സാപൂർ പ്രഗൽഭനായ ചക്രവർത്തിയാണ്. നവചിന്തകളുള്ള വ്യക്തി. നഗരവും നാടും നിർമ്മിക്കുവാനുള്ള അദ്ദേഹത്തിൻ്റെ ത്വര ചരിത്രപരമാണ്. ഒരു ദിവസം പരിവാരസമേതം സാപൂർ പുറത്തിറങ്ങി. എത്തിച്ചേർന്നത് മുളകൾ നിബിഢമായി നിൽക്കുന്ന ഒരു പ്രദേശത്ത്. രാജാവിന് സ്ഥലം വല്ലാതെ ഇഷ്ടപ്പെട്ടു. ഈ ഭൂമി വെട്ടിത്തെളിക്കണം. ഇവിടെ ഒരു പട്ടണം പണിയണം. പിന്നെ താമസിച്ചില്ല. ഉത്തരവ് വന്നു. മുളകളെല്ലാം വെട്ടിമാറ്റി. സുന്ദരമായ ഒരു നഗരത്തിൻ്റെ നിർമിതി കുറഞ്ഞ നാളുകൾ കൊണ്ട് സാക്ഷാത്കൃതമായി. ഉചിതമായ പേര് വന്നു; "നൈസാബൂർ. "
നൈസാബൂർ ഒറ്റവാക്കല്ല. "നൈസ്" വേറെ "ബൂർ" വേറെ. നൈസ് എന്നാൽ അറബിയിൽ മലിക് എന്നർത്ഥം. അഥവാ രാജാവ്. ബൂർ അറബിയിൽ ഇബ്ൻ. അഥവാ പുത്രൻ. മദീനത്തുനൈസാബൂർ എന്ന് പറഞ്ഞാൽ രാജപുത്രന്റെ നഗരം. ‘നൈസാബൂർ’ എന്നും പേരിനെ അന്വര്‍ത്ഥമാക്കി. വിവിധ സംസ്കാരങ്ങളെയും വൈജ്ഞാനികമുന്നേറ്റങ്ങളെയും കൈനീട്ടി സ്വീകരിച്ചു. ഒരുപാട് രാജാക്കന്മാരുടെ തലോടലേറ്റ് വളർന്നു.
ആധുനിക നൈസാബൂര്‍ ഇറാനിലെ ഖുറാസാനിലാണ്. സമുദ്രത്തിൽ നിന്ന് 3920 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇറാനിലെ ഏറ്റവും ഫലഭൂയിഷ്ടമായപ്രദേശം. നിരവധി വരുമാന സ്രോതസ്സുകൾകൊണ്ട് സമ്പന്നം. ഒരുകാലത്ത് വിജ്ഞാനത്തിന്റെ ഈറ്റില്ലമായിരുന്നു ഇവിടം. പ്രസിദ്ധരായ പണ്ഡിതന്മാരുടെ പോറ്റില്ലവും. ഒരു ചൊല്ലു തന്നെയുണ്ട്; ‘വിജ്ഞാനത്തിന്റെ വേരുകൾ മക്കത്തും മദീനത്തും ആണെങ്കിൽ അതിൻ്റെ ഇലകൾ ഇറാഖിലാണ്. എന്നാൽ അതിൻ്റ കായ്കനികൾ ഖുറാസാൻ കൊണ്ടുപോയി’. ഈ കായ്കൾ മിക്കതും നൈസാബൂരിലാണെന്ന് പറയാം. ഖുറാസാനിലെ പ്രസിദ്ധവും വലിപ്പമേറിയതുമായ നഗരമാണ് നൈസാബൂർ.
നിരവധി വിജ്ഞാനശാഖകളിലെ പണ്ഡിതരുടെ സാന്നിധ്യമുള്ള ഇടം. നബിവചനശാസ്ത്ര വിജ്ഞാനത്തിന്റെ നഗരമായി നൈസാബൂരിനെ വിശേഷിപ്പിക്കാറുണ്ട്. അവിടെ വളർന്ന കർമശാസ്ത്രപണ്ഡിതർക്കും ഹദീസ് വിജ്ഞാനീയർക്കും കൈയും കണക്കുമില്ല. യാഖൂതുൽ ഹമവി പറഞ്ഞത് “ശ്രേഷ്ഠരുടെ വിളനിലവും പണ്ഡിതരുടെ ഉറവിടവുമാണ് നൈസാബൂര്‍” എന്നാണ്.
ഇമാം അബ്ദുൽ ഗാഫിർ, നയ്സാബൂരിന്റെ ചരിത്രം എഴുതിയപ്പോൾ 1678 പണ്ഡിതന്മാരെ പരിചയപ്പെടുത്തിയതായി കാണാം. നൈസാബൂരിലെ പണ്ഡിതരത്നങ്ങളിൽ പ്രധാനിയാണ് ഇമാം മുസ്ലിം. മഹാൻ ജനിച്ചതും വളർന്നതും അവിടെത്തന്നെയാണ്. ഇമാം മുസ്ലിമിന്റെ ജനനവർഷത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട് . ഹിജ്റവർഷം 201-ലാണെന്നാണ് (പ്രവാചകൻ മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് പാലായനം ചെയ്ത (ഹിജ്റ) ചരിത്രപ്രധാനമായ സംഭവത്തെ ആസ്പദമാക്കിയാണ് ഈ കലണ്ടർ ആരംഭിക്കുന്നത്) ചിലരുടെ വാദം. 202 ,206 എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. വലിയ പണ്ഡിതനായ ഇബ്നുഹജർ പ്രബലമാക്കുന്നത് 206- ആണ്. പലരും ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു.
മുസ്ലിൻ്റെ ജന്മകാലം പ്രമുഖപണ്ഡിതരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ്. ഇമാം ബുഖാരി, ഇമാം അഹ്മദ് ഇബ്നു ഹമ്പൽ, ഇബ്നുമഈൻ ഇങ്ങനെ പോകുന്നു ആ പട്ടിക. പലരും ഹദീസ് വിജ്ഞാനീയത്തിലെ അഗ്രഗണ്യർ. ചക്രവർത്തി മഅ്മൂനിന്റെ ഖിലാഫത്ത് കാലമാണത്. ഹിജ്റ 205 മുതൽ 820 വരെ നഗരത്തിൽ ഭരണം നടത്തിയത് ബനൂത്വാഹിർ വിഭാഗമായിരുന്നു. ബാഹ്യമായി അവർ അബ്ബാസീഖിലാഫത്തിന്റെ പിന്തുടർച്ചക്കാരാണ്. താഹിറുബ്നുൽ ഹുസൈനിനെ മഅ്മൂൻ ചക്രവർത്തിയാണ് അവരോധിച്ചത്. ഹിജ്റ 205-ൽ. ഇമാം മുസ്ലിമിൻ്റെ ജന്മകാലത്തായിരുന്നു ഇത്. പൈസബൂരായിരുന്നു തലസ്ഥാനമായി അവർ കണ്ടത്.
