ഒരു പുലർവേള. ഗുരു ധ്യാനനിമഗ്നനാണ്. പുറത്തുനിന്ന് ഒരു ബഹളം. ഗുരു തന്റെ പർണശാലയുടെ കിളിവാതിലിലൂടെ എത്തിനോക്കി. ആളുകൾ ഒരു ജീവിയെ ആട്ടി അകറ്റുകയാണ്. സൂക്ഷിച്ചുനോക്കിയപ്പോൾ വ്യക്തമായി, അതൊരു പട്ടിയാണ്. മിടുക്കൻ പട്ടിയല്ല. മറിച്ച് കുഷ്ഠം പിടിച്ച പട്ടി. ജനങ്ങൾ അറപ്പും വെറുപ്പും പ്രകടിപ്പിച്ച് അവരുടെ വീട്ടു പടിക്കൽ നിന്ന് അതിനെ ആട്ടിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ബഹളമാണ് താൻ കേൾക്കുന്നത്.
ഗുരു പിന്നെ അന്തിച്ചു നിന്നില്ല. കുടിലിൽ നിന്ന് പുറത്തിറങ്ങി. ഒച്ചവെച്ചു;
"മതി മതി, ഇനി ആരും ആ പട്ടിയെ കല്ലെറിയരുത്"
ജനങ്ങൾ ആജ്ഞ കേട്ടു. പെടുന്നനെ പിന്തിരിഞ്ഞു.
ഗുരു സ്വൽപനേരത്തേക്ക് മറഞ്ഞു. പെട്ടെന്ന് തിരിച്ചുവന്നു. കയ്യിൽ ഒരു കയറുമുണ്ട്. ആ കയർ മെല്ലെ പട്ടിയുടെ കഴുത്തിൽ കുരുക്കി, പട്ടിയുമായി നടന്നകന്നു. ആളുകൾ അത് നോക്കി നിന്നു. അവരാരും ഗുരുവിനെ പിന്തുടർന്നില്ല. വിജനമായ പ്രദേശത്തേക്കാണ് അദ്ദേഹം പട്ടിയുമായി നടന്നത്.
അവിടെ ഒരു ടെന്റ് പണിതു പട്ടിയെ പാർപ്പിച്ചു. പട്ടിക്കുവേണ്ടി മാത്രമായി ഒരു ശുശ്രൂഷാകേന്ദ്രം അവിടെ ഉയർന്നുവന്നു. പട്ടിയെ ഗുരു ചികിത്സിച്ചു. അന്നപാനീയങ്ങൾ നൽകി. ലേപനം പുരട്ടി. ഔഷധം സമ്മാനിച്ചു. ദിവസങ്ങൾ പിന്നിട്ടു. നാൽപതു ദിവസം ആയപ്പോഴേക്ക് പട്ടി തടിച്ചുകൊഴുത്തു. അതിൻ്റെ കുഷ്ഠം പൂർണമായി ഭേദമായി. ഗുരുവിന് സന്തോഷമായി. നാൽപതാം നാൾ പട്ടിയെ ചൂടുവെള്ളം ഉപയോഗിച്ച് കുളിപ്പിച്ചു. അനന്തരം ജനമധ്യത്തിലേക്ക് പ്രത്യക്ഷനായി.
ആളുകൾ 40 ദിവസമായി ഗുരുവിനെ കാണാതിരിക്കുകയാണ്. ഇപ്പോഴിതാ ആഗമിച്ചിരിക്കുന്നു, അതും ഒരു പട്ടിയുമായി! ആളുകൾക്ക് വിശ്വസിക്കാനായില്ല. ഇത്രയും വലിയൊരു ആത്മീയ ഗുരു ഒരു പട്ടിക്കുവേണ്ടി 40 നാൾ ചെലവഴിക്കുകയോ? തടിച്ചുകൂടിയ ആ ജനാവലിയിൽ നിന്ന് ചോദ്യം ഉയർന്നു;
'ഗുരോ, അങ്ങ് ഈ ഒരു പട്ടിക്കു വേണ്ടിയാണോ ഇത്രയും കാലം ചെലവഴിച്ചത്?
ഉടൻ വന്നു മറുപടി: "അതേ, ഈ ഒരു പട്ടിക്കു വേണ്ടി തന്നെയാണ് ഞാൻ ഇത്രയും കാലം സമയം നീക്കിവെച്ചത്. അല്ലാതെ മറ്റൊന്നിനുമല്ല. അന്ത്യദിനത്തിൽ അല്ലാഹു എന്നെ ചോദ്യം ചെയ്യുമെന്ന് ഞാൻ ഭയന്നു. അവൻ ഒരുപക്ഷേ ചോദിച്ചാലോ, ഞാൻ പടച്ച ഒരു സൃഷ്ടിയായ ഈ പട്ടിയോട് എന്തുകൊണ്ട് താൻ കരുണ കാണിച്ചില്ല എന്ന്? ആ പട്ടിയെ കുഷ്ടം കൊണ്ട് പരീക്ഷിച്ചതുപോലെ നിന്നെ ഞാൻ പരീക്ഷിച്ചാലോ എന്ന ഭയം എന്തുകൊണ്ട് നിനക്ക് ഉണ്ടായില്ല എന്ന്?
ഇതുകൊണ്ടാണ് ഞാൻ പട്ടിക്ക് എൻ്റെ വിലപ്പെട്ട 40 നാൾ സമ്മാനിച്ചത്. ഇത് ദൈവത്തിനു വേണ്ടിയുള്ള സ്നേഹമാണ്. കുഷ്ഠം പിടിച്ച ആ പട്ടിയെ കരുണയോടെ സമീപിച്ച ആത്മീയ ഗുരുവാണ് പ്രസിദ്ധനായ ശൈഖ് രിഫാഈ. ഗുരുവിൻ്റെ പേര് അഹ്മദ് ബ്ൻ അലി എന്നാണ്. അബുൽ അബ്ബാസ് എന്നും അറിയപ്പെടുന്നു. രിഫാഈ എന്നത് ഗോത്രനാമമാണ്. അറബികളിൽ പെട്ട രിഫാഅത് എന്ന വ്യക്തിയിലേക്ക് ചേർത്തിയാണ് ഈ ഗോത്രം ഉടലെടുക്കുന്നത്.
