ഒരു കഥ പറയാം. കേൾക്കുമ്പോൾ ഒരു കുട്ടിക്കഥ പോലെ തോന്നാം, സാരമില്ല. എന്തായാലെന്താ കഥയല്ലേ. ഒരിക്കൽ ഒരു ഗ്രാമത്തിൽ മടിയനായ എന്നാൽ കൗശലക്കാരനായ ഒരു കർഷകനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും പണിക്ക് പോകുമായിരുന്നില്ല. ഒരു ദിവസം മക്കൾ വിശന്ന് കരയുന്നത് കണ്ട് ഭാര്യ അയാളെ എന്തെങ്കിലും പണിയെടുക്കാനായി വീട്ടിൽ നിന്ന് ഉന്തിപ്പായിച്ചു. അങ്ങനെ ഒരു കൈക്കോട്ടുമായി അയാൾ പുറത്തിറങ്ങി. ഒരു വീട്ടുവളപ്പ് കൊത്തിമറിക്കാനുള്ള ജോലി കിട്ടി. ഒന്നാമത്തെ കൊത്തിൽ തന്നെ അയാളുടെ തുമ്പ വഴുതിത്തെന്നി. നോക്കുമ്പോൾ നീല നിറമുള്ള ഒരു തോൽക്കഷണം! വലിച്ചൂരിയെടുത്തപ്പോൾ പഴയതെങ്കിലും ഉറപ്പുള്ള ഒരു ബലൂൺ, ഹൂ!
ഉടൻ അയാൾ പണി നിർത്തി. അതുമായി അത്യാഗ്രഹിയും ധനാഢ്യനും എന്നാൽ മഹാ അലസനുമായ തന്റെ സുഹൃത്തിന്റെയടുക്കൽ ചെന്നു. അത് അയാൾ നല്ലവണ്ണം ഊതി വീർപ്പിച്ചിരുന്നു. ഇതൊരു അത്ഭുതക്കുടമാണെന്നും ഇത് വച്ചിരുന്നാൽ ധനഭാഗ്യം കൂടി വരുമെന്നും ബോധിപ്പിച്ച് പണം തട്ടി. തൊട്ടടുത്ത ദിവസം അദ്ദേഹത്തിൻ്റെ അസൂയാലുവായ അയൽവാസിയുടെ അടുക്കൽ ചെന്നു. നിന്റെ സുഹൃത്തിന് ഇങ്ങനെയൊരു അത്ഭുതക്കുടം കിട്ടിയിട്ടുണ്ടെന്നും ഏതാനും നാളുകൾക്കുള്ളിൽ അയാൾ പറപറക്കുന്ന പണക്കാരനാകുമെന്നും അത് എത്രയും വേഗം കൈക്കലാക്കണമെന്നും പറഞ്ഞു പിരി കയറ്റി. അയാൾ ഇരട്ടിയോളം വില നൽകി അത് സ്വന്തമാക്കി. ഇതോടെ വാർത്ത നാട്ടിൽ പരന്നു. കേട്ടവർ കേട്ടവർ വലിയ വിലകളുമായി വരികയും ഓരോരുത്തരായി അത് കൈവശപ്പെടുത്തുകയും ചെയ്തു.
അതിനായി ചിലർ ആടുകളെ വിറ്റു, ആഭരണങ്ങൾ വിറ്റു, വീടും പാടവും വിറ്റു. ഒടുവിൽ മറ്റു ഗ്രാമങ്ങളിൽ നിന്ന് ആളുകൾ തേടിയെത്താൻ തുടങ്ങി. അങ്ങനെ അത്ഭുതക്കുടം പരസ്യമായി ലേലം ചെയ്തു വിൽക്കുന്നുവെന്ന വിളംബരം വന്നു. നാട്ടുകാരും മറുനാട്ടുകാരും തടിച്ചുകൂടി. പലരിലും അസൂയ നുരഞ്ഞു. ചെറിയ വിലക്ക് ആദ്യമാദ്യം വിറ്റവർക്ക് നിരാശ വന്നു. പലർക്കും അതെങ്ങനെയെങ്കിലും തനിക്ക് കിട്ടണമെന്ന മേലാശ മൂത്തു. ലേലം തുടങ്ങുകയാണ്. സദസ്സ് ശ്വാസമടക്കി നിന്നു. സമ്പന്നർക്ക് വാശി കയറി. അവർ വില കൂട്ടിക്കൂട്ടി പറഞ്ഞു. പെട്ടെന്ന് തെക്കുനിന്നൊരു കാറ്റ് വീശി. ബലൂണ് പാറി വന്ന് ഒരു മുള്ളിൽ വീണു. ശ്ശ് ശ്ശ്!!
തീർന്നു! കഥയും തീർന്നു, കാര്യവും തീർന്നു!! ആളുകൾ പണം തിരികെ ചോദിച്ച് അടി തുടങ്ങി. തങ്ങളെ വിളിച്ചു വരുത്തിയതിൽ പ്രതിഷേധിച്ച് ഗ്രാമീണരും അടികൂടി. ഒരാൾ മാത്രം ജീവനും കൊണ്ടോടി. ബലൂൺ കിളച്ചെടുത്ത് സീൻ ഉണ്ടാക്കിയ തൊരപ്പൻ, ആനമടിയൻ!
നമ്മുടെ ചുറ്റുപാടുകളിൽ നടന്നുകൊണ്ടിരിക്കുന്ന ചില സാമ്പത്തിക വ്യവഹാരങ്ങൾ ഇമ്മാതിരി അത്ഭുത ബലൂണുകളാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. അടിസ്ഥാനപരമായി ഒരു സ്വത്തും കയ്യിലില്ലാതെ, ഏതോ ഊതി വീർപ്പിച്ച, ദ്രവിച്ച, ബലൂൺ കാണിച്ചു ജനങ്ങളുടെ പണം പിടിക്കുകയും ഒരു ഘട്ടം എത്തുമ്പോൾ മുങ്ങുകയും ചെയ്യുന്ന എത്ര കറക്ക് കച്ചവടക്കാരാണ് നമ്മുടെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്.
ജീവിതത്തിൽ ആകെയുള്ള സമ്പാദ്യവും നിക്ഷേപിച്ച് തനി പാപ്പരായിത്തീർന്നവരുടെ നിശബ്ദ വിലാപങ്ങൾ നമുക്കുചുറ്റും ഏറെയാണെന്നത് നമുക്ക് വിസ്മരിച്ചു കൂടാ. പലരും ഇത്തരക്കാരെ അത്യാർത്തിക്കാരെന്ന് കുറ്റപ്പെടുത്താറുണ്ട്. എല്ലാം നഷ്ടപ്പെട്ട് മനസ്സ് മുറിപ്പെട്ടിരിക്കുമ്പോഴാണ്, മുറിവുകളിൽ മുളകരച്ച് തേക്കുന്ന ഈ കുത്തുവാക്കുകൾ
പറയുക. എല്ലാവരും അങ്ങനെ അത്യാർത്തിക്കാർ ആയിക്കൊള്ളണമെന്നില്ല. ജീവിക്കാൻ എന്തെങ്കിലും വകുപ്പ് വേണ്ടേ എന്ന് കരുതി പറഞ്ഞുകേട്ടത് വിശ്വസിച്ച് റിലയെബിൾ ആണെന്ന് തോന്നിപ്പോയതിനാൽ ഉള്ളതെല്ലാം അരിച്ചുപെറുക്കി കൊടുത്തതാണ്. എല്ലാം പോയി.
എങ്ങനെ വിശ്വസിക്കാതിരിക്കും! പ്രോജക്ട് പരിചയപ്പെടുത്താൻ വീട്ടിൽ വന്ന മൂന്ന് ദിവസവും, ഉണ്ടാക്കിയ ചായ തിരിച്ച് കൊണ്ടു പോകേണ്ടിവന്നു. ഒന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. അന്ന് അവന് സുന്നത്ത് നോമ്പാണെന്ന് പറഞ്ഞു. പിന്നെ വ്യാഴാഴ്ചയായിരുന്നു. അന്നും നോമ്പാണെന്ന് പറഞ്ഞു. പിന്നെയൊന്ന് ചൊവ്വാഴ്ചയായിരുന്നു. അന്നെങ്കിലും കുടിക്കുമെന്ന് കരുതി. അന്ന് അയ്യാമുസ്സൂദിൻ്റെ (കറുത്തവാവിന്റെ) നോമ്പായിരുന്നു പോൽ. ഇപ്പോഴാണ് വ്യക്തമാവുന്നത്, മാസ്മരിക കള്ളനായിരുന്നു അവനെന്ന്. വിശ്വസിപ്പിച്ച് വഞ്ചിക്കാനും മതാനുഷ്ഠാനങ്ങളെ ദുരുപയോഗം ചെയ്ത അസ്സൽ ഫ്രോഡുകൾ !!
എന്നാൽ പറയാം, ചിലർ കുടുങ്ങുന്നത് അത്യാർത്തി കൊണ്ട് തന്നെയാണ്. അവർക്ക് ഇൻവെസ്റ്റ് ചെയ്താൽ കാലമെടുത്തു കൊണ്ടുള്ള റിട്ടേണോ, മിതമായ രൂപത്തിലുള്ള പ്രോഫിറ്റോ പോരാ! പെട്ടെന്ന് വളർന്നു വലുതാവണം, കൊട്ടാരം പണിയണം, മലമറിക്കണം, മറ്റുള്ളവരെ ഞെട്ടിക്കണം. അങ്ങനെയാണ് വമ്പൻ ഇടൽ ഇട്ടത്, എന്നിട്ടെന്തായി? വമ്പൻ പൊട്ടല് പൊട്ടി! ആരോടെങ്കിലും പറയാൻ പറ്റുമോ? നാലാളറിഞ്ഞാൽ മോശത്തരമല്ലേ?
അങ്ങനെ കുടുങ്ങിക്കിടക്കുന്ന എത്ര ആളുകൾ നിങ്ങളുടെ ചുറ്റുമുണ്ടെന്നാണ് വിചാരം. പണം പോയത് മാത്രമല്ല കെട്ടോ, അതുണ്ടാക്കുന്ന കുടുംബ ശൈഥില്യങ്ങൾ എത്രയാണ്! മാനസിക പിരിമുറുക്കം എത്രയാണ്! മാനഹാനിയുടെ തോതെത്രയാണ്! എന്തെല്ലാം എന്തെല്ലാം നാശങ്ങളാണ് അത്യാർത്തി കൊണ്ട് വന്നുചേരുന്നത്. മാർക്കറ്റിൽ ശരാശരി നടക്കുന്ന കച്ചവടത്തിന്റെ നിലവാരവും കിട്ടാൻ സാധ്യതയുള്ള ലാഭ നിലവാരത്തിന്റെ സ്പന്ദനങ്ങളും ഒട്ടും അറിയാത്തവരായിപ്പോയോ ഈ മരപ്പോത്തുകൾ. ഏറ്റവും ചുരുങ്ങിയത് നിങ്ങൾ നിക്ഷേപിച്ച തുക കമ്മോഡിറ്റികളായി മാർക്കറ്റിൽ എത്തി സെയിൽസ് നടന്നത് കണക്കുകൂട്ടാനുള്ള കാലതാമസമെങ്കിലും വേണമെന്ന് അറിഞ്ഞുകൂടെ. ഇപ്പോൾ പണമിട്ടാൽ ആ ഇടുന്ന സമയത്ത് തന്നെ നിശ്ചിതശതമാനം ലാഭമായി തിരിച്ചു തരുന്ന എന്ത് ഒലക്കന്റെ മൂഡിലെ കച്ചവടമാണ് ലോകത്തുള്ളത്? നിങ്ങളുടെയെല്ലാം ബുദ്ധി എപ്പോഴാ പൂച്ചകടിച്ചു കൊണ്ടു പോയത് സോദരരേ?
ഓർമയുണ്ടോ ആ ഒരു വാക്ക്. മദീന മാർക്കറ്റിൽ ഗോതമ്പിനടിയിൽ കയ്യിട്ടു കോരി മുഹമ്മദ് നബി ലോകത്തോട് പറഞ്ഞ വാക്ക് ! "മൻ ഗശ്ശാനാ ഫ ലൈസ മിന്നാ."( വഞ്ചന നടത്തുന്നവർ നമ്മിൽ പെട്ടവനല്ല). വഞ്ചന! അതാണ് ബിസിനസ് ലോകത്ത് വ്യാപകമായി നടക്കുന്നത്. ചിലത് നേർക്ക് നേരെയുള്ള കാടൻ വഞ്ചനകളാണെങ്കിൽ, മറ്റു ചിലത് നിയമാനുസൃതമായ നാടൻവഞ്ചനകളാണ്. ചിലത് പരസ്യവഞ്ചനകളാണ്. പരസ്യം പറ്റുമല്ലോ. പക്ഷേ, പരസ്യത്തിൽ കണ്ട പൊടി എത്ര പാറ്റിനോക്കിയിട്ടും ആ പറഞ്ഞ പോലെ വെളുത്തു പാറുന്നില്ല. പരസ്യത്തിൽ പറഞ്ഞ മരുന്നെത്ര സേവിച്ചിട്ടും ഇരുപത്തിനാല് മണിക്കൂറിനപ്പുറം ഒരു സെക്കൻഡ് കൂടുന്നില്ല. വീടകം നിറച്ച് മണിപ്ലാൻ്റെത്ര വെച്ചിട്ടും ബാങ്ക് ബാലൻസ് ഒരിറ്റ് കൂടുന്നില്ല. ആ കാട്ടിലത്തൈലം കുപ്പി ഒന്നാകെ തലയിൽ കമിഴ്ത്തിയിട്ടും മുടി കാലിഞ്ച് വളരുന്നില്ല.
ഒരുപക്ഷേ, നിങ്ങളെ നിങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത കമ്പനികളിൽനിന്ന്, ബാങ്കുകളിൽ നിന്ന്, ഓഫീസുകളിൽ നിന്ന്, തുരുതുരാ വിളിക്കുന്നുണ്ടാവാം. അവർക്ക് എങ്ങനെയാണ് നിങ്ങളുടെ നമ്പറും പേരുവിവരങ്ങളും കിട്ടിയത്. നിങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ വിശ്വാസപൂർവ്വം നിങ്ങളുടെ ഡീറ്റെയിൽസുകൾ കൊടുത്തതായിരിക്കും. അവർ നമ്മളറിയാതെ നമ്മളുടെ സമ്മതമില്ലാതെ നമ്മുടെ സ്വകാര്യ വിവരങ്ങൾ പ്രതിഫലം വാങ്ങിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും റെസിപ്രോക്കൽ ബെനഫിറ്റുകൾ നേടിയെടുത്തോ കുത്തകക്കാർക്ക് കൈമാറുന്നു. അതെല്ലാം പിന്നീട് ചില തമോവ്യാപാരങ്ങൾക്ക് നിമിത്തമാവുന്നു. സമ്മാനക്കൂപ്പണുകൾ പ്രഖ്യാപിച്ച് ഭീമൻ പേടകം സ്ഥാപിക്കുകയും അത് വഴിയും ആളുകളുടെ പേരും വിലാസവും നമ്പറും കളക്റ്റ് ചെയ്ത് വമ്പൻ കമ്പനികൾക്ക് കൈമാറുന്ന അധോവ്യാവഹാരവും നടക്കുന്നുണ്ട്
.
''തറാളി' (പരസ്പര സംതൃപ്തി )യോടെ മാത്രമേ ഇടപാടുകളാകാവൂ എന്നു പറഞ്ഞ ഖുർആനിക പ്രസ്താവനയുടെ ആഴവും പരപ്പും എത്രയാണെന്ന് ആധുനിക പരിസരത്ത് വെച്ച് വായിച്ചു നോക്ക്. മനുഷ്യൻ്റെ ആന്തര ശുദ്ധീകരണത്തിന് ഒരു ലോക കോടതിയും ബില്ല് പാസാക്കിയിട്ട് കാര്യമില്ല. അതിന് ആത്മാവിനെ അറിയുന്ന അല്ലാഹുവിൻ്റെ വചനങ്ങൾക്ക് മാത്രമേ സാധിക്കൂ. ഓർമിക്കുക! വഞ്ചിച്ചു തിന്നുന്നതെല്ലാം ഹറാമാണ്. ഹറാമിൽ നിന്ന് മുളച്ചുണ്ടായ ഇറച്ചിയത്രയും തീക്ക് കരിക്കാനുള്ളതാണ്.





