ഒരുദിവസം ശൈഖ് രിഫാഈ രാത്രി പുറത്തുപോയി തിരിച്ചുവന്നതും വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സന്ദർഭമാണ്. കള്ളൻ കയറിയോ എന്ന സംശയത്തോടു കൂടെ ഗുരു വീട്ടിലേക്ക് മെല്ലെ പ്രവേശിച്ചു. ഊഹം ശരി തന്നെ. ഒരാൾ മോഷണം ലക്ഷ്യമാക്കി കയറിയിരിക്കുന്നു. അദ്ദേഹം ധാന്യങ്ങൾ തിരയുന്ന തിരക്കിലാണ്.
വീട്ടുടമയെ കണ്ടതും അയാൾ ഒന്ന് ഭയന്നു. ധാന്യങ്ങൾക്ക് മാർക്കറ്റിൽ നല്ല വിലയുള്ള കാലമാണ്. കള്ളൻ്റെ വെപ്രാളം കണ്ടു രിഫാഈ പറഞ്ഞു: മോനേ നീ പേടിക്കേണ്ട. ഈ മോഷണം തനിക്ക് നഷ്ടമാണ്. ധാന്യം കൊണ്ടുപോയാൽ അത് കുത്തിപ്പൊടിച്ച് ഉപയോഗ യോഗ്യമാക്കാൻ ഒരുപാട് ചെലവ് വരും. നിനക്കത് താങ്ങാൻ കഴിയണമെന്നില്ല. ഇതിനെക്കാൾ എളുപ്പമാർഗം ഞാൻ പറഞ്ഞുതരാം. വാ എൻ്റെ കൂടെ!
കള്ളന്റെ വിറയൽ മാറിയില്ല. രക്ഷപ്പെടാനും മാർഗമില്ല. ഒടുവിൽ ഗുരുവിന്റെ പിന്നാലെ ചെന്നു. ഗുരു ഒരുപാട് ധാന്യപ്പൊടികൾ കള്ളന് കാണിച്ചുകൊടുത്തു. ഇതോടെ കള്ളൻ്റെ വിഭ്രമം വിട്ടുമാറി.
രിഫാഈ ചോദിച്ചു: നിൻ്റെ കൈവശം ഈ പൊടി കൊണ്ടുപോകാൻ വല്ല പാത്രമോ മറ്റോ ഉണ്ടോ?
കള്ളൻ പറഞ്ഞു: ഉണ്ട്.
അതെടുക്കൂ.
കള്ളൻ എടുത്തുകൊടുത്തു.
രിഫാഈ അതില് മുഴുവനും ധാന്യപ്പാടി നിറച്ചു.
പരദേശിയായിരുന്നു കള്ളൻ. അവൻ പുറത്തുകടന്നപ്പോൾ രിഫാഇയും പിന്നാലെ ചെന്നു. ഉമ്മു അബീദ ഗ്രാമം വിട്ട് കടക്കുന്നതു വരെ ഒപ്പം പോയി. രിഫാഇയുടെ ലക്ഷ്യം കള്ളന് സുരക്ഷിതത്വം ഉറപ്പുവരുത്തലായിരുന്നു.
ആരെങ്കിലും കണ്ടാൽ പിടികൂടാൻ സാധ്യതയുണ്ട്. ഗ്രാമപരിധി വിട്ടുകടക്കാൻ നേരം ഗുരു പറഞ്ഞു: “മോനേ നീ എൻ്റെ വീട്ടിൽ നിന്നെടുത്തത് ഞാൻ പൊരുത്തപ്പെട്ടു തന്നിരിക്കുന്നു. മോഷണമുതലായി അതിനെ നീ കണക്കാക്കേണ്ട!”
തസ്കരന്റെ അമ്പരപ്പ് മാറിയില്ല.
ഈ വിധവും ലോകത്ത് മനുഷ്യരുണ്ടോ? ഇയാൾക്ക് എന്താണ്? ഒടുവിൽ രിഫാഈ പറഞ്ഞു: കുട്ടീ നീ എൻ്റെ മനസ്സിനെ സന്തോഷിപ്പിച്ച പോലെ അല്ലാഹു നിൻ്റെ മനസ്സിനെയും സന്തോഷിപ്പിക്കട്ടെ.
ഗുരുവും കള്ളനും പിരിഞ്ഞു. തസ്കരൻ ധാന്യവുമായി വീട്ടിൽ ചെന്നു. പക്ഷേ തന്റെ ചിന്തക്ക് തീപിടിച്ചു. എന്താണ് സംഭവിച്ചത്. ഇത്രയും കാലത്തെ അനുഭവത്തിൽ ഇങ്ങനെ ഒന്നില്ല. കള്ളനെ കയ്യിൽ കിട്ടിയാൽ കൊന്നുകളയാൻ ശ്രമിക്കുന്ന ആളുകളാണ് എവിടെയും. ഇതിപ്പോൾ വ്യത്യസ്തനായി ഒരു മനുഷ്യൻ! വിശ്വസിക്കാൻ പ്രയാസം.
അയാളുടെ മനസ്സിലേക്ക് ഓടിയെത്തിയത് ‘മോനേ’ എന്നുള്ള രിഫാഇയുടെ സ്നേഹവിളിയും എല്ലാം നിനക്ക് ഹലാലാക്കി (അനുവദിനിയം) തന്നിരിക്കുന്നു എന്ന പറച്ചിലും ഗ്രാമം വിട്ടുകടക്കും വരെയുള്ള എസ്കോർട്ടുമാണ്.
ഒന്നും മനസ്സിൽ നിന്നു മായുന്നില്ല. എല്ലാം അയാൾ ഓർത്തെടുത്തു. വലിയൊരു മാറ്റം ഹൃത്തിൽ ഉരുവപ്പെട്ടു.
താനീ ചെയ്യുന്നത് ശരിയല്ല. തനിക്കു മാറണം. മാറാൻ പറ്റിയ സമയമാണിത്. ദൈവം തനിക്ക് കാണിച്ചു തന്ന മഹാപുരുഷനാകും അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ പഠിക്കണം. ശിഷ്യനായി ഒപ്പം കൂടണം. ജീവിതം നന്നാക്കണം. കള്ളന്റെ ചിന്തകൾ ഉണർന്നു.
വീട്ടുകാർ ഈ മാറ്റം തിരിച്ചറിഞ്ഞു. നിങ്ങൾക്ക് എന്തുപറ്റിയെന്ന് അവർ ചോദിച്ചു. പക്ഷേ അയാൾക്ക് ഒന്നും വിശദീകരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹം പിന്നെ വീട്ടിൽ നിന്നില്ല. രിഫാഇയെ തേടി പുറത്തിറങ്ങി. ഉമ്മു അബീദയിൽ തിരിച്ചെത്തി. ഗുരുവിനെ കണ്ടു. പൊട്ടിക്കരഞ്ഞു. മാപ്പിരുന്നു. ജീവിതം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു.
ഗുരു അയാളെ നല്ല മനസ്സോടെ സ്വീകരിച്ചു. തന്റെ ശിഷ്യഗണങ്ങളിൽ ചേർത്തു. പിൽക്കാലത്ത് ആത്മീയലോകത്തെ വലിയൊരു മനുഷ്യനായി ആ തസ്കരൻ മാറി. നമ്മുടെ പെരുമാറ്റമാണ് മറ്റുള്ളവരെയും നമ്മെയും ഒരേപോലെ മാറ്റുക എന്ന കാഴ്ചപ്പാടായിരുന്നു രിഫാഇക്ക്. അത് അല്ലാഹുവിൻ്റെ സ്നേഹം നമുക്ക് നൽകും. ആളുകളുടെ പ്രിയം നേടിത്തരും. പലരും തെറ്റുകാരാകുന്നത് സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണ്. അവരെ തിരുത്താൻ നാം കൂടെ നിൽക്കണം. തുരത്താനല്ല ശ്രമിക്കേണ്ടത്. രിഫാഈ ഇങ്ങനെ ചിന്തിച്ചു. അതിൽ വിജയം കണ്ടു.
എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഗുരുവിൻ്റെത്. പലരും വീട്ടിലേക്ക് ക്ഷണിക്കും. സദ്യ നൽകും. പുണ്യം ലഭിക്കാനായി പ്രാർത്ഥിപ്പിക്കും.
ഒരിക്കൽ ഒരു പാവപ്പെട്ട മനുഷ്യൻ ഗുരുവിനെ വീട്ടിലേക്ക് ക്ഷണിച്ചു. കൂടെ മറ്റ് ശിഷ്യരും ഉണ്ട്. അവർ വീട്ടിൽ ചെന്നു. പക്ഷേ അവിടെ ഭക്ഷണത്തിന്റെ ഒരുക്കങ്ങൾ ഒന്നും കാണുന്നില്ല. ഗുരുവാകട്ടെ ഭാവമാറ്റമില്ലാതെ ഇരിന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഗുരുവിന്റെ കൂടെവന്ന ഒരാൾ ചോദിച്ചു: നീ എന്തിനാണ് ഗുരുവിനെ ക്ഷണിച്ചിട്ടുള്ളത്?
അയാളുടെ മറുപടി വിചിത്രമായിരുന്നു: ഞങ്ങൾ പറ്റെ ദാരിദ്ര്യത്തിലാണ്. ഒന്നും തിന്നാനില്ല. ഗുരുവിനെയും നിങ്ങളെയും ക്ഷണിച്ചത് മൂലമുള്ള പുണ്യം കൊണ്ട് ഞങ്ങൾക്ക് ഭാവിയിൽ വല്ല സുഭിക്ഷതയും കിട്ടിയാലോ എന്ന് കരുതി.
പക്ഷേ ഈ മറുപടി ഗുരുവിന്റെ കൂടെ വന്ന പലർക്കും ദഹിച്ചില്ല. അങ്ങനെയാണെങ്കിൽ സൽക്കാരം എന്ന വ്യാജേന എന്തിന് ക്ഷണിക്കണം? ഇതൊരു പരിഹസിക്കലായിപ്പോയി.
പക്ഷേ രിഫാഈ ആ മനുഷ്യൻ പറഞ്ഞത് അപ്പടി വിശ്വസിച്ചു. അയാളുടെ ഗുണത്തിനായി പ്രാർത്ഥിച്ചു. മുഖത്തെളിമയോടെ തിരിച്ചുപോന്നു.
അതിനുശേഷം ആ കുടുംബത്തിൽ അല്ലാഹു ഭക്ഷണത്തിൽ വലിയ വിശാലത സമ്മാനിച്ചു.
