രിഫാഇയുടെ ഒരു പ്രധാന ഇഷ്ടൻ ഒരിക്കൽ ഒരു സ്വപ്നം കണ്ടു; രിഫാഈ ആത്മീയ ലോകത്ത് ഉന്നതസ്ഥാനിയനാണ്. "മഖ്അദ് -സ്വിദ്ഖ്" എന്ന സ്ഥാനം തന്നെ കൈവരിച്ചിരിക്കുന്നു. സത്യത്തിന്റെ ഇരിപ്പിടമെന്ന് വിവക്ഷ. അന്ന് തന്നെ അദ്ദേഹം രിഫാഇയെ കാണാൻ വീട്ടിലേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച തന്റെ മനസ്സിനെ ഉലച്ചുകളഞ്ഞു.
ഗുരുവിനൊരു ഭാര്യയുണ്ട്. സ്വഭാവം വളരെ മോശം. നാവെടുത്തൽ വാളെടുത്ത പോലെ. ഗുരുവിനെ ശപിക്കും. ചീത്ത വിളിക്കും. അവിവേകിയായി ചിത്രീകരിക്കും. അവർ രിഫാഇയെ വളരെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. താൻ ചെന്ന സമയത്ത് ഗുരുവിൻ്റെ പുറത്ത് വെണ്ണീർകോരി കൊണ്ട് അടിക്കുകയാണ് ഭാര്യ. ഷർട്ടിൽ വെണ്ണീർ പിടിച്ചു കറുത്തിരിക്കുന്നു. പക്ഷേ ഗുരു ഒന്നും പ്രതികരിക്കുന്നില്ല.
കണ്ടുനിൽക്കാനാകാതെ ആഗതൻ നിഷ്ക്രമിച്ചു. ഗുരുവിൻ്റെ ശിഷ്യർക്കരികിൽ വന്നിട്ട് പറഞ്ഞു: "ഓ മനുഷ്യരേ, നിങ്ങളുടെ ഗുരുവിനെ ആ പെണ്ണ് കാണിക്കുന്നത് കണ്ടിട്ട് നിങ്ങളൊക്കെ മിണ്ടാതിരിക്കുകയാണോ?”
അവർക്കെല്ലാം ഗുരുവിന്റെ ഭാര്യയെ കുറിച്ച് നന്നായി അറിയാമായിരുന്നു. അവർ പറഞ്ഞു: “ആ പെണ്ണിന് മഹർ (വിവാഹ മൂല്യം) പറഞ്ഞിരിക്കുന്നത് വളരെ കൂടുതലാണ്.”
“എത്രയാണ് മഹർ?”
“500 ദീനാർ”
“ഗുരു ദരിദ്രനാണ്. അത്രയും സംഘടിപ്പിക്കാൻ ഇപ്പോൾ പ്രയാസമാണ്. അതുകൊണ്ട് ബന്ധം ഒഴിവാക്കാതിരിക്കുന്നതാകാനാണ് സാധ്യത."
ഇത് കേട്ടതും അയാൾ സ്ഥലം കാലിയാക്കി 500 ദീനാർ സംഘടിപ്പിച്ചു അതുമായി രിഫാഇക്കരികിൽ എത്തി. മുമ്പിൽവെച്ച് കൊടുത്തു. അയാളുടെ ചെയ്തിയിൽ ആശ്ചര്യപ്പെട്ടു ഗുരു ചോദിച്ചു: “എന്താണിത്?”
അയാൾ പറഞ്ഞു; “ഉസ്താദിൻ്റെ ആ പൊട്ടിപ്പെണ്ണിനുള്ള മഹറാണിത്. എന്തെല്ലാമാണ് നിങ്ങളെ അവർ കാണിക്കുന്നത്? ഈ വിവാഹമൂല്യം നൽകി അവരെ ഒഴിവാക്കൂ.”
ഇത് കേട്ടതും രിഫാഈ പുഞ്ചിരിതൂകി പറഞ്ഞു: “ആത്മീയലോകത്ത് ഉന്നതസ്ഥാനീയനാണ് ഞാൻ എന്നല്ലേ നിന്റെയൊക്കെ ധാരണ. ആ പെണ്ണിൻ്റെ പ്രഹാരം ക്ഷമിച്ചു നിന്നിട്ടില്ലായിരുന്നെങ്കിൽ എനിക്കാ സത്യത്തിന്റെ ഇരിപ്പിടം കിട്ടുകയില്ലായിരുന്നു.”
രിഫാഈ ഇങ്ങനെയായിരുന്നു. പത്തരമാറ്റുറ്റ സ്വഭാവം. വല്ലാത്ത സഹനം, സുന്ദര പെരുമാറ്റം. ഒരു വാക്ക് പറഞ്ഞാൽ പാലിക്കും. ലോകമുസ്ലിംകൾക്ക് വേണ്ടി ധാരാളമായി പ്രാർഥിക്കും. ആർക്കും ചെന്ന് കാണാം. വളരെ ലളിതമായ പരിസരം. തന്നോട് പിണങ്ങിയവരോടും ഇണക്കം കാണിച്ചു. തരാത്തവർക്ക് കൊടുക്കാൻ സന്മനസ്സു കാട്ടി. അന്യായം കാണിച്ചു വന്നോട് വിട്ടുവീഴ്ച ചെയ്തു. കൂടെക്കഴിയുന്നവർക്ക് പരമാവധി ഗുണം ചെയ്തു. സുഹൃത്തുക്കളിൽ നിന്നുണ്ടാകുന്ന അപാകതകൾ നിരുപാധികം പൊറുത്തു. വിശന്നവനെ തീറ്റിച്ചു. വിവസ്ത്രന് വസ്ത്രം നൽകി ആദരിച്ചു.
രോഗികൾ നല്ലവരാകട്ടെ, മോശപ്പെട്ടവരാകട്ടെ സന്ദർശിച്ചു. ജനാസകളെ (മയ്യിതുകൾ) അനുഗമിക്കാൻ മടി കാണിച്ചില്ല. പാവങ്ങളോട് ഒത്തുചേർന്നിരുന്നു. പാവങ്ങളുടെ കൂടെത്തിന്നു. ബുദ്ധിമുട്ടുകൾ ക്ഷമിച്ചു. ശത്രുവിനും ഗുണം ഉദ്ദേശിച്ചു. മിത്രത്തെ ഗുണദോഷിച്ചു. കണ്ടുമുട്ടുന്നവരോട് അഭിവാദനം കൊണ്ട് അഭിസംബോധന തുടങ്ങി. തനിക്ക് വല്ലതും കിട്ടിയാൽ അപരനെ പരിഗണിക്കാൻ മത്സരിച്ചു. ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ചു.
പള്ളിയും പൊതുയിടങ്ങളും അടിച്ചുവാരാൻ മുന്നിട്ടിറങ്ങി. ജനങ്ങൾ സന്തോഷിക്കുന്നിടത്ത് സന്തോഷം പ്രകടിപ്പിച്ചു. ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. നന്മകൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. സൽസ്വഭാവങ്ങളുടെ പൂർത്തീകരണത്തിലേക്ക് വഴി കാണിച്ചു. സംസാരിക്കുന്നത് ചെറിയ കുട്ടിയോടോ വലിയവരോടോ എന്ന വിവേചനമില്ലാതെ വളരെ മര്യാദപൂർവമായിരുന്നു.
അതിശയിപ്പിക്കുന്ന വല്ലതും കണ്ടാൽ പുഞ്ചിരിക്കുക മാത്രം ചെയ്യും. പൊട്ടിച്ചിരിക്കില്ല. കുടുംബബന്ധം നന്നായി ചേർത്തു. കാരണം ബോധിപ്പിച്ചു വരുന്നവരുടെ കാരണം സ്വീകരിച്ചു. കാരണം ബോധിപ്പിക്കാൻ നിൽക്കും മുമ്പ് തന്നെ പ്രശ്നമില്ല എന്ന് പറഞ്ഞു ഒഴിവാക്കി വിടാനും ശ്രമിച്ചു. സന്തോഷത്തെക്കാൾ കൂടുതൽ സന്താപമായിരുന്നു മുഖത്ത്. കാരണം അല്ലാഹുവിനെ കുറിച്ചുളള ഭയം തന്നെ. ദൈവഭയത്താൽ കരൾ കരിഞ്ഞു മണത്തു.
നടന്നുപോവുകയാണെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു നോക്കില്ല. കാൽപാദത്തിനടിയിലേക്ക് മാത്രം നോക്കി നടന്നു. അന്ധന്മാരെ കണ്ടാൽ കൈപിടിച്ചു നയിച്ചു. അവർക്കുവേണ്ടി ചിറകുകൾ താഴ്ത്തി കൊടുത്തു. അവരോട് പ്രാർഥിക്കാൻ അപേക്ഷിച്ചു. പാവങ്ങളുടെ പടിവാതിലിൽ നിരന്തരമായി ചെന്നു. അവർക്ക് ഭക്ഷണം എത്തിച്ചു. അവരുടെ വിശേഷങ്ങൾ അന്വേഷിച്ചു. രാത്രി സമയത്ത് തോളിൽ സഞ്ചി തൂക്കി പാവങ്ങളുടെയും വിധവകളുടെയും വീട്ടിലേക്ക് ആവശ്യമായതെത്തിച്ചു; ജനങ്ങളെല്ലാം അപ്പോൾ ഗാഢ നിദ്രയിലായിരിക്കും.
കുഷ്ഠരോഗികളെയും മറ്റു രോഗികളെയും പരിചരിക്കാൻ മുന്നിട്ടിറങ്ങി. അവരെ കുളിപ്പിക്കും. അവരുടെ വസ്ത്രങ്ങൾ അലക്കിക്കൊടുക്കും. അവർക്ക് ആവശ്യമായ ഭക്ഷണം കൊണ്ടുവരും. അവരുടെ കൂടെയിരുന്ന് കഴിക്കും. അവസാനം പറയും: "എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കണം"
അനാഥകൾക്ക് സ്നേഹധന്യനായ പിതാവിനെ പോലെയായിരുന്നു രിഫാഈ. വിധവകൾക്ക് കരുതലുള്ള ഭർത്താവിനെ പോലെയും. വല്ലതും സംസാരിക്കാൻ നിന്നാൽ ഒരുപാട് ചിന്തിക്കും, അതിൽ ഗുണമുണ്ടെങ്കിൽ മാത്രമേ ഉരിയാടൂ. ഇല്ലെങ്കിൽ മിണ്ടാതിരിക്കും.
ശ്വാസ-നിശ്വാസങ്ങളുടെ നഷ്ടത്തെയോർത്ത് സ്വയം പ്രയാസപ്പെട്ടു. ദൈവമാർഗത്തിലല്ലാതെ സമയം നഷ്ടമാകുന്നത് വല്ലാതെ പേടിച്ചു. പലപ്പോഴും പറയും: "ആവശ്യമില്ലാത്തതുമായി ബന്ധപ്പെട്ട് സമയം ചെലവാക്കിയാൽ ആവശ്യമുള്ളതിന് സമയം കിട്ടാതെ പോകും"
ഒരു കാവ്യമായി ഇങ്ങനെ ആലപിക്കാറുണ്ട്;
"എണ്ണപ്പെട്ട ശ്വസനങ്ങളുടെ വക്താവേ,
ഒരു ദിവസം വരാനിരിക്കുന്നു.
അന്ന് ഈ എണ്ണം പൂർത്തിയാകും"
