മുമ്പിൽ കൊതിയൂറുന്ന ആഹാരങ്ങൾ നിരത്തി വച്ചിരിക്കുന്നു. നല്ല വിശപ്പുണ്ട്, ദാഹവും. പകൽ മുഴുവൻ പട്ടിണി ആയിരുന്നല്ലോ. നോമ്പല്ലേ? സാധാരണ ഭക്ഷണം കഴിക്കും പോലെയല്ലല്ലോ. നോമ്പു തുറക്കുമ്പോൾ ആർക്കും ആഹാരത്തോട് ആസക്തിയും പ്രത്യേകമായ ആനന്ദവും കാണുമല്ലോ. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്; ഒന്ന് അത് തുറക്കുന്ന വേളയിലാണ് എന്ന് ഹദീസിൽ വന്നതല്ലേ, പക്ഷേ ഇവിടെ ഒരാൾ വിഭവങ്ങളെല്ലാം നിരത്തി വെച്ചിട്ടും നോമ്പുതുറക്കാൻ സമയമായിട്ടും ഇരുന്ന് കരയുകയാണ്. ആളിന് കണ്ണുനീർ നിയന്ത്രിക്കാനാകുന്നില്ല. ഓർക്കുന്നത് പഴയകാല ചരിത്രമാണ്. എത്രയോ വർഷം മുമ്പുള്ളവ.
നല്ല സമ്പന്നനായിരുന്നു. കച്ചവടത്തിൻ്റെ അകക്കണ്ണ് കണ്ട ആളാണ്. തൊട്ടതെല്ലാം പൊന്നായി മാറുന്ന സൗഭാഗ്യവാൻ. ഒരിക്കൽ മദീന തെരുവിൽ പെട്ടെന്നൊരു ഹർഷാരവം. ആകാശത്ത് പൊടിപടലങ്ങൾ ഉയരുന്നു. വർത്തക വ്യൂഹത്തിന്റെ നാടിളക്കിയുള്ള കടന്നുവരവ്. 700 ഒട്ടകങ്ങളുടെ അകമ്പടിയാണ് മദീനയെ പുളകിതമാക്കുന്നത്. ശാമിൽ നിന്നും ഈജിപ്തിൽ നിന്നുമെല്ലാമുള്ള വസ്തുവകകളുണ്ട്. വിവിധയിനം ആഹാര വിഭവങ്ങളും വസ്ത്ര വൈവിധ്യങ്ങളും മറ്റും - കണ്ടവർ കണ്ടവർ അത്ഭുതം കൂറി. അദ്ദേഹത്തിന്റേതായിരുന്നു ആ കച്ചവടച്ചരക്കുകൾ ഒന്നടങ്കം. സമ്പന്നരിലെ നിസ്വനായ ആ മഹാൻ അബ്ദുർറഹ്മാൻ ബിൻ ഔഫ്.
മദീനയിലേക്ക് വരുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. വീടും കുടിയും ഇണയും തുണയും ആരുമില്ല. പിറന്ന നാട് വിട്ടേച്ച് പോന്നതാണ്; വിശ്വാസം നെഞ്ചിലേറ്റി എന്ന ഒറ്റക്കാരണത്താൽ. അങ്ങനെ പലായനം ചെയ്തു വരുന്നവർക്ക് മുഹാജിറുകൾ എന്നാണല്ലോ പറയുക. അവരുടെ ആതിഥേയരായ മദീനക്കാരാണ് അൻസ്വാറുകൾ. ഓരോ മുഹാജിറിനും അനുയോജ്യനായ ഒരു അൻസ്വാർ സുഹൃത്ത് ഉണ്ടാവും. മുഹാജിറിന്റെ സാമൂഹിക, സാമ്പത്തിക പദവിക്ക് അനുസൃതമായ രൂപത്തിലാണ് പരമാവധി അൻസ്വാറുകളെ തരപ്പെടുത്തി കിട്ടുന്നത്. ഇപ്പോൾ കൈയ്യിൽ ഒന്നുമില്ലെങ്കിലും ആൾ പേരുകേട്ട സമ്പന്നനാണ്. ആയതിനാൽ കിട്ടുന്ന അൻസ്വാരിപ്പാതിയും അങ്ങനെ ആവണമല്ലോ. അതെ. ആയിരുന്നു. മദീനയിലെ പെരുകേട്ട പണക്കാരൻ സഅദ്. റബീഅയുടെ മകൻ
ചരിത്രത്തിൽ എവിടെയും കാണാൻ കഴിയാത്ത, അതിരുകളില്ലാത്ത പങ്കിടൽ ആയിരുന്നു മുഹാജിറിന്റെയും അൻസ്വാറിന്റെയും ഇടയിൽ. അതിഥിയല്ലേ എന്ന് കരുതി കേവലം നല്ല ഭക്ഷണവും നല്ല കിടപ്പറയും കൊടുക്കൽ മാത്രമൊന്നുമല്ല. ഞാൻ നിന്റെ പാതിയാണ് എന്ന് പറയുമ്പോൾ തന്നെ എനിക്കുള്ളതിന്റെ നല്ല പാതിയത്രയും നിനക്കുമാണ് എന്ന് പറയുന്ന നിലപാടായിരുന്നു അവരുടേത്. സഅദ് പറഞ്ഞു: ഞാൻ ഈ നാട്ടിലെ പേരുകേട്ട പണക്കാരനാണ്. എനിക്ക് ഫലഭൂയിഷ്ഠമായ രണ്ട് തോട്ടങ്ങളുണ്ട്. നമുക്ക് രാവിലെ പോകാം. രണ്ടും നീ നോക്കണം. അതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് അത് താങ്കൾക്ക് തരാം. എനിക്ക് രണ്ടു ഭാര്യമാരുണ്ട്, രണ്ടുപേരെയും ഞാൻ കാണിച്ചു തരാം. ഏറ്റവും ഇഷ്ടപ്പെട്ടവൾ ആരാണെന്ന് വെച്ചാൽ ഞാൻ വിവാഹമോചനം നടത്താം. താങ്കൾക്ക് വിവാഹം കഴിക്കാം.
എല്ലാം കേട്ട് മന്ദസ്മിതം തൂകിയ അദ്ദേഹം പറയുന്നത് ഇപ്പോൾ എനിക്ക് അതൊന്നുമല്ല വേണ്ടത്. എനിക്കൊരു സഹായം ചെയ്യാമോ? നാളെ രാവിലെ എവിടെയാണ് മദീനയിലെ മാർക്കറ്റ് എന്നൊന്ന് കാണിച്ചു തന്നാൽ മതി. പിറ്റേന്ന് അദ്ദേഹം അതിഥിക്ക് ചന്ത കാണിച്ചു കൊടുക്കുന്നു. മാർക്കറ്റിലെ ഖൈനുഖാ പോയിൻ്റ്. ആൾ മദീന മാർക്കറ്റിനെ ആകെ ഒന്ന് വിലയിരുത്തി. അവിടുത്തെ ബിസിനസ്സിൻ്റെ ഗുരുത്വാകർഷണം എവിടെയാണ് കുടികൊള്ളുന്നതെന്ന് കണ്ടെത്തി. നേരത്തെ പറഞ്ഞിരുന്നല്ലോ കച്ചവടത്തിന്റെ അകക്കണ്ണ് കണ്ട ആളാണെന്ന്.
ഉള്ള ഇത്തിരി കാശുകൊണ്ട് വെണ്ണയുടെയും പാൽക്കട്ടിയുടെയും കച്ചവടം തുടങ്ങി. അന്നുതന്നെ ലാഭം ഒഴുകി. പിന്നീട് വളർച്ചയുടെ ഒരു റോക്കറ്റ് കുതിപ്പായിരുന്നു. അടിക്കടി അത് വർദ്ധിച്ചു. വിപുലമായി നേരത്തെ സൂചിപ്പിച്ചതുപോലെ കച്ചവട സ്വത്തുമായുള്ള സംഘത്തിന്റെ വരവ് മദീനയെ ഇളക്കിമറിക്കും വിധം അത് പെരുകി. മദീനയിൽ എവിടെയെങ്കിലും ഒരു കല്ല് പൊക്കി നോക്കിയാൽ അവിടം അല്ലാഹു ഒരു പൊന്നോ ഒരു വെള്ളിയോ വച്ചതായി എനിക്ക് അനുഭവപ്പെട്ടു, എന്ന് മഹാൻ പറയാറുണ്ട്.
അബൂബക്കർ സിദ്ദീഖിലൂടെയാണ് മഹാൻ ഇസ്ലാമിലേക്ക് കടന്നുവരുന്നത്. സുഹൃത്ത് വന്നതിന്റെ രണ്ടു ദിവസം കഴിഞ്ഞ്. ആദ്യമായി ഇസ്ലാം സ്വീകരിച്ച എട്ടുപേരിൽ എട്ടാമനാണ്. മഹാനായ ഭരണാധികാരി ഉമറിന് ശേഷം ആര് അടുത്ത ഖലീഫ ആവണമെന്ന് ചർച്ച വന്നപ്പോൾ പലരുടെയും കണ്ണുകൾ നീണ്ടത് ഈ മഹാനിലേക്കായിരുന്നു. പക്ഷേ വിനയം കാരണം അത് ഏറ്റെടുത്തില്ല. പകരം ഉസ്മാൻ ബിൻ അഫ്ഫാൻ അവർകളുടെ പേര് നിർദ്ദേശിച്ചു. മരണാസന്നനായ സമയത്ത് തിരുനബിയുടെ അടുത്ത് അബൂബക്കർ സിദ്ദീഖിന്റെയും ഉമറിൻ്റെയും ചാരെ മറവ് ചെയ്യാമെന്ന് ആയിശാ ബീവി അഭിപ്രായം പറഞ്ഞു. പക്ഷേ അവരൊക്കെ വലിയ സ്ഥാനമുള്ളവരല്ലേ അവരെ കൂടെ കിടക്കാൻ ഒന്നും ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞുകൊണ്ട് നിരസിച്ചു. അവസാനം നേരത്തെ പറഞ്ഞ് ഉറച്ചത് പോലെ തന്റെ ഉറ്റ സുഹൃത്തായ ഉസ്മാനുബ്നു മള്ഊനിൻ്റെ കൂടെ ജന്നത്തുൽ ബഖീഇൽ വിശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ ഉമ്മ ശിഫാഅ് ആയിരുന്നു മുഹമ്മദ് നബിയെ പ്രസവിക്കുന്ന സമയത്ത് സൂതികർമിണിയായി ആമിനാബീവിയുടെ കൂടെ ഉണ്ടായിരുന്നത്.
ദീൻ വിശ്വസിച്ചതിന്റെ പേരിൽ ഒരുപാട് മർദ്ദനങ്ങൾ ഏറ്റ മനുഷ്യനാണ്. ഉഹ്ദ് യുദ്ധത്തിൽ ഇരുപതിലേറെ വെട്ടുകൾ ഏറ്റിട്ടുണ്ട്. കണങ്കാലിന് മുറിവേൽക്കുക വഴി പിന്നീട് നടക്കുമ്പോൾ ഒരു ഇടറൽ ഉണ്ടായിരുന്നു. മക്കാ പീഢനം സഹിക്കാതെ വന്നപ്പോൾ വിശ്വാസികൾ രണ്ടുതവണ അബ്സീനിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ആ രണ്ടിലും മഹാൻ ഉണ്ടായിരുന്നു.
ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കൾ കൃത്രിമമായി സൃഷ്ടിച്ച പരിഭ്രാന്തിയിൽ പലരും ചിതറി ഓടിയപ്പോൾ ശരീരം നോക്കാതെ സ്ഥിരതയോടെ ഉറച്ച് നിന്ന ധീരനായിരുന്നു മഹാൻ. പക്ഷേ അതിനെക്കാൾ ഏറെ, സമ്പത്ത് കൊണ്ട് അദ്ദേഹം ഈ ദീനിന് സംഭാവന ചെയ്തു. ദാനം ചെയ്യുക, സംഭാവന കൊടുക്കുക എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന എല്ലാ ചിത്രങ്ങളെയും തകർത്തില്ലാതാക്കുന്ന വിധമുള്ള അറ്റമില്ലാത്ത ദാനത്തിന്റെ ആളായിരുന്നു അബ്ദുറഹ്മാനിബ്നു ഔഫ്. നമ്മളൊക്കെ എല്ലാ കണക്കും കൂട്ടിക്കിഴിച്ച് ഇന്നലെയും ഇന്നും നാളയും നാളും നോക്കി മക്കളെയും പേരമക്കളെയും കണക്കാക്കി എല്ലാം കഴിഞ്ഞാണ് എന്തെങ്കിലും എടുത്തു കൊടുക്കുന്നത്. ഇത് അതല്ല. കൈയ്യും കണക്കും ഇല്ലാതെ വാരിക്കൊടുപ്പ് തന്നെയാണ്. ഒരിക്കൽ ഒരു തുണ്ട് നാണയം പോലും ബാക്കി വെക്കാതെ എല്ലാം തിരുനബിയുടെ സന്നിധിയിൽ കൊണ്ടുവന്നിട്ട് ഇഷ്ടംപോലെ ചെലവഴിച്ചോളാൻ പറഞ്ഞു.
കച്ചവടത്തിന്റെ കെമിസ്ട്രി നന്നായി അറിയാം എന്ന് പറഞ്ഞതിൻ്റെ അർത്ഥം എവിടെയെല്ലാം ലാഭം ഉണ്ടാക്കാൻ പറ്റുമോ അതെല്ലാം ഉപയോഗപ്പെടുത്തി എന്നാണെന്ന് മനസ്സിലാക്കരുത്. ആധുനികകാലത്ത് ജനങ്ങളുടെ നിസ്സഹായതയും നിവൃത്തികേടും ചൂഷണം ചെയ്ത് ലാഭം വസൂലാക്കുന്ന കാലമാണ്. ഏതെല്ലാം നിലക്ക് ഉപഭോക്താക്കളെ അവരറിയാതെ പിഴിഞ്ഞ് ലാഭം പരമാവധിയാക്കാം എന്ന് ഗവേഷണം നടത്തുന്ന കച്ചവടക്കാലമാണ്. വിലകുറക്കുന്നില്ല എന്ന് തോന്നിപ്പിച്ചു കൊണ്ട് ഉപഭോക്താവ് അറിയാതെ വസ്തുവിൻ്റെ അളവ് കുറച്ച് സുതാര്യമായ മോഷണം നടത്തുന്നത് കച്ചവടത്തിൻ്റെ അന്തസ്സായ കാലസന്ധിയാണിത്. ഉപഭോക്താക്കളെ മാത്രമല്ല ചെറുകിട, ഇടത്തര കച്ചവടക്കാരെയെല്ലാം അപ്രസക്തരാക്കി, സകലമാന ഇടപാടുകളും ഏതാനും ചിലരിലേക്ക് മാത്രം ഫോക്കസ് ചെയ്തു എല്ലാ ലാഭവും നമ്മിലേക്ക് തന്നെ ഒഴുകിക്കുമിയണം എന്ന് ചിന്തിക്കുന്ന ഒരു കാലത്ത് അബ്ദുറഹിമാൻ ബിനു ഔഫ് എന്ന് പറയുന്ന കച്ചവടക്കാരന്റെ നിലപാടുകൾ നമുക്ക് പാഠമാണ്.
അറേബ്യയിൽ ഒരിക്കൽ കഠിനമായ ദാരിദ്ര്യം പടർന്നു പിടിച്ചു. ആ സമയത്താണ് 700 ഒട്ടകങ്ങളിൽ നിറച്ച് ആഹാരപദാർത്ഥങ്ങളുടെ ചരക്കുമായി അബ്ദുറഹ്മാനുബ്നു ഔഫിന്റെ വർത്തക വ്യൂഹം കടന്നുവരുന്നത്. അതെല്ലാം പൊന്നും വിലയ്ക്ക് വിലപേശിവിറ്റ് കോടിപതി ആകാമായിരുന്നു. പക്ഷേ മിനിമം വിലക്ക് വിക്കാൻ പോലും കൂട്ടാക്കാതെ എല്ലാം വിശക്കുന്ന നാട്ടുകാർക്ക് ദാനമായി കൊടുക്കുകയാണ് ചെയ്തത്. ചെറുത്തുനിൽപ്പ് സമരങ്ങൾ നടക്കുന്ന സമയത്ത് 1500 പട്ടാളക്കാർക്ക് വേണ്ട ചെലവെല്ലാം അദ്ദേഹം സ്വയംവഹിച്ചു. ബദർ യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ സ്വഹാബിമാർക്കും 400 സ്വർണ്ണനാണയം വീതം നൽകി. തിരുനബിയുടെ വിയോഗശേഷം അവിടുത്തെ പത്നിമാരെയെല്ലാം ധാരാളമായി സഹായിച്ചു.
നോമ്പുതുറയിലേക്ക് തന്നെ തിരിച്ചു വരാം. വിളമ്പി വെച്ച ആഹാരത്തിന് മുന്നിലിരുന്ന് മഹാനവർകൾക്ക് പറയാനുള്ളത് ഇതാണ്:- മിസ്അബ് ബിന് ഉമൈര് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാള് നല്ലവനായിരുന്നു. ഒരു ചെറിയ തുണിക്കഷ്ണത്തിലാണ് അദ്ദേഹത്തെ കഫന് ചെയ്തത്. അതുകൊണ്ട് അദ്ദേഹത്തിന്റെ തല മറച്ചാല് കാല് ഭാഗവും, കാല് മറച്ചാല് തലഭാഗവും പുറത്ത് കാണുമായിരുന്നു. ഹംസയും രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാള് വലിയ മഹാനായിരുന്നു. പീന്നീട് നമുക്ക് സര്വ്വ സമൃദ്ധിയും നല്കപ്പെട്ടു. നമ്മുടെ നന്മകളുടെ പ്രതിഫലം ഇവിടെ നിന്ന് തന്നെ നല്കപ്പെട്ടുവോ എന്ന് നാം ഭയപ്പെടുന്നു. ഇതും പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന് ഒന്നും വായിൽ എടുത്തു വെക്കാൻ കഴിഞ്ഞില്ല. ഭക്ഷണം കഴിക്കാതെ അവിടെ നിന്ന് എഴുന്നേറ്റു പോയി.
നോക്കണം ഇസ്ലാം സമ്പന്നരുടെ മനസ്സിൽ വരുത്തിയ മാറ്റങ്ങളുടെ ആഴം. ഇത്രയെല്ലാം സമ്പത്ത് കുന്നുകൂടിയിട്ടും മനസ്സിനെ കട്ട് കൊണ്ട് പോവാൻ ആ സമ്പത്തിനായില്ല. സമ്പത്തിന്റെ അടിമയായി ഒരു നിമിഷം പോലും മഹാൻ നിന്നു കൊടുത്തില്ല. എപ്പോഴും കാൽ ചുവട്ടിലിട്ട് ഞെരിക്കാൻ മാത്രം ത്രാണിയുള്ള സമ്പത്തിന്റെ യജമാനനായി തന്നെ തലയെടുപ്പോടെ ജീവിതകാലം മുഴുവൻ നിലകൊണ്ടു. സമ്പത്തിനെ പൂജിക്കാത്ത മുതലാളിമാരെ പിന്നെ എന്തിനാണ് മതം പൂജിക്കേണ്ടിവരുന്നത്.
സമ്പത്താണ് സകലം എന്ന് കരുതുകയും അതിനു വേണ്ടി എല്ലാ മാനുഷിക മൂല്യങ്ങളെയും കുരുതി കൊടുക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഇസ്ലാം വരുത്തിവെച്ച മാനസികമാറ്റങ്ങൾ സമ്പത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകം പഠിക്കേണ്ടത് തന്നെയാണ്. പണക്കാർ ജീവിക്കേണ്ടത് ഇങ്ങനെയാണ്. അവർ യാത്ര ചെയ്യേണ്ടത് ഈ വിധത്തിൽ ആണ്. അവർ വസ്ത്രം ധരിക്കേണ്ടത് ഇങ്ങനെയാണ് അവർ വീടുവെക്കേണ്ടത് ഈ രൂപത്തിലാണ് എന്നൊക്കെയുള്ള അദൃശ്യമായ മേലാളവൽക്കരണം നടത്തുകയും അതെല്ലാം കീഴ്ത്തട്ടിൽ ഉള്ള ജനങ്ങൾക്ക് ഭാരമായി മാറുകയും ചെയ്ത അഭിശപ്തമായ സാഹചര്യം നമ്മുടെ മുമ്പിലുണ്ട്. ധനാഢ്യർ അവരുടെ ധനപരമായ അധികാരമുപയോഗിച്ച് ഒഴിവുകഴിവുകൾ നേടിയെടുക്കുകയും അർഹിക്കാത്തിടത്ത് കയറി ആളാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ്, പണത്തിന്റെ കനം ചുമലിനെ ഒടിക്കുമ്പോഴും എങ്ങനെ പച്ചമനുഷ്യനായി ജീവിക്കാം എന്ന് ഔഫ് തങ്ങൾ കാണിച്ചുതരുന്നത്.
സമ്പന്നരോട് / വിഭവങ്ങൾ പെരുത്തവരോട് നിങ്ങൾ നോമ്പ് നോക്കണം എന്ന് എങ്ങനെ പറയും എന്ന ആധിയായിരുന്നു കഴിഞ്ഞ അധ്യായത്തിൽ നാം പങ്കുവെച്ചത്. ഇവിടെ ഇതാ സ്വർഗം കിട്ടും എന്ന് തിരുനബി ഉറപ്പു പറഞ്ഞ പത്തിൽപ്പെട്ട ഒരാൾ, പോയ കാലങ്ങളിൽ മറ്റുള്ളവർ സഹിച്ച ദുരിതങ്ങൾ ഓർത്ത്, തനിക്ക് വല്ലാതെ സമൃദ്ധി വന്നുചേർന്നു പോയല്ലോ എന്ന് സങ്കടപ്പെട്ട് പൂർണ്ണമായും നോമ്പുനോറ്റ്, തുറക്കാൻ നേരത്ത് മുമ്പിൽ നിരത്തിവെച്ച ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വിങ്ങുന്നു. അബ്ദുറഹ്മാനുബ്നു ഔഫ് ഒരു ഉദാഹരണം മാത്രം. വിശദമായി പഠിക്കാൻ ഇറങ്ങിയാൽ സംശയം വേണ്ട. നമ്മുടെ ഉള്ളും വിങ്ങും, കണ്ണുകൾ നനയും.





