മുഹ്യിദ്ധീൻമാലയടക്കം വിശ്രുതമായ അറബി, അറബിമലയാളം ഗ്രന്ഥങ്ങളെഴുതിയ കേരളത്തിലെ വളരെ പ്രസിദ്ധനായ ഒരു ആത്മീയനേതാവുണ്ടായിരുന്നു- ഖാളിമുഹമ്മദ്. അദ്ദേഹം അറബിയിലെഴുതിയ പദ്യഗ്രന്ഥമുണ്ട്. അൽ ‘ഫത്ഹുൽമുബീൻ’ എന്നാണ് ചുരുക്കപ്പേര്. ഇതിന്റെ പ്രത്യേകത നമ്മെ അമ്പരപ്പിക്കും. അക്കാലത്തെ ഹിന്ദുരാജാവായിരുന്ന സാമൂതിരിയുടെ ഗുണഗണങ്ങളും അപദാനങ്ങളും അറബിയിൽ പദ്യരൂപത്തിലെഴുതി ലോക മുസ്ലിംരാജാക്കന്മാർക്ക് അയച്ചുകൊടുത്ത ഗ്രന്ഥമായിരുന്നുവത്. ഈ രാജാവിനുവേണ്ടി ആഗോളമുസ്ലിംകളോട് പ്രാർത്ഥന നടത്താൻ ഈ ഗ്രന്ഥത്തിൽ ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഇങ്ങനെ ഖാളിമുഹമ്മദിന്റെ ഒരൊറ്റ ഗ്രന്ഥം മാത്രമേയുള്ളൂവെന്ന് വിചാരിക്കേണ്ട. അനേകം പണ്ഡിതന്മാർക്ക് ധാരാളം രചനകൾ ഇത്തരത്തിലുണ്ട്. മഖ്ദൂമുമാർക്കും ഖാളിമാർക്കുമെല്ലാമുണ്ട്.
ഇനി ചിന്തിക്കൂ, നമ്മുടെ നാടിനെക്കുറിച്ച്. എങ്ങനെയായിരുന്നു അമുസ്ലിംകൾ ഭരിച്ച നാടുകളിൽ നമ്മുടെ പൂർവികർ ജീവിച്ചിരുന്നതെന്ന്. അതുതന്നെയാണ് ഇസ്ലാമിന്റെ നിലപാട്. സെക്കുലർ, അമുസ്ലിം ഭരണാധികാരികളുള്ള നാട്ടിൽ എങ്ങനെയാണു മുസ്ലിം ജീവിക്കേണ്ടതെന്നതിന്റെ തെളിവുകളും കഴിഞ്ഞകാലങ്ങളാണ്. പൂർവികരുടെ ജീവിതരീതി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ തെളിവുകൾ.
ഇന്ന് ചിലർ ഇറങ്ങിയിട്ടുണ്ട്; അവരുടെ പ്രധാനവാദം ഖിലാഫത്തില്ലാത്ത നാട്ടിൽ ജീവിക്കാൻ പാടില്ല, അങ്ങനെ ജീവിച്ചാൽ വിശ്വാസം ശരിയാകില്ല, അമുസ്ലിം/ സെക്കുലർഭരണാധികാരികളോട് സഹകരിക്കാൻ പാടില്ല തുടങ്ങിയ പല അബദ്ധങ്ങളുമാണ് ഇത്തരക്കാർ വാദിക്കുന്നത്. ഇത് തികഞ്ഞ അജ്ഞതയാണ്. ലോകമുസ്ലിംകൾക്ക് ഒരു ഖലീഫ ഉണ്ടായിരുന്ന കാലത്തുപോലും നമ്മുടെ പൂർവികർ ഇവിടത്തെ ഭരണാധികാരിയെ അനുസരിച്ചാണ് ജീവിച്ചത്. പണ്ഡിതന്മാർ അവരെയാണ് പിന്താങ്ങിയത്. അതുതന്നെയാണ് ഇസ്ലാമിന്റെ നിലപാടും. അവരാരും ഇവിടെ ഖിലാഫത്ത് സ്ഥാപിക്കാനല്ല ശ്രമിച്ചത്.
ഇതിൽ ഇസ്ലാമിന്റെ നിലപട് ശക്തമായും വ്യക്തമായും നമ്മൾ മനസ്സിലാക്കണം. അതിങ്ങനെയാണ്: നിബന്ധനകളെല്ലാം പാലിച്ച് വന്ന ഖലീഫക്ക് തന്നെ ബൈഅത്തു(ഉടമ്പടി) ചെയ്ത പ്രവിശ്യകളിൽ/ രാഷ്ട്രങ്ങളിൽ മാത്രമേ ഭരണാവകാശമുണ്ടാകൂ. ബൈഅത്തു ചെയ്യാത്ത നാട്ടിലെ മുസ്ലിംകൾ അതത് നാട്ടിലെ ഭരണകൂടവുമായുള്ള കരാറനുസരിച്ചാണ് ജീവിക്കേണ്ടത്. ഇന്ത്യയിലെ മുസ്ലിം പൗരന്മാർ ഇന്ത്യൻഭരണഘടനയും മറ്റു നിയമങ്ങളുമനുസരിച്ചാണ് ജീവിക്കേണ്ടത്. ഇത് ഇന്ത്യൻ പൗരനെന്ന നിലയിൽ മുസ്ലിംകളെടുത്ത കരാറാണ്. ഈ കരാർ പൂർണമായും അനുസരിക്കലാണ് മുസ്ലിമിന്റെ ബാധ്യത. ഖലീഫക്ക് യാതൊരുവിധ രാഷ്ട്രീയാധികാരവും ഇത്തരം പൗരന്മാരുടെ മേലിൽ ഉണ്ടാവില്ല - അതാതുരാഷ്ട്രങ്ങൾ സമ്മതിച്ചാലൊഴികെ. അതാതു ഭരണകൂടത്തെ അനുസരിക്കണമെന്ന നിർദ്ദേശം ഇമാമിന്റെ പ്രബോധനത്തിന്റെയും ഉപദേശത്തിന്റെയും ഭാഗമായി, ഓരോ നാട്ടിലേയും മുസ്ലിംകൾക്ക് നൽകുകയാണ് വേണ്ടത്. ഇതല്ലാതെ ഇന്ത്യപോലെയുള്ള രാഷ്ട്രങ്ങളെ ഇസ്ലാമികരാഷ്ട്രമാക്കാനോ ഖിലാഫത്ത് സ്ഥാപിച്ച് ഭരണം പിടിച്ചെടുക്കാനോ ഇസ്ലാം നിർദ്ദേശിച്ചിട്ടില്ല. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന അത്തരം ശ്രമങ്ങളെല്ലാം പൂർണമായും നിഷിദ്ധമാണ്. എന്നുമാത്രമല്ല, കരാർ ലംഘിക്കുന്നത് കടുത്ത പാതകവുമാണ്. കരാർപാലനം ഇസ്ലാമികലോകം വളരെ സൂക്ഷ്മമായി പാലിച്ചുപോരുകയും ചെയ്തിട്ടുണ്ട്. കരാർ ലംഘിക്കുന്നവനെ കപടവിശ്വാസികളിലാണ് മുഹമ്മദ്നബി എണ്ണിയത്. കരാർ ശത്രുക്കളോടടക്കം എല്ലാവരോടും പാലിക്കുന്നവനാണ് മുസ്ലിം. ഇത് നൂറുകണക്കിന് വചനങ്ങളിൽ വിശുദ്ധഖുർആനും തിരുപ്രവാചകരും ഉണർത്തിയിട്ടുണ്ട്. എങ്കിൽപിന്നെ, മതേതരരാഷ്ട്രങ്ങളിലെ സഹോദരന്മാരോടും കരാർപാലിക്കൽ നിർബന്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നബിയുടെ അനുചരർതന്നെ നേരിട്ട് വന്ന് പ്രബോധനം നടത്തിയ പ്രദേശമാണ് കേരളവും ഇന്ത്യയും. കഴിഞ്ഞ 1400 വർഷങ്ങൾക്കിടയിൽ ഒരു അംഗീകൃതപണ്ഡിതനും ഇവിടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ആഹ്വാനം നൽകിയിട്ടില്ല. അവരാരും നിലവിലെ ഭരണകൂടത്തെ അംഗീകരിക്കാതിരുന്നിട്ടുമില്ല. ബ്രിട്ടീഷുകാരോടൊഴികെ മുഴുവൻ ഭരണാധികാരികളോടും നീതിയുടെയും നന്മയുടെയും പക്ഷത്ത് അടിയുറച്ച് നിൽക്കുകയും പിന്താങ്ങുകയും ചെയ്യുകയായിരുന്നു മുസ്ലിംകൾ. മലബാറിലെ മുസ്ലിംകൾക്കു തന്നെ പലപ്പോഴും പല പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇസ്ലാംമതത്തിലേക്ക് ആരെങ്കിലും വന്നാൽ അവനെ ബലമായി പിടിച്ച് കൊണ്ടു പോകുന്നയവസ്ഥയായിരുന്നു പലപ്പോഴും മലബാറിൽ (ഇബ്നു ഹജർ എഴുതിയ ഫതാവൽ കുബ്റ എന്ന ഗ്രന്ഥത്തിൽ ( 4/249 ൽ) ഇങ്ങനെയൊരു ചോദ്യവും ഉത്തരവും കാണാം). അത്തരം പ്രതിസന്ധികളിലെല്ലാം നീതിക്ക് വേണ്ടി ശബ്ദിക്കുകയും ഭരണാധികാരികളെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു പണ്ഡിതന്മാർ. അങ്ങനെ തിരുത്തുന്നതിന് ‘നസ്വീഹത്’(സദുപദേശം) എന്നാണ് പറയുക. ഇത് സാധിക്കുമെങ്കിൽ പണ്ഡിതന്മാരും കാര്യപ്രാപ്തിയുള്ളവരും ചെയ്യണം. അതല്ലാതെ അവിടെ താമസിക്കാതെ നാടുവിടണമെന്നല്ല ഇസ്ലാം പറഞ്ഞത്. ഖിലാഫത്തിന് ശ്രമിച്ച് രംഗം കൂടുതൽ വഷളാക്കുകയുമല്ല വേണ്ടത്.
വലിയ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂം പാശ്ചാത്യർ വരുന്നതിനു മുമ്പും വന്നപ്പോഴും മലബാറിലെ മുഴുവൻ ഭരണാധികാരികളും അമുസ്ലിംകളായിരുന്നുവെന്നും അവരിൽ ശക്തരും പ്രതാപികളും ശക്തി ക്ഷയിച്ചവരുമെല്ലാം ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. (തുഹ്ഫത്തുൽ മുജാഹിദീൻ/ 230) മറ്റൊരു സ്ഥലത്ത് പറയുന്നത് ഇങ്ങനെ: മലബാറിലെ ഒരു നാടുഭരണത്തിന്റെയും അധിപനായി മുസ്ലിം ഇല്ലായിരുന്നു. അമുസ്ലിംകളായ ഭരണാധികാരികളായിരുന്നു അവരുടെ കാര്യങ്ങൾ നോക്കിയിരുന്നതും ഭരണം നടത്തിയിരുന്നതും. നികുതികൾ കൊടുക്കാനുള്ളവർ അവ അമുസ്ലിംഭരണാധികാരികൾക്ക് നൽകുകയും ചെയ്തിരുന്നു.'' (തുഹ്ഫതുൽ മുജാഹിദീൻ/ 230).
ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ തന്നെ ‘അജ്വിബതുൽ അജീബ’ എന്ന ഗ്രന്ഥത്തിലും ഇത്തരത്തിൽ കാണാം (പേജ് 100). ശ്രദ്ധേയമായ ഒരു കാര്യം, കഴിഞ്ഞുപോയ ഒരു ആധികാരിക പണ്ഡിതന്റെയും ഗ്രന്ഥത്തിൽ ഈ അമുസ്ലിംകളുടെ അഥവാ ഹിന്ദുക്കളുടെ ഭരണം നിർമാർജനം ചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ഒരു ആഹ്വാനാവുമില്ല എന്നു മാത്രമല്ല, എല്ലാവരും എല്ലാ ഭരണകൂടത്തെയും അംഗീകരിച്ചുവെന്നുമാണ്. ഇത്തരം എല്ലാ ഗ്രന്ഥങ്ങളും പാശ്ചാത്യ ശക്തികളെ തുരത്താൻ ജിഹാദിന്(ധർമസമരം) പ്രോത്സാഹനം നൽകുമ്പോൾ തദ്ദേശീയരായ ഭരണാധികാരികളോട് അങ്ങേയറ്റം സൗഹൃദം പുലർത്താനും അനുസരിക്കാനും കല്പിക്കുന്നു. അമുസ്ലിം ഭരണാധികാരികളോടൊപ്പം തോളോടുതോൾ ചേർന്ന്നിന്ന് പടപൊരുതാനാണ് നിർദേശിക്കുന്നത്. പാശ്ചാത്യർ ഇവിടെനിന്ന് പോയാൽ അതിന്റെ ഗുണഭോക്താക്കൾ ഈ രാജാക്കന്മാരുമാണ്.
ഇസ്ലാം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റു മതാനുയായികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാനാണു ‘ഫത്ഹുൽമുബീനും’ ‘തുഹ്ഫതുൽ മുജാഹിദീനും’ മറ്റെല്ലാ ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. ഇതാണ് യഥാർത്ഥമതേതരത്വവും. മുസ്ലിംപണ്ഡിതന്മാരും പൊതുജനങ്ങളും ഈ മതേതരത്വം എക്കാലവും അംഗീകരിച്ചിട്ടുണ്ട്. വഞ്ചനയിലൂടെപോലും ഒരു അമുസ്ലിം ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ച ചരിത്രവും അതിനു പണ്ഡിതന്മാർ പിന്തുണ നൽകിയതും കാണാനാവില്ല. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, മുസ്ലിംകൾ അന്ന് കായികമായി വളരെ മുന്നിലായിരുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ സൈനികതലവൻമാരും മറ്റും പലപ്പോഴും മുസ്ലിംകളായിരുന്നുവല്ലോ.
അമുസ്ലിംഭരണാധികാരി നീതിമാനല്ലാത്ത ഒരു ഖാളിയെ നിയമിച്ചാൽപോലും മുസ്ലിംകൾ അംഗീകരിക്കണമെന്നാണ് നിയമം. ‘അജ്വിബതുൽ അജീബ’യിൽ ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ തന്നെ ഒരു ചോദ്യവും അതിനുള്ള അക്കാലത്തെ ലോക പണ്ഡിതന്മാരുടെ ഉത്തരവും നൽകുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം: ‘’മലബാറിലെ വ്യത്യസ്ത നാട്ടുഭരണങ്ങളിലെ രാജാക്കന്മാരെപ്പോലെയുള്ളവർ ദുർനടപ്പുകാരനും വിവരവുമില്ലാത്ത ഒരു ഖാളിയെ നിയമിച്ചു. മലബാറിലെ രാജാക്കന്മാർ അമുസ്ലിംകളാണ്. അവരുടെ കീഴിലാണ് മുസ്ലിംകൾ. ചില സ്ഥലങ്ങളിൽ ഖാളിയെ നിയമിക്കുന്നത് ‘അഹ്ലുൽ ഹല്ലി വൽ അഖ്ദാണ്’(പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികാരമുള്ള പണ്ഡിതന്മാരും പ്രമുഖരും അടങ്ങുന്ന സമിതി) ചില സ്ഥലങ്ങളിൽ അമുസ്ലിംകളാണ്. ഇങ്ങനെയുള്ള ഖാളിയുടെ വിധികൾ നടപ്പാക്കണമോ, വേണ്ടയോ’’- എന്നാണ് ചോദ്യം. ഇത്തരത്തിലുള്ള അമുസ്ലിം ഭരണാധികാരികൾ ഒരു ഖാളിയെ നിയമിച്ചാൽ അദ്ദേഹത്തെ അനുസരിക്കണമെന്നുതന്നെയാണ് എല്ലാ മറുപടിയും. (പേജ് 100).
അഥവാ പൊതുപ്രശ്നങ്ങളല്ലാത്ത മുസ്ലിം ആഭ്യന്തരവിഷയങ്ങളിൽ പോലും ഭരണാധികാരി ഇടപെട്ടാൽ അദ്ദേഹത്തെ അനുസരിക്കണം. ഹലാലായ ഒരു വിഷയത്തെ ഭരണാധികാരി നിർബന്ധമോ നിഷിദ്ധമോ ആക്കിയാൽ പോലും അതംഗീകരിക്കണം. ജനങ്ങളുടെ ‘മസ്ലഹതിന്’(ജനങ്ങളുടെ ക്ഷേമവും നന്മയും പരിഗണിച്ച് എടുക്കുന്ന നിലപാടാണിവ)
വേണ്ടിയാണ് ഭരണാധികാരി അങ്ങനെ ചെയ്തതെങ്കിൽ അതിനെതിര് ഒരിക്കലും ചെയ്യരുത്. അത് അല്ലാഹുവിന്റെയടുത്തും പാപമാണ്. ഇതെല്ലം ഇസ്ലാമികഫിഖ്ഹിൽ(കർമശാസ്ത്രം) വളരെ വിശദമായി പ്രതിപാദിച്ചതുമാണ്. നാട്ടിൽ പ്രശ്നങ്ങളും കലാപങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാതിരിക്കാൻ വേണ്ടിയാണ് പണ്ഡിതന്മാർ ഇതെല്ലാം എഴുതിവെച്ചതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും. ഉദാഹരണത്തിന് നാട്ടിലെ ഭരണാധികാരി മണൽ പുഴയിൽനിന്ന് വാരരുത് എന്ന് കല്പിച്ചാൽ ഇസ്ലാമിക നിലപാട് പ്രകാരം അതനുസരിക്കൽ നിർബന്ധമാണ്. വയൽ നികത്തരുത്, മീൻപിടിക്കരുത് തുടങ്ങിയ കല്പനകൾ വന്നാലും തഥൈവ. ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങളുണ്ട്. ഇതൊന്നും പണ്ടുകാലത്ത് നിരോധിച്ചിട്ടില്ലായിരുന്നു. ഇസ്ലാമിലും പ്രത്യേക നിരോധനകളില്ല. അതേസമയം ഭരണാധികാരി ചെയ്യരുതെന്ന് പറഞ്ഞാൽ അത് ചെയ്യരുതെന്നതാണ് അല്ലാഹുവിന്റെവിധി. അനുസരണയാണ് ഇസ്ലാം. ഇതൊരിക്കലും ശിർക്കോ കുഫ്റോ അല്ലാഹുവല്ലാത്തവരെ അനുസരിക്കലോ ആകുന്നില്ല. യഥാർത്ഥഇസ്ലാമിനെയാണ് നമ്മൾ കണ്ടെത്തുന്നത്.
മുസ്ലിംനാടുകളിൽ എങ്ങനെയെല്ലാം സഹകരണത്തിലും നീതിയിലും സഹിഷ്ണുതയിലും ജീവിക്കുന്നുവോ അങ്ങനെയെല്ലാം മറ്റെല്ലാനാടുകളിലും ഒരു മുസ്ലിം ജീവിച്ചേ പറ്റൂ. പരസ്പരം നന്മയിലും ഗുണത്തിലും സഹായിക്കണം. നീതി കൈവെടിയരുത്. എപ്പോഴും സഹിഷ്ണുത കാണിക്കണം തുടങ്ങി ഇസ്ലാം കല്പിച്ചതും നിർദേശിച്ചതുമെല്ലാം സെക്കുലർ, അമുസ്ലിം ഭരണമുള്ളിടത്തും മുസ്ലിം പാലിക്കണം. ഇതിൽ ലോക മുസ്ലിംകൾക്കിടയിൽ അഭിപ്രായാന്തരമില്ല - തീവ്രവാദപ്രസ്ഥാനങ്ങൾക്കൊഴികെ. ഒരമുസ്ലിം/ സെക്കുലർ നാട്ടിൽ എങ്ങനെയാണ് മുസ്ലിം ജീവിക്കേണ്ടതെന്ന ചോദ്യത്തിന് ഈയൊറ്റ മറുപടിയേയുള്ളൂ.
അതേസമയം തിന്മക്കെതിരെ പ്രധിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുകയും വേണം. അത് മുസ്ലിം നാടായാലും പ്രതിഷേധിക്കണം. ഭരണഘടന അനുസരിച്ച് ജീവിക്കുന്നവർ അതിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് പ്രതിഷേധിക്കേണ്ടത്. ജനാധിപത്യനാടുകളിൽ തങ്ങൾക്കിഷ്ടപ്പെടാത്ത കാര്യങ്ങളിൽ പ്രതിഷേധിക്കുക എന്നതും ഭരണഘടനയെയും സംവിധാനങ്ങളെയും അംഗീകരിക്കുന്നതിനു തുല്യമാണല്ലോ. കാരണം ഭരണഘടനക്കനുസരിച്ചാണല്ലോ കാര്യങ്ങൾ ചെയ്യുന്നത്.
എന്നാൽ നിർഭാഗ്യവശാൽ, തന്റെയും മറ്റു മുസ്ലിംകളുടെയും ജീവനും സ്വത്തിനും ക്ഷതം വരുന്ന രൂപത്തിൽ ഭരണാധികാരികൾ തിരിഞ്ഞാൽ എന്തുചെയ്യണം? അപ്പോഴും അവിടെ അല്ലാഹുവിന്റെ വിധിയും നിർദേശവുമുണ്ട്. അതെല്ലാം ഇസ്ലാമികഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ പണ്ഡിതന്മാർ ഈ സമുദായത്തിനെ വഴിനടത്തുകയും ചെയ്യും.
ഒരു തിരുവചനം ഇങ്ങനെ വായിക്കാം: "ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്തിനെ(മൃതശരീരം) കൊണ്ടുപോയപ്പോൾ തിരുനബി എഴുന്നേറ്റു നിന്നു. ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ നബി പറഞ്ഞത് ഇങ്ങനെ: നിങ്ങൾ ഏത് മയ്യിത്തിനെ കണ്ടാലും എഴുന്നേൽക്കണം." എല്ലാവരും മനുഷ്യനാണെന്ന് അർത്ഥം. ഇങ്ങനെ നൂറുകണക്കിന് വചനങ്ങൾ പലയിടത്തായി നമ്മൾ വായിച്ചതാണ്.ഒരു മുസ്ലിം മറ്റു മതസ്ഥരുമായി ഇടകലർന്ന് ജീവിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ കൃത്യമായി പഠിപ്പിച്ചുതന്നിരിക്കുന്നു തിരുനബി. എന്നാൽ തന്റെ വിശ്വാസവുമായി യോജിക്കാത്ത ഒരു കാര്യത്തിലും മറ്റുള്ളവരുമായി സഹകരിക്കുവാൻ പാടില്ല എന്നത് ഒരു മുസ്ലിം ശ്രദ്ധിക്കേണ്ട വിഷയമാണ്. മനുഷ്യൻ എന്ന നിലക്ക് യോജിക്കാവുന്ന കാര്യങ്ങളിൽ പരമാവധി യോജിക്കുകയും, വിശ്വാസവുമായി യോജിക്കാത്ത കാര്യത്തിൽ ഒരിക്കലും യാതൊരു കാരണവശാലും യോജിക്കാതിരിക്കുകയും ചെയ്യുക. ആരാധനകളും ആഘോഷങ്ങളും ഓരോരുത്തരും അവരവരുടെ തനിമയോടെ ചെയ്യട്ടെ. മറ്റു മതക്കാർ അതിൽ ഇടപെട്ട് രംഗം വഷളാക്കുകയല്ല വേണ്ടത്. യഥാർത്ഥ മുസ്ലിം അത്തരം ഏർപ്പാടുകൾക്ക് പോകുകയുമില്ല.
