തിരുനബിയുടെ മക്കയിൽനിന്ന് മദീനയിലേക്കുള്ള പലായനത്തിന്റെ പത്താംവർഷം. മദീനയിലും പരിസരപ്രദേശങ്ങളിലും പെട്ടെന്നൊരു വാർത്ത പരന്നു. പ്രവാചകൻ ഈ വർഷം ഹജ്ജിനു പോകുന്നു; കൂടെയാർക്കും വരാം. വാർത്ത കാട്ടുതീ പോലെ പടർന്നു. എല്ലാവരും ഒരുങ്ങാൻ തുടങ്ങി - ഒരു നിമിഷം പോലും പാഴാക്കാതെ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും വൃദ്ധന്മാരും ഗർഭിണികൾവരെയുമുള്ള യാത്രാസംഘമാണ് ഇപ്പോൾ ഹജ്ജിനു തയ്യാറായിരിക്കുന്നത്. ആരും നിർബന്ധിക്കുകയോ ഇപ്പോൾ പ്രത്യേകം പ്രോത്സാഹനം നൽകുകയോ ചെയ്യാതെയാണ് തടിച്ചുകൂടിയിരിക്കുന്നത്. മനസ്സിൽ ഒരൊറ്റ ആഗ്രഹമേയുള്ളൂ; പ്രവാചകരോടൊപ്പം ഹജ്ജ് ചെയ്യണം.
മദീനയിൽ നിന്ന് മക്കയിലേക്ക് പത്തുദിവസത്തെ യാത്രയുണ്ടെങ്കിലും ആർക്കും അതൊരു പ്രശ്നമായി തോന്നിയതേയില്ല. കാരണം പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കുന്നതു പോലെയോ അല്ലെങ്കിൽ അതിലുപരിയോ ആനന്ദമാണല്ലോ അവരോടൊപ്പം ഒരു യാത്ര. ഒരുലക്ഷത്തിമുപ്പതിനായിരം അനുചരരാണ് തിരുനബിയെ മദീനയിൽനിന്ന് അനുഗമിച്ചത്. എന്നാൽ വഴിയിൽ നിന്നും കൂടിയവരും ധാരാളമായിരുന്നു. ഓരോ നാട്ടിലെയും ജനങ്ങൾ അറിഞ്ഞയുടനെത്തന്നെ മക്ക - മദീന വഴിയിൽ പ്രവാചകരെ കാത്തിരുന്നു. എല്ലാവരും കൂടി മക്കയിലേക്ക് പുറപ്പെട്ടു.
നീണ്ട പത്തുദിവസത്തെ യാത്രക്ക് ശേഷം സംഘം എത്തിയിരിക്കുന്നത് മക്കയുടെ തൊട്ടരികെ ‘ദീ തുവാ’ എന്ന സ്ഥലത്താണ്. ദുൽഹിജ്ജ നാലിന് ഒരു ഞായറാഴ്ച രാത്രിയായിരുന്നു അവിടെ എത്തിയത്. അന്നവിടെ താമസിച്ചു. രാവിലെതന്നെ കുളിച്ച് ലക്ഷക്കണക്കിന് ജനങ്ങളും പ്രവാചകരും മക്ക ലക്ഷ്യം വെച്ച് നടന്നു. ഹജ്ജിന്റെ പ്രധാന കർമമായ അറഫയിൽ നിൽക്കുകയാണ് ഇനി ചെയ്യാനുള്ളത്. ബാക്കിയുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. അറഫ ശുഭ്രവസ്ത്ര ധാരികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
സൂര്യൻ മദ്ധ്യാഹ്നം വിട്ടുകടന്നപ്പോൾ തിരുനബി തന്റെ ഒട്ടകപ്പുറത്ത് അറഫയിലേക്ക് പുറപ്പെട്ടു. എല്ലാവരും നബിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. നബിയാവട്ടെ നേരെ വാദി ഉർനയിലേക്കാണ് പോയത്. അറഫയോട് ചാരി നിൽക്കുന്ന ഉയർന്ന സ്ഥലമാണ് ഉർന. അവിടെ തന്റെ ഒട്ടകപ്പുറത്ത് കയറി ഒരിക്കലും നാളതുവരെ കേട്ടിട്ടില്ലാത്ത വിധം ജനങ്ങളെ അഭിസംബോധന ചെയ്തു.
ഇരുപത്തിമൂന്നു വർഷത്തെ തന്റെ ജീവിത ദൗത്യത്തിന്റെ സംക്ഷിപ്തമായിരുന്നു അത്. ഇസ്ലാമെന്താണ് എന്നതിന്റെ ഉത്തരം കൂടിയായിരുന്നു ആ പ്രസംഗം. മനുഷ്യന്റെ ദൗത്യമെന്താണെന്ന് നിർവചിക്കുന്ന പ്രഭാഷണം. ലോകത്തെ ഓരോ മനുഷ്യനും ജീവൽപ്രധാനമായ പ്രഭാഷണം. മുഴുവൻ അന്ധകാരങ്ങളെയും കുഴിച്ചുമൂടി വെളിച്ചത്തിന്റെ പ്രഖ്യാപനമായിരുന്നു ആ വാക്കുകൾ. ഓരോ മനുഷ്യന്റെയും ചെറുതും വലുതുമായ അവകാശങ്ങൾ അക്കമിട്ടുനിരത്തുന്ന ചരിത്രത്തിലെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം.
പ്രവാചകരുടെ വിടവാങ്ങൽ പ്രസംഗം കൂടിയായിരുന്നു അറഫാപ്രഭാഷണം. മക്കയിൽ നിന്നാണ് തന്റെ ദൗത്യം ആരംഭിച്ചത്. ജീവിതത്തിന്റെ സിംഹഭാഗവും ഇവിടെയാണ് കഴിച്ചുകൂട്ടിയതും. അതുകൊണ്ടുതന്നെ തന്റെ അനുയായികളോട് വിട ചോദിക്കേണ്ടതും ഇവിടെ വെച്ചുതന്നെയാണ്. അതും അനുയായികളുടെ മഹാ സംഗമത്തിൽ. പരിശുദ്ധ ഇസ്ലാമിന്റെ സമ്പൂർത്തീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും അറഫയിൽ വെച്ചായിരുന്നു. കാരണം അറഫ, ലോകത്തിന്റെ ജാലകമാണ്. ഇവിടെയാണ് ലോകം എല്ലാ വർഷവും ഒരുമിച്ചുകൂടുന്ന ഏക സ്ഥലം.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ മുഹമ്മദ്നബി ലോകത്തെ മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ള അവകാശപ്രഖ്യാപനങ്ങൾ നടത്താൻ തന്റെ ഒട്ടകപ്പുറത്ത് കയറി നിന്നു. ലക്ഷോപലക്ഷം ജനങ്ങൾ അതിനു സാക്ഷിയായി. ഉമയ്യയുടെ മകൻ റബീഅയായിരുന്നു പ്രവാചകരുടെ ശബ്ദത്തെ വീണ്ടും ഉച്ചത്തിൽ പറഞ്ഞു ജനങ്ങളിലെത്തിച്ചത്.
അങ്ങനെ തന്റെ അറഫാ പ്രഭാഷണം, വിടവാങ്ങൽ പ്രഭാഷണം, മനുഷ്യാവകാശ പ്രഖ്യാപനം, ഇസ്ലാമിന്റെ പൂർത്തീകരണ പ്രഖ്യാപനം അവിടുന്ന് തുടങ്ങി....!
"ജനങ്ങളേ… ഇതു സശ്രദ്ധം ശ്രവിക്കുക. ഈ വർഷത്തതിനു ശേഷം ഇവിടെവെച്ച് ഇനി നമ്മൾ കണ്ടുമുട്ടില്ലെന്നു വന്നേക്കും. നിങ്ങൾ പരസ്പരം രക്തമൊലിപ്പിക്കുന്നതും അഭിമാനം നശിപ്പിക്കുന്നതും മഹാപാതകവും നിഷിദ്ധവുമാണ്. നിങ്ങളുടെ ഓരോരുത്തരുടെയും രക്തവും അഭിമാനവും വളരെ പവിത്രമാണ് - നിങ്ങൾ അന്ത്യനാളിൽ രക്ഷിതാവിനെ കണ്ടുമുട്ടുന്നതുവരെ. ഈ മാസവും ഈ ദിവസവും ഈ സ്ഥലവും എത്രമാത്രം പവിത്രമാണോ അപ്രകാരം തന്നെ..
ജാഹിലിയ്യ കാലഘട്ടത്തു നടന്ന കൊലപാതകങ്ങൾക്കുള്ള എല്ലാ പ്രതികാരക്കൊലയും പ്രതികാരവും ഞാനിതാ കുഴിച്ചുമൂടുന്നു. ഓന്നാമതായി തന്നെ അബ്ദുല്‍ മുത്തലിബിന്റെ മകന് ഹാരിഥിന്റെ മകന് റബീഅയുടെ പ്രതികാരം ഞാൻ പൂർണമായും ദുര്‍ബലപ്പെടുത്തുന്നു. എന്റെ ശേഷം നിങ്ങളിൽ ചിലർ ചിലരുടെ ജീവനെടുത്ത് നന്ദികെട്ടവരും സത്യനിഷേധികളുമാവരുത്.
ജനങ്ങളെ, അറിയുക! നിങ്ങളുടെ നാഥാൻ ഏകനാണ്. നിങ്ങളുടെയെല്ലാവരുടെയും പിതാവും ഒരൊറ്റയാളാണ്. നിങ്ങളെല്ലാവരും ആദമിൽ നിന്നാണ്; ആദമാവട്ടെ മണ്ണിൽ നിന്നും.
അറിയുക; ഒരു അറബിക്ക് അനറബിയേക്കാൾ ഒരു സ്ഥാനവുമില്ല. അനറബിക്ക് അറബിയേക്കാൾ ഒരു സ്ഥാനവുമില്ല. ചുവന്ന ശരീര പ്രകൃതമുള്ളവന് കറുത്തവനേക്കാൾ ഒരു പദവിയും ശ്രേഷ്ഠതയുമില്ല; ഒരു കറുത്തവന് ചുവന്നവനെക്കാളുമില്ല. എല്ലാ ശ്രേഷ്ഠതയും സൂക്ഷ്മജീവിതം നയിച്ചവർക്കുമാത്രമാണ്.
ജനങ്ങളേ, ഞാനിതെല്ലാം നിങ്ങൾക്ക് എത്തിച്ചുതന്നതല്ലയോ? അല്ലാഹുവേ നീയാണ് സാക്ഷി!
ജനങ്ങൾ ഒന്നടങ്കം മറുപടി പറഞ്ഞു: അതേ , അല്ലാഹുവിന്റെ ദൂതരേ...
ജനങ്ങളേ, നിങ്ങൾക്ക് സ്ത്രീകളോട് ബാധ്യതകളും കടപ്പാടുകളുമുണ്ട്. അവർക്ക് നിങ്ങളോടും. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ശരിക്കും സൂക്ഷിക്കണം. കാരണം അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്; അവന്റെ വചനങ്ങൾ കൊണ്ടാണ് അവർ നിങ്ങൾക്ക് അനുവദനീയമായിരിക്കുന്നത്. അവരുടെ വിരിപ്പുകളിൽ നിങ്ങളല്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവർ ചെയ്യേണ്ടതാണ്. അതേസമയം അവർക്കാവശ്യമായ ഭക്ഷണം, വസ്ത്രം തുടങ്ങിയവ മാന്യമായി നൽകേണ്ടത് നിങ്ങളുടെ ബാധ്യതയുമാണ്.
ജനങ്ങളേ, നിങ്ങളുടെ സമ്പത്തും ജീവനും വളരെ പ്രധനമാണ് - ഈ ദിവസവും മാസവും സ്ഥലവും എത്രമാത്രം പ്രാധാന്യമാണോ അത്രമാത്രം. ആരുടെയെങ്കിലും കൈയിൽ വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ട സ്വത്തുണ്ടെങ്കിൽ അത് നിർബന്ധമായും തിരിച്ചുകൊടുക്കണം.
എല്ലാ പലിശകളെയും ഞാനിതാ ദുർബലമാക്കിയിരിക്കുന്നു - ജാഹിലിയ്യാ കാലഘട്ടത്തിലെ പലിശ ഇടപാട് പോലും. എന്നാൽ മൂലധനത്തിൽ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ അക്രമികളാകാതിരിക്കാനും അക്രമിക്കപ്പെട്ടവരാകാതിരിക്കാനുമാണിത്. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന് കിട്ടാനുള്ള പലിശ തന്നെ ഞാൻ അസാധുവാക്കുന്നു.
"അറിയുക; ഞാനീക്കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചുതന്നിട്ടില്ലയോ? അല്ലാഹുവേ, നീയാണതിനു സാക്ഷി.
അവർ പറഞ്ഞു: അതേ, അല്ലാഹുവിന്റെ ദൂതരേ...
എങ്കിൽ സന്നിഹിതരായവർ ഇല്ലാത്തവർക്ക് എത്തിച്ചുകൊടുക്കുക"
"ഹഖ്, 'ഹുഖുഖ്” എന്നിവ ഇസ്ലാമിക ലോകത്ത് ഏറ്റവും കുടുതല്‍ ചർച്ച ചെയ്യപ്പെട്ട പദങ്ങളില്‍ പെട്ടതാണ്. അവകാശം. അവകാശങ്ങള്‍ എന്നിങ്ങനെ ഇവയെ അര്ഥകൽപന ചെയ്യാന്‍ പറ്റും. പ്രകൃതിയിലെ ചേതനവും അചേതനവുമായ ഓരോ വസ്തുവിനും അവകാശങ്ങള്‍ അനുവദിച്ചുകൊടുത്ത മതമാണിസ്ലാം.
പരിശുദ്ധ ഖുര്‍ആനും തിരു പ്രവാചകരും അവകാശങ്ങളെക്കുറിച്ച് സംസാരിച്ചതിന് ശേഷം ഒന്നര സഹസ്രാബ്ദം കാത്തുനില്ക്കേണ്ടിവന്നു ലോകത്തിന് മറ്റ് അവകാശ പ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍. ഫലത്തില്‍ ഇവയൊക്കെയും പ്തിരുനബി പറഞ്ഞുവെച്ചത് മാത്രമായിരുന്നു.
എന്നാൽ, നൂറ്റാണ്ടുകളോളം ഈ മാനുഷികഅവകാശങ്ങളെ ഉൾക്കൊള്ളാൻ ഇസ്ലാമേതര സമുഹം തയ്യാറായില്ല എന്നത് മുസ്ലിംകൾക്ക് എന്നും ഖേദകരമാണ്. കഴിഞ്ഞ പന്ത്രണ്ടു നൂറ്റാണ്ടുകാലം ലോകത്ത് പല ദിക്കുകളിലും നടന്ന പീഡനങ്ങള്‍ നോക്കൂ - അടിമകള്‍ക്കെതിരെ, കറുത്തവര്‍ഗക്കാര്‍ക്കെതിരെ, സ്ത്രികള്‍ക്കെതിരെ, താഴ്ന്ന ജോലിയെടുക്കുന്നവര്ക്കെതിരെ, മതന്യൂനപക്ഷങ്ങള്ക്കെതിരെയെല്ലാം. ഇസ്ലാം ഈ ഓരോ വിഭാഗത്തെയും സംരക്ഷിക്കുകയും സമുഹത്തിന്റെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇസ്ലാമേതര സമൂഹത്തിനു ഇങ്ങനെ ഒരാശയം തന്നെ ജനിക്കാന്‍ പീഡിതജനം കാലങ്ങളോളം തെരുവിലിറങ്ങേണ്ടി വന്നുവെന്നതാണ് നേര്. അങ്ങനെയാണല്ലോ അടിമ നിരോധനവും ഫെമിനിസവുമെല്ലാം ലോകത്ത് വന്നത്.
ഇവിടെയാണ് പരിശുദ്ധഇസ്ലാമും തിരുപ്രവാചകരും മാതൃകയാകുന്നത്. ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും അവകാശം എന്ന പദം പോലുമറിയാതെ ജീവിച്ചിരുന്ന അതികിരാതമായ പശ്ചാത്തലത്തില്‍ - അഥവാ പതിനാല് നൂറ്റാണ്ട് മുമ്പ് - ഓരോ മനുഷ്യനും നൂറുകൂട്ടം അവകാശങ്ങളുണ്ടെന്ന് ഇസ്ലാം പഠിപ്പിച്ചു. മൂഹമ്മദ് നബി ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു.
ഇസ്ലാമിലെ അവകാശങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നതായിരുന്നില്ല. അത് സമ്പൂര്‍ണമായി ഈ സമുഹത്തില്‍ നടപ്പാക്കപ്പെട്ടു. ഓരോ മനുഷ്യനും അത് വേണ്ടുവോളം ആസ്വദിച്ചു. ഓരോരുത്തരും ഞാനൊരു മനുഷ്യനായിരിക്കുന്നു എന്ന വികാരം നിലനിര്‍ത്തി. പ്രവാചകര്‍ വന്നതു തന്നെ മനുഷ്യരുടെ ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണ്. ഇസ്ലാമിന്റെ ലക്ഷ്യങ്ങളില്‍ അതിപ്രധാനമായത് ഈ അവകാശങ്ങളുടെ സംസ്ഥാപനവുമാണ്. അതിനുവേണ്ടിയാണ് മക്കയിലും മദീനയിലും അവിടുന്ന് പോരാടിയത്. അതിന്റെ അവസാന പ്രഖ്യാപനമായിരുന്നു, വിജയാഘോഷമായിരുന്നു അറഫാപ്രഭാഷണം. വൃത്യസ്തനാട്ടുകാര്, വിഭിന്നഗോത്രങ്ങള്, പലജാതിവര്ണങ്ങള് - ഇങ്ങനെ തീര്‍ത്തും ബഹുസ്വരമായ ഒരു സമൂഹത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഒരേ വസ്ത്രത്തില്‍ ഒരേ മന്ത്രങ്ങളോടെ അറഫയില്‍ അണിനിരത്തി ലോകം കണ്ട ഏറ്റവും വലിയ പ്രഭാഷണം അവിടുന്ന് നടത്തി.
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയടക്കം പാശ്ചാത്യവൽകൃത പുസ്തകങ്ങളൊക്കെ പറയുന്നത് മനുഷ്യാവകാശം എന്ന പ്രയോഗത്തിനു തന്നെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് കൂടുതൽ ജനശ്രദ്ധ ലഭിച്ചതെന്നാണ്. യഥാർത്ഥത്തിൽ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകരും ഖുർആനും നൂറുകണക്കിന് സ്ഥലങ്ങളിൽ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചത് ഇത്തരമാളുകൾ കണ്ടിട്ടില്ല എന്നത് വിഷമകരമാണ്. അതിലുപരി ഇസ്ലാം ആധുനിക ലോകത്തിനും ഒന്നര സഹസ്രാബ്ദം മുമ്പേ നടക്കുന്നുവെന്നാണിതിനർത്ഥം. ഹുഖൂഖുകളെക്കുറിച്ച് അഥവാ അവകാശങ്ങളെക്കുറിച്ചാണ് ഇസ്ലാമിന്റെ അനവധി അധ്യാപനങ്ങൾ. അറഫയിലെപ്രഭാഷണം ഇവയെ മാലോകർക്കു മുമ്പിൽ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതായിരുന്നു.
ലോകം അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും നേടിയെടുത്തതും ധാരാളം സമരങ്ങൾക്കും രക്തരൂക്ഷിത വിപ്ലവങ്ങൾക്കുമൊടുവിലായിരുന്നുവല്ലോ. ഫ്രഞ്ച് വിപ്ലവം തന്നെയാണ് ഇതിനുദാഹരണം. ഫ്രഞ്ച് വിപ്ലവത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളൊക്കെയും ഇസ്ലാമികലോകത്ത് പന്ത്രണ്ടു നൂറ്റാണ്ടുമുമ്പേ പരിചയമുള്ളതായിരുന്നുവെന്നതാണ് സത്യം. മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രനായിട്ടാണ്; പക്ഷെ അവനെല്ലായിടത്തും ചങ്ങലക്കുള്ളിലാണെന്ന (Man is born free, but he is everywhere in chains) റൂസ്സോയുടെ ഏറ്റവും പ്രശസ്തമായ വാക്കുപോലും രണ്ടാം ഖലീഫ ഉമർ ലോകജനതയോട് പ്രഖ്യാപിച്ചതിനു ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്.
അഥവാ ലോകം കൊട്ടിഘോഷിച്ച പദങ്ങൾപോലും മുസ്ലിംകളിൽനിന്ന് കടമെടുത്തതായിരുന്നു. കാരണം മനുഷ്യന് ചില അവകാശങ്ങളുണ്ടെന്നു തന്നെ ലോകത്തിനു ബോധ്യപ്പെടുത്തിയത് പ്രവാചകനായിരുന്നു. പ്രഭുവർഗം മുഴുവൻ അവകാശങ്ങളുള്ളവരും മറ്റുള്ളവരൊക്കെ അവരുടെ ആജ്ഞാനുവർത്തികളും മതനേതാക്കൾ പ്രഭുക്കളെ കൊഴുപ്പിക്കാനുള്ള ഉപകരണവുമായിരുന്നു ഇസ്ലാമേതര ലോകത്ത്.
ലോകത്തെ മറ്റു മതങ്ങൾക്കാവട്ടെ ഈ അവകാശങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. അത്തരം മതങ്ങളുടെ ഗ്രന്ഥങ്ങളും നേതാക്കന്മാരും മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ച് അജ്ഞരായപ്പോഴാണ് നിരന്തരവിപ്ലവങ്ങൾ പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യ ലോകത്ത് ഉടലെടുത്തത്. ഈ വിപ്ലവങ്ങളെ നവോത്ഥാന വിപ്ലവങ്ങൾ എന്നു പേരിടേണ്ടി വന്നു. കാരണം നാളതുവരെ അവർക്ക് നവോത്ഥാനം അറിയില്ലായിരുന്നു. അവകാശങ്ങളും അജ്ഞമായിരുന്നു. എന്നാൽ തിരുനബി മനുഷ്യകുലത്തോട് അവകാശങ്ങളെക്കുറിച്ച് സംസാരിച്ചത് ആരുടേയും സമരത്തിന്റെ ബാക്കിപത്രമായിട്ടായിരുന്നില്ല. പ്രത്യുത സമരങ്ങളിലൂടെ ഓരോ മനുഷ്യനും അവകാശം നേടിക്കൊടുക്കുകയായിരുന്നു.
ലോകം കൊട്ടിഘോഷിക്കുന്ന മാഗ്നകാർട്ട ചാർട്ടർ (Charter of Magna Carta) നിലവിൽ വരുന്നത് തന്നെ രാജാവിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയപ്പോഴായിരുന്നു. ഇതാണ് യൂറോപ്പ് കാണുന്ന ആദ്യ മനുഷ്യാവകാശനയരേഖ. 1215 ൽ നിലവിൽ വന്ന ഈ നയരേഖയെക്കുറിച്ച് പ്രമുഖ പാശ്ചാത്യപണ്ഡിതൻ Henry Marsh പറയുന്നത് ഇപ്രകാരമാണ്: "The MagnaCarta was no more rather than a charter of landlords and Feudal" അഥവാ ഫ്യൂഡലുകളെയും ഭൂവുടമകളെയും സഹായിക്കാൻവേണ്ടി മാത്രമുള്ളതായിരുന്നു മാഗ്ന കാർട്ട. (Henry Marsh, Documents of liberty, MW Books , England ,1971, Pp.51).
പാവപ്പെട്ട മഹാഭൂരിപക്ഷം ജനങ്ങളെയും വഞ്ചിച്ച മാഗ്നകാർട്ടക്കു ശേഷം നൂറ്റാണ്ടുകളോളം ഒന്നും സംഭവിച്ചില്ല. പിന്നീട് നവോത്ഥാന കാലഘട്ടത്തിലായിരുന്നു ഈ അവബോധം ജനങ്ങളിൽ മെല്ലെമെല്ലെ ഉയർന്നു വന്നത്. ഇന്റർനാഷണൽ എൻസൈക്ലോപീഡിയ ഓഫ് സോഷ്യൽ സയൻസ് ഈ വിഷയം ആവർത്തിച്ചു പറയുന്നുണ്ട്. (Sills, David L. , International Encyclopedia of social sciences, The MacMillan Company, New York, 1972, V. 5, PP. 540) എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഈ വസ്തുത ആവർത്തിക്കുന്നു: It was during from period of renaissance until the 17th century that the beliefs and practices of society so changed that the idea of human rights could take hold as a general social need and reality (നവോത്ഥാന കാലഘട്ടം മുതലാണ് മനുഷ്യന്റെ സാമൂഹ്യപരമായ ആവശ്യങ്ങളിലേക്കും യാഥാർഥ്യങ്ങളിലേക്കും മനുഷ്യാവകാശം എന്ന ചിന്ത കടന്നുവരുന്നതെന്നു സാരം.) The new encyclopedia Britannica, Chicago, 15th edition , 2005, V. 6, pp. 137)
എന്നാൽ ഇസ്ലാം 1400 വർഷങ്ങൾക്കു മുമ്പ് മനുഷ്യാവകാശം മുഖ്യഅജണ്ടയായി സ്വീകരിച്ചു. ഇസ്ലാമിന്റെ ആഗമനോദ്ദേശ്യം തന്നെ ജനങ്ങൾ സ്വാതന്ത്ര്യത്തോടെയും മറ്റു ജനങ്ങളെ പേടിക്കാതെയും അല്ലാഹുവിനെ മാത്രം അനുസരിച്ച് ജീവിക്കലായിരുന്നു. അതുകൊണ്ടാണ് 'മഖാസിദു ശരീഅഃ' എന്ന വിശാലമായ ഒരു ശാസ്ത്രശാഖ തന്നെ ഇസ്ലാമിൽ രൂപപ്പെട്ടുവന്നത്. അഥവാ ഇസ്ലാമിന്റെ ഓരോ നിയമവും മനുഷ്യന്റെ ജീവൻ, ബുദ്ധി, കുടുംബം, മതം, അഭിമാനം, സമ്പത്ത് എന്നിവ സംരക്ഷിക്കാനായിരിക്കണം.
‘അൽ കുല്ലിയ്യാതുൽ ഖംസ’ എന്നാണ് ഇവ സാങ്കേതികമായി അറിയപ്പെടുന്നത്. ഈ അഞ്ച് എണ്ണത്തിൽ ഏതെങ്കിലുമൊന്നിനു കോട്ടം തട്ടുന്ന ഒരു നിയമവും ഒരു ആരാധനയും ഇസ്ലാമിൽ ഇല്ല. അങ്ങനെയുണ്ടാകാൻ പാടില്ല. അഥവാ മുഹമ്മദ് നബിയും ഖുർആനും വന്നത് തന്നെ ഓരോ മനുഷ്യനുവേണ്ടിയും അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുമാണ്. അതുകൊണ്ടാണ് തന്റെ അവസാന വിടവാങ്ങൽ പ്രസംഗത്തിൽ പോലും അവകാശങ്ങളെക്കുറിച്ച് പ്രവാചകർ വാചാലമായത്.
ഇസ്ലാമിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഈ അവകാശങ്ങൾ ജനങ്ങൾ തെരുവിലിറങ്ങിയതുകൊണ്ട് നൽകേണ്ടിവന്നതല്ല. അത് സ്രഷ്ടാവായ അല്ലാഹു ജനങ്ങൾക്ക് നൽകിയതാണ്. അത്തരം അവകാശങ്ങൾ ജനങ്ങൾക്കുണ്ടെന്ന് പറയാനും അവ ജനങ്ങൾക്ക് സ്ഥാപിച്ചുകൊടുക്കാനുമാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്.
ഖുർആൻ അടിവരയിട്ട് ഇങ്ങനെ പ്രഖ്യാപിക്കുന്നു: "തീർച്ചയായും ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു" (ഇസ്റാഅ്/ 70). അല്ലാഹുവിനും ഈ മതത്തിനും പ്രവാചകർക്കും ജനങ്ങളോടുള്ള ബഹുമാനം കൊണ്ട് അനുവദിച്ച അവകാശമാണിത്. മറ്റുള്ളവരുടെ ഔദാര്യം പറ്റിയതല്ല. കഷ്ടപ്പെട്ടു വാങ്ങിയ ആശങ്കയോ ഇനിയെപ്പോഴെങ്കിലും ഇല്ലാതെയാകുമോയെന്ന ഭയമോ ഇല്ല.
ഇസ്ലാംപ്രകാരം എല്ലാവരും അവകാശമുള്ളവരും സമന്മാരുമാണ്. അത് സ്രഷ്ടാവായ അല്ലാഹു സമ്മാനിച്ചതുമാണ്. ലോകത്ത് ഒരാൾക്കും അതിൽ കൈ കടത്താൻ ഒരു അവകാശവുമില്ല.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനമായി പലരും വിലയിരുത്തുന്നത് 1948 , ഡിസംബർ 10 നു ഐക്യരാഷ്ട്രസഭ പാസ്സാക്കിയ നയരേഖയാണ്. The Universal Declaration of Human Rights (UDHR) എന്ന പേരിലറിയപ്പെടുന്ന ഈ പ്രഖ്യാപനത്തിൽ പറഞ്ഞ ഓരോ കാര്യവും തിരുനബി പതിനാലു നൂറ്റാണ്ടുകൾക്കു മുമ്പേ ജനങ്ങളോട് വ്യക്തമാക്കിയതാണെന്നതാണ് പഠിക്കുന്ന ആർക്കും മനസ്സിലാവുക. പുതുമകളൊന്നുമില്ലാത്ത ഒരു പ്രഖ്യാപനമായേ പ്രവാചകരെ വായിച്ചവർക്കിത് അനുഭവപ്പെടൂ.
അതേസമയം ഐക്യരാഷ്ട്രസഭ ഇതെല്ലം ചില സ്വപ്നങ്ങളും പദ്ധതികളുമായി പറഞ്ഞുവെച്ചുവെന്നല്ലാതെ നടപ്പാക്കാനുള്ള വഴികൾ അവരുടെ മുന്നിലില്ലായിരുന്നു. ലോകത്തെ ഏതെങ്കിലുമൊരു മൂലയിൽ നടപ്പാക്കാനുള്ള അധികാരവും ഐക്യരാഷ്ട്രസഭക്കില്ല. രാഷ്ട്രങ്ങളെല്ലാം ഇവ അംഗീകരിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുന്നുണ്ടെന്നത് നേര് തന്നെ. പക്ഷെ ഇസ്ലാം മുന്നോട്ടുവെച്ചത് പോലെ ശക്തമായ ഒരു മെക്കാനിസം ആധുനിക ലോകത്തിനില്ല.
ഇസ്ലാമിന്റെ അഭിവാജ്യഘടകമായാണ് ഈ അവകാശങ്ങളെ മുഹമ്മദ് നബി പരിചയപ്പെടുത്തിയത്. അതോടുകൂടി ഓരോ മുസ്ലിമിനും ഇത് നിർബന്ധമായി. പ്രവാചകർ നടപ്പാക്കിക്കാണിച്ചു. ഓരോ മുസ്ലിമും അനുസരിച്ചു.
