പരിശുദ്ധമദീനയിൽ തിരുനബിയുടെ ചാരെ പച്ചഖുബ്ബക്കരികെ ഇരിക്കുമ്പോൾ ആരുടെ മനസ്സാണ് പിടയാതിരിക്കുക..? ഒരുകാലത്ത് ജീവിക്കാൻ പോലും അവകാശമില്ലാതിരുന്ന പാവങ്ങൾക്ക് ജീവിതം വാങ്ങിക്കൊടുത്ത ലോകത്തിന്റെ ഏറ്റവും വലിയ നായകന്റെ സവിധത്തിലേക്ക്, സന്തോഷഭരിതരായി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾ തന്നെയാണ് നബി തങ്ങളുടെ വിമോചന വിപ്ലവത്തിൻെറ തെളിവുകൾ. നോക്കൂ; ഈ പ്രവാചകനില്ലായിരുന്നുവെങ്കിൽ ലോകത്തിന്റെഗതി എന്തായിരിക്കും? ഈ പ്രവാചക സന്ദേശങ്ങൾ എത്താതിരുന്ന സ്ഥലങ്ങളിലെല്ലാം ഈയടുത്ത് വരെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടില്ലേ?. ചരിത്രവും വർത്തമാനവും എത്രമാത്രം വിഷമകരമായ വസ്തുതകളാണ് നമ്മോട് സംസാരിക്കുന്നത്..!!
ഇസ്ലാമികരാഷ്ട്രത്തിലും സമൂഹത്തിലും സ്ത്രീകളനുഭവിച്ച സ്വാതന്ത്ര്യമോർത്ത് ഓരോ സ്ത്രീക്കും അഭിമാനിക്കാം; കാരണം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത് കാണുക:
"Throughout most of Western history, women were confined to the domestic sphere, while public life was reserved for men. In medieval Europe, women were denied the right to own property, to study, or to participate in public life. At the end of the 19th century in France, they were still compelled to cover their heads in public, and, in parts of Germany, a husband still had the right to sell his wife. Even as late as the early 20th century, women could neither vote nor hold elective office in Europe and in most of the United States....... Moreover, women had little or no access to education and were barred from most professions. In some parts of the world, such restrictions on women continue today".
(പാശ്ചാത്യ ചരിത്രത്തിന്റെ ഭൂരിഭാഗവും സ്ത്രീകൾ അടുക്കളയിൽമാത്രം ഒതുങ്ങുകയും പുറത്തുള്ള ജീവിതം പൂർണമായും പുരുഷന് മാത്രമാവുകയും ചെയ്തു. മധ്യകാലയൂറോപ്പിൽ, സ്വത്ത് സ്വന്തമാക്കാനോ പഠിക്കാൻ പോലുമോ പൊതുജീവിതത്തിൽ പങ്കെടുക്കാനോ സ്ത്രീകൾക്ക് അവകാശം നിഷേധിക്കപ്പെട്ടു. പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിൽ തല മറയ്ക്കാൻ അവരെ നിർബന്ധിച്ചു. ജർമ്മനിയുടെ ചില ഭാഗങ്ങളിൽ ഒരു ഭർത്താവിന് ഭാര്യയെ വിൽക്കാൻ വരെ അവകാശമുണ്ടായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനമായിട്ടും യൂറോപ്പിലെയും ഭൂരിഭാഗം അമേരിക്കൻ പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലായിരുന്നു. കൂടാതെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം തീരെ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ വളരെക്കുറച്ചു മാത്രമാവുകയോ ചെയ്തു. അവരെ തൊഴിലിൽ നിന്നും തടയുകയും ചെയ്തു. ഇത്തരം ചില പ്രവണതകൾ ഇന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ തുടരുന്നുണ്ട്)
പാശ്ചാത്യലോകത്ത് നവോത്ഥാനവിപ്ലവം നടന്നതുപോലെ എല്ലാ വിപ്ലവങ്ങളും ഇത്തരം ദുരന്തപൂർണമായ ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു. സ്ത്രീകൾ അമിതമായി പീഡിപ്പിക്കപ്പെട്ടപ്പോൾ സ്വാഭാവികപ്രതികരണമുണ്ടായി. അവർ തെരുവിലിറങ്ങി. അങ്ങനെയാണ് ഫെമിനിസം രൂപപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ അവർ തെരുവിൽ വിയർപ്പൊഴിച്ചു വാങ്ങിയെടുത്തതാണെന്നർത്ഥം.
അന്നും ഇന്നും പുരോഹിതന്മാർ ഇതിനു എതിരായിരുന്നുവെന്നതാണ് വാസ്തവം. മനുഷ്യാവകാശങ്ങളുടെ പേരിൽ നിലവിൽവന്ന പല രേഖകളും പ്രഖ്യാപനങ്ങളും സ്ത്രീ സമൂഹത്തെ പരാമർശിക്കാൻ പോലും തയ്യാറായില്ല. തൊഴിലാളികൾക്ക് വേണ്ടി രൂപം കൊണ്ട കമ്മ്യൂണിസവും സ്ത്രീകളെ മറന്നു. കമ്മ്യൂണിസ്റ്റ്ചരിത്രത്തിൽ ഒരൊറ്റ സ്ത്രീസാന്നിധ്യം പോലും ഉണ്ടായില്ല. ലോകത്തിന്റെ വ്യത്യസ്തദിക്കുകളിൽ പാശ്ചാത്യർ കോളനിവൽക്കരണം നടത്തിയപ്പോഴും സ്ത്രീ സമൂഹത്തെ വിസ്മരിക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ വളരെ കിരാതമായിയുണ്ടായിരുന്ന സതി, ദേവദാസി തുടങ്ങിയ സമ്പ്രദായം പോലും അവർ നിരോധിച്ചില്ല. സതി നിർത്തൽചെയ്യാൻ വളരെയേറെ സമരങ്ങൾ വേണ്ടിവന്നു. അവസാനം നൂറ്റാണ്ടുകൾക്കുശേഷം 1929 ലാണ് സതി നിരോധിച്ചതെങ്കിലും സ്വകാര്യമായി ആ ആചാരം നിലനിന്നു. അവിടെയും അവർ മൗനം പാലിച്ചു.
വാരണാസിയിലെ തലമുണ്ഡനം ചെയ്ത പാവം സ്ത്രീകളുടെ ദൈന്യത എത്രമാത്രം ഭീകരമാണെന്ന് ആലോചിച്ചുനോക്കൂ. ഇതെല്ലം ഒരായിരം നവോത്ഥാനവിപ്ലവങ്ങൾക്കുശേഷം ആധുനിക യുഗത്തിലാണെന്നു നാം മനസ്സിലാക്കണം. എങ്കിൽ ആയിരം വർഷങ്ങൾക്കുമുമ്പ് എന്തായിരിക്കും ഈ പാവം പെണ്ണുങ്ങളുടെ ദുര്യോഗം!
ഇതര മതവിശ്വാസികൾക്കിടയിലും അക്കാലഘട്ടത്തിൽ സ്ത്രീകൾ പൂർണമായും കിരാതമായ വിവേചനകൾക്ക് വിധേയരായി. പാശ്ചാത്യലോകത്ത് നവോത്ഥാനം വരുന്നതുവരെ ഈ വിവേചനം തുടരുകയും ചെയ്തു. പലരും സ്ത്രീയെ മനുഷ്യരായി കണ്ടതുപോലുമില്ല.
സ്ത്രീക്ക് ആത്മാവുണ്ടോ എന്നായിരുന്നു അടുത്തകാലം വരെ ഇവർ ചർച്ച ചെയ്തിരുന്നത്. അഥവാ സ്ത്രീയിൽ മനുഷ്യത്വമുണ്ടോ അതോ മറ്റു വല്ല മൃഗവുമാണോ എന്ന് ചർച്ച നടത്തി. പുരുഷന് അത്യുഗ്രമായ അപ്രമാദിത്വം നൽകിയപ്പോൾ സ്ത്രീയെ പല നിലക്കും സമൂഹത്തിലെ താഴെ നിലയിലേക്ക് തള്ളിയിട്ടു. യവന - ഗ്രീക്ക് - റോമൻ സാമ്രജ്യങ്ങളുടെ സ്വാധീനം ഈ മതങ്ങളിൽ ഉണ്ടായതായിരുന്നു ഇതിനൊരു പ്രധാന കാരണം. അതുകൊണ്ടുതന്നെ മതപരമായി തന്നെ സ്ത്രീയെ അസ്പർശ്യതാ മനോഭാവത്തോടെ കാണാൻ അവർക്കു മടിവന്നില്ല.
ഐക്യരാഷ്ട്രസഭ മുതൽ മുഴുവൻ സംഘടനകളും ആധുനിക സ്ത്രീപീഡനങ്ങളുടെ കണക്ക് നിരത്തുന്നുണ്ട്. വേൾഡ് ഹെൽത് ഓർഗനൈസേഷൻ 2017 നവംബർ 29 നു പുറത്തുവിട്ട കണക്കു പ്രകാരം ലോകത്തെ മൂന്നിൽ ഒരു സ്ത്രീ ലൈംഗികപീഡനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഇതിൽ മുപ്പത്ശതമാനം സ്ത്രീകൾക്കും സ്വന്തം സുഹൃത്തിൽനിന്നു തന്നെയാണ് പീഡനമേറ്റത്. 38 ശതമാനം സ്ത്രീകൊലപാതകങ്ങൾ നടത്തിയതും ഈ ആൺ സുഹൃത്തുക്കളായിരുന്നു. 2016-ഒക്ടോബർ-20 നു ഇറങ്ങിയ റിപ്പോർട്ട് ഇങ്ങനെയായിരുന്നു:
Most fundamentally, though, pure violence and aggression threatens the well-being of women at alarming rates. More than one in three women in the U.S. regularly fears being sexually assaulted, according to a new report from Gallup, and it's a concern that crosses national borders.....Of the 77 countries that reported to the United Nations, Sweden, the U.K., Botswana and Australia had the highest reported rates of sexual violence. The U.S. has especially high rates of rape
(അടിസ്ഥാനപരമായി അക്രമങ്ങൾ ഭീകരമാംവിധം സ്ത്രീകളുടെ ക്ഷേമത്തെ ഭീഷണിപ്പെടുത്തുന്നു. അമേരിക്കയിലെ മൂന്നിലൊന്നിലധികം സ്ത്രീകൾ ലൈംഗിക അതിക്രമം ഭയന്ന് ജീവിക്കുന്നവരാണ്. ഐക്യരാഷ്ട്രസഭയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 77 രാഷ്ട്രങ്ങളിൽ സ്വീഡൻ, ബ്രിട്ടൻ, ബോട്സ്വാന, ഓസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതൽ ലൈംഗികഅതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബലാത്സംഗനിരക്ക് ഏറ്റവും കൂടുതൽ അമേരിക്കയിലുമായിരുന്നു.)
അടിസ്ഥാനപരമായി ഓരോസ്ത്രീക്കും ലഭിക്കേണ്ട സുരക്ഷയാണ് ലോകത്ത് ഇന്ന് നശിപ്പിക്കപ്പെടുന്നത്. ഓരോദിവസവും സ്ത്രീസുരക്ഷ കൂടുതൽ വഷളാവുകയല്ലാതെ മറ്റൊന്നും നടക്കുന്നുമില്ല. ആരാണിതിനുത്തരവാദി?
ഏറെ വിവാദമായി കേരളത്തിലെ ഹേമകമ്മീഷൻ റിപ്പോർട്ട്. ലോകത്ത് സ്ത്രീകൾക്ക് എതിരെയുള്ള ഏത് റിപ്പോർട്ടുകൾ പരതിയാലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നില്ല, അവർ സർവ്വ സ്വാതന്ത്ര്യത്തോടുകൂടിയാണ് നടക്കുന്നത് എന്ന് ഒരു റിപ്പോർട്ടും ലോകത്തോട് സംസാരിക്കുന്നില്ല. വളരെ മലീമസവും വേദനാജനകവുമായ അവസ്ഥകളാണ് അവയിലൂടെ നമുക്ക് അറിയാൻ കഴിയുന്നത്. സിനിമാലോകത്തെ ഒരു കമ്മീഷൻ റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്നാൽ സിനിമക്ക് അപ്പുറത്തേക്കുള്ള മുഴുവൻ മേഖലകളും ഇതു പോലെ കമ്മീഷനെ വെച്ചാൽ ഒരുപക്ഷേ ഇതിനപ്പുറം വേദനാജനകമായ റിപ്പോർട്ട് ആയിരിക്കും നമുക്ക് ലഭ്യമാവുക.
നാല് രാഷ്ട്രങ്ങളെ ഇവിടെ എടുത്ത് പറയുന്നു: ഒന്ന്; യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക: ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 43.6% സ്ത്രീകൾ അതായത് അവിടുത്തെ പകുതിയോളം വരുന്ന സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാക്രമണത്തിന് വിധേയപ്പെട്ടിട്ടുണ്ടെന്ന് കാണാനാകും. മുഴുവൻ കണക്കുകൾ നോക്കുകയാണെങ്കിൽ അഞ്ചിൽ ഒരാൾ പീഡനത്തിന് വിധേയമായിട്ടുണ്ട്, നാലിൽ ഒരാളെ പീഡിപ്പിച്ചത് അവരോട് അടുത്തിടപഴകുന്ന വ്യക്തികൾ (ബോയ് ഫ്രണ്ട്സ് പോലെയുള്ളവർ) തന്നെയാണെന്നതും കാണാം.
ഇനി യൂറോപ്പ്യൻ രാഷ്ട്രമായ ബ്രിട്ടനിലേക്ക് വരാം. അവിടുത്തെ ഓൾ പാർട്ടി പാർല്യമെന്ററി ഗ്രൂപ്പ് യു.എന്നിനു വേണ്ടി പഠിച്ച കമ്മീഷൻ പറയുന്നതനുസരിച്ച് 97% സ്ത്രീകളും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി വെളിപ്പെടുത്തുന്നു.
ഇന്ത്യയിലേക്ക് വന്നാൽ ആഗസ്റ്റ് പതിനാറിന് കൽക്കത്തയിൽ ഒരു യുവഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നമുക്കറിയാം. ഇതിനെ സംബന്ധിച്ച് ബ്രിട്ടനിൽ നിന്നിറങ്ങുന്ന റോയ്റ്റ്സ് പത്രം പറയുന്നത്, ഇന്ത്യയിൽ പതിനഞ്ചു മിനിട്ടിൽ ഒരു സ്ത്രീയെങ്കിലും പീഡിപ്പിക്കപ്പെടുന്നു എന്നാണ്. 2014 ൽ ഡൽഹിയിൽ നടന്ന പീഡനത്തെതുടർന്ന് നിയമങ്ങളിൽ മാറ്റം വരുത്തിയെങ്കിലും എല്ലാം പഴയപടി തന്നെ. ഇന്ത്യയിൽ പീഡനക്കേസുകൾ നിരന്തരം കൂടുന്നുണ്ട്. കേരളത്തിൽ പോലും 200% വരെ പീഡനക്കേസ് കൂടിയതായി കാണാം.
എന്നാൽ നാലാമത്തെ രാഷ്ട്രം അഥവാ സൗദി അറേബ്യ എടുത്തു നോക്കൂ..! 0.3% സ്ത്രീകൾ മാത്രമേ പീഡിപ്പിക്കപ്പെട്ടിട്ടുളൂ. അതായത് 99.7% സ്ത്രീകളും അവിടെ സുരക്ഷിതരാണെന്നും, ലോകത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലം സൗദി അറേബ്യ ആണെന്നും വ്യക്തമാകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീസുരക്ഷയുള്ള നഗരം മദീനയാണെന്ന വാർത്തയും ഇവിടെ കൂട്ടിവായിക്കണം.
യഥാർത്ഥത്തിൽ പരിശുദ്ധഖുർആൻ ശരീഅത്തിനെയാണ് (നിയമവ്യവസ്ഥ) പരിചയപ്പെടുത്തുന്നത്. ഏത് നിയമങ്ങൾക്കും ചില ലക്ഷ്യങ്ങളുണ്ട്. അതിനാണ് അറബി പദമായ 'മഖാസിദ്' എന്ന് പറയുന്നത്.
മഖാസിദുശ്ശരീഅ: അഥവാ നിയമവ്യവസ്ഥയുടെലക്ഷ്യം ആറെണ്ണമാണെന്ന് പണ്ഡിതർ പഠിപ്പിക്കുന്നു. ആറെണ്ണത്തിൻ്റെയും സാരാംശം ഹിഫ്ള് അഥവാ സുരക്ഷ എന്നതാണ്. ഹിഫ്ളുന്നഫ്സ് അഥവാ ശരീരത്തിന്റെ സുരക്ഷ, ഹിഫ്ളുൽമാൽ അഥവാ സമ്പത്തിന്റെ സുരക്ഷ, ഹിഫ്ളുൽഇർള് അഥവാ അഭിമാനത്തിന്റെ സുരക്ഷ, ഹിഫ്ളുന്നസ്ൽ അഥവാ കുടുംബത്തിന്റെ സുരക്ഷ, ഹിഫ്ളുൽ അഖ്ൽ അഥവാ ബുദ്ധിയുടെ സുരക്ഷ, അവസാനമായി ഹിഫ്ളുദ്ദീൻ അഥവാ മതത്തിന്റെ സുരക്ഷ.
ഇതാണ് ശരീഅത്തിന്റെ അടിസ്ഥാനം. ലോകത്തിന് ശരീഅത്ത് സംഭാവന ചെയ്യുന്നത് സുരക്ഷിതത്വമാണ്. അതാണ് ഖുർആൻ നമുക്ക് നൽകുന്ന ഏറ്റവും വലിയ സന്ദേശവും. ഇതിൽ ശരീരത്തെയും, അഭിമാനത്തെയും, കുടുംബത്തെയും സംരക്ഷിക്കുക എന്നതിന് പ്രാധാന്യമേറയുണ്ട്. ഈ മൂന്ന് കാര്യങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെങ്കിൽ ഏതു സംവിധാനവും പരാജയമാണ്. അത് മതമായാലും ഭരണഘടനയായാലും.
ലോകം, സ്ത്രീക്ക് ആത്മാവുണ്ടോ, സ്ത്രീയും മനുഷ്യനാണോ, അവളെ ജീവിക്കാനനുവദിക്കാണോ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തപ്പോഴും അതികിരാതമായി പീഡിപ്പിച്ചപ്പോഴും ഇസ്ലാം സ്ത്രീയെ ചേർത്തു പിടിച്ചു.
മുഹമ്മദ് നബിയെ ആദ്യം വിശ്വസിച്ചത് ഒരു സ്ത്രീയായിരുന്നു - ഖദീജ ബീവി. അവിടുന്ന് തുടങ്ങുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ചരിത്രമുള്ള മതമായി ഇസ്ലാം മാറി. ലോകത്ത് ഒരു മതത്തിലും പ്രസ്ഥാനത്തിലും ഇത്രമാത്രം/ ഇതിന്റെ പകുതിയെങ്കിലും സ്ത്രീ സാന്നിധ്യം കാണിക്കാനാവില്ല. സ്ത്രീകൾക്ക് ഇസ്ലാം നൽകിയ പരിഗണന നിമിത്തം പല കുടുംബങ്ങളിലും ആദ്യം പ്രവാചകരെ പിന്തുടർന്നത് സ്ത്രീകളായിരുന്നു. പലപ്പോഴും പുരുഷന്മാർ അറിയാതെ അവർ നബിയുടെ അനുയായികളായി മാറി. രണ്ടാം ഖലീഫ ഉമറിന്റെ കുടുംബം ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്.
ഇസ്ലാമിന്റെ ഓരോ വിധിവിലക്കും 'മഖാസിദു ശരീഅ:' അനുസരിച്ചായിരിക്കണമെന്ന് പറഞ്ഞുവല്ലോ. മനുഷ്യന് എന്തിനും സ്വാതന്ത്ര്യം നൽകാനല്ല ഇസ്ലാം തയ്യാറായത്. മറിച്ച് ഇത്തരം സുരക്ഷാ കാര്യങ്ങൾ നോക്കി സ്വാതന്ത്ര്യത്തിനു പരിധി വെക്കാനാണ്.
ഒരു പെണ്ണ് പുറത്തിറങ്ങരുതെന്നല്ല ഇസ്ലാം പറഞ്ഞത്. സുരക്ഷ അപകടപ്പെടുത്തുന്ന രീതിയുണ്ടാവരുതെന്നേ പറഞ്ഞുള്ളൂ. അതിനുവേണ്ടിയുള്ള പ്രാഥമിക കാര്യങ്ങളാണ് ഇസ്ലാം നിർദേശിച്ചത്. സ്ത്രീക്ക് സുരക്ഷയൊരുക്കൽ ഭരണാധികാരിയുടെ ബാധ്യതയായും ഇസ്ലാം കണ്ടു. ഈ ബാധ്യത ഭരണാധികാരികൾ നിർവഹിക്കാതെ വരുമ്പോൾ സ്ത്രീകൾ സ്വയം ശ്രദ്ധിച്ചേ പറ്റൂ. അത്രമാത്രമേ ഇസ്ലാമിൽ ഇവ്വിഷയത്തിൽ സ്ത്രീകളോട് നിർദേശവുമുള്ളൂ.
പക്ഷെ ആധുനികജനത സ്ത്രീകളോട് ക്രൂരതയാണ് ചെയ്തത്. സുരക്ഷയൊരുക്കാതെ പുറത്തെത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഫെമിനിസം ചൂഷണമനസ്സുള്ള പുരുഷന്മാരുടെ സൃഷ്ടിയായിരുന്നു എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടത് ഇതുകൊണ്ടാണ്. സ്ത്രീകളെ തെരുവിൽ കിട്ടിയാലേ കാര്യങ്ങൾ നടക്കൂവെന്ന് മുൻക്കൂട്ടിയറിഞ്ഞു ഇവർ. മുതലാളിത്തം ഇതിനെ പിന്തുണച്ചു. കാരണം സ്ത്രീകളെ അവർ വില്പനച്ചരക്കാക്കി മാറ്റി. ഒരർത്ഥത്തിൽ ഇന്നും ഈ സ്ത്രീകൾ ആധുനിക പരിവേഷത്തോടെ മുതലാളിത്തഅടിമകളായി ജീവിക്കുകയാണല്ലോ. സ്വന്തമായി ഒരു നിലപാടും സുരക്ഷാസംവിധാനവുമില്ലാതെ മുതലാളിത്തം പറയുന്നിടത്ത് ഇവർ ചുരുങ്ങി. എല്ലാ മേഖലയിലും അടിമത്തം നിലനിൽക്കുന്നതുപോലെ അല്ലെങ്കിൽ അതിലും ഭയാനകമായി സ്ത്രീ അടിമത്തം നിലനിൽക്കുന്നു. എല്ലാം പുരുഷന്മാർക്കുവേണ്ടിയാണ്. കാരണം ഒരു സ്ത്രീ അർദ്ധനഗ്നയായി ഇറങ്ങിയാൽ പുരുഷനാണ് ഗുണം. അവനാണ് ആസ്വദിക്കുന്നത്. പുരുഷാധിപത്യത്തിനു പാവം ഫെമിനിസ്റ്റ് സ്ത്രീകൾ വിധേയരായിക്കൊണ്ടിരിക്കുന്നു - അവർ പോലുമറിയാതെ.
സ്വാതന്ത്ര്യത്തെ ലോകത്തുള്ള മുഴുവൻ ഭരണഘടനകളും വകവെച്ച് നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ലിബർട്ടി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും ഒരിക്കലും ഒരു വ്യക്തിക്കും സമ്പൂർണസ്വാതന്ത്ര്യം ലഭ്യമല്ല. ദിവസംപ്രതി അല്ലെങ്കിൽ ഓരോ വർഷവും പലതരം കാരണങ്ങളാൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഗവൺമെന്റോ ഗവൺമെന്റ് സംവിധാനങ്ങളോ പിടിച്ചുവെക്കുന്നതായി കാണാം.
നമ്മുടെ പാർലമെന്റോ, നിയമസഭകളോ, പഞ്ചായത്തുകളോ, സമാനമായ ഇൻസ്റ്റിറ്റ്യൂഷനുകളോ കൊണ്ടുവരുന്ന നിയമങ്ങളെല്ലാം അനുസരിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും ബാധ്യസ്ഥനാണ്. അതുപോലെ നമ്മുടെ സംസ്കാരമനുസരിച്ച് ജീവിക്കേണ്ടതും ഓരോ പൗരന്റെയും ബാധ്യതയാണ്.
ഇതുപോലെ ലോകത്തെ എല്ലാ മനുഷ്യരും തങ്ങളുടെ രാഷ്ട്രങ്ങളിലെ നിയമങ്ങളിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തെ മാത്രമാണ് ആസ്വദിക്കുന്നത്. ഒരിക്കലും സർവ്വാത്മനാ സ്വാതന്ത്ര്യം അഥവാ എനിക്ക് ഇഷ്ടപ്പെട്ടതുപോലെ നടക്കാം, എന്നെ നിയന്ത്രിക്കേണ്ടതില്ല എന്ന രീതിയിലുള്ള നൂറു ശതമാനമായുള്ള സ്വാതന്ത്ര്യം ഒരു ഭരണഘടനയും സംവിധാനിച്ചിട്ടില്ല. ആരും അതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ഇത്തരമൊരു സ്വാതന്ത്ര്യവും ശാക്തീകരണവും മാത്രമേ സ്ത്രീ സമൂഹത്തിനും ആവശ്യമുള്ളൂ.
ഏത് കാര്യത്തിനും അവയെ നിർണ്ണയിക്കുന്ന ചില ഘടകങ്ങൾ ഉണ്ടാവുമല്ലോ. സ്ത്രീ സ്വാതന്ത്ര്യത്തെയും ശാക്തീകരണത്തെയും നിയന്ത്രിക്കുന്ന ഘടകങ്ങൾ, സ്ത്രീകളുടെ അവകാശങ്ങളായ വിദ്യാഭ്യാസം, ജോലി, പാർപ്പിടം, വൈവാഹികബന്ധങ്ങൾ, സ്വത്തിലുള്ള അവകാശം, കുട്ടിക്കാലത്തേയും വാർദ്ധക്യത്തിലെയും കാര്യങ്ങൾ നോക്കുന്നതിനായുള്ള സംവിധാനങ്ങൾ, മരണാനന്തരം ബഹുമാനം ലഭിക്കുക, മേല്പറഞ്ഞവയിൽ നിയമപരമായി എന്തെങ്കിലും വീഴ്ച്ച വരുന്നുണ്ടെങ്കിൽ നേരിടാനുള്ള ശക്തമായ സ്വാതന്ത്ര്യം എന്നിവയാണല്ലോ. ഇത്രയും കാര്യങ്ങൾ ഒരു മനുഷ്യനുണ്ടായാൽ ആ മനുഷ്യൻ ശാക്തീകരണത്തിന് വിധേയമാണ്, ആ മനുഷ്യന് സ്വാതന്ത്ര്യം ഉണ്ട് എന്നത് നമുക്ക് മനസ്സിലാക്കാം. ഇതെല്ലം സ്ത്രീക്ക് ലോകത്ത് മറ്റെല്ലാ സംവിധാനങ്ങളെക്കാളും നിയമങ്ങളെക്കാളും വകവെച്ച് കൊടുത്ത മതമാണ് ഇസ്ലാം.
സ്ത്രീയും പുരുഷനും തുല്യരാണെന്നു പറയാനേ ആധുനിക ഫെമിനിസ്റ്റുകൾക്കുവരെ സാധ്യമായിട്ടുള്ളു. എന്നാൽ ഇസ്ലാം ഇതല്ല പറഞ്ഞത്. സ്ത്രീയും പുരുഷനും പങ്കാളികളാണ് അഥവാ പാർട്ണർമാരാണെന്നാണ് ഇസ്ലാം പറഞ്ഞത്. രണ്ടുപേരും ഉണ്ടെങ്കിലേ യഥാർത്ഥ മാനുഷിക ഉണ്മതന്നെ ഉണ്ടാകുന്നുള്ളു. "ഓ ജനങ്ങളേ, ഒരേ ആത്മാവില്‍ നിന്ന് നിങ്ങളെ പടച്ച അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. അതെ ആത്മാവില്‍നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവർ രണ്ടു പേരിൽ നിന്നുമായി ധാരാളം സ്ത്രീ പുരുഷന്മാരെ അവൻ വ്യാപിപ്പിച്ചു" (നിസാഅ് / 1 )
പുരുഷനും സ്ത്രീയും ഒരു ശരീരത്തിന്റെ ഭാഗമാണ്, അവർ ഇണകളാണ്. അഥവാ അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമുള്ളവരും പരസ്പരപൂരകങ്ങളുമാണ്. അവർ രണ്ട് അസ്തിത്വങ്ങളായി വ്യത്യസ്ത കോണുകളിലൂടെ ഓരോരുത്തരും സ്വയം തുല്യതയാവശ്യപ്പെട്ട് നടക്കേണ്ടവരല്ല, എപ്പോഴും ഒരുമിച്ചും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും സുരക്ഷയും ആത്മാഭിമാനം നൽകിയും ജീവിക്കണം തുടങ്ങിയ ഒട്ടനേകം അർഥങ്ങൾ മാലോകരോട് ഈ ഒരൊറ്റ വചനം ഉണർത്തുന്നു.
തുല്യത വേണമെന്ന് പറയുന്നത് തന്നെ, ചെറുതാക്കലും ചെറുതാവലുമാണ്. അത് ഒന്നായി ജീവിക്കാനുള്ള മടിയാണ് വിളംബരം ചെയ്യുന്നത്. പുരുഷനോടുള്ള ഈർഷ്യതയും അതിലടങ്ങിയിരിക്കുന്നു. പുരുഷമേധാവിത്വം കൊണ്ട് മനം മടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാകാം ഇതെല്ലാം.
അനന്തരാവകാശികളെ പരിചയപ്പെടുത്തിയപ്പോൾ ആൺ-പെൺ വ്യത്യാസമില്ലാതെ പരിചയപ്പെടുത്തിയ ഏക ഗ്രന്ഥം വിശുദ്ധ ഖുർആനാണ്. വിശുദ്ധഖുർആനിലെ നാലാം അധ്യായത്തിന്റെ പേരുതന്നെ ‘നിസാഅ്’ എന്നാണ്. സ്ത്രീ എന്ന് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാം. ഈ അധ്യായത്തിൽ പല സ്ഥലങ്ങളിലും അനന്തരാവകാശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിൽ ഏറ്റവും ആദ്യം പറയുന്നത് തന്നെ ഖുർആന്റെ ഇവ്വിഷയത്തിലുള്ള കടുത്ത നിലപാട് രേഖപ്പെടുത്തുന്നതാണ്: ''മാതാപിതാക്കളും അടുത്തബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്'' (ഖുർആൻ: 4 /7)
സാധാരണഗതിയിൽ ആണിനേയും പെണ്ണിനേയും യോജിപ്പിക്കുന്ന പദപ്രയോഗങ്ങൾ നടത്തി രണ്ടുപേർക്കും വിഹിതമുണ്ട് എന്ന് പറയുന്നതിനുപകരം രണ്ടുപേരെയും ഒരേ വാക്കുകൾ കൊണ്ട് ഒന്നിനുപിറകെ ഒന്നായി അവതരിപ്പിച്ചിടത്തുനിന്നാണ് ഇസ്ലാമിന്റെ കാർക്കശ്യം നാം മനസ്സിലാക്കേണ്ടത്. അക്കാലമത്രയും ഒരു മതവും ഒരു സംസ്കാരവും സ്ത്രീകൾക്ക് അനന്തര സ്വത്തവകാശം നൽകിയിട്ടില്ലായിരുന്നു. എന്നാൽ ആ ഒരു സംവിധാനം ഇനിയൊരിക്കലും സമ്മതിക്കില്ലെന്നാണ് ഖുർആൻ തീർത്തു പറയുന്നത്.
ഈ വാക്കുകൾ നൂറ്റാണ്ടുകളും ഭൂഖണ്ഡങ്ങളും ഭേദിച്ച് ആയിരത്തിയിരുന്നൂറ് വർഷം സജീവമായി തുടർന്നതിനു ശേഷമാണ്, അഥവാ കൃത്യമായിപ്പറഞ്ഞാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്, പരിഷ്കൃതമെന്നു അവകാശപ്പെടുന്ന യൂറോപ്പിൽ പോലും സ്ത്രീകൾക്ക് അനന്തരാവകാശം നൽകാൻ തുടങ്ങിയത്. യൂറോപ്പിലെ മതങ്ങളും രാഷ്ട്രീയ വ്യവസ്ഥിതികളും അക്കാലമത്രെയും ഇത്തരം വിഷയങ്ങളിൽ പിന്തിരിഞ്ഞു നിന്നുവെന്നതാണ് വസ്തുത. മതങ്ങളെ തള്ളിപ്പറഞ്ഞുവന്ന കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഒരു രൂപപോലും സ്വന്തം വെക്കാൻ സമ്മതിക്കാതെ, അനന്തരമെന്ന ആശയത്തെപ്പോലും കുഴിവെട്ടി കുഴിച്ചുമൂടി ജനങ്ങളെ പീഡിപ്പിച്ച വസ്തുതകളൊക്കെ മറക്കാൻ കാലമായിട്ടില്ലല്ലോ.
അമേരിക്കയിലെ സ്ത്രീകൾ ഈ ആനുകൂല്യം ലഭിക്കാൻ 1850 വരെ കാത്തിരിക്കേണ്ടി വന്നു. അതേസമയം ലോകത്ത് എക്കാലവും മുസ്ലിംസ്ത്രീകൾ ഇസ്ലാമിക നാഗരികതകളിൽ ഈ അവകാശങ്ങൾ അനുഭവിച്ചുപോന്നുവെന്നത് ഒരാൾ പോലും നിഷേധിക്കില്ല.
ഖുർആൻ സ്ത്രീക്ക് നൽകുന്ന ചില സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ വായിക്കാം: ‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്കിയിരിക്കുന്നു. ധര്‍മനിഷ്ഠയും സൂക്ഷ്മതയുമുള്ള വസ്ത്രമാണു കൂടുതല്‍ ഉത്തമം’.(7/26)
‘നബിയേ, താങ്കള്‍ സത്യവിശ്വാസികളായ പുരുഷന്മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്യുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്, ഭര്തൃപുത്രന്മാര്, സഹോദരന്മാര്, സഹോദരപുത്രന്മാര്, സഹോദരീ പുത്രന്മാര്, മുസ്ലിംസ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്.’ (24/30, 31)
‘നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'(33/ 53, 59)
ഈ വചനങ്ങള്‍ വ്യക്തമാക്കുന്നതും ഇസ്ലാമിന്റെ ഇവ്വിഷയത്തിലുള്ള പൊതുനിലപാടുകളും ഇങ്ങനെ സംഗ്രഹിക്കാം: ‘ആണിനും പെണ്ണിനും ചില പ്രത്യേക വസ്ത്രധാരണങ്ങളുണ്ട്. എന്നാല്‍ വസ്ത്രങ്ങളില്‍ ഉത്തമം ധര്‍മനിഷ്ഠയും സൂക്ഷ്മതയുമുള്ള വസ്ത്രങ്ങളാണ്. ആണ് അന്യപെണ്ണിന് മുമ്പിലും പെണ്ണ് അന്യ ആണിന് മുമ്പിലും മറക്കപ്പെടേണ്ട ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. ഖുര്‍ആന്‍ അനുവദിക്കാത്ത അന്യപുരുഷരുടെ മുമ്പില്‍ സ്ത്രീകള്‍ മൂടുപടം ധരിക്കണം. ഇതവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കാനും അവരെ ശല്യം ചെയ്യപ്പെടാതിരിക്കാനുമാണ്.’
ക്രിസ്തുമതവും ജൂതമതവും പുരോഹിതസ്ത്രീകള്ക്ക് അഥവാ കന്യാസ്ത്രീകള്‍ക്ക് പ്രത്യേകം വസ്ത്രധാരണം നിർബന്ധമാക്കിയത് കാണാം. എന്നാല്‍ ഇസ്ലാം ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും ഒരൊറ്റ നിയമമേ വെച്ചുള്ളൂ. എല്ലാ പുരുഷന്മാര്ക്കും ഒരൊറ്റ നിയമവും. പെണ്ണിന്റെയും ആണിന്റെയും മറക്കപ്പെടേണ്ട സ്ഥലങ്ങളും സന്ദര്‍ഭങ്ങളും വിശദീകരിച്ചുവെന്നല്ലാതെ യാതൊരു അന്തരവും സ്ഥാപിച്ചില്ല. എല്ലാവര്ക്കും ഒരു ഗോപ്യസ്ഥാനമായാല് അതില്‍ വേദനിക്കാനൊന്നുമില്ലതാനും.
സ്ത്രീകള്‍ പ്രത്യേകമായ ചില വസ്ത്രങ്ങള്‍ ധരിക്കണമെന്ന വാശിയും ഇസ്ലാമിനില്ല. അഥവാ നിലവിലെ സ്ത്രീ വസ്ത്ര രൂപങ്ങളിലൊന്നായ പര്‍ദ്ദ ഇസ്ലാമിന്റെ വസ്ത്രമേയല്ല. അതേസമയം ഇസ്ലാം മറക്കാന്‍ പറഞ്ഞ ഭാഗങ്ങള്‍ മറയുന്നുവെങ്കില്‍ അവ ഇസ്ലാമികം ആവുന്നു എന്നുമാത്രം. അന്യ ആണിന് മുമ്പില്‍ ശരീരം കാണിക്കാത്ത വസ്ത്രം എന്തുമാവാം. ആണിനും അങ്ങനെതന്നെ.
ഓരോ മുസ്ലിംആണിനും പെണ്ണിനും പഠനം നിർബന്ധമാണെന്ന് പ്രവാചകർ പറഞ്ഞു. ധാരാളം സ്ത്രീകൾക്ക് അവിടുന്ന് വിജ്ഞാനം നൽകി. ഇസ്ലാമിക ലോകത്ത് വളരെ പ്രശസ്തരായിട്ടുള്ള വനിതാ സാന്നിധ്യങ്ങളുണ്ടായി. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച അനുയായികളിൽ പ്രവാചകപത്നി ആഇശ ബീവി രണ്ടാം സ്ഥാനം പിടിച്ചു.
പഠിക്കാനുള്ള പെണ്ണിന്റെ അവകാശം പറഞ്ഞ ഏക നേതാവ് മുഹമ്മദ് നബി മാത്രമായിരുന്നു. തിരുനബിയുടെ കാലഘട്ടത്തിലുള്ള സ്വഹാബീ വനിതകളിലെ 1500 പണ്ഡിതകളെ പരിചയപെടുത്തിയ മതമാണ് ഇസ്ലാം. ഇമാം ഇബ്നു ഹജ്റുൽ അസ്ഖലാനി രചിച്ച 'അൽ ഇസ്വാബ ഫി മഅരിഫത്തി സ്വാഹാബ' എന്ന ഗ്രന്ഥത്തിൽ നമുക്കിത് കാണാൻ സാധിക്കും. ഏതു രാഷ്ട്രത്തിനാണ് ഇത്തരത്തിലുള്ള മുന്നേറ്റം സാധ്യമാക്കാൻ കഴിയുക!?.
ലോകം ഇത്രമാത്രം വികസിച്ചിട്ടും ലോകരാഷ്ട്രങ്ങൾ ഇത്തരം വിഷയങ്ങളിൽ വളരെ പിറകിലാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഏതു മേഖല പരിശോധിച്ചാലും ഇസ്ലാം മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും രാഷ്ട്രങ്ങൾക്കും മാതൃകയാണെന്ന് മനസ്സിലാക്കാൻ കഴിയും. ഇതുപോലെത്തന്നെയായിരുന്നു തൊഴിലും. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുള്ള തൊഴിൽ ആവശ്യമെങ്കിൽ ചെയ്യണമെന്ന നിലപാടാണ് ഇസ്ലാമിനുള്ളത്.
ഇത്തരം ധാരാളം അവകാശങ്ങൾ ഇസ്ലാം മുന്നോട്ടുവെച്ചു. വിവാഹിതരാകാനുള്ള അവകാശം, ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം, വിവാഹമൂല്യത്തിനുള്ള(മഹ്ർ) അവകാശം, അഭിപ്രായം പറയാനും രേഖപ്പെടുത്താനുമുള്ള അവകാശം, സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവകാശം തുടങ്ങിയ ധാരാളം കാര്യങ്ങൾ ഇസ്ലാം നൽകി. ലോകത്ത് സ്ത്രീക്ക് അവകാശങ്ങളുണ്ടെന്ന് ആദ്യമായി പ്രഖ്യാപിച്ചതും ഖുർആനായിരുന്നു:
"സ്തീകള്‍ക്ക് ബാധ്യതകളുള്ളതുപോലെതന്നെ ന്യായപ്രകാരമുള്ള അവകാശങ്ങളുമുണ്ട്" (2:228).
അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പരിചയപ്പെടുത്തുക വഴി ഉത്തമസൃഷ്ടിയും പൗരരുമാക്കുകയാണ് ഖുർആൻ. ഇതുതന്നെയാണ് പ്രവാചകർ അറഫാ പ്രഭാഷണത്തിലും പറഞ്ഞത്. ഉത്തരവാദിത്വമുള്ളതു പോലെതന്നെ അവകാശങ്ങളുമുണ്ട്. സമൂഹം അത് നൽകണം.- പ്രവാചകർ അത് ഉണർത്തി. ഇതിൽ വളരെ പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധവും ഉത്തരവാദിത്വവും അവകാശങ്ങളും. ആയിരക്കണക്കിന് പേജുകളിൽ ഇസ്ലാമിലെ കർമശാസ്ത്രം ഇത് വിശദീകരിച്ചു. മറ്റുചില മതങ്ങൾ ചെയ്തതുപോലെ കന്യാസ്ത്രീകൾ, ദേവദാസികൾ തുടങ്ങിയ പേരിട്ട് സ്ത്രീയുടെ ലൈംഗികാവകാശം ഇസ്ലാം ഹനിച്ചില്ല. വിവാഹം സുന്നത്താണെന്നും ഓരോരുത്തരും അതിനു പ്രാധാന്യം നൽകണമെന്നും ഇസ്ലാം ശഠിച്ചു.
വിധവകളെ ഇസ്ലാം സംരക്ഷിക്കുകയും വിധവാവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിധവകള്‍ക്ക് ഇസ്ലാമില്‍ അസാമാന്യമായ സ്ഥാനമാണുള്ളത്. നബിയുടെ ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുതികഞ്ഞ വിധവയായിരുന്നു. ആഇശ ബീവിയല്ലാത്ത മുഴുവന്‍ ഭാര്യമാരും ഒന്നാം വിവാഹത്തിലല്ല തിരുനബിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇസ്ലാമിക ചരിത്രത്തിലെവിടെയും ഒരു വിധവയെ ദ്രോഹിച്ചത് കാണാനാവില്ല. വിധവകളുടെ പുനരധിവാസം വളരെ ആദരപൂര്‍വം ചര്‍ച്ച ചെയ്ത ഇസ്ലാം അവരെ ഇദ്ദയുടെ നാലുമാസം അല്ലെങ്കില്‍ മൂന്നുശുദ്ധി കഴിഞ്ഞാല്‍ അനുവാദത്തോടെ വിവാഹം ചെയ്തു നല്‍കാമെന്നും കല്പിച്ചു.
അറഫയിലെ വിടവാങ്ങൽ പ്രസംഗത്തിൽ പുരുഷന്മാരോട് തിരുനബി പറയുന്നു: "ഓ പുരുഷന്മാരേ, നിങ്ങൾ സ്ത്രീകളെ സംരക്ഷിക്കണം. അല്ലാഹുവിന്റെ അമാനത്തുമായി (സൂക്ഷിപ്പ് വസ്തു) വിശ്വാസ്യതയിലാണ് നിങ്ങൾ അവരെ ഏറ്റെടുത്തിട്ടുള്ളത്". അതുകൊണ്ട് ഒരു കുടുംബത്തിലും, ഒരു നാട്ടിലും, ഒരു രാഷ്ട്രത്തിലും, ഒരു ലോകത്തും സ്ത്രീകൾ പീഡിപ്പിക്കപ്പെടരുത്. ഇതാണ് ഇസ്ലാമിന്റെ നയം.
