ആദ്യം ഒരു കഥ പറയും, എന്നിട്ടാണ് കാര്യം പറയുക. ഒരു വണ്ടി ഉണ്ടെന്നു കേട്ട് വാങ്ങാനായി അങ്ങാടിയിൽ ചെന്നപ്പോൾ ഒരു പാവത്താൻ എന്ന് തോന്നിക്കുന്ന മനുഷ്യൻ കാത്തുനിൽക്കുന്നു. ഈ പോകുന്ന ആൾ നിങ്ങൾ തന്നെയാണെന്ന് തൽക്കാലം വിചാരിക്കണം. പറഞ്ഞു കേട്ടതനുസരിച്ച് ഒരു 5 ലക്ഷം രൂപ വില വരുന്ന വണ്ടിയാണ്. നിങ്ങൾക്ക് വണ്ടി ഇഷ്ടപ്പെട്ടു, കിടുക്കാച്ചി. കച്ചവടം തുടങ്ങുകയാണ്. ആദ്യം തന്നെ അഞ്ചുലക്ഷം എന്നല്ലല്ലോ പറയുക. നിങ്ങൾ പറഞ്ഞു: ഒരു മൂന്നു ലക്ഷത്തിന് കിട്ടുകയാണെങ്കിൽ നോക്കാമെന്ന്. കേൾക്കേണ്ട താമസം അയാള് റെഡി! ഇനി വാക്ക് മാറ്റാനും പുനരാലോചിക്കാനും വിളിച്ചു ചോദിക്കാനും ഒന്നും ഒരവസരം കൊടുക്കണ്ട എന്ന് കരുതി നിങ്ങൾ മൂന്നു ലക്ഷം സറസറ എന്നങ്ങ് എണ്ണി ക്കൊടുത്തു. ഒന്നിച്ചൊരു ചായ കുടിക്കാൻ പോലും നിൽക്കാതെ വണ്ടി സ്റ്റാർട്ടാക്കി നിങ്ങൾ വീട്ടിലേക്ക് മറഞ്ഞു.
എൻ്റെ ആറ്റലായ സുഹൃത്തേ! നിങ്ങളുടെ മനസ്സിൽ ഇപ്പോൾ എന്തുചിന്തയാണ് ശരിക്കുള്ളത്? എന്തോ നേടിയെന്ന വലിയ വിചാരമാണോ? വണ്ടിക്കച്ചവടം ഒക്കെ നമ്മളെ കണ്ടു പഠിക്കണം, ഞാനേതാ മോൻ എന്നോ? ഇങ്ങനെ, കിട്ടിയ പൈസക്ക് കൊടുത്താൽ ആ മരപ്പോത്തിൻ്റെ ഇടപാടുകളാകെ എവിടെയാ എത്തുക എന്നോ? പെട്ടെന്ന് വാങ്ങി വന്നത് ശരിയായില്ല ച്ചിരികൂടി കൂട്ടിക്കൊടുക്കാമായിരുന്നു, ആളൊരു പാവമാണെന്ന് തോന്നുന്നു, നല്ല പവർ വണ്ടിയുമല്ലേ, മോശമായി എന്നോ? നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇതിൽ ഈ അവസാനം പറഞ്ഞത് നിങ്ങളിൽ ചലനം ഉണ്ടാക്കുകയും നിങ്ങൾ തിരിച്ചു പോയി കുറച്ചു കൂടി പണം കൊടുത്ത് തിരിച്ചുവരുമെന്നും? നിങ്ങളുടെ കാര്യം വിട്. പത്തായിരത്തിൽ അല്ലെങ്കിൽ പത്തുലക്ഷത്തിൽ ആരെങ്കിലും ഒരാൾ അങ്ങനെ ചെയ്യുമോ? എന്നാൽ പറയട്ടെ അങ്ങനെ ചെയ്യണം! അതാണ് സാമ്പത്തിക ഇടപാടുകളിലെ ശരിയായ സൂക്ഷ്മത.
ഇതൊരു കഥയാണെന്ന് പറഞ്ഞില്ലേ. ഇനി കാര്യത്തിലേക്ക് വരാം. ഒരാൾ തന്റെ സേവകനെ അങ്ങാടിയിലേക്ക് കുതിരയെ വാങ്ങിവരാൻ വേണ്ടി പറഞ്ഞയക്കുന്നു. അദ്ദേഹം മുന്നൂറ് ദിർഹമിന് കുതിരയെ കച്ചവടം ചെയ്ത് പണം വാങ്ങിക്കൊടുക്കാനായി അതിന്റെ ഉടമയേയും കൂട്ടി തിരിച്ചു വരുന്നു. അന്നേരം ഇയാൾ പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾ കുതിര ഒരു കുതിര തന്നെ! പുള്ളിക്കാരൻ മുന്നൂറിന് ഒന്നുമല്ല; അതുക്കും മീതെയാണ് അതിൻ്റെ എടുപ്പ്. അപ്പോൾ അദ്ദേഹം ഉടമയോട് പറഞ്ഞു:
അല്ല, നിങ്ങളുടെ ഈ കുതിര നല്ല മുന്തിയ ഇനത്തിൽ പെട്ടതാണല്ലോ. മുന്നൂറ് ദിർഹമിനേക്കാൾ വില കാണുമല്ലോ. ഇത് നിങ്ങൾ നാനൂറ് ദിർഹമിന് വിൽക്കുന്നോ?:
അയാൾ പറഞ്ഞു:
എന്നാൽ ശരി അങ്ങനെ ആയിക്കോട്ടെ.
അല്ല 400നും പോരല്ലോ 500ന് വിൽക്കുന്നോ?
എന്നാൽ ശരി ആയിക്കോട്ടെ 500 ന് തരാം.
500 ഉം പോരാ അതിനേക്കാൾ വില കിട്ടും.
ഇത് 600 ന് വിൽക്കുന്നോ?
എന്നാൽ ശരി 600 പിടിച്ചോളൂ.
ഇതിന് 700 കിട്ടും എന്നാണ് തോന്നുന്നത്. നിങ്ങൾ എനിക്ക് 700 വിൽക്കുമോ?
ഓ വിൽക്കാലോ.
ഏറ്റവും ചുരുങ്ങിയത് ഒരു 800 എങ്കിലും ഇതിന് കിട്ടും വിൽക്കുന്നോ?
ആയിക്കോട്ടെ സമ്മതം 800 ന് തരാം.
ഒടുവിൽ എന്തിനു പറയുന്നു മുന്നൂറ് രൂപക്ക് തന്റെ സേവകൻ കച്ചവടം ഉറപ്പിച്ച കുതിരയെയാണ് ഇന്നത്തെ മാർക്കറ്റ് അനുസരിച്ച് അത് പോരാ അധികം കിട്ടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം വില കയറ്റിക്കയറ്റി മാന്യമായ വിലയായ എണ്ണൂറിന് വാങ്ങിയത്. ഇത് കഥയല്ല. ചരിത്രത്തിൽ നടന്ന സംഭവമാണ്. തിരുനബിയുടെ പ്രധാന ശിഷ്യനായ ജരീർ ബിൻ അബ്ദുല്ലാഹിബിന് ജാബിർ അൽബജ്ലിയുടേതാണീ അനുഭവം. പ്രവാചകരുടെ വിയോഗത്തിന്റെ വെറും 40 ദിവസം മുമ്പ് ഇസ്ലാമാശ്ലേഷിച്ച വ്യക്തിയാണ്. ബജീല ഗോത്രത്തിന്റെ നായകനാണ്. ജരീർ കടന്നുവന്നപ്പോൾ നബി ആദരിച്ചു. കൂടെയുള്ളവരോട് പറയുകയും ചെയ്തു. നേതാവ് കടന്നുവരുമ്പോൾ നിങ്ങൾ ആദരിക്കുവീൻ എന്ന്. എന്നെ കാണുമ്പോഴൊക്കെ നബി ചിരിക്കുമായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. നല്ല കുലീനനും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന സുമുഖനുമായിരുന്നു ബജലി. അബുൽ ഖാസിം അത്വബ്റാനി ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.
മഹാൻ ഇങ്ങനെ വില കൂട്ടിക്കൂട്ടി പറഞ്ഞു ചരക്ക് വാങ്ങിയത് കച്ചവടത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാം സ്വീകരിക്കുന്ന സമയത്ത് നബിയോട് വാക്ക് പറഞ്ഞ് ഉറച്ച ഒരു ഉത്തരവാദിത്തം ഉണ്ടായിരുന്നു; വിശ്വാസികളോടെല്ലാം അവരുമായുള്ള കടപ്പാട് വീട്ടുമെന്ന്. ആരും കാണാഞ്ഞിട്ടും ആരും അറിയാതിരുന്നിട്ടും ന്യായീകരിക്കാൻ വകുപ്പ് ഉണ്ടായിട്ടും തനിക്ക് കൈവന്ന ഒരു സാമ്പത്തിക ലാഭത്തെ വേണ്ടെന്നുവച്ച് അർഹിക്കുന്നത് കൊടുത്തു വാങ്ങലാണ് കച്ചവടനീതി എന്ന് മനസ്സിലാക്കി സ്വയം അത് നിർവഹിക്കുന്ന തലത്തിലേക്ക് ശരിയായ മതവിശ്വാസം ഒരാളെ വളർത്തിയെടുക്കുന്നു എന്നുള്ളതിന്റെ നിദർശനമാണ് ഈ സംഭവം.
ഇതിവിടെ തീരുന്നില്ല.1967-1993 കാലങ്ങളിൽ കേരളത്തിലെ മുസ്ലിംകളുടെ പണ്ഡിതസഭയുടെ അധ്യക്ഷനായ കണ്ണിയത്ത് ഉസ്താദിനെ സംബന്ധിച്ച് പറഞ്ഞ ഒരു സംഭവമുണ്ട്. അന്നു കാലത്ത് ഇത്ര പൈസക്ക് ഇത്ര മത്സ്യം എന്ന് എണ്ണി വാങ്ങലായിരുന്നു പതിവ്. ഒരു ദിവസം മത്തിയുമായി വീട്ടിലെത്തി അത് എണ്ണി നോക്കുന്നു, ഉസ്താദ് അവർകൾ. നോക്കുമ്പോൾ ഒന്ന് അധികം! വന്ദ്യവയോധികനായ അദ്ദേഹം പാടവരമ്പത്തുകൂടെ വീണ്ടും വാഴക്കാട് അങ്ങാടിയിലേക്ക് തിരിച്ചു നടക്കുന്നു. മീൻ കച്ചവടക്കാരനോട് പറയുന്നു: സാധാരണ ഈ പൈസക്ക് ഇത്രയല്ലേ നീ മീൻ എണ്ണിത്തരാറ്. ഇന്ന് ഒന്ന് അധികം പെട്ടിട്ടുണ്ടല്ലോ. എന്നാൽ അത് കച്ചവടക്കാരൻ മന:പൂർവ്വം ഒന്ന് അധികമായിട്ട് കൊടുത്തതാണ്. അതു കേട്ടപ്പോഴാണ് ഉസ്താദിന് ശ്വാസം നേരെ വീണത്. അതിൻ്റെ ശേഷമാണ് സമാധാനത്തോടുകൂടി തിരിച്ചു പോയത്.
ഒന്നുകൂടി കേൾക്കുക! കണ്ണൂർ സിറ്റിയിൽ ചായക്കച്ചവടം തുടങ്ങി മഹാനായ ഒരു പണ്ഡിതൻ; പേര് പാലോട്ട് മൂസക്കുട്ടി ഹാജി. വൈകാതെ അദ്ദേഹം ശ്രദ്ധിക്കുന്നത് പഴംപൊരിയുടെ ആകാര വലിപ്പത്തിലെ വ്യത്യാസങ്ങളാണ്. ഒന്നിച്ചിരി വലുത്. ഒന്ന് അല്പം ചെറുത്. ഒന്ന് തടിമാടൻ. ഒന്നു നീളാമ്പി. എല്ലാം വിൽക്കുന്നതോ ഒരേ വിലക്ക്. അദ്ദേഹത്തിൻ്റെ മനസ്സിൽ ബേജാറ് കുടുങ്ങി (ഇതെന്താ പഴംപൊരി എന്ന് പറഞ്ഞാൽ ലക്സ് സോപ്പ് പോലെ ഒരേ അച്ചിൽ നിന്ന് പുറത്തു വരുന്നത് ഒന്നുമല്ലല്ലോ). അതോടെ പൂട്ടി തന്റെ ഹോട്ടൽ ബിസിനസ്!
താൻ കണ്ടമാനം സമ്പാദിച്ചിട്ടില്ലെങ്കിലും സാരമില്ല എന്നല്ല എനിക്ക് ഇച്ചിരി നഷ്ടം വന്നാലും സാരമില്ല അഹിതമായ രൂപത്തിലുള്ള ഒരു സമ്പാദ്യവും മറ്റുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകളിലൂടെ വന്നുചേരരുത് എന്ന ദൃഢമായ കരുത്തായിരുന്നു ഇതിനെല്ലാം പിന്നിൽ. ആധുനിക സമൂഹം ഒരു പക്ഷേ സാത്വികരായ ഇവരുടെ സാമ്പത്തിക സൂക്ഷ്മത കാണുമ്പോൾ ഊറിച്ചിരിക്കുന്നുണ്ടായിരിക്കാം. പക്ഷേ വിശ്വാസം അത് അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിൽ പന്തലിച്ചാൽ അതിൻ്റെ ഫലം കർമതലത്തിൽ ഇങ്ങനെയാണ് കായ്ച്ചു വരിക. ഇവരെല്ലാം ഭയന്നത് ഒറ്റ ഒരു കാര്യമായിരുന്നു; അനർഹമായ ഒന്നും തന്റെയോ തൻ്റെ ആശ്രിതരുടെയോ ഉദരത്തിലേക്ക് കടന്നു ചെല്ലരുത്. കാരണം ഹദീസിൽ ഉണ്ടല്ലോ; നിഷിദ്ധമായതിൽ നിന്ന് മുളച്ചുവന്ന മാംസമെല്ലാം നരകാഗ്നിയുമായി ചേർന്നുനിൽക്കുന്നതാണെന്ന്.
കഴിഞ്ഞുപോയ മഹാരഥന്മാരുടെ സൂക്ഷ്മതയാർന്ന ജീവിതം നമുക്കൊരു പാഠപുസ്തകമായിരിക്കണം. സമ്പാദ്യത്തിന്റെയും ഇടപാടുകളുടെയും വിഷയം വരുമ്പോൾ കണ്ണും മൂക്കും ഇല്ലാതെ പ്രവർത്തിക്കുന്ന രൂപത്തിലേക്ക് പുതിയ തലമുറ മാറിയിട്ടുണ്ട്. അതിൻ്റെ എല്ലാവിധ ദൂഷ്യങ്ങളും നമ്മൾ പ്രകടമായി കാണുന്നുമുണ്ട്. ബാഹ്യമായി നമ്മൾ എന്തു ചെയ്യുന്നു എന്നതല്ല പ്രധാനം. ആന്തരികമായി നമുക്ക് എത്രത്തോളം ശുദ്ധിയുണ്ട് എന്നുള്ളത് തന്നെയാണ് വിജയത്തിൻ്റെ ആധാരം. പറയാൻതക്ക ഒരു ബന്ധവുമില്ലാഞ്ഞിട്ടും മധുസൂദനൻ നായരുടെ 'ഭാരതീയം' തികട്ടിവരുന്നു:
"പലിശക്കടംകൊണ്ട കാശിനാല് കാശിയ്ക്ക്
തീര്ത്ഥാടനം ചെയ്തു പുണ്യം പെറുന്നവര്
പലിശയാല് മുതലിന് ഗോപുരം കെട്ടുവോര്
പുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോര്"
നമ്മുടെ സമ്പാദ്യം മലിനമാവുകയും എന്നിട്ട് അതുകൊണ്ട് നാം കുറേ പുണ്യകർമങ്ങൾ ചെയ്യുകയും ചെയ്തതു കൊണ്ട് ഫലം കാണില്ല. നാം നമ്മുടെ മക്കൾക്ക് ഹലാൽ അല്ലാത്ത ആഹാരം നൽകുകയും ശേഷം അവർക്ക് മതപഠനവും മറ്റ് ആത്മീയ സമ്പന്നമായ അവസരവും സൃഷ്ടിച്ചു കൊടുത്തിട്ടും ആത്യന്തികമായി ഫലം കണ്ടുകൊള്ളണമെന്നില്ല. എല്ലാറ്റിനും ഉപരി നമുക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമായി ചെയ്യാനുള്ള കാര്യമാണ് ഇരുകരങ്ങളും നീട്ടി ഉടയ തമ്പുരാനോട് പ്രാർത്ഥിക്കുക എന്നത്. നാം കഴിക്കുന്ന ആഹാരം, നാം കുടിക്കുന്ന പാനീയം, നാം ധരിക്കുന്ന വസ്ത്രം, നാം താമസിക്കുന്ന ഭവനം, അതൊന്നും ശുദ്ധമായ സമ്പത്തിൽ നിന്ന് ഉണ്ടായതല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ പുറന്തള്ളപ്പെടും. അതിനേക്കാൾ വലിയ ദൗർഭാഗ്യം പിന്നെ എന്തുണ്ട് ഈ ജന്മത്തിൽ.
ഒരു ഹദീസിൽ ഒരു വ്യക്തിയെപ്പറ്റി പറയുന്നുണ്ടല്ലോ. കാഴ്ചയിൽ സാത്വികത്വം തോന്നുന്നു. ആഹാരം ഹറാമാണ്, പാനീയം ഹറാമാണ്, വസ്ത്രം ഹറാമാണ്, അയാൾ മൊത്തത്തിൽ ഒരു ഹറാമി ആണ്. അദ്ദേഹം കരങ്ങൾ മുകളിലോട്ട് ഉയർത്തി പടച്ചോനെ, പടച്ചോനെ എന്നിങ്ങനെ പറഞ്ഞു പ്രാർഥിക്കും. പക്ഷേ അയാൾക്ക് എങ്ങനെ ഉത്തരം ലഭിക്കാനാണ്. ഒറ്റച്ചോദ്യം: കണ്ണടച്ചു പിടിക്ക്! ഞാൻ എന്നോട് തന്നെ ചോദിക്ക്! ആകാശത്തേക്ക് കൈനീട്ടി പടച്ചോനേ എന്ന് വിളിച്ചാൽ ഉത്തരം കിട്ടും വിധത്തിലാണോ എൻ്റെ സമ്പാദ്യങ്ങളും ഇടപാടുകളും?





