എതൊരു പണ്ഡിതനെയും രൂപപ്പെടുത്തുന്നതിൽ ഗുരുനാഥന്മാരുടെ പങ്ക് വളരെ വലുതാണ്. ഇമാം മുസ്ലിമിൻ്റെ പ്രസിദ്ധഗ്രന്ഥമായ സ്വഹീഹിൽ മാത്രം 200 ഓളം വരുന്ന ഗുരുനാഥന്മാരെക്കുറിച്ചുള്ള പരാമർശമുണ്ട്. പ്രസ്തുതഗ്രന്ഥത്തിൽ അല്ലാതെ പിന്നെയും ധാരാളം ഗുരുനാഥന്മാരിൽ നിന്ന് തിരുവചനങ്ങൾ പകർത്താൻ മുസ്ലിമിനു സാധിച്ചു. അതിൽ എടുത്തു പറയേണ്ട ഏഴ് പേരുണ്ട്.
ഒന്ന് ലോകപ്രസിദ്ധനായ ഇമാം ബുഖാരി തന്നെ. ഖുറാസാനിലെ ബുഖാറയിലാണ് മഹാൻ്റെ ജനനം. ഹിജ്റ 194, ശവ്വാൽ മാസം 13. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട ഇമാം മാതാവിന്റെ ശിക്ഷണത്തിലാണ് വളരുന്നത്. ഖുർആൻ വളരെ നേരത്തെ തന്നെ മനഃപാഠമാക്കി. തുടർന്ന് തിരുവചനവിജ്ഞാനീയത്തിലേക്ക് തിരിഞ്ഞു. മുസ്ലിമിൻ്റെ പ്രധാന ഗുരുവായിരുന്നു ബുഖാരി. ബുഖാരിയുടെ സുപ്രധാന ശിഷ്യൻ മുസ്ലിമും. ‘ബുഖാരിയില്ലെങ്കിൽ മുസ്ലിം ഇല്ല’ എന്ന ഒരു ചൊല്ല് തന്നെ തിരുവചനലോകത്തുണ്ട്. അത്രമാത്രം ഗാഢബന്ധമായിരുന്നു ഈ ഗുരുവും ശിഷ്യനും തമ്മിൽ.
ഖത്വീബുൽ ബഗ്ദാദി പറഞ്ഞത്, ഇമാം ബുഖാരിയെ ചാണിനു ചാൺ പിന്തുടർന്ന ആളാണ് മുസ്ലിം എന്നാണ്. തിരുവചന അനുബന്ധ ജ്ഞാനങ്ങളും ബുഖാരിയിൽ നിന്ന് നിന്ന് നേടി. ഗുരുവിൻ്റെ മുമ്പിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ഭവ്യതയിലായിരുന്നു മുസ്ലിം ഇരുന്നിരുന്നത്. ഇമാം ബുഖാരി നയ് സാപൂരിലെത്തിയത് മുതലാണ് ബന്ധം ആരംഭിച്ചത്.ശേഷം സദസ്സിൽ സ്ഥിരസാന്നിധ്യമായി. ആ ബന്ധം വാനോളം വളർന്നു.
ഗുരുവിനോട് മുസ്ലിം ഒരിക്കൽ പറഞ്ഞു: ‘ആ കാലുകൾ ഇങ്ങോട്ട് നീട്ടി തരൂ. ഞാൻ ചുംബിക്കട്ടെ.’ ‘ഗുരുനാഥന്മാരുടെ ഗുരു’ , :തിരുവചന വിശാരദരുടെ നേതാവ്’, ‘തിരുവചന വൈദ്യൻ’എന്നിങ്ങനെയൊക്കെയാണ് ബുഖാരിയെ മുസ്ലിം വിശേഷിപ്പിച്ചിരുന്നത്. ഒരിക്കൽ മുസ്ലിം തനിക്ക് ചിരപരിചിതമായ ഒരു പരമ്പര വഴിയുള്ള നബിവചനം അവതരിപ്പിച്ചു. കേട്ടപാടെ ബുഖാരി പറഞ്ഞു: ‘അതിന് കുഴപ്പമുണ്ട്’. മുസ്ലിം അന്തിച്ചു നിന്നു. ഒടുവിൽ ബുഖാരി അതേ തിരുവചനത്തിന് കുഴപ്പമില്ലാത്ത പരമ്പര അവതരിപ്പിച്ചു. മുസ്ലിം ഇതിനോട് പ്രതികരിച്ചത് എണീറ്റ് ഉസ്താദിൻ്റെ തല പിടിച്ച്ചുംബിച്ച് കരഞ്ഞു കൊണ്ടായിരുന്നു. പുതിയ ജ്ഞാനം കിട്ടിയ സന്തോഷം. അകാരണമായി ബുഖാരിയെ വിമർശിച്ചവരെ മുസ്ലിം ഇഷ്ടപ്പെട്ടില്ല. അസൂയ കൊണ്ട് ഒരു പണ്ഡിതൻ ഒരിക്കൽ ബുഖാരിക്കെതിരെ തിരിഞ്ഞു. ആ പണ്ഡിതനിൽനിന്ന് കുറെയധികം അറിവുകൾ മുസ്ലിം ശേഖരിച്ചിരുന്നു. വിവരമറിഞ്ഞ മുസ്ലിം ക്ഷോഭിച്ചു. അദ്ദേഹത്തിൽ നിന്ന് എഴുതിയെടുത്ത അറിവുകളെല്ലാം ഒരു ഭാണ്ഡമാക്കി വീട്ടിലെത്തിച്ചു. മറ്റൊന്നും പ്രതികരിച്ചില്ല.
മറ്റൊരു പ്രധാന ഗുരു മുഹമ്മദ്ബ്ൻ യഹിയദ്ദുഹലിയാണ്. ജനനം ഹിജ്റ 170. ഖുറാസാനിലെ തിരുനബിവചനപണ്ഡിതരുടെ നായകനായിരുന്നു. ‘വിജ്ഞാന സാഗരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി. പ്രസിദ്ധപണ്ഡിതനായ സുഹ്രിയുടെ പിൻഗാമിയായി ലോകം വാഴ്ത്തി അദ്ദേഹത്തെ. സുഹ്രിയിൽ നിന്നുള്ള വചനങ്ങൾ പ്രത്യേകം ക്രോഡീകരിച്ചിരുന്നു. ഇമാം ബുഖാരിയുമായി ബന്ധപ്പെടുന്നതിനു മുമ്പാണ് മുസ്ലിം ദുഹലിയുടെ ശിക്ഷണത്തിലാകുന്നത്.
മൂന്നാമത്തെ ഗുരു അബ്ദുബ്ൻ ഹമീദ് അൽ കിസ്സി. ജനനം 170-ൽ കസ്സിൽ. പല നാടുകളും സന്ദർശിച്ചു. തിരുവചനങ്ങൾ സമ്പാദിച്ചു. നബിവചന സമ്പാദനത്തിന്റെ കാര്യത്തിൽ വിശ്വസ്തനും അഗ്രേസരനുമായിരുന്നു. മുസ്ലിം സ്വഹീഹിൽ അദ്ദേഹത്തിൽ നിന്നുള്ള നിരവധി വചനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഗാഢബന്ധമായിരുന്നു അവർതമ്മിൽ. ഇടയ്ക്കിടെ വീട് സന്ദർശിക്കും. ഇമാമിന് പല രചനകളിലും കസ്സിയിൽ നിന്ന് സഹായം കിട്ടിയിട്ടുണ്ട്.
നാലാമത്തെ ഗുരു പ്രസിദ്ധനായ അബൂ മുഹമ്മദുദ്ദാരിമിയാണ്. ജനനം 181-ൽ. വലിയ ഗ്രന്ഥകാരനാണ്. അബൂദാവൂദ് ,തിർമുദി തുടങ്ങിയവരൊക്കെ ശിഷ്യഗണങ്ങളിൽ പെടും. കാലഘട്ടത്തിൻ്റെ നായകൻ എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇമാം അഹ്മദ് പറഞ്ഞത് "അതാണ് നേതാവ്” എന്നാണ്. ഇമാം ദാരിമിയിൽ നിന്ന് 73 ഓളം തിരുവചനങ്ങൾ സ്വഹീഹിൽ മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്.
അഞ്ചാമത്തെ പ്രസിദ്ധ ഗുരു ഹിജ്റ 142 -ൽ യഹ് യ ബ്നു യഹ് യത്തമീമിയാണ്. 'തമീമിക്ക് പകരം തമീമിമാത്രം’എന്നാണ് അഹമ്മദ് ബിൻ ഹൻബൽ ഒരിക്കൽ പ്രശംസിച്ചത്. വലിയ ബന്ധമായിരുന്നു മുസ്ലിമിന് മഹാനുമായി .ആദ്യകാല ഗുരു കൂടിയാണ്. അദ്ദേഹം മരിക്കുമ്പോൾ മുസ്ലിമിന് വയസ്സ് 20.
ആറാമത്തെ ഗുരുനാഥൻ അബ്ദുല്ലാഹിബ്നു മസ് ലമത്തുൽ കഅമ്പി . ജനനം ഹി:130 ന്. വിശ്വസ്തനും മഹാജ്ഞാനിയുമായ മഹാൻ ബസ്വറയിലും മക്കയിലും താമസമാക്കി. "ഭൂമുഖത്തെ ഏറ്റവും ഉത്തമൻ "എന്നാണ് ഇമാം മാലിക് കഅമ്പിയെ വിശേഷിപ്പിച്ചത്. ഹജ്ജ് സീസണിലാണ് മുസ്ലിം കഅമ്പിയുമായി വലിയ ബന്ധം സ്ഥാപിക്കുന്നത്. കുറഞ്ഞ കാലമാണ് പഠിച്ചതെങ്കിലും മുസ്ലിമിൻ്റെ വലിയ ഗുരുവായി ലോകം വിലയിരുത്തുന്നു.
അബു സുർഅതുറാസിയാണ് ഏഴാമത്തെ മഹാഗുരു. റയ്യിലെ ഹദീസ് നായകനായിരുന്നു. ലക്ഷക്കണക്കിന് ഹദീസുകൾ മന:പ്പാഠം സൂക്ഷിച്ച മഹാൻ, ‘പണ്ഡിതരുടെ നായകൻ’ (സയ്യിദുൽ - ഹുഫ്ഫാള്) എന്ന പേരിൽ പ്രസിദ്ധനായി. "റാസിക്ക് അറിയാത്ത ഹദീസുകൾക്ക് അടിസ്ഥാനം ഉണ്ടാകില്ല” എന്നാണ് ഇസ്ഹാഖുബ്ൻ റാഹവയ്ഹി ഒരിക്കൽ പ്രശംസിച്ചത്. അഹ്മദുൽ ഹമ്പൽ സ്ഥിരമായി വൈജ്ഞാനിക സംവാദം നടത്തിയിരുന്നു. പലപ്പോഴും നിർബന്ധ നിസ്കാരത്തിൻ്റെ സമയം ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങൾ വിജ്ഞാനചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അഹ്മദ് ബിൻ ഹമ്പൽ അഭിമാനം പറഞ്ഞിരുന്നു.
മുസ്ലിം, ആ ഗുരുവിനെ നന്നായി ഉപയോഗപ്പെടുത്തി. പ്രസിദ്ധഗ്രന്ഥമായ സ്വഹീഹ് പുറത്തിറക്കിയത് ഗുരുവായ റാസിയെ കാണിച്ച് ഉറപ്പുവരുത്തി ആയിരുന്നു. മുസ്ലിമിൻ്റെ കഴിവിനെ ഗുരു അംഗീകരിച്ചു. തിരുവചനങ്ങളുടെ ബലാബലം പരിശോധിക്കുന്നതിൽ മുസ്ലിമിനെ റാസി മുന്നിൽ നിർത്തിയ എത്രയോ അനുഭവമുണ്ടെന്ന് അഹമ്മദ് ബിനുസലമ പറയുന്നുണ്ട്.
