നിങ്ങൾ ഒരു മരുന്ന് ഷാപ്പ് തുടങ്ങുന്നു. നോർമൽ രൂപത്തിലുള്ള കച്ചവടം അവിടെ നടക്കുന്നു. വാടകയും വേതനവും ഒത്തുപോവുമെന്നല്ലാതെ ബാക്കിവെക്കാനൊന്നും കാര്യമായി കിട്ടുന്നില്ല. കുറച്ചുകാലം അങ്ങനെ തള്ളിനീക്കിയപ്പോൾ ഒരു ദിവസം നിങ്ങൾ അയിലത്തല കൂട്ടി പൊറോട്ട തിന്നു. അപ്പോൾ നിങ്ങൾക്ക് ഒരു ബുദ്ധിയുദിച്ചു. ഷാപ്പിനോട് ചേർന്ന് ക്ലിനിക്കിട്ട് ഒരു ഡോക്ടറെ കുടിയിരുത്തുക. തെറ്റുണ്ടോ? ഇല്ല!’. അങ്ങനെ ഡോക്ടർ ഇരിക്കാൻ തുടങ്ങി, രോഗികൾ വന്നു പോകാനും. അപ്പോൾ കച്ചവടം കുറച്ചുകുറച്ചായി കൂടി വന്നു. പതിയെ, നിങ്ങൾക്ക് ആശ പെരുകി, മരുന്ന് കച്ചവടം കൂട്ടണമെങ്കിൽ രോഗികൾ കൂടണം. രോഗികൾ കൂടണമെങ്കിൽ രോഗാണു പെരുകണം. അങ്ങനെ കുഴിച്ച് കുഴിച്ചാലോചിച്ച് നിങ്ങൾക്ക് അയിലത്തല കൂട്ടാതെ തന്നെ ചില കുപായങ്ങൾ തെളിഞ്ഞുവന്നു. ഭരണഘടനാപരമായ വിലക്കുള്ളതിനാൽ തൽക്കാലം അവ പുറത്തു പറയുന്നില്ല. പിറകെ കണ്ടത്, അടുത്ത മാസങ്ങളിലായി പരിസരപ്രദേശത്ത് ജനങ്ങൾക്ക് വയറിളക്കം, വയറുകടി, ഛർദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വ്യാപകമായി പടർന്നു പിടിക്കുന്നതാണ്. രോഗികൾ ക്ലിനിക്കിനു മുന്നിൽ ക്യൂപെറ്റ് കിടന്നു. കച്ചവടം പൊടിപൊടിച്ചു. തെറ്റുണ്ടോ? ഉണ്ട്!
ലോകത്ത് നമ്മളറിയാതെ പാരലലായി, പലവിധത്തിലുള്ള അധോലോക കച്ചവടങ്ങളും നടക്കുന്നുണ്ട്. താനും തൻ്റെ ബിസിനസും തൻ്റെ ലാഭവും എന്നതിലപ്പുറം മറ്റൊന്നും മനസ്സിലേക്ക് കടക്കാത്ത ചില കല്ലുമനുഷ്യർ, ലോകരെ നശിപ്പിച്ചിട്ടാണെങ്കിലും വേണ്ടില്ല തൻ്റെ ലാഭ വരവ് അണ മുറിയാതെ ഒഴുകണമെന്ന് ചിന്തിക്കുന്നവരാണ്. അതിന് ഏറ്റവും ഉത്തമമായ ഉദാഹരണങ്ങളാണ് ആയുധക്കച്ചവടവും ലഹരി വിപണനവും. പിന്നെ അവയവക്കച്ചവടവും. ആയുധങ്ങൾ പറ്റുമോ? പിന്നല്ലാതെ? പാതിരാക്ക് കള്ളൻ വീട്ടിലേക്ക് കയറി കൊല്ലിക്ക് പിടിക്കുമ്പോൾ കാലുകൊത്താൻ കത്തിവേണം. അതിർത്തി കsന്ന് ശത്രുക്കൾ നിറയൊഴിക്കുമ്പോൾ രാജ്യത്തെ കാക്കാൻ വെടിയും തോക്കും വേണം. ആവശ്യാനുസരണം അവ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വേണം. പക്ഷേ, മരുന്ന് ചെലവാക്കാൻ വേണ്ടി രഹസ്യമായി രോഗാണു പടർത്തുന്ന പോലെ ആയുധങ്ങൾ ചെലവാകാൻ വേണ്ടി യുദ്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങളെ തമ്മിൽ തല്ലിക്കുകയും ഒരിടത്തല്ലെങ്കിൽ മറ്റൊരു ഇടത്ത് സദാ യുദ്ധഭീതി നിലനിർത്തുകയും ചെയ്യുക എന്നതൊക്കെ എന്തുമാത്രം ഹീനമായ ഏർപ്പാടാണ്. കോടിക്കണക്കിന് രൂപയുടെ ആയുധ കച്ചവടങ്ങളാണ് വർഷംതോറും ലോകത്ത് നടക്കുന്നത്. അതിനുവേണ്ടി എത്രയെല്ലാം പാവനമായ മനുഷ്യജന്മങ്ങളാണ് കുരുതി കൊടുക്കേണ്ടി വരുന്നത്. പറഞ്ഞില്ലേ മനുഷ്യർ പരസ്പരം കൊത്തി മരിച്ചാലും സാരമില്ല ഞങ്ങൾക്കുള്ള ലാഭം കൃത്യമായി കിട്ടണം, ഞങ്ങളുടെ കച്ചവടം പൊടിപൊടിക്കണമെന്ന് മാത്രം.
ലഹരിക്കച്ചവടത്തിൻ്റെ കാര്യം ആലോചിച്ചു നോക്കൂ. മനുഷ്യൻ്റെ ഏറ്റവും സവിശേഷഗുണമായ ചിന്തയെയാണ്, ബുദ്ധിയെയാണ് ലഹരി കാർന്നു തിന്നുന്നത്. വളരെ ചെറിയ അളവുണ്ടായാൽ മതി, ചില ലഹരിപദാർത്ഥങ്ങൾ മനുഷ്യനെ അഡിക്ഷനിലേക്ക് തള്ളിയിടുന്നു. ലഹരി മാഫിയ പുതിയ വിപണിതേടി കോളേജുകളിലേക്കും സ്കൂളുകളിലേക്കും ഇറങ്ങിയിട്ട് കുറച്ചായി. ഓർമവേണം നമ്മുടെ ജീവിതത്തിന്റെ മേലാപ്പിൽ വിരിഞ്ഞ നക്ഷത്രങ്ങളാണ് നമ്മുടെ മക്കൾ. അവരാണ് മാനവരാശിയുടെ കണ്ണുകൾ. പക്ഷേ അവരെയും നശിപ്പിക്കാൻ മടിയില്ലാത്ത വിധം നമ്മുടെ കച്ചവട കൾച്ചർ, വൃത്തികെട്ട ലാഭേച്ഛ, നമ്മെ അധമരാക്കിയിരിക്കുന്നു.
സമ്പത്ത് പെരുപ്പിക്കുന്ന ഏറ്റവും പ്രധാന ഉപാധിയാണ് കച്ചവടം. കൃഷി, വ്യവസായം, ഉത്പാദനം, സേവനം എന്നിങ്ങനെ എന്തൊക്കെ പറഞ്ഞാലും ഒടുക്കം അത് കച്ചവടത്തിലേക്കാണ് എത്തിച്ചേരുക. കൃഷി എന്ന് പറയുമ്പോൾ വിത്തുപാകി മുളച്ച്, വിളയായി കുലച്ചതുകൊണ്ടു കാശ് വരില്ലല്ലോ, അത് വിൽക്കണ്ടേ? ഉത്പന്നവും അങ്ങനെ തന്നെയല്ലേ. റോ മെറ്റീരിയലുകൾ ഉൽപാദന യന്ത്രത്തിന്റെ വായിലൂടെ, വയറ്റിലൂടെ, പുറന്തുളയിലൂടെ പുറത്തേക്ക് വന്ന് അട്ടിയായി കിടന്നത് കൊണ്ടായില്ലല്ലോ വിറ്റ് കാശുണ്ടാക്കണ്ടേ? മാത്രവുമല്ല ഇന്ന് ലോകത്ത് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മനുഷ്യരെല്ലാം കച്ചവട പ്രക്രിയയിൽ ഭാഗമാകുന്നു. അതുകൊണ്ട്തന്നെയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കച്ചവട സംസ്കാരം എന്തെന്ന് നമ്മൾ അന്വേഷിക്കേണ്ടതായി വരുന്നത്.
അവയവക്കച്ചവടം എന്നൊക്കെ പറയുന്ന ആശയത്തെ പറ്റി തന്നെ നിങ്ങൾ ആലോചിച്ചു നോക്കിയേ! എന്തുമാത്രം കാടത്തമാണത്. നമ്മളെ പോലെയുള്ള ഒരു മനുഷ്യൻ്റെ നിസ്സഹായത മുതലെടുത്തുകൊണ്ട് അവനറിയാതെ അയാളുടെ ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റുകയും വൻ വിലക്ക് വിൽക്കുകയും ചെയ്യുന്ന കറുത്ത മാഫിയകൾ പെരുകിയ ഒരു കാലസന്ധിയിലാണ് നമ്മൾ ഉള്ളത്. ആയതിന് മനുഷ്യ ശരീരത്തെ കരുതലോടെ കാക്കുന്ന നമ്മുടെ ഹെൽത് മിലീഷ്യയായ ചില മെഡിക്കൽ ഏജൻസികൾ പോലും അദൃശ്യമായി കൂട്ടുനിൽക്കുന്നു എന്നറിയുമ്പോൾ ദുരമൂത്ത മനുഷ്യൻ എവിടെ എത്തിച്ചേർന്നിരിക്കുന്നു എന്ന് നമ്മൾ അമ്പരപ്പെടുന്നു!
മനുഷ്യന് സമ്പത്തിനോട് ആസക്തി പെരുകാം, അത് ആർത്തിയായി മൂക്കാം, ക്രൂരതയായി കുറുകിവരാം. അവൻ പൊതുവെ ദൗർബല്യമുള്ളവനായതിനാൽ ആ ആർത്തിക്കും ക്രൂരതക്കും അടിമപ്പെടാം. അത് അവന്റെ കച്ചവട പ്രക്രിയയിൽ അപ്ലൈ ചെയ്യാം. ഇത് മനുഷ്യന്റെ നാശത്തിലേക്ക് എത്താം. പക്ഷേ വെറും ഭൗതികമായ കാഴ്ചപ്പാടിലൂടെ മാത്രം കാര്യങ്ങൾ കാണുന്ന ഒരാൾക്ക് / ഒരു ചിന്താ ചട്ടക്കൂടിന് ഇതിലൊന്നും ഒരു പ്രശ്നവും കാണാനില്ല. ഞാൻ എൻ്റെ സുഖം, എൻ്റെ നേട്ടം എന്നല്ലാതെ നാട്ടുകാരുടെ കാര്യം മൊത്തം നോക്കിയിട്ട് എനിക്കെന്താ കാര്യം എന്ന ഒരു മറുചിന്തക്ക് സ്ഥാനമുണ്ട്. പക്ഷേ നേരത്തെ നമ്മൾ പറഞ്ഞ മതചിന്തയുടെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ ഇതിനെല്ലാം കൃത്യമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതായി കാണാൻ കഴിയും.
പരിശുദ്ധ ഖുർആനിലെ തുടർച്ചയായുള്ള ഏതാനും സൂക്തങ്ങൾ ഒന്നിനുശേഷം ഒന്നായി താഴെ എടുത്ത് എഴുതാം. കച്ചവടത്തിന്റെ പ്രീ - പോസ്റ്റ് മാനസികാവസ്ഥകളെ അവ എങ്ങനെ ചിത്രീകരിക്കുന്നു എന്ന് ശ്രദ്ധയോടെ നിരീക്ഷിക്കുക.
അന്നിസാഅ് - 27: അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ പ്രീണനങ്ങളെ പിൻപറ്റുന്നവർ ഉദ്ദേശിക്കുന്നത് നിങ്ങൾ വല്ലാതെ വഴിവിട്ടു പോകണം എന്നാണ്.
28. നിങ്ങൾക്ക് (ചുമടുകൾ) ലഘൂകരിച്ച് തരണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യനെ അവൻ ദുർബലനായാണ് പടച്ചത്.
29. ഓ, സത്യവിശ്വാസികളേ, നിങ്ങൾ അന്യായമായി അങ്ങോട്ടുമിങ്ങോട്ടും എടുത്ത് ആഹരിക്കരുത്, ഉഭയ സംതൃപ്തിയോടെയുള്ള കച്ചവടത്തിലൂടെയല്ലാതെ. നിങ്ങൾ നിങ്ങളെത്തന്നെ ഇല്ലാണ്ടാക്കിക്കളയരുത്, തീർച്ച അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.
30. ആരെങ്കിലും ശത്രുതപരമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു.
31. നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്പാപങ്ങള് നിങ്ങള് വര്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില് നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
മനുഷ്യന്റെ മാനസികാവസ്ഥകളിലൂടെയാണ് ഈ സൂക്തങ്ങൾ സഞ്ചരിക്കുന്നത്. അവനെ പ്രീണനം തോണ്ടും എന്നും ചിലപ്പോൾ പ്രീണനങ്ങൾ അതിജീവിക്കാൻ കൽപ്പില്ലാത്ത ദുർബലനാണ് മനുഷ്യൻ എന്നും ആദ്യത്തെ രണ്ട് സൂക്തങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. നേരായ വഴിവിട്ട് അക്രമത്തിന്റെയും അനീതിയുടെയും വഴിയിലേക്ക് കടക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കുമെന്ന വാണിംഗ് ആണ് അവസാന സൂക്തങ്ങളിൽ വരുന്നത്.
ദ്രവ്യബോധം തലക്കുപിടിച്ചാൽ വലിയ അപകടമാണ്; ഞാൻ കളിച്ചതെല്ലാം കളിയാണെന്നും എനിക്കു മീതേ രാജാക്കളില്ല എന്നും തോന്നിപ്പോകും. അങ്ങനെ വരുമ്പോഴാണ് ധനസമ്പാദനത്തിന് ഏത് വഴിവിട്ട രീതിയും സ്വീകരിക്കാം എന്നിടത്ത് മനുഷ്യനെത്തി പോകുന്നത്. ഖുർആന്റെ താക്കീത് ശ്രദ്ധിക്കേണ്ടതാണ്. ഈ രണ്ടിന്റെയും മധ്യസ്ഥായിയിലാണ് "തിജാറ " കച്ചവടത്തെപ്പറ്റി പറയുന്നത്. കച്ചവടം എന്ന ആശയം പറയലും, ഉടൻ ഖുർആൻ ഊന്നിപ്പറഞ്ഞ ഒരു പദം;- 'തറാളിൻ'. എന്നതാണത്. റളിയ എന്നാൽ തൃപ്തിപ്പെട്ടു എന്നാണ്. അതിന്റെ co-form ആണ് താറാള്. എന്നുവെച്ചാൽ രണ്ടുപേർ പങ്കു ചേരുന്ന പരിപാടി. ഇവിടെ അത് സംതൃപ്തി എന്നതാണ്. അങ്ങോട്ടുമിങ്ങോട്ടും ഉള്ള പരിപൂർണമായ സംതൃപ്തി.
എന്നുപറയുമ്പോൾ ഒരാൾ ചീഞ്ഞ മീൻ രാസധൂളി വിതറി പുതുക്കനായി കാണിച്ച് / പശു ഇറച്ചി വിറ്റുകൊണ്ടിരിക്കവേ പോത്തിൻ കൊമ്പ് പ്രദർശിപ്പിച്ച് /കെട്ടനാരങ്ങകൾ പുറം തുടച്ചു മിനുക്കി വേഗം വേഗം വിറ്റു തീർക്കുന്നു. പോക്കറ്റ് കനക്കുന്നു. ഇപ്പോൾ അയാൾക്ക് തൃപ്തിയായി. ഒന്നല്ല രണ്ട്. ഒന്ന് വിറ്റു തീർന്ന തൃപ്തി. രണ്ട് ഏതു ചീഞ്ഞതും പുതുതെന്ന് തോന്നിപ്പിച്ചു വിറ്റുപറ്റിച്ച തൃപ്തി. പക്ഷേ, ഇത് ഏകദിശാ തൃപ്തിയാണ്. ഖുർആൻ ഒറ്റവാക്കിന്റെ ഉള്ളിൽ ഒതുക്കിയിട്ട് പറയുന്നു - പോരാ - ഇരുഭാഗത്തുനിന്നും തൃപ്തി വേണമെന്ന്.
കറിവെച്ച് കഴിക്കുമ്പോൾ മീനതാ ചട്ടിയിൽ നിന്ന് ചാടും പോലെ കളിക്കുന്നു. ഇറച്ചിക്കൊരു പിടപ്പു പോലെ തോന്നുന്നു. നാരങ്ങയാണേൽ പിന്നെ രുചിയും മണവും നിറവും ഒന്നും പറയണ്ട, ബഹുജോറ്! അയാൾ പിറ്റേദിവസം അതേ കടക്കാരനെ തേടി വരുന്നു. ചങ്ങാതിമാരെ ഒക്കെ അങ്ങോട്ട് പ്രമോട്ട് ചെയ്യുന്നു. ഇതാണ് ഉഭയദിശാ സംതൃപ്തിയുടെ അടയാളം. അത് വെച്ചുകൊണ്ട് നമ്മൾ നമ്മളുടെ ഇന്നലെയിലേക്ക് തന്നെ നോക്കുക. നാം എപ്പോഴെല്ലാം എന്തെല്ലാം വാങ്ങിയിട്ട്, വിറ്റിട്ട് ഈ നിലയിലുള്ള ഉഭയ സംതൃപ്തി ആസ്വദിച്ചു കാണും. എപ്പോഴെല്ലാം ഞാൻ പറ്റിക്കപ്പെട്ടു എന്ന് സങ്കടപ്പെട്ട് കാണും. നമ്മളിൽ എത്രയെല്ലാം പേർ ഏതെല്ലാം കച്ചവട സന്ദർഭങ്ങളിൽ കബളിപ്പിക്കപ്പെട്ടു എന്നറിയാതെ പോകുന്നുണ്ട്? അത് മനസ്സിലാകുമ്പോഴാണ് ആത്മീയ പ്രധാനമായ പരസ്പര സംതൃപ്തിയിൽ അധിഷ്ഠിതമായ ഒരു സുതാര്യ കച്ചവട സംസ്കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുക.





