യാത്രകളാണ് യഥാർത്ഥപ്രതിഭയെ സൃഷ്ടിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു മുസ്ലിം. മഹാൻ ഒരുപാട് ജ്ഞാനയാത്രകൾ നടത്തി. യാത്രാലക്ഷ്യം ആസ്വാദനമോ നാടുകാണലോ ആയിരുന്നില്ല. മറിച്ച് മനുഷ്യരെ കാണലായിരുന്നു. ഏതെങ്കിലും മനുഷ്യരെയല്ല. നബിവചനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഹാമനീഷികളെ. തിരുവചനങ്ങൾ തേടിയുള്ള യാത്രകളായിരുന്നു അത്.
അറിവ് നേടണമെന്നുണ്ടെങ്കിൽ യാചകനെപ്പോലെ വാതിലുകൾ മുട്ടി അലയണമെന്നാണല്ലോ. മുസ്ലിം അതിനു സന്നദ്ധമായി. കൗമാരത്തിൽതന്നെ അദ്ദേഹം പഠനയാത്ര ആരംഭിച്ചു. പതിനാലാമത്തെ വയസ്സിലായിരുന്നു ആദ്യ യാത്ര;ഹിജ്റ 220- ൽ . അന്ന് താടിയും മീശയും കിളിർത്തിട്ടില്ല. പൂർണകൗമാരം. ലക്ഷ്യം ഹജ്ജ് നിർവഹണമായിരുന്നു. മറ്റു ബന്ധുക്കളും ഇഷ്ടജനങ്ങളും ഉണ്ട്. ഹജ്ജ് കഴിഞ്ഞതും മക്കയും മദീനയും തൻ്റെ അറിവന്വേഷണത്തിന് ഉപയോഗപ്പെടുത്താൻ മുസ്ലിം തീരുമാനിച്ചു. അവിടെയെല്ലാം ഉള്ള പ്രമുഖരായ ഗുരുക്കന്മാരെ തേടിപ്പിടിച്ചു. വിജ്ഞാനം നുകർന്നു. നബിവചനങ്ങൾ പകർന്നെടുത്തു.
മദീനയിൽ പ്രധാനമായും ഇസ്മാഈലുബ്നു അബീ ഉവൈസിനെയാണ് സമീപിച്ചത്. പ്രമുഖനായിരുന്നു അദ്ദേഹം. മക്കയിൽ ഹിജ്റ-221ൽ വിയോഗം പ്രാപിച്ച ഇമാം ഖഅൻമ്പിയിൽ നിന്ന് അറിവ് നുകർന്നു.
ഹജ്ജ് യാത്ര ഒരു തുടക്കമായിരുന്നു. വലിയ പ്രചോദനം കിട്ടി. പിന്നീട് ഇറാഖിലേക്ക്. ഹിജ്റ-230ന് മുമ്പായിരുന്നു ഇത്. ഇറാഖിലെ പ്രമുഖനഗരങ്ങളിൽ ചുറ്റിക്കറങ്ങി. ബസ്വറയിൽ പലരിൽനിന്നും ജ്ഞാനമധു നുകർന്നു. അലിയ്യുബ്ൻ നസ്വ് റുൽ - ജഹ്ളമി ആ ഗണത്തിൽ പ്രധാനിയായിരുന്നു. മുസ്ലിം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്: "ബസ്വറയിൽ ഹദീസ് വിജ്ഞാനീയത്തിൽ അലിയ്യു ബ്ൻ നസ്ർ അഗ്രിമസ്ഥാനീയനാണ് "
പിന്നീട് ബൽഖിലേക്ക് നീങ്ങി. കൂട്ടിന് അഹ്മദുബ്നു സലമയും ഉണ്ട്. ഖുതയ്ബതുബ്ൻ സഈദെന്ന, നബിവചനപഠനത്തിലെ അഗ്രഗണ്യനായ മനുഷ്യനാണ് ലക്ഷ്യം. കണ്ടെത്തി. തിരുവചനങ്ങൾ പകർന്നെടുത്തു. വൈകാതെ ബാഗ്ദാദിലേക്ക്. പലതവണ ബഗ്ദാദിൽ എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിയോഗത്തിന്റെ രണ്ടുവർഷം മുമ്പ് ഹിജ്റ 259-ലാണ് ബാഗ്ദാദ് അണഞ്ഞത്.
പഠനവും അധ്യാപനവും ലക്ഷ്യമായിരുന്നു. അഹ്മദ് ബിൻ ഹമ്പൽ, ഖാലിദ്ബ്ൻ ഖിദാശ്, അഹമ്മദ് ബിനും മനീഅ് തുടങ്ങിയവരിൽ നിന്നെല്ലാം നബിവചനങ്ങൾ തേടി. കൂഫയിൽ പ്രധാനമായും സമീപിച്ചത് അഹമദ്ബ്ൻ യൂനുസിനെ ആയിരുന്നു. റയ്യിൽ പലതവണ എത്തിയിട്ടുണ്ട്. മുഹമ്മദ് ബിനു മഹറാനുൽ ജമ്മാൽ ,മുഹമ്മദ് ബിനു അംറ് സുനയ്ജാ എന്നിവരിൽ നിന്ന് പ്രധാനമായും പഠിച്ചു; ഹിജ്റ-240ൽ.
യാത്രകളൊക്കെ വൈജ്ഞാനികചർച്ചകളും സംവാദങ്ങളുമായിട്ടാണ് മുന്നോട്ട് പോയത്. ഹാഫിള് അബു ഖുറൈശ് പറയുന്നുണ്ട്: "ഞാൻ അബു സുർഅത്തു റാസിക്കരികിലിരിക്കെ മുസ്ലിം കടന്നുവന്നു. സലാം പറഞ്ഞു. കുറേ സമയം ഇരുന്നു. രണ്ടുപേരും വൈജ്ഞാനികസംവാദത്തിൽ ഏർപ്പെട്ടു".
ഇബ്നു അബീ ഹാതിം പറഞ്ഞത് ഞാൻ റയ്യിൽ വെച്ച് മുസ്ലിമിൽ നിന്ന് പല ഹദീസുകളും എഴുതിയിട്ടുണ്ട് എന്നാണ്. മഹാൻ മിസ്റില് എത്തുന്നത് ഹിജ്റ 250-ൽ. ഹർമല ,അംറുബ്നു സവ്വാദ്, ഈസബ്നു ഹമ്മാദ് ,മുഹമ്മദ് ബ്ൻ റുംഹ് തുടങ്ങിയ പണ്ഡിതശ്രേഷ്ഠരൊക്കെ മഹാൻ സമീപിച്ചവരുടെ ഗണത്തിൽപെടുന്നു. ശാമിലുമെത്തി നിരവധി തവണ.
ഓരോയാത്രയും മുസ്ലിമിനെ രൂപപ്പെടുത്തുന്നതിൽ മതിയായ പങ്കുവഹിച്ചു. ത്യാഗബോധം വളർത്തി. ആകർഷകവ്യക്തിത്വം സാധ്യമാക്കി. അറിവ് തേടിയുള്ള അലച്ചിലിനെക്കാൾ ആനന്ദകരമായി ഒന്നുമില്ല എന്ന തിരിച്ചറിവിൻ്റെ നാളുകളായിരുന്നു അത്. യാത്രകളിൽ കണ്ടുമുട്ടുന്ന ഗുരുക്കളിൽനിന്ന് നേരെത്തെ ലഭിച്ച അറിവുകളുടെ വിശ്വാസ്യത വീണ്ടും വീണ്ടും ഉറപ്പിച്ചു. ഹദീസ് കൈമാറ്റശ്രേണി കറകളഞ്ഞതാവുക എന്ന നിർബന്ധബുദ്ധി മുസ്ലിമിന് ഉണ്ടായിരുന്നു.
