ഒരു മനുഷ്യനെ പിൽക്കാലത്തേക്ക് പകർന്നു നൽകുന്നതിൽ അദ്ദേഹത്തിന്റെ രചനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇമാം മുസ്ലിം അത് തിരിച്ചറിഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ രചനാലോകത്തേക്ക് പ്രവേശിച്ചു. രചനകളിൽ അധികവും തിരുനബിവചനങ്ങളും അനുബന്ധ കലകളും സംബന്ധിച്ചുള്ളതായിരുന്നു. നിലവിൽ മഹാന്റെ പ്രിൻ്റ് ചെയ്യപ്പെട്ട കിതാബുകൾ അനവധിയുണ്ട്. അതേസമയം ഇമാം എഴുതി എന്നുറപ്പുള്ളതും നിലവിൽ വൈജ്ഞാനിക ലോകത്തിന് തീരാനഷ്ടമായതുമായ രചനകളും ഉണ്ട് ധാരാളം.
രാവുകളെ പകലുകളാക്കി ഇമാം രചന നിർവഹിച്ചു. വളരെ ആധികാരികമായ രീതിയിലായിരുന്നു എഴുത്ത്. തിരുവചനലോകത്ത് റഫറൻസാകുന്ന രചനകളാണ് നിർവഹിച്ചിട്ടുള്ളത്. സമകാലികർക്കും പിൽക്കാലക്കാർക്കും പഠനവിധേയമായ ഗ്രന്ഥങ്ങൾ. ശൈലികൊണ്ടും അവതരണം കൊണ്ടും മുസ്ലിമിൻ്റെ രചനകൾ വേറിട്ടു നിന്നു. ധാരാളം എഴുതിക്കൂട്ടുക എന്നതിൽ നിന്ന് മാറി എഴുതുന്നവ പ്രമാണബദ്ധമാവുക എന്ന ചിന്തയായിരുന്നു ഇമാമിന്.
പ്രസിദ്ധീകൃതമായ ചില രചനകൾ നമുക്കു നോക്കാം. അസ്മാഉരിജാൽ,അൽ അസ്മാഉ വൽ - കുനാ,അൽകുനാ വല് അസ്മാഅ്- ഈ രചനകളുടെ എല്ലാം ഇതിവൃത്തം തിരുവചന നിവേദകന്മാരുടെ ചരിത്രവും വിശേഷങ്ങളുമാണ്.
അത്തംയീസ്, അൽ ജാമിഅ്, രിജാലു ഉർവത്ബുനു സുബൈർ - വ ജമാഅതിത്താബിഈ ന വഗയ്രിഹിം (ഉർവയുടെ നിവേദകന്മാരുടെയും,താബിഉകളിൽഒരു സംഘത്തിൻറെയും മറ്റും വ്യക്തിചിത്രം), താബിഉകളെന്നാൽ സ്വഹാബികളെ (നബി സഹചർ )സന്ധിച്ചവരാണ്, അൽ-സ്വഹീഹ്, അത്ത്വബഖാത്, ത്വബഖാതുത്താബിഈൻ(സ്വഹാബി സഹചരുടെ ചരിത്രം), ത്വബഖാതുറുവാത് തിരുവചന നിവേദക ചരിത്രം), അൽ-മുസ്നദുസ്വഹീഹ് (നബി വചനങ്ങൾ ആണിത് .മൂന്ന് ലക്ഷം ഹദീസുകളിൽ നിന്ന് കടഞ്ഞെടുത്തരചനയാണിതെന്ന് മുസ്ലിം തന്നെ പറഞ്ഞിട്ടുണ്ട്) , അൽ മുഫ്റദാതു - വൽ വുഹ്ദാൻ, മൻ -ലയ്സ ലഹു ഇല്ലാറാവിൻ വാഹിദ് (ഏകാംഗ നിവേദിത നബി വചനം ) അൽ-വുഹ്ദാൻ.
ഇനി ഇമാമിൻ്റെ നഷ്ടമായ ചില കൃതികൾ നോക്കാം.
അൽ-ഇഖ് വതു വൽ - അഖവാത് (സഹോദര- സഹോദരിമാർ)അഫ് റാദു ശാമിയ്യീൻ(ശാം പണ്ഡിതരുടെ നബി വചന നിവേദനങ്ങൾ )അൽ- അഖ്റാൻ (സമശീർഷർ )ഇൻതിഖാബു മുസ്ലിം അലാ അബീ അഹ് മഹമദ് ൽ - ഫറാഅ് (ഫ റാഇന്റെ നിവേദകന്മാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ), ഔലാദ് സ്വഹാബ (നബിയനു ചരസന്തതികൾ) അവ് ഹാമുൽ-മുഹദ്ദിസീൻ (തിരുവചന പണ്ഡിതരുടെ ധാരണകൾ) ,അത്താരീഖ്(ചരിത്രം), തഫ്ളീലു സ്സുനൻ ,അൽ ജാമിഉൽ കബീർ, ദിക്റു ഔലാദിൽ ഹുസൈൻ (ഹുസൈൻ സന്തതീ പഠനം) റുവാത്തുൽ -ഇഅ്' അതിബാർ (നിവേദക നിരൂപണം ) സുആലാതുഹു അഹ്മദബ്നു ഹമ്പൽ (ഹമ്പലീ അഭിമുഖങ്ങൾ), അൽ- ഇലൽ , കിതാബു അംരിബിനി ശുഐബ്, അൽ - മുഖ്ളറമൂൻ (തിരുനബി കാലത്ത് ജീവിക്കുകയും നബിയുമായി സന്ധിക്കാൻ കഴിയാതിരിക്കുകയും ചെയ്തവരുടെ ചരിത്രം .പ്രധാനമായും 20 പേരെ പരാമർശിക്കുന്നു) മുസ്നദു ഹദീസ് മാലിക്, അൽ മുസ്നദുൽ കബീർ അല- രിജാൽ, മശാഇഖ് ശുഅ്ബ(ശുഅ്ബയുടെ ഗുരുക്കൾ), മശാഇഖു മാലിക് (മാലിക്കിന്റെ ഗുരുനാഥന്മാർ ), മഅ് രിഫതു റുവാതിൽ അഖ്ബാർ (നബി വചന നിവേദ ചരിതം), കിത്താബുൽ മഅ്മർ.
മഹാന്റെ ഓരോ കൃതികളും വ്യത്യസ്തത പുലർത്തി. അവ നബിവചനശാസ്ത്രത്തിന്റെ ഉള്ളറകൾ താണ്ടി. തിരുവചനങ്ങളുടെ സത്യസന്ധത അരക്കിട്ടുറപ്പിക്കുവാനുള്ള വഴികളും രീതികളുമായിരുന്നു രചനകളുടെ മുഖ്യ ഇതിവൃത്തം.
