ഹദീസ് എന്നാൽ തിരുനബിവചനം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ തിരുചര്യയുടെ വാമൊഴി. ഇസ്ലാമികപ്രമാണങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന തിരുചര്യാപഠനം ചെറുപ്പത്തിലേ മുസ്ലിമിന്റെ മനസ്സിനെ ആകർഷിച്ചു . സ്വന്തം പിതാവ് തന്നെയായിരുന്നു അതിലേക്കുള്ള പാത ആദ്യം തുറന്നത്.
നയ്സാപൂരിൽ വെച്ച് തന്നെയാണ് പഠനം തുടങ്ങിയത്. പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് തിരുനബിവചനങ്ങൾ ശ്രവിക്കാൻ മഹാൻ പ്രത്യേകം താൽപര്യപ്പെട്ടു. പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു പഠനാരംഭം. ഹിജ്റ 218 -ൽ. പിതാവിൽ നിന്ന് കിട്ടുന്ന അറിവെല്ലാം നുകർന്നെടുത്ത ശേഷം നാട്ടിലെ തന്നെ മറ്റു പണ്ഡിതന്മാരിലേക്ക് തിരിഞ്ഞു. ആദ്യമായി മറ്റൊരു പണ്ഡിതനിൽ നിന്ന് തിരുമൊഴികൾ ശ്രവിക്കുന്നത് യഹ് യ ബ്നു യഹ് യയിൽ നിന്നാണ്. പ്രധാനിയായിരുന്ന അദ്ദേഹം തമീമി ഗോത്രക്കാരനും നയ്സാപൂർ സ്വദേശിയുമാണ്.
നയ്സാപൂരിലെ മുസ്ലിമിന്റെ മറ്റൊരു ഗുരു ഇസ്ഹാഖ് ബ്ൻ റാഹവയ് ഹിയാണ്,ഹിജ്റ 238 ലാണ് അദ്ദേഹത്തിൻ്റെ അന്ത്യം. അതുപോലെ ഹിജ്റ 240-ൽ വിടവാങ്ങിയ ഖുതയ് ബതുബ്ൻ സഈദിൽ നിന്നും അറിവ് പഠിച്ചു. മഹാജ്ഞാനികളായ മറ്റ് ഗുരുക്കന്മാരെയും തേടിപ്പിടിച്ചു. അങ്ങനെ ജന്മനാട്ടിലെ പഠനം സമ്പൂർണ്ണമാക്കി. ഓരോ തിരുവചനങ്ങളും കൃത്യമായി പഠിച്ചു. അതിന്റെ നാൾവഴികളെക്കുറിച്ച് ഗവേഷണം ചെയ്തു. ഗുരുനാഥന്മാരുടെ പ്രീതി സമ്പാദിക്കുന്നതായിരുന്നു ആ പഠനസപര്യ . മുസ്ലിമിൽ അവർ ലോകപ്രശസ്തനായ ഒരു ഹദീസ് വിശാരദനെ സ്വപ്നം കണ്ടു.
പന്ത്രണ്ടാം വയസ്സിലെ ഈ തുടക്കത്തിന് പിന്നീട് ഇടർച്ച സംഭവിച്ചില്ല. നിരന്തരമായ യാത്രകൾ, തിരുവചനവുമായി ബന്ധപ്പെട്ട ബലാ-ബല പഠനം, നിവേദകന്മാരുടെ ചരിത്രപഠനം... എല്ലാം ഒപ്പം സജീവമാക്കി. ഹദീസ് നിവേദകരുടെ ചരിത്രപഠനം ദുഷ്കരമായിരുന്നു. അവരുടെ ജനനം, മരണം, വിശ്വസ്തത, സത്യസന്ധത, ജീവിതരീതി , താമസം, യാത്ര, സ്വഭാവം, പെരുമാറ്റം, മന:പ്പാഠം ,ഇങ്ങനെ നിരവധി കൈവഴികളിലൂടെ കടന്നു പോകുന്നതായിരുന്നു അത്.
പക്ഷേ മുസ്ലിം തിരിഞ്ഞുനോക്കിയില്ല. ചെറുപ്പത്തിൽ കൈവന്ന ആവേശം കെട്ടടങ്ങാതെ പഠിച്ചു കൊണ്ടിരുന്നു. രാവുകളെ പകലുകളാക്കി, ശ്വാസനിശ്വാസങ്ങളെ ചിന്തകളാക്കി, കിട്ടാവുന്നത്ര ജ്ഞാനമധു മൊത്തിക്കുടിച്ചു. അതിനായി കഠിനയാത്രകൾ നടത്തി. തലങ്ങും വിലങ്ങും സഞ്ചരിച്ചു. സംവാദങ്ങളിൽ ഏർപ്പെട്ടു. വിവിധ ഇസ്ലാമികരാജ്യങ്ങളിൽ പോയി വന്നതിന് കൈയും കണക്കുമില്ല.
മഹാപണ്ഡിതനായ ഇമാം നവവി പറഞ്ഞു:"അറിവന്വേഷണാർത്ഥം ലോകത്തിൻ്റെ ദിഗന്തങ്ങളും രാജ്യങ്ങളുടെ ദിക്കുകളും നിരന്തരമായി സന്ദർശിച്ചിരുന്ന ഒറ്റപ്പെട്ട വ്യക്തിയായിരുന്നു മുസ്ലിം"
മുസ്ലിമിൻ്റെ തുളച്ചു കയറുന്ന ഗ്രാഹ്യശക്തി എല്ലാറ്റിനും ചാലകശക്തിയായി. തിരുവചനങ്ങളുടെ അന്വേഷണത്തിൽ ഒരിക്കൽ പോലും ഉന്മേഷം ചോർന്നില്ല. അതിൽ പർവത സമാനമായ മനക്കരുത്ത് കാട്ടി മഹാൻ. ത്യാഗം സഹിച്ചുള്ള യാത്രകൾ മഹാനിൽ ഒട്ടും ക്ഷീണം വരുത്തിയില്ല.
ഒരിക്കൽ ഒരു നബിവചന ചർച്ചയിലായിരുന്നു ഇമാം മുസ്ലിം. പല പ്രമുഖരും സംഗമിച്ചിട്ടുണ്ട്. വിശ്വസ്തൻമാരായ ശിഷ്യന്മാരുടെ നീണ്ട നിരയുണ്ട്. കൂട്ടത്തിൽ ഒരു പണ്ഡിതൻ ഒരു നബിവചനം അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തറിയാം എന്ന് ചോദിച്ചു. പക്ഷേ ഇമാം മുസ്ലിം ആദ്യമായി കേൾക്കുകയായിരുന്നു ആ വചനം. എന്തുകൊണ്ട് തൻ്റെ കൈവശം ഇതെത്തിയില്ല? ഉണ്ടാകാൻ സാധ്യതയുണ്ട്. ചികഞ്ഞന്വേഷിക്കണം. അങ്ങനെ വിട്ടാൽ പറ്റില്ല. മുസ്ലിമിൻ്റെ മനസ്സിന് തീപിടിച്ചു. അദ്ദേഹം ഉടൻ വീട്ടിലേക്ക് നീങ്ങി. രാത്രി മുഴുവനും ആ തിരുവചനവുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാക്കി.
ഇതായിരുന്നു ഇമാം മുസ്ലിം. ജ്ഞാനതൃഷ്ണക്കു മുമ്പിൽ സ്വയം മറക്കുക. പലർക്കും സാധിക്കുന്ന കാര്യമല്ലത്. പക്ഷേ ഇമാം മുസ്ലിം സാധാരണ ഒരാളായിരുന്നില്ല.
