ഒരു മൂന്ന് സിനാറിയോകൾ പറയാം; ശ്രദ്ധിച്ചു വേണം കേൾക്കാൻ. രണ്ടുദിവസമായി കരണ്ടും വെള്ളവുമില്ല. മിനിഞ്ഞാന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒരുപാട് മരങ്ങൾ കടപുഴകി. ഇനിയും എങ്ങനെയാണ് വെള്ളവും വെളിച്ചവുമില്ലാതെ ജീവിക്കുക. ഗ്രാമീണർ ഒത്തുകൂടി. അവർ പണിക്കാരെ കൂലിക്ക് വിളിച്ചും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ശ്രമദാനമായും ഇലക്ട്രിക് കമ്പികളിൽ വീണ മരങ്ങളും കൊമ്പുകളുമെല്ലാം വെട്ടിമാറ്റി. ഉദ്യോഗസ്ഥരെ കൂട്ടിക്കൊണ്ടുവന്ന് വൈദ്യുതി പുന:സ്ഥാപിച്ചു. അവർക്കുള്ള പ്രത്യേക അലവൻസും കൊടുത്തു.
നിങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിയാണ്. വാഹനത്തിൽ പോകാൻ മാത്രമല്ല നടന്ന് യാത്ര ചെയ്യാൻ പോലും വളരെ പ്രയാസമാണ്. അങ്ങനെയിരിക്കെ ഗ്രാമീണവാസികളായ നിങ്ങൾ സഭ ചേർന്നു. റോഡ് നന്നാക്കേണ്ടത് ആരുടെ ചുമതലയാണ്?, സർക്കാരിന്റേത്. സർക്കാരിന് എവിടെ നിന്ന് പണം? നമ്മൾ കൊടുത്തിട്ട്. എന്നാൽ എല്ലാവരും പൈസ എടുക്കൂ എന്ന് പറഞ്ഞ് പണപ്പിരിവ് നടത്തി റോഡ് ഫിനിഷ് ആക്കി.
നിങ്ങളുടെ സ്കൂളിലേക്ക് ഒരു പുതിയ അധ്യാപകൻ വന്നു. ലക്ഷങ്ങൾ മാനേജ്മെന്റിന് കൊടുത്തിട്ടാണ് ചേർന്നത്. കാര്യം അതൊന്നുമല്ല, കൊല്ലം രണ്ടുമൂന്നായിട്ടും അപ്രൂവൽ ആയിട്ടില്ല, ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. ആൾ ആണെങ്കിൽ സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്. ശമ്പളം കിട്ടാതിരുന്നാൽ ഇനി ശ്വാസം കിട്ടില്ല എന്ന അവസ്ഥ. നിങ്ങൾ സ്റ്റാഫ് കൗൺസിൽ ചേരുന്നു. അദ്ദേഹത്തിന് കിട്ടാനുള്ള ശമ്പളം നിങ്ങൾ ചേർന്ന് പിരിച്ചെടുത്ത് കൊടുക്കുന്നു.
പ്രത്യക്ഷത്തിൽ തരക്കേടില്ല എന്ന് തോന്നുന്ന സംഗതികളാണ് മേൽ പറഞ്ഞവയെല്ലാം. പ്രായോഗികമായും ബുദ്ധിപരമായും വളരെ സന്ദർഭോചിതമായ ഇടപെടലുകൾ. അതായത് അനാവശ്യമായ സങ്കീർണതകൾ ഇഷ്ടപ്പെടാത്തവരാണല്ലോ നമ്മൾ. കാര്യങ്ങൾ ഭംഗിയിൽ നടക്കുക എന്നതല്ലേ പ്രധാനം. പക്ഷേ ഇതിന് ഒരു പിന്നാമ്പുറമുണ്ട്. അത് കേൾക്കുമ്പോഴാണ് നിങ്ങളെല്ലാം കാലുമാറുക.
മേൽപ്പറഞ്ഞ കേസുകളിൽ:- മരം വീണ് കരണ്ട് പോവുക, റോഡുകൾ കുണ്ടും കുഴിയുമായി കിടക്കുക, അധ്യാപകൻ ശമ്പളം കിട്ടാതെ വലയുക - ഈ മൂന്ന് വിഷയങ്ങളിലും പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രധാനം. ഈ മൂന്ന് സ്ഥലത്തും ശരിക്ക് പ്രതിയായി വരുന്നത് സർക്കാരാണ്. സർക്കാറിന് പണം കിട്ടുന്നത് കുട തുന്നിയിട്ടോ, പശുവിനെ കറന്നു പാല് കൊടുത്തിട്ടോ, പുട്ട് ചുട്ടുവിറ്റിട്ടോ, വാച്ച് നന്നാക്കി കൊടുത്തിട്ടോ ഒന്നുമല്ല. മറിച്ച് നമ്മൾ കൊടുക്കുന്ന നികുതിപ്പണമാണ്. നമ്മളിൽ നിന്ന് പിരിച്ചെടുത്ത നികുതിയാണ് പല കണക്കുകളും വകുപ്പുകളിലുമാക്കി ശമ്പളമായും വികസന പ്രവർത്തനങ്ങളായും അറ്റകുറ്റപ്പണികൾക്കായും ഒക്കെ വിനിയോഗിക്കുന്നത്. മറ്റു മാർഗങ്ങൾ തീരെ ഇല്ല എന്നല്ല.
കരണ്ട് ശരിയാക്കിയ ഉടനെ ഗ്രാമീണവാസികളുടെ നേതാവ് കെഎസ്ഇബി ഓഫീസിലേക്ക് ഒരു ഫോൺ ചെയ്തു. ഞങ്ങളുടെ നാട്ടിലെ വൈദ്യുതപ്രവാഹം ശരിയാക്കേണ്ടതിലേക്ക് ഇത്ര പണം ഞങ്ങൾക്ക് ചെലവ് വന്നിട്ടുണ്ട്. ആയതിനാൽ തത്തുല്യമായ പണത്തിൻ്റെ തോതനുസരിച്ച് അടുത്തെ മാസം ഞങ്ങളുടെ നാട്ടുകാർ ഇത്രപേർ കെഎസ്ഇബി ബില്ല് അടയ്ക്കുന്നതല്ല; അത് ഓൾറെഡി ചെലവായിക്കഴിഞ്ഞു. ഓക്കേ, എന്നാൽ ശരി' എന്തു നല്ല സന്ദർഭോചിതമായ പരിപാടി, അല്ലേ?
അടുത്ത ഫോൺ പോയത് വില്ലേജ് ഓഫീസിലേക്കാണ്. ഞങ്ങളുടെ നാട്ടിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ ഞങ്ങൾ വളരെ ഭംഗിയിൽ പൂർത്തിയാക്കി എന്നും ആയതിനാൽ അടുത്ത വർഷം ഞങ്ങളുടെ നികുതി അതിലേക്ക് വകവെക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫോൺ. മൂന്നാമത്തെ കോൾ പോകുന്നത് ജില്ലാ ട്രഷറി ഓഫീസിലേക്ക്. ഞങ്ങളിൽ നിന്ന് ഇൻകം ടാക്സും പ്രൊഫഷണൽ ടാക്സും ഒക്കെ പിരിച്ചുകൊണ്ടു തന്നെയാണല്ലോ നിങ്ങൾക്ക് ശമ്പളം തരുന്നത്. ആയതിനാൽ ഞങ്ങളുടെ സ്കൂളിലെ ഒരധ്യാപകൻ നന്നേ തിടുക്കത്തിലാകയാൽ ശമ്പളം ഞങ്ങൾ തന്നെ മുൻകൈ എടുത്ത് പിരിച്ചു കൊടുക്കുന്നുണ്ട്. ആകയാൽ വരുന്ന ഇത്ര മാസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ നിന്ന് ഒരാളും ഇൻകം ടാക്സ് അടക്കുന്നതായിരിക്കുന്നതല്ല, എന്ന് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അറിയിക്കുന്നു!
ഇതിലിപ്പോൾ എന്താ ഇത്ര മോശത്തരമായി ഉള്ളത്. വളഞ്ഞുപുളഞ്ഞ് നടക്കേണ്ട ഒരു കാര്യം നേർക്കുനേരെ വളരെ ഫലപ്രദമായി അങ്ങ് നടന്നു. എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ഇത്തരം ഇന്നവേറ്റീവ് മുന്നേറ്റങ്ങളെ. പക്ഷേ ഇതു കേൾക്കുമ്പോൾ ചിലരുടെ ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു മുള്ളുകുത്ത് ഉണ്ടാവുന്നുണ്ട്. എന്തോ ഒരു ശരിപോരായ്മ പതുങ്ങിക്കിടക്കുന്നപോലെ. അത് അങ്ങനെയാണ്. എല്ലാത്തിലും സിസ്റ്റം സിസ്റ്റമായി നടക്കണം. അല്ലെങ്കിൽ വലിയ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകും.
ഇസ്ലാമിലെ സക്കാത്ത് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പഠിക്കുമ്പോൾ പ്രത്യക്ഷത്തിൽ സൂക്ഷ്മമായ സങ്കീർണതകൾ എന്ന് തോന്നുന്ന ചില സംഗതികൾ ഉണ്ടായേക്കാം. നമുക്ക് നേർക്കുനേരെ അങ്ങ് ഇടപെട്ടേക്കാം എന്നും അങ്ങനെയും ഇങ്ങനെയും ഒന്നുമല്ല വേണ്ടത് മറിച്ച് ഇങ്ങനെയും അങ്ങനെയും ഒക്കെ ആക്കുകയാണ് പ്രായോഗികം എന്നൊക്കെയുള്ള തീവ്രതരിപ്പും അമിത ആവേശവും ചിലരിൽ കയറിയേക്കാം; നിയന്ത്രിക്കണം! ആവേശത്തരിപ്പുകൾ എപ്പോഴും അപകടകരം തന്നെയാണ്.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ സക്കാത്ത് കൊടുക്കേണ്ടത് 2.5% ആണ് എന്നുള്ളത് ലോകത്ത് എല്ലായിടത്തും എല്ലാ സമയത്തും ഒരേ നിയമമാണ്. അതിൽ പ്രായോഗിക ബുദ്ധി ആരോപിച്ചുകൊണ്ട് സമയപരമായ ദേശപരമായ കസ്റ്റമൈസേഷൻ കൊണ്ടുവരാൻ വകുപ്പില്ല. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു പ്രത്യേക ഭൂപ്രദേശത്ത് അതിസമ്പന്നരായ അഞ്ചുപത്തുപേരുണ്ട്. പട്ടിണിപ്പാവങ്ങളായ കുറെയധികം പേരുമുണ്ട്. ആയതിനാൽ കിട്ടുന്ന സക്കാത്ത് കൊണ്ട് നാട്ടുകാരുടെ പട്ടിണി മാറി കിട്ടുന്നില്ല. അതെങ്ങാനും ഒരു ഇത്തിരി വർദ്ധിപ്പിച്ച് നാല് ശതമാനമോ അഞ്ച് ശതമാനമോ ആക്കിയാൽ അവിടം വളരെ പെട്ടെന്ന് പട്ടിണിമുക്ത ഗ്രാമമായി പ്രഖ്യാപിക്കാൻ കഴിയും. അങ്ങനെയൊരു അനുപാത വർദ്ധനവിന് വിലങ്ങു നിൽക്കാൻ സാധ്യതയുള്ളവരും അല്ല അവിടുത്തെ പണക്കാർ. സക്കാത്ത് 2.5% എന്നുള്ളത് 5% ആക്കി ഇരട്ടിപ്പിച്ചിരിക്കുന്നു കേട്ടോ എന്ന് പറഞ്ഞാൽ "ഹോ അതിലൊക്കെ എന്തിരിക്കുന്നു, അഞ്ചോ ആറോ ഒക്കെ ആയിക്കോട്ടെ' എന്ന സിമ്പിൾ ആയി പറഞ്ഞു അവരതങ്ങ് സ്വീകരിക്കും. പക്ഷേ നിങ്ങൾക്ക് അങ്ങനെ അതിൽ ഇടപെട്ട് സക്കാത്തിന്റെ വിഹിതം വർദ്ധിപ്പിക്കാൻ വകുപ്പില്ല. പട്ടിണി മാറ്റാൻ ഇസ്ലാമിൽ സക്കാത്ത് അല്ലാത്ത ഒട്ടനവധി പദ്ധതികളും പ്രോജക്ടുകളും ഉണ്ട്. അത് ഉപയോഗപ്പെടുത്താം. പക്ഷേ സക്കാത്ത് എന്ന നിലക്ക് 2.5 ശതമാനം മാത്രമേ പറ്റുകയുള്ളൂ.
ഇനി ഇതിൻ്റെ എതിർവശവും നമുക്ക് ആലോചിച്ച് നോക്കാം. ഒരു പ്രദേശത്ത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം നിലകൊള്ളുകയാണ്. കാര്യമായി ഇടപാടുകളും കച്ചവടങ്ങളും ഒന്നും നടക്കുന്നില്ല. ഷോപ്പുകളിലെ പ്രധാന വന്നുപോക്കൻമാർ ഈച്ചകൾ മാത്രം. ബിസിനസ് രംഗം മുച്ചൂടും ഡള്ളോടുഡള്ള്! അങ്ങനെയിരിക്കുമ്പോൾ 2.5 ശതമാനം സക്കാത്ത് കൊടുക്കുക എന്ന് പറഞ്ഞാൽ വലിയ ഭാരമായി അനുഭവപ്പെടും. അതൊരു 2%/ 1.5% ആയി തൽക്കാലം വെട്ടിക്കുറച്ചാൽ വലിയ ആശ്വാസം ആവുകയും ചെയ്യും. എന്ത് പറയുന്നു? പറയാൻ ഒന്നുമില്ല! കച്ചവടവും സാമ്പത്തികമാന്ദ്യവും അതിൻ്റെ വഴിക്ക്; സക്കാത്ത് രണ്ടര ശതമാനം അതിന്റെ വഴിക്ക് തന്നെ കൊടുത്തു കൊള്ളണം!
ഇതുപോലെതന്നെ സക്കാത്തുമായി ബന്ധപ്പെട്ട മറ്റൊരു കണ്ടീഷനാണ് ഒരു വർഷം കൈയ്യിലിരുന്നെങ്കിലേ സക്കാത്ത് കൊടുക്കേണ്ടതുള്ളൂ എന്നത്. ആലോചിച്ചുനോക്കുമ്പോൾ അതുകൊണ്ട് പാവപ്പെട്ടവർക്ക് വലിയ പ്രയാസം നേരിടുന്നുണ്ട്. അത് പത്തുമാസം എന്നോ എട്ടുമാസം എന്നോ ആറുമാസം എന്നോ താഴേക്ക് വലിച്ചു കൊണ്ടു വരികയാണെങ്കിൽ കൂടുതൽ നേരത്തെയും കൂടുതൽ ഫ്രീക്വന്റ് ആയും സക്കാത്ത് കിട്ടുവാനുള്ള സന്ദർഭം സാധ്യമാകുമായിരുന്നു. ഒരു കൊല്ലം വരെയൊക്കെ നീട്ടിവച്ചാൽ ഇടക്കാലത്തുവച്ച് അല്ലെങ്കിൽ അവസാനഘട്ടത്തിൽവച്ച് സക്കാത്ത് അലസിപ്പോവാനുള്ള സാധ്യതയും ഏറെയാണ്. കാരണം സ്വാഭാവികമായും ആറുമാസവും എട്ടുമാസവുമൊക്കെ പണം കൈയ്യിലിരിക്കാമല്ലോ. അതേസമയം ഒരു കൊല്ലം ഒക്കെ വെച്ചിരിക്കുമ്പോഴേക്കും ജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾ നുഴഞ്ഞുകയറി മറ്റ് വഴികളിലേക്ക് പണം ഒഴുകി വർഷം പൂർത്തിയാവുക എന്നുള്ളത് പൊളിയുകയും സക്കാത്ത് ഇല്ലാതായിപ്പോവുകയും ചെയ്യും.
നമ്മൾ ആദ്യമേ ഒന്നങ്ങ് തീരുമാനിക്കുക. അതിനനുസരിച്ച് കർമകാണ്ഡങ്ങൾക്ക് തിരക്കഥ എഴുതുക; അത് നടക്കുകയില്ല! ദാരിദ്ര്യ നിർമാർജ്ജനത്തിനുള്ള ഇസ്ലാമിന്റെ ഒരു പദ്ധതിയാണ് സക്കാത്ത്. എന്നപോലെ സക്കാത്തിന്റെ ഒരു ലക്ഷ്യമാണ് ദാരിദ്ര്യ നിർമാർജ്ജനം. ഇസ്ലാം മുന്നോട്ട് വെക്കുന്ന മറ്റു ധനദാന/പരസ്പര സഹായ പദ്ധതികളെ ഒന്നും പരിഗണിക്കാതെ സക്കാത്ത് കൊണ്ട് മാത്രം സകല ദാരിദ്ര്യവും നിർമാർജനം ചെയ്യണമെന്ന് വാശി പിടിക്കുന്നത് തല്ലുകൊള്ളായ്ക കൊണ്ടും അതിലേറെ അറിവുകേട് കൊണ്ടുമാണ്. വിശദമായി പഠിച്ചറിയുമ്പോൾ ഒരു ഇസ്ലാമിക സമൂഹത്തിൽ പട്ടിണി കിടക്കേണ്ട/ തനിക്ക് ആരുമില്ലെന്ന അന്യതാബോധം രൂപപ്പെടുന്ന സാമൂഹ്യ പശ്ചാത്തലം തീരെ ഇല്ലാതാകുമെന്ന് കാണാൻ കഴിയും. മതനിയമങ്ങൾ മനുഷ്യ ബാഹ്യമായ തലത്തിൽ നിന്ന് വന്നതാവുകയാൽ അവ അപ്പടി അനുസരിക്കുക എന്നല്ലാതെ നമ്മളായി ഭേദഗതി വരുത്തുക എന്നുള്ളത് ഒട്ടും സാധ്യമല്ലാത്ത കാര്യമാണ്. നമ്മൾക്ക് കാണാൻ കഴിയാത്ത പല ഉൾപൊരുളുകളും അവകളിൽ കണ്ടേക്കാം. അതുമായി ബന്ധപ്പെട്ട ചിലത് കൂടി പറയാനുണ്ട്; പറയാം.





