കുട്ടിക്കഥയാണെന്നു തോന്നുമെങ്കിലും കഥയിൽ വലിയ കാര്യമുണ്ട് എന്ന് മനസ്സിലാകുന്ന ഒരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. കാട്ടിൽ ശക്തമായ ശത്രുഭീഷണി. മൃഗങ്ങളെല്ലാം ഭയചകിതരാണ്. എല്ലാവരും ഒത്തൊരുമയോടെ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി. ഇനി കാട് പഴയപോലെയായാൽ പറ്റില്ല. കാര്യങ്ങൾ നോക്കാൻ ഒരു നേതാവും അദ്ദേഹത്തെ സഹായിക്കാൻ കമ്മിറ്റിയുമെല്ലാം വേണം. മനുഷ്യരുടെഭാഷയിൽ പറഞ്ഞാൽ സർക്കാർ അനിവാര്യമായിരിക്കുന്നു. എല്ലാവരും കൂടിയിരുന്ന് സർക്കാർ രൂപീകരണ ചർച്ചക്ക് തുടക്കം കുറിച്ചു. എണ്ണത്തിൽ വളരെ കുറവാണെങ്കിലും ശക്തരായ സിംഹവും പുലിയും എല്ലാമുണ്ട്. അഭ്യസ്തവിദ്യരായ കുരങ്ങുകളും നൂറുകണക്കിന് മാൻപേടകളും വന്നിരിക്കുന്നു.
എങ്ങനെയൊരു സർക്കാറുണ്ടാക്കും? കൂട്ടത്തിൽ കാര്യപ്രാപ്തിയും തന്റേടവുമുള്ള സിംഹം ചോദിച്ചു.
ഭൂരിപക്ഷാടിസ്ഥാനത്തിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കാമെന്നായി മാൻപേടകൾ. മനുഷ്യര് പറയുന്ന ജനാധിപത്യം കാട്ടിലും വിളയട്ടെ - അവർ ഒന്നടങ്കം പറഞ്ഞു.
എല്ലാവരും മൂളി.
വോട്ടെടുപ്പിന്റെ റിസൾട് വന്നു. മാൻപേടകളെല്ലാം ഒറ്റക്കെട്ടായി തങ്ങളുടെ കൂട്ടത്തിൽപെട്ട ഒരാൾക്ക് വോട്ട് ചെയ്തിരിക്കുന്നു. കോലൻമാൻ വിജയിച്ചിരിക്കുന്നു. എണ്ണത്തിൽകുറവായ ശക്തരും പണ്ഡിതരും അഭ്യസ്തവിദ്യരുമെല്ലാം മുഖം താഴ്ത്തി ഇറങ്ങിപ്പോയി.
കോലൻമാനിന്റെ നേതൃത്വത്തിൽ കാട്ടിൽ ആദ്യ മന്ത്രിസഭ വന്നു. എല്ലാം തന്റെയാളുകൾ. അഥവാ മാൻപേടകൾ...!! ഇനി ശത്രുക്കളെ പ്രതിരോധിക്കണം. മന്ത്രിസഭ അങ്ങോട്ടുമിങ്ങോട്ടും നോക്കാൻ തുടങ്ങി. എന്ത് ചെയ്യും..!?
കഥ നീളുകയാണ്…
ഇനി പറയൂ; കാട്ടിലെ ഡെമോക്രസി എങ്ങനെയുണ്ട്?. കാട് സംരക്ഷണം ഇങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത് എന്ന് തോന്നുന്നുണ്ടോ?
എങ്കിൽ തീർച്ചയായും മനസ്സിലാക്കിക്കൊള്ളൂ; നാട് സംരക്ഷിക്കാനും ഇങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നത്.
ജനാധിപത്യത്തിന് ഒരുപാട് മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാതെ ജനാധിപത്യപ്രക്രിയകൾക്ക് മാത്രം പ്രാധാന്യം നൽകിയതാണ് ഇന്നത്തെ നമ്മുടെ അടിസ്ഥാന പ്രശ്നങ്ങൾ. എന്നാൽ ഇത് രണ്ടിനും ഒരുപോലെ, അഥവാ മൂല്യങ്ങൾക്കും പ്രക്രിയകൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം. ആധുനിക ജനാധിപത്യവ്യവസ്ഥിതി ഇസ്ലാമിൽ നിന്ന് പഠിക്കേണ്ടതും ഇത് തന്നെയാണ്.
ഒന്ന് ആലോചിച്ചുനോക്കൂ; എൽ.പി സ്കൂൾ ഭരിക്കുന്ന ഹെഡ്മാസ്റ്റർക്ക്പോലും ചില യോഗ്യതകൾ വെക്കുന്നുണ്ട് നാം. പക്ഷേ നാട് മൊത്തം ഭരിക്കുന്നവർക്ക് ഒരു യോഗ്യതയും വേണ്ട..!
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ രാഷ്ട്രീയക്കാരുടെ അടിപിടി കേൾക്കാൻ വിധിക്കപ്പെട്ടവരല്ലേ നാം?. എന്തുകൊണ്ടാണിത്?. യോഗ്യതയില്ലാത്തവർ അരങ്ങുവാഴുമ്പോൾ ഇങ്ങനെയൊക്കെത്തന്നെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
നിരക്ഷരരും വിദ്യഭ്യാസരഹിതരും എണ്ണത്തിൽ കൂടുതലുണ്ടെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന ആർക്കും നാടിനെ ഭരിക്കാം എന്നത് എത്രമാത്രം അപകടകരമാണ് എന്നാലോചിച്ചുനോക്കിയിട്ടുണ്ടോ.?
ഇവിടെയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ജനാധിപത്യസങ്കൽപം നമുക്ക് ഊർജം തരുന്നത്.
കേവലം ഒരു വ്യക്തിയാകുക, അല്ലെങ്കിൽ പൗരനാകുക എന്നതിലുപരി ഇസ്ലാം അനുശാസിക്കുന്ന ഖലീഫയാകാൻ ചില യോഗ്യതകളുണ്ടെന്ന് നാം പറഞ്ഞു. അഗാധമായ പാണ്ഡിത്യം, നീതി, ധൈര്യം, തുടങ്ങിയ നേതൃഗുണത്തിനാവശ്യമായ എല്ലാം മേളിക്കണം. ധനമോ മറ്റു ഭൗതിക സൗകര്യങ്ങളോ ഇതിന് ഒരു യോഗ്യതയേയല്ല. ഇങ്ങനെ യോഗ്യതകൾ മേളിച്ച ഒരു വ്യക്തിയെ ഖലീഫയായി തിരഞ്ഞെടുക്കാൻ ഇസ്ലാം ചില വഴികളും നിഷ്കർഷിച്ചു. ലോകമുസ്ലിംകളുടെ മത - ഭൗതിക നേതാവാണ് ഖലീഫ. അത് വളരെ ഗൗരവത്തോടെ തിരഞ്ഞെടുപ്പിന് വിധേയമാക്കേണ്ട സംഗതിയാണ്. ഇസ്ലാം നിഷ്കർഷിച്ച മാർഗങ്ങളിൽ അതാത്സമയത്തെ രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും ഗുണമുള്ള മാർഗം സ്വീകരിക്കുകയും ചെയ്യാം.
പ്രധാനമായും രണ്ടു വഴികളാണുള്ളത്. ഒന്ന്; അഹ്ലുൽ ഹല്ലി വൽ അഖ്ദിന്റെ(മുസ്ലിം സമൂഹത്തിലെ പണ്ഡിതന്മാർ, നേതാക്കൾ, ജനങ്ങളിലെ കാര്യപ്പെട്ടവർ, മറ്റു നിലക്ക് ജനങ്ങളിൽ കാര്യപ്രാപ്തിയുള്ളവർ തുടങ്ങിയവരാണ് അഹ്ലുൽ ഹല്ലി വൽ അഖ്ദ് ) തിരഞ്ഞെടുപ്പ്; രണ്ട്; നോമിനേഷൻ (ഇസ്തിഖ്ലാഫ്). നമ്മുടെ നാട്ടിൽ പരിചയമുള്ള കൊളീജിയം സംവിധാനമാണ് എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, ഭൂരിപക്ഷം അക്ഷരാഭ്യാസമില്ലാത്തവരാണെങ്കിൽ അവർ പറയുന്ന ഒരാൾ വന്നാൽ മതി എന്ന നിലപാടല്ല ഇസ്ലാമിന്റേത്.
അഹ്ലുൽ ഹല്ലി വൽ അഖ്ദ്നും ചില നിബന്ധനകളൊക്കേണ്ടതുണ്ടെന്ന് ഇസ്ലാം അനുശാസിച്ചു. അല്ലെങ്കിൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിൽ ഇവർ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. നീതിമാനായിരിക്കുക (ഈ വിഷയത്തിലുള്ള 'നീതിമാൻ' എന്നതിന്റെ വിശദീകരണം നേരത്തെ പറഞ്ഞു), വിവരമുള്ളവരായിരിക്കുക, അഭിപ്രായവും ദീർഘവീക്ഷണവുമുള്ളയാളായിരിക്കുക തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. അഥവാ ഇത്തരം വിഷയങ്ങളിൽ ജനങ്ങളിൽ വെച്ച് ഏറ്റവും മുന്തിയയാളുകളായിരിക്കണം ഇവർ. രാഷ്ട്രനായകന്മാർ, രാഷ്ട്രത്തിലെ പ്രധാനപണ്ഡിതന്മാർ, ഉന്നത അധികാരശ്രേണിയിലുള്ള ജനപ്രതിനിധികൾ എന്നിവരെല്ലാമാണ് ഇന്ന് ഇവ്വിഷയത്തിലെ അഹ്ലുൽ ഹല്ലി വൽ അഖ്ദ്. അവരൊരുമിച്ചു കൂടി യോഗ്യനായ ആളെ കണ്ടെത്തുകയും നിയമിക്കുകയും വേണം. ഓരോ വ്യക്തിയും വോട്ട് ചെയ്ത് ഖലീഫയെ കണ്ടെത്തുന്ന രീതിയല്ല ഇവ്വിഷയത്തിൽ ഇസ്ലാമിന്റെ നിലപാട്.
ജനാധിപത്യസംവിധാനത്തിൽ അർഹർ തന്നെ അധികാരം കൈയ്യാളണമെന്നില്ല. ഏതെങ്കിലുമൊരു വിഭാഗത്തിന് - അവർ നീതിയുടെയും ധർമത്തിന്റെയും പക്ഷത്തല്ലെങ്കിൽ പോലും - കൂടുതൽ വോട്ടുകളുണ്ടായാൽ അവർ നിയമിക്കുന്ന വ്യക്തിയാകും ഖലീഫ. ഒരു പക്ഷേ അദ്ദേഹത്തെക്കാളും യോഗ്യർ പലരുമുണ്ടാകും. അതുകൊണ്ടുതന്നെ ഖലീഫയുടെ വിഷയത്തിൽ യോഗ്യതക്കാണ് പരിഗണന. ഓരോ രാഷ്ട്രത്തിലെയും സമുന്നതരായ രാഷ്ട്രീയനേതാക്കൾ, പണ്ഡിതന്മാർ, മറ്റു പ്രമുഖർ എന്നിവർ ഒരുമിച്ചുകൂടി ഏറ്റവും യോഗ്യനായ ഒരാളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇന്നും പല നാടുകളിലും പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെയെല്ലാം ഇങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് - ഇന്ത്യയിൽ വരെ. ഇന്ത്യയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എം.പിമാരും എം.എൽ.എമാരുമടങ്ങുന്ന ഇലക്ടറൽസിസ്റ്റമാണുള്ളത്. ഇത് തന്നെയാണ് ഖിലാഫത്തിലുമുള്ളത്. കേവല രാഷ്ട്രീയനേതാക്കൾക്ക് മാത്രം പ്രാധാന്യം നൽകാതെ ലോകത്തെ സമുന്നതരായ പണ്ഡിതന്മാർ, മറ്റു ഉന്നതവ്യക്തിത്വങ്ങൾ എന്നിവരും കൂടിയാണ് ഖലീഫയെ തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ ഇസ്ലാമികസംവിധാനം കൂടുതൽ മൂല്യാധിഷ്ഠിത ജനാധിപത്യ സംവിധാനമാകുന്നു. അതോടൊപ്പം, ഓരോ നാട്ടിലെയും രാഷ്ട്രീയനേതാക്കളെ വോട്ടിങ് സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുകയും ചെയ്യാം. നമ്മുടെ നാട്ടിൽ എം.പിമാരെയും എം.എൽ.എമാരെയും തിരഞ്ഞെടുക്കുന്നതുപോലെ. ഈ രാഷ്ട്രീയനേതാക്കൾക്ക് ഖലീഫയെ തിരഞ്ഞെടുക്കുന്നതിൽ ശക്തമായ സ്വാധീനവുമുണ്ട്. പക്ഷെ, അവർ മാത്രം വിചാരിച്ചാൽ നടക്കില്ലെന്ന് മാത്രം.
പ്രമുഖ ഇസ്ലാമിക കർമശാസ്ത്ര സരണിയായ ഹമ്പലിമദ്ഹബിലെ പണ്ഡിതനായ അബൂ യഅല മുഹമ്മദ് ബ്നു ഹുസ്സൈൻ അൽ ഫറാഅ (മരണം ഹിജ്റ 458) പറഞ്ഞത് ശ്രദ്ധേയമാണ്: അഹ്ലുൽ ഹല്ലി വൽ അഖ്ദിന്റെ തിരഞ്ഞെടുപ്പിനനുസരിച്ചാണ് ഇമാമിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ അവരിലെ മഹാഭൂരിഭാഗം ആളുകളില്ലാതെ സാധ്യമല്ല. ഒരെതിർപ്പും വരാത്ത വിധം അഹ്ലുൽ ഹല്ലി വൽ അഖ്ദിൽ നിന്നുള്ള ആളുകൾ ഉണ്ടാകണമെന്ന് ഇമാം ഹറമൈനിയും പറയുന്നുണ്ട്. അഥവാ അഹ്ലുൽ ഹല്ലി വൽ അഖ്ദ് തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ഒത്തൊരുമിച്ച് തിരഞ്ഞെടുക്കണമെന്നും ഭൂരിപക്ഷാഭിപ്രായത്തിനു മറ്റുള്ളവർ വിധേയപ്പെടണമെന്നും അർത്ഥം. എന്തൊരു സുന്ദരമായ ജനാധിപത്യവ്യവസ്ഥിതി..!!
ഇനി നാം മനസ്സിലാക്കേണ്ടത്, അഹ്ലുൽ ഹല്ലി വൽ അഖ്ദ്, ഖലീഫയായി തിരഞ്ഞെടുക്കേണ്ടത് എല്ലാവിധ യോഗ്യതയുമൊത്ത വ്യക്തിയെ ആകൽ നിർബന്ധമാണ് എന്നതാണ്. അതല്ലാതെ, തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാളെയല്ല. ഇമാം ആമുദി പറയുന്നു: ''ഖലീഫയെ സ്വയേഷ്ടപ്രകാരം തിരഞ്ഞെടുക്കരുത്. മുഴുവൻ ഗുണവിശേഷണങ്ങളും പ്രത്യേകതകളും ഒരുമിച്ച് കൂടിയ ആളെ മാത്രമേ തിരഞ്ഞെടുക്കാവൂ'' (ഗായത്തുൽ മറാം ഫീ ഇൽമിൽ കലാം : 413). ഇമാം മാവർദി എഴുതുന്നു: ''ഖലീഫയെ തിരഞ്ഞെടുക്കാൻ അഹ്ലുൽ ഹല്ലി വൽ അഖ്ദ് ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാൽ നിബന്ധനകളൊത്ത അക്കാലഘട്ടത്തിലെ വ്യക്തികളെക്കുറിച്ച് സൂക്ഷ്മമായി അപഗ്രഥനം ചെയ്യണം. എന്നിട്ട് യോഗ്യതകൾ ഏറ്റവും സമ്പൂർണമായതും ശ്രേഷ്ഠതയിൽ ഏറ്റവും ഉന്നതമായതുമായ ഒരാളെ കണ്ടെത്തണം. ജനങ്ങൾ പെട്ടെന്ന് തന്നെ അനുസരിക്കുകയും മടിച്ച് നിൽക്കാതിരിക്കുകയും ചെയ്യുന്ന ആളായിരിക്കണം അദ്ദേഹം. വ്യത്യസ്ത ആളുകളിൽ നിന്നും അഹ്ലുൽ ഹല്ലി വൽ അഖ്ദിന്റെ ഗവേഷണവും അന്വേഷണവുമനുസരിച്ച് ഒരാൾ മാത്രം നിർണയിക്കപ്പെട്ടാൽ അദ്ദേഹത്തോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹം സമ്മതിച്ചാൽ ബൈഅത്ത്( ഖലീഫയായി അംഗീകരിക്കുന്ന കരാർ) ചെയ്യുകയും വേണം'' ( അഹ്കാമുസ്സുൽത്താനിയ്യ: 25).
യോഗ്യതകളൊത്ത ഒന്നിലധികം ആളുകളുണ്ടെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് യോഗ്യതയുടെ സമ്പൂർണ്ണത വിലയിരുത്തേണ്ടത്. രാഷ്ട്രം ശത്രുക്കളുടെ ശക്തമായ ഭീഷണിയിലാണെങ്കിൽ ധൈര്യവും യുദ്ധപാടവവുമെല്ലാമുള്ള വ്യക്തിക്ക് മുൻഗണന നൽകണം. ഏറ്റവും വലിയ വിവരമുള്ള വ്യക്തിയുടെ ആവശ്യമുള്ള സമയത്താണ് ഭരണമെങ്കിൽ അത്തരം വ്യക്തികൾക്കാണ് മുൻഗണന നൽകേണ്ടത് (അഹ്കാമുസ്സുൽത്താനിയ്യ/ അബൂ യഅല : 24). ഒരു കാര്യം പ്രത്യേകം ഇവിടെ മനസ്സിലാക്കേണ്ടത് തങ്ങൾക്കിഷ്ട്ടപെട്ട ഒരാളെ ഖലീഫയാക്കാൻ കുറച്ചാളുകൾ ഒരുമിച്ച് കൂടുകയും അവർ അദ്ദേഹത്തെ ഖലീഫയാക്കുകയും ബാക്കിയുള്ളവരെല്ലാം അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യണമെന്നല്ല പറഞ്ഞതിന്റെ ഉദ്ദേശ്യം. അഹ്ലുൽ ഹല്ലി വൽ അഖ്ദ്, നിബന്ധനകളൊത്ത ഏറ്റവും മഹത്തായ വ്യക്തിയെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ്. ഇന്ന് എല്ലാ മുസ്ലിംരാഷ്ട്രങ്ങളുടെയും രാഷ്ട്രത്തലവന്മാർ ഒരുമിച്ച് കൂടിയാൽ തന്നെ അത്തരമൊരു വ്യക്തിയെ കണ്ടെത്താനും കരാർ ചെയ്യാനും സാധ്യമാണ്. ആർക്കെങ്കിലും കൂടിച്ചേരലിൽ പങ്കെടുക്കാനായില്ലെങ്കിൽ അദ്ദേഹം മറ്റുള്ളവരോട് യോജിക്കേണ്ട ആവശ്യമേയുള്ളൂ. പക്ഷെ പറ്റിയ ആളെയാണ് അവർ തിരഞ്ഞെടുക്കേണ്ടത്.
എന്നാൽ മുസ്ലിം ലോകത്ത് കഴിഞ്ഞ ഒട്ടുമുക്കാൽ കാലത്തും നടന്നത് ഈ സംവിധാനമായിരുന്നില്ല. നിർഭാഗ്യവശാൽ ഇന്നും അഹ്ലുൽ ഹല്ലി വൽ അഖദ് കൂടിയാൽ തന്നെ ഈ ഉമ്മത്തിൽ നിന്ന് ഏറ്റവും കൂടുതൽ യോഗ്യതയുള്ള ആളെ കണ്ടെത്തി കരാർ ചെയ്യുമെന്ന പ്രതീക്ഷയുമില്ല. അതുകൊണ്ട് തന്നെയാണ് മുഴുവൻ അദൃശ്യകാര്യങ്ങളുമറിയുന്ന തിരുനബി ഇങ്ങനെ പറഞ്ഞത്: ''ഖിലാഫത് മുപ്പത് വർഷമാണ്''. അത് അങ്ങനെതന്നെ പുലരുകയും ചെയ്തു.
ഇസ്തിഖ്ലാഫ്, അഹ്ദ്(നോമിനേഷൻ) തുടങ്ങിയ പേരുകളിലറിയപ്പെടുന്ന രണ്ടാമത്തെ രീതിയനുസരിച്ച് നിലവിലുള്ള ഖലീഫ തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുന്നു. ഇങ്ങനെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ചില നിബന്ധനകളുണ്ട്. അവയെല്ലാം ഒത്തുവന്നാൽ നിലവിലുള്ള ഖലീഫക്കുശേഷം നോമിനേറ്റ് ചെയ്യപ്പെട്ട ഖലീഫയായിരിക്കും മുസ്ലിം ലോകത്തിന്റെ ഖലീഫ. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. എല്ലാ നിബന്ധനകളുമൊത്ത ഒരു ഖലീഫക്ക് മാത്രമേ ഇപ്രകാരം നോമിനേഷൻ ചെയ്യാനുള്ള അധികാരമുള്ളൂ. നോമിനേഷന് ഒരു സംഘത്തെ ഏൽപ്പിക്കാനുള്ള അധികാരവും അദ്ദേഹത്തിന് മാത്രമേയുള്ളൂ (തുഹ്ഫ 9/ 75 ).
ഖലീഫയായി നോമിനേറ്റ് ചെയ്യപ്പെടുന്ന ആളും ഏറ്റവും യോഗ്യനായിരിക്കണം. അത്തരം ഒരാളെ കണ്ടെത്താൻ നിലവിലെ ഖലീഫ വലിയ ശ്രമങ്ങൾ നടത്തുകയും വേണം (മുഗ്നി 5 / 422 ). ഖലീഫയായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇമാമത്തിന്റെ മുഴുവൻ നിബന്ധനകളും വേണമെന്ന് പ്രമുഖ പണ്ഡിതനായ ഇമാം നവവിയും പറഞ്ഞിരിക്കുന്നു (റൗളത്തു ത്വാലിബീൻ 7 / 265). ചുരുക്കത്തിൽ എല്ലാ നിബന്ധനകളുമൊത്ത ഒരു ഖലീഫ നിബന്ധനകളെല്ലാം ഒത്ത തന്റെ പിൻഗാമിയെ കണ്ടെത്തുകയും നിയോഗിക്കുകയും ചെയ്യേണ്ട രീതിയാണ് ഇസ്ലാം പഠിപ്പിച്ചത്. എല്ലാ നിബന്ധനകളുമൊത്ത ഒരു ഖലീഫക്ക് തന്റെ പദ്ധതികളുടെ വിജയത്തിന് വേണ്ടി ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. ഇന്ന് പല നാടുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ട് താനും. നമ്മുടെ നാട്ടിലും സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനെവരെ ഇങ്ങനെയാണല്ലോ തീരുമാനിക്കുന്നത്.
'ഖിലാഫത്തുന്നുബുവ്വത്' അഥവാ സമ്പൂർണഖിലാഫത്തിന്റെ കാലഘട്ടത്തിൽ മാത്രമാണ് മുസ്ലിം ലോകത്ത് ഇത്തരത്തിൽ നോമിനേഷൻ നടന്നത്. അതിന് ശേഷമുള്ളവരെല്ലാം അല്ലെങ്കിൽ ഒട്ടുമിക്കയാളുകളും മക്കളെയോ അല്ലെങ്കിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെയോ യോഗ്യതകൾ മാനദണ്ഡമാക്കാതെ നിയമിക്കുകയായിരുന്നു. ഇതിന് ഇസ്ലാമികനിയമവുമായി യാതൊരു ബന്ധവുമില്ല. പക്ഷേ അക്കാലഘട്ടത്തിലുള്ള പണ്ഡിതന്മാർ ഇതിനെതിരെ ശബ്ദിച്ചിട്ടില്ല. കാരണം ഇമാം ഇബ്നു ഹജർ വ്യക്തമാക്കുന്നു: ''ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും കാണുന്ന ചില വസ്തുതകൾ മുൻനിർത്തി ഇവിടെ ചില സംശയങ്ങൾ വരാം. അബ്ബാസീഖലീഫമാർ നിബന്ധനകളൊന്നും പാലിക്കാതെ തന്നെ ഇങ്ങനെ അധികാരം കൈമാറിയപ്പോൾ പണ്ഡിതന്മാർ അത് അംഗീകരിക്കുകയാണല്ലോ ചെയ്തത്. എന്നല്ല; ഉമവിയ്യ ഭരണത്തിലും പണ്ഡിതർ ഇത് അംഗീകരിച്ചു. ആ ഖലീഫമാരും നിബന്ധനകൾ പാലിക്കാത്തവരായിരുന്നു. ഇങ്ങനെ അംഗീകരിക്കാൻ കാരണം, അക്കാലഘട്ടത്തിലെ പണ്ഡിതന്മാരും ഉത്തമരായ മുൻഗാമികളും ആ ഭരണാധികാരികളുടെ ആധിപത്യം കൊണ്ടും, മുസ്ലിം ലോകത്ത് കുഴപ്പങ്ങൾ സൃഷ്ട്ടിക്കുമോയെന്ന ഭയം നിമിത്തവും അംഗീകരിച്ചതാണ്'' (തുഹ്ഫ 9 / 78; ഹാശിയത്തു ജമൽ 7 / 565 ). മുസ്ലിംലോകത്ത് ഛിദ്രതയും കുഴപ്പവും ഇല്ലാതിരിക്കാനാണ് കഴിഞ്ഞ കാല പണ്ഡിതന്മാരെല്ലാം ശ്രമിച്ചത്. ആദ്യകാല പണ്ഡിതരും അങ്ങനെയായിരുന്നു.
എന്നാൽ, ഖലീഫ ഇല്ലാത്ത സാഹചര്യത്തിൽ, ഓരോരോ പ്രദേശങ്ങളിലെ ഭരണാധികാരിയെ എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത്? ഇതിന് ഇസ്ലാം വ്യക്തമായ മാർഗം നിർദേശിച്ചിട്ടില്ല. അഥവാ ആ പ്രദേശത്തെ ജനങ്ങളുടെ ചുറ്റുപാടും സാമൂഹ്യസ്ഥിതിയും മറ്റും നോക്കിയാണ് തീരുമാനിക്കേണ്ടത്. സാക്ഷരതയും വിദ്യഭ്യാസവുമെല്ലാം കുറഞ്ഞ പ്രദേശങ്ങളിൽ ആധുനിക ജനാധിപത്യസമ്പ്രദായത്തിന് പരിമിതികളുണ്ടെന്ന് വീണ്ടും ഉണർത്തട്ടെ. അതേസമയം ജനങ്ങൾക്ക് ഉപകാരം മാത്രം ചെയ്യുന്ന രാജവംശവുമുണ്ട്. അതുകൊണ്ട് ഓരോ സ്ഥലത്തേക്കും പറ്റിയ രീതിയിലാണ് തിരഞ്ഞെടുക്കേണ്ടത്. പക്ഷെ, ഒന്നിന്റെ പേരിലും ഒരിക്കലും നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കുകയോ ജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുകയോ ചെയ്യരുത്.
ജനാധിപത്യമൂല്യങ്ങളായി അറിയപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഏതുവിധേന തിരഞ്ഞെടുത്ത സർക്കാറുകളും ഇസ്ലാംപ്രകാരം മുൻഗണന നൽകണം. ന്യൂനപക്ഷ പരിരക്ഷ, ജനങ്ങളുടെ കാര്യങ്ങൾ അവരോട് കൂടിയാലോചിക്കുക, നീതിന്യായ വ്യവസ്ഥിതി, നിയമം നയിക്കുന്ന ഭരണം തുടങ്ങിയവയൊക്കെ ഇസ്ലാമാണ് ഏറ്റവും ആദ്യം മുന്നോട്ട് വെച്ചത് എന്നത് സുവിദിതമാണല്ലോ. തിരുനബിയോട് പരിശുദ്ധഖുർആൻ പ്രത്യേകം പറയുന്നുണ്ട്: ''ജനങ്ങളുടെ കാര്യങ്ങൾ അവരോട് കൂടിയാലോചിക്കണം''. മദീനയിൽ നബി വന്നയുടൻ തന്നെ ന്യൂനപക്ഷ സംരക്ഷണത്തിന് ഒരു ഭരണ ഘടനയുണ്ടാക്കിയത് നാം കണ്ടതാണ്. അഥവാ മദീനചാർട്ടർ (സ്വഹീഫതുൽ മദീന). നിയമമാണ് നയിക്കേണ്ടത് എന്നതാണ് ഇത് നൽകുന്ന സന്ദേശം. ഇങ്ങനെ നൂറുകൂട്ടം ഉദാഹരണങ്ങൾ ചരിത്രത്തിൽ കാണാനാകും.
