കില്ലെന്ന് ഉറപ്പുവരുത്തി ആയിരുന്നു മുന്നേറ്റം. നല്ല ലാഭം കിട്ടിക്കൊണ്ടിരുന്നു. കിട്ടിയ പണം കൃത്യമായി സൂക്ഷിക്കാനും വികസിപ്പിക്കാനും മുസ്ലിം ശ്രദ്ധിച്ചു.
എന്നും കച്ചവടം നടക്കില്ല. നാഥൻ കൈയ്യയഞ്ഞു തരുമ്പോൾ വാങ്ങി ഉപയോഗപ്പെടുത്തണം. അതാണ് തിയറി. മുസ്ലിം അതിൽ വിജയിച്ചു .കിട്ടിയ പണം കൃത്യമായി ഉപയോഗിച്ചു. കുറേ ഭൂമിയും മറ്റും വാങ്ങി. ഏറ്റവും പ്രധാനമായി വാങ്ങിക്കൂട്ടിയത് ഉസ്തുവാഇലായിരുന്നു. തനിക്കും കുടുംബത്തിനും മാന്യമായി ജീവിക്കാൻ ഇതുതന്നെ ധാരാളം.
ഇതിനിടയിൽ മഹാന്റെ വിവാഹം നടന്നു. ലളിതമായ ചടങ്ങുകൾ. പ്രമുഖപണ്ഡിതനായ അബ്ദുൽ വാഹിദ് സ്വഫ്ഫാറിൻ്റെ പുത്രിയായിരുന്നു മണവാട്ടി. സുന്ദരിയും സുശീലയും ഭക്തയുമായിരുന്നു സഫ്ഫാറിൻ്റെ മകൾ. ബീവി പിതാവിൽ നിന്ന് മത പാഠങ്ങൾ നുകർന്നത് മുസ്ലിമിന് സൗകര്യമായി. എല്ലാംകൊണ്ടും തന്റെ കൂടെ നിൽക്കുന്ന ഇണ. പ്രത്യേകിച്ചും വിജ്ഞാനസപര്യയിൽ മികവൊത്ത സതീർത്ഥ്യ.
മഹതി പതിയുടെ കഠിനാധ്വാനത്തെ മാനിക്കുവാൻ മടിച്ചില്ല. അറിവന്വേഷണത്തിന് ഒരിക്കൽ പോലും തടസ്സം നിന്നില്ല. ഭാര്യാപിതാവിൻ്റെ പാണ്ഡിത്യം മുസ്ലിമിന് ഉപകാരപ്പെട്ടു. അറിവിന്റെ വിലയറിയുന്ന ഒരു കുടുംബവുമായിട്ടുള്ള ചേർച്ച എന്തുകൊണ്ടും മാറ്റുള്ളതാണ്. സന്തുഷ്ടമായിരുന്നു ആ കുടുംബജീവിതം. ഈ ബന്ധത്തിൽ മുസ്ലിമിന് എത്ര സന്താനങ്ങൾ പിറന്നു എന്നതിൽ ചരിത്രത്തിന് വലിയ തിട്ടമില്ല. അബുൽ ഹുസൈൻ എന്ന് ഇമാമിനെ വിശേഷിപ്പിക്കാറുണ്ട്. ഹുസൈനിന്റെ പിതാവ്എന്ന അർത്ഥത്തിലാണത്. എങ്കിൽ ഹുസൈൻ എന്ന് പറയുന്ന ഒരു ആൺകുട്ടി മുസ്ലിമിന് ജനിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചിലരുടെ വാദം പെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്.
