പ്രൗഢി നിറഞ്ഞതായിരുന്നു ഇമാം മുസ്ലിമിൻ്റെ ജീവിതം. നടപ്പിലും ഇരിപ്പുലുമൊക്കെ ആ വ്യക്തി വൈശിഷ്ട്യം പ്രകടമായി. എടുപ്പുള്ള ശരീരമായിരുന്നു. ആരെയും ആകർഷിക്കുന്ന സുന്ദരവദനം. തലയും താടിയും വെളുത്തിരുന്നു. രാജകീയ തലപ്പാവ്. പിരടിക്കിടയിൽ അതിന്റെ വാല് ചന്തം ചാർത്തി നിന്നു. ആകാരഭംഗിക്ക് ഒപ്പു ചാർത്തിക്കൊണ്ട് ഒരു തട്ടവും. ഗാംഭീരഭാവമായിരുന്നപ്പോഴും വിജ്ഞാനത്തിന്റെ വിനയം ആ മുഖത്ത് എപ്പോഴും കളിയാടി. കാണുന്ന ആരും ഒന്ന് നോക്കിപ്പോകും. പണക്കാരും പാവങ്ങളും ഒരേപോലെ മഹാനെ ആദരിച്ചു. ധനാഢ്യനാണെന്ന ധാർഷ്ട്യം ഒട്ടുമേ ആ ജീവിതത്തെ തൊട്ടു തീണ്ടിയിരുന്നില്ല.
പാവങ്ങൾക്കൊപ്പം നിലയുറപ്പിക്കാനയിരുന്നു ഏത് സമയത്തും മോഹം. കച്ചവടത്തിലേക്ക് ഇറങ്ങുന്നതിന് പിന്നിലെ ലക്ഷ്യങ്ങളിലൊന്ന് സാമൂഹികസേവനമായിരുന്നു. അത് കൃത്യവും വ്യവസ്ഥാപിതവുമായി നിർവഹിക്കാൻ മുസ്ലിമിനായി. ഒരു നന്മവീടായി ആ ജീവിതം വാഴ്ത്തപ്പെട്ടു. "മുഹ്സിൻ നയ്സാപൂർ" എന്നായിരുന്നു ഇമാം അറിയപ്പെട്ടത്. തൻ്റെ അളവറ്റ സമ്പാദ്യങ്ങൾ കൊണ്ട് ജനങ്ങളെ സേവിച്ചതായിരുന്നു ഈ പ്രശസ്തിക്ക് നിമിത്തം. ഒരുപാടൊരുപാട് ദാനം കൊടുത്തു. പല ദിക്കുകളിൽ നിന്നും അനേകർ മഹാൻ്റെ അനുഗ്രഹംതേടി ഒഴുകിയെത്തി. ആരെയും നിരാശരാക്കിയില്ല. കച്ചവടംകൊണ്ട് നേടിയതിന്റെ വലിയ പങ്കും ദാനം ചെയ്തു. അതിൽ ഭൂസ്വത്തും മറ്റ് ചരക്കുകളും ഉണ്ടായിരുന്നു.
കൃത്യമായി നിർബന്ധദാനം (സക്കാത്ത്) നൽകുന്നതിന് പുറമേയായിരുന്ന ഇത്. ഒരാളുടെയും ഔദാര്യം മുസ്ലിം കൈപ്പറ്റിയില്ല. കൊടുക്കുന്ന കൈയായി നിലകൊണ്ടു. വാങ്ങുന്ന കൈയായി ഒരിക്കൽപോലും മാറിയില്ല. ജീവിതവിശുദ്ധി പൂർണമായും കാത്തു സൂക്ഷിച്ചു.
ശുദ്ധികളിൽ പ്രധാനം വികാരവിശുദ്ധിയും സാമ്പത്തിക ശുദ്ധിയുമാണ്. രണ്ടും ഇമാമിൽ വേണ്ടുവോളം ഉണ്ടായിരുന്നു. തിരുനബി വചനങ്ങളുടെ കൈമാറ്റക്കാരൻ എന്ന നിലയ്ക്ക് ഇമാമിന് ഇത് നിർബന്ധമായിരുന്നു. സൽസ്വഭാവത്തിന്റെ എല്ലാ ശീലും ശൈലിയും ജീവിതത്തിൽ പുലർത്തി. ആരോടും അനാവശ്യ തർക്കത്തിന് നിന്നില്ല. ആരെയും ആക്ഷേപിച്ച ചരിത്രമില്ല.
അബ്ദുൽ അസീസ്ദ്ദഹ് ലവി കുറിക്കുന്നു: "ഇമാം മുസ്ലിം തൻ്റെ ജീവിതത്തിൽ ഒരാളെയും പരദൂഷണം പറഞ്ഞ അനുഭവം ഇല്ല. ആരെയെങ്കിലും പ്രഹരിക്കുകയോ, ശകാരിക്കുയോ ചെയ്തതായും അറിവില്ല"
മുസ്ലിം ജീവിച്ച പരിസരം പലപ്പോഴും വൈജ്ഞാനിക സംവാദങ്ങൾ നിറഞ്ഞതായിരുന്നു. പക്ഷേ അവിടെയെല്ലാം തന്റേതായ വ്യക്തിത്വം അദ്ദേഹം ഉയർത്തിപ്പിടിച്ചു. ആരെയും വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചില്ല.
ഇത് എല്ലാവർക്കും സാധ്യമാകുന്ന കാര്യമല്ല. പണ്ഡിതന്മാരെ പിടികൂടുന്ന ഏറ്റവും വലിയ ദുർഗുണമാണ് അസൂയ. ഇമാം മുസ്ലിമിൽ അത് തൊട്ടു തീണ്ടിയില്ല. ഓരോ കാര്യങ്ങളെയും യഥോചിതം സമീപിച്ചു. നയ്സാപൂരുകാര് തന്നെ മുസ്ലിമിനെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ: ‘മുസ്ലിം നേതാവും മാന്യനുമായിരുന്നു. പക്വതയുടെ പ്രതീകം. നന്മ സ്വയം ആർജിച്ച വ്യക്തി. ഓരോ കാര്യങ്ങളെയും യഥാതഥാ വിലയിരുത്തിയ സത്യസന്ധനായ നേതൃത്വമായിരുന്നു അദ്ദേഹം".
ശിഷ്യന്മാർ ഗുരുവിനെ പരിചയപ്പെടുത്തുന്നത് തന്നെ വാനോളം പുകഴ്ത്തിയാണ്. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്പറഞ്ഞത് ഇങ്ങനെ :"ഉസ്താദിനെക്കാൾ ഉത്തമനായ ഒരാളെ എനിക്ക് അറിയില്ല. നന്മയുടെ ആകാരം ആയിരുന്നു അദ്ദേഹം. അല്ലാഹു ഗുരുവിനും നമുക്കും കരുണ ചെയ്യട്ടെ"
തികഞ്ഞ ഭക്തനും വിശ്വസ്തനുമായിരുന്നു. പണ്ഡിതന്മാർക്കിടയിൽ സ്ഥാനോന്നതി എന്നും നിലനിർത്തി മഹാൻ. ആരാധനകളാൽ ധന്യമായിരുന്നു ജീവിതം. അറിവ് ജീവിതത്തിൽ പ്രായോഗികമാക്കാനുള്ളതാണെന്ന് കർമം കൊണ്ട് തെളിയിച്ചു മഹാൻ. ഖുർആൻ പാരായണം, ഐച്ഛിക നിസ്കാരം, തഹജ്ജുദ് (രാത്രി ഉറക്കൊഴിച്ചുള്ള നിസ്കാരം) സുന്നത്ത് നോമ്പ്( നിർബന്ധമല്ലാത്ത) തുടങ്ങിയവയൊക്കെ മുടങ്ങാതെ പുലർത്തി.
സൂക്ഷ്മത ജീവിതത്തിൽ വെടിഞ്ഞില്ല. അനുചിതമാകുമോ എന്ന് ഭയന്ന് ഉചിതമായ പല കാര്യങ്ങളും ഉപേക്ഷിച്ചു. ഇക്കാരണം കൊണ്ടെല്ലാം മുസ്ലിമിന് ജനമനസ്സുകളിൽ എന്തെന്നില്ലാത്ത ബഹുമാനം കിട്ടി. ആളുകൾക്കിടയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം അനുനിമിഷം ഉയർന്നുകൊണ്ടിരുന്നു.
അസാമാന്യ ധൈര്യശാലിയായിരുന്നു മുസ്ലിം. സത്യം വിളിച്ചു പറയാൻ ആരെയും ഭയന്നില്ല . സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ഒറ്റപ്പെടുമോ എന്ന് പേടിച്ചതുമില്ല. സത്യത്തിനു വേണ്ടി ഏതു വെല്ലുവിളികളെയും നേരിടാൻ സന്നദ്ധമായി ഇമാം. മുസ്ലിമിൻ്റെ കർമധാര (മദ്ഹബ്) ശാഫിഈ ആണെന്ന് മിക്ക ചരിത്രകാരും വിലയിരുത്തുന്നു. ചില പണ്ഡിതരുടെ വീക്ഷണം സ്വതന്ത്രഗവേഷകൻ (മുജ്തഹിദ്) ആയിരുന്നു മുസ്ലിം എന്നാണ്. രണ്ടായിരുന്നാലും കർമശാസ്ത്ര വിഷയങ്ങളിൽ മുസ്ലിമിന് മതിയായ അവഗാഹം ഉണ്ടായിരുന്നു. തിരുവചനവിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ ഗവേഷണാത്മകമായി അതിൻ്റെ ഉള്ളറകൾ സമീപിച്ചു ആ ജീവിതം എന്നർത്ഥം.
