അങ്ങനെ കണ്ടവരെയൊന്നും അങ്ങ് ഏൽപ്പിക്കാൻ കഴിയില്ല. പുതിയ വീടാണ്. എല്ലാ പണികളും ഫിനിഷിംഗ് ആയതാണ്. വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്; വിശാലമായ മുറ്റവും തൊടിയും. അതിൽ ചെടികളും കൃഷികളും. അങ്ങനെ ഇരിക്കവേയാണ് അന്വേഷണം നിങ്ങളിൽ എത്തുന്നത്. നിങ്ങളാണെങ്കിൽ ഭാര്യയും മക്കളും കെട്ടും മുട്ടും പായ്യ്യാരങ്ങളുമായി ദിശ കിട്ടാതെ അലയുകയാണ്. ചുരുങ്ങിയത് ഒരു നാലുകൊല്ലമെങ്കിലും സമാധാനത്തിൽ താമസിക്കാം. നല്ല തിളങ്ങുന്ന പുതുപുത്തൻവീടാണ്. ഫർണിച്ചറുകളും ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും എല്ലാം ഇഷ്ടം പോലെയുണ്ട്. വാടക കൊടുക്കുകയും വേണ്ട. കുശാലോട് കുശാൽ!. നാലുകൊല്ലം പൂർത്തിയാവാനായിരിക്കുന്നു. സുഹൃത്ത് തിരിച്ച് വരാനായി നിൽക്കുന്നു. എന്താണ് ഇപ്പോൾ വീടിന്റെയും പറമ്പിന്റെയും അവസ്ഥ. സകലം നാശകോശമാക്കി വെച്ചിരിക്കുന്നു. ഉടയുകയോ വക്കുപൊട്ടുകയോ ചെയ്യാത്ത ഒറ്റ പാത്രങ്ങളില്ല. ചുമരും തറയുമൊക്കെ കുത്തി വരഞ്ഞ് വെടക്കാക്കി വെച്ചിരിക്കുന്നു. മുറ്റവും പരിസരവും പെരുച്ചാഴികളെന്നപോലെ കുത്തിത്തുരന്ന് വൃത്തികേടാക്കിയിരിക്കുന്നു. അരുമയായി നട്ട പല ചെടികളും ഉണങ്ങിപ്പൊടിഞ്ഞിരിക്കുന്നു. കഴുകാതെയും വൃത്തിയാക്കാതെയും വെച്ച് മെഷീനുകളും ഉപകരണങ്ങളും ചൊത്തയായി മാറിയിരിക്കുന്നു. അപരിഷ്കൃതരായ നാടോടികൾ താമസിച്ചാലെന്നപോലെ വീടിന്റെ അകംപുറം ആകെ ചീഞ്ഞു കെന്തിയിരിക്കുന്നു.
ഇനിയാണ് ചോദ്യം? വീട്ടുടമസ്ഥന്റെ നിലപാട് എന്തോ ആവട്ടെ; അയാൾ ഒന്നും പറയില്ലായിരിക്കാം; നിങ്ങളുമായി അത്രമേൽ സ്നേഹബന്ധത്തിലാവുകയാൽ. പക്ഷേ, നിങ്ങൾ ഒരു മാന്യനായ മനുഷ്യൻ എന്ന നിലക്ക് അയാൾ നിങ്ങളെ വിശ്വസിച്ചേൽപ്പിച്ച വീടും വളപ്പും കുട്ടിച്ചോറാക്കി മാറ്റിയതിൽ നിങ്ങളുടെ നിഷ്പക്ഷ നിലപാടെന്തെന്നറിയാൻ ആഗ്രഹമുണ്ട്. അല്ലാഹു മനുഷ്യനെ പടക്കുന്നു - എന്തായിട്ട്? അവൻ്റെ ഖലീഫയായിട്ട്!
ഖലീഫ എന്ന് വെച്ചാൽ? പ്രതിനിധി! എന്നിട്ട് അവൻ താമസിക്കാൻ മനോഹരമായ പ്രകൃതി അണിയിച്ചൊരുക്കി. അവൻ വേണ്ടതെല്ലാം ഇവിടെ സംവിധാനിച്ചു. എല്ലാം ആവശ്യം പോലെ ഉപയോഗിച്ചു കൊള്ളാൻ പറഞ്ഞു; പക്ഷേ അമിതമാവരുതെന്നും നശിപ്പിക്കരുതെന്നും ഓർമിപ്പിക്കുന്നു.
ഇനി നമ്മൾ നമ്മോട് ചോദിക്കുക. നമുക്ക് ജീവിക്കാൻ വിഭവങ്ങൾ വേണം. അവ ഈ പ്രകൃതിയിൽ ഫ്രഷായി ഇഷ്ടംപോലെ കിട്ടാനുണ്ട്. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ അവ ഉപയോഗിക്കുന്നതിൽ നാം ഒരു നൈതികത പാലിച്ചുവോ? നമ്മെ വിശ്വസിച്ച് ഖലീഫയാക്കി നമുക്ക് അമാനത്തായി (വിശ്വസിച്ചേല്പിച്ച) വിട്ട് തന്ന പ്രകൃതി എന്ന വീടും അതിലെ പലതരത്തിലുള്ള വിഭവങ്ങളും സമ്പത്തുകളും മാന്യമര്യാദയോടു കൂടി നമ്മൾ കൈകാര്യം ചെയ്തോ? ഇല്ലെങ്കിൽ നമ്മൾ എത്രമാത്രം കെടുകാര്യസ്ഥരും നന്ദികെട്ടവരുമാണെന്ന് ഓർത്തുനോക്കൂ! വളരെ വിശ്വസിച്ച് നിങ്ങളുടെ വീടും പറമ്പും മറ്റൊരു സുഹൃത്തിനെ ഏൽപ്പിച്ചിട്ട് ഈ ദുർഗതി ഉണ്ടായെങ്കിൽ എന്താകുമായിരുന്നു നിങ്ങളുടെ നിലപാട്?
നമ്മൾ കൈകാര്യം ചെയ്യുന്ന ഓരോ സമ്പത്തും ഓരോ വിഭവവും ഒരു പകരക്കാരന്റെ കണ്ണോടെ കണ്ടു വേണം ചെയ്യാൻ എന്നാണ് വായിച്ചുവന്നതിൻ്റെ സാരം. എന്ന് വെച്ചാൽ നമ്മൾ ആരെയോ വെട്ടിപ്പിടിച്ച് അഗ്രസീവ് ആയി അധീശത്വം സ്ഥാപിച്ചെടുത്തതല്ല ഈ ലോകം. ആദരവോടെ ക്ഷണിച്ചുവരുത്തപ്പെട്ട അതിഥികളും പ്രതിനിധികളുമാണ് നമ്മൾ. നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. കരകടലുകളിൽ നമ്മൾ അവരെ വഹിച്ചിരിക്കുന്നു എന്ന് എത്ര ബഹുമാനപുരസരമാണ് ഖുർആൻ പറയുന്നത്. രണ്ടു കാര്യങ്ങളാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. ഒന്ന് നമ്മുടെ സ്വഭാവ മഹിമയുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് നമ്മുടെ അസ്തിത്വവുമായി കെട്ടിപ്പിണഞ്ഞ ആഴമേറിയ വസ്തുതയുമാണ്. അഥവാ; ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി വന്ന നമ്മൾ നമ്മുടെ മുമ്പിൽ നിരത്തി വെച്ച, നമുക്കായി വിരിച്ചു വെച്ച, നമുക്ക് വേണ്ടി ഒരുക്കിവെച്ച സകല വിഭവങ്ങളും സൗകര്യങ്ങളും മാന്യമര്യാദയോടു കൂടി മോഡറേറ്റായി ഉപയോഗിക്കലാണ് നല്ല സംസ്കാരം. അല്ലെങ്കിൽ എന്താ നമ്മെപ്പറ്റി പറയുക; കണ്ണും മൂക്കും ഇല്ലാത്ത തീറ്റക്കൊതിയന്മാരും വെറിയന്മാരുമായ ചില ആർത്തി പണ്ടാരങ്ങളായിരുന്നു വന്നുപോയത് എന്നല്ലേ! എന്തിനാണ് വെറുതെ നമ്മൾ നമ്മളെ തന്നെ പറയിപ്പിക്കുന്നത്.
രണ്ടാമത്തെ കാര്യം, ഒട്ട് ഗൗരവം കൂടിയതാണ്. അഥവാ, മറ്റൊരാളുടെ കുടിയിടത്തിൽ നമ്മൾ അതിഥികളായി / പ്രതിനിധിയായി താമസിക്കുന്നു എന്നു പറഞ്ഞാൽ അതിൻ്റെ പൊള്ളുന്ന അർത്ഥം; നമ്മൾ അവിടെ സ്ഥിര താമസക്കാരല്ല; അവിടെയുള്ളതൊന്നും സാക്ഷാൽ നമ്മുടേതല്ല, ഇന്നല്ലെങ്കിൽ നാളെ നമ്മളവിടം വിട്ടൊഴിഞ്ഞു പോകേണ്ടതാണ് എന്നാണ്. മലയാളത്തിന്റെ വലിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് മറ്റൊരു യുവകവിയുടെ വരികൾ ഉദ്ധരിക്കുന്നുണ്ട്, ചിദംബര സ്മരണയിൽ, വായിച്ചു നോക്കാം:-
"നമ്മുടേതല്ലീ വീടും വാതിൽമാടവും പടി -
ക്കല്ലുമിപ്പുറവേലിപ്പടർപ്പും പൊൻപൂക്കളും.
നമ്മുടേതല്ലീ വീടും മുറ്റവും നന്ത്യാർവട്ട -
ത്തറയുമരളിയുമിലഞ്ഞിപ്പൂഗന്ധവും.
നമ്മുടേതല്ലീ വീടും കുളവും കാവും കുളിർ
ചാമരം വീശും കാറ്റും സാന്ധ്യശോണിമകളും.
നമ്മുടേതല്ലീ വീട്ടിൻ ചിത്രമച്ചകങ്ങളും
കണ്ണാടിനോക്കും ദാരുശില്പകന്യകമാരും.
നമ്മുടേതല്ലീ നടുമുറ്റവും മഴയ്ക്കൊപ്പം
കിന്നരം മീട്ടിപ്പാടുമീ നാലിറയങ്ങളും.
നമ്മുടേതല്ലീ വീട്ടിൻ കോടിയിൽ നാം തൂക്കിയ
നല്ലോലക്കിളിക്കൂടും നെന്മണിക്കതിർകളും.
(കൂട്ടിൽ വന്നിരിക്കുന്ന കിളിയെക്കാണാതെ നീ
വീർപ്പിട്ട സായാഹ്നങ്ങളെത്ര പോയിതുവഴി).
നമ്മുടേതല്ലീ വീടും വീടിൻ്റെ സംഗീതവും
നമ്മൾ പോവുന്നു കാലദേശങ്ങളറിയാതെ.
യാത്രയാണനന്തമാം യാത്രയാണിടയ്ക്കല്പ -
മാത്രയൊന്നിളവേൽക്കാൻ വീടു തേടുന്നോർ നമ്മൾ."
കവി വാടക വീട്ടിലാണ് താമസിക്കുന്നത്. വാടക കൊടുക്കാൻ ആവതില്ലായ്കയാൽ ഉടമ അദ്ദേഹത്തെയും കുടുംബത്തെയും വീട്ടിൽ നിന്ന് ആട്ടിയിറക്കുകയാണ്. കവിയുടെ കുഞ്ഞുമോൻ ആ വീട്ടിൽ ജനിച്ചു വളർന്നതാണ്. എല്ലാം വാരിക്കെട്ടി പോകാൻ ഉടമ ആക്രോശിക്കുമ്പോൾ നമ്മൾ എന്തിന് പോകണമച്ഛാ ഇത് നമ്മുടെ സ്വന്തം വീടല്ലേ എന്ന് മകൻ ദൈന്യതയോടെ ചോദിക്കുന്നുണ്ട്. അതിനു മറുപടിയായാണ് കവി മേൽവരികൾ കരഞ്ഞ് കുറിക്കുന്നത്. ഈ മണ്ണിൽ അല്ലാഹുവിൻ്റെ പ്രതിനിധിയായി എത്തിയ നമ്മുടെ എല്ലാം യഥാർത്ഥ അവസ്ഥ ഇതാണ്. വാടകവീട് ഒഴിപ്പിക്കുമ്പോൾ നമ്മളെല്ലാം വാരിക്കെട്ടിയാണ് പോവുക. പക്ഷേ ഈ മണ്ണ് വിട്ട് നമ്മൾ പോകുമ്പോൾ ഒന്നുമില്ലാതെയാണ് പോവുക. അതാണ് വ്യത്യാസം. പതയ്ക്കുന്ന ആ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഉൾബോധം നമുക്കുണ്ടായിരിക്കണം.
വാടകക്കാരൻ താൻ ഉടമയാണെന്ന് തെറ്റിദ്ധരിച്ചതാണ് ഇന്ന് ലോകത്ത് കാണുന്ന ഒരുപാട് പ്രശ്നങ്ങളുടെയും കാതൽ. ആരുടെയോ വസ്തുവകകൾ നാം നമ്മുടേതെന്ന് തെറ്റിദ്ധരിക്കുന്നു, അവ നമ്മുടെതാക്കിത്തീർക്കാൻ നാം അക്രമവും കൊല്ലും കൊലയും ഒക്കെ നടത്തുന്നു. മനുഷ്യൻ അല്ലാഹുവിൻ്റെ ഖലീഫ ആണെന്ന് പറഞ്ഞാൽ നീ ഒരുത്തൻ മാത്രം ഖലീഫ ആണെന്നല്ലല്ലോ. മറിച്ച് മാനവരാശി ഒന്നടങ്കം എന്നല്ലേ. അപ്പോൾ എൻ്റെ സ്വന്തം ആവശ്യത്തിനു മാത്രമായി ഉപയോഗിക്കുക എന്നതല്ല മറിച്ച് മാനവ സമൂഹത്തിന്റെ മുഴുവൻ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നാണ് അതിനർത്ഥം വരുന്നത്. ചരിത്രം തെളിയിക്കുന്നത് മനുഷ്യൻ പലപ്പോഴും ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. ലാഭലോലുപതയുടെയും സ്വാർത്ഥാന്ധതയുടെയും പേരിൽ മനുഷ്യൻ പടച്ചോനുമായുള്ള മഹത്തായ ആ വാഗ്ദത്തം ഉല്ലംഘിച്ചു.
സമ്പത്തിനെ അമിതമായി സ്നേഹിച്ച ചക്രവർത്തിമാർ പോയ കാലങ്ങളിൽ എത്രയെല്ലാം മനുഷ്യരുടെ തലയെടുത്തു. എന്നിട്ട് അവരാരെങ്കിലും ഇവിടെ ശാശ്വതരായി വാണോ? ഇത് എന്റേത് അത് എന്റേത് മറ്റേതും എന്റേത് എന്ന് തൻ്റെ കൺമുന്നിൽ കണ്ടതെല്ലാം ചൂണ്ടിക്കാട്ടി വീമ്പിളക്കിയവർ മരിച്ച് മണ്ണോട് ചേർന്നപ്പോൾ ആ പറഞ്ഞ കുന്നും മലയുമൊന്നും കൂടെ പോയില്ല. ഒരു പക്ഷേ അവർ ചിരിച്ചിരിക്കും. കാരണം മുമ്പും ഒരുപാട് ചക്രവർത്തിമാർ അങ്ങനെ അവകാശപ്പെട്ടതാണ്.
പ്രശസ്ത അറബി ആത്മ പരിപോഷണ കാവ്യ ഗ്രന്ഥമായ 'റസാന' പറഞ്ഞ ഉദാഹരണപ്രകാരം വേശ്യയുടെ ഭർത്താവ് കുഞ്ഞിനെ കയ്യിലെടുത്ത് എന്റെ പൊന്നും കട്ടേ... എൻ്റെ പൊന്നാര കട്ടേ... എന്ന് വിളിച്ചു ലാളിക്കുമ്പോലെയാണത്. വേശ്യ അപ്പോൾ വാപൊത്തി ചിരിക്കും. 'അങ്ങനെയെത്ര പേർ പറയുന്നു, പാടുന്നു. ഞാനിതെന്നും കേൾക്കുന്നതല്ലേ ഹി! ഹി!!' എന്ന മട്ടിൽ. തിരുനബിയുടെ ഒരു ഉപദേശം ഉണ്ട്: നീ ഇവിടെ ഒരു പരദേശിയെപ്പോലെ കഴിയുക. അല്ലെങ്കിൽ ഈ നാട് മുറിച്ച് കടക്കുന്ന ഒരു യാത്രക്കാരനെപ്പോലെ കഴിയുക: നിന്റെ ശരീരത്തെ ശ്മശാനവാസികളുടെ കൂട്ടത്തിൽ എണ്ണിക്കൊള്ളുക. സമ്പത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തിൽ നമ്മുടെ ജീവിത നിലപാട് ഇങ്ങനെ ആയിക്കഴിഞ്ഞാൽ ഇവിടെ പിന്നെ പ്രശ്നങ്ങളോ ചൂഷണങ്ങളോ അടിപിടികളോ കൊള്ളകൊലകളോ ഒന്നും ഉണ്ടാവുകയില്ല. അതേസമയം ഇതാണ് ജീവിതം ഇവിടെയാണ് ജീവിതം ഇതാണ് ആസ്വദിക്കേണ്ടത്/ അർമാദിക്കേണ്ടത്, ഇതിനപ്പുറം ഒന്നുമില്ല എന്ന തനി ഭൗതികതയുടെ കല്ലുകാഴ്ച നമ്മെ കണ്ണിച്ചോര ഇല്ലാത്തവരാക്കും. ആകയാൽ ആത്മീയബോധത്തിന്റെ / മനുഷ്യപ്പറ്റിൻ്റെ ആർദ്രദർശനത്തോടെയാണ് നാം നമ്മുടെ സമ്പത്തിനെയും വിഭവങ്ങളെയും കാണേണ്ടത്. അതാണ് ഇസ്ലാമിന്റെ സമ്പദ്പരിപ്രേഷ്യവും.





