നിങ്ങളുടെ പറമ്പിൻ്റെ അരിക്, കൊസ്രാക്കൊള്ളിയായ അയൽവാസി അല്പാല്പമായി ചുരണ്ടിമാന്തിയെടുക്കുകയും നിങ്ങളത് ചോദ്യം ചെയ്യാൻ പോയപ്പോൾ കുഴപ്പമായി, ബഹളമായി, കേസായി, കൂട്ടമായി, മാറുകയും ഒടുവിൽ ശക്തനും ധനാഢ്യനുമായ അയാൾ കാശ് കൊടുത്ത് നിയമപാലകരെ സ്വാധീനിക്കുകയും കട്ടെടുത്ത സ്ഥലത്തിൻ്റെ രേഖ ചമച്ചുണ്ടാക്കുകയും അയാൾ അതേ സ്ഥലത്ത് ഒന്നാന്തരം ചോരക്കദളി നട്ടുവളർത്തുകയും അതങ്ങ് തിടം വച്ച് വലുതായി കുലച്ചുതൂങ്ങുകയും അയാൾ അത് കൊത്തിയെടുത്ത് കൊണ്ടു പോവുകയും ചെയ്യുന്ന രംഗം കാണുമ്പോൾ നിങ്ങളുടെ മനസ്സിൻ്റെയുള്ളിൽ ശരിക്കും എന്താണുണ്ടാവുക?
മനസ്സിന്റെ ഏതോ മൂലയിൽ സങ്കടവും ദേഷ്യവും നിരാശയും സമം ചേർന്ന ഒരു ശബ്ദമില്ലാ വിലാപം കേൾക്കാം:-"അതു കൊണ്ട് പോയി തിന്നിട്ട് നിൻ്റെയും മക്കളുടെയും തടിക്ക് പിടിച്ചത് തന്നെ, എന്നിട്ട് കാണാം". അല്ലേ?
എന്നാൽ ചോദിക്കട്ടെ: അതെങ്ങനെ ശരിയാവും? അങ്ങനെ വിലപിക്കാൻ നിങ്ങളുടെ മനസ്സിന് എന്തവകാശം? അവൻ്റെ തടിക്കറിയില്ലല്ലോ ഇത് കട്ടൂകോരിയുണ്ടാക്കിയ നിലത്ത് കുലപ്പിച്ച വാഴയിലെ പഴമാണെന്ന്! ഇല്ല ശരീരത്തിനത് തിരിച്ചറിയാനാവില്ല എന്ന് തനി ഭൗതികവാദിയായ നിനക്കറിയാം. എന്നാലും മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു ദുർമർമരം:- അതുകൊണ്ട് പോയി തിന്നുന്ന നീയും നിന്റെ മക്കളും ജന്മകാലം ഗുണം പിടിക്കാതെ പോകട്ടെ…
സുഹൃത്തേ, ദ്രവ്യമതത്തിനപ്പുറം ചില സംഗതികൾ ഉണ്ട്. വെറുതെ തർക്കിച്ചിട്ട് കാര്യമില്ല. നിങ്ങളോട് തർക്കിക്കാൻ ഇല്ലതാനും. അവിഹിതമായി സമ്പാദിച്ചത് കൊണ്ട് തിന്നുന്നതും ആശ്രിതരെ തീറ്റിക്കുന്നതും കടുത്ത ഭാഷയിൽ നിരോധിക്കുന്നുണ്ട്. കച്ചവടത്തിൽ വരുന്ന വഞ്ചനകളെയും ശക്തിയുക്തം എതിർക്കുന്നുണ്ട് ഇസ്ലാം. സമ്പത്തിന് മനുഷ്യ ജീവിതത്തിൽ, ഹൃദയത്തിന് ശരീരത്തിലുള്ള സ്ഥാനമാണ്. കാരണം നാം ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതുമെല്ലാം സമ്പത്ത് ചെലവഴിച്ച് വസൂലാക്കിയ വിഭവങ്ങളും വസ്തുക്കളും ഉപയോഗിച്ചു കൊണ്ടാണ്. ശരീരത്തിന്റെ സകല സെല്ലുകളിലേക്കും ചോര പടർന്നെത്തുന്നത് ഹൃദയ സ്പന്ദനം കൊണ്ടുമാണല്ലോ. പണസ്പന്ദനം കൊണ്ടാണ് ജീവിതത്തിൻ്റെ എല്ലാ മേഖലകളും തുടിച്ചു നിൽക്കുന്നത്. ആയതുകൊണ്ട് തന്നെ ആ പണം അങ്ങേയറ്റം പരിശുദ്ധം ആയിരിക്കണം. ഇല്ലെങ്കിൽ ആസകലം മലിനമാകും.
ഒരാൾ തന്റെ മക്കൾക്ക് മുന്തിയ ആഹാരം നൽകുന്നുണ്ടാവാം. വൃത്തിയും ഗുണവും പോഷകാഹാരവും നിറഞ്ഞ മേൽത്തരം ഇനങ്ങൾ മാത്രമേ വെച്ചു വിളമ്പുന്നുണ്ടാവൂ. പക്ഷേ, ആ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ച പണം, കെട്ടത് കെട്ടിക്കൊടുത്തും ചീഞ്ഞത് തൂക്കിക്കൊടുത്തും കള്ളക്കണക്കെഴുതിയും കൈക്കൂലി വാങ്ങിയുമൊക്കെ ആണെങ്കിലോ?
പിന്നെ, തിന്നുന്നത് എക്സ്പോർട്ട് ക്വാളിറ്റി ബദാമും അണ്ടിപ്പരിപ്പുമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? കാശ്മീർ കുങ്കുമപ്പൂവിട്ട് കാച്ചിയ പാലാണ് കുട്ടികളെ കുടിപ്പിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? അശേഷം രാസവളം ചേർക്കാത്ത അടുക്കളത്തോട്ടത്തിൽ നട്ടു പറിച്ചെടുത്ത പച്ചക്കറികൾ പൊണ്ടാട്ടിക്കും കൊളന്തുകൾക്കും പുഴുങ്ങിക്കൊടുത്തിട്ട് എന്ത് കാര്യമാണ് സർ? ഉണ്ട്, കാര്യമുണ്ടെന്ന് പറയും തനി ഭൗതികവാദി. കാരണം ആഹാരം അരച്ച് കോശങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ആ ദ്രവ്യത്തിലേക്കല്ലാതെ, അതെങ്ങനെ വന്നു, എവിടെനിന്നു വന്നു എന്നൊന്നും ശരീരം നോക്കില്ലല്ലോ? ശരിയാണ് ആ പറഞ്ഞത്. അത് തന്നെയാണ് കേവലഭൗതികവാദത്തിന്റെ ഹൃദയമില്ലായ്മ. അതിൻ്റെ പരിമിതി ദ്രവ്യലോകത്തിനപ്പുറമുള്ള മൂല്യമണ്ഡലങ്ങളെ കാണാൻ അകക്കണ്ണില്ല എന്നതാണ്.
മനുഷ്യന്റെ അകത്തേക്ക് പോകുന്ന കാര്യങ്ങൾ തീർത്തും ഹലാൽ ആയിരിക്കണം. ഹലാൽ എന്ന വാക്കിന്റെ അർത്ഥം കോഴിയെ അറുക്കൽ ആണെന്ന് ചിലർ അറിയാതെയും മറ്റു ചിലർ കരുതിക്കൂട്ടിയും തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്. ഹറാം എന്നുള്ളതിന്റെ വിപരീതപദമാണ് ഹലാൽ. നിഷിദ്ധമായതാണ് ഹറാം. ഹലാൽ എന്നാൽ മതപരമായി അനുവദനീയമായത്.
ഇടപാടുകളിൽ അങ്ങോട്ടുമിങ്ങോട്ടും സംതൃപ്തി വരുമ്പോഴാണ് അവ ഖുർആൻ പറഞ്ഞ പ്രകാരം ആയിത്തീരുന്നത്. നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന പല കച്ചവടങ്ങളിലേക്കും കണ്ണ് നട്ടാൽ തറാളിയിൽ(പരസ്പര സംതൃപ്തി) നിന്നകന്നാണ് പലതും നടക്കുന്നതെന്നും ആയതിനാൽ തന്നെ വ്യവഹാരം കഴിഞ്ഞശേഷം രണ്ടിലൊരാൾ വിരൽ കടിക്കുന്ന സാഹചര്യം ഉണ്ടെന്നതും മനസ്സിലാക്കാൻ പറ്റും. റിയൽ എസ്റ്റേറ്റ് മേഖലയിലാണിത് കൊടുമ്പിരി കൊള്ളുന്നത്. തടിയനങ്ങാതെ ഉണ്ടുശീലിച്ച ചില ദല്ലാളുമാരാണ് മാർക്കറ്റിൽ മായാജാലം കളിക്കുന്ന ശക്തികൾ. അവർ ആവശ്യക്കാരന്റെ നിസ്സഹായമായ മുട്ടിപ്പുകൾ മണത്തറിയുന്നു. ഒരാൾ തൻ്റെ സ്വത്ത് വിറ്റ് ആവശ്യം നിർവഹിക്കാനായിരിക്കും കണ്ടിരുന്നത്. അപ്പോഴേക്കും ആ വസ്തുവിന് ഇല്ലാത്ത കുറ്റവും കുറവുമൊന്നും ഉണ്ടാവില്ല. മാത്രമല്ല മാർക്കറ്റ് ഡള്ളാണെന്നും ഇപ്പോൾ ആർക്കും ഒന്നും ഒരു വിലക്കും വേണ്ടെന്നും ഇനിയും വെച്ചിരുന്നാൽ വില കുത്തൊടിഞ്ഞു കൊണ്ടേയിരിക്കുമെന്നും ഇപ്പോൾ കിട്ടിയ വിലക്ക് ചാമ്പലാണ് ബുദ്ധി എന്നും ഉപദേശ മർദ്ദനം നടത്തി ആളെ കിടത്തിക്കളയും.
നേരെ മറുപുറം ചെന്ന്, കരൾ ഭാഗം മുറിച്ച് കിട്ടുമ്പോലുള്ള വസ്തുവാണെന്നും കണ്ണും ചിമ്മി എന്തു പൊന്നുവിലക്കും വാങ്ങാമെന്നും പറഞ്ഞ് നാടോ, നാടിൻ്റെ വ്യാപാര വ്യവഹാരിക സ്പന്ദനങ്ങളോ ശരിക്കറിയാത്ത പാവങ്ങളെയും പ്രവാസികളെയും ഇട്ട് കുടുക്കുന്നു. ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ എന്തോ കുടുക്കോ കെണിയോ ഉള്ള വസ്തുവായിരിക്കും. പക്ഷേ, പറച്ചിലിന്റെ സമ്മർദ്ദാവസ്ഥയിൽ അഥവാ ഇന്നത് വാങ്ങിയില്ലെങ്കിൽ മാസം ഒന്നു കഴിഞ്ഞാൽ ഇരട്ടി വില കൊടുത്താൽ പോലും തൊടാൻ കിട്ടില്ല എന്നൊക്കെ വർണിച്ചാണ് ആളെ കുഴിയിൽ ചാടിക്കുക. ദല്ലാളുമാർക്ക് തടയേണ്ടത് കൈയ്യിൽ തടഞ്ഞാൽ പിന്നെയൊട്ടു കാണത്തുമില്ല.
വഞ്ചനക്കച്ചവടങ്ങളുടെ ആയിരം ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയും. എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് തിരുനബിയുടെ ഒരു വചനമുണ്ട്. "ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല". ഈ വചനം വഞ്ചനയുടെ പൊതുസ്വഭാവം കാണിക്കുന്ന ഒന്നാണെങ്കിലും അതിന്റെ സന്ദർഭം കച്ചവടവുമായി ബന്ധപ്പെട്ടതായിരുന്നു. മദീന മാർക്കറ്റിലൂടെ ചുറ്റി നടക്കുകയാണ് നബി. ഒരാൾ ചാക്കിൽ ഗോതമ്പ് വില്പനയ്ക്ക് വെച്ചിരിക്കുന്നു. നബി ചെന്ന് അതിലേക്ക് കൈ പൂഴ്ത്തി. നോക്കുമ്പോൾ കീഴ്ഭാഗം നനഞ്ഞിരിക്കുന്നു.
ഇതെന്തേ ഇത്?
അത് മഴപെയ്തു നനഞ്ഞതാണ്.
എങ്കിൽ അതെന്തുകൊണ്ട് ആളുകൾ കാണേ മുകൾ ഭാഗത്ത് പ്രദർശിപ്പിച്ചില്ല?
എന്നിട്ടു പറഞ്ഞതാണ്:-
"മൻ ഗശ്ശനാ ഫലൈസ മിന്നാ" നമ്മെ ആര് വഞ്ചിച്ചാലും അവൻ നമ്മിൽ പെട്ടവനല്ലെന്ന്.
സാമ്പത്തിക ഇടപാടുകളിൽ പരസ്പര സംതൃപ്തി വളരെ പ്രധാനമാണെന്ന് ഇസ്ലാം പറയുന്നത് വെറുതെയല്ല. അപ്പോൾ 'തറാളിൻ' (പരസ്പര സംതൃപ്തി) എന്ന പ്രയോഗത്തിലൂടെ ഖുർആൻ വെളിച്ചം വീശുന്ന സുതാര്യമായ / നല്ല കാറ്റും വെളിച്ചവും ഉള്ള ഒരു കച്ചവട സംസ്കാരമുണ്ട്. നിങ്ങളെ പറഞ്ഞു വീഴ്ത്തിയോ സമ്മർദ്ദത്തിൽ പെടുത്തിയോ പ്രകോപിപ്പിച്ചോ പ്രലോഭിപ്പിച്ചോ ഒന്നുമല്ലാതെ നടക്കുന്ന അത്തരം സുതാര്യ വ്യാപാരങ്ങളാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന ഫ്രോഡ് - ഫ്രീമാർക്കറ്റ്! നമ്മളെല്ലാവരും ഒന്നായി മനസ്സുവെച്ചാൽ മനസമാധാനത്തോടുകൂടി ആർക്കും എപ്പോഴും കയറിച്ചെല്ലാവുന്ന അത്തരമൊരു മാർക്കറ്റ് അടുത്തുതന്നെ നമുക്ക് സ്ഥാപിക്കാവുന്നതാണ്.





