സയ്യിദ് അലിയുടെ ഭാര്യാ സഹോദരനാണ് മൻസൂർ. ആത്മീയ വെളിപാടുകൊണ്ട് അനുഗ്രഹീതൻ. ഒരുദിവസം മൻസൂർ ഉറങ്ങവെ ഒരു സ്വപ്നം കണ്ടു. തിരുനബി പ്രത്യക്ഷനായി ഇങ്ങനെ പറയുന്നു:
"മൻസൂർ! ഇന്ന് തൊട്ട് നാൽപതാം നാൾ നിന്റെ സഹോദരി ഒരു കുഞ്ഞിനു ജന്മം നൽകും. അവൻ്റെ പേര് അഹ്മദുരിഫാഈ എന്നായിരിക്കും. അവൻ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ നായകനാകും. പഠനപ്രായം എത്തിയാൽ താങ്കൾ അവനെ ഖുർആൻ പണ്ഡിതനായ ശൈഖ് അലി വാസിഥിയെ ഏൽപിക്കുക. അവനെ അദ്ദേഹം വളർത്തിക്കൊണ്ടു വരട്ടെ. ഇക്കാര്യത്തിൽ താങ്കൾ അലംഭാവം കാണിക്കേണ്ട. വാസിഥി അല്ലാഹുവിനരികിൽ പ്രിയപ്പെട്ടവനാണ്"
"തിരുദൂതർ പറഞ്ഞു പോലെ ചെയ്യാം"
മൻസൂർ ഇങ്ങനെ പ്രതികരിച്ചതും സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നതും ഒന്നിച്ചായിരുന്നു.
പിന്നെ മൻസൂറിന് ഉറക്കില്ലാത്ത നാളുകളായിരുന്നു. തൻ്റെ പ്രിയപ്പെട്ട പെങ്ങൾ പ്രസവിക്കുന്നതും കാത്തിരുന്നു. പിറക്കുന്ന കുഞ്ഞിനെ തിരുനബിയുടെ നിർദേശങ്ങൾ അനുസരിച്ച് വളർത്തണം, ഇതായി പിന്നെ ചിന്ത. അലിയുടെ ഭാര്യാപിതാവ് യഹ്യ നജ്ജാറും ആത്മജ്ഞാനിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിനുണ്ടായ ഉൾവിളിയിലും രിഫാഈയുടെ ജന്മത്തെ ഉണർത്തുന്നതായിരുന്നു.
ഒരു സംഭവമുണ്ടായത് ഇങ്ങനെ:
സയ്യിദ് അലി എന്തോ വിഷയത്തെ തുടർന്ന് ഒരിക്കൽ ഭാര്യപിതാവ് യഹ്യയോട് പിണങ്ങി. അലി പിന്നെ അവിടെ നിന്നില്ല. ഹറാനിലേക്ക് നീങ്ങി. ഹറാൻ വാസികൾ അലിയെ വല്ലാതെ ആദരിച്ചിരുന്നു. ഇത്തവണ ഹറാനിലെത്തിയതും ജനങ്ങൾ പതിവുപോലെ സ്വീകരിച്ചു, ബഹുമാനിച്ചു. അദ്ദേഹത്തിന് ചുറ്റും ഒരുമിച്ചുകൂടി. വൈജ്ഞാനികമായ ചർച്ചകളിൽ ഏർപ്പെട്ടു. ഒരു സായാഹ്നത്തിലായിരുന്നു ഇത്.
കുറച്ചു കഴിഞ്ഞു. മഗ്രിബ് (സൂര്യാസ്തമയാനന്തര നിസ്കാരം) നിസ്കാരം ആഗതമായി. ആളുകൾ അലിയെ ഇമാമാക്കാൻ (നിസ്കാരത്തിന് നേതൃത്വം) താൽപര്യപ്പെട്ടു. അലി ഉണ്ടാകുമ്പോൾ മറ്റാരും ഇമാമ് നിൽക്കാറുണ്ടായിരുന്നില്ല. അദ്ദേഹം മിഹ്റാബിലേക്ക് (നിസ്കാരത്തിന് നേതൃത്വം നൽകുന്ന ആൾ നിൽക്കുന്ന പ്രത്യേക ഇടം) പ്രവേശിച്ചു. നിസ്കരിക്കാൻ നിന്നതും ഖുർആൻ പാരായണം അവതാളത്തിലായി. പലതും മറന്നുപോയ പോലെ. ഉടൻ പിൻനിരയിലേക്ക് വലിഞ്ഞു. മറ്റൊരാളെ മുന്നിലേക്ക് നിർത്തി നിസ്കാരം ഏൽപിച്ചു.
നിസ്കാരാനന്തരം ജനങ്ങൾ ചോദിച്ചു:
എന്താണ് താങ്കൾക്ക് പറ്റിയത്? താങ്കൾക്ക് എന്തോ ഈർഷ്യത വന്നു പെട്ടതുപോലെ?
അപ്പോൾ അലി ഭാര്യ പിതാവുമായുണ്ടായ നീരസം വിശദീകരിച്ചു. അലിക്കൊരു കാര്യം ഉറപ്പായിരുന്നു; ഭാര്യാപിതാവ് പ്രാർഥനയ്ക്ക് പെട്ടെന്ന് ഉത്തരം കിട്ടുന്ന പ്രസിദ്ധനാണ്. ഒരുപക്ഷേ അദ്ദേഹത്തിന് മനസ്സിലുണ്ടായ വല്ല വികാരവും തന്നിൽ പ്രതിഫലിച്ചിരിക്കാം.
ജനങ്ങളും ഈയൊരു നിഗമനത്തിൽ എത്തി. അവരെല്ലാവരും കൂടി ഭാര്യാപിതാവിനെ സമീപിച്ചു. പ്രശ്നം തീർക്കാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തിൻ്റെ അരികിലെത്തി. സയ്യിദ് അലിക്കുവേണ്ടി സംസാരിച്ചു. ജനങ്ങളുടെ ശുപാർശ കേട്ടതും യഹ്യ നജജാർ അയഞ്ഞു.
അദ്ദേഹം പറഞ്ഞു:
"ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു. ഇവൻ്റെ മുതുകിൽ നിന്ന് വിലപ്പെട്ട ഒരു മുത്തിന്റെ പിറവി ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു എൻ്റെ ഈർഷ്യതയുടെ ഫലം". ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഭാര്യ പിതാവുമായി അലി പിന്നീട് ഗാഢബന്ധം തുടർന്നു.
രിഫാഇയുടെ ജനനം കഴിഞ്ഞു കൂടുതൽ കാലം പിതാവ് അബുൽഹസൻ അലി ജീവിച്ചില്ല. അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങി. ഇത് മകൻ രിഫാഇയെ സാങ്കേതികമായി അനാഥനാക്കി. പക്ഷേ കുഞ്ഞ് ഒറ്റപ്പെട്ടില്ല. കുട്ടിയുടെ സംരക്ഷണം പൂർണമായി അമ്മാവൻ സയ്യിദ് മൻസൂർ ഏറ്റെടുത്തു. വളരെ നല്ല വിധത്തിലായിരുന്നു അദ്ദേഹത്തിൻ്റെ സംരക്ഷണം. ആവശ്യമായ പ്രാഥമിക കാര്യങ്ങളെല്ലാം താൻ തന്നെ പഠിപ്പിച്ചു. ആത്മീയ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ചെറുപ്പത്തെ സമ്പുഷ്ടമാക്കി. ഒരൊറ്റ നിമിഷവും കുട്ടിയെ വിട്ടുപോയില്ല. കുട്ടിയെ വളർത്തുന്നതിൽ ഒരു അലംഭാവവും കാണിച്ചതുമില്ല.
ഓതിപ്പടിക്കാൻ പ്രായമായതും തിരുനബി നിർദേശിച്ചത് പോലെ ശൈഖ് അലി വാസിഥ്വിയുടെ കരങ്ങളിൽ കുഞ്ഞിനെ ഏൽപിച്ചു. അലി വാസിഥി വളരെ സന്തോഷത്തോടെ കുട്ടിയെ ഏറ്റെടുത്തു. ഖുർആനും അനുബന്ധപാഠങ്ങളും പകർന്നു നൽകി. നിഫാഈ നന്നായി പഠിച്ചു. പഠനത്തിൽ ഒരു അലസതയും കാണിച്ചില്ല. പറഞ്ഞുകൊടുക്കുന്നത് എല്ലാം അപ്പടി മനസ്സിൽ സൂക്ഷിച്ചു. പ്രാവർത്തികമാക്കേണ്ടവ അണുവിടാതെ പ്രവർത്തികമാക്കി. നല്ല സ്വഭാവം. നല്ല പെരുമാറ്റം. സതീർഥ്യരോട് ഇടപഴകുന്നത് പോലും പട്ടു പോലെ.
അമ്മാവനിൽ നിന്ന് കിട്ടിയ ശിക്ഷണം രിഫാഇയെ മറ്റു കുട്ടികളിൽ നിന്നും വേർതിരിച്ചു നിർത്തി. എല്ലാവരും രിഫാഇയെ പ്രശംസിച്ചു. ഖുർആൻ പഠനത്തിൽ പ്രത്യേകം മികവുപുലർത്തി. നിശ്ചിത ഭാഗങ്ങൾ നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഗുരുവിനു മുമ്പിൽ പാരായണം ചെയ്തു കേൾപിച്ചു. മിടുക്കു കാട്ടി വളർന്നു.
