രണ്ടാംഖലീഫ ഉമർ ഭരണംനടത്തുന്ന കാലം. സദസ്സിൽ ധാരാളമാളുകളുണ്ട്. പണ്ഡിതരും സൈനിക നേതാക്കളും തിരുനബിയുടെ അനുചരരും - അങ്ങനെ പലരും. അപ്പോഴാണ് ഒരാൾ കടന്നുവരുന്നത്. അദ്ദേഹം അല്പംശബ്ദത്തിൽ എന്തോ പറയുന്നുണ്ട്. ഗൗരവത്തിലാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്-
“ഓ ഉമർ, നിങ്ങൾ അല്ലാഹുവിനെ ഭയക്കണം..!’’. അയാളുടെ ശബ്ദം എല്ലാവരും കേട്ടു.
ഖലീഫയുടെ സന്നിധിയിൽ ഒരുമിച്ചുകൂടിയവരെല്ലാം പരിഭ്രാന്തരും വിഷണ്ണരുമായി. മുസ്ലിംകളുടെ മൊത്തം നേതാവിനോട് ഇങ്ങനെ പറയുകയോ? അവർക്കത് സഹിച്ചില്ല. അവർ അദ്ദേഹത്തെ തിരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഖലീഫ ഉമർ, കൂടിയിരിക്കുന്നവരെയാണ് തിരുത്തിയത്. ‘‘ഇതിലേറെ നല്ലൊരു ഉപദേശം ആർക്കാണ് തരാനാവുക?’’- ഖലീഫ ചോദിച്ചു.
ഇസ്ലാമികഭരണാധികാരികളുടെയും ഖലീഫമാരുടെയും ദർബാറുകളിൽ ഇങ്ങനെ നൂറുകൂട്ടം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്നാംഖലീഫ അബൂബക്കറും രണ്ടാംഖലീഫ ഉമറും, എല്ലാവരും ഉത്തരവാദിത്വമേൽക്കുമ്പോൾ ജനങ്ങളെ അഭിസംബോധനചെയ്തു പറയും: “ എന്റെ ഭാഗത്ത് നിന്ന് വല്ലതെറ്റും സംഭവിച്ചാൽ തീർച്ചയായും നിങ്ങളത് തിരുത്തിത്തരണം.”: ചരിത്രത്തിൽ പലപ്പോഴും ഈ തിരുത്തലുകൾ നടന്നിട്ടുമുണ്ട്.
ഇസ്ലാമികഭരണത്തിലും നാട്ടിലും സമൂഹത്തിലുമുള്ള ആവിഷ്കാര സ്വാതന്ത്ര്യം എത്രത്തോളം എന്നതിന് ചെറിയൊരു മറുപടിയാണിത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ പത്തൊമ്പതാം ആർട്ടിക്കിൾ പ്രകാരം എല്ലാ മനുഷ്യർക്കും ആവിഷ്കാരസ്വാതന്ത്ര്യം നൽകുന്നുണ്ട്.
ഇസ്ലാമും പ്രവാചകരും മനുഷ്യന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പൂർണമായും എടുത്ത് പറയുകയും അവയുടെ സംസ്ഥാപനം സാധ്യമാക്കുകയും ചെയ്തു. എത്ര മഹത്തരമാണത്! കാരണം ഇത് 1400 വർഷം മുമ്പ് പ്രഖ്യാപിച്ച ഒരു നേതാവ് ലോകത്ത് കഴിഞ്ഞുപോയല്ലോ...!
ചിന്തിക്കണം, അതിനനുസരിച്ച് നല്ലത് സംസാരിക്കണം എന്നതാണ് എപ്പോഴും ഖുർആനും തിരുവചനങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. വായിക്കണം എന്ന കല്പനയോടുകൂടി പ്രബോധനം തുടങ്ങിയ ഒരു മതമാണിസ്ലാം. വായിച്ചാലേ ചിന്തകൾ ആവിർഭവിക്കൂ എന്നും വായിച്ചവനുമാത്രമേ ഈ മതത്തിന്റെ അന്ത:സത്ത ഉൾകൊള്ളാൻ കഴിയൂ എന്നുമാണതിനർത്ഥം. തിരുപ്രവാചകർക്കും ലോകത്തെ ഓരോ മനുഷ്യനും വായിക്കാനും ചിന്തിക്കാനുമാണിഷ്ടം. അതിനുവേണ്ടിയാണ് തിരുനബി തുടക്കം മുതൽ ഒടുക്കം വരെ ശബ്ദിച്ചത്. ചിന്തിച്ച് ചിന്തിച്ച് ഈ മതത്തെ മനസ്സിലാക്കാനാണ് അവിടുന്ന് ആഹ്വാനം നൽകിയത്. ചിന്തകളിലൂടെ അല്ലാഹുവിനെ കണ്ടെത്തുകയും മതത്തിന്റെ സത്യസന്ധത ബോധ്യപ്പെടുകയും ചെയ്യുമ്പോഴേ ചിന്താശക്തിയുള്ള ഒരാളുടെ വിശ്വാസം തന്നെ പൂർണമാകുന്നുള്ളൂ. ആരോ പറഞ്ഞതിനെ അന്ധമായി വിശ്വസിക്കാനും അങ്ങനെ ഏകദൈവ വിശ്വാസിയാകാനും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, ചിന്തിക്കാൻ കഴിവും പക്വതയുമുള്ളവർ ചിന്തകളെ വിനിയോഗിച്ചേ പറ്റൂവെന്നതാണ് പണ്ഡിതപക്ഷം.
ചിന്തിക്കുന്ന മനുഷ്യന്റെ ചിന്തകളെ കെട്ടിപ്പൂട്ടിവെക്കാനും ഇസ്ലാമിൽ നിർദ്ദേശമില്ല. പ്രത്യുത ഒരാൾ വിശ്വാസിയാകണമെങ്കിൽ തന്റെ ചിന്ത നിമിത്തം ലഭിച്ച വസ്തുതകളെ അവൻ നാവുകൊണ്ട് പറഞ്ഞേ പറ്റൂ.
എന്നാൽ ഇവിടെ ലോകത്ത് ഇപ്പോഴുള്ള മനുഷ്യാവകാശപ്രഖ്യാപനങ്ങളുമായി ഇസ്ലാം ചെറിയ തോതിൽ വിയോജിക്കുന്നുണ്ട്. ആർക്കും എന്തും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പറയാമെന്ന കാഴ്ചപ്പാട് ഇസ്ലാം അംഗീകരിക്കുന്നില്ല. മറ്റുള്ളവരുടെ അഭിമാനത്തിനു ചെറിയൊരു ക്ഷതം പോലും അവിഹിതമായി സംഭവിക്കരുതെന്ന നിർബന്ധം ഇസ്ലാമിനുണ്ട്. ഇത് പത്രപ്രവർത്തന രംഗത്തായാലും അങ്ങനെതന്നെ. പത്രപ്രവർത്തനം അഥവാ ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ എത്തിച്ചുകൊടുക്കുക ഇസ്ലാമിൽ വളരെ പുണ്യമുള്ള ചെയ്തിയാണ്. പക്ഷേ ഒരാളുടെ ആവശ്യത്തെ നിർവഹിക്കേണ്ടത് മറ്റൊരാളുടെ അഭിമാനത്തിന് ക്ഷതമേല്പിച്ചാവരുതെന്ന വാശി ഇസ്ലാം എന്നും സൂക്ഷിച്ചു. പ്രവാചകരുടെ അറഫാപ്രഭാഷണം അവസാനിക്കുന്നത് തന്നെ 'ഇവിടെ ഹാജരുള്ളവർ ഇല്ലാത്തവർക്ക് എത്തിക്കണം' എന്ന മഹത്തായൊരു കല്പനയോടെയാണ്. ഇതുതന്നെയാണ് ആധുനിക മീഡിയകളുടെയും ധർമം. ഇവിടെ കൂട്ടിവായിക്കണ്ടത് 'നിങ്ങളുടെ രക്തവും അഭിമാനവും ഈ മാസം, ദിവസം, സ്ഥലം എന്നിവ പ്രധാനമായതുപോലെ പ്രധാനമാണ്' എന്ന പ്രഭാഷണത്തിന്റെ ആദ്യഭാഗമാണ്. അഥവാ ജനങ്ങൾക്ക് കാര്യങ്ങൾ എത്തിച്ചുകൊടുക്കേണ്ടത് മറ്റുള്ളവരുടെ ന്യൂനതകളോ മാനഹാനി വരുത്തുന്ന സംഗതികളോ ആവരുത്.
ഇസ്ലാമിൽ 'മഖാസിദു ശരീഅഃ' എന്ന വിജ്ഞാനശാഖ സംസാരിക്കുന്നത് പ്രധാനമായും മനുഷ്യന്റെ അഭിമാനസംരക്ഷണത്തെക്കുറിച്ചാണ്. മതം അനുശാസിക്കുന്ന ഒരു നിയമവും ഒരു മനുഷ്യന്റെയും അഭിമാനം അവിഹിതമായി ഹനിക്കുന്നതാവരുത്. ഇത് കോടതിയിലും പോലീസ് സ്റ്റേഷനിലും ജയിലിൽ വരെയും അങ്ങനെതന്നെയാണ്. (എന്നാൽ അഭിമാനത്തിന്റെ പേരിൽ കൊടുംകുറ്റവാളികളുടെ സർവവിധ സ്വകാര്യതയും മാനിക്കണമെന്നും ഇസ്ലാം പറയുന്നില്ല. ചില പ്രത്യേക കടുംകുറ്റങ്ങളിൽ മാത്രമാണിത്).
മനുഷ്യന് പരിധിവിട്ടസ്വാന്തന്ത്ര്യം അനുവദിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുമ്പോൾ ഒരു മുസ്ലിം വളരെയേറെ ശ്രദ്ധിക്കണം. അത് മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതമേല്പിക്കുന്നതാവരുത്. സ്വന്തം അഭിമാനം കളയുന്നതുമാവരുത്. ഇത്തരം നിയമങ്ങളൊക്കെ ഒന്നര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പറയാനും ഓരോ മനുഷ്യനും അനുവദിച്ചു നൽകാനും ഇസ്ലാം മാത്രമാണുണ്ടായിരുന്നത്. ഓരോ മുസ്ലിമും ഇന്നും എന്നും ഇത് അനുസരിക്കുകയും വേണം.
ഇതിനർത്ഥം തെറ്റുകളെ പൊറുക്കണമെന്നല്ല. എല്ലാ തെറ്റുകളും വിളിച്ചുകൂവണമെന്നുമല്ല. ഏറ്റവും വലിയ ജിഹാദ് (ധർമസമരം) അക്രമകാരിയായ ഭരണാധികാരിയുടെസന്നിധിയിൽ നീതിക്കുവേണ്ടിയുള്ള ശബ്ദമാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു.
നല്ലത് കല്പിക്കാനും തിന്മയെ അവസാനശ്വാസംവരെ വിരോധിക്കാനും തിരുനബി പഠിപ്പിച്ചു. കൈകൊണ്ട്, അതിനു കഴിയില്ലെങ്കിൽ നാവുകൊണ്ട്, അതിനും കഴിയില്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും തിന്മയെ വെറുക്കുകയും തടയുകയും ചെയ്യണമെന്നാണ് അവിടുത്തെ നിർദേശം.
ആശയപരമായി അഭിപ്രായ വ്യത്യാസമുള്ളവരോട് നല്ല നിലയിൽ സംവാദങ്ങളിലേർപ്പെടാൻ ഖുർആൻ പല തവണ വിശ്വാസികളോട് നിർദേശം നൽകി. ഭരണാധികാരി പോലും ഓരോ വിഷയവും ജനങ്ങളോടോ അവരുടെ പ്രധിനിധികളോടോ ചർച്ച ചെയ്തേ തീരുമാനിക്കാവൂ എന്നും ഖുർആൻ പറഞ്ഞു. അഥവാ ജനങ്ങളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുത്തേ പറ്റൂ. ഇസ്ലാമിലെ ഖലീഫമാരെ ജനങ്ങൾ പലതവണ ഇങ്ങനെ ചോദ്യങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ. അതേസമയം എല്ലാ സ്വാതന്ത്ര്യങ്ങൾക്കും പരിമിതിയുണ്ട്. ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രരായി എന്നതിനർത്ഥം ഇനി ഒരുനിയമവും അവർക്ക് ബാധകമല്ല എന്നല്ലല്ലോ. അതേപ്രകാരം തന്നെയാണ് ആവിഷ്കാരത്തിലുള്ള സ്വാതന്ത്ര്യവും. ഒരാൾക്ക് അനുവദിച്ച ഈ അവകാശം/ സ്വാതന്ത്ര്യം മറ്റൊരാളുടെ - അത് ആണായാലും പെണ്ണായാലും - അഭിമാനത്തിന് കേടുവരുത്തുന്നതാവരുത്. ആധുനികലോകം ശ്രദ്ധിച്ചുകേൾക്കേണ്ട അവകാശപ്രഖ്യാപനമാണിത്.
മനുഷ്യന്റെ ജീവിക്കാനുള്ളഅവകാശത്തോട് ചേർത്തുവെച്ചാണ് അവന്റെ അഭിമാനത്തെ സംരക്ഷിക്കാൻ തിരുനബി ആഹ്വാനം നൽകുന്നത്. അഥവാ കേവലജീവിതമല്ല മാന്യമായ ജീവിതമാണ് വേണ്ടത്. മാന്യമായ ജീവിതം ഓരോരുത്തരുടെയും ജന്മാവകാശമാണെന്നും അതൊരിക്കലും നശിപ്പിക്കരുതെന്നുമാണ് പ്രവാചകർ ലോകത്തോട് എപ്പോഴും പ്രഖ്യാപിച്ചത്.
ഇസ്ലാമികവ്യവസ്ഥിതിയിൽ ഓരോ മനുഷ്യന്റെയും അഭിമാനവും മാന്യതയും സംരക്ഷിക്കാനുള്ള മുഴുവൻകാര്യങ്ങളും പ്രവാചകർ പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിലെ ആരാധനകൾപോലും മനുഷ്യന്റെ ഈ മാന്യത സംരക്ഷിക്കാൻ വേണ്ടിയാണ്. പല വിധിവിലക്കുകളും ഇസ്ലാം ആവിഷ്കരിച്ചതും ഇതിനു വേണ്ടിയായിരുന്നു. മനുഷ്യന്റെ അഭിമാനസംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ ഇസ്ലാം നിർദേശം നൽകി.
സാമൂഹ്യജീവിതത്തിൽ അതുകൊണ്ടുതന്നെ ധാരാളം പെരുമാറ്റ ചട്ടങ്ങൾ ഇസ്ലാം ആവിഷ്കരിച്ചു. അന്യരുടെയും സ്വന്തത്തിന്റെയും കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോട് പറയുന്നത് ഇസ്ലാം പൂർണമായും വിലക്കി. അന്യരുടെ കുറ്റം പറയുന്നതും സ്വന്തം കുറവുകൾ മറ്റുള്ളവരോട് പറയുന്നതും മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്പിക്കുന്നതാണെന്ന വസ്തുതയാണ് ഇതിനുപിന്നിൽ.
ഏഷണി, പരദൂഷണം, അസൂയ തുടങ്ങിയവയൊക്കെ നിരോധിച്ചുകൊണ്ടുള്ള നൂറുകണക്കിന് വചനങ്ങളുണ്ട്. ഇവയെല്ലാം മനുഷ്യന്റെ അഭിമാനം സംരക്ഷിക്കാനായിരുന്നു. പരദൂഷണം പറയുന്നത് മനുഷ്യന്റെ പച്ച മാംസം ഭക്ഷിക്കുന്നതിനോടാണ് ഖുർആൻ ഉപമിച്ചത്. ഇവയെല്ലാം പറയുന്നതുപോലെ കേൾക്കുന്നവർക്കും ഇസ്ലാം വിധിച്ചു. കാരണം മനുഷ്യന്റെ അഭിമാനം വലുതാണ് - പറഞ്ഞാലും കേട്ടാലും ശരി. പരസ്പരം ചാരപ്രവർത്തനം നടത്തുന്നതും കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കുന്നതും ഇസ്ലാം വിലക്കി. പരസ്പരം ദേഷ്യപ്പെടുന്നതും കുറവുകൾ കണ്ടെത്തുന്നതും പൂർണമായും നിരോധിച്ചു. പരസ്പരം പരിഹസിക്കാൻ പാടില്ലെന്നും നിസ്സാരമാക്കി കാണരുതെന്നും പറഞ്ഞു. മറ്റുള്ളവരിൽ തെറ്റുണ്ടെന്ന് പൂർണമായും ബോധ്യപ്പെട്ടാൽപോലും ചില പ്രത്യേക ആവശ്യങ്ങൾക്കല്ലാതെ മറ്റാരോടും പറയരുതെന്ന് ഇസ്ലാം കണിശമായി നിഷ്കർഷിച്ചു. നൂറുകണക്കിന് ഖുർആൻ വചനങ്ങളിലും ആയിരക്കണക്കിന് പ്രവാചകാധ്യാപനങ്ങളിലും ഇതുണ്ട്. ഇവയെല്ലാം സമൂഹത്തിനു നൽകുന്ന സന്ദേശം മനുഷ്യന്റെ അഭിമാനവും മാന്യതയും കാക്കണമെന്നു തന്നെയാണ്.
മനുഷ്യന്റെ അഭിമാനം നശിപ്പിക്കുന്നവർക്ക് ഇസ്ലാമികകോടതിയിൽ ശക്തമായ ശിക്ഷയും നൽകണമെന്ന് ഇസ്ലാം ശഠിച്ചു. ആരുടേയെങ്കിലും മാനം നശിപ്പിച്ചാൽ മാനനഷ്ടക്കേസ് കൊടുക്കാമെന്ന് ഇസ്ലാം വിധിച്ചു. നാലുപേർ നേരിട്ടുകാണാതെയും ഈ നാലുപേർ കോടതിയിൽ തങ്ങളുടെ കണ്ണുകൊണ്ട് കണ്ടുവെന്ന് പറയാതെയും ഒരാൾ മറ്റൊരാളെ വ്യഭിചാരാരോപണം നടത്തിയാൽ ആരോപണം ഉന്നയിച്ചവർക്ക് എൺപത് അടിയടിക്കണമെന്നാണ് ഇസ്ലാം കല്പിച്ചത്. കാരണം ശക്തമായ തെളിവുകളില്ലാതെ ഒരാളെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയരുത്. തെളിവുണ്ടെങ്കിൽ പോലും അതും പറയേണ്ടത് കോടതിയിൽ മാത്രമാണ്.
മാനനഷ്ടക്കേസ് എന്ന സംവിധാനം തന്നെ ഇസ്ലാമേതര ലോകത്ത് നിലവിൽ വന്നത് ഈയടുത്താണ്. ഇപ്പോഴും എല്ലാ രാഷ്ട്രങ്ങളിലും ഇത് നിലവിലില്ല താനും. അതേസമയം നിലവിലുള്ള രാഷ്ട്രങ്ങളിൽതന്നെ മനുഷ്യനെക്കുറിച്ച് കളവ് പറയുമ്പോൾ മാത്രമാണ് മാനനഷ്ടം ഉണ്ടാകുന്നത്. എന്നാൽ സൗത്ത്കൊറിയ പോലോത്ത ചില രാഷ്ട്രങ്ങൾ അന്യനിൽ ഉള്ളതാണെങ്കിലും അവ മാനം നശിപ്പിക്കുന്നുവെങ്കിൽ മാനനഷ്ടക്കേസിന് അർഹമാണ് എന്ന് നിയമം കൊണ്ടുവന്നു. ഇസ്ലാം ഇത് ഒന്നര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പറഞ്ഞുവെച്ചുവെന്നത് ലോകമുസ്ലിംകൾക്ക് അഭിമാനിക്കാം.
കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മനുഷ്യാവകാശപ്രഖ്യാപനങ്ങളിൽ ഇപ്പോഴും സ്ഥലം പിടിക്കാത്ത കാര്യമാണിത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ തുടക്കത്തിൽ മനുഷ്യന്റെ അഭിമാനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവയെ നടപ്പാക്കാനുള്ള നിർദേശമോ വഴിയോ പറയുന്നില്ല. ആർട്ടിക്കിളുകളിൽ ഇതിനെക്കുറിച്ച് ഒരു പരാമർശവും ഇല്ല താനും. അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ, മുഹമ്മദ്നബിയുടെ ഈ അധ്യാപനങ്ങൾ ഈ സമൂഹത്തിന് വലിയ കരുത്തും പ്രതീക്ഷയുമാണ്. മൊത്തംലോകവും ഈയൊരു വിധാനത്തിലേക്ക് ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
