ഇമാം മുസ്ലിം എല്ലാനിലയിലും അനുഗൃഹീതനായിരുന്നു. ഒരുപണ്ഡിതന്റെ സമ്പന്നതയുടെ അടയാളം ചരിത്രത്തിൽ തുടർച്ചയുള്ള ആഴമുള്ള ശിഷ്യഗണങ്ങളാണ്. മുസ്ലിമിന് ധാരാളം ശിഷ്യന്മാരെ രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചു. പഠനയാത്രകളിലെല്ലാം നിരവധി ശിഷ്യരെ സൃഷ്ടിച്ചു കൊണ്ടായിരുന്നു ആ സഞ്ചാരം. ഇമാമിൻ്റെ ശിഷ്യപരമ്പരയെ സമ്പൂർണമായി രേഖപ്പെടുത്തുന്നതിൽ ചരിത്രം പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും വിവിധ ചരിത്രഗ്രന്ഥങ്ങളിൽ മുസ്ലിമിൻ്റെ ശിഷ്യർ പലരും പരന്നു കിടക്കുന്നു.
പ്രധാന ശിഷ്യനായിരുന്നു ഇബ്രാഹിം ഇബ്നു അബീത്വാലിബ്. വലിയ ഖുർആൻ പണ്ഡിതനും നൈസാപൂരിലെ അറിയപ്പെട്ട ആത്മീയഗുരുവുമാണദ്ദേഹം. മഹാ പണ്ഡിതനായ ഹാക്കിം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ; "ഹദീസ് വിജ്ഞാനീയത്തിലും നിവേദകചരിത്രത്തിലും ബലാ-ബല പഠനങ്ങളിലും നയ്സാപൂരിൽ, ഒരു കാലഘട്ടത്തിലെ നേതാവ് "എന്നാണ്. അഹമ്മദ് ബിൻ ഹമ്പലുമായി വൈജ്ഞാനിക ചർച്ചകളിൽ ഏർപ്പെടാറുണ്ടായിരുന്നു . വിയോഗം റജബ് മാസം. ഹിജ്റ: 295-ന്
മറ്റൊരു പ്രഗൽഭ ശിഷ്യനായിരുന്നു മുഹമ്മദ് സുഫ് യാനു ന്നയ്സാപൂരി. ഭൗതികവിരക്തനും വലിയ ഭക്തനുമായിരുന്നു . മുസ്ലിമിനെ വിടാതെ പിന്തുടർന്നു അദ്ദേഹം. ഹദീസ് വിജ്ഞാനീയത്തിൽ വലിയ അവഗാഹം അതുവഴി സമ്പാദിക്കാനായി. റജബ് മാസം ഹിജ്റ 308-ലാണ് അന്ത്യം. ഒരു തിങ്കൾ വൈകുന്നേരം.
അബു ഹാമിദുൽ അഅ്മശിയാണ് മറ്റൊരു ശിഷ്യൻ. വലിയ രചയിതാവും ഹദീസ് ശാസ്ത്രത്തിൽ വിശ്വസ്തനുമായിരുന്നു. ഹിജ്റ 321 റബീഉൽ - അവ്വലിൽ ദിവംഗതനായി.
മുസ്ലിമുമായി വളരെ അടുപ്പം ഉണ്ടായിരുന്ന ശിഷ്യനാണ് അഹ്മദ് ഇബ്നു സലമ .തികഞ്ഞ പണ്ഡിതൻ. മുസ്ലിമിനെ കൃത്യമായി തുടർന്നു ആ ജീവിതം. ബൽഖിലേക്കും ബസ്വറയിലേക്കുമുള്ള യാത്രയിൽ ഒപ്പം ചേർന്നു . അടക്ക അനക്കങ്ങൾ ഒപ്പിയെടുത്തു. ഗാഢമായിരുന്നു ആ ബന്ധം. രചനകളിൽ മുസ്ലിമിനോട് പങ്കാളിയായിരുന്നു മഹാൻ. ഗുരുവിൽ നിന്നുള്ള അപൂർവ്വമായ പല അറിവുകളും സമൂഹത്തിന് പകർന്നത് അഹമ്മദ് ബ്നു സലമയാണ് '.
ഇമാമുമായി വലിയ അടുപ്പം ഉണ്ടായിരുന്ന മറ്റൊരു ശിഷ്യനാണ് അബു അലിയുന്നയ്സാപൂരി. മുസ്ലിം കഴിഞ്ഞാൽ പിന്നീട് ഹദീസ് പണ്ഡിതന്മാർ സംഗമിക്കുന്ന ഇടമായിരുന്നു അബു അലിയ്യിൻ്റെ വീട്ട്മുറ്റം. നയ്സാപൂരിലെ നബിവചനമേഖലയുടെ ആണിക്കല്ലായി വാഴ്ത്തപ്പെട്ടു. വിയോഗം ഹിജ്റ: 289.
പ്രസിദ്ധനായ ഇബ്നു ഖുസൈമയും മുസ്ലിമിൻ്റെ ശിഷ്യൻ തന്നെ . ജനനം 223 . വിയോഗം 311 ദുൽഖഅദ് -2. എൺപെത്തിയെട്ട് വയസ്സുവരെ ജീവിച്ചു. ഇമാം അബുൽ- അബ്ബാസുസ്സഖഫി അൽ-സറാജും ശിഷ്യനായിരുന്നു. മുസ്ലിമിൻ്റെ സ്വഹീഹിന് ടിപ്പണി രചിച്ചിട്ടുണ്ട്. ഹദീസുകൾ എഴുതി സൂക്ഷിക്കുന്നതിന് പ്രത്യേകതാൽപര്യം കാണിച്ചു.
അബുൽ-അബ്ബാസുദ്ദഗൂലിയെയും ശിഷ്യഗണങ്ങളിൽ എണ്ണപ്പെടുന്നുണ്ട്. ഖുറാസാനിലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു. കർമശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും അവഗാഹം നേടിയ അദ്ദേഹത്തിന്റെ വിയോഗം ഹിജ്റ 325- നായിരുന്നു.
ഇമാം അബൂ ഈസത്തുർമുദിയാണ് മറ്റൊരു പ്രശസ്ത ശിഷ്യൻ . അപാര മന:പ്പാഠശേഷിയുണ്ടായിരുന്നു. മുസ്ലിമിൽ നിന്ന് വളരെ കൂടുതൽ പഠിച്ചു .മഹാന്റെ രചനകളിൽ മുസ്ലിം സ്വാധീനം ചെലുത്തി. ഹദീസ് അവതരണത്തിൽ പ്രത്യേക ശൈലി സ്വീകരിച്ചു ഇമാം തുർമുദി.
മുസ്ലിമിൻ്റെ കൂടെ പല യാത്രകളിലും സാന്നിധ്യമായ് ഉണ്ടായിരുന്ന അബൂബക്റിൽ ജാവർദിയും അരുമ ശിഷ്യനായിരുന്നു. വിയോഗം ഹിജ്റ 291. വലിയ തിരുനബിവചനവിശാരദനായിരുന്നു. ഉന്നത നേതൃപദവി അലങ്കരിച്ചു. 'ഗുരുവിൻ്റെ കൂടെയുള്ള യാത്രകളെ വലിയ താല്പര്യത്തിലായിരുന്നു അവതരിപ്പിച്ചിരുന്നത്.
ഗാഢബന്ധം പുലർത്തിയ മറ്റൊരു പണ്ഡിതനാണ് മക്കിയ്യുബ്ൻ അബ്ദാൻ. 80 ൽ പരം കൊല്ലം ജീവിച്ചു. ഹിജ്റ 325 ജുമാദൽ - ആഖിറയിൽ അദ്ദേഹം വിടവാങ്ങി. മുസ്ലിമിനെ സൂക്ഷ്മമായ് പിന്തുടർന്നു. ധാരാളം തിരുവചനങ്ങൾ സമ്പാദിച്ചു. മറ്റുള്ള വിജ്ഞാനങ്ങളും നുകർന്നു. നല്ല ഒരു രചയിതാവായിരുന്നു. മുസ്ലിമിൻ്റെ രചനകൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
