ഇരുന്നു.
കേട്ടു.
അവിടെയെത്തിയപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി!
അങ്ങനെ നിലവിട്ട് ചിരിക്കരുതായിരുന്നു. മോശമായി.
ഒരാൾ ഉപജീവനാർത്ഥം നിങ്ങളുടെ സമക്ഷം വന്ന് വിനീതഭാവത്തിൽ ഒരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ, നിങ്ങൾ എങ്ങനെയാണ് അയാളെ നോക്കി മക്കാറാക്കി ചിരിക്കുക? ഇതെവിടുത്തെ പരിപാടിയാണ്? എന്താ നിങ്ങളുടെ വിചാരം? പക്ഷേ പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ ആയാലും ചിരിച്ചു പോകും, ആ മാതിരി കേസാണ്.
അതിരാവിലെ തന്നെ സൂട്ടും കോട്ടുമിട്ട ഒരു സുന്ദരക്കുട്ടകട്ടബൊമ്മൻ ഉണ്ട് കാണാൻ കാത്തിരിക്കുന്നു! നെഞ്ചിൽ കൈത്തലം പായിച്ച് അതിവിനീത വിധേയനായി മുഖം കുനിച്ച് സംസാരം തുടങ്ങി. നല്ലവണ്ണം പരിചയമുണ്ടെന്നും പലപ്പോഴായി കണ്ടിട്ടും കേട്ടിട്ടുമുണ്ടെന്നും മാത്രമല്ല നമ്മൾ തമ്മിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്ന് പോലും അയാൾ പറഞ്ഞു. ഓർമക്കൊക്ക് കൊണ്ട് എത്ര കൊത്തിച്ചിള്ളി നോക്കിയിട്ടും പൂർവ്വകാല പരിചയത്തിന്റെ ഫോസിലുകൾ പുറത്തെടുക്കാൻ പറ്റിയില്ല.
ഒരു അഞ്ചുമിനിറ്റ് ഇരിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്. ഇരുവശത്തുകൂടെയും വളർന്നുവളർന്ന് ഒരു പിരമിഡ് രൂപത്തിൽ ലാഭം താഴേക്ക് താഴേക്ക് കനം കൂടി പടരുന്ന കഥയാണ് ആഗതൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതായത് സുഗന്ധവ്യജ്ഞന ബിസിനസ്. -Spice Magic Limited Co. കൂർഗിൽ നിന്നും നീലഗിരിയിൽ നിന്നും ചെറിയ വിലക്ക് ശേഖരിക്കുന്ന ഒറിജിനൽ സുഗന്ധ വ്യജ്ഞനങ്ങൾ തായ്വാനിലേക്ക് ബൾക്കായി കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്. (ഇദ്ദേഹം 'കയറ്റുമതി' എന്നു പറഞ്ഞപ്പോൾ എന്തുകൊണ്ടെന്നറിയില്ല ഞാനത് 'കാറ്റുമതി' എന്ന് കേട്ട്പോവുകയും അറിയാതെ ചിരിക്കുകയും ചെയ്തു.)
അഥവാ, ഒരിക്കൽ നമ്മൾ ഇവരുടെ ഒരു ഉൽപ്പന്നം വിലയ്ക്ക് വാങ്ങുക. ഇനി വാങ്ങിയില്ലെങ്കിലും സാരമില്ല, നിങ്ങൾ മറ്റൊരാളെ നല്ലോണം പറഞ്ഞു വാങ്ങിപ്പിക്കുക. കഴിഞ്ഞു അതോടുകൂടി നിങ്ങളുടെ കഥ! പിന്നെ അയാൾ മറ്റു രണ്ടുപേരെയോ മൂന്നുപേരെയോ പത്തുപേരെയോ ചേർക്കുന്നു എന്ന് വിചാരിക്കുക. വിചാരിച്ചോ? അതിന്റെയെല്ലാം ലാഭം നമ്മളറിയാതെ നമ്മിലേക്ക് വന്നു കുമിയുന്നു. ഇനി ആ പത്ത് പേർ വേറെ ഇരുപതോ മുപ്പതോ നാപ്പതോ ആളുകളെ ചേർത്തുകൊണ്ടേയിരിക്കുന്നു. നമ്മളാണെങ്കിൽ ചായ കുടിക്കുന്നു... തൂങ്ങിയുറങ്ങുന്നു... പോകുന്നു..... കോട്ടുവായ ഇടുന്നു... പുറം ചൊറിയുന്നു... കുഴിനഖം തോണ്ടുന്നു... പക്ഷേ നമ്മുടെ അക്കൗണ്ടിലേക്ക് ചിറ തകർന്ന വെള്ളപ്പാച്ചിലായി ലാഭാംശങ്ങൾ ഒഴുകി ഒഴുകി തടിക്കുന്നു, കനക്കുന്നു, വീർക്കുന്നു.
അദ്ദേഹം പേന കൊണ്ട് ഒരു പേപ്പറിൽ പിരമിഡിന്റെ ചിത്രം വരച്ച് ഒരു പതിനാറാമത്തെ ആളെ സങ്കൽപ്പിച്ച് ഇദ്ദേഹത്തിലൂടെ വരുന്ന തടിയനങ്ങാലാഭത്തിന്റെ തേൻകണക്കുകൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അതുവരെ കടിച്ചുപിടിച്ചു നിന്ന എന്റെ എല്ലാ നിയന്ത്രണവും വിട്ടു പോയത്, ഞാൻ സഭാവിരുദ്ധമായി പൊട്ടിപ്പൊട്ടി ചിരിച്ചു പോയത്. 'ഒരു പതിനഞ്ചിൽ നിർത്തിക്കൂടെ ചങ്ങാതീ ' എന്ന് മൗനമായി ചോദിച്ചു പോയത്. റിയലി സോറി, യുവർ ഗ്രീഫ് ഇസ് ഡീപ് ലി റിഗ്രറ്റഡ്!
പക്ഷേ നിങ്ങൾ ശ്രദ്ധയോടെ ഓർക്കേണ്ട ഒരു കാര്യം അടിസ്ഥാനമില്ലാത്ത ഈ അതിലാഭ ബിസിനസിന്റെ പൊട്ടത്തരമോർത്ത് അവസാനം പൊട്ടിച്ചിരിച്ചു പോയെങ്കിലും വിവരണത്തിന്റെ ആദ്യഘട്ടങ്ങളിൽ എനിക്കും ചില എലക്ട്രോ-കെമിക്കൽ ചാഞ്ചല്യങ്ങൾ ഉണ്ടായിപ്പോയിട്ടുണ്ട് എന്നുള്ളതാണ്. അതായത് ഒന്ന് ചേർന്നാലോ എന്നൊരു പ്രലോഭപരത ആകമാനം പുതഞ്ഞു. പ്രധാനമായും അവൻ അവൻ്റെ ലാപ്പ് തുറന്നു. എനിക്ക് പ്രദർശിപ്പിച്ച വെബ്സൈറ്റിന്റെ ആകർഷണീയത തന്നെ. മൂന്ന് ഏലക്കായ, വയനാട് ചുരം, ആലപ്പുഴ ഹൗസ് ബോട്ട് - വിരിഞ്ഞ ഒരു ഓർക്കിഡ് പുഷ്പം…
കേരളത്തിലെ അറിയപ്പെട്ട ചില ജനപ്രതിനിധികൾ പ്രസംഗിക്കുന്ന ഫോട്ടോ. കേരള സർക്കാരിൻ്റെ അമ്മാവന്റേത് എന്ന് തോന്നിപ്പിക്കുന്ന രൂക്ഷ പ്രത്യക്ഷത. ഇതിൽ പങ്കാളികളായ പലരുടെയും വിജയക്കുതിപ്പുകൾ അവനാൻ തന്നെ വിശദീകരിക്കുന്ന പൊരിഞ്ഞ ആധികാരികത.
ആ ടെസ്റ്റിമോണിയൽസ് ഒന്നിങ്ങനെ സ്ക്രോൾ ചെയ്തു നോക്കി. കേട്ടു പരിചയം ഉണ്ടെന്നു തോന്നിക്കുന്ന കുറേ പേരുകൾ. ആ റൈറ്റപ്പുകളിലൂടെ കടന്ന് പോയപ്പോൾ എത്ര സെയ്ഫായി, എത്ര വേഗത്തിലാണ് ഇവർ പണക്കാരായത് എന്ന് ഞാനാശ്ചര്യപ്പെട്ടു. അതിലപ്പുറം ഇവൻമാരുടെ ഫോട്ടോ, കുടുംബവുമായി റിസോർട്ടുകളിലും കായലുകളിലും ഉല്ലസിക്കുന്ന ചിത്രങ്ങൾ / ഇവന്മാരുടെ ഇമെയിൽ ഐ ഡി / ഫോൺ നമ്പർ / പൂർണവിലാസം എല്ലാം കൊടുത്തിരിക്കുന്നു.
രണ്ടാമത്തെ ആകർഷണീയത എന്നു പറയുന്നത് കിടിലൻ ബ്രോഷറാണ്. അങ്ങനെയുള്ള ഒറ്റ ഒരു ബ്രോഷർ ഡിസൈൻ ചെയ്ത് അച്ചടിച്ച് പുറത്തിറക്കണമെങ്കിൽ ചുരുങ്ങിയത് 650 രൂപയിൽ കുറയുകയേയില്ല. പേപ്പറാണെങ്കിലും കൈകൊണ്ട് തൊടുമ്പോൾ ഇരുമ്പുഷീറ്റിന്റെ ഉറപ്പ്. നല്ല കട്ടി. മേത്തരം ലേ ഔട്ട്. മനോഹരമായ വർണവിന്യാസം. പിടുത്തം വിട്ട പെർഫെക്ഷൻ. അങ്ങനെയുള്ള മൂന്നെണ്ണമാണ് കൈമാറിയത്. ഒന്നെനിക്ക്. രണ്ടെണ്ണം ഞാൻ വശീകരിച്ച് ചേർക്കാൻ പോവുന്ന രണ്ട് പ്രതിശ്രുത മരപ്പൊട്ടൻമാർക്ക് !! ആധികാരികതയുള്ള ഒരു കമ്പനിക്ക് അല്ലാതെ ഒരു ഉമ്മാന്റെ മോനിക്കും ഇത്രക്ക് മുന്തിയ ഒരു ബ്രോഷറും ഇറക്കാൻ ആവില്ല, ഇങ്ങനെ മുമ്മൂന്നെണ്ണം വെച്ച് വെറുതെ കൊടുക്കാനുമാകില്ല, ഉറപ്പ്.
മൂന്നാമത്തെ സംഗതി എന്ന് പറയുന്നത് ഇതിൽ ഇതിനകം ചേർന്ന ഒരുപാട് പേരെ പരിചയപ്പെടുത്തി തന്നു എന്നുള്ളതാണ്. പലരും അന്വേഷിച്ചു നോക്കുമ്പോൾ നമുക്കറിയാവുന്നവർ, നമ്മളുമായി ചുറ്റിപ്പറ്റി കഴിഞ്ഞുകൂടുന്നവർ. ചില പ്രത്യേക കാരണങ്ങൾ പ്രമാണിച്ച് ഇപ്പോൾ പേരുവിവരം വെളിപ്പെടുത്തുന്നില്ല! ആഗതൻ എന്നോട് കൈവീശിയവനായ നിലയിൽ തന്റെ ക്രിസ്റ്റയിൽ കയറി പോവുകയും ചെയ്തു.
ഇത്രയെല്ലാമായിട്ടും അതായത് ഇത്രയും നല്ല വെബ്സൈറ്റ് ഉണ്ടായിട്ട് / ഇത്രയും നല്ല ബ്രോഷർ ഉണ്ടായിട്ട് / ഇത്രയെല്ലാം പ്രമുഖർ ഇതിൽ അംഗമായിട്ട് /എല്ലാത്തിനും പുറമേ നിങ്ങൾക്ക് നന്നായി അറിയുന്ന ഇത്രയെല്ലാം അതിപരിചയക്കാർ ഇതിൽ അംഗങ്ങളായി ചേർന്ന്, പണം തച്ചു കൊഴിക്കുന്നവരായി മാറിയിട്ട്, ഇത്രയും മുന്തിയ കാറിൽ അവൻ യാത്ര ചെയ്ത് വന്നവനായിട്ട് - ഇനിയും ഇവരെ അവിശ്വസിക്കാൻ നിങ്ങൾക്കെന്തവകാശം? ഇതിൽ ചേരാതെ മാറിനിൽക്കാൻ നിങ്ങൾക്കെന്താ കൊമ്പുണ്ടോ?
സത്യം പറയട്ടെ, കൊമ്പുണ്ടായതുകൊണ്ടോ പണം വാരിക്കൂട്ടാൻ ആശയില്ലാത്തതു കൊണ്ടോ ഒന്നുമല്ല. ഉള്ളതും ചക്കയിലൊട്ടി എന്ന അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ്! എന്തും അമിതമായി പറയുന്ന ആരെയും അടുപ്പിക്കരുത്. പ്രത്യേകിച്ച് അതിവേഗം ലാഭം പെരുപ്പിക്കുന്ന കുറുക്കു / കുറുക്ക കച്ചവടങ്ങളെ കരുതിയിരിക്കണം. ഇത്തരം കെണിവലകളിൽ കുടുങ്ങിയ പത്തല്ല / നൂറല്ല / ആയിരക്കണക്കിന് ആളുകൾ നമുക്കിടയിൽ കള്ളിമിണ്ടാതെ കുടുങ്ങിക്കഴിയുന്നുണ്ട്.
ചിലർ നടത്തുന്നത് മീൻ പിടിക്കും പോലെയുള്ള തട്ടിപ്പാണ്. ആദ്യത്തെ കൊത്തിൽ തന്നെ ചൊട്ടി വലിക്കില്ല. നാം പരമാവധി അയച്ചിട്ട് കൊടുക്കും. അതെന്തിനാണ്; നമ്മൾ പിടിക്കാൻ പോകുന്ന മീൻ അത്രയും ഇരതിന്നിട്ട് തടിച്ചു കുട്ടപ്പൻ ആവട്ടെ എന്ന് കരുതിയല്ല. കൈയ്യിൽ കിട്ടുന്നതുവരെ ആ മീനിനോട് നമുക്ക് ഒരു ആത്മാർത്ഥതയും ഇല്ല. അതിന് മന:പൂർവ്വം കുടുക്കാൻ ആയിട്ട് തന്നെ നാം അയച്ചിട്ട് കൊടുക്കുകയും അത് നന്നായി ഇരയെ വിഴുങ്ങുകയും ചെയ്യുന്നു. പക്ഷേ വിഴുങ്ങിക്കഴിയുമ്പോഴാണ് അറിയുന്നത് അതിനുള്ളിൽ മൂർച്ചയുള്ള ചതിക്കൊക്ക ഉണ്ടായിരുന്നു എന്ന്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്ന് ചിന്തിക്കുമ്പോഴേക്കും ആൾ കരയിൽ എത്തി ഒരിറ്റ് ശ്വാസത്തിനായി പിടപിടക്കുന്നുണ്ടാവും.
ഇതേ അവസ്ഥയാണ് ചുറ്റുപാടിൽ പലർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ കാലം കൊണ്ട് വലിയ ലാഭം കിട്ടുന്ന ഒരുപാട് പദ്ധതികളുമായി പലരും ഊരു ചുറ്റുന്നു. അതിലെയൊരു പ്രശ്നമെന്ന് പറയുന്നത് സമൂഹത്തിൻ്റെ കണ്ണിൽ വിശ്വസ്തരായ പലരെയും ഇവന്മാർ കണ്ണിചേർത്ത് മുമ്പിൽ പ്രദർശിപ്പിക്കുന്നു എന്നുള്ളതാണ്. അവർ അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ അവർക്കും നല്ല ഇരുട്ടടി കിട്ടാൻ അർഹതയുണ്ട്. ഇനി മറ്റെന്തെങ്കിലും നല്ല കാര്യം പറഞ്ഞ് അവരെ പാട്ടിലാക്കുന്നതാണോ അവരുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്നതാണോ എന്നുമറിയില്ല.
ഏതായാലും പലരും അവരുടെ മിച്ചമുള്ളതെന്താണോ അതെല്ലാം തട്ടിപ്പെറുക്കി തൂക്കി വിറ്റ് വലിയ സംഖ്യകൾ, വലിയ പ്രതീക്ഷയോടുകൂടി നിക്ഷേപിക്കുന്നു. ആദ്യമാദ്യമൊക്കെ നല്ല രൂപത്തിലുള്ള മാസവരവുകൾ ഉണ്ടാകുന്നു. തടിയനങ്ങാതെ കിട്ടുന്ന ആ പണം അവരുടെ ജീവിതരീതിയെ മാറ്റിപ്പണിയുന്നു. മത്തിയും മാന്തളും വല്ലപ്പോഴും സന്ദർശിക്കാറുള്ള അടുക്കളകളിൽ അയക്കൂറയും ആവോലിയും സ്ഥിരസന്ദർശകരായി മാറുന്നു. ആഡംബരവണ്ടി വിളിച്ച് ഇടയ്ക്കിടെ മൈസൂരും ബാംഗ്ലൂരും ഊട്ടിയിലും കറങ്ങുകയും അവിടെയെല്ലാം ലക്ഷ്വറി റൂമെടുത്ത് താമസിക്കുകയും ജീവിതം സുഖിച്ച് മദിക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കയാണ് വരവ് പെട്ടെന്ന് നിൽക്കുന്നത്! നമ്മൾ വിചാരിക്കും ലോഡ് ഷെഡിങ് കൊണ്ട് അല്ലെങ്കിൽ കാറ്റത്ത് കമ്പിയുടെ മേൽ മരം വീണതുകൊണ്ട് കരണ്ട് ഒന്ന് പോയതാണ്, പെട്ടെന്ന് വരുമെന്ന്. അല്ല! ഇത് തൽക്കാലം കരണ്ട് പോയതല്ല! സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതുകൊണ്ടുമല്ല. ഇത് സൂക്കേട് വേറെയാണ്. ഇത് ഇടുക്കി അണക്കെട്ട് അങ്ങനെതന്നെ ടർബയിനുകൾ അടക്കം ഒലിച്ചു പോയതാണ്. ഇനി ആ കരണ്ട് ഒരുകാലത്തും വരികയില്ല.
നിങ്ങൾ വേട്ടക്കാരൻ്റെ ചൂണ്ടയിൽ കൊത്തിയിരിക്കുന്നു. നിങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെത്തിയിരിക്കുന്നു. നിങ്ങൾ അവസാന ശ്വാസത്തിന് വേണ്ടി പിടച്ചു തുടങ്ങിയിരിക്കുന്നു. ആഗ്രഹം ആവാം; പക്ഷേ അത്യാഗ്രഹം നമ്മെ നിഗ്രഹിച്ചു കളയും. പലതരം അന്ധവിശ്വാസങ്ങളുണ്ട് ലോകത്ത്. അതിൽപെട്ട ഒന്നാണ് ബിസിനസ് അന്ധവിശ്വാസം. ചെറിയ നിക്ഷേപം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ലക്ഷങ്ങൾ നേടാം എന്ന യുക്തിരഹിതമായ അന്ധവിശ്വാസം. പോയത് പോയി. ഇനി ബാക്കിയുള്ളതിനെ യുക്തി ബോധത്തോടെ കൈകാര്യം ചെയ്യുക.
പക്ഷേ തട്ടിപ്പ് നടത്തുന്നവരുടെ കാര്യമാണ് ആലോചിച്ചിട്ട് അറ്റം കിട്ടാത്തത്. ഇത്രയെല്ലാം ആളുകൾക്ക് കടബാധ്യത കൊടുത്തുവീട്ടാൻ ഉണ്ടായിരിക്കെ ഇവരെങ്ങനെ ശാന്തമായി കുഴിമാടത്തിൽ കിടക്കും. ഇവർക്കുവേണ്ടി ആര് സമാധാനത്തിൽ മയ്യിത്ത് നിസ്കരിക്കും. കടബാധ്യതയുള്ളവരുടെ മയ്യിത്ത് നിസ്കരിക്കാൻ തിരുനബി കൂട്ടാക്കിയിട്ടില്ലല്ലോ. തട്ടിപ്പുകാരേ, കഷ്ടമാണ് കേട്ടോ നിങ്ങളുടെ കാര്യം!





