ഒരുദിവസം രിഫാഈ നടന്നുപോവുകയാണ്. ഏതാനും കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ മട്ടും ഭാവവും പെട്ടെന്ന് മാറി. അവർക്കിടയിൽ ഒരു ശണ്ഠ രൂപപ്പെട്ടു. കളി തർക്കത്തിലേക്ക് നീങ്ങിയിരിക്കുന്നു. രിഫാഈ നോക്കി നിന്നില്ല, കയറി ഇടപെട്ടു. കുട്ടികളെ വകഞ്ഞുമാറ്റി. അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കി. അതിനിടയിൽ അദ്ദേഹം കൂട്ടത്തിൽ ഒരു കുട്ടിയോട് വെറുതെ ചോദിച്ചു: "മോനേ നീ ആരാണ് ?”
കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; "അതറിഞ്ഞിട്ട് താങ്കൾക്ക് എന്താണ് കാര്യം?
ഈ മറുപടി രിഫാഇയെ ചൊടിപ്പിച്ചില്ല. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു; "മോനേ, നീ പറഞ്ഞതാണ് ശരി. അതറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അല്ലാഹു നിനക്ക് ഗുണം ചൊരിയട്ടെ. എന്നെ നീ ഒരു ജീവിതമര്യാദ പഠിപ്പിച്ചിരിക്കുന്നു നിൻ്റെ കാര്യങ്ങൾ അല്ലാഹു ഭംഗിയാക്കി തരട്ടെ"
വളരെ വിനയാന്വിതനായിരുന്നു രിഫാഈ. തൻ്റെ ഭാര്യ റാബിഅ വീട്ടുജോലി ചെയ്യുമ്പോൾ കൂടെ ചെന്നിരിക്കും. ധാന്യം കുത്തിപ്പൊടിക്കാനും മറ്റുമൊക്കെ ആവശ്യമായ സഹായങ്ങൾ ചെയ്യും. വളരെ നല്ല സ്വഭാവിയായിരുന്നു ഈ ഭാര്യ. ചന്തയിൽ നിന്ന് മത്സ്യം വാങ്ങിക്കൊണ്ടു വരിക നേരിട്ട് തന്നെയാണ്. ആരെയും അത് ചുമക്കാൻ ഏൽപ്പിക്കില്ല. നടക്കുന്ന വഴിയിൽ വല്ല തടസ്സവും കണ്ടാൽ സ്വന്തം അത് നീക്കിയിടും. വലിയ കല്ലോ മറ്റോ ആണെങ്കിൽ വളരെ ബുദ്ധിമുട്ടിയാലും പൊക്കിയെടുത്ത് മാറ്റിവെക്കും. ശേഷം നടന്നുപോയി കൈകൾ കഴുകും. തൻ്റെ ശിഷ്യരുടെ ദൃഷ്ടിയിൽ ഇത് പെട്ടാൽ ആക്ഷേപം പറയും.
പക്ഷേ ഗുരുവിൻ്റെ മറുപടി ഇതായിരിക്കും: "എടോ, എന്റെ കൈയിന്റെ മഹത്വം ഇതാണ്. സ്വർഗത്തിലേക്കുള്ള പണിയാണിത്"
പാരിതോഷികങ്ങൾ എത്ര നിസാരമാണെങ്കിലും സ്വീകരിക്കും. ദാതാവിനെ വിലകുറച്ച് കാണില്ല. ആരെങ്കിലും കൈകൾ ചുംബിക്കാൻ വന്നാൽ ഗുരുവിന് വളരെ മടിയാണ്. പ്രയാസപ്പെടാതെ അദ്ദേഹത്തിൻ്റെ കരങ്ങൾ ചുംബിക്കാൻ കിട്ടില്ല. സഹയാത്രികരിൽ ആരെക്കൊണ്ടും തൻ്റെ ആവശ്യം നിർവഹിപ്പിക്കില്ല. നിർബന്ധവും ഐച്ഛികവുമായ നൽ കാര്യങ്ങൾ മുടങ്ങുന്നതിന് അയക്കുമായിരുന്നില്ല. തൻ്റെ സദസ്സിൽ ഭൗതികവിഷയങ്ങളെക്കുറിച്ച് സംസാരം ഉണ്ടായിരുന്നില്ല.
ഖിബ്ലയിലേക്ക് പിന്നിട്ടിരിക്കില്ല. നിർത്തവും ഇരുത്തവുമൊക്കെ അല്ലാഹുവിനെ ഓർത്തുകൊണ്ട് (ദിക്റ് ചൊല്ലി) മാത്രമായിരിക്കും. ദേഷ്യമാണെങ്കിലും തൃപ്തിയാണെങ്കിലും സത്യം അല്ലാതെ പറയില്ല. തൻ്റെ കാര്യങ്ങൾക്ക് ഭരണാധികാരികളോട് പരാതിപ്പെടാൻ നിൽക്കാറില്ല. തൻ്റെ ശിഷ്യന്മാരിലും സതീർഥ്യരിലും ആരെങ്കിലും ജുമുഅക്കോ (വെള്ളിയാഴ്ചയിലെ സംഘടിത പ്രാർഥന) ജമാഅതിനോ (ദിനംപ്രതി പള്ളിയിലുള്ള പഞ്ചനേര സംഘടിത നിസ്കാരം) കാണാതെ പോയാൽ അന്വേഷിക്കും. അവർ രോഗിയാണെങ്കിൽ ചെന്ന് സന്ദർശിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് നിവർത്തിച്ചുനൽകും. കൂട്ടുകാർക്ക് വേണ്ടി ചെലവാക്കാൻ വല്ലാതെ താൽപര്യപ്പെടുന്ന പ്രകൃതമായിരുന്നു. അവരുടെ കൂടെത്തന്നെ ഭക്ഷണം കഴിച്ചു. അവരെ തീറ്റിക്കാൻ വേണ്ടി ധൃതി കാണിച്ചു.
"പെട്ടെന്ന് തിന്നൂ, ഇതെന്റെ പണിയാണ്. ഇത് കഴിഞ്ഞിട്ടുവേണം മറ്റു കാര്യങ്ങളിലേക്ക് നീങ്ങാൻ" എന്ന് പറഞ്ഞുകൊണ്ടായിരിക്കും സൽക്കാരം. സുപ്രക്കരികിൽ ഇരുന്നാൽ ഒരു ഉപദേശം ഉണ്ട്. ആര് തിന്നുകയാണെങ്കിലും നല്ല മനസ്സോടെ തിന്നുക. അല്ലാഹുവിനുള്ള ആരാധനകൾക്ക് ശക്തി കിട്ടാൻ എന്ന ചിന്ത വേണം. ഭക്ഷണം നമുക്ക് കൃത്യമായി നിസ്കരിക്കാൻ ആരോഗ്യം നൽകും"
കരിച്ച പത്തിരി തിന്നാറില്ല. വയറു നിറച്ചും തിന്നാറില്ല. ഗുരു പറയും: "വയറു നിറച്ചു തിന്നുന്നതാണ് എല്ലാ ശരീര കുഴപ്പങ്ങളുടെയും മൂലകാരണം”
പാത്രം തുടച്ചു തിന്നു. കൈവിരലുകൾ ഊമ്പി വൃത്തിയാക്കി. നിലത്തുവീണ ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കിയെടുത്തു. ഭക്ഷണാനന്തരം കൈകൾ കഴുകാൻ മടിച്ചവരോട് വിയോജിച്ചു. വിഡ്ഢികൾ അല്ലാതെ മടിച്ചു നിൽക്കില്ല എന്ന് പറയും.
വീട്ടിൽ വല്ലതും ഉണ്ടാക്കിയാൽ അതിൽ നിന്ന് അയൽവാസികളിലേക്ക് ഒരു വിഹിതം എത്തിക്കും. പത്തിരിപ്പൊട്ട് നിലത്ത് കിടക്കുന്നത് കണ്ടാൽ കടുത്ത ദേഷ്യമാണ്, അല്ലാഹുവിൻ്റെ വിശുദ്ധനാമം എഴുതിയ വല്ലതും നിലത്ത് കിടക്കുന്നത് കണ്ടാൽ കോപിക്കുന്നതുപോലെ കോപിക്കും.
വെള്ളം കുടിക്കുക മൂന്ന് ശ്വാസം എടുത്താണ്. ഇങ്ങനെ എല്ലാംകൊണ്ടും ഗുരു വേറിട്ട് നിന്നു. നല്ല ശീലങ്ങളുടെ വിളനിലമായി മാറി.
