ചെറിയ തലപ്പാവായിരുന്നു രിഫാഈ അണിഞ്ഞിരുന്നത്. താനൊരു വലിയ ഗുരുവാണെന്ന് തോന്നിപ്പിക്കാതിരിക്കാനുള്ള വിഫലശ്രമം. ഒരേസമയം രണ്ടു കൂട്ട് വസ്ത്രം സംഭരിച്ചു വച്ചില്ല. കഷണം വെച്ച് തുന്നിയ വസ്ത്രങ്ങൾ ധരിച്ചു!
ഭൗതികത പരമാവധി കുറയ്ക്കാനും മിതത്വത്തിലൊതുക്കാനും ശിഷ്യരോട് ആജ്ഞാപിച്ചു. ശിഷ്യരെ എപ്പോഴും കർമനിരതരാകാൻ പ്രേരിപ്പിച്ചു. അധ്വാനിക്കാൻ പ്രചോദനം നൽകി. ജനങ്ങളോട് കൈകാണിച്ചു ജീവിക്കാതിരിക്കാൻ തൊഴിൽ അത്യാവശ്യമാണെന്ന് ഉണർത്തി. തൊഴിലിന് ശേഷി ഇല്ലാത്തവരെ മാത്രം യാചിക്കാൻ വിട്ടു. അതുതന്നെ ആവശ്യത്തിന് മാത്രം.
എവിടെ രോഗിയുണ്ടെന്ന് കേട്ടാലും ശിഷ്യരെ കുട്ടി കിലോമീറ്ററുകൾ നടന്നു. സന്ദർശിക്കാൻ താൽപര്യപ്പെട്ടു. നിസ്കാരത്തിലും അംഗശുദ്ധിയിലും വസ് വാസ് (മാനസികാസ്വസ്ഥത) ഒഴിവാക്കണമെന്ന് ശിഷ്യരോട് നിർബന്ധിച്ചു. സ്ത്രീകളെ കണ്ടാൽ പറയും: നീ സ്വന്തം ഭർത്താവിനെ അനുസരിക്കുക. ഒരാൾ കള്ളം പറയുക എന്നത് ഗുരുവിന് വളരെ വിദൂരമായ സങ്കൽപം മാത്രമായിരുന്നു, അത്രമാത്രം ജനങ്ങളെ വിശ്വസിച്ചു.
സമ്പന്നരെ ഉറ്റുനോക്കുന്ന പ്രവണത ശിഷ്യഗണങ്ങൾക്ക് വിലക്കി. അത് മനസ്സിനെ അവതാളത്തിലാക്കും എന്നാണ് പറയുക. ശരിയാണ്. സമ്പത്തിനോടുള്ള ആർത്തി ജനിപ്പിക്കാൻ സമ്പന്നരുടെ കാര്യങ്ങൾ കൗതുകത്തോടെ നിരീക്ഷിച്ചു നടക്കുന്നത് കളമുരുക്കാം എന്നത് മനഃശാസ്ത്രപരം തന്നെയാണ്. അതുപോലെ ഭക്ഷണത്തോടുള്ള അത്യാർത്തിയെ വിലക്കി. അനാവശ്യ സംസാരങ്ങളും വേണ്ടെന്നു പറഞ്ഞു.
അക്രമികളോടുള്ള സഹവാസം പോയിട്ട് അവരെ നോക്കുക പോലും ചെയ്യരുതെന്നായിരുന്നു ആജ്ഞ. അവരെ ഒരിക്കലും സഹായിക്കരുത്. അത് മനസ്സിനെ അശുദ്ധമാക്കും. യജമാനനായ നാഥനെ കോപപ്പെടുത്തും.
നടന്നുപോകുന്ന വഴിയിലുള്ള ഈത്തപ്പന മരങ്ങളിൽ നിന്ന് കൊഴിഞ്ഞുകിടക്കുന്ന ഫലം കണ്ടാൽ എടുക്കാൻ അനുവദിക്കില്ല; അതിന്റെ ഉടമസ്ഥൻ്റെ സമ്മതം വാങ്ങണമെന്ന് നിർബന്ധിക്കും. സത്യത്തിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു കളയുന്നതായിരിക്കും അവ. അതൊന്നും ഗുരുവിനോട് പറഞ്ഞിട്ട് കാര്യമില്ല.
"എന്തെടോ നിനക്ക്" എന്ന് ഒരിക്കൽ ഒരു ശിഷ്യൻ മറ്റൊരാളോട് പറയുന്നത് കേട്ടതിൽ ഗുരു കോപിക്കുകയുണ്ടായി. അങ്ങനെയൊന്നും പെരുമാറരുതെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. എല്ലാം അല്ലാഹുവിൽ അർപ്പിച്ചു, അവൻ തരുന്നത് തടയാൻ ആർക്കും സാധ്യമല്ല. അവൻ തടഞ്ഞത് കൊടുക്കാനും സാധ്യമല്ല.
വളരെ പാവപ്പെട്ടവനെ പോലെയായിരുന്നു സദസ്സുകളിൽ ശൈഖ് ഇരിന്നിരുന്നത്. പ്രമുഖർ കടന്നുവന്നാൽ നീങ്ങിയിരുന്ന് തൽസ്ഥാനത്ത് അയാളെ പിടിച്ചിരുത്തും. ആരെങ്കിലും മോശമായി പെരുമാറിയാൽ അതേനാണയത്തിൽ തിരിച്ചു പെരുമാറില്ല. ചീത്ത പറഞ്ഞവനോട് പോലും ബന്ധം ചേർക്കാൻ ശ്രമിക്കും. പാവപ്പെട്ടവന് ചോദിക്കാൻ നിൽക്കാതെ തന്നെ നൽകും. അതിന് പരിഭവപ്പെടുമ്പോൾ പറയും:
"ആവശ്യം എന്റേതാണ്. അല്ലാതെ പാവപ്പെട്ടവന്റെതല്ല." തൻ്റെ കൈവശമുള്ള വരുമാന മാർഗങ്ങളൊക്കെയും ദുർബലർക്കും പാവങ്ങൾക്കും വിതരണം ചെയ്ത അനുഭവം ധാരാളം.
നരബാധിതനായ വിശ്വാസിയെ കണ്ടാൽ കൈപിടിച്ചു ചുംബിക്കും. ആദരവോടെ വരവേൽക്കും. അയാൾക്ക് മുമ്പിൽ വിനയത്തോടെ നിൽക്കും. പ്രാർത്ഥിക്കാൻ അപേക്ഷിക്കും. പുണ്യം തേടും. "അല്ലാഹു താങ്കളുടെ ഈ നരയെ സമാദരിക്കട്ടെ" എന്ന് ആശ്ലേഷിച്ചാവും പിരിയുക. കുട്ടികളെ കണ്ടാലും കൈപിടിച്ചു ചുംബിക്കും. ചേർത്തുനിർത്തി പ്രാർത്ഥിക്കാൻ അപേക്ഷിക്കും. എന്നിട്ട് പറയും: "പ്രായപൂർത്തി എത്താത്ത വിശ്വാസികളാണ് നിങ്ങൾ. ഒരു കുറ്റവും നിങ്ങളുടെമേൽ രേഖപ്പെട്ടിട്ടുണ്ടാകില്ല"
ചുരുക്കത്തിൽ വിനയത്തിന്റെ ആൾരൂപമായിരുന്നു ശൈഖ് രിഫാഈ.
