സയ്യിദ് അബ്ദുൽ മലിക് അൽഖർനൂബി ആത്മീയരംഗത്തെ തേജസ്സാണ്. ആയിരക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രം. ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസം. സൂഫി ചക്രവാളത്തിലെ തിളങ്ങുന്ന താരകം. രിഫാഈ തന്റെ ആത്മീയ അലച്ചിലുകൾക്കിടയിൽ സയ്യിദ് അബ്ദുൽ മലികിനെ കണ്ടുമുട്ടുന്നു. പ്രഥമ ദർശനത്തിൽ തന്നെ ആകൃഷ്ടനായി. ആത്മീയ വെളിച്ചം വിതറുന്ന വദനം. സംസ്കരണത്തിന്റെ തെളിച്ചം പരിസരത്തേക്ക് പ്രസരണം ചെയ്യുന്ന പ്രകൃതം.
രിഫാഈ അബ്ദുൽ മലികിൻ്റെ കരം ഗ്രഹിച്ചു. തന്നെ ശിഷ്യനാക്കണമെന്ന് പറയാതെ പറഞ്ഞു. പിന്നെ ഇടയ്ക്കിടെ സന്ദർശിക്കുമായിരുന്നു. വർഷത്തിൽ ഒരു തവണ നിർബന്ധമായും ചെന്നുകാണും. തൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എല്ലാം അവതരിപ്പിക്കും. വിജ്ഞാനത്തിന്റെ മധു നുകരും. തിരിച്ചുപോരാൻ സമയത്ത് പ്രാർഥിക്കാനും ഉപദേശങ്ങൾ നൽകാനും അപേക്ഷിക്കും.
രിഫാഇയുടെ തൽപര്യത്തിനൊത്ത് ഗുരുവും നിന്നു. ഒരിക്കൽ സന്ദർശനം കഴിഞ്ഞ് പിരിഞ്ഞുപോരാൻ സമയം സയ്യിദ് അബ്ദുൽമലിക് പറഞ്ഞു: ഓ അഹമ്മദ് ! ഞാൻ ഇനി പറയുന്ന കാര്യം നീ ശരിക്കും ശ്രദ്ധിക്കുക. അഹമ്മദ് തിരിഞ്ഞുനോക്കുന്നവൻ ലക്ഷ്യം പ്രാപിക്കില്ല. സന്ദേഹം കൊള്ളുന്നവൻ വിജയിക്കില്ല. സ്വന്തം ന്യൂനത തിരിച്ചറിയാത്തവന്റെ സമയം മുഴുവനും ന്യൂന്യമായി കൊണ്ടിരിക്കും"
വളരെ ചെറിയ ഉപദേശം. പക്ഷേ അർഥഗംഭീരം. രിഫാഇക്ക് മനസ്സിലായി ഗുരുവിൻ്റെ മനസ്സ്. വിടപറഞ്ഞു പിരിഞ്ഞുപോന്നു.
ഒരു വർഷം മുഴുവനും ഗുരുവിന്റെ ഈ ഉപദേശം മനസ്സിലിട്ട് അലക്കിക്കൊണ്ടിരുന്നു. സന്ദേഹി വിജയിക്കാൻ പോകുന്നില്ല. തിരിഞ്ഞുനോക്കുന്നവൻ ലക്ഷ്യത്തിലെത്തില്ല. ഉപദേശത്തിന്റെ പൊരുൾ വ്യക്തം. ആത്മസരണിയിൽ കിടന്നാൽ പിന്നെ പിന്നോട്ടടിക്കരുത്. ലക്ഷ്യം പ്രാപിക്കും വരെ മുന്നേറുക.
ഒരു വർഷം പിന്നിട്ടു. വീണ്ടും ഗുരുവിനെ സന്ദർശിക്കാൻ ചെന്നു. ഒരുപാട് സമയം അവിടെ ചെലവാക്കി. തിരിച്ചുപോരാൻ സമയത്ത് പറഞ്ഞു: "പ്രിയപ്പെട്ട ഗുരൂ, എന്നെ ഉപദേശിച്ചാലും.
ഗുരുവിന്റെ ഉപദേശം വന്നു:
ഓ...അഹമ്മദ് ! വൈദ്യന് അസുഖം വരുന്നതിനെക്കാൾ മോശമായി ഒന്നുമില്ല. ബുദ്ധിമാൻ വിവരദോഷിയാകുന്നതിനെക്കാൾ മോശമായി ഒന്നുമില്ല. പ്രിയപ്പെട്ടവർ പിണങ്ങുന്നതിനെക്കാൾ മോശമായി ഒന്നുമില്ല.
വല്ലാത്ത വാക്കുകൾ !
രിഫാഇ മനസ്സിൽ ഒപ്പിയെടുത്തു. തന്റെ ജീവിതത്തെ സംസ്കരിക്കാൻ ഉപയുക്തമായ ഉപദേശങ്ങളാണ് സയ്യിദ് അബ്ദുൽ മാലിക് നൽകിയിട്ടുള്ളത്. അജ്ഞതയെ അകറ്റണം. ബുദ്ധി ഉപയോഗിക്കണം. ഇഷ്ടം നിലനിർത്തണം.
രിഫാഈ പറയുന്നു. ഞാൻ ഗുരുവിന്റെ സവിധത്തിൽ നിന്നിറങ്ങി ഒരു വർഷം ഈ ഉപദേശം കൊണ്ടുനടന്നു. എൻ്റെ ജീവിതത്തെ മാറ്റിപ്പണിയാൻ എത്രയും പോന്നതായിരുന്നു ആ വാക്കുകൾ. വീണ്ടും ഞാൻ മടങ്ങിച്ചെന്നു. മൂന്നാമത്തെ വർഷമാണിത്. ഗുരുവിനെ സന്ദർശിച്ചു. ഒരുപാട് സമയം അവിടെ ചെലവാക്കി.
പിരിഞ്ഞുപോരാൻ ഉദ്ദേശിച്ചപ്പോൾ പറഞ്ഞു:
ഗുരൂ, എന്നെ ഉപദേശിച്ചാലും?
അപ്പോൾ ഗുരു പറഞ്ഞത് ഇങ്ങനെ:
അഹമ്മദ് ഇനി താങ്കൾ എന്നെ സന്ദർശിക്കാൻ വരേണ്ടതില്ല. എന്നിൽ നിന്ന് താങ്കൾക്ക് പ്രത്യേക ആവശ്യങ്ങൾ ഒന്നുമില്ല. എന്നല്ല അല്ലാഹുവിൻ്റെ പടപ്പുകളിൽ നിന്ന് ആരിലേക്കും താങ്കൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഉപദേശങ്ങൾ തുടർന്നു. എല്ലാം ആത്മീയമായി ആയിരമായിരം അർഥങ്ങൾ ധ്വനിപ്പിക്കുന്നത്. ഒടുവിൽ ഗുരു എന്റെ കരങ്ങൾ ഗ്രഹിച്ചു. ഉടമ്പടി ചെയ്തു. തന്റെ വിയോഗാനന്തരമല്ലാതെ ഇനി ഇങ്ങോട്ട് വരേണ്ട കാര്യമില്ല.
രിഫാഇയെ ആത്മീയമായി കൈപിടിക്കുകയായിരുന്നു സയ്യിദ് അബ്ദുൽ മലിക് അൽ-ഖർനൂബി. ഇതൊരു തുടക്കമായിരുന്നു. ആത്മീയലോകത്തേക്കുള്ള കടന്നുകയറ്റത്തിന്റെ തുടക്കം. രിഫാഈ പിന്നെ വളർന്ന് കൊണ്ടിരുന്നു. ആ വളർച്ച ശൈഖ് ജീലാനിയുടെ ശേഷസ്ഥാനപരിധിവരെ എത്തി.
"കൽപന പോലെ നിലകൊള്ളുക" എന്ന ഖുർആനിക നിർദേശം ആയിരുന്നു രിഫാഇയുടെ ജീവിതമുഖമുദ്ര. നാഥൻ്റെ വാതിലിൽ അക്ഷീണം നിന്നു. ഒരു ഘട്ടത്തിൽ അത് തുറക്കപ്പെട്ടു. അതോടെ ഉന്നത ആത്മീയ സ്ഥാനം ലഭിച്ചു. 16 കൊല്ലവും ചില്ലറ മാസവും രിഫാഇ ഗൗസിയത് (സൂഫി ലോകത്തെ ഒരു ഉന്നത നായകപദവി) പദവിയിൽ നിലകൊണ്ടു. എല്ലാവരും രിഫാഇയെ മാനിച്ചു. മാനിക്കാതെ മാറിനിന്നവരെ കാലം തിരുത്തി.
വലിയ സൂക്ഷ്മജ്ഞാനിയായ അബൂ മുഹമ്മദ് ഖൗസി പറയുന്നു. ഒരു ദിവസം രിഫാഈ എൻ്റെ അരികിലൂടെ കടന്നുപോകാനിടവന്നു. കൂടെ പരിവാരവും ഉണ്ട്. പക്ഷേ എനിക്കത് പിടിച്ചില്ല. എന്തെല്ലാമോ ചില പ്രകടനങ്ങളായി എനിക്ക് തോന്നി. അന്ന് രാത്രി ഞാൻ നിദ്ര കൊള്ളവെ തിരുനബിയെ ദർശിക്കാൻ ഇട വന്നു. തിരുനബി അഹമ്മദ് രിഫാഇയെ പ്രകീർത്തിച്ച് സംസാരിക്കുന്നു; "അദ്ദേഹം ആത്മജ്ഞാനപൊരുൾ ആർജിച്ചവനാണ്. സ്വന്തം വാക്കുകളെക്കാൾ സ്വന്തം ജീവിതം കൊണ്ട് ഒരുപാട് പേരെ നേർവഴി നടത്തുന്നവൻ. അദ്ദേഹത്തെ ഇഷ്ടപ്പെട്ടവൻ എന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ വിമർശിക്കുന്നവൻ എന്നെയാണ് വിമർശിക്കുന്നത്"
തിരുനബി ഇത്രയും പറഞ്ഞുതീർന്നതും ഞാൻ ഞെട്ടി ഉണർന്നു. വല്ലാതെ വിഷമിച്ചു. രിഫാഇയെ തെറ്റായി ധരിച്ചതിൽ പാശ്ചാത്താപപ്പെട്ടു. നേരം വെളുത്തു. ഞാൻ രിഫാഇയെ കാണാൻ ചെന്നു. അദ്ദേഹം പുഞ്ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു: "എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം, അല്ലാതെ കേവലം വാക്കുകളല്ല."
