പ്രവാചകരുടെ മദീനാപള്ളിയാണ് വേദി. ചില ക്രിസ്തീയപുരോഹിതന്മാർ നബിയെക്കാണാനായി പള്ളിയിലെത്തിയിട്ടുണ്ട്. അവർക്ക് ആരാധന നിർവഹിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇപ്പോഴവർ പരതിക്കൊണ്ടിരിക്കുന്നത്. വിഷമഘട്ടത്തിലായ അവരെ തിരുനബി മനസ്സിലാക്കി . മദീനാപള്ളിയുടെ ചെറിയൊരു ഭാഗം അവരുടെ ആരാധനക്കായി വിട്ടുകൊടുക്കാൻ കല്പിച്ചു. അവർ പ്രവാചകരുടെ സ്വന്തം പള്ളിയിൽ ആരാധന നിർവഹിച്ച് സംതൃപ്തരാവുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട ചരിത്രമല്ല. മറ്റൊരവസരത്തിൽ താഇഫിൽനിന്ന് വന്ന ക്രൈസ്തവ പുരോഹിതർ മദീനാപള്ളിയുടെ ചാരത്ത് ദിവസങ്ങളോളം ടെന്റ് കെട്ടി താമസിക്കുകയായിരുന്നു. അവർക്കുള്ള എല്ലാ സൗകാര്യങ്ങളും ചെയ്തുകൊടുത്തതാവട്ടെ പ്രവാചകരും അനുയായികളും.
ഇസ്ലാമികനാഗരികതയിലും രാഷ്ട്രീയ സംവിധാനങ്ങളിലും ബഹുസ്വരത എത്രമാത്രം ശ്രദ്ധയോടെയാണ് സംരക്ഷിക്കപെട്ടതെന്നതിന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഉദാഹരണങ്ങൾ കാണാനാകും. അന്യമതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുക, പരിഗണിക്കുക തുടങ്ങിയവയൊക്കെയാണല്ലോ പൊതുവെ ഇക്കാലത്ത് ബഹുസ്വരത കൊണ്ടർത്ഥമാക്കുന്നത്. ബഹുസ്വരങ്ങളെ അഥവാ വ്യത്യസ്ത സ്വരങ്ങളെ ഉൾക്കൊള്ളുക എന്നുവേണമെങ്കിൽ ഒറ്റവാക്കിൽ ബഹുസ്വരതയെ വ്യാഖ്യാനിക്കാം. ഈ ആശയം ഏറ്റവും കൂടുതൽ പ്രാവർത്തികമാക്കി കാണിച്ചുകൊടുത്ത് സമൂഹത്തിന് എക്കാലവും മാതൃക സൃഷ്ടിച്ചത് മുഹമ്മദ്നബിയായിരുന്നു.
ബഹുസ്വരമെന്നാൽ വൈവിധ്യമാണല്ലോ. മനുഷ്യർക്കിടയിലെ വിശ്വാസപരമല്ലാത്ത എല്ലാ വൈവിധ്യങ്ങളെയും അനിവാര്യതകളായി കാണാനും അനുഗ്രഹവും ദൃഷ്ടാന്തവുമായി പരിചയപ്പെടുത്താനുമാണ് ഇസ്ലാം തയ്യാറായതെന്നത് എടുത്തുപറയേണ്ടതാണ്.
ഖുർആൻ പറയുന്നു: "ആകാശ ഭൂമിയെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും വർണങ്ങളും വ്യത്യസ്തങ്ങളായതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. ജ്ഞാനികൾക്ക് ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്."(റൂം 22). ഇവിടെ വൈവിധ്യത്തെ ദൃഷ്ടാന്തമായി കാണാനാണ് ഖുർആൻ പ്രേരിപ്പിച്ചത്.
തിരുനബി പറയുന്നു: "എന്റെ ജനതയുടെ വൈവിധ്യം കാരുണ്യമാണ്"(ബൈഹഖി, ദാരിമി). ജനത എന്ന പദത്തെ കുറിക്കുന്ന അറബി വാചകം 'ഉമ്മത്ത്' എന്നാണ്. രണ്ട് തരം ഉമ്മത്തുകളെയാണ് ഇസ്ലാമിക ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നത്. പ്രവാചകന്റെ പ്രബോധനങ്ങൾക്ക് ഉത്തരം നൽകിയ ഉമ്മത്തും ഉത്തരം നൽകാത്ത ഉമ്മത്തും. ഉമ്മത്തിന്റെ രണ്ടർത്ഥപ്രകാരവും മനുഷ്യന്റെ ഈ വൈവിധ്യം അനുഗ്രഹമായി പ്രവാചകർ ഗണിച്ചു. വർണ-ഭാഷ-ദേശ-വൈജാത്യങ്ങളെയെല്ലാം എത്രമനോഹരമായാണ് ഇസ്ലാം ഉൾക്കൊള്ളുന്നതെന്നർത്ഥം.
അതേസമയം, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠനാണ് മനുഷ്യൻ. നിസ്സംശയം, ഏറ്റവും കൂടുതൽ അനുഗ്രഹിക്കപ്പെട്ടവനും അവൻ തന്നെ. പക്ഷേ, ശ്രേഷ്ഠതയും അനുഗ്രഹങ്ങളും ശാശ്വതമാകുന്നതും അവ ഗുണകരമാകുന്നതും മനുഷ്യന്റെ ചെയ്തികൾക്കും വിശ്വാസങ്ങൾക്കുമനുസൃതമാണെന്ന് ഇസ്ലാം സിദ്ധാന്തിച്ചു.
സത്തയിൽ ശ്രേഷ്ഠനെങ്കിലും മലിനമായകർമങ്ങൾ നിമിത്തം അവൻ മലിനമാകും. മലിനവും മോശവുമായ വിശ്വാസം നിമിത്തം അവന്റെ ആത്മാവും മോശമാകുന്നു. ഇപ്പറഞ്ഞതിലൊന്നും ഒരു മതത്തിനും അഭിപ്രായാന്തരമുണ്ടാവില്ല. കർമത്തിലെ മാലിന്യം ഈ ലോകത്ത് വെച്ച് തന്നെ വെറുക്കപ്പെടാനും വിശ്വാസത്തിലെ മാലിന്യം പരലോകത്തെ വെറുപ്പിനും നിദാനമാകുന്നു.
ഇസ്ലാം വിഭാവനം ചെയ്യുന്ന ഒരു വ്യക്തി, ശുദ്ധമായ വിശ്വാസവും നിഷ്കളങ്കമായ പ്രവർത്തനങ്ങളും സത്യസരണിയിൽ പരസ്പര സഹവർത്തിത്ത്വമുള്ളവനും ക്ഷമിക്കാനും പൊറുക്കാനും കഴിവുള്ളവനും അവ ശീലമാക്കിയവനുമാണെന്ന് ഖുർആൻ പറയുന്നു:
"കഴിഞ്ഞ കാലം സാക്ഷിയാണ്; മുഴുവൻ മനുഷ്യരും മഹാനഷ്ടത്തിലാണ് - സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ക്ഷമ കൊണ്ടും സത്യം കൊണ്ടും പരസ്പരം സഹകരിക്കുകയും ഉപദേശിക്കുകയും ചെയ്തവരൊഴികെ." (അൽ-അസ്വർ1,2,3)
കൂടാതെ, ഇസ്ലാം പ്രകാരം പ്രപഞ്ചമാകമാനം മനുഷ്യന് അല്ലാഹു വ്യത്യസ്ത തരത്തിൽ കീഴൊതുക്കി നൽകിയിരിക്കുന്നു. ഇതും ഒരനുഗ്രഹമാണ്. ഇത്തരം നൂറുകൂട്ടം ദൈവിക അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക കേവലമര്യദയാണെന്ന് ആരാണ് സമ്മതിക്കാതിരിക്കുക?.
അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കണം. മാനുഷിക മര്യാദയാണത്. ജന്തുക്കൾ പോലും ചെയ്യുന്നതുമാണത്. എങ്കിൽ പ്രപഞ്ചസ്രഷ്ടാവിനോടാണ് ഓരോ മനുഷ്യന്റെയും ആദ്യ നന്ദി വേണ്ടത്. അത് അവന്റെ ഉണ്മയെ അംഗീകരിച്ചും ഓരോരുത്തരുടെയും നന്മക്കായി മാത്രം അവനാവിഷ്കരിച്ച നിയമങ്ങൾ അനുസരിച്ചുമായിരിക്കണമെന്നതിൽ അഭിപ്രായവ്യത്യാസമില്ല. ഇത് അംഗീകരിക്കുന്നവരാണ് മുസ്ലിംകൾ. അല്ലാത്തവർ അമുസ്ലിംകളും. രണ്ടു പേർക്കും ശിക്ഷയും രക്ഷയും ലഭിക്കുന്ന ലോകം ഇഹലോകമല്ല. പരലോകമാണ്. ഇഹലോകത്ത് എല്ലാവരും ഒരുപോലെ പരസ്പരം സഹകരിച്ച് സഹവർത്തിത്വത്തോടെയാണ് ജീവിക്കേണ്ടത്. അതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന ബഹുസ്വരതയും.
മനുഷ്യർ എല്ലാവരും ഒരിക്കലും സത്യവിശ്വാസികളാവില്ല. ഈ ലോകം സത്യവിശ്വാസികൾക്ക് മാത്രമായുള്ളതുമല്ല. മനുഷ്യന്റെ വിശ്വാസവൈവിധ്യം ഖുർആൻ പറയുന്നുണ്ട്. "നിങ്ങളെ പടച്ചത് അല്ലാഹുവാണ്. നിങ്ങളിൽ സത്യനിഷേധികളുണ്ട്; സത്യവിശ്വാസികളും" (തഗാബുൻ: 2).
എന്നാൽ, ഈ വിശ്വാസവൈവിധ്യം മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്നതിൽ ഒരിക്കലും മാനദണ്ഡമാക്കാൻ പാടില്ലെന്നും ഖുർആൻ ഉണർത്തി. അതേസമയം ഒരു വിശ്വാസി സത്യനിഷേധത്തെ അഥവാ അവിശ്വാസത്തെ തൃപ്തിപ്പെടാനോ ഇഷ്ടപ്പെടാനോ പാടില്ല. അവിശ്വാസി വിശ്വാസത്തെയും ഇഷ്ടപ്പെടില്ല.
മറ്റുള്ളവന്റെ വിശ്വാസത്തെ തൃപ്തിപ്പെട്ട് അംഗീകരിക്കുന്നതല്ല യഥാർത്ഥ വിശ്വാസവും നിലപാടും. ആശയങ്ങളോട് മാന്യമായി വിയോജിച്ചുതന്നെ, തന്റെ നിലപാടും ആശയവും വിശ്വാസവും ശരിയാണെന്ന് മനസ്സിലാക്കി അംഗീകരിക്കുന്നതിനെയാണ് യഥാർത്ഥ വിശ്വാസമെന്ന് പറയുക. ബഹുസ്വരതയെ വ്യാഖ്യാനിക്കുന്നതിൽ ചിലർക്ക് പറ്റിയ പിഴവും ഇതുതന്നെയാണ്. എല്ലാ വിശ്വാസവും ശരിയാണെന്നും എല്ലാം ആത്യന്തികമായി ഒന്നിലേക്കെത്തുന്നുവെന്നും വിശ്വസിക്കുമ്പോൾ മാത്രമാണ് ബഹുസ്വരത ജനിക്കുന്നതെന്നും പറഞ്ഞവരുണ്ട്. പക്ഷേ, ലോകത്ത് അറിയപ്പെട്ട ഒരു മതവും ഈ ധാരണയെ അംഗീകരിക്കുന്നില്ല.
എല്ലാ മതങ്ങളും വിശ്വാസങ്ങളും സംസ്കാരങ്ങളും പരസ്പരഐക്യത്തോടെയും സഹവർത്തിത്വത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കുന്നുവെങ്കിൽ അവിടെ മതകീയബഹുസ്വരത അല്ലെങ്കിൽ സാംസ്കാരികബഹുസ്വരതയുണ്ടെന്ന് പറയാം. ബഹുസ്വരാത്മകമായ മതം മറ്റു മതങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കുന്നതിനു പകരം മറ്റു മതവിശ്വാസികളെയാണ് അംഗീകരിക്കുന്നത്.
മറ്റു മതത്തിന്റെ ആശയങ്ങൾ അതിന്റെ അനുയായികൾക്ക് മഹത്തരമാണെന്നും വിമർശനവും നിരൂപണവും നിന്ദിക്കുന്നതിലേക്ക് വഴി മാറരുതെന്നും ഇസ്ലാം അനുശാസിക്കുന്നു. ഈ അർത്ഥത്തിൽ ലോകത്ത് ഏറ്റവും വലിയ ബഹുസ്വരാശയം പകർന്നുനൽകിയ മതം ഇസ്ലാം മാത്രമാണെന്ന് കണ്ടെത്താനാകും. മുസ്ലിം എന്നാൽ അന്യമതത്തെയും മതാനുയായികളെയും മതാരാധ്യരെയും പരിഗണിക്കേണ്ട രൂപത്തിൽ പരിഗണിക്കുക എന്നതാണ്. ആരാധ്യവസ്തുക്കളെയും ആരാധ്യപുരുഷനെയും തെറിയഭിഷേകം നടത്തുന്നതോ കൂകിവിളിക്കുന്നതോ ഒരിക്കലും ന്യായീകരിക്കാനാവാത്ത പാതകമാണ്. ഖുർആൻ ഉദ്ബോധനം ഇവ്വിഷയത്തിൽ ലോകമതസമൂഹങ്ങൾക്ക് പാഠമാണ്.
" അവർ ആരാധിക്കുന്ന ഇതര ദൈവങ്ങളെ നിങ്ങൾ ചീത്ത പറയരുത്"(അൻആം/; 108) ഈ വചനത്തെ വ്യാഖ്യാനിച്ചവരെല്ലാം ഇതിന്റെ ആത്യന്തിക നാശം ബോധ്യപ്പെടുത്തുന്നുണ്ട്.
അന്യമതങ്ങളുടെ ദേവാലയങ്ങളെക്കുറിച്ചും ഖുർആനിന്റെ നയം ഇവിടെ പ്രത്യേകം മനസ്സിലാക്കണം. ഖുർആൻ പറയുന്നു: "മനുഷ്യരിൽ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു തടഞ്ഞു നിർത്തിയില്ലായിരുന്നുവെങ്കിൽ, സന്യാസിമഠങ്ങളും ജൂതപ്പള്ളികളും ക്രിസ്ത്യൻ പള്ളികളും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന മുസ്ലിംപള്ളികളും തകർക്കപ്പെടുമായിരുന്നു." (ഹജ്ജ് 40)
സമരങ്ങളുടെയും യുദ്ധത്തിന്റെയും ആവശ്യകത പറഞ്ഞ് ഇറങ്ങിയ ഈ വചനം ലോകത്ത് ഒരു ഗ്രന്ഥത്തിനും അവകാശപ്പെടാനാകാത്ത വിധം ബഹുസ്വരാത്മകമാണെന്ന് തെളിയിക്കുന്നു. ഇത്തരം അധ്യാപനങ്ങൾ എല്ലാ മതങ്ങളും പഠിപ്പിച്ചിരുന്നുവെങ്കിൽ മതസ്പർദ്ധയും വർഗീയതയും പാടെ വിപാടനം ചെയ്യപ്പെടുമായിരുന്നു.
മതവും ജാതിയും നോക്കാതെ മാലോകരെ മൊത്തം പരിഗണിച്ചായിരുന്നു തിരുനബിയുടെ മുന്നോട്ടുള്ള ഗമനങ്ങളൊക്കെയും. പത്തുലക്ഷം വരുന്ന നബിവചനങ്ങളിൽനിന്നും ഒരു ഗുരു തന്റെ ശിഷ്യന് ആദ്യമായി പഠിപ്പിച്ചുകൊടുക്കുന്ന വചനം ഇസ്ലാമിക ലോകത്ത് വളരെ പ്രശസ്തവും പതിനാലു നൂറ്റാണ്ടായി തുടർന്ന് പോരുന്നതുമാണ്. കേരളം മുതൽ ലോകം മൊത്തം തിരുവചനപണ്ഡിതന്മാർ ഈ വചനം തന്റെ ശിഷ്യർക്ക് ആദ്യമായി പഠിപ്പിക്കുന്നു: ''കാരുണ്യം കാണിക്കുന്നവരോട് കരുണാവാരിധിയായ അല്ലാഹുവും കാരുണ്യം കാണിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഭൂമിയിലുള്ള സകല ജനങ്ങളോടും കാരുണ്യം കാണിക്കുക; എന്നാൽ ഉന്നതനായ അല്ലാഹു നിങ്ങളോടും കാരുണ്യം കാണിക്കും''.
പത്തുലക്ഷം വചനങ്ങളിൽ നിന്നും ഈ ഹദീസ് തന്നെ എന്തുകൊണ്ട് ഗുരു തന്റെ ശിഷ്യർക്ക് ആദ്യമായി കേൾപ്പിക്കുന്നുവെന്നതിന്റെ മറുപടി മാത്രം മതി ഒരാൾക്ക് മുഹമ്മദ് നബിയെ അടുത്തറിയാനും ഇസ്ലാമിന്റെ ബഹുസ്വരമുഖം മനസ്സിലാക്കാനും.
വിശുദ്ധഖുർആന്റെ ആദ്യ വചനം നൽകുന്ന സന്ദേശവും മറ്റൊന്നല്ല എന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന ഖുർആൻ അല്ലാഹുവിനെ സൃഷ്ടിലോകത്തിനു ആദ്യമായി പരിചയപ്പെടുത്തുന്നത് 'റഹ്മാൻ' എന്ന അല്ലാഹുവിന്റെ മറ്റൊരു നാമം കൊണ്ടാണ്. ഈ നാമത്തിന്റെ അർത്ഥവും ഇതിലടങ്ങിയിരിക്കുന്ന നയവുമാണ് യഥാർത്ഥത്തിൽ ഇസ്ലാമും ഖുർആനും വരച്ചിടുന്ന ബഹുസ്വരത.
ഇതിന്റെ അർത്ഥങ്ങളിലൊന്ന് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും അഥവാ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഇഹലോകത്ത് ഗുണവും കാരുണ്യവും ചെയ്യുന്നവൻ എന്നാണ്. നബിയെക്കുറിച്ച് ഖുർആൻ പലതവണ അവർത്തിച്ചു പറയുന്നത് അവിടുന്ന് ലോകത്തുള്ള സകല സൃഷ്ടികൾക്കും കാരുണ്യമായാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ്. ഈ കാരുണ്യവും സ്നേഹവായ്പും കേവല വിശ്വാസികളിൽ ഒതുങ്ങുന്നതോ കേവലം മനുഷ്യരിൽ ഒതുങ്ങുന്നതോ ആയിരുന്നില്ല. പ്രപഞ്ചം മൊത്തം നിറഞ്ഞൊഴുകുന്ന അതിമഹത്തായ കാരുണ്യം കാഴ്ചവെച്ച അതുല്യനായ നേതാവാണ് പരിശുദ്ധനായ മുഹമ്മദ് നബി.
തന്റെ അനുയായികൾക്ക് ഊണിലും ഉറക്കിലും ഈ കാരുണ്യവും സ്നേഹവും മാത്രമാണ് അവിടുന്ന് പഠിപ്പിച്ചുകൊടുത്തത്. കാരുണ്യം കാണിക്കാത്തവന് ശക്തമായ താക്കീത് ഓരോ സമയവും ചെയ്യാൻ അവിടുന്ന് മടികാണിച്ചതുമില്ല. ‘കാരുണ്യമില്ലാത്തവൻ തന്റെ അനുയായി വൃന്ദത്തിൽപെട്ടവനല്ല’ എന്നും പറയാൻ തിരുദൂതർ ധൈര്യം കാണിക്കുകയും അനുയായികളത് അക്ഷരംപ്രതി അനുസരിക്കുകയും തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. ഇസ്ലാമിന്റെ എക്കാലത്തെയും നയവും ഈ വിശാലമായ, അറ്റമില്ലാത്ത, സകല സൃഷ്ടികളോടുമുള്ള കാരുണ്യമാണ്. വിശ്വാസി - അവിശ്വാസി വകഭേദമില്ലാതെ, എല്ലാവരെയും മനുഷ്യരായിക്കണ്ടുള്ള കാരുണ്യസ്പർശം.
എത്രയെത്ര ഉദാഹരണങ്ങളാണ് ആ പരിശുദ്ധ ജീവിതത്തിൽ...!! ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത തിരുനബിയുടെ ശരീരത്തിൽ നിന്ന് മുറിവ് പറ്റി രക്തം ഒഴുകിയപ്പോഴും അവിടുന്ന് പ്രാർത്ഥിച്ചത് ചരിത്രം മറക്കില്ല. "എന്റെ നാഥാ..! എന്റെ സമൂഹത്തിന് നീ മാപ്പുനൽകണേ..!! അവർ അറിവില്ലാത്തവരാണ്.." (ബുഖാരി/ 6530)
മക്കാവിജയ ദിവസം, നന്മ ഉപദേശിച്ചതിന്റെ പേരിൽ ഇരുപതു കൊല്ലം തങ്ങളെ നിരന്തരം വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളെ മുൻനിർത്തി അവരോട് വിജയിച്ച തിരുനബി പ്രഖ്യാപിച്ചത് "നിങ്ങൾ പോകൂ...!! നിങ്ങൾ സ്വതന്ത്രരാണ്" എന്നായിരുന്നുവല്ലോ. തങ്ങളെ ജന്മനാട്ടിൽ നിന്ന് നാടും വീടും സ്വത്തും കുടുംബവും വിട്ട് പുറത്താക്കിയ മക്കയിലെ ശത്രുക്കൾക്കിടയിൽ വിതരണം ചെയ്യാൻ നബി പലപ്പോഴായി സമ്പത്ത് കൊടുത്തയച്ചിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. (മകാരിമുൽ അഖ്ലാഖ്/ ഖുറശി:120)
മക്കയിലെ ശത്രുക്കൾക്ക് ശക്തമായ ക്ഷാമം പിടിപെടുമ്പോൾ മദീനയിൽ നിന്ന് ഗോതമ്പ് വിതരണം നടത്തിയതായും ചരിത്രം പറയുന്നു. ഇത്തരം ചരിത്ര ഉദാഹരണങ്ങൾ എണ്ണിയാലൊതുങ്ങില്ല. മുസ്ലിമെന്നോ അമുസ്ലിമെന്നോ വകതിരിക്കാതെ തന്റെ വീടിനു ചുറ്റും താമസിക്കുന്നവർക്ക് ഗുണവും നന്മയും ചെയ്യാനും അവരുടെ സുഖ-ദുഃഖങ്ങളിൽ സമ്പൂർണ്ണ പങ്കാളിത്തം വഹിക്കാനുമാണ് ഇസ്ലാമിന്റെ കൽപന. വ്യക്തിയുടെ വിശ്വാസം നോക്കാതെയുള്ള സ്നേഹ-നന്മ കടാക്ഷം ഖുർആൻ എണ്ണിയത് അല്ലാഹുവിനുള്ള ആരാധനക്കൊപ്പമാണ്.
"നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനോട് ഒന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾ, അടുത്ത അയൽക്കാർ, അകന്ന അയൽക്കാർ എന്നിവർക്കും ഗുണം ചെയ്യുക". (അന്നിസാഅ്/36)
പ്രവാചകരുടെ വീടിനു ചുറ്റുവട്ടത്തിൽ താമസിച്ചിരുന്ന ജൂത, ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് തിരുനബിയെത്തന്നെയായിരുന്നു. അനുചരരുടെ മാർഗവും ഭിന്നമായിരുന്നില്ല. വിഖ്യാത ഖുർആൻ വ്യാഖ്യാതാവ് മുജാഹിദ് എന്നവർ പറയുന്നു. "ഞാനൊരിക്കൽ ഇബ്നു ഉമർ എന്നവരുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ അവിടെ ഒരാടിനെ അറുത്തു. കുട്ടിയോട് ഇബ്നു ഉമറിന്റെ നിർദ്ദേശം 'മോനേ, ആദ്യം നമ്മുടെ ജൂതനായ അയൽവാസിക്ക് കൊടുക്കുക എന്നായിരുന്നു. പല പ്രാവശ്യം ഈ നിർദ്ദേശം ആവർത്തിച്ചത് ഞാൻ കേട്ടു." (സമാഹാതുൽ ഇസ്ലാം വഹുഖൂഖി ഗയ്റിൽ മുസ്ലിമീൻ/ 128).
അബ്ദുല്ലാഹിബ്നു അംറുബ്നു ആസ് തന്റെ അമുസ്ലിം അയൽവാസികളോട് നല്ലവണ്ണം ഗുണം ചെയ്യുമായിരുന്നു. വീട്ടിലറുക്കുന്ന മൃഗത്തിന്റെ മാംസം കൊടുക്കാൻ എപ്പോഴും തന്റെ മകനോട് ആവശ്യപ്പെടും. സഹികെട്ട് മകൻ ഇതിന്റെ രഹസ്യമന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു "തിരുനബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ജിബിരീൽ എന്നെ അയൽവാസികളുടെ കാര്യം പറഞ്ഞ് ഉപദേശിച്ചു കൊണ്ടേയിരുന്നു. അയൽവാസികൾ അനന്തരമെടുക്കുമെന്ന് ഞാൻ വിചാരിക്കുക പോലും ചെയ്തു"(അത്രമാത്രം ഉപദേശമാണ് നൽകിയതെന്നർത്ഥം)
ബഹുസ്വരത ഇസ്ലാമിക രാഷ്ട്രീയ സംവിധാനത്തിൽ ഒരു എഴുതപ്പെട്ട വസ്തുത തന്നെയായിരുന്നു. ലോകത്തെ ആദ്യ ഭരണഘടന തിരുനബി മദീനയിലുണ്ടാക്കിയ ഭരണ ഘടനയാണല്ലോ. സ്വഹീഫത്തുൽ മദീന - Medina Charter - എന്ന് പേരിട്ടുവിളിച്ച ഈ ഭരണ ഘടനയുടെ പ്രധാന മുഖം ബഹുസ്വരതയായിരുന്നു. ഇതിലടങ്ങിയ കാര്യങ്ങൾ പണ്ഡിതന്മാർ വകതിരിച്ചത് ഇങ്ങനെ:
1. മാനവികത. ജനതക്കിടയിൽ മതിൽക്കെട്ടുകളേയില്ല.
2. അവകാശങ്ങളിലും ആനുകൂല്യങ്ങളിലും മുഴുവൻ ജനങ്ങളും തുല്യരാണ്.
3. ശത്രുത, അതിക്രമം,തെറ്റുകുറ്റങ്ങൾ തുടങ്ങിയവക്കെതിരെ മുഴുവനാളുകളും തോളുരുമ്മി പ്രവർത്തിക്കുക.
4. ശത്രുവിനെ പ്രതിരോധിക്കുന്നതിൽ എല്ലാവരും ഒരു പോലെ രംഗത്തുവരിക.
5. ഏറ്റവും ഉദാത്തവും മാതൃകാപരവുമായ ഒരു സമൂഹം സൃഷ്ടിക്കുക.
6. അധിനിവേശശക്തികളെ ആരും സഹായിക്കരുത്.
7. മുസ്ലിംകളോട് കൂടെ ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും സംരക്ഷണം നൽകുക.
8. അമുസ്ലിംകൾക്ക് അവരവരുടെ വിശ്വാസവും സമ്പത്തും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരാളെയും നിർബന്ധിപ്പിച്ച് ഇസ്ലാമിൽ ചേർക്കരുത്.
9. രാഷ്ട്രീയ ചെലവുകളിൽ മുസ്ലിംകൾ പങ്കാളികളാവുന്നതു പോലെ അമുസ്ലിംകളുമാകണം.
10. രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ശത്രുക്കളെ പ്രതിരോധിക്കാൻ മുസ്ലിംകൾക്ക് സഹായികളായി അമുസ്ലിംകളും രംഗത്തുവരണം.
11. അമുസ്ലിംകളെ ആക്രമിക്കുന്നവരെ ന്യായമായ ശിക്ഷക്ക് വിധേയമാക്കൽ രാഷ്ട്ര ബാധ്യതയാണ്.
12. പരസ്പരം വിട്ടു വീഴ്ച്ച- നന്മയാകുന്നിടത്ത് വിട്ടുവീഴ്ച്ചക്ക് എല്ലാവരും തയ്യാറാവേണ്ടതാണ്.
13. രാഷ്ട്രത്തിനുള്ളിലും പുറത്തും സംരക്ഷിതരായി യാത്രചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
14. സമൂഹസൃഷ്ടിപ്പിന്റെ മാനദണ്ഡം ഗുണവും സൂക്ഷ്മതയുമായിരിക്കണം, തെറ്റും ശത്രുതയുമാവരുത്.
ഇസ്ലാമിക ലോകത്ത് ഈ ആശയം എക്കാലവും കാത്തുസൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഖലീഫ അബൂബക്കർ, ക്രിസ്ത്യാനികൾ നിർമ്മിച്ച ഒരു ചർച്ചിന്റെ ഉദ്ഘാടനത്തിനു വിളിച്ചപ്പോൾ ഞാനതിൽ വന്ന് ആരാധന നടത്തിയാൽ എനിക്കു ശേഷമുള്ളവർ അവകാശവാദമുന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ് അവരുടെ ആവശ്യം നന്ദിപൂർവ്വം തിരസ്കരിച്ചത് കാണാം. മുസ്ലിം ആരാധന തങ്ങളുടെ ചർച്ചിൽ നടത്തിയാൽ മതിയെന്നായിരുന്നു പുരോഹിതന്മാരുടെ നിർദ്ദേശമെന്നതും ശ്രദ്ധേയമാണ്. അതേസമയം മുസ്ലിംകളിൽ പെട്ട ചിലർ തന്നെ സകാത്ത് നൽകില്ലെന്നു പറഞ്ഞപ്പോൾ യുദ്ധാഹ്വാനം നടത്തിയ ഖലീഫയും അബൂബക്കർ തന്നെയായിരുന്നു.
മതങ്ങൾ തമ്മിലുള്ള സ്പർദ്ധ ലഘൂകരിക്കാനും പരസ്പരവിശ്വാസം വളർത്തിയെടുക്കാനുമുള്ള സംവാദാത്മക കൂട്ടായ്മയാണ് ബഹുസ്വരത എന്നു വ്യാഖ്യാനിച്ചാലും ഇസ്ലാമിനെ മാറ്റി നിർത്താനാവില്ല. സൗഹൃദദായകവും സത്യം വെളിച്ചത്ത് എത്തുന്നതുമായ സംവാദങ്ങളും ചർച്ചകളും നടത്തണമെന്നും ഇതിന് അപവാദമായിരിക്കരുതെന്നതും ഖുർആൻ ഉണർത്തുന്നു.
"വേദക്കാരോട് (കൃസ്ത്യാനികൾ) ഏറ്റവും നല്ല നിലയിലും രീതിയിലുമല്ലാതെ നിങ്ങൾ സംവാദം നടത്തരുത്. അവരിൽ നിന്ന് അക്രമം പ്രവർത്തിച്ചവരോട് ഒഴികെ. നിങ്ങൾ അവരോട് സംവാദത്തിൽ പറയുക. "ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങൾ അവന് കീഴ്പ്പെട്ടവനാകുന്നു". (അൻകബൂത്ത് 46).
"ഏറ്റവും നല്ല മാർഗത്തിൽ അവരുമായി (അവിശ്വാസികളുമായി) സംവാദം നടത്തുക". (അന്നഹ്ല്: 125). "നബിയേ, പ്രഖ്യാപിക്കുക, വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായുള്ള ഒരു പൊതുവാക്യത്തിലേക്ക് - ഒരു പൊതുതത്വത്തിലേക്ക് നിങ്ങൾ വരിക". (ആലു ഇംറാൻ: 64)
അറേബ്യയിലെ അന്നത്തെ ഏറ്റവും വലിയ അന്യമതങ്ങളിൽ പ്രമുഖമായ ജൂതക്രൈസ്തവരുമായി നടത്തേണ്ട സംവാദത്തിന്റെ രീതിശാസ്ത്രമാണിവിടെ ഖുർആൻ അധ്യാപനം നടത്തുന്നത്. പരസ്പരം സഹകരിക്കാനാവുന്നിടത്തോളം സഹകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്നും സംവാദങ്ങൾ നടത്തപ്പെടുന്നത് ഈയർത്ഥത്തിലായിരിക്കണമെന്നും തന്നെയാണ് ഇതിന്റെ പ്രത്യക്ഷ താൽപര്യം.
പ്രവാചകരുടെ ഈ മഹത്തായ വാക്കുകൾ കൊണ്ട് ഈ വായന അവസാനിപ്പിക്കാം: "നീയുമായി ബന്ധം മുറിച്ചവരോട് നീ അങ്ങോട്ടു കൂട്ടുക. നിനക്ക് ഒന്നും നൽകാതെ അവഗണിച്ചവന് നീ അങ്ങോട്ടു നൽകുക. നിന്നെ അക്രമിച്ചവനു നീ മാപ്പു കൊടുക്കുക". (അഹ്മദ്)
