വലതുഭാഗം നല്ല താഴ്ചയാണ്. ഇടതുഭാഗത്ത് ആകാശം മുട്ടുന്ന കുന്നും. സ്റ്റിയറിങ് വലതുഭാഗത്തേക്ക് പിടിച്ചാൽ വണ്ടി മലക്കം മറിയും. കൊക്കയിൽ പതിക്കും. ഇടത്തോട്ടേക്ക് തിരിച്ചാലോ പാറക്കെട്ടിൽ ചെന്നിടിക്കും. തരിപ്പണമാകും. ആയതുകൊണ്ടാണ് നടുവിലൂടെ സൂക്ഷിച്ച് ഓടിച്ചു പോകുന്നത്.
ഇടതും വലതും അതിവാദികൾ ഇരിക്കുന്നുണ്ട്. ഒരാൾ പറയുന്നു; ഒന്നും നോക്കണ്ട വലത്തോട്ട് തിരിക്ക്. മറിയുന്നെങ്കിൽ മറിയട്ടെ. അന്നേരം മറ്റേയാൾ പറയുന്നു; വേണ്ട ഇടത്തോട്ടേക്ക് തിരിക്ക്; മുട്ടുന്നെങ്കിൽ മുട്ടട്ടെ. എന്തായാലും ഈ രണ്ടും കേൾക്കാൻ തയ്യാറല്ല. ഈ മധ്യത്തിലൂടെ ഇങ്ങനെ ഓടിച്ചു പോകാനാണ് തീരുമാനം. ഒരു കാഴ്ചക്കാരൻ എന്ന നിലക്ക് നിങ്ങളോട് ചോദിക്കട്ടെ, ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
ജീവിതമാകുന്ന ചുരം ഓടിച്ചു കയറുമ്പോൾ എപ്പോഴും നല്ലത് മധ്യത്തിലൂടെ മെല്ലെ പോകുന്നതാണ്. ഇസ്ലാം ഒരു മധ്യമപാതയുടെ കാഴ്ചപ്പാടാണ്. മറ്റെല്ലാ കാര്യത്തിലും എന്നതുപോലെ സാമ്പത്തിക വിഷയത്തിലും അങ്ങനെതന്നെ. സാമ്പത്തികത്തിന് അറബിയിൽ പറയുക ഇഖ്തിസ്വാദ് എന്നാണ്. ആ വാക്കിന്റെ അർത്ഥത്തിൽ തന്നെയുണ്ട് മിതത്വം, മധ്യമപാത. ഇസ്റാഫിന്റെയും തഖ്തീറിന്റെയും ഇടയിലുള്ള അവസ്ഥയാണ് ഇഖ്തിസ്വാദ്. ഇസ്റാഫ് എന്നാൽ അമിതവ്യയം, ധാരാളിത്തം എന്നൊക്കെ. തഖ്തീറ് എന്നാൽ ഇറുക്കിപ്പിടി, അർക്കീസ് എന്നൊക്കെ. അപ്പോൾ പേരു തന്നെ നിർവചനമാകുന്ന അനന്യമായ ആകർഷകത്വം അതിലുണ്ട്.
സാമ്പത്തികമായ ചെലവാക്കലുകളെ പരാമർശിക്കുന്നിടം പരിശുദ്ധ ഖുർആൻ വളരെ മനോഹരമായ ഒരു പ്രയോഗം കൊണ്ടുവരുന്നുണ്ട്. കൈകൾ പിരടിയിലേക്ക് ചേർത്തു കെട്ടിക്കളയരുതേ എന്ന്. ഉടനെ പറയുന്നത് നിങ്ങൾ അവയെ അതിരുവിട്ട് അയച്ചിടുകയും ചെയ്തേക്കല്ലേ എന്നാണ്. മനസ്സിലായോ? എന്ത് മഹത്തരമായ മധ്യമ നിലപാടാണ്. കൈകൾ പിരടിയിലേക്ക് ബന്ധിച്ചിടുക എന്ന് പറഞ്ഞാൽ യാതൊരുവിധ ചെലവഴിക്കലും ഇല്ലാതെ, ദാനശീലമോ സഹായിക്കലോ ഒട്ടുമില്ലാതെ കെട്ടിപ്പൂട്ടിവെക്കുന്നതാണ്.
നമുക്കറിയാം സമൂഹത്തിൽ ചില ആളുകളുണ്ട്; ജീവിക്കാൻ യോഗഭാഗ്യം ഇല്ലാത്തവർ. അവർക്ക് അത്യാവശ്യം സമ്പത്ത് ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ഒന്നും ഒരിടത്തും ചെലവഴിക്കാതെ പിശുക്കിക്കഴിയുന്നു. ഉപയോഗിച്ചാൽ തീർന്നു പോകുമെന്ന ആധി കാരണം എല്ലാ മേഖലയിലും കൈകൾ കെട്ടിപ്പൂട്ടി വെക്കുന്നു. ഒരു നേരം നല്ല ആഹാരമോ വൃത്തിയും വിശാലതയുമുള്ള ഒരു വീടോ അന്തസ്സുള്ള വസ്ത്രമോ ഒന്നും സ്വന്തമാക്കാതെ അയാൾ ജീവിതം സ്വയം സഹിക്കുന്നു. എല്ലാം നാളേക്ക്, നാളേക്ക് എന്ന് കരുതി സ്വരുക്കൂട്ടി പാത്തുവെക്കുന്നു. ഒടുക്കം ഒന്നും ആസ്വദിക്കാനാവാതെ അയാളെ മൂന്നു കെട്ടുംകെട്ടി അടക്കം ചെയ്യുന്നു.
അടിയിലടിയിലുള്ള പച്ചവെറ്റിലകൾ നാളെ കഴിക്കാം എന്ന് കരുതി എല്ലാ ദിവസവും പുറമേയുള്ള പഴുത്തത് തിന്നുന്ന ഒരുത്തിയുടെ കഥ പറയുന്നുണ്ട് 'ഒരു ദേശത്തിന്റെ കഥ'യിൽ എസ് കെ പൊറ്റക്കാട്. ഓരോ ദിവസം കഴിയുമ്പോഴും താഴെയുള്ള പച്ചകൾ പഴുത്ത് മഞ്ഞളിക്കുന്നു. അങ്ങനെ ജീവിതകാലത്ത് ഒരു ദിവസം പോലും അവൾക്ക് പച്ച ചവച്ചു തിന്നാൻ യോഗഭാഗ്യം ഉണ്ടായില്ല. ധാന്യങ്ങൾ ശേഖരിച്ചുവെക്കുന്ന പെരുച്ചാഴിയെ ഉപമിക്കുന്നുണ്ട് 'റസാന' എന്ന കാവ്യം. ഒടുവിൽ ഒരു നാൾ ആ ധാന്യങ്ങളെയും ഈ പെരുച്ചാഴിയെയും വേട്ടക്കാരൻ പൊക്കിക്കൊണ്ടുപോകും. അരി ചോറാക്കും; പെരുച്ചാഴി ഫ്രൈയും!
പിശുക്കത്തരത്തെപ്പറ്റി ഓവറാക്കി പറഞ്ഞു നമ്മളെ കൊക്കയിലേക്ക് കൊണ്ടുപോയി ചാടിക്കുന്നില്ല ഖുർആൻ. വല്ലാതെ അങ്ങനെ പറയുമ്പോൾ നമ്മൾ ധാരാളിത്തത്തിന്റെ ഉപ്പാപ്പമാരായി മാറും. അത് അതിലും വലിയ പ്രശ്നമാണ്. ദുർവ്യയവും ആർഭാടവും മനുഷ്യനെ വല്ലാതെ നശിപ്പിച്ചു കളയും. ഒരാൾ വസ്ത്രം കൊണ്ടോ, ഭവനം കൊണ്ടോ, ഉപകരണങ്ങൾ കൊണ്ടോ, പരിപാടികൾ കൊണ്ടോ, ആർഭാടം കളിക്കുമ്പോൾ അത് അയാളിൽ ഒതുങ്ങുന്നില്ല എന്നതാണ് അതിൻ്റെ പ്രശ്നം. പതിയെ അതൊരു സാമൂഹ്യ രോഗമായി മാറും. അയാളോട് മത്സരിച്ച് അയാളുടെ അയൽവാസി അതിനെക്കാൾ ആർഭാടം കാണിക്കാൻ വശംവദനാവും. പതിയെ കൂട്ടുകാർ അത് ഏറ്റെടുക്കും. നാട്ടുകാർ അങ്ങനെയൊക്കെ ആവാൻ ശ്രമിക്കേണ്ടതായി വരും. അതിനൊന്നും ആവാത്ത പാവങ്ങൾ തകർന്നുപോകും.
ഇന്ന് വീട് നിർമാണമൊക്കെ ഒരു മത്സരമായി മാറിയിരിക്കുകയാണ്. ജീവിക്കുന്നത് തന്നെ വീടെടുത്ത് വിജയിക്കുക (സോറി, വീടെടുത്ത് തോൽപ്പിക്കുക!) എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണെന്ന് തോന്നിപ്പോവുന്നു ആളുകളുടെ കളി കാണുമ്പോൾ. പലരും തനിക്കും തന്റെ കുടുംബത്തിനും താമസിക്കാൻ ആവശ്യമായ വീട് എന്നതിനുമുപരി ഒരു കൊച്ചു വെറ്റിനറി മെഡിക്കൽ കോളേജ് ഉണ്ടാക്കുക എന്നിടത്താണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഹൗസ് വാമിംഗിനും കല്യാണത്തിനും അതുപോലെ അനുബന്ധ ചടങ്ങുകൾക്കും അമിതമായ ആർഭാടം പ്രകടിപ്പിച്ച് മനുഷ്യർ സമൂഹത്തിൽ അഹങ്കാരം കൃഷി ചെയ്യുകയാണ്. ഒപ്പം പാവങ്ങളെ തകർത്തു കളയുകയും ചെയ്യുന്നു. അയാളെപ്പോലെ സ്വത്തും മുതലും ഇല്ലാത്തവർ ഞെരുക്കത്തിന്റെ പടുകുഴിയിലേക്ക് പൊട്ടിത്താഴുന്നു.
അതിനാലാണ് പിശുക്കിനെ കൈകാര്യം ചെയ്ത ഉടനെ ഖുർആൻ പറയുന്നത് അമിതമായി കൈ അയച്ചിടുകയും ചെയ്യരുതേ എന്ന്. നോക്കൂ എന്ത് മനോഹരമായ മധ്യമ നിലപാട്. സ്വന്തം കാര്യത്തിൽ ചെലവാക്കുന്ന വിഷയത്തിൽ മാത്രമല്ല ദാനം കൊടുക്കുന്നതിൽ പോലും ഇതു ബാധകമാണ്. തനിക്കും തന്റെ ആശ്രിതർക്കും ആവശ്യമായതൊന്നും കരുതിവെക്കാതെ കണ്ടമാനം വാരിക്കോരിക്കൊടുത്ത് നാളെ വഴിയാധാരമാവുന്ന ഗതികേടും വരുത്തിക്കളയല്ലേ എന്ന്.
ഭൂമിയിലെ സമ്പത്തും വിഭവങ്ങളും ഉപയോഗിക്കുന്നതിൽ ഈ നിലക്കുള്ള മധ്യമ നിലപാടാണ് ഖുർആൻ മുന്നോട്ട് വയ്ക്കുന്നത്. അല്ലാഹു നമുക്കായി സംവിധാനിച്ചുവച്ച കാര്യങ്ങൾ ആരും തടഞ്ഞു വെക്കരുത് എന്ന് ഖുർആൻ പറഞ്ഞ ഉടൻ എന്നാലൊട്ട് അതിരുകടക്കുകയും ചെയ്യരുത് എന്ന് പറയുന്നുണ്ട്. അപ്പോഴാണ് നമുക്ക് ഒരു മധ്യബിന്ദുവിൻ്റെ നിലപാട് കിട്ടുന്നത്. നിങ്ങൾ ആഹാരം കഴിച്ചോളൂ, പാനം ചെയ്തോളൂ എന്ന് പറഞ്ഞ ഉടനെ ഖുർആൻ പറയുന്നത് അമിതമാവരുത് എന്നാണ്.
ഖുർആൻ സമ്പത്തിനെയും സന്താനങ്ങളെയും ചേർത്തു പറഞ്ഞതായി കാണാം. അവ അനുഗ്രഹങ്ങളാണ്, ജീവിതത്തിൻ്റെ അലങ്കാരങ്ങളാണ് എന്ന് ഒരു ഭാഗത്ത് പറഞ്ഞു വെക്കുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് അവ ജീവിതത്തിലെ പരീക്ഷണങ്ങളാണ് എന്നും പറയുന്നുണ്ട്. രണ്ടും ഈക്വൽ പ്രൊപോഷനിലല്ല പറയുന്നത്. രണ്ടാം ഭാഗത്തിന് തൂക്കം കൂട്ടിക്കൊണ്ടു തന്നെയാണ്. സമ്പത്തിന്റെയും സന്താനത്തിന്റെയും വൈപുല്യത്തിൽ അഭിരമിച്ച് അഹങ്കാരിയായിപ്പോകരുത് എന്നതാണ് അതിൽ ഒരു പാഠം.
അപായ സാധ്യത കൂടിയ കാര്യങ്ങളെ നമ്മൾ വല്ലാതെ തൊട്ടു കളിക്കില്ല. കൃത്യമായ അകലം പാലിക്കും. എസി ഉള്ള റൂമിൽ കിടക്കുന്ന അത്ര സ്വസ്ഥത ഉണ്ടാവില്ല നമുക്ക് ഗ്യാസ് സിലിണ്ടറും ബർണറും പ്രവർത്തിക്കുന്നിടത്ത് കിടന്നുറങ്ങാൻ. സമ്പത്ത് നല്ലതുതന്നെ. സന്താനങ്ങളും നല്ലതുതന്നെ. പക്ഷേ നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നമ്മൾ കാണുന്നുണ്ടല്ലോ അവർ രണ്ടും പരീക്ഷണ വസ്തുവുമായി മാറിയ / അനർത്ഥങ്ങൾ വിളിച്ചുവരുത്തിയ അനവധി അനുഭവങ്ങൾ. സ്വത്തുള്ളതിന്റെ പേരിൽ മാത്രം അടിയും പിടിയും നടക്കുന്നത് നമ്മുടെ നാടുകളിൽ തന്നെയാണല്ലോ, നമ്മൾ ആറ്റുനോറ്റ് പോറ്റി വളർത്തിയ മക്കൾ വലുതാകുമ്പോൾ തല തിരിയുന്നതും അവർ പരസ്പരം ശണ്ഠ കൂടുന്നതും അവർ മാതാപിതാക്കളെ വഴിയാധാരമാക്കുന്നതും നിത്യ വാർത്തയാണല്ലോ. പക്ഷേ, ഈയൊരു ആങ്കിൾ മാത്രം പറഞ്ഞ് നിർത്തുകയാണെങ്കിൽ ഇതൊരു കൊക്കയിൽ ചാടിക്കലാണ്. ഒരുതരം അതിവാദമായി വരും. സമ്പത്തിനോടോ സന്താനങ്ങളോടോ അടുക്കൽ തന്നെ ഒരുതരം ഡിറ്റാച്മെന്റ് ആണ് നമ്മളിൽ അത് വളർത്തുക. ആയതുകൊണ്ടാണ് സമ്പത്തും സന്താനവും എല്ലാം ഭൗതിക ജീവിതത്തിൻ്റെ പ്രൗഢിയാണ് എന്നുകൂടി ചേർത്ത് പറയുന്നത്. തീ ഉപയോഗിക്കേണ്ടത് പോലെ മെരുക്കി ഉപയോഗിച്ചാൽ നന്ന്. ഇല്ലെങ്കിൽ ഡെയ്ഞ്ചർ !
ഓപ്പറേഷനുകളിൽ മാത്രമല്ല സാമ്പത്തിക കാഴ്ചപ്പാടുകളിലും ഇസ്ലാം വെച്ചുപുലർത്തുന്നത് മധ്യമ നിലപാട് തന്നെയാണ്. സാമ്പത്തിക രംഗത്തെ രണ്ട് പ്രമുഖ കാഴ്ചപ്പാടുകളാണല്ലോ ക്യാപിറ്റലിസവും സോഷ്യലിസവും. ഒന്ന് ഓവറാക്കി കുന്നിലേക്ക് ഇടിച്ചു കയറ്റുന്നു. മറ്റൊന്ന് ലക്കു വിട്ട് കൊക്കയിലേക്ക് കുത്തിവീഴുന്നു. രണ്ടും രണ്ടുതരം അതിവാദങ്ങൾ എന്നുതന്നെ പറയാം. ഉൽപാദനവും ലാഭനിർമിതിയും തീർത്തും വ്യക്തികളിൽ അധിഷ്ഠിതമാകുന്ന പരമസ്വാതന്ത്ര്യമുള്ള ഒരു വ്യവസ്ഥയാണ് ക്യാപിറ്റലിസം. അത് വല്ലാതെ മൂത്തുകഴിഞ്ഞാൽ പണത്തിനും, പണം നിർമിക്കുന്ന ഉപാധികൾക്കും, ഉപകരണങ്ങൾക്കും മാത്രമേ വിലയുണ്ടാവൂ. അവർക്ക് മാനവികത, സാമൂഹികത എന്നൊക്കെ കേൾക്കുമ്പോൾ ഒരുമാതിരി ചെന്നിക്കുത്ത് ഉണ്ടാവുന്നു. എന്നാൽ നേരെ മറിച്ചാണ് സോഷ്യലിസം. വ്യക്തികൾ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് രംഗത്തിറങ്ങി പത്തുറുപ്പിക ഉണ്ടാക്കുമ്പോഴേക്ക് തുടങ്ങും കൃമികടി. സ്റ്റേറ്റ് എന്നും പറഞ്ഞ് കത്തിയും കയറും എടുത്ത് പാഞ്ഞ് വരും. അങ്ങനെ ദേശരാഷ്ട്രത്തിൻ്റെ പേരുപറഞ്ഞ് വ്യക്തിയെ പരമാവധി കുടുക്കിവരിഞ്ഞു വെക്കുന്ന സോഷ്യലിസം.
എന്നാൽ രണ്ടിനും ഇടയിലാണ് ഇസ്ലാം നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തികൾക്ക് പറ്റുന്ന വിധത്തിലുള്ള ഉൽപാദന യൂണിറ്റുകളും ഫാക്ടറികളും ഒക്കെ ആവാം. അവർക്ക് എത്രയും നല്ല വഴിയിലൂടെ സമ്പാദിക്കാം. അവർക്ക് അതിനനുസരിച്ച് സ്വാതന്ത്ര്യം കൊടുക്കും. അതേസമയം ഇത്തരം കാര്യങ്ങളിലെല്ലാം സ്റ്റേറ്റ് നന്നായി ഇടപെടും. അമിതമായ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കൊള്ളലാഭം തുടങ്ങിയ സംഗതികൾ വരുമ്പോൾ സ്റ്റേറ്റ് ഇടപെടും. ഒപ്പം പൊതുജന പുരോഗമനപരമായ കാര്യങ്ങളെല്ലാം സ്റ്റേറ്റ് നടപ്പിലാക്കുകയും ചെയ്യും. ധനനിർമാണ, വിതരണ പ്രവർത്തനങ്ങളിൽ സ്റ്റേറ്റും സജീവമായി ഇടപെടും. അതായത് എല്ലാം വ്യക്തികൾക്ക് കയറില്ലാതെ വിട്ടുകൊടുത്ത് സ്റ്റേറ്റ് നോക്കുകുത്തിയാകുന്ന / പൊതുജനം പരസ്യമായി ഊറ്റപ്പെടുന്ന അവസ്ഥയോ മറിച്ച് സ്റ്റേറ്റ് എല്ലാം മുറുക്കിപ്പിടിച്ച് വ്യക്തികളെ അപ്രസക്തമാക്കുന്ന / മുരടിപ്പ് ഉൽപാദിക്കുന്ന ദുരവസ്ഥയോ ഉണ്ടാക്കാതെ രണ്ടിനെയും ഉൽപാദനാത്മകമായി കൊണ്ടുപോകാനാകുന്നു എന്ന് ചുരുക്കം.
ഒപ്പം സമ്പത്തിനെ കേവലം പദാർത്ഥാത്മകമായി കാണുന്നതിന് പകരം ഒരു ആത്മീയ ദർശനിയിലൂടെ നോക്കിക്കാണുവാനും ഹൃദയത്തോട് ചേർത്തു വെക്കേണ്ട സാധനമല്ല സമ്പത്ത് / അത് പൊതുജന നന്മകൾക്ക് ഉപയോഗപ്പെടുത്തി പാരത്രിക മോക്ഷം സമ്പാദിക്കാനുള്ള സമ്പത്താണെന്നുമുള്ള അറിവാണ് പ്രദാനം ചെയ്യുന്നത്.
കണക്കില്ലാത്ത സമ്പത്ത് കൈകാര്യം ചെയ്യുമ്പോൾ പോലും മനസ്സിന് സമ്പത്തിനെ തീറെഴുതിക്കൊടുക്കാത്ത നിലപാട് ഇസ്ലാം വ്യക്തികളിൽ വളർത്തുന്നു. ആത്മീയ ശാസ്ത്രത്തിന്റെ പദകോശത്തിൽ അത് സുഹ്ദ് എന്നറിയപ്പെടുന്നു. അതായത് സമ്പത്ത് എപ്പോഴും സമ്പത്ത് ആയി മാത്രം നിലനിൽക്കുകയും അതിൻ്റെ ഉടമ യഥാർത്ഥ യജമാനനായി വാഴുകയും ഒരു ഘട്ടത്തിൽ പോലും സമ്പത്തിന്റെ അടിമയായി അയാൾ തരംതാഴാതിരിക്കുകയും ചെയ്യുന്ന ഐശ്വര്യാവസ്ഥയാണ് ഇസ്ലാമിക സാമ്പത്തിക സങ്കല്പത്തിന്റെ സവിശേഷത. ലോകത്ത് എവിടെയും കാണാൻ കഴിയാത്ത, സമാനതകളില്ലാത്ത ഒരു ദർശനം തന്നെയാണിത്. മറ്റുകാര്യങ്ങളിലൊന്നും ഇസ്ലാമികമായ തീർപ്പുകളെ വിലവെക്കാത്ത യൂറോപ്യൻ രാജ്യങ്ങളടക്കം പലരും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ പുൽകുന്നതും നടപ്പിൽ വരുത്തുന്നതും മറ്റൊന്നും കൊണ്ടല്ല. ഒരു അന്വേഷിക്ക് ഒരുപാട് പഠിക്കുവാനും കണ്ടെത്തുവാനും ഉള്ള ഒരു പാഠ്യ ശാഖ തന്നെയാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം.





