ശൈഖ് രിഫാഇ ജനിക്കുന്നത് ഹിജ്റ 512 റജബ് മാസത്തിലാണ്. ജന്മനാട് ബതാഇഹിലെ ഉമ്മുഅബീദ. വാസിഥിനും ബസ്വറുക്കുമിടിയിലാണ് ബതാഇഹ്. ഇറാഖിലെ പ്രസിദ്ധനഗരി. നബികുടുംബ പാരമ്പര്യത്തിലാണ് രിഫാഇയുടെ ജനനം. പ്രവാചക പൗത്രൻ ഹുസൈനിലൂടെ തിരുനബിയിൽ എത്തിച്ചേരുന്നു.
രിഫാഇയുടെ പിതാമഹൻ സയ്യിദ് യഹ്യ രിഫാഇയാണ് ആദ്യമായി ഇറാഖിൽ എത്തിച്ചേരുന്നത്. മഗ്രിബിൽ നിന്ന് ബസ്വറയിലേക്കാണ് എത്തിയത്, ഹിജ്റ 450 ൽ. അദ്ദേഹം സംശുദ്ധ ജീവിതം നയിച്ചു. ആത്മജ്ഞാനം കൊണ്ട് സ്വയം പ്രകാശിച്ചു. ദൈവീകസ്മരണ നിറഞ്ഞുനിൽക്കുന്നതായിരുന്നു ജീവിതം. അതുകൊണ്ടുതന്നെ നാട്ടുകാർ സയ്യിദ് യഹ്യയെ വല്ലാതെ ഇഷ്ടപ്പെട്ടു. ആദരങ്ങൾ കൊണ്ട് പൂച്ചൂടി.
ജീവിതം ഒറ്റപ്പെട്ടാണ് പോകുന്നത്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ചില ഇഷ്ടന്മാരുടെ ചിന്ത വിവാഹ കാര്യത്തിലേക്കും നീങ്ങി. സയ്യിദ് യഹ്യക്ക് ഒരു തുണ വേണം. തൻ്റെ ആത്മീയ ഭാവങ്ങൾക്ക് അനുസരിച്ച് നിൽക്കുന്ന പെണ്ണ്. അങ്ങനെയാണ് ഹസനുന്നജ്ജാറിൻ്റെ സീമന്ത പുത്രിയിൽ അന്വേഷണമുടയ്ക്കുന്നത്. ഹസ്സനുന്നജ്ജാർ പ്രസിദ്ധനാണ്. ആത്മീയകാര്യങ്ങളിൽ ജനങ്ങളുടെ ആശാകേന്ദ്രം. സ്വാഭാവികമായും അദ്ദേഹത്തിൻ്റെ പുത്രി ആത്മീയതയിൽ ഒട്ടും പിന്നിലാകില്ല.
ഇത് തിരിച്ചറിഞ്ഞ ആളുകൾ സയ്യിദ് യഹ്യയെ താൽപര്യപ്പെടുത്തി കൊണ്ടിരുന്നു. ജനങ്ങളെ തള്ളാൻ അദ്ദേഹം സന്നദ്ധനായില്ല. വിവാഹത്തിന് ഒരുക്കമാണെന്ന് അറിയിച്ചു. വളരെ ലളിതമായ രൂപത്തിൽ ചടങ്ങുകൾ നടന്നു. ആഘോഷം അനാർഭാടമായിരുന്നു.
പ്രഥമരാത്രി തന്നെ തൻ്റെ ഇണയുടെ മാറ്റ് യഹ്യ തിരിച്ചറിഞ്ഞു; ഇവൾ ആത്മീയ കാര്യങ്ങളിൽ തനിക്കൊരു തുണയാകും, യഹ്യ ഉറപ്പിച്ചു. സന്തുഷ്ട കുടുംബജീവിതം അല്ലലില്ലാതെ നീങ്ങി. അതിൽ ഒരു കുഞ്ഞു പിറന്നു. സയ്യിദ് അലി എന്നാണ് അവർ കുഞ്ഞിന് പേരിട്ടത്. അലി നന്മയിൽ വളർന്നു. മാതാവിന്റെയും പിതാവിന്റെയും ഒന്നിച്ചുള്ള ശിക്ഷണം അലിയെ തിളക്കമുറ്റതാക്കി. ആത്മീയ കാര്യങ്ങളിൽ അലി സജീവശ്രദ്ധ പുലർത്തി.
അലി വലുതാകുന്നതിന് അനുസരിച്ച് ഉയരങ്ങളിലേക്ക് ചിന്ത പോയി. ആത്മാവിനെ തേടിയുള്ള അലച്ചിലുകൾ ജീവിതവ്രതമാക്കി. അങ്ങനെയിരിക്കയാണ് ബതാഇഹിൽ എത്തിച്ചേരുന്നത്. അവിടെ ഉമ്മുഅബീദ എന്ന ഗ്രാമം സയ്യിദ് അലിക്ക് ഇഷ്ടപ്പെട്ടു. നല്ല ജനങ്ങൾ. തൻ്റെ ആത്മീയ ചിന്തകൾക്ക് ചിറകടിക്കാൻ പറ്റിയ അന്തരീക്ഷം. അലി അവിടെ താമസമാക്കി. നാളുകൾ പിന്നിട്ടു. യുവത്വത്തിൻ്റെ പ്രസരിപ്പിലാണുള്ളത് അലി. വിവാഹത്തെക്കുറിച്ചുള്ള ചിന്തയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ അലിയെ ഇഷ്ടപ്പെട്ട പല ആളുകളും അത്തരമൊരു ചിന്ത ഉണർത്തി.
ഒറ്റപ്പെട്ട ജീവിതം അർഥശൂന്യമാണ്. തിരുനബിയുടെ പാത പിന്തുടർന്ന് മനുഷ്യവംശത്തിന്റെ നിലനിൽപിനായി ഇണയും തുണയുമായി ജീവിക്കണം, അലി ചിന്തിച്ചു. വിവാഹം ആത്മീയതക്കെതിരല്ല. മറിച്ച് ആത്മീയ കാര്യങ്ങളിൽ പ്രധാനം തന്നെയാണത്. കുടുംബജീവിതം ആത്മസമരമാണ്. അതിന് പ്രതിഫലമുണ്ട്; ജയിച്ചാലും തോറ്റാലും.
പിന്നെ താമസിച്ചില്ല. ഇഷ്ടപ്പെട്ടവരോട് സമ്മതം മൂളി. അവർ അന്വേഷണം നടത്തി. വിധിവശാൽ അന്വേഷണം എത്തിയത് അമ്മാവൻ്റെ മകളിൽ തന്നെയായിരുന്നു. സുശീലയും സുന്ദരിയുമാണവൾ. സയ്യിദതു ഉമ്മുൽഫള്ൽ ഫാത്വിമ എന്നാണ് പേര്. സഹോദരൻ പ്രമുഖ ആത്മീയ ഗുരു മൻസ്വൂറുൽ ബത്വാഇഹിയാണ്. ശൈഖ് യഹ്യ നജ്ജാറാണ് പിതാവ്. എന്തുകൊണ്ടും ശുഭ്രമായ പാരമ്പര്യം. പെണ്ണു നന്നാകാൻ മറ്റൊന്നും ഇനി വേണ്ടതില്ല. ഇവരുടെ കുടുംബവേര് എത്തിച്ചേരുന്നത് പ്രമുഖ സഹാബിയായ ഖാലിദിലേക്ക്. അഥവാ അബൂ അയ്യൂബിൽ അൻസ്വാരിയിലേക്ക്. ഇതിനപ്പുറം ഇനി എന്ത് വേണം. കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല. വിവാഹം നടന്നു. ലളിതമായിരുന്നെങ്കിലും സുന്ദരമായിരുന്നു ആഘോഷം. തൻ്റെ ജീവിതത്തിന് പുതിയ അർഥം കൈവന്നതായി സയ്യിദ് അലിക്ക് തോന്നിത്തുടങ്ങി.
