"ഇത്രയൊക്കെ ആക്രമണങ്ങൾ നേരിട്ടിട്ടും ഇത്രയൊക്കെ മരണങ്ങൾ സംഭവിച്ചിട്ടും ഇത്രയൊക്കെ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചിട്ടും മുസ്ലിംപള്ളികളും കച്ചവടസ്ഥാപനങ്ങളും തകർക്കപ്പെട്ടിട്ടും നിങ്ങൾ ഇതുവരെ ഒരു ഹിന്ദുവിനെ തിരിച്ച് ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെമേൽ കല്ലെറിയുക പോലുമോ ചെയ്തിട്ടില്ല. നിങ്ങൾ എന്ത് തീവ്രവാദികളാണ് മുസ്ലിമേ? നിങ്ങൾ സഹനത്തിന്റെ തീവ്രവാദികളാണോ? നിങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നവരെ മടല് വാരി അടിക്കണം." കെ. രോഹിണി എന്നുപേരുള്ള ഒരു പെൺകുട്ടിയുടേതായി പ്രമുഖ മലയാളപത്രത്തിൽ വന്ന കുറിപ്പാണിത്. ശരിയാണെന്നു തോന്നുന്നുണ്ടോ നിങ്ങൾക്ക്?
എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നതിനു മുമ്പ് പ്രമുഖ ഉത്തരേന്ത്യൻഎഴുത്തുകാരൻ ഗുലാം യഹ്യ അൻജ്ജും ചോദിച്ച ഒരു ചോദ്യം കൂടി കേട്ടു നോക്കൂ: ലോകത്ത് നാൽപതിലധികം മുസ്ലിംഭരണ രാഷ്ട്രങ്ങളുണ്ട്. അതിൽ പാക്സ്ഥാനിലും അഫ്ഗാനിസ്ഥാനിലും അമുസ്ലിംകൾ അക്രമിക്കപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ബാക്കിയുള്ള രാഷ്ട്രങ്ങളിലെവിടെയെങ്കിലും ഒരൊറ്റ അമുസ്ലിമെങ്കിലും അമുസ്ലിമായി എന്നതിന്റെ പേരിൽ, ന്യൂനപക്ഷമായി എന്നതിന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോ? മീഡിയകൾ ഇത്ര സജീവമായൊരു കാലത്ത്, ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും പല തെറ്റിദ്ധാരണകളും സൃഷ്ടിക്കാൻ വേണ്ടി പലരും ശ്രമിക്കുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരു വാർത്ത ശ്രദ്ധിച്ചിട്ടുണ്ടോ?
ഗുലാം യഹ്യയുടെ ചോദ്യത്തോടൊപ്പം ഇതുംകൂടിയൊന്ന് ചിന്തിച്ചുനോക്കൂ: എത്രയെത്ര നിരപരാധികളെയാണ് ഇസ്രായേൽ ഓരോ ദിവസവും കൊന്നൊടുക്കുന്നത്. മനഃസ്സാക്ഷിയുള്ള മനുഷ്യരെല്ലാം കണ്ണീർ പൊഴിക്കുന്നു. എന്നിട്ടും ഈജിപ്ത്, സിറിയ, മൊറോക്കോ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളിൽ പലയിടത്തും ജൂതന്യൂനപക്ഷങ്ങൾ എത്ര സുന്ദരമായാണ് അന്തിയുറങ്ങുന്നത്, വ്യവഹരിക്കുന്നത്, ജീവിതം സന്തോഷഭരിതമാക്കുന്നത്? ഒരു ജൂതനെങ്കിലും എവിടെയെങ്കിലും ആക്രമിക്കപ്പെട്ടോ? ആരെങ്കിലും അങ്ങനെയൊരു വാർത്ത വായിച്ചോ?..!!!
അത്ഭുതം തോന്നുന്നുവെങ്കിൽ നിങ്ങൾ ഇസ്ലാമിനെ മനസ്സിലാക്കിയിട്ടില്ല എന്നാണർത്ഥം. കാരണമുണ്ട്. ഇതുകൂടി ഒന്ന് കേൾക്കൂ…
മദീനയിലെ അറിയപ്പെട്ട ജൂതപുരോഹിതനായിരുന്ന സൈദ്ബ്നു സൻഅ തന്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ തിരുനബിയും അനുചരനായ അലിയും വീടിനു പുറത്തിറങ്ങിയപ്പോൾ ഒരു പാവം അഅ്റാബി (മലമ്പ്രദേശങ്ങളിൽ ജീവിക്കുന്ന വ്യക്തി) വന്ന് തന്റെ ജനതയുടെ കാര്യം ബോധിപ്പിച്ചു. അവരെല്ലാവരും ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെന്നും പക്ഷേ ആർക്കും ഭക്ഷിക്കാൻ ഒന്നുമില്ലെന്നും അവർക്ക് ഭക്ഷണം നൽകി മതം മാറ്റം നടത്താനുള്ള ശ്രമങ്ങൾ നടന്നേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പരാതി.
നമ്മുടെ കൈയിൽ വല്ലതുമുണ്ടോ എന്ന് തിരുനബി അലിയോട് ആരാഞ്ഞു. ഒന്നുമില്ലെന്നായിരുന്നു മറുപടി. ഇത് ദൂരെ നിന്ന് കണ്ട ജൂതപുരോഹിതനായ സൈദ്ബ്നു സൻഅ, തിരുനബിയുടെ അടുത്ത് വരികയും തൽക്കാലം കടമായി ഈത്തപ്പഴം താരമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. തിരുനബി സമ്മതിക്കുകയും അഅ്റാബിയെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു. കടം വീടേണ്ട അവധിയെത്തുന്നതിന്റെ അല്പം ദിവസങ്ങൾക്ക് മുമ്പ് തന്നെ സൈദ്ബ്നു സൻഅ മദീനാ പള്ളിക്കടുത്തെത്തി. തിരുനബിയും അബൂബക്കർ , ഉമർ തുടങ്ങിയ പ്രധാനികളുമൊക്കെയുള്ള വലിയൊരു സദസ്സിലേക്കാണ് സൈദ് പോകുന്നത്. കണ്ടപാടെത്തന്നെ അദ്ദേഹം തിരുനബിയുടെ നീളക്കുപ്പായവും തലപ്പാവും ശക്തമായി പിടിച്ചുകുലുക്കി. ശക്തമായി വരിഞ്ഞു മുറുക്കി. കൂട്ടത്തിൽ പണം ചോദിക്കുന്നുമുണ്ട്. അദ്ദേഹം നല്ല തെറിയഭിഷേകവും നടത്തുന്നുണ്ടായിരുന്നു. തിരുനബിയുടെ കൂടെയുള്ളവരുടെ മുഖം കറുത്തു. ക്ഷമ നഷ്ടപ്പെട്ട അനുചരനായ ഉമർ സൈദിനോട് അല്പം ദേഷ്യത്തിലാണ് സംസാരിച്ചത്.
പക്ഷെ തിരുനബി ഉമറിനെ തിരുത്തി. ''ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും ഇതിലേറെ നല്ലൊരു ആളെയാണ് ലഭിക്കേണ്ടത്; എന്നോട് നല്ലനിലയിൽ കടം വീട്ടാൻ കല്പിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയിൽ കടം തിരിച്ചു ചോദിക്കാൻ കല്പിക്കുന്ന ഒരാൾ..'' ശേഷം ഇദ്ദേഹത്തിന് തനിക്കവകാശപ്പെട്ടതിനെക്കാൾ ഇരുപത് സ്വാഅ് (ഒരു അളവ്) അധികം നൽകാനും ഉമറിനോട് കല്പിക്കുകയും അങ്ങനെ നൽകുകയും ചെയ്തു. അധികം വൈകാതെ വിശാലമായ നബിസ്നേഹത്തിന്റെ വലയം മനസ്സിലാക്കിയ സൈദ്ബ്നു സൻഅ എന്ന ജൂതപുരോഹിതൻ മുസ്ലിമാകുകയും ചെയ്തു. (അൽ മുഅജ്മുൽ കബീർ: 25: 203)
പതിനായിരക്കണക്കിന് അനുയായികളുടെ എല്ലാമെല്ലാമായ, മദീനയുടെ ആത്മീയവും ഭൗതികവുമായ എല്ലാ നിയന്ത്രണങ്ങളുമുള്ള മുസ്ലിംലോകത്തിന്റെ നേതാവ് മുഹമ്മദ്നബി തന്റെ ഏറ്റവും പ്രമുഖരായ അനുയായികൾക്കൊപ്പം ഇരിക്കുമ്പോൾതന്നെ അന്നാട്ടിലെ ന്യൂനപക്ഷവിഭാഗക്കാരനായ ഒരു ജൂതന് നബിയോട് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നതും ധൈര്യം വരുന്നതും എന്തുകൊണ്ട്? അദ്ദേഹം ബുദ്ധിയില്ലാത്തതുകൊണ്ട് ചെയ്തുപോയതായിരിക്കില്ലല്ലോ. കാരണം ജൂതമതത്തിലെ ശക്തനായ പുരോഹിതനാണല്ലോ അദ്ദേഹം. എന്നിട്ടും എന്തുകൊണ്ട് ചെയ്തു? എങ്ങനെ ധൈര്യം വന്നു? അനുയായികൾ, സ്വജീവനെക്കാൾ ആയിരംമടങ്ങ് സ്നേഹിക്കുന്ന തിരുനബിയോട് വളരെ പരുഷമായി അദ്ദേഹം പെരുമാറിയിട്ടും അതേഭാഷയിൽ പ്രതികരിക്കാതെ ക്ഷമിച്ച്, നബി പറഞ്ഞു തരുന്നതിനനുസരിച്ച് പ്രതികരിച്ച് ലോകത്തിനു മാതൃക സൃഷ്ടിക്കാൻ തയ്യാറായ അനുചരരുടെ ആ സ്വഭാവം എവിടുന്ന് കിട്ടി?.
ഇതാണ് നബിയുടെ മാതൃക. ആയിരക്കണക്കിന് മാതൃകകളിലൊന്ന്.
ആലോചിച്ചുനോക്കൂ.. നേരത്തെ പറഞ്ഞ എല്ലാ ചോദ്യത്തിനും മറുപടിയുണ്ട്.
മുസ്ലിംകൾ താമസിക്കുന്നിടത്ത്, പെരുമാറുന്നിടത്ത്, ജോലിചെയ്യുന്നിടത്ത്, അല്ലെങ്കിൽ എവിടെയാണെങ്കിലും - അതൊരു ഗ്രാമമാവട്ടെ, രാഷ്ട്രമാവട്ടെ, മറ്റെന്ത് സംവിധാനവുമാവട്ടെ - ഓരോ മുസ്ലിമും അമുസ്ലിമിനെ എങ്ങനെയാണ് കാണേണ്ടത്, പെരുമാറേണ്ടത്, പരിഗണിക്കേണ്ടത്, ബഹുമാനിക്കേണ്ടത് എന്ന് സവിസ്തരം വിശദീകരിച്ചതിനു ശേഷം മാത്രമാണ് മുഹമ്മദ് നബി ഇഹലോകവാസം വെടിഞ്ഞത്. അത് ചില പ്രഖ്യാപനങ്ങളിലൊതുങ്ങുകയായിരുന്നില്ല. തന്റെ ജീവിതപ്പാതയിലൂടെ സമൂഹത്തിനു പഠിപ്പിക്കുകയും ചെയ്തു. ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ശക്തമായ മാതൃകയും സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ, മുഹമ്മദ്നബിയെ പിന്തുടരുന്ന ഒരു മനുഷ്യന്റെ മുമ്പിലും മറ്റൊരു മനുഷ്യന് ഭയപ്പെടേണ്ടി വരില്ല. അവൻ ഏതു മതത്തിൽപെട്ടയാളാണെങ്കിലും. ഒരിക്കലും അവനെക്കൊണ്ട് നിർബന്ധപൂർവം 'അല്ലാഹു അക്ബർ' എന്ന് പറയിപ്പിക്കില്ല. അങ്ങനെ പറയിപ്പിക്കുന്ന പക്ഷം ശക്തമായ ശിക്ഷയായിരിക്കും അനന്തരഫലം.
നമ്മുക്ക് തിരുനബിയുടെ ചില വചനങ്ങൾ പരിചയപ്പെടാം: ആരെങ്കിലും ഒരു ദിമ്മിയെ (ഇസ്ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന രാഷ്ട്രത്തോട് യുദ്ധം ചെയ്യാത്ത അമുസ്ലിം) ബുദ്ധിമുട്ടിച്ചാൽ ഞാനവനെതിരെ വാദിക്കും. ഞാൻ ആർക്കെങ്കിലും എതിരെ വാദിച്ചാൽ അന്ത്യനാളിൽ വിചാരണ സമയത്ത് അവന്റെ പ്രതിയോഗിയായിരിക്കും ഞാൻ".(അൽ ജാമിഉസ്സഗീർ/ ഇമാം സുയൂത്വി/8270)
തിരുദൂതർ നടത്തുന്ന മറ്റൊരു പ്രഖ്യാപനം ഇങ്ങനെ: "ആരെങ്കിലും നമ്മോട് കരാറിലേർപ്പെട്ട ദിമ്മിയെ വധിച്ചാൽ സ്വർഗത്തിന്റെ വാസന പോലും അവന് കിട്ടില്ല. 40 വർഷത്തെ വഴിദൂരത്തിലേക്ക്പോലും അടിച്ചുവീശുന്നതാണ് സ്വർഗത്തിന്റെ പരിമളം"(ബുഖാരി/ ഫത്ഹുൽ ബാരി 15/248).
മറ്റൊരു വചനം ഇങ്ങനെ: "രജ്ഞിപ്പോടെ ജീവിക്കുന്ന അമുസ്ലിംകളിൽ ഒരാളെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ വാസന പോലും കിട്ടില്ല. എഴുപത് വർഷത്തെ വഴിദൂരം വരെയെത്തുന്നതാണ് അതിന്റെ പരിമളം"(നസാഇ/ സുനൻ 2/25).
പ്രമുഖപണ്ഡിതനായ ഇമാം ബൈഹഖി ഉദ്ദരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: "അറിയുക; ആരെങ്കിലും കരാറിലേർപ്പെട്ട അമുസ്ലിമിനെ അക്രമിക്കുകയോ, അവനെക്കൊണ്ട് സാധിക്കാത്തതിന് നിർബന്ധിക്കുകയോ അല്ലെങ്കിൽ അവന്റെ ഇഷ്ടമില്ലാതെ അവന്റെ വല്ല സാധനവും എടുക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവനെതിരെ വാദിക്കാൻ വരുന്നതാണ്"(സുനനുൽ കുബ്റ 9/205).
മറ്റൊരിക്കൽ തിരുനബി പറഞ്ഞു: "ആരെങ്കിലും ദിമ്മിയിനെ ബുദ്ധിമുട്ടിച്ചാൽ അവൻ എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ ബുദ്ധിമുട്ടിച്ചവൻ അല്ലാഹുവിനെയും ബുദ്ധിമുട്ടിച്ചു" (അൽജാമിഉസ്സഗീർ/8270).
ദിമ്മിയെ സംരക്ഷിക്കുന്നതിന് കേവലമൊരു സാമൂഹ്യമര്യാദയുടെ പരിഗണന മാത്രമല്ല ഇസ്ലാം നൽകിയതെന്നും വിശ്വാസിയുടെ ആത്യന്തികലക്ഷ്യമായ സ്വർഗീയപ്രവേശത്തെ വരെ തടയുന്ന ഗുരുതരമായ വീഴ്ചയാണതെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ദിമ്മിയിനെ ബുദ്ധിമുട്ടിച്ചവർക്കെതിരെ താൻ തന്നെ വാദിക്കുമെന്നും അത്തരം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ താൻ മുൻപന്തിയിലുണ്ടാകുമെന്നും തിരുനബി വാക്കു തരുന്നു. അഥവാ ഒരു അമുസ്ലിമും എവിടെയും ഭയപ്പെടേണ്ടി വരില്ല..!!
അക്രമപ്രവർത്തനങ്ങൾക്കെതിരെ കഠിനമായ ഭാഷയിൽ ഖുർആൻ ധാരാളം സ്ഥലങ്ങളിൽ പ്രതികരിക്കുന്നുണ്ട്. ഖുർആൻ പറഞ്ഞു: " ആരെങ്കിലും നിങ്ങൾക്കിടയിൽ നിന്നും അക്രമം കാണിച്ചാൽ അവനെ ഭീകരമായ ശിക്ഷകൾക്ക് വിധേയമാക്കുന്നതാണ്" (ഫുർഖാൻ /18).
അല്ലാഹു പറഞ്ഞതായി തിരുനബി പഠിപ്പിക്കുന്നു: എന്റെ അടിമകളേ, ഞാൻ അക്രമം എന്റെ മേൽ നിഷിദ്ധമാക്കിയിട്ടുണ്ട്. അതിനെ നിങ്ങൾക്കിടയിലും നിഷിദ്ധമാക്കി. അത് കൊണ്ട് നിങ്ങൾ പരസ്പരം അക്രമിക്കരുത്" (രിയാളുസ്വാലിഹീൻ 165).
പ്രവാചകരുടെ കാലം മുതൽ ഇക്കാലം വരെയും മുസ്ലിംലോകം ഇത് ശ്രദ്ധിച്ചുവരുന്നു. വീഴ്ച വരുത്തുന്ന ആരെങ്കിലുമുണ്ടെങ്കിൽ പണ്ഡിതന്മാരും വിശ്വാസികൾ ഒന്നടങ്കവും തെറ്റ് തിരുത്തിക്കുന്നു. ഖലീഫമാരും മതപ്രതിബദ്ധതയുള്ള മുസ്ലിം രാജാക്കൻമാരും തിരുനബിയുടെ ഈ വാക്കുകൾ ശിരസ്സാവഹിച്ചാണ് ഭരണം നടത്തിയത്.
ഖലീഫാഉമർ തന്റെ ഗവർണറായ അംറുബ്നുൽ ആസിന് നൽകുന്ന നിർദേശം ഇതിന്റെ പ്രത്യക്ഷ തെളിവാണ്: "അംറ്! നിങ്ങളോട് കൂടെ നമ്മോട് കരാറിലേർപ്പെട്ടു ജീവിക്കുന്ന അമുസ്ലിംകളുമുണ്ട്. അല്ലാഹുവിന്റെ ദൂതൻ നിങ്ങൾക്കെതിരെ വാദിക്കുന്നത് സൂക്ഷിക്കുക". (അൽമുസാവാതു ഫിൽ ഇസ്ലാം/85).
മുസ്ലിംസൈന്യത്തിന് സിറിയ കീഴടക്കേണ്ടി വന്നപ്പോൾ ഖലീഫ ഉമർ തൻ്റെ സൈനിക നേതാവായിരുന്ന അബൂഉബൈദക്ക് എഴുതിയത് ഇങ്ങനെ: "ദിമ്മികളെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടാവരുത്. അവർക്കൊരു നഷ്ടവും പറ്റരുത്. വ്യക്തവും ന്യായവുമായ കാരണങ്ങൾ കൊണ്ടല്ലാതെ അവരെ മാറ്റരുത്. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും വേണം."
വ്യത്യസ്തപ്രവിശ്യകളിൽ നിന്നും തന്നെ കാണാൻ വരുന്ന സന്ദർശകരോട് ഉമർ ദിമ്മികളെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. സന്ദർശകർ പറയും: "നമ്മൾ വാഗ്ദത്തം നൽകിയത് പൂർത്തിയാക്കി വീട്ടുന്നതായേ ഞങ്ങൾക്കറിയൂ".(താരീഖു ത്വബറി: 4/218).
ഇതേ ഖലീഫ തന്നെയായിരുന്നു ശത്രുവിന്റെ കഠാര കൊണ്ടു കുത്തേറ്റ് മരണശയ്യയിൽ കിടന്നപ്പോൾ ഇങ്ങനെ വസ്വിയ്യത്(ഒസ്യത്ത്) ചെയ്തത്: "എന്റെ ശേഷം വരുന്ന ഖലീഫയോട് ഞാൻ വസ്വിയത് ചെയ്യട്ടെ, ദിമ്മികൾക്ക് ഗുണം ചെയ്യണം. അവരുമായുള്ള കരാറനുസരിച്ച് പ്രവർത്തിക്കണം. അവരെ വഞ്ചിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുത്. അവർക്ക് കഴിയാത്തത് അവരോട് നിർബന്ധിക്കുകയും അരുത്" (കിതാബുൽ ഖറാജ്: 136). തന്നെ കൊന്നത് അമുസ്ലിമാണെന്നതിന്റെ പേരിൽ ഒരു അമുസ്ലിമും പീഡിപ്പിക്കപ്പെടരുത് എന്നായിരുന്നു ഖലീഫയുടെ നിലപാട്.
നാലാംഖലീഫ അലിയുടെ സവിധത്തിൽ ദിമ്മിയിനെ വധിച്ച ഒരു മുസ്ലിമിനെ ഹാജരാക്കിയപ്പോൾ ഖലീഫ അയാളെ വധശിക്ഷക്ക് വിധിക്കുകയും നടപ്പാക്കുകയും ചെയ്തു. അഞ്ചാം ഖലീഫ ഉമർബ്നു അബ്ദുൽഅസീസ് ചില ഗവർണർമാർക്കെഴുതിയ കത്തുകളിലും ഇത്തരം മുസ്ലിം കുറ്റക്കാരെ വധിച്ചുകളയാൻ കൽപ്പിക്കുന്നുണ്ട്. ഇങ്ങനെ നൂറുകൂട്ടം വസ്തുതകളിലൂടെ സഞ്ചരിക്കുന്നതാണ് മുസ്ലിം ലോകത്തിന്റെ ചരിത്രം.
റോമാസാമ്രാജ്യം ഇസ്ലാമിക സൈന്യത്തിനു മേൽ ആധിപത്യത്തിനു ശ്രമം തുടങ്ങിയപ്പോൾ പ്രതിരോധനടപടി ആസൂത്രണം ചെയ്യാനായി നബിയനുചരനായ അബൂഉബൈദ തന്റെ ജൂനിയർ കമാന്റർമാരെ വിളിച്ചുവരുത്തി. പട്ടണത്തിലെ ക്രിസ്ത്യൻ ജനസംഖ്യ കുറക്കണമെന്നായിരുന്നു തീരുമാനം. അവരായിരുന്നു റോമൻ സൈന്യത്തിന് സഹായം നൽകിയിരുന്നത്. ഉടൻ ഒരു സൈനികൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "അവരെ പുറത്താക്കാനുള്ള അവകാശം നമുക്കില്ല. മാന്യവും സുരക്ഷിതവുമായ ജീവിതം നൽകുമെന്ന വാഗ്ദത്വത്തോടെയാണ് നാം അവരെ ഏറ്റെടുത്തത്." ഇതുകേട്ട അബൂഉബൈദ പശ്ചാത്താപവിവശനായി തെറ്റുതിരുത്തുകയായിരുന്നു. അഥവാ അമുസ്ലിംകളുടെ സംരക്ഷണം ഓരോ വ്യക്തിയുടെയും സൈനികന്റെയും സിരകളിലൂടെ സഞ്ചരിക്കുന്ന ഉത്തരവാദിത്വമായി കണ്ടിരുന്നുവെന്നർത്ഥം. ഭരണാധികാരിയെ തിരുത്താൻ അവരാരും മനഃപ്രയാസം അനുഭവിച്ചില്ല.
ഉമവിയ്യ ഭരണകൂടത്തിലെ ഭരണാധിപനായിരുന്ന വലീദ് ബിൻ യസീദ്, ഖിബ്റസ് എന്ന നാട്ടിൽ നിന്നും ദിമ്മികളെ ആട്ടിയോടിച്ചപ്പോൾ അക്കാലത്തെ ഇസ്ലാമികപണ്ഡിതർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ചരിത്രത്തിൽ കാണാവുന്നതാണ്. (ഫത്ഹുൽ ബുല്ദാൻ/ 214) ദിമ്മികളോട് അതിക്രമം കാണിക്കുന്നത് മുസ്ലിം പണ്ഡിതർക്ക് എത്രമാത്രം അനിഷ്ടകരമായിരുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഇനി പറയൂ, ഒരു മുസ്ലിം മറ്റൊരു അമുസ്ലിമിനെ ചെറിയ തോതിലെങ്കിലും അക്രമിക്കാനോ ബുദ്ധിമുട്ടിക്കാനോ തയ്യാറാകുമോ? ഒരിക്കലുമില്ല. മതം അത്തരക്കാർക്ക് ഒരു പരിരക്ഷയും നൽകില്ല- ഇസ്ലാം സാക്ഷി, കാലം സാക്ഷി.
പ്രവാചകചരിത്രത്തിലെ അനർഘമായൊരു ഏട് കൂടിപ്പറഞ്ഞ് അവസാനിപ്പിക്കാം. ലക്ഷക്കണക്കിന് വിശ്വാസികളുടെ സർവ്വസ്വവുമായ തിരുനബി ഒരിക്കൽ പ്രിയ പത്നി ആഇശാബീവിയുടെ കൂടെ വീട്ടിലായിരുന്നു. അവിടെ നബിയെക്കാണാൻ ഒരു സംഘം ജൂതന്മാർ വരുന്നു. 'അസ്സലാമു അലൈക്കും' അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്ന് അഭിവാദ്യം ചെയ്യുന്നതിന് പകരം അവർ പറഞ്ഞത് 'അസ്സാമു അലൈക്കും' അഥവാ നാശവും മരണവും നിന്റെ മേലിലുണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ (റ) ഒരല്പം പരുഷമായി പ്രതികരിച്ചു: ''നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ'': ഇത് രണ്ടും ശ്രവിച്ച തിരുനബി ആഇശാബീവിയെ തിരുത്തുകയാണ് ചെയ്തത്.
''അടങ്ങൂ ആഇശ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു''.
ഉടൻ ആഇശ ബീവി അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി.
''നിങ്ങളുടെ മേലും എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?'' എന്ന് ആഇശാബീവിയോട് തിരുനബി മറുപടിസ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് തിരുനബി പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു. (ഇർഷാദു സ്സാരി: 9/149)
