ശത്രുക്കൾ ഇസ്ലാമിക നഗരം ലക്ഷ്യമാക്കി വരുന്നുണ്ടെന്ന വിവരം നാലാം ഖലീഫ അലിക്ക് ലഭിച്ചു. എല്ലാവരോടും പ്രതിരോധിക്കാനും വേണ്ടിവന്നാൽ യുദ്ധത്തിനു തയ്യാറാവാനും ഖലീഫയുടെ നിർദേശം വന്നു. പിന്നീട് ഒരുക്കം തകൃതിയിലാണ് നടന്നത്.
പക്ഷെ ഖലീഫയുടെ മാത്രം അങ്കി കാണുന്നില്ല. നീണ്ട തിരച്ചിലിനൊടുവിൽ അതൊരു ജൂതന്റെ കൈവശം കണ്ടെത്തി...! പക്ഷെ ജൂതനുണ്ടോ അംഗീകരിക്കുന്നു.! അയാൾ അത് ഖലീഫയുടേതാണെന്നത് നിഷേധിച്ചു.
പ്രശ്നം കോടതിയിലെത്തി. ഒരു ഭാഗത്ത് ഖലീഫ; മറുഭാഗത്ത് പ്രജയായ ജൂത വിശ്വാസി.
രണ്ടുപേരുടെയും കേസ് ചീഫ് ജസ്റ്റിസായ ഖാസി ശുറൈഹിന്റെ മുമ്പിലെത്തി.
ജഡ്ജി ചോദിച്ചു: “എന്താണ് പ്രശ്നം?”
ഖലീഫ അലി വാദിച്ചു. "ഇതെന്റെ അങ്കിയാണ്. ഞാനാർക്കും വിറ്റിട്ടില്ല. ദാനമായി നൽകിയിട്ടുമില്ല."
ജൂതനും വിട്ടു കൊടുത്തില്ല. "ഇതെന്റേതാണ്. എന്റെ കൈവശത്തിലാണിപ്പോൾ."
ഉടനെ ജ്ഡ്ജി ചോദിച്ചു. "ഓ, അമീറുൽ മുഅ്മിനീൻ, നിങ്ങൾക്ക് വല്ല തെളിവുമുണ്ടോ?"
"എന്റെ മകനുണ്ട് സാക്ഷിയായി" ഖലീഫ പ്രതിവദിച്ചു.
ജഡ്ജി പറഞ്ഞു. "പിതാവിന് വേണ്ടി മകന്റെ സാക്ഷിത്വം സ്വീകരിക്കാനാവില്ല. വാദി തെളിവ് ഹാജരാക്കേണ്ടതുണ്ട്.”
വാദം പൂർത്തിയായപ്പോൾ ജഡ്ജി ജൂതന് അനുകൂലമായി വിധി പറഞ്ഞു. പടയങ്കിയുമായി മടങ്ങിപ്പോയ ജൂതൻ തിരിച്ചുവന്നു. ജഡ്ജിയോട് പറഞ്ഞു: “ഭരണാധികാരിക്കെതിരെ അങ്ങയുടെ സത്യസന്ധതയിൽ ഞാൻ അത്ഭുതപ്പെടുന്നു. തീർച്ചയായും ഖലീഫയുടെ പടയങ്കി തന്നെയാണ്. അല്ലാഹുവിലും പ്രവാചകരിലും ഞാനിതാ വിശ്വസിച്ചിരിക്കുന്നു.” എന്നിട്ട് അങ്കി തിരിച്ചേൽപ്പിച്ചു.
ഇനി തിരുനബിയുടെ കാലത്തെ ഒരു ചരിത്രം കേൾക്കാം. ചരിത്രം സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയ ആ സംഭവം ഇങ്ങനെയാണ്. ഖതാബത് ബ്നു നുഅ്മാൻ എന്നയാളുടെ അങ്കി ഒരിക്കൽ ത്വഅ്മത്ബ്നു ഉബൈരിഖ് എന്ന മുസ്ലിം മോഷ്ടിച്ചു. ധാന്യപ്പൊടിയുള്ള സഞ്ചിയിലായിരുന്നു അങ്കി സൂക്ഷിച്ചിരുന്നത്. സഞ്ചിക്കാവട്ടെ ചെറിയ ദ്വാരവുമുണ്ടായിരുന്നു. മോഷ്ടാവ് സഞ്ചിയുമായി ഓടിയപ്പോൾ ധാന്യപ്പൊടിയും വഴിയിൽ വീണു. പോയ വഴിയിലാകെ ധാന്യം..!!
രഹസ്യം വെളിച്ചത്താവാതിരിക്കാൻ മോഷ്ടാവ് ഒരു ഐഡിയ പ്രയോഗിച്ചു. രാത്രിയുടെ മറവിൽ അദ്ദേഹം സൈദുബ്നു സമീൽ എന്ന ജൂത അയൽവാസിയുടെ വീട്ടിൽ അങ്കി സൂക്ഷിപ്പു സ്വത്തായി നൽകി. നേരം വെളുത്തുപ്പോൾ സംഗതികൾ വിചാരിച്ചതു പോലെ തന്നെ ...! ജൂതന്റെ വീട് ജനങ്ങൾ വളഞ്ഞു. പ്രശ്നം നബി തങ്ങളുടെ സന്നിധിയിലുമെത്തി. ജൂതൻ നടന്നതെല്ലാം വിശദീകരിച്ചെങ്കിലും തെളിവുകളെല്ലാം അയാൾക്കെതിരായിരുന്നു.! ജൂതനെ ശിക്ഷിക്കാൻ തിരുനബി തീരുമാനിക്കാനിരുന്നപ്പോഴേക്കും വിശുദ്ധ ഖുർആൻ വചനങ്ങളിറങ്ങി. അതിങ്ങനെയായിരുന്നു: "താങ്കൾക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്പിക്കുവാന് വേണ്ടിയാണ് സത്യസന്ധതയോടുകൂടിയുള്ള ഈ ഗ്രന്ഥം താങ്കൾക്ക് നാം അവതരിപ്പിച്ചുതന്നത്. താങ്കൾ വഞ്ചകന്മാര്ക്ക് വേണ്ടി വാദിക്കുന്നയാളാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി താങ്കൾ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
അവര്‍ ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവൻ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു". (ഖുർആൻ 4/ 105-108) മുസ്ലിമെന്നോ - അമുസ്ലിമെന്നോ നോക്കിയിട്ടല്ല ഇസ്ലാമിൽ നീതിയുടെ സംസ്ഥാപനമെന്ന് ഈ ചരിത്രം നമ്മെ ഒരിക്കൽ കൂടി ഉണർത്തുന്നു.
ഖലീഫ ഉമറിന്റെ ദർബാറിലാണ് ഈ സംഭവം നടക്കുന്നത്. അലിയും ഒരു ജൂതനും തമ്മിലാണ് ഇപ്പോഴും പ്രശ്നം. യഹൂദിയാണ് ആദ്യം പ്രശ്നം ഖലീഫയുടെ മുമ്പിൽ അവതരിപ്പിച്ചത്.
എല്ലാം കേട്ടതിനുശേഷം ഖലീഫ അലിയെ വിളിച്ചു: " അബുൽ ഹസ്സൻ! അവിടെ നിന്ന് എഴുന്നേൽക്കൂ. പ്രതിയായ ജൂതന്റെ കൂടെ ഒരുമിച്ച് നിൽക്കൂ .."
ഈ വിളി അലിക്ക് രസിച്ചില്ല. അലി കുപിതനായി.
വിധി പറഞ്ഞശേഷം ഖലീഫ ഉമർ ചോദിച്ചു. "നിങ്ങൾക്കും നിങ്ങളുടെ പ്രതിയോഗിക്കുമിടയിൽ സമത്വം കൽപിച്ചതിനാണോ നിങ്ങൾ ദേഷ്യപ്പെടുന്നത്?”
അലിയുടെ ഉത്തരം ശ്രദ്ധേയമായിരുന്നു. "ഒരിക്കലുമല്ല, നിങ്ങൾ എന്നെ വിളിച്ചത് എന്റെ ഓമനപ്പേര് കൊണ്ടാണ്. പക്ഷെ എന്റെ പ്രതിയോഗിയെ വിളിച്ചതോ യഥാർത്ഥ പേരിലും!! അലീ! എഴുന്നേറ്റ് വന്ന് പ്രതിയുടെ കൂടെ നിൽക്കൂ… എന്നു പറയേണ്ടിയിരുന്നു. “
എന്ത്കൊണ്ടാണിത്? ഉത്തരം ഒന്നേയുള്ളൂ - ഇസ്ലാം നീതിയുടെ മതമാണ്. നീതിയുടെ സംസ്ഥാപനവും പരിപാലനവുമാണ് അതിന്റെ ഉദ്ദേശങ്ങളിൽ വളരെ പ്രധാനമായവയിൽ ഒന്ന്. അനീതി അത് ശത്രുവിന് പോലും ഒരിക്കലും പൊറുക്കപ്പെടില്ലെന്നും അനീതിയുടെ വാക്താക്കൾക്ക് ഇരുലോകത്തും പരാജയമായിരിക്കുമെന്നും ഇസ്ലാം ആവർത്തിച്ചു ഉണർത്തി.
പ്രപഞ്ചത്തെയും പ്രകൃതിയെയും സൃഷ്ടിച്ചത് തന്നെ സന്തുലിതാവസ്ഥയിലും യുക്ത്യാധിഷ്ഠിതവുമായാണെന്നും പറയുന്ന ഖുർആൻ ആ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്നത് അനീതിയായും അരുതായ്മയായും കാണുന്നു. ഖുർആൻ പയുന്നു: "അവൻ ആകാശത്തെ ഉയർത്തുകയും എല്ലാ കാര്യങ്ങൾക്കും സന്തുലിതാവസ്ഥ സ്ഥാപിക്കുകയും ചെയ്തു. നിങ്ങൾ ആ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്താതിരിക്കാൻ വേണ്ടിയാണിത്. അതു കൊണ്ട് നിങ്ങൾ നീതി പൂർവ്വം സന്തുലിതാവസ്ഥ നിലനിർത്തുക. ഒരിക്കലും സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തരുത്" (റഹ്മാൻ 7-9). പ്രകൃതിയുടെ അടിസ്ഥാന സ്വഭാവം നീതിയും സന്തുലിതാവസ്ഥയുമാണെന്നും ഇത് രണ്ടും നഷ്ടപ്പെടുത്തരുതെന്നുമാണ് ആഹ്വാനം.
നീതി സ്ഥാപിക്കുമ്പോഴും അനുസരിക്കമ്പോഴും ഒരു പക്ഷെ സ്വന്തം ശരീരത്തിനോ ബന്ധുക്കൾക്കോ അതു ക്ഷീണമായി ഭവിച്ചേക്കാം. അത്തരം അവസ്ഥയിൽ പോലും നീതി കൈവിടാൻ പാടില്ലെന്നാണ് ഖുർആനിന്റെ ആഹ്വാനം. "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കുക. അതു നിങ്ങൾക്ക് തന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. കക്ഷി ധനികനോ ദരിദ്രനോ ആകട്ടെ അവരോട് കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതുകൊണ്ട് നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങൾ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയെല്ലാം അറിയുന്നവനാണു അല്ലാഹു".(നിസാഅ്/195)
നിതി പാലിക്കാൻ മറ്റൊരു സൂക്തത്തിൽ അല്ലാഹു കണിശമായി കൽപിക്കുന്നു. "വിശ്വസിച്ചേൽപ്പിക്കപ്പെട്ട സൂക്ഷിപ്പുസ്വത്തുകൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തുവീട്ടണമെന്നും ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പു കൽപിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു". (നിസാഅ് 58)
ശത്രുക്കളോടുള്ള ദേഷ്യം നീതി നടപ്പാക്കുന്നതിൽ വിഘ്നം നിൽക്കരുതെന്നും ശത്രുവിനോട് പോലും നീതിയുടെ ഒരു അംശം കുറയാൻ പാടില്ലെന്നും ഖൂർആൻ പലവുരു പറഞ്ഞിട്ടുണ്ട്. "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാവുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കുവാനുള്ള പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കണം. അതാണ് അല്ലാഹുവിനെ സൂക്ഷിക്കുന്നതിൽ ഏറ്റവും അടുത്തത്". (മാഇദ 8).
ഇസ്ലാമിന്റെ ശത്രുക്കൾക്കിടയിൽ വിധി പറയേണ്ട ആവശ്യം വന്നാലും നീതിയിൽ നിന്നും പിന്നോട്ടു പോവാൻ പാടില്ലെന്നും ഖുർആൻ പറയുന്നു: "അവർ (ശത്രുക്കൾ) താങ്കളുടെയടുത്ത് വരികയും താങ്കൾ വിധി പറയുകയും ചെയ്യുകയാണെങ്കിൽ അവർക്കിടയിൽ നീതിപൂർവ്വം തീർപ്പുകൽപ്പിക്കണം. നീതി പാലകരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു"(മാഇദ 42)
ശത്രുക്കളിൽ നിന്ന് ഏറ്റുവാങ്ങുന്ന പീഡനങ്ങളെ പരമാവധി സഹിക്കാനും പൊറുക്കാനും തിരിച്ചടിക്കാതിരിക്കാനുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. "നിങ്ങൾ ശിക്ഷാ നടപടി സ്വീകരിക്കുകയാണെങ്കിൽ എതിരാളികളിൽ നിന്ന് നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാ നടപടിക്ക് തുല്യമായ നടപടി നിങ്ങൾ സ്വീകരിച്ചു കൊള്ളുക. നിങ്ങൾ ക്ഷമിക്കുകയാണെങ്കിലോ അതാണ് ക്ഷമാശീലർക്ക് അത്യുത്തമം. നിങ്ങൾ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രമാണ് നിങ്ങൾക്കു ക്ഷമിക്കാൻ കഴിയുന്നത്. സത്യനിഷേധികളുടെ കാര്യമോർത്ത് താങ്കൾ വിഷമിക്കരുത്. അവരുടെ കുതന്ത്രം ഓർത്ത് മനക്ലേശപ്പെടുകയും വേണ്ട. തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായവരോടും". (നഹ്്്ൽ 126-128)
ഉഹ്ദ് യുദ്ധത്തിൽ അൻസ്വാറുകളായ സ്വഹാബികളിൽ നി്ന്നും 64 പേർ വധിക്കപ്പെട്ടപ്പോൾ അൻസ്വാറുകൾ പറഞ്ഞു. "ഇതിനു ഞങ്ങൾ പ്രതികാരം വീട്ടുന്നുണ്ട്". അങ്ങനെ വർഷങ്ങൾക്ക് ശേഷം മക്കാവിജയം വന്നു. ഘാതകരായ മക്കക്കാരെയെല്ലാം ഒരുമിച്ചുകൂട്ടിയപ്പോഴായിരുന്നു ഈ വചനങ്ങൾ ഇറങ്ങിയത്. ഇതോടു കൂടി അൻസ്വാറുകൾ ക്ഷമിക്കാൻ തയ്യാറായി. എല്ലാ വചനങ്ങളിലും നീതി കൊണ്ടുള്ള കൽപനയാണ് വന്നിട്ടുള്ളതെന്നതും ഇവിടെ ശ്രദ്ധേയമാണ്.
ലോകത്തെ ഏറ്റവും വലിയ നീതിമാനാണ് പ്രവാചകൻ മുഹമ്മദ് നബി. ഇത് സമ്മതിക്കാത്ത നിഷ്പക്ഷ ചരിത്രകാരന്മാർ ഇല്ലെന്നു തന്നെ പറയാം. നീതിക്കു വേണ്ടി അവിടുന്ന് അവസാനം വരെ ശബ്ദിച്ചു. അവസാന പ്രഭാഷണത്തിലും സ്ത്രീകളെയും ദുർബലരെയും മറ്റെല്ലാ വിഭാഗങ്ങളെയും എടുത്തു പറഞ്ഞു നീതി നൽകാൻ ആഹ്വാനം ചെയ്തു. നീതിയുടെ അന്ധകർക്കെതിരെ ശക്തമായ നിലപാടെടുത്തു. നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി ഒരുപാട് പീഡനങ്ങളേറ്റുവാങ്ങി. ധാരാളം അനുചരർക്ക് ജീവൻ നഷ്ടമായി. നാടും വീടും വിട്ടു ഓടിപ്പോയി. മലമടക്കുകളിലും കാടുകളിലും വർഷങ്ങളോളം താമസിക്കേണ്ടി വന്നു. ഇലകളും കാട്ടു വള്ളികളും കഴിക്കേണ്ടി വന്നു. എല്ലാം സഹിച്ചത് നീതിയോടുള്ള അടങ്ങാത്ത അഭിനിവേഷവും അക്രമത്തോടുള്ള തളരാത്ത പ്രതിരോധവുമായിരുന്നു.
അല്ലാഹു നൽകുന്ന തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ അല്ലാഹു തണൽ നൽകുമെന്ന് പ്രവാചകൻ മുഹമ്മദ് പറഞ്ഞ ഏഴു വിഭാഗമാളുകളിൽ ഒരു വിഭാഗം നീതിമാനായ ഭരണാധികാരിയെയായിരുന്നു (ബുഖാരി/ 6114). മറ്റൊരു സമയത്ത് തിരുനബി പറഞ്ഞു. "ആരെങ്കിലും മറ്റൊരാളുടെ ഭൂമിയിൽ നിന്ന് അതിക്രമിച്ച് ഒരു ചാൺ ഭൂമി അപഹരിച്ചാൽ അന്ത്യനാളിൽ ഏഴു ഭൂമി കൊണ്ട് അവന് മാലയിടുന്നതാണ്". (ബുഖാരി/ 2321)
തിരുനബി പറയുന്നു. "അനീതിയായിട്ട് പ്രതികളെ ആരെങ്കിലും സംരക്ഷിച്ചു, അല്ലെങ്കിൽ അക്രമത്തിന് സഹായം നൽകി, എന്നാൽ അതിൽ നിന്നും മാറിനിൽക്കുന്നതുവരെ അവൻ അല്ലാഹുവിന്റെ കോപത്തിലായിരിക്കും". (ഇബ്നുമാജ/2326) എന്റെ മകൾ കളവ് നടത്തിയാലും അവളുടെ കൈ ഞാൻ മുറിക്കുമെന്ന് പ്രഖ്യാപിച്ച ഒരേ ഒരു നേതാവും മുഹമ്മദ് നബി തന്നെ.
ഏക സിവിൽ കോഡ് നടപ്പാക്കി ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിംകളോട് അനീതി കാണിക്കരുതെന്നാണ് ഇസ്ലാമിന്റെ നിലപാട്. അഞ്ചാം ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ഇവ്വിഷയത്തിൽ അന്നത്തെ പ്രശസ്ത പണ്ഡിതനും താബിഉമായ ഹസനുൽ ബസ്വരിയോട് ഫത്വ ചോദിക്കുന്നുണ്ട്. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "അമുസ്ലിംകൾ ജിസ്യ നൽകുന്നത് അവർ വിശ്വസിക്കുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനാണ്. നിങ്ങൾ നബിയെ പിന്തുടരുക; പുതിയ നിയമം ഉണ്ടാക്കരുത്". വിവാഹം, മദ്യപാനം, പന്നി മാംസ ഭോജനം തുടങ്ങിയ സിവിൽ വിഷയങ്ങളിൽ മുസ്ലിംകൾക്കും അമുസ്ലിംകൾക്കും ഒരു നിയമം പോരേ എന്നായിരുന്നു ഖലീഫയുടെ ചോദ്യം.
മുസ്ലിം ഭരണ കാലത്ത് ദിമ്മികൾക്ക് (ഇസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിക്കുന്ന, എന്നാൽ ഇസ്ലാം മതം സ്വീകരിക്കാത്ത അമുസ്ലിം പൗരൻ) പ്രത്യേക കോടതികൾ വരെ അവരുടെ സിവിലിയൻ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാൻ സ്ഥാപിക്കപ്പെട്ടിരുന്നു. മുസ്ലിം കോടതികളെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവർക്ക് നൽകി. ഖുർആൻ തന്നെയാണ് ഈ വിഷയത്തിലും ഭരണാധികൾക്കു വഴികാട്ടി. ഖുർആൻ അഞ്ചാം അധ്യായം നാല്പത്തിരണ്ടാം വചനത്തിൽ ഇതു വിശദീകരിക്കുന്നുണ്ട്. ഹിമ്മസ് പ്രവിശ്യയിലെ ഒരു ദിമ്മിക്ക് ഭരണാധികാരി ഉമർ ബിൻ അബ്ദുൽ അസീസ്നോട് പറയാനുള്ള പരാതി തന്റെ ഭൂമി പഴയ രാജാവിന്റെ മകൻ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയതായിരുന്നു. ജൂതനെയും രാജപുത്രനെയും സന്നിധിയിലിരുത്തി വിസ്തരിച്ച ഖലീഫ, ജൂതന്റെ തെളിവുകൾക്ക് പ്രാമുഖ്യം കൊടുത്തത് ചരിത്രത്തിൽ കാണാം.
ഒറ്റവാക്കിൽ ഇങ്ങനെ സംഗ്രഹിക്കാം: മുസ്ലിം ലോകവും ഇസ്ലാമിക ഭരണവും മുസ്ലിം വ്യക്തികളും എപ്പോഴും നീതിയുടെ പക്ഷത്തും നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരുമായിരിക്കും. നീതിയാണ് ഈ സംവിധാനത്തിന്റെ മുഖമുദ്ര.
