ഉമർ, ഖിലാഫത്ത് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. വിഷാദവിഷണ്ണനായി കരയുന്ന ഉമറിനെയാണ് ഭാര്യ വീട്ടിൽ കാണുന്നത്.
"എന്തിനാണ് കരയുന്നത്? എന്തെങ്കിലും സംഭവിച്ചോ?"
അദ്ദേഹം പറഞ്ഞു: "മുഹമ്മദ്നബിയുടെ ഉമ്മത്തിന്റെ കാര്യങ്ങൾ ഞാൻ ഏറ്റെടുത്തിരിക്കുന്നു. ദരിദ്രരാരയ, വിശക്കുന്ന, രോഗിയായ, എല്ലാം നഷ്ടപ്പെട്ട, ഉടുക്കാൻ വസ്ത്രമില്ലാത്ത, യാത്രക്കാരായ മനുഷ്യരെക്കുറിച്ച് ഞാൻ ചിന്തിച്ചു. അടിച്ചമർത്തപ്പെട്ടവനും, അക്രമിക്കപ്പെട്ടവരും, അപരിചിതരും, തടവുകാരും, വൃദ്ധരും, വിധവകളും...!!! ഇവരെക്കുറിച്ചെല്ലാം ഇനി എന്റെ അല്ലാഹു എന്നോട് ചോദിക്കില്ലേ..?" ഇതായിരുന്നു അധികാരം ലഭിച്ച ഉമറിനെ കരയിച്ചത്.
അഞ്ചാംഖലീഫ എന്ന പേരിലറിയപ്പെടുന്ന ഉമർ ബ്നു അബ്ദിൽ അസീസിലേക്ക് പെട്ടെന്നായിരുന്നു ഖിലാഫത്ത് വിവരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനായിരുന്നു അതുവരെ ഭരണാധികാരി. ഭരണാധികാരി മരിച്ചപ്പോൾ ഒരാളെ പകരം തിരഞ്ഞെടുക്കണം. അന്ന് വെള്ളിയാഴ്ചയായതിനാൽ ജനങ്ങളൊക്കെ പള്ളിയിൽ ഒരുമിച്ചുകൂടി. എല്ലാവരും അഭിപ്രായപ്പെട്ടത് ഉമർബ്നു അബ്ദിൽ അസീസിനെയായിരുന്നു.
ഇതുകേട്ടപ്പോൾ അദ്ദേഹം പൊട്ടിക്കരയാൻ തുടങ്ങി. ശരീരമാസകലം വിറക്കുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ വിഷമിച്ചപ്പോൾ അക്കാലത്തെ പണ്ഡിതരും നേതാക്കളും അദ്ദേഹത്തെ പിടിച്ച് പള്ളിയുടെ മിമ്പറിൽ കൊണ്ടുവരികയും നിർബന്ധപൂർവം ഖലീഫയാക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹം കരഞ്ഞുകൊണ്ടാണ് തന്റെ ആദ്യപ്രസംഗം നടത്തിയത്. തന്നെ ഈ ഉത്തരവാദിത്വത്തിൽനിന്ന് മാറ്റണമെന്ന് അദ്ദേഹം പല പ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും ഒരാളും അനുസരിച്ചില്ല.
ഇങ്ങനെ സച്ചരിതരായ എത്രയെത്ര ആളുകളുടെ കഥ പറയാനുണ്ട് ഇസ്ലാമികചരിത്രത്തിന്. ഖാളി സ്ഥാനം ഏൽപ്പിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് നാട് വിട്ട പണ്ഡിതർ, ഏറ്റെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ജയിലിൽ പോലും കഴിഞ്ഞവർ… പട്ടിക നീണ്ടതാണ്.
എന്താണ് ഇതെല്ലം പറഞ്ഞുതരുന്നത്?. ഒന്ന് മാത്രം - അഥവാ ഇസ്ലാം പ്രകാരം അധികാരം ഒരു ആനന്ദമോ സന്തോഷദായകമായ സംഗതിയോ അല്ല. അതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. നൂറ്കണക്കിന് സ്ഥലങ്ങളിൽ നബി ഇത് അടിവരയിട്ട് പറയുന്നുണ്ട്: ''അറിയുക! നിങ്ങളെല്ലാവരും ഭരണകർത്താക്കളാണ്; ഓരോരുത്തരോടും തന്റെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. ജനങ്ങളുടെ മൊത്തം ഭരണകർത്താവായ ഇമാം തന്റെ പ്രജകളുടെ കാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടും. പുരുഷൻ തന്റെ വീട്ടിലെ ഭരണകർത്താവാണ്. തന്റെ ഭരണീയരെക്കുറിച്ച് തീർച്ചയായും അവൻ ചോദ്യം ചെയ്യപ്പെടും...അറിയണം! നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്. തീർച്ചയായും നിങ്ങളോട് അത് ചോദിക്കുക തന്നെ ചെയ്യും'' (ബുഖാരി :7138 ). അധികാരം എന്നത് കേവല ഉത്തരവാദിത്വമല്ലെന്നും ഓരോ കാര്യവും ചോദ്യം ചെയ്യപ്പെടുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അതികഠിനമായ ഉത്തരവാദിത്വമാണെന്നും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു. സൃഷ്ടികളുടെ മുന്നിലുള്ള ഓഡിറ്റിംഗ് അല്ല; സ്രഷ്ടാവിന്റെ മുമ്പിലുള്ള ഓഡിറ്റിംഗാണ് അധികാരികൾക്ക് വരാനിരിക്കുന്നത് എന്നത് ഉത്തരവാദിത്വത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു. ഇതാണ് മഹാന്മാരെ കരയിച്ചത്.
ആധുനിക രാഷ്ട്രീയപ്രവർത്തനം പോലെയല്ല ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ഇപ്പോൾ തന്നെ വ്യക്തമായല്ലോ. ഇസ്ലാം പറയുന്നത് പ്രകാരം ഖിലാഫത്ത്, ചോദിക്കുന്നവർക്ക് നൽകുന്നതോ, ചോദിക്കാനോ പാടില്ല. മതം ഇത് രണ്ടും കർശനമായി വിലക്കിയിരിക്കുന്നു. ഇമാംമുസ്ലിം, തന്റെ ‘സ്വഹീഹ് മുസ്ലിം’ എന്ന ഗ്രന്ഥത്തിൽ ഒരു അദ്ധ്യായം തന്നെ ഇങ്ങനെ കൊണ്ട് വന്നിട്ടുണ്ട്. ‘'ഖിലാഫത്ത് ചോദിക്കുന്നതും അത് ആഗ്രഹിക്കുന്നതും വിലക്കുന്ന അദ്ധ്യായം’' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രസ്തുത അദ്ധ്യായത്തിൽ ധാരാളം തിരുവചനങ്ങൾ മഹാൻ ഉദ്ധരിക്കുന്നു. ചിലത് ഇങ്ങനെ വായിക്കാം: ''ഓ അബ്ദുറഹ്മാൻ, നീ ഒരിക്കലും ഖിലാഫത്തിനെ ചോദിക്കരുത്. ചോദിച്ചിട്ടാണ് നിനക്ക് നൽകപ്പെടുന്നതെങ്കിൽ തീർച്ചയായും നിനക്കത് ഭാരമായിത്തീരും. ചോദിക്കാതെയാണ് നിനക്കത് നൽകപ്പെടുന്നതെങ്കിൽ തീർച്ചയായും നിനക്കതിൽ സഹായം ലഭിക്കും'' (മുസ്ലിം : 4692).
മറ്റൊരു തിരുവചനം ഇങ്ങനെ: ''അല്ലാഹുവാണ് സത്യം; നിശ്ചയം നമ്മൾ ജനങ്ങളുടെ കാര്യങ്ങൾ നോക്കുന്ന ഈ ജോലി, ചോദിക്കുന്ന ഓരാൾക്കും നൽകില്ല. അത് ആഗ്രഹിക്കുന്ന ഒരാൾക്കും നൽകില്ല' (മുസ്ലിം 4694 ). മറ്റൊരു ഹദീസിൽ അബൂദർ എന്ന ശിഷ്യനോട് തിരുനബി ഇങ്ങനെ പറയുന്നു.'ഓ അബൂദർ! നിശ്ചയമായും നിങ്ങളൊരു ബലഹീനനാണ്. ഭരണം വലിയൊരു ഉത്തരവാദിത്വവുമാണ്. തീർച്ചയായും ഭരണം ഖിയാമത്ത്നാളിൽ നിന്ദ്യതയും ഖേദവുമാണ്- അതിന്റെ മുറപോലെ നിർവ്വഹിക്കാത്തവർക്കും വേണ്ടത് പോലെ ചെയ്യാത്തവർക്കും'' (മുസ്ലിം 4696 ).
ഇമാം നവവി ഈ തിരുവചനങ്ങളെ വിശദീകരിച്ച് ഇസ്ലാമിന്റെ അടിസ്ഥാനനയങ്ങളെ ഇങ്ങനെ പ്രതിപാദിക്കുന്നു: ''അധികാരങ്ങളെ പരമാവധി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന ഇസ്ലാമിന്റെ അടിസ്ഥാനതത്വമാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. പ്രത്യേകിച്ചും ഉത്തരവാദിത്വനിർവ്വഹണം വേണ്ടത് പോലെ ചെയ്യാൻ കഴിയാത്തവർക്ക്. പാരത്രികലോകത്ത് നിന്ദ്യതയും ഖേദവുമുണ്ടെന്ന് പറഞ്ഞത് യോഗ്യതയില്ലാതെ അധികാരമേൽക്കുന്നവരെക്കുറിച്ചാണ്. പിന്നെ യോഗ്യതയുണ്ടായിട്ടും നീതി നടപ്പാക്കാത്തവരെക്കുറിച്ചും. അല്ലാഹു അത്തരക്കാരെ അന്ത്യനാളിൽ നാണംകെടുത്തുകയും വഷളാക്കുകയും ചെയ്യും. അവർ ചെയ്ത അതിക്രമം നിമിത്തം അങ്ങേയറ്റത്തെ ഖേദം വരും. അതേസമയം യോഗ്യരായിരിക്കുകയും പൂർണ്ണമായും നീതിയോട് കൂടി ഭരിക്കുകയും ചെയ്യുന്നവർക്ക് വൻ പ്രതിഫലവുമുണ്ട്. ധാരാളം തിരുവചനങ്ങളിൽ അക്കാര്യവും പറഞ്ഞിട്ടുണ്ട്. മുസ്ലിം ലോകത്തിന്റെ ഏകാഭിപ്രായമുണ്ട് ഈ വിഷയത്തിൽ. അങ്ങനെയൊക്കെയാണെങ്കിലും അധികാരത്തിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്നതിനാൽ തിരുനബി ശക്തമായി താക്കീത് ചെയ്യുകയായിരുന്നു. ഇപ്രകാരം പണ്ഡിതന്മാരും താക്കീത് ചെയ്തിട്ടുണ്ട്. ആദ്യകാലപണ്ഡിതരിൽപെട്ട ധാരാളം ആളുകൾ അധികാരം വെടിയുകയാണ് ചെയ്തത്. അധികാരം വേണ്ടെന്ന് വെച്ചതിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകളൊക്കെ പൂർണ്ണമായും ക്ഷമിക്കാൻ അവർ തയ്യാറാവുകയും ചെയ്തു'' (ശറഹ് മുസ്ലിം : 3931).
കഴിഞ്ഞ കാല മുസ്ലിംലോകത്തിന്റെ പൊതുസ്വഭാവമാണ് ഇമാം നവവി ഇവിടെ വിശദീകരിച്ചത് - പ്രത്യേകിച്ചും പണ്ഡിതരുടെ. അധികാരമെന്ന് കേൾക്കുമ്പോഴേക്കും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രവണതയല്ലായിരുന്നു ഉണ്ടായിരുന്നത്. മറിച്ച് അതൊഴിവാക്കാനായിരുന്നു മത്സരങ്ങൾ. ഉത്തരവാദിത്വം കനപ്പെട്ടതാണെന്നും അല്ലാഹുവിന്റെ മുമ്പിൽ ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ഉറച്ച വിശ്വാസം കൊണ്ട് മാത്രമായിരുന്നു ഈ നിലപാട്. നൂറ്കണക്കിന് ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്ന് ഇത്തരത്തിൽ ലഭിക്കും. ചോദിക്കുന്നവർക്ക് കൊടുത്ത ശീലമോ യോഗ്യരായവർ ചോദിച്ച ശീലമോ മുസ്ലിംലോകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. കാരണം ഉത്തരവാദിത്വനിർവ്വഹണത്തിന് അല്ലാഹുവിന്റെ പ്രത്യേകമായ സഹായം നിർബന്ധമാണ്. ഈ സഹായം ചോദിക്കുന്നവർക്കും ആഗ്രഹിക്കുന്നവർക്കും ലഭിക്കില്ലെന്ന് യോഗ്യതകൾ ഒത്തിണങ്ങിയ ഖലീഫമാർ ഉറച്ച് വിശ്വസിച്ചു. ഇമാം നവവി തന്നെ പറയുന്നു. ‘’അധികാരം ചോദിക്കുന്നവർക്ക് അത് നൽകില്ലെന്ന് പറയാനുള്ള യുക്തി അവനൊരിക്കലും അല്ലാഹുവിന്റെ സഹായം ലഭിക്കില്ലെന്ന കാരണത്താലാണ്. അല്ലാഹുവിന്റെ സഹായമില്ലെങ്കിലോ, അവനൊരിക്കലും അതിന് പറ്റിയവനാകില്ല. പറ്റാത്തവനെ അധികാരം ഏൽപ്പിക്കുകയും ചെയ്യരുത്. കൂടാതെ ചോദിക്കുന്നവനെക്കുറിച്ചും ആഗ്രഹിക്കുന്നവനെക്കുറിച്ചും തെറ്റിദ്ധാരണക്കും വകയുണ്ട്'' (ശർഹു മുസ്ലിം : 3926).
മേൽപ്പറഞ്ഞ തിരുവചനം വിശദീകരിച്ച് ഇമാം അസ്ഖലാനി എഴുതുന്നത് കൂടുതൽ ഗൗരവതരമാണ്. ''ഓരോ പ്രായപൂർത്തിയും ബുദ്ധിയുമുള്ള വ്യക്തിയും തന്റെ അധികാരപരിധിയിലുള്ള ഓരോരുത്തരുടെയും വീഴ്ചകളുടെ പേരിൽ പിടികൂടുക തന്നെ ചെയ്യുമെന്ന് ഈ തിരുവചനത്തിൽ നിന്ന് മനസ്സിലാക്കാം''(ഫത്ഹുൽ ബാരി 23 / 230 ). ഇമാം അസ്ഖലാനി തന്നെ പറയുന്നു: “ഇഹലോകവും പരലോകവും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ ബുദ്ധിമാൻ ഒരിക്കലും അധികാരം ചോദിക്കാൻ പോകില്ല. എന്നാൽ അവൻ യോഗ്യനായിരിക്കുകയും ചോദിക്കാതെ ഏല്പിക്കപ്പെടുകയും ചെയ്താൽ അല്ലാഹുവിന്റെ സഹായം, അല്ലാഹു തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നു. അപ്പോൾ അതൊരു വലിയ അനുഹ്രഹവുമാണ്'' (ഫത്ഹുൽ ബാരി 23 /253 ). അതുകൊണ്ടുതന്നെ, ഖിലാഫത്ത് ഒരു ആരാധനയാണ്. ജനങ്ങളുടെ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്ന ആരാധന. അത് ഇസ്ലാമിൽ വളരെ പുണ്യമുള്ളതാണല്ലോ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെകിലും അധികാരം ആഗ്രഹിക്കുന്നവർ മുസ്ലിംലോകത്ത് വരുമെന്ന് തിരുനബി തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രസിദ്ധ തിരുവചനനിവേദകനായ ഇമാം ബുഖാരി പറയുന്നു:.''നിശ്ചയം നിങ്ങൾ ഇമാറത്തിനെ (അധികാരം) ആഗ്രഹിക്കുകതന്നെ ചെയ്യും, പക്ഷെ അത് അന്ത്യനാളിൽ വളരെ ഖേദകരമായി മാറും. മരണത്തിന് മുമ്പ് സന്തോഷകരം. മരണത്തിന് ശേഷമോ മഹാ കഷ്ടവും’’ (ബുഖാരി : 7148). ഈ തിരുവചനം വിശദീകരിക്കവെ, ഇമാം അസ്ഖലാനി രണ്ട് തിരുവചനങ്ങൾ കൂടി ഉദ്ധരിക്കുന്നു. അവ ഇപ്രകാരമാണ്. ''ഖിലാഫത്തിന്റെ ആദ്യം അത്യധികം ഖേദകരമാണ്, മധ്യം നഷ്ടവുമാണ്, അവാസാനം പരലോകത്ത് ശിക്ഷയുമാണ് (ത്വബ്റാനി 7186 ). ''ഖിലാഫത്തിന്റെ ആദ്യം ആക്ഷേപമാണ്, പിന്നീട് ഖേദമാണ്, പിന്നീട് ശക്തമായ പരലോക ശിക്ഷയുമാണ്'' (ബസ്സാർ 2756 ). ശേഷം അസ്ഖലാനി തന്നെ എഴുതുന്നു. ''അധികാരത്തോടുള്ള കൊതിയായിരുന്നു ജനങ്ങൾക്കിടയിൽ സംഘട്ടനങ്ങളുണ്ടാവാനുള്ള കാരണം. ധാരളം രക്തം ഒഴുകി, സമ്പത്തുകൾ കൊള്ളയടിക്കപ്പെട്ടു, സ്ത്രീകളെ ഇരകളാക്കി. ഇങ്ങനെ ഭൂമിയിൽ അധികാരക്കൊതി നിമിത്തം മഹാനഷ്ട്ടങ്ങളാണ് സംഭവിച്ചത്''. (ഫത്ഹുൽ ബാരി 23 /257). ഇന്നും ഈ പറയുന്നത് വളരെ യാഥാർത്ഥ്യമായി നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് നേര്.
ഇപ്പറഞ്ഞതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് ഖിലാഫത്ത് അഥവാ അധികാരം വളരെ പ്രയാസമുള്ളതാണെന്നും സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ്. ഖിലാഫത്തിന്റെ നിയമങ്ങൾ ഇസ്ലാം പൂർണ്ണമായും പറഞ്ഞിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ അതിനെ ആധുനിക അധികാരരാഷ്ട്രീയത്തോട് ഏച്ചുകെട്ടുന്ന രീതി ഒരിക്കലും ശരിയല്ല. അത് ചോദിച്ചു വാങ്ങുന്നതോ ചോദിക്കുന്നവർക്ക് നൽകപ്പെടുന്നതോ അല്ല.
നൽകപ്പെടുന്നവരൊക്കെ ഒഴിഞ്ഞു മാറിയ ശ്രമങ്ങൾ ധാരാളമാണ്. ഇതിന്റെ പേരിൽ വർഷങ്ങളോളം കാരാഗ്രഹത്തിൽ ജീവിക്കുകയും വധശിക്ഷ വരെ കാത്ത് കഴിയുകയും ചെയ്തു പലരും. എന്നാൽ ഒരു ദാരുണമായ വസ്തുത, ആധുനികലോകത്തിന് അധികാരത്തിന് വേണ്ടിയുള്ള നെട്ടോട്ടം കണ്ടേ പരിചയമുള്ളൂവെന്നതാണ്. അധികാരത്തിന് വേണ്ടി അടിപിടിയും യുദ്ധങ്ങൾവരെയും നാം കാണുന്നു. സ്ഥാനാർത്ഥിയാവാനുള്ള നാണംകെട്ട ശ്രമങ്ങൾ, സ്ഥാനാർത്ഥിയായാലുള്ള സന്തോഷപ്രകടനങ്ങൾ - ഇതെല്ലം പൂർണ്ണമായും ഇസ്ലാംവിരുദ്ധമാണ്. എന്നിരിക്കെ ഇപ്പോഴും ഖലീഫയാവാൻ ആഗ്രഹിക്കുന്നവരുണ്ട് എന്നത് ഇസ്ലാമിനെക്കുറിച്ചുള്ള അജ്ഞത മാത്രമാണ്. ഒരു യഥാർത്ഥ ഖലീഫ ഒരിക്കലും അത് മനസ്സ് കൊണ്ട് ആഗ്രഹിക്കുകയേ ഇല്ല. ഇന്ന് പലരും സ്വയംപ്രഖ്യാപിത ഖലീഫാകളാവുകയാണ്. അതിന് വേണ്ടി ആയിരങ്ങളെ കൊന്നൊടുക്കുകയാണ്. ഇത് പൂർണ്ണമായും ഇസ്ലാംവിരുദ്ധമാണെന്ന് ഇനിയും പറയേണ്ടതില്ലല്ലോ. ഖലീഫയുടെ യോഗ്യതകളെ വിശദമായി മനസ്സിലാക്കിയാൽ ഇത്തരം സ്വയംപ്രഖ്യാപിത ഖലീഫമാരുടെ ഇസ്ലാംവിരുദ്ധത കൂടുതൽ വ്യക്തമാവും.
