ഒരു വെള്ളിയാഴ്ച ദിവസം. ജുമുഅ നിസ്കാരത്തിനായി പുറപ്പെടാൻ ശൈഖ് രിഫാഈ ഒരുങ്ങി. വസ്ത്രം എടുക്കാൻ നോക്കുമ്പോൾ കുപ്പായത്തിൻ്റെ കഫ്ഫിൻ്റെ ഭാഗത്ത് ഒരു പൂച്ച സുഖസുഷുപ്തിയിലാണ്! പൂച്ചയെ ഉണർത്തിയാൽ ഷർട്ട് ധരിച്ച് പള്ളിയിലേക്ക് തിരിക്കാം. പക്ഷേ രിഫഇയുടെ കാരുണ്യബോധം ഉണർന്നു. ആ മിണ്ടാപ്രാണിയുടെ ഉറക്ക് നഷ്ടപ്പെടുത്തിക്കൂടാ. ഉടൻ ഭാര്യയെ വിളിച്ചു. ഒരു കത്രിക ആവശ്യപ്പെട്ടു.
കാര്യമെന്തെന്നറിയാതെ ഭാര്യ റാബിഅ കത്രിക കൊണ്ടുവന്നു. രിഫാഈ അതുമായി പോയി. പൂച്ചയുടെ ഉറക്ക് ഉണർത്താതെ മെല്ലെ കുപ്പായത്തിന്റെ കഫ് ഭാഗം മുറിച്ചുമാറ്റി. ആ കുപ്പായമിട്ട് പള്ളിയിലേക്ക് പോയി. നിസ്കാരം കഴിഞ്ഞു, വീട്ടിൽ തിരിച്ചെത്തി. പൂച്ച നിദ്ര അവസാനിപ്പിച്ച് എണീറ്റുപോയിരിക്കുന്നു, സ്വാഭാവികം.
ഷർട്ടിൻ്റെ കഫ് ഭാഗം നിലത്ത് കിടക്കുന്നു. അക്ഷോഭ്യനായി ഗുരു ആ കഷ്ണം എടുത്തു. തന്റെ വസ്ത്രത്തിൽ തുന്നി പിടിപ്പിച്ചു. ഇതുകണ്ട് സ്നേഹനിധിയായ ഭാര്യ ആക്ഷേപം പറഞ്ഞു: “നിങ്ങൾക്ക് എന്തിൻ്റെ കേടാണ്. ആ പൂച്ചയെ ഉണർത്തി കുപ്പായമിട്ട് പോയാൽ പോരേ. വെറുതെ അത് മുറിക്കാൻ നിൽക്കണോ?
ഗുരുവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: "ഉത്തമനായ പിതാവിൻ്റെ മോളേ, ഇതെനിക്ക് നന്മയല്ലാതെ വരുത്തില്ല. ഇതിൻ്റെ പേരിൽ നീ എന്നെ പഴിക്കേണ്ട. നമുക്കിത് വലിയ പുണ്യം നേടിത്തരും"
ഇതായിരുന്നു രിഫാഈ. സഹജീവി സ്നേഹം നിറഞ്ഞ മനസ്സ്. ഇത്തരം അനുഭവങ്ങൾ ധാരാളം.
ഒരുദിവസം ഗുരു പള്ളിയിലേക്ക് ഇറങ്ങി. തണുത്ത വെള്ളത്തിൽ അംഗശുദ്ധി വരുത്തി. അനന്തരം കൈ അനക്കാതെ കുറേ നീട്ടിപ്പിടിച്ചു നിൽക്കുന്നത് പള്ളിയിലെ മുഅദ്ദിൻ (വാങ്കുകാരൻ) യഅ്ഖൂബിൻ്റെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചു ദൂരെയാണ് യഅ്ഖൂബുള്ളത്. എന്തിനാണ് ഗുരു കൈനീട്ടി നിൽക്കുന്നത്, പിടുത്തം കിട്ടുന്നില്ല. യഅഖൂബ് ഓടിവന്നു. ഗുരുവിന്റെ കൈപിടിച്ച് ചുംബിച്ചു. എന്തുപറ്റി എന്ന് ചോദിച്ചു.
ഉടൻ സ്വൽപം ദേഷ്യത്തിൽ രിഫാഈ പറഞ്ഞു: ഓ, അബൂ യഅ്ഖൂബ്! 'താനെന്ത് പണിയാണ് ചെയ്തത്? ആ ദുർബല ജീവിയെ ആട്ടിയകറ്റി!" യഅഖൂബ് അന്തിച്ചുനിന്നു. ഒന്നിനെയും കാണാനില്ല. മറ്റാരും പരിസരത്തില്ല. എന്താണ് ഗുരു പറഞ്ഞതിന്റെ ഉദ്ദേശ്യം?
ചോദിച്ചപ്പോൾ ഗുരു പറഞ്ഞു:
"ഒരു കൊതുക് അതിൻ്റെ അന്നം എൻ്റെ കയ്യിൽ നിന്ന് ഭുജിക്കുകയായിരുന്നു. നീ വന്നപ്പോൾ അത് പാറിപ്പോയി. അതിൻ്റെ അന്നം നീയായിട്ട് മുടക്കി. അത് ശരിയായില്ല!"
സഞ്ചരിക്കവേ പ്രായം ചെന്ന ആളുകളെ കണ്ടുമുട്ടിയാൽ രിഫാഈ അവിടെ നിൽക്കും. അവരുടെ കൈപിടിക്കും. എങ്ങോട്ടാണ് പോകേണ്ടത് എന്ന് അന്വേഷിക്കും. അങ്ങനെ അവരുടെ വീട്ടിലേക്ക് എത്തിക്കും. വീട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തും. തിരുനബിയുടെ ഒരു വചനവും പ്രത്യേകമായി ഓർമപ്പെടുത്തും, "നരബാധിതനായ ഒരാളെ മാനിച്ചാൽ നമുക്ക് നര ബാധിക്കുമ്പോൾ നമ്മെ മാനിക്കാൻ അല്ലാഹു ആളെ നിശ്ചയിക്കും"
വല്ല യാത്രയും കഴിഞ്ഞ് വരുമ്പോൾ അരയിൽ ഒരു കെട്ടു മുറുക്കി മലമ്പ്രദേശത്തേക്ക് പ്രവേശിക്കും. വിറകുകൾ ശേഖരിച്ച് തലച്ചുമടായി കൊണ്ടുവരും. അതോടെ ശിഷ്യരും ഗുരുവിനെ അനുകരിച്ചു ചെയ്യും. ഉമ്മു അബീദയിൽ എത്തിയാൽ വിറകുകൾ പാവങ്ങൾക്കും വിധവകൾക്കും രോഗികൾക്കും അന്ധർക്കും വയോവൃദ്ധർക്കും വാതം പിടിച്ചു കിടക്കുന്നവർക്കുമൊക്കെയായി വിതരണം ചെയ്യും. മലതാണ്ടി വിറകു പൊറുക്കാൻ കഴിയാത്തവരെ സഹായിക്കുകയായിരുന്നു ഗുരു.
രിഫാഇയുടെ പ്രചോദനം തിരുനബിയുടെ ജീവിതമായിരുന്നു. "മറ്റൊരാളുടെ വിഷമം തീർത്തു കൊടുത്താൽ അന്ത്യദിനത്തിൽ തന്റെ വിഷമം അല്ലാഹു തീർക്കുമെന്നാണ്" നബിവചനം.
ഗുരു തന്നെ പറഞ്ഞല്ലോ:
"ഓരോ വലികളും ഓരോ നബി വയ്യിൽ /
ഞാനെൻ്റെ സീബാവാ ത്വബഖാതിൽ എന്നോവർ' (രിഫാഈ മാല)
അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർക്ക് ഓരോ പാഥേയമുണ്ട്. എന്റെ പാഥേയം എൻ്റെ പിതാമഹൻ തിരുനബിയുടെതാകുന്നു.
