ആ വാർത്ത എല്ലാവരെയും ഞെട്ടിച്ചു. താലിബാൻ കാബൂൾനഗരം കീഴടക്കിയിരിക്കുന്നു. ജനങ്ങളെല്ലാം ജീവനുംകൊണ്ട് ഓടുകയാണെന്ന് പറയപ്പെടുന്നു. രാജ്യം വിട്ടുപോകാൻ കഴിയാത്തവർ വലിയ ആശങ്കയിലുമാണ്. അത്ഭുതകരവും ആശങ്കാജനകവുമായ ഈ രംഗങ്ങളെല്ലാം കണ്ടും കേട്ടുമിരിക്കുമ്പോൾ വളരെ സ്വാഭാവികമായും മനസ്സിലേക്ക് പാഞ്ഞടുത്ത ചില ചോദ്യങ്ങളുണ്ട്. ബില്യൺകണക്കിന് ഡോളറുകളും സമാനമായ ആയുധങ്ങളുമുള്ള സമ്പന്നമായ പ്രസ്ഥാനമാണ് താലിബാൻ. ഇതിന്റെ സ്രോതസ്സ് തന്നെയാണ് പ്രധാനചോദ്യം. തൊട്ടപ്പുറത്ത് സിറിയ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളെ ഐസിസ് എന്ന ഭീകരസംഘടന കാർന്നുതിന്നുന്നു. പതിനായിരങ്ങളെ നിഷ്കരുണം കൊന്നുതള്ളിയ ഈ പ്രസ്ഥാനത്തിനും വേണ്ടുവോളം ആയുധവും സമ്പത്തുമെല്ലാം ലഭിക്കുന്നുണ്ട്. യമനിൽ തീർത്തും അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഹൂതികളുടെ കാര്യവും ഒട്ടും ഭിന്നമല്ല. ലോകത്തുള്ള എല്ലാ തീവ്രവാദപ്രസ്ഥാനങ്ങളെപ്പോലെയും താലിബാനും ഐസിസും ഹൂതികളുമെല്ലാം പണം സമ്പാദിക്കുന്നത് ജനങ്ങളെ കൊള്ളയടിച്ചും മയക്കുമരുന്ന് വിറ്റും സമ്പന്നരെ തട്ടിക്കൊണ്ടുപോയിട്ടുമെല്ലാമാണെന്ന് ലോകം മുഴുക്കെ പറയുന്നു. കൂടാതെ ഇസ്ലാംവിരോധികളുടെ അകമഴിഞ്ഞ സഹായവും ലഭിക്കുന്നുണ്ടാകാം. ഇത്തരം പലജാതി കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കുന്നതാവട്ടെ, അവരുടെ ഭാഷപ്രകാരം ഇസ്ലാമികഭരണം സ്ഥാപിക്കാൻ - അഥവാ ഖിലാഫത്ത് സ്ഥാപിക്കാനാണ് താനും. പതിനായിരങ്ങളെ കൊന്നൊടുക്കി, അതിലപ്പുറമാളുകളെ കൊള്ളയടിച്ച്, കോടിക്കണക്കിനു ഡോളറുകളുടെ മയക്കുമരുന്നുകൾ കയറ്റിയയച്ച് നേടിയെടുക്കുന്ന ഭരണവും രാഷ്ട്രവും, അല്ലെങ്കിൽ നൂറുകൂട്ടം അനിസ്ലാമികപ്രവർത്തനങ്ങളിലൂടെ അതികിരാതമായി സഞ്ചരിച്ച് നേടിയെടുക്കുന്ന ഭരണവും രാഷ്ട്രവും...!!! എല്ലാവരും സ്ഥാപിക്കുന്നത് ഖിലാഫത്താണ് ..! ഇസ്ലാമിക ഖിലാഫത്ത്...!!!
സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു: എന്താണ് ഈ ഖിലാഫത്ത്. ഇതിങ്ങനെയെല്ലാമാണോ നടത്തേണ്ടത്?മറുപടി ഒന്നേയുള്ളൂ - ഒരിക്കലുമല്ല. ഖിലാഫത്തിനെക്കുറിച്ച് ചെറിയൊരു ധാരണയുള്ള ഏതൊരാൾക്കും ഇത് മനസ്സിലാകും.
ഇസ്ലാമിന്റെ സാങ്കേതികഭാഷപ്രകാരം ഖിലാഫത്ത് പ്രവാചകത്വത്തിന്റെ പ്രാതിനിധ്യമാണ്. അഥവാ ഖലീഫ തിരുനബിയുടെ പ്രതിനിധിയാണ്. ഭൗതികകാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും തിരുനബിയുടെ നേതൃത്വം നൽകിയത് പോലെ ഉമ്മത്തിനു നേതൃത്വം നൽകുക എന്നതാണ് ഖലീഫയുടെ ബാധ്യത.
ഈ അർത്ഥത്തിൽ ധാരാളം നിർവ്വചനങ്ങൾ ഖിലാഫത്തിന് നൽകപ്പെട്ടിരിക്കുന്നു. തന്റെ ഉമ്മത്തിന്റെ മതപരവും ഭൗതികപരവുമായ വിഷയങ്ങളിലെ ജീവിച്ചിരിക്കുന്ന പരമോന്നത നേതൃത്വമാണ് ഖലീഫ. തിരുനബിയുടെ പ്രതിനിധി എന്നനിലയിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെയും പൂർണരൂപത്തിൽ മതപരമായ വിധിവിലക്കുകൾക്കനുസരിച്ചും നേതൃത്വം നൽകേണ്ട ബാധ്യത ഖലീഫക്കുണ്ട്. ഇങ്ങനെ ഖലീഫയായി നിയമിതനാകുന്ന വ്യക്തിയെ പിൻപറ്റലും അനുസരിക്കലും, ഖലീഫയെ നിയമിച്ച നാട്ടിലെ മുസ്ലിംസമൂഹത്തിലെ ഓരോരുത്തരുടെയും മേൽ നിർബന്ധവുമാണ് - അദ്ദേഹം മതത്തിനെതിരെ കൽപ്പിക്കുന്നില്ലെങ്കിൽ മാത്രം.
ഇസ്ലാമിലെ ആദ്യ നാലുഖലീഫമാർ പ്രസിദ്ധമാണ്. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ശേഷം ആറു മാസം മാത്രം ഭരണം നടത്തിയ മുഹമ്മദ്നബിയുടെ മകൾ ഫാത്വിമയുടെ മകൻ ഹസൻ തുടങ്ങിയവരുടെ ഭരണ കാലഘട്ടം കൂട്ടിയാൽ മുപ്പത് വർഷം കൃത്യമാണ്. ഈ മുപ്പതു വർഷമാണ് സമ്പൂർണ ഖിലാഫത്ത്, ലോകത്ത് ഭരണം നടത്തിയത്. ഇസ്ലാമിലെ പലകാര്യങ്ങളും സമൂഹത്തിന് ചെയ്തു കാണിച്ചു കൊടുത്തതും മാതൃക സൃഷ്ടിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. അതിനാൽ തന്നെ ഈ ഭരണങ്ങൾക്ക് വലിയസ്ഥാനം ഇസ്ലാംമതത്തിലുണ്ട്. പൂർണ്ണമായും തിരുനബിയുടെ പ്രതിനിധികളായിട്ടായിരുന്നു ഈ മഹാന്മാരുടെ ഭരണം. ഒരു കളങ്കവുമില്ലാത്ത സമ്പൂർണപ്രാതിനിധ്യ സ്വഭാവമുള്ളത് കൊണ്ട് ഇത് ഖിലാഫത്തുന്നുബുവ്വത്തായി അറിയപ്പെട്ടു. അതിന് ശേഷമുള്ളതെല്ലാം ഖിലാഫത്ത് എന്ന പേരിൽ അറിയപ്പെടുന്നുവെങ്കിലും ഒരിക്കലുമത് സമ്പൂർണ്ണമോ നുബുവ്വത്തിന്റെ പൂർണ്ണപ്രതിനിധ്യത്തിലുള്ളതോ അല്ല; ആകുകയുമില്ല. കാരണം തിരുനബി ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. അഥവാ “എന്റെ ശേഷം മുപ്പത് വർഷം മാത്രമേ സമ്പൂർണ്ണ ഖിലാഫത്ത് ഉണ്ടാകൂ” എന്ന്. തിരുനബി പ്രവചിച്ചതെല്ലാം സത്യമായിട്ടേ വരൂ. ഇതിൽ ഒരു വിശ്വാസിക്ക് തർക്കം ഉണ്ടാകാനും പാടില്ല. അഞ്ചാംഖലീഫ എന്നറിയപ്പെടുന്ന ഉമർ ബ്നു അബ്ദുൽ അസീസിന്റെ കാലഘട്ടം വളരെ മാതൃകാപരമായിരുന്നുവെങ്കിലും ഈ വിധാനത്തിലേക്ക് ഉയർന്ന് വന്നിട്ടില്ല.
ഇസ്ലാം പ്രകാരം ഭരണം ഒരു ആനന്ദമോ സന്തോഷദായകമായ സംഗതിയോ അല്ല. അതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. നൂറ് കണക്കിന് സ്ഥലങ്ങളിൽ ഇസ്ലാം ഇത് അടിവരയിട്ട് പറയുന്നുണ്ട്. ഇസ്ലാമികചരിത്രത്തിലെ ഏറ്റവും ആധികാരിക തിരുവചനഗ്രന്ഥത്തിന്റെ ഉടമയായ ഇമാംബുഖാരി നിവേദനം ചെയ്യുന്ന തിരുവചനം ഇങ്ങനെ: ''അറിയുക! നിങ്ങളെല്ലാവരും ഭരണകർത്താക്കളാണ്. ഓരോരുത്തരും തന്റെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. ജനങ്ങളുടെ മൊത്തം ഭരണ കർത്താവായ ഇമാം തന്റെ പ്രജകളുടെ കാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടും. പുരുഷൻ തന്റെ വീട്ടിലെ ഭരണകർത്താവാണ്. തന്റെ ഭരണീയരെക്കുറിച്ച് തീർച്ചയായും അവൻ ചോദ്യം ചെയ്യപ്പെടും. അറിയണം! നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്. തീർച്ചയായും നിങ്ങളോട് അത് ചോദിക്കുക തന്നെ ചെയ്യും'' (ബുഖാരി :7138 ).
ഒരാൾ ഖലീഫയായി നിയമിക്കപ്പെടാൻ ധാരാളം നിബന്ധനകളുണ്ട്. ആധുനികലോകത്ത് ചില ജനാധിപത്യവ്യവസ്ഥിതികളിലുള്ളത് പോലെ പൗരനായാൽ മതി എന്തധികാരവും ഏറ്റെടുക്കാമെന്ന വീക്ഷണം ഇസ്ലാമിനില്ല. കാരണം ഖലീഫ ഒരു രാഷ്ട്രത്തിന്റെയോ ഒരു പ്രവിശ്യയുടെയോ ഭരണാധികാരിയല്ല. അദ്ദേഹം ഭരണം മാത്രം നടത്തുന്നയാളുമല്ല. അദ്ദേഹം മൊത്തം മുസ്ലിം രാഷ്ട്രങ്ങളുടെയും - അഥവാ അദ്ദേഹത്തിനെ അംഗീകരിക്കുന്ന മുഴുവൻ പ്രജകളുടെയും - മതപരവും ഭൗതികപരവും രാഷ്ട്രീയപരവുമായ അധികാരമുള്ളയാളാണ്. തിരുനബിയുടെ അതാതു കാലഘട്ടത്തിലെ പ്രതിനിധികൂടിയാണ്. തീർച്ചയായും ഏറ്റവും സമുന്നതനാകണം അദ്ദേഹം. അതിനുവേണ്ടിയുള്ള യോഗ്യതകൾ ഇസ്ലാം നിർദേശിക്കുകയും ചെയ്തു.
ഇസ്ലാമികലോകത്ത് ഖലീഫ ചെയ്യേണ്ടത് കേവലഭരണമല്ല. അദ്ദേഹം മുസ്ലിംലോകത്തിന്റെ മതപരമായ കാര്യങ്ങളുടെ കൂടി പരമോന്നത നേതാവാണ്. ഇത്തരം ഉത്തരവാദിത്വനിർവ്വഹണം തീർച്ചയായും ഒരു മുസ്ലിമിനേ കഴിയൂ; അല്ലെങ്കിൽ പ്രശ്നങ്ങൾ വരാനും കാര്യങ്ങൾ വഷളാവാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഖലീഫ മുസ്ലിമായിരിക്കണമെന്നത് ഒന്നാമത്തെ നിബന്ധനയാണ്.
നേരത്തെ പറഞ്ഞത് പോലെ ഖിലാഫത്ത് ഒരു വലിയ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വനിർവ്വഹണത്തിൽ വളരെ പ്രധാനമായ ഒന്നാണ് സൈന്യത്തിന് നേതൃത്വം നൽകുകയും ശത്രുക്കളെ പ്രതിരോധിക്കുകയും ചെയ്യുക എന്നത്. കൂടാതെ അനേകായിരം കാര്യങ്ങളുമുണ്ട്. ഇത് കൂടുതൽ സാധ്യമാവുക പുരുഷനാണല്ലോ. ഇന്നും ലോകത്ത് തൊണ്ണൂറ്റിയൊമ്പത് ശതമാനം നേതാക്കളും പുരുഷന്മാരായിരിക്കുന്നതിന് പിന്നിലെ രഹസ്യവും ഇതായിരിക്കും. അഥവാ ഖലീഫ സർവ്വസൈന്യാധിപനും യുദ്ധരംഗത്ത് ആവശ്യമെങ്കിൽ വരേണ്ടയാളുമായതിനാൽ ഖലീഫ പുരുഷനായിരിക്കണം. ഇതാണ് രണ്ടാമത്തെ നിബന്ധന.
മുസ്ലിംലോകത്തിന്റെ ഖലീഫ മുജ്തഹിദാവണമെന്ന വിഷയത്തിൽ ഇസ്ലാമിൽ രണ്ടഭിപ്രായമില്ല. ‘മുജ്തഹിദ്’ എന്നാൽ ഇസ്ലാമിക വിഷയത്തിൽ സ്വതന്ത്രമായി ഗവേഷണം നടത്താനാകുന്ന വ്യക്തി എന്നർത്ഥം. ഇങ്ങനെയുള്ളൊരു മുജ്തഹിദിന്റെ യോഗ്യതകൾ വിശദീകരിച്ച എല്ലാ ഗ്രന്ഥങ്ങളിലും ഖുർആൻ, തിരുവചനം, അറബി ഭാഷ, സ്വഹാബികളുടെയും മറ്റുപണ്ഡിതരുടെയും അഭിപ്രായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉണ്ടാവേണ്ട പ്രാവീണ്യം അടിവരയിടുന്നുണ്ട്. കൂടാതെ ഓരോ തിരുവചനങ്ങളുടെയും നിവേദകരെക്കുറിച്ചുള്ള കൃത്യമായ അറിവ് വേണം. അഥവാ ലക്ഷക്കണക്കിന് തിരുവചനങ്ങളുടെ നിവേദകപരമ്പരയിലെ ആളുകളെക്കുറിച്ചുള്ള അറിവ്. അവരെക്കുറിച്ചുള്ള പ്രാഥമികനിഗമനം മാത്രം പോര. അവരെ വിശ്വസിക്കാനാകുമോ ഇല്ലയോ എന്ന് മനസ്സിലാക്കാനാകുന്ന വിധം അറിവുണ്ടായിരിക്കണം.
വലിയ പണ്ഡിതനായ ഇമാമുൽഹറമൈനി പറയുന്നത് പ്രകാരം ഖലീഫ ശരീഅത്തിന്റെ വിജ്ഞാനം പഠിച്ച് തീർത്തും സ്വതന്ത്രനിലപാടുള്ള ആളായില്ലെങ്കിൽ ഓരോ വിഷയത്തിലും പണ്ഡിതരോട് അഭിപ്രായം ആരായേണ്ടിവരും. ഇത് അദ്ദേഹത്തിന്റെ നിലപാട് തന്നെ മാറി മറിയാൻ നിമിത്തമാകും. മാത്രവുമല്ല, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യും. എല്ലാ നിലയിലും ഇമാം പിന്തുടരപ്പെടുന്നയാളാകണം. പിന്തുടരുന്നയാളാകരുത്. മതത്തിന്റെ കാര്യങ്ങളിൽ അദ്ദേഹം മുജ്തഹിദായില്ലെങ്കിൽ പണ്ഡിതരെ പിൻപറ്റേണ്ടിവരും. പണ്ഡിതരുടെ കൽപനയും വിരോധനയും കാത്തിരിക്കേണ്ടിവരും. ഇത് തീർച്ചയായും ഖലീഫയുടെ സ്ഥാനത്തോട് യോജിച്ചതല്ല" (ഗിയാസുൽ ഉമം: 68).
രത്നച്ചുരുക്കമിതാണ്; ഇമാം കേവലം ഒരു ഭരണാധികാരിയല്ല ഇസ്ലാംപ്രകാരം. അദ്ദേഹം എല്ലാ നിലയിലും പിന്തുടരപ്പെടേണ്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന് സ്വന്തമായി വിവരവും നിലപാടുമില്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരുടെ നിലപാടിനായി കാത്തിരിക്കേണ്ടിവരും. കാര്യങ്ങളെ വേണ്ടവിധം വിശകലനം ചെയ്യാനുള്ള പ്രാപ്തി നഷ്ടപ്പെടും. ആഴത്തിലുള്ള വിചാരം ഉണ്ടായേക്കില്ല. ഇതെല്ലാം ഇസ്ലാം വിഭാവനം ചെയ്യുന്ന അത്യുന്നതപദവിക്ക് യോജിച്ചതല്ല. പൂർണമായും ജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തി എല്ലാ നിലക്കും അതിന് യോഗ്യതയുള്ളയാൾ തന്നെയാവണം.
എന്നാൽ നാലുഖലീഫമാർക്ക് ശേഷം ഇസ്ലാം ലോകത്ത് വന്ന അധികഖലീഫമാരും ഈ പദവിയില്ലാത്തവരായിരുന്നു. അവരാരും ആ പദവിയിലെത്തിയത് അർഹരായവരെ തിരഞ്ഞെടുക്കേണ്ടവർ തിരഞ്ഞെടുത്തത് കൊണ്ടല്ലല്ലോ. പ്രത്യുത അധികാരബലത്തിന്റെ മറവിലായിരുന്നു. വിപ്ലവങ്ങളിലൂടെ, രക്തരൂഷിതസമരങ്ങളിലൂടെ, ഭയപ്പെടുത്തി നേടിയെടുത്തതായിരുന്നു. ഇമാം ഇബ്നു ഹജർ, ഇമാം റംലി തുടങ്ങിയവരൊക്കെ ഈ വസ്തുത പറയുന്നു. " ഖുലഫാഉറാശിദൂനു (ആദ്യനാല്ഖലീഫമാർ)ശേഷം മുസ്ലിംലോകത്തിന്റെ ഭരണമേറ്റെടുത്ത അധികപേരും മുജ്തഹിദല്ലായിരുന്നു; കാരണം അവരെല്ലാം 'തഗല്ലുബിലൂടെ' അധികാരം കയ്യാളിയവരായിരുന്നു" . (തുഹ്ഫ 9/76, നിഹായ 7/410). തഗല്ലുബ് എന്നാൽ ബലപ്രയോഗം, വിപ്ലവ വിജയം എന്നിവയിലൂടെ അധികാരം പിടിച്ചെടുക്കുക എന്നാണർത്ഥം. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ചുരുക്കം.
ഇമാം തഫ്താസാനി പറഞ്ഞ വരികൾ ഖിലാഫത്തിന്റെ നിബന്ധനകളോരോന്നും പറയുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന വസ്തുതയാണ്: "ചുരുക്കത്തിൽ ഖിലാഫത്തിന്റെ നിബന്ധനകളായി നാം പറഞ്ഞതെല്ലാം ഖലീഫയെ തിരഞ്ഞെടുക്കാനും അവരോധിക്കാനുമെല്ലാം സാധ്യമാകുന്നസമയത്താണ്. ഇത് സാധ്യമാകാതെ വന്നാൽ, അഥവാ അക്രമികളും അവിശ്വാസികളും അഹങ്കാരികളും തെമ്മാടികളുമായ പലരും വന്നാൽ അപ്പോൾ ഭൗതികാധികാരം പിടിച്ചെടുക്കുന്ന നിർബന്ധിതസാഹചര്യമാണ് മുമ്പിലുള്ളത്. അങ്ങനെയാവുമ്പോൾ ഇമാമുമായി ബന്ധപ്പെട്ട മതപരമായ വിധിവിലക്കുകൾ നിർബന്ധിത സാഹചര്യത്തിന്റെ പരിധിയിൽ വരും. വിജ്ഞാനമില്ലാതിരിക്കുന്നതും നീതിമാനാവാതിരിക്കുന്നതും മറ്റു നിബന്ധനകളൊക്കാത്തതുമെല്ലാം പ്രസ്തുതസാഹചര്യങ്ങളിൽ പരിഗണിക്കാൻ കഴിയാതെ വരും. അനിവാര്യസാഹചര്യങ്ങൾ അനുവദിക്കപ്പെടാത്ത പലതും അനിവാര്യമാക്കുമല്ലോ''(ശർഹുൽ മഖാസിദ് 5/245).
തിരുനബി മുൻകൂട്ടി പ്രവചിച്ച ഖിലാഫത്ത് അല്ലെങ്കിൽ സമ്പൂർണഖിലാഫത്തിന് ശേഷം വന്ന ഒട്ടുമിക്ക ഭരണാധികാരികളുടെയും ചെയ്തികളും നിലപാടുകളും അധികാരാരോഹണങ്ങളും എടുത്തുദ്ദരിക്കുന്നതിൽ അർഥമില്ലെന്ന് സാരം. അവരുടെ ചെയ്തികളും സ്വഭാവവും രീതിയുമൊന്നും മുസ്ലിംലോകത്തിന് അവലംബിക്കാനോ മാതൃകയാക്കാനോ പറ്റില്ലെന്ന് മാത്രമല്ല പലപ്പോഴും പൂർണമായും അവഗണിക്കേണ്ടിയും വരും. ഇത് പോലെ തന്നെയാണ് അവരുടെ അധികാരാരോഹണ ശൈലിയും. ഖിലാഫത്തിനെ കേവലം ഭരണവും അധികാരവാഴ്ച്ചയുമായി കണ്ട് അതിന്റെ ആത്മീയവിതാനത്തെ പൂർണ്ണമായും നിഷ്കാസനം ചെയ്തവരായിരുന്നു ഈ 'രാജാക്കന്മാരെല്ലാം'.
ബലപ്രയോഗത്തിലൂടെയും മറ്റു മാർഗ്ഗേണയും അവർ അധികാരത്തിൽ വരികയും അർഹരായവരെ അവഗണിക്കുകയും ചെയ്തു. അർഹതയുള്ളവർക്ക് ഒരു ചെറുവിരൽ പോലും അനക്കാനുള്ള സ്വാതന്ത്ര്യവും പലരും നൽകിയില്ല. ഇവരെയെല്ലാം ഖലീഫ എന്ന് വിളിച്ചെങ്കിലും യോഗ്യത കൊണ്ട് ഖലീഫയായതല്ലെന്ന് ചുരുക്കം. മുസ്ലിംലോകത്ത് ഛിദ്രതയും നാശവും സൃഷ്ടിക്കരുതല്ലോ എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം അന്നത്തെ സമൂഹത്തിന് അവരെ അംഗീകരിക്കേണ്ടതായും വന്നു.
മൂന്നാമത്തെനിബന്ധന നീതി എന്നതാണ് - അഥവാ അദാലത്ത്. ഇസ്ലാമിൽ നീതി എന്നത് വലിയൊരാശയമാണ്. ഭൂരിഭാഗം പണ്ഡിതന്മാരും നീതിയെ നിർവചിച്ചത് ഇപ്രകാരമാണ്: "സംസാരത്തിൽ സത്യസന്ധത, പ്രകടമായ വിശ്വാസ്യത, നിഷിദ്ധമായ കാര്യങ്ങളിൽനിന്ന് പൂർണമായും മാറിനിൽക്കുക, തെറ്റുക്കുറ്റങ്ങൾ വരുന്നത് പൂർണ്ണമായും സൂക്ഷിക്കുക, സംശയം തോന്നിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് വരെ മാറി നിൽക്കുക, ദേഷ്യപ്പെടുന്നതിലും തൃപ്തിപ്പെടുന്നതിലും മറ്റുള്ളവർക്ക് മാതൃകയാവുക, തന്റെ ദീനും ദുൻയാവും കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തെപ്പോലെയുള്ളവർക്ക് മാതൃകയാവുന്ന രൂപത്തിലുമാവുക. ഒരു ഭരണാധികാരിയിൽ ഈ കാര്യങ്ങളെല്ലാം സമ്പൂർണ്ണമായാൽ അതാണ് അദാലത്ത്" (അൽ അഹ്കാമു സ്സുൽത്ത്വാനിയ്യ/ 89)
നീതിമാനെ മാത്രമേ അധികാരമേൽപ്പിക്കാവൂ എന്നും അത്തരം ആളുകൾ മാത്രമേ ഉത്തരവാദിത്തം ഏറ്റെടുക്കാവൂ എന്നും വിശുദ്ധ ഖുർആൻ തന്നെ പലവുരു പറഞ്ഞിട്ടുണ്ട്. ഇബ്റാഹീം നബിയുടെ ചരിത്രം പറയുന്ന സ്ഥലം ഇങ്ങനെ: "അല്ലാഹു പറഞ്ഞു: ഞാൻ താങ്കളെ ജനങ്ങളുടെ ഇമാമാക്കുകയാണ്. അപ്പോൾ അദ്ദേഹം പ്രതിവചിച്ചു: എന്റെ സന്താന പാരമ്പരകളേയും; അല്ലാഹു മറുപടി നൽകി: എന്റെ ഉടമ്പടിയും അധികാരവും അക്രമികൾക്ക് ലഭിക്കില്ല" (അൽ ബഖറ 124). ഈ സൂക്തം വിശദീകരിച്ച ഒട്ടുമിക്ക പണ്ഡിതരെല്ലാം തന്നെ നീതിമാന്മാർക്കല്ലാതെ ഖിലാഫത്ത് മുതലുള്ള ഒരു അധികാരവും നൽകരുതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഇമാം ഖുർതുബി പറഞ്ഞത് മുസ്ലിം സമൂഹത്തിനിടയിൽ ഖലീഫ നീതിമാനായിരിക്കണമെന്ന വിഷയത്തിൽ എതിരഭിപ്രായം ഇല്ലെന്നാണ് (അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ:1/ 270). ഇമാമുൽ ഹറമൈനി ഇത് അൽപം കൂടി വിശദീകരിക്കുന്നു: "ജീവിതത്തിൽ ഭയഭക്തിയും സൂക്ഷ്മതയും ഇമാമിന് വളരെ അനിവാര്യമാണ്. ഒരു നാണയത്തിന്റെ മേൽ സാക്ഷി നിർത്താൻ അധാർമികമായി നടക്കുന്നവനെ ആശ്രയിക്കാൻ പറ്റില്ലെങ്കിൽ മൊത്തം മുസ്ലിംകളുടെ കാര്യം എങ്ങനെയാണ് അയാളെ ഏൽപ്പിക്കുക!?.
അധാർമികമായി നടക്കുന്ന പിതാവിനെ തനിക്കേറ്റവും സ്നേഹവും വാത്സല്യവുമുള്ള മകന്റെ സമ്പത്തിൽ തന്നെ അധികാരം നൽകാൻ പറ്റില്ലെങ്കിൽ ഏറ്റവും വലിയ ഖിലാഫത്തിൽ അല്ലാഹുവിനെ ഭയക്കാത്ത മനുഷ്യനെ എങ്ങനെ വിശ്വസിക്കും?. തന്റെ ബുദ്ധികൊണ്ട് ശരീരേച്ഛകളെയും ആത്മാവ് കൊണ്ട് ചീത്തയായ വിചാരങ്ങളെയും ശരിയായ വീക്ഷണങ്ങൾ കൊണ്ട് മനസ്സിന്റെ തെറ്റായ നിയന്ത്രണങ്ങളെയും നേരിടാൻ കഴിയാത്ത ഒരാൾക്ക് ഇസ്ലാമിന്റെ ഉന്നതമായ കാര്യങ്ങൾ എങ്ങനെ നന്നാക്കിയെടുക്കാനാകും?" (ഗിയാസുൽ ഉമം: 68)
ഇനിയുള്ള നിബന്ധനകൾ ഇങ്ങനെയാണ്: ഖലീഫ ധൈര്യവാനാവണം, വേണ്ടിവന്നാൽ സ്വന്തമായി തന്നെ ശത്രുക്കൾക്കെതിരെ യുദ്ധംചെയ്യാനും സൈന്യത്തെ നിയന്ത്രിക്കാനും ശത്രുപാളയങ്ങളെ അതിജയിക്കാനും ശത്രുക്കളെ കീഴ്പ്പെടുത്താനും കഴിയണം.
കൂടാതെ ഇമാം നല്ല വീക്ഷണമുള്ളയാളാവണം; അഥവാ പ്രജകളെ നയിക്കാനും അവരുടെ മതപരവും ഭൗതികപരവുമായ നന്മകളെ സജ്ജീകരിക്കാനും സാധിക്കണം. കേൾവിശക്തി വേണം . വ്യക്തികളെ പരസ്പരം തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ കാഴ്ച ശക്തിയും പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയുന്ന സംസാരശേഷിയും വേണം. (തുഹ്ഫ: 9/ 76).
അവസാനമായി ഒരു നിബന്ധന, എന്നാൽ വളരെ പ്രധാനമായ ഒന്ന്, ഇമാം ഖുറൈശിയായിരിക്കുക എന്നതാണ്. ഇപ്പറഞ്ഞതിനർത്ഥം മറ്റൊരു വിശേഷണവുമൊക്കാത്ത ഖുറൈശിയെപ്പിടിച്ച് ഖലീഫയാക്കണമെന്നുമല്ല. മറ്റു പല വിശേഷണങ്ങളോടൊപ്പം ഒരാളിൽ ഖുറൈശിയെന്ന വിശേഷണം കൂടിയുണ്ടെങ്കിൽ അയാൾക്കാണ് പരിഗണന എന്നാണർത്ഥം. കാരണം ജനങ്ങൾക്കിടയിൽ അയാൾക്ക് കൂടുതൽസ്വീകാര്യത ലഭിക്കും. ഇമാം ഹറമൈനി പറയുന്നത് ഇങ്ങനെ:''യോഗ്യതകളെല്ലാമുള്ള ഒരു ഖുറൈശിയെ നാം കണ്ടില്ല; അതേസമയം മറ്റൊരു വ്യക്തിയിൽ ഖുറൈശിയല്ലാത്ത എല്ലാ യോഗ്യതയുമുണ്ട് താനും. എങ്കിൽ വിവരവും പക്വതയും സൂക്ഷ്മതയുമുള്ള ഈ വ്യക്തിയെയാണ് നാം അവരോധിക്കേണ്ടത്'' (ഗിയാസുൽ ഉമം ഫീ തിയാസിള്ളുലം: 225 ). മറ്റൊരു സ്ഥലത്ത് ഇമാമുൽ ഹറമൈനി തന്നെ പറയുന്നു: ''വിവരവും കാര്യക്ഷമതയുമില്ലാത്ത ഒരു ഖുറൈശിയും തഖ്വയും പ്രാപ്തിയും വിജ്ഞാനവുമുള്ള മറ്റൊരാളുമുണ്ടായാൽ ആരെയാണ് പരിഗണിക്കേണ്ടതെന്ന് വല്ലവനും ചോദിച്ചാൽ നാം ഇങ്ങനെ മറുപടി പറയും; വിവരവും തഖ്വയും കാര്യക്ഷമതയുമുള്ള ആളെ മാത്രമേ നാം പരിഗണിക്കൂ. കാര്യക്ഷമതയില്ലാത്ത ആളെ ഒരിക്കലും നാം പരിഗണിക്കില്ല തന്നെ'' (ഗിയാസുൽ ഉമം ഫീ തിയാസിള്ളുലം :229 ) .
നേരത്തെ പറഞ്ഞതുപോലെ, മുസ്ലിംലോകത്ത് സമ്പൂർണഖിലാഫത്തിന്റെ സമയത്തുവന്ന ഖലീഫമാർ ഈ യോഗ്യതകൾ പൂർണമായും ഉള്ളവരായിരുന്നു. അതേസമയം അതിനുശേഷം ഇത്തരം യോഗ്യതകൾ പൂർണമായും മേളിച്ചവർ വളരെ അപൂർവ്വവുമായിരുന്നു. പലപ്പോഴും കുടുംബാധിപത്യം കൂടിയാണ് പലയിടത്തും നടന്നത്. ഇതിനൊന്നും ഇസ്ലാം ഒരു നിലക്കും ഉത്തരവാദിയാകുന്നില്ല. ഇങ്ങനെയായിരിക്കും കാര്യങ്ങൾ വരിക എന്ന് ധാരാളം ഹദീസുകളിൽ നബി പ്രവചിച്ചിട്ടുമുണ്ട്. എന്നാൽ, ഒരു ഖലീഫയുടെ യോഗ്യതകൾ മേല്പറഞ്ഞതാണെന്ന് മനസ്സിലാക്കലും അതിനനുസരിച്ച് തിരഞ്ഞെടുക്കലും അതാതു കാലഘട്ടത്തിലെ പ്രധാനികൾക്ക് നിർബന്ധമാണ്.
കേവലം ഒരു വ്യക്തിയാകുക, അല്ലെങ്കിൽ പൗരനാകുക എന്നതിലുപരി ഖലീഫയാകാൻ ചില യോഗ്യതകളുണ്ടെന്നാണു നാം പറഞ്ഞത്. അഗാധമായ പാണ്ഡിത്യം, നീതി, ധൈര്യം, പക്വത തുടങ്ങിയ നേതൃപദവിക്കാവശ്യമായ എല്ലാം മേളിക്കണം. ധനമോ മറ്റു ഭൗതിക സൗകര്യങ്ങളോ ഇതിനൊരു യോഗ്യതയേയല്ല. ഇങ്ങനെ യോഗ്യതകൾ മേളിച്ച ഒരു വ്യക്തിയെ ഖലീഫയായി തിരഞ്ഞെടുക്കാൻ ഇസ്ലാം ചില വഴികളും നിഷ്കർഷിച്ചു. ലോകമുസ്ലിംകളുടെ മത-ഭൗതിക നേതാവാണ് ഖലീഫ. അത് വളരെ ഗൗരവത്തോടെ തിരഞ്ഞെടുപ്പിന് വിധേയമാക്കേണ്ട സംഗതിയാണ്. ഇസ്ലാം നിഷ്കർഷിച്ച മാർഗങ്ങളിൽ അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും ഗുണമുള്ള മാർഗം സ്വീകരിക്കുകയും ചെയ്യാം. അത് ഇനിയുള്ള അധ്യായങ്ങളിൽ വിശദമാക്കാം.
