അദ്ധ്യാത്മ ഗുരുക്കളുടെ ആത്മസത്ത അനവരതമുളള ആരാധനകളാണ്. ശൈഖ് രിഫാഈ തൻ്റെ ജീവിതം അനുഷ്ഠാനുമുറകൾ കൊണ്ട് ധന്യമാക്കി. എപ്പോഴും ഉണ്ടായിരുന്ന വേദന, സമയനഷ്ടത്തെക്കുറിച്ചുള്ളതായിരുന്നു. ഇനി കുറച്ചുകാലം മാത്രമാണല്ലോ ശേഷിക്കുന്നത് എന്ന് നിശ്വാസമുതിർക്കുക പതിവാണ്. നിസ്കാരത്തിൽ പ്രത്യേകമായി ആനന്ദം കണ്ടെത്തി.
തിരുനബി പറഞ്ഞിട്ടുണ്ടല്ലോ, “എൻ്റെ കൺകുളിർമ നിസ്കാരത്തിലാണെന്ന്.” മഹാന്മാരുടെ വഴിയും ഇതുതന്നെയാണ്. നിസ്കാരത്തിന് സമയമായാൽ പിന്നീട് ഭൗതികമായ ഒരു കാര്യങ്ങളിലും വ്യാപൃതനാവില്ല. ഒരിക്കൽ രിഫാഈ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവർ വെള്ളം കൊണ്ടുവന്നു. ചുണ്ടോട് അടുപ്പിച്ചതും വാങ്കിന്റെ ശബ്ദം ഉയർന്നു. ഉടൻ ഗ്ലാസ് നിലത്ത് വെച്ചു. എന്നിട്ട് പറഞ്ഞതിങ്ങനെ: "സത്യനാഥനോടുളള കടപ്പാടിന്റെ വിളി ഉയർന്നുകഴിഞ്ഞു. ഇനി സ്വന്തം ദേഹത്തിനോടുള്ള കടപ്പാട് വീട്ടാൻ നേരമില്ല". എഴുന്നേറ്റു. നിസ്കരിക്കാൻ പള്ളിയിലേക്ക് നീങ്ങി. വെള്ളം അവിടെ ബാക്കിയായി.
നിസ്കരിക്കാൻ നിന്നാൽ വലിയ ദൈവഭയമാണ്. നിറം മഞ്ഞളിക്കും. പ്രഭാത നിസ്കാരം കഴിഞ്ഞാൽ അവിടെത്തന്നെ ഇരിപ്പുറപ്പിക്കും. സൂര്യോദയം വരെ ഇത് തുടരും. ഹജ്ജിന് സമാനമായ പ്രതിഫലം തിരുനബി വാഗ്ദാനം ചെയ്ത കർമമാണിത്. ളുഹാ (ഉച്ചയ്ക്ക് മുമ്പുള്ള ഐച്ഛിക നിസ്കാരം) കൂടി നിസ്കരിച്ചിട്ടേ പള്ളിയിൽ നിന്നിറങ്ങൂ.
കണ്ണുകൾ മിക്ക സമയത്തും കലങ്ങി ഒഴുകുന്നുണ്ടാകും. ആത്മീയ വേദന കടുത്തതായിരുന്നു. ദീർഘനേരം കരയും. സന്തോഷിക്കുന്ന സമയം വളരെ കുറച്ചു മാത്രം. അല്ലാഹുവിലുള്ള ഭയം തന്നെ കാരണം.
ഗുരുവിൻ്റെ ഒരു കാവ്യശകലം ഇങ്ങനെ:
"അല്ലാഹു തന്നെ സത്യം.
എന്റെ ആത്മാവ് ബന്ധിതമായിരിക്കുന്ന കാര്യം നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ. കാൽപാദത്തിലായിരിക്കില്ല നിൻ്റെ നിൽപ്പ്.
മറിച്ച് തലകുത്തിയായിരിക്കും നിൻ നിൽപ്പ്"
ചില ഘട്ടങ്ങളിൽ രിഫാഈ ഒറ്റപ്പെട്ടു കഴിയും. രാവും പകലും വ്യത്യാസമില്ല. ഈ ഏകാന്തവാസത്തിനിടയിൽ ആരാധനകൾ നിർബാധം തുടരും. എല്ലാ നിർബന്ധ നിസ്കാരത്തിന് പിറകിലും ആയതുൽ കുർസി (ഖുർആനിലെ പ്രശസ്തമായ ഒരു വാക്യം) പരായണം ചെയ്യുക പതിവാണ്. സഞ്ചാര വഴികളിലുടനീളം സൂറതുൽ ഫാതിഹ (ഖുർആനിലെ പ്രഥമ അധ്യായം) വർധിപ്പിച്ചു കൊണ്ടിരിക്കും. അംഗശുദ്ധി (വുളൂഅ്) സ്ഥിരമായി പുലർത്തും. അത് സുസ്ഥിരമാക്കാൻ കൂട്ടുകാരോട് കൽപ്പിക്കും. യാത്രാമധ്യേ വല്ല പള്ളിയുടെയും ഓരത്തു കൂടി പോകേണ്ടി വന്നാൽ അവിടെ കയറി നിസ്കരിക്കും. ഏതെങ്കിലും നാട്ടിലെത്തിയാലും സ്ഥിതി ഇങ്ങനെ തന്നെ. വല്ല വീട്ടിലുമാണ് വിശ്രമിക്കാനെത്തുന്നതെങ്കിൽ അവിടെയും രണ്ട് റക്അത് (നിസ്കാരത്തിന് ആവർത്തിത ഭാഗം) തന്റെ വക സമ്മാനിക്കും. ശിഷ്യഗണങ്ങളോട് അനുഷ്ഠാനമുറകളെ വർധിപ്പിക്കാൻ നിരന്തരം പ്രേരിപ്പിക്കും. പലപ്പോഴും പറയും: "രാത്രിയിലുള്ള ആരാധനാമുറകൾ ഒരുപാട് ഭൗതിക ജീവിതമാർഗങ്ങൾ സമ്പാദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമാണ്”
അർധരാത്രി പിന്നിട്ടാൽ നിസ്കരിക്കാൻ വേണ്ടി അവരോട് ആജ്ഞാപിക്കുക പതിവാണ്. ആരാധനതൽപരനായ വല്ല യുവാവിനെയും കണ്ടാൽ കൈപിടിച്ച് ചുംബിക്കും. തന്നോട് ചേർത്ത് നിർത്തിയിട്ട് പറയും: മോനേ, നീ എനിക്കുവേണ്ടി പ്രാർഥിക്കണം. അല്ലാഹുവിലേക്ക് മടങ്ങിയ യുവാവാണ് നീ"
ആരെങ്കിലും പ്രാർഥിക്കാൻ ആവശ്യപ്പെട്ടാൽ ഇരുളിലേക്ക് നീങ്ങി ഇങ്ങനെ പറയും: "അല്ലാഹുവേ, ഇവരുടെ കാര്യങ്ങൾ നന്നാക്കൂ. ഇവർക്ക് സന്മാർഗമേകൂ. നല്ല കാര്യങ്ങൾ മനസ്സിൽ തോന്നിപ്പിക്കൂ. നിന്നെ ഓർക്കാനുള്ള ചിന്ത നൽകൂ. നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പഠിക്കാൻ ഉദവി കൂട്ടൂ, കാരുണ്യവന്മാരിൽ കാരുണ്യവാനേ"
തിരുനബിയുടെയും തിരുസഹചരുടെയും പാദമുദ്രകളെയാണ് രിഫാഈ പിന്തുടർന്നിരുന്നത്. അല്ലാഹുവിൻ്റെ ദൂതൻ പറഞ്ഞ ഗണത്തിൽ പെടാൻ ആഗ്രഹിച്ചു. അഥവാ തിരുനബിയുടെ പ്രതിനിധികളുടെ ഗണത്തിൽ.
ഒരിക്കൽ തിരുനബി മൂന്നു തവണ പറഞ്ഞത് ഇങ്ങനെ: അല്ലാഹുവേ, എന്റെ പ്രതിനിധികൾക്ക് നീ കരുണ ചൊരിയൂ.
ശിഷ്യർ ചോദിച്ചു: ആരാണ് അങ്ങയുടെ പ്രതിനിധികൾ ?
മറുപടി: എൻ്റെ ചര്യകളെ സജീവമാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും അത് അല്ലാഹുവിൻ്റെ അടിമകളെ പഠിപ്പിക്കുകയും ചെയ്യുന്നവരത്രെ.
ഈ ഗണത്തിൽ പെടാനുള്ള തത്രപ്പാടായിരുന്നു ശൈഖ് രിഫാഇയുടെ ജീവിതം. അതിൽ അദ്ദേഹം വലിയ തോതിൽ വിജയിക്കുകയും ചെയ്തു.
