ഇമാം മുസ്ലിം ‘ഖുശൈർ’ ഗോത്രക്കാരനാണ്. പ്രമുഖ അറബിഗോത്രമാണ് ഖുശൈർ. പിതാമഹൻ ഖുശൈറിന്റെ പേരിലേക്ക് ചേർത്തിയാണ് ഈ ഗോത്രം പ്രസിദ്ധമായിട്ടുള്ളത്. മുസ്ലിമിന്റെപിതാവ് ഹജ്ജാജ് എന്നവരാണ്. ഹജ്ജാജ് വിശിഷ്ടപണ്ഡിതനായിരുന്നു. നിരവധി വിജ്ഞാനങ്ങളിൽ കഴിവ് തെളിയിച്ചയാൾ. ഇമാം മുസ്ലിമിന്റെ പ്രധാനശിഷ്യന്മാർ ഗുരുവിൻ്റെ പിതാവ് ഹജ്ജാജിനെ വളരെ താല്പര്യത്തോടെയാണ് കണ്ടിരുന്നത്. മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് അൽ ഫറാഅ് ആ ഗണത്തിൽ എടുത്തുപറയേണ്ട വ്യക്തിയാണ്. അദ്ദേഹം ഹജ്ജാജുമായി അടുത്ത് ഇടപഴകിയിരുന്നു. ഹജ്ജാജിനെപ്പറ്റി ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: "നമ്മുടെ ഉസ്താദിൻ്റെ പിതാവ് ഹജ്ജാജ് വലിയ ആത്മീയനേതൃത്വത്തിൽപെട്ടവർ തന്നെയാണ് ". സ്വാഭാവികമായും ഇമാം മുസ്ലിമിൻ്റെ പ്രാഥമികപാഠശാല പിതാവ് തന്നെയായി. പല അറിവുകളും ഹജ്ജാജ് കുഞ്ഞിനു പകർന്നു കൊടുത്തു. കുഞ്ഞിൻ്റെ ഓരോ അണുവിലും വിടാതെ പിന്തുടർന്നു.
നല്ലൊരു പണ്ഡിതനാകണമെന്നുള്ള അഭിലാഷത്തോടുകൂടിയായിരുന്നു പിതാവ് കുട്ടിയെ വളർത്തിയത്. ഖുർആനികപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തു കൊണ്ടായിരുന്നു തുടക്കം. ആ കാലങ്ങളിലൊക്കെ വിശുദ്ധഖുർആൻ കുട്ടികൾ പെട്ടെന്ന് മന:പാഠമാക്കുമായിരുന്നു. അതിന് പ്രത്യേക ഔപചാരികത ഒന്നുമില്ല. പഠിച്ചു മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ വിശേഷിച്ചും ഖുർആൻ തൊട്ടു തുടങ്ങി. മുസ്ലിമിനും പിതാവ് വിധിച്ചത് പ്രാഥമികമായി ഖുർആൻ തഹ്ഫീള് (സമ്പൂർണ മന:പ്പാഠം )തന്നെ.
മുസ്ലിം നന്നായി പഠിച്ചു. മറ്റു കുട്ടികളെ മികച്ചു നിന്നു. കുറഞ്ഞകാലം കൊണ്ട്തന്നെ വിശുദ്ധഗ്രന്ഥം പൂർണമായി മനസ്സിൽ ഒപ്പിയെടുത്തു. പിതാവ് ഹജ്ജാജിന് വലിയ സന്തോഷമായി. പുത്രനെ അനുമോദിച്ചു. നല്ല ഉപദേശങ്ങൾ നൽകി.
ഖുർആൻ പഠിച്ചാൽ അതിനോടുള്ള മര്യാദ പാലിച്ചു ജീവിക്കണം. പാപങ്ങൾ നമ്മുടെ അറിവുകളെ കളങ്കപ്പെടുത്തും. പാപികൾക്ക് യഥാർത്ഥ അറിവിന്റെ വെളിച്ചം കിട്ടില്ല. തെറ്റുകുറ്റങ്ങൾ ഒഴിവാക്കുക. ജീവിതം പവിത്രമായി ചെറുപ്പത്തിലേ നിലനിർത്താൻ ശ്രമിക്കുക. പഠനം അവസാനിക്കുന്നില്ല. ഉപരിപഠനം ആവശ്യമാണ് .അതിന് പ്രത്യേക പാഠശാലകളെ ആശ്രയിക്കണം. കുട്ടിയെ പ്രമുഖഗുരുക്കന്മാരെ ഏൽപ്പിക്കണം. ഹജ്ജാജിന്റെ തീരുമാനം ഉറച്ചു.
മുസ്ലിമിനെ പഠിക്കാൻ വിട്ടു. അറബിഭാഷയിൽ അവഗാഹം കരസ്ഥമാക്കാനുള്ള അവസരം നന്നായി ഒരുക്കി. ഭാഷാസിദ്ധി മനുഷ്യനെ ഉയരങ്ങളിലേക്ക് എത്തിക്കും. യാത്രകളെ സുഗമമാക്കും. അറിവിൻ്റെ വാതിലുകൾ പെട്ടെന്ന് തുറക്കാൻ കളമൊരുക്കും. മുസ്ലിം നന്നായി പിഠിച്ചു. അധികംവൈകാതെ അറബിസാഹിത്യത്തിൽ ഒരു സ്വയം സിദ്ധി സാധ്യമായി. ഇത് മറ്റുള്ള പഠനങ്ങളെ എളുപ്പമാക്കി. ഗുരുനാഥന്മാർ മുസ്ലിമിനെ മുക്തകണ്ഠം പ്രശംസിച്ചു.
വിശുദ്ധഖുർആനിൻ്റെ വ്യാഖ്യാനപഠനം വിശ്വാസിക്ക് വളരെ അനിവാര്യമാണ്. മുസ്ലിം അതിലേക്ക് തിരിഞ്ഞു. സ്വാഭാവികമായും ഖുർആൻ അനുബന്ധകലകളിലും കഴിവ് നേടുക നിർബന്ധമായി. ഇതോടെ ഇസ്ലാമിന്റെ രണ്ടാംപ്രമാണമായ നബിവചന ശാസ്ത്രത്തിലേക്ക് മനസ്സ് കൊതിച്ചു. ഖുർആനിന്റെ വിശദീകരണമാണല്ലോ നബിചര്യ. നയ്സാബൂരിന്റെ മണ്ണിന് തിരുവചനവിജ്ഞാനത്തിന്റെ നിറസുഗന്ധം ഉണ്ടായിരുന്നു. ഇത് ഇമാം മുസ്ലിമിനെ കുറച്ചൊന്നുമല്ല തുണച്ചത്.
പഠനകാലത്ത് ഏറ്റവും നല്ല സ്വഭാവത്തിൽ തന്നെയാണ് മുസ്ലിം വളർന്നത്. സഹപാഠികളോട് ഏറെ സ്നേഹം കാട്ടി. ഗുരുനാഥന്മാരെ ആദരിച്ചു. മുതിർന്നവരെ ബഹുമാനിച്ചു. നല്ലശീലങ്ങളെ സ്വയം ഊട്ടി. ചീത്തശീലങ്ങളെ തൃണവൽഗണിച്ചു. ത്യാഗങ്ങൾക്ക് സ്വയംസന്നദ്ധമായി. എഴുത്തും വായനയും ജീവിതവ്രതമാക്കി. സ്വയം വിലയിരുത്താനും തെറ്റ്തിരുത്താനും അവസരം കണ്ടു. രാത്രികാലങ്ങളിൽ നിദ്ര വെടിഞ്ഞ് ജ്ഞാനമധു നുകര്ന്നു. അറിവ്സമ്പാദനം ഒരു ആസ്വാദനമായി കണ്ടു. സതീർത്ഥ്യർക്കിടയിൽ ജ്ഞാനചർച്ചകൾ നടന്നു. ഏറെ മികവോടെ വിദ്യാർഥികാലം പൂർത്തിയാക്കി. ഒരു അസാധാരണപ്രതിഭ രൂപപ്പെടുകയായിരുന്നു.
മുസ്ലിമിൻ്റെ വളർച്ചയിൽ മാതാവിന്റെ കരുതലും വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. സദ് വൃത്തയായിരുന്നു പ്രിയമാതാവ്. ഭർത്താവിനെപ്പോലെ അറിവിനെ വല്ലാതെ ഇഷ്ടപ്പെട്ടു. നന്മനിറഞ്ഞ ജീവിതം നയിച്ചു. ഏറ്റവും നല്ല പാതിയായി ഹജാജിന്റെ കൂടെ നിന്ന് പ്രിയപുത്രൻ മുസ്ലിമിന്റെ വളർച്ചയെ സ്വാധീനിച്ചു.
പിതാവിൻ്റെ തിരക്കുകൾക്കിടയിൽ കുട്ടിയെ പോറ്റുന്നതിൽ ഒരു അശ്രദ്ധയും കാണിച്ചില്ല. ഓരോ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുടെ സ്വാധീനമുണ്ട് എന്നാണല്ലോ. സ്വന്തം മാതാവിനെ ഉദ്ദേശിച്ചാണ് ഈ പറയുന്നത്. മുസ്ലിമിന് ആ സൗഭാഗ്യവും ലഭിച്ചു.
