ഖുർആൻ പഠനത്തിൽ ബഹുദൂരം മുന്നോട്ടുപോയ രിഫാഈ തുടർന്ന് ഹദീസിലേക്ക് (നബിവചനശാസ്ത്രം) നീങ്ങി. അതുപോലെ ഇസ്ലാമിക ജീവിതത്തെ പ്രയോഗവൽക്കരിക്കുവാൻ ഉപയുക്തമായ ഫിഖ്ഹും (കർമശാസ്ത്രം) സ്വായത്തമാക്കി. മറ്റ് വിജ്ഞാനീയങ്ങളിലും അവഗാഹം നേടി.
ശാഫിഈ കർമധാരയായിരുന്നു രിഫാഈ പ്രധാനമായും തിരഞ്ഞെടുത്തത്. ആ ഗണത്തിൽ നിരവധി കിതാബുകൾ പഠിച്ചു. കൂടുതൽ പ്രാധാന്യത്തോടെ പഠിച്ചത് കിതാബുത്തൻബീഹ് ആയിരുന്നു. ഗവേഷണാത്മകമായി പഠനം മുന്നോട്ടുപോയി. പ്രമുഖ പണ്ഡിതരെയെല്ലാം തേടി അലഞ്ഞു. അക്ഷരാർഥത്തിൽ ഒരു വിദ്യാർഥിയായി ജീവിതം നയിച്ചു.
അറിവിനെ അന്വർഥമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, അറിഞ്ഞത് പ്രവർത്തിക്കുക. രണ്ട്, ഗുരുനാഥന്മാരോടുള്ള അടങ്ങാത്ത ആദരവ് കാത്തുസൂക്ഷിക്കുക. രണ്ടിലും രിഫാഈ വിജയം കൊയ്തു.
തന്റെ പ്രിയ ഗുരു ശൈഖ് ഇബ്നുൽഖാരിഇനെ വല്ലാത്ത കാര്യമായിരുന്നു. എല്ലായിടങ്ങളിലും ഗുരു തൻ്റെ ശിഷ്യനെ ചേർത്തുപിടിച്ചു. വലിയ ആത്മജ്ഞാനികളുടെ സദസ്സിൽ പോലും ഇടം നൽകി. കാരണമുണ്ട്. രിഫാഇയിൽ നല്ലൊരു ഭാവിയെ ഗുരു കണ്ടിരുന്നു. ഗുരുവിൻ്റെ ചെരുപ്പ് സൂക്ഷിപ്പുകാരനായിരുന്നു രിഫാഈ.
ഒരു വിദ്വൽസദസ്. പല ആത്മജ്ഞാനികളും സംഗമിച്ചിട്ടുണ്ട്. ഗുരു അലിബ്നുൽഖാരിഇൻ്റെ കൂടെ അഹ്മദ് രിഫാഇയും കൂടി. ഗുരു പ്രത്യേകം താൽപര്യം എടുത്തു വിളിച്ചതായിരുന്നു. വൈജ്ഞാനിക ചർച്ചകൾ നടന്നു. മൂകസാക്ഷിയായി രിഫാഇ അപ്പുറത്തിരിക്കുന്നുണ്ട്. എല്ലാവരുടെയും ചെരുപ്പുകൾ പ്രത്യേകമായി സൂക്ഷിക്കുക എന്നുള്ളത് കൂടിയായിരുന്നു രിഫാഇയുടെ ദൗത്യം. ഗുരുവിൻ്റെ ചെരുപ്പ് തൻ്റെ കൈയ്യെത്തും ദൂരത്തിൽ തന്നെ വെച്ചിരുന്നു. ഭക്ഷണം കഴിഞ്ഞു. എല്ലാവരും ചെറിയ വിശ്രമത്തിലേക്ക് നീങ്ങിയപ്പോൾ കൂട്ടത്തിൽ ഒരാൾ ഗാനമാലപിക്കാൻ തുടങ്ങി. പലരും പാട്ടിലേക്ക് വഴുതി. ആടാനും ഒപ്പം പാടാനും തുടങ്ങി. നല്ല അർഥമുള്ള ഗാനങ്ങൾ തന്നെയാണ് പാടുന്നത്. ആത്മാവിനെ തേടുന്ന വരികൾ.
സദസ് മുന്നോട്ട് നീങ്ങവേ രിഫാഈ പെടുന്നനെ ചാടിവീണു. പാട്ടുകാരന്റെ കയ്യിൽ നിന്ന് ദഫ് തട്ടിപ്പറിച്ച് പൊട്ടിച്ചുകളഞ്ഞു. സദസ് അലങ്കോലമായി. എന്താണ് ഈ കുട്ടി കാണിക്കുന്നത്? ആരാണ് ഇവനെ കൊണ്ടുവന്നത്? സദസ്സിലുള്ളവർ ക്ഷോഭിച്ചു. കൊണ്ടുവന്നത് ഇബ്നുൽഖാരിആണ്. ആളുകൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. ഇവൻ ചെയ്ത അപമര്യാദയ്ക്ക് താങ്കളാണ് മറുപടി പറയേണ്ടത്; അവർ ഒച്ചുവച്ചു, അക്ഷോഭ്യനായി.
ഗുരു പറഞ്ഞു: അവൻ ചെയ്തതിന് മതിയായ കാരണമുണ്ടാകും. അത് അവനോട് തന്നെ ചോദിക്കുക. അവൻ തന്നെ മറുപടി പറയട്ടെ. ആളുകൾ അഹമ്മദ് രിഫാഇക്ക് നേരെ തിരിഞ്ഞു; താൻ എന്തിനാണ് ദഫ് പൊട്ടിച്ചു കളഞ്ഞത്?
രിഫാഇക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. പാട്ടുകാരൻ്റെ പെരുമാറ്റവും മനസ്സും വായിച്ചുള്ള മറുപടിയായിരുന്നു അത്. “അയാൾ ഈ ഗുരുക്കന്മാരോട് അപമര്യാദ കാണിച്ചിരിക്കുന്നു. ഇയാളുടെ ചിന്ത ശരിയല്ല. കണ്ണും കലാഷവും കണ്ടാൽ അറിയാം”
സദസ് പോട്ടുകാരന് നേരെ തിരിഞ്ഞു. അദ്ദേഹത്തോട് ചോദിച്ചു: എന്താണീ കുട്ടി പറയുന്നതിന്റെ പൊരുൾ?
അയാൾ പറഞ്ഞു: ഈ കുട്ടി പറഞ്ഞത് ശരിയാണ്. എൻ്റെ മനസ്സിലൂടെ ദുഷ്ടചിന്ത കടന്നുപോയി. ഞാൻ ഇന്നലെ ഒരു സദസ് കണ്ടിരുന്നു. കുടിച്ചു കൂത്താടി ലഹരി പിടിച്ച് ആടിപ്പാടിയിരിക്കുന്ന ഒരു സംഘം. ഇപ്പോൾ ഈ ആത്മജ്ഞാനികളുടെ ആട്ടും പാട്ടും കണ്ടപ്പോൾ അതുപോലെതന്നെയല്ലേ ഇതും എന്ന ഒരു ചിന്ത എൻ്റെ മനസ്സിലേക്ക് വന്നു. പക്ഷേ, ആ ചിന്ത അവസാനിച്ചില്ല, ഈ കുട്ടി ചാടിവീണു. എൻ്റെ ദഫ് പൊട്ടിച്ചുകളഞ്ഞു.
ഇത് കേട്ടതും സദസ് ഒന്നടങ്കം എണീറ്റു. രിഫാഇക്ക് മുത്തം നൽകി ആശ്ലേഷിച്ചു. ഇബ്നുൽഖാരിഅ് ചാരിതാർഥ്യം കൊണ്ടു പുളഞ്ഞു. എന്തിനാണ് ചെറുപ്പമായിട്ടും അഹമ്മദിനെ ഒപ്പം കൂട്ടുന്നതെന്നതിന് ഒരു മറുപടി നൽകാനായിരിക്കുന്നു, സന്തോഷം.
വളർന്നുവരുന്നതിനനുസരിച്ച് രിഫാഈ പല പണ്ഡിതന്മാരുമായും സമാഗമിച്ചു. വെളിപാട് ജ്ഞാനികളായി അറിയപ്പെടുന്നവരെ ചെന്നുകണ്ടു. അവരിൽ നിന്ന് പഠിക്കാനായിരുന്നു ചിലപ്പോൾ യാത്ര. മറ്റു ചിലഘട്ടങ്ങളിൽ അവരെ കണ്ട് പുണ്യം നേടുക എന്നതായി ലക്ഷ്യം. താൻ സമീപിക്കുന്ന ഗുരുനാഥന്മാർക്ക് മുമ്പിലെല്ലാം വളരെ വിനയപ്പെട്ട് നിന്നു. .അവരുടെ മഹത്വങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കി. അത് ജനമധ്യത്തിൽ പ്രചരിപ്പിച്ചു. അവരോടുള്ള ആദരവ് സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഊട്ടി ഉറപ്പിക്കുവാൻ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.
താൻ സമീപിക്കുന്ന ഓരോ ഗുരുവും തന്നെ സ്വാധീനിച്ചു. അവരിൽ നിന്നുള്ള ആത്മീയ വെളിച്ചം ആവഹിച്ചു. ഓരോ ദിവസവും പിന്നിടുന്നതിനനുസരിച്ച് രിഫാഇ വാനോളം വളരുകയായിരുന്നു; ആത്മാവു കൊണ്ടും അറിവുകൊണ്ടും.
