തിരുനബിയുടെ മദീനയിൽ ധാരാളം കച്ചവടക്കാർ വരും. ജൂതനും ക്രിസ്ത്യാനിയും തീയാരാധകനും അക്കൂട്ടത്തിലുണ്ടാകും. എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണല്ലോ മദീന.
ഇപ്രാവശ്യം വന്നത്, ശാമിൽനിന്നുള്ള ഒരു ക്രിസ്ത്യാനിയാണ്. കൈയിൽ അല്പം എണ്ണയുണ്ട്; ഒറ്റനോട്ടത്തിൽ എണ്ണവില്പനക്കാരനാണ്. പക്ഷേ, എണ്ണവില്പന അദ്ദേഹത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായിരുന്നു. ക്രൈസ്തവമതം പ്രചരിപ്പിക്കലും മദീനയിൽ നിന്ന് ആളുകളെ ശാമിലേക്ക് റിക്രൂട്ട് ചെയ്യലുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യഅജണ്ട. മദീനയിൽ അദ്ദേഹം രഹസ്യപ്രബോധനം തുടങ്ങി. അധികം വൈകാതെതന്നെ രണ്ടു യുവാക്കളെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അൻസ്വാറുകളിൽപെട്ട ഒരു സ്വഹാബിയുടെ രണ്ടു മക്കളായിരുന്നു അവർ. അദ്ദേഹത്തിന് സങ്കടം അടക്കിപ്പിടിക്കാനായില്ല. ഇവരെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് തന്നെ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം മക്കളല്ലേ, നടക്കുമെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. അദ്ദേഹം ഒരു സമ്മതത്തിനായി പ്രവാചകരുടെ സന്നിധിയിലെത്തി. മുഴുവൻ സങ്കടവും പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു: ''എന്റെ മക്കളെ ഞാൻ നിർബന്ധിപ്പിച്ച് ഇങ്ങോട്ട് തന്നെ മാറ്റിയെടുക്കുകയാണ്. കൂടാതെ നബിയേ, താങ്കൾ ചിലരെ പറഞ്ഞയച്ച് അദ്ദേഹത്തിന്റെ പ്രബോധനം അവസാനിപ്പിക്കുകയും വേണം''.
പോസിറ്റീവ് മറുപടി കാത്തുനിന്ന അദ്ദേഹത്തെ നിരാശനാക്കി തിരുനബി നിഷേധഭാവത്തിൽ തലയാട്ടി. അതുസമ്മതിച്ചില്ലെന്ന് മാത്രമല്ല ഇസ്ലാംമതത്തിന്റെ അടിസ്ഥാനസിദ്ധാന്തം അവരെ കേൾപ്പിക്കുകയും ചെയ്തു. ആ സിദ്ധാന്തം ഇതായിരുന്നു: "മതത്തിൽ ഒരിക്കലും നിർബന്ധിപ്പിക്കലില്ല; സത്യം അസത്യത്തിൽ നിന്ന് സ്പഷ്ടമായിരിക്കുന്നു".
വിശുദ്ധഖുർആനിലെ ഈ വചനം ഈ സംഭവത്തോടനുബന്ധിച്ചാണ് അവതരിച്ചതെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഇസ്ലാമിൽ നിർബന്ധിക്കലില്ല. മനസ്സ്കൊണ്ട് വിശ്വാസിയായാൽ മാത്രമേ ഒരാൾ വിശ്വാസിയാകൂ. വ്യത്യസ്തസ്ഥലങ്ങളിൽ ഖുർആൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: "ഈ മതത്തിൽ ഒരിക്കലും നിർബന്ധിക്കലില്ല. സത്യസരണി അസത്യത്തിൽനിന്ന് വളരെ സ്പഷ്ടമായിരിക്കുന്നു" (അൽ ബഖറ/ 256) "താങ്കൾ പ്രഖ്യാപിക്കണം; സത്യം താങ്കളുടെ നാഥനിൽനിന്ന് സ്പഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ആർക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അവൻ വിശ്വസിക്കട്ടെ. തിരിച്ചാണ് ആരുടെയെങ്കിലും ഉദ്ദേശ്യമെങ്കിൽ അവൻ അവിശ്വസിക്കുകയും ചെയ്യട്ടെ." ( അൽ കഹ്ഫ്/29). ഇസ്ലാംമതത്തിലേക്ക് ഒരാളെ നിർബന്ധിച്ചു കൊണ്ടുവരുന്നത് ഖുർആൻ കഠിനമായി വിലക്കുന്നു: "തീർച്ചയായും താങ്കളുടെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ള സകലമനുഷ്യരെയും വിശ്വാസികളാക്കുമായിരുന്നു - എന്നിട്ടും അവർ വിശ്വസിക്കാൻ വേണ്ടി അവരെ നിർബന്ധിക്കുകയാണോ? " (യൂനുസ്/ 99)
ഇസ്ലാമികരാഷ്ട്രത്തിലെ, നാഗരികതയിലെ, സമൂഹത്തിലെ, കുടുംബത്തിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ഇതിലപ്പുറം എന്തു വചനങ്ങളാണ് ആവശ്യം..!!?
തിരുനബി ഒരു സത്യവിശ്വാസപ്രസ്ഥാനത്തിന്റെ അധിപനും വഴികാട്ടിയും എല്ലാമെല്ലാമാണ്. അല്ലാഹുവിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ ജനങ്ങളെ മൊത്തം നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സിലും നാക്കിലും കർമത്തിലും ഇത് മാത്രമാണ് ചിന്ത. എല്ലാവരും ഒന്ന് വിശ്വാസികളാകുക എന്നത് എത്ര തീക്ഷ്ണമായ ആഗ്രഹമായിരിക്കും പ്രവാചകർക്ക്. ഖുർആൻ അൽകഹ്ഫ് അദ്ധ്യായത്തിലെ ആറാംവചനം പ്രവാചകരുടെ ആഗ്രഹതീക്ഷ്ണതയെ ശരിക്കും അനാവരണം ചെയ്യുന്നുണ്ട്. അവിശ്വാസികൾ ഈ വചനങ്ങൾ വിശ്വസിക്കാതെ പിന്തിരിഞ്ഞതിൽ ദുഖിതനായി ഒരുപക്ഷേ, തിരുനബിയുടെ ജീവനുപോലും ഹാനി വന്നേക്കാമെന്ന് ഖുർആൻ പറയുന്നു. ഇത്രയും തീക്ഷ്ണമായ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ച് ലക്ഷ്യം നേടാനാവുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നതിന് പകരം ഇങ്ങനെയാണ് ഖുർആൻ പറയുന്നത്: "അവർ അവിശ്വാസികളാകുന്നതിനാൽ താങ്കളുടെ ജീവനു പോലും ക്ഷതം വന്നേക്കാം. പക്ഷേ, നാം ഉദ്ദേശിക്കുന്നുവെങ്കിൽ ആകാശത്ത് നിന്ന് അവർക്കൊരു ദൃഷ്ടാന്തം ഇറക്കുകയും ആ ദൃഷ്ടാന്തത്തിന് മുമ്പിൽ അവർ പിരടി താഴ്ത്തി വിശ്വാസികളാവുകയും ചെയ്യുമായിരുന്നു" (അശ്ശുഅറാ/ 3,4)
അതിനാൽ സത്യംപ്രചരിപ്പിക്കുക. സത്യം ഉൾക്കൊണ്ട് ആർക്കുവേണമെങ്കിലും വരാം. ഒരാളും ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ പോലും സത്യപ്രബോധനം അവസാനിപ്പിക്കുകയുമരുത്. പ്രബോധനം അഥവാ താൻ ഗ്രഹിച്ച സത്യം അപരനു കൂടി പകരുക എന്ന ദൗത്യം എല്ലാ വിശ്വാസികളുടെയും ബാധ്യതയാണ്. ബാധ്യതയുടെ മാനങ്ങളിലും അളവുകളിലും വ്യതിയാനമുണ്ടെന്ന് മാത്രം. അതിലപ്പുറം ഈ മതത്തിൽ നിർബന്ധിക്കലിന് ഒരു സ്ഥാനവുമില്ല.
എന്നാൽ പ്രബോധനം ഒരിക്കലും പ്രീണനങ്ങളിലോ പീഡനങ്ങളിലോ കലാശിക്കരുതെന്ന് ഇസ്ലാം നിർബന്ധം പിടിക്കുന്നു. മാന്യമായ പ്രബോധനമായിരിക്കണം എപ്പോഴും. ഖൂർആൻ പറയുന്നു: " ഇനി അവർ സത്യത്തെ വിട്ട് പിന്തിരിയുകയാണെങ്കിൽ, താങ്കളെ നാം ഒരിക്കലും അവരുടെ മേൽ കാവൽക്കാരനായല്ല നിയോഗിച്ചത്. താങ്കൾക്ക് സത്യം എത്തിച്ചുകൊടുക്കുക എന്നതിലുപരി ഒരു ബാധ്യതയുമില്ല്."
"അവർ സത്യത്തിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകുന്നു. താങ്കൾ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. അതിനാൽ എന്റെ താക്കീത് ഭയപ്പെടുന്നവരെ ഖുർആൻ മുഖേനെ താങ്കൾ ഉദ്ബോധിപ്പിക്കുക" (ഖാഫ്/45).
"താങ്കൾ ഉദ്ബോധനം നടത്തുക. താങ്കളൊരു ഉദ്ബോധകൻ മാത്രമാകുന്നു. ഒരിക്കലും അവരുടെ മേൽ നിർബന്ധാധികാരം ചെലുത്തേണ്ടവനല്ല" (ഗാഷിയ/ 21,22).
ഒരു മുസ്ലിംനാട്ടിലും ഒരു ഇസ്ലാമികസമൂഹത്തിലും ഒരാളെയും നിർബന്ധിച്ച് മുസ്ലിമാക്കില്ല; ആരെയും ‘അല്ലാഹു അക്ബർ’ എന്ന് നിർബന്ധിച്ച് പറയിക്കില്ല. കാരണം വ്യക്തമാണ്; ഇസ്ലാമിൽ എല്ലാത്തിനും ശക്തമായ നിലപാടുണ്ട്. മറ്റു വിശ്വാസധാരകളിൽനിന്ന് ഭിന്നമായി ഇസ്ലാംമതം ‘വിശ്വാസം അഥവാ ഈമാൻ’ എന്ന സംജ്ഞയെ വളരെ വിശദമായും വ്യക്തമായും നിർവചിച്ചിട്ടുണ്ട്.
നാവുകൊണ്ട്മാത്രം ഒരാൾ ആയിരം തവണ ഖുർആൻ പാരായണം ചെയ്താലും അല്ലാഹു ഏകനാണെന്നും മുഹമ്മദ്നബി അല്ലാഹുവിന്റെ ദൂതനാണെന്നും പറഞ്ഞാലും പതിറ്റാണ്ടുകൾ നിസ്കരിച്ചാലും മറ്റെല്ലാ കർമങ്ങൾ ചെയ്താലും അയാളുടെ ഹൃദയത്തിനുള്ളിൽ വിശ്വാസമില്ലെങ്കിൽ അയാൾ വിശ്വാസിയല്ല; മുസ്ലിമുമല്ല. പുറം ലോകത്ത് അയാൾ വിശ്വാസിയായി നടക്കുന്നതുകൊണ്ടും ഒരാളുടെ ഹൃദയത്തിലുള്ളത് മനസ്സിലാക്കാൻ മനുഷ്യൻ അശക്തനായതുകൊണ്ടും അയാളെക്കുറിച്ച് പുറംലോകത്ത് മുസ്ലിം എന്ന് പറയാമെങ്കിലും അയാളൊരിക്കലും മുസ്ലിം ആയിട്ടില്ല. ഇത്തരം വിശ്വാസികൾക്ക്' ഇസ്ലാം പേരിട്ടത് ‘മുനാഫിഖുകൾ’ അഥവാ കപടവിശ്വാസികൾ എന്നാണ്. കപടവിശ്വാസികളാണ് നരകത്തിലെ ഏറ്റവും അടിയിലെ തട്ടിലെന്നു ഖുർആൻ അവർത്തിച്ചുണർത്തുകയും ചെയ്തു. ഇത്തരം കപടന്മാരെയും കപടന്മാരെ സൃഷ്ടിക്കുന്ന പ്രവണതയെയും ഖുർആനും പ്രവാചകരും നൂറുശതമാനം വിലക്കുകയും ചെയ്തു.
പ്രവാചകചരിത്രത്തിൽ ഒട്ടനേകം സ്ഥലങ്ങളിൽ ഈ വസ്തുതകൾ കാണാനാകും. ഉദാഹരണത്തിന്, നജ്റാനിൽനിന്നുള്ള കൃസ്ത്യൻ പുരോഹിതരുമായി പ്രവാചകരുണ്ടാക്കിയ കരാർ വ്യവസ്ഥ നോക്കാം. നീണ്ട ഉടമ്പടിയുടെ അവസാന ഭാഗത്ത് പ്രവാചകൻ പ്രത്യേകം ഊന്നിപ്പറഞ്ഞ വസ്തുതകൾ ഇങ്ങനെ വായിക്കാം:
"നജ്റാനിലെ കൃസ്തുമതവിശ്വാസികൾക്കും അവരെ പിൻപറ്റി ജീവിക്കുന്നവർക്കും അല്ലാഹുവിന്റെയും അവന്റെ പ്രവാചകരുടെയും അഭയവും സംരക്ഷണഉത്തരവാദിത്വവും ഉണ്ടായിരിക്കും. അവരുടെ രക്തം, ജീവൻ, സമ്പത്ത്, മതം, ഭൂമി, പുരോഹിതർ, കുരിശ്, ഇവിടെ ഹാജരുള്ളവർ, ഇല്ലാത്തവർ, അവരുടെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാറ്റിനും ഇത് ബാധകമാണ്. അവരുടെ നിലവിലുള്ള ഒരു വസ്തുവിനും മാറ്റം വരുത്തുന്നതല്ല. മതചിഹ്നങ്ങൾക്കോ ചർച്ചുകൾ പോലോത്ത മതസ്ഥാപനങ്ങൾക്കോ അവയുടെ വാഹകരായ പുരോഹിതർക്കോ ഒരു വിഷമവും മാറ്റവും വരുത്തുന്നതല്ല. അവരുടെ ഭൂമിയിൽ ഒരൊറ്റ സൈന്യവും കാലുകുത്തില്ല."
പ്രവാചകഉടമ്പടി നിലനിൽക്കുന്ന നജ്റാനീ ക്രിസ്ത്യാനികളുമായി ഒന്നാം ഖലീഫ അബൂബക്കർ സ്വിദ്ദീഖ് അതേ ഉള്ളടക്കത്തിൽതന്നെ ഉടമ്പടി പുതുക്കി. അതിങ്ങനെയായിരുന്നു: " മുഹമ്മദ് നബിയുടെ ഖലീഫ അബൂബക്കർ, നജ്റാനിലെ ജനങ്ങൾക്ക് വേണ്ടി എഴുതുന്നത്. അവരെ അല്ലാഹുവിന്റെ സംരക്ഷണത്തിലും മുഹമ്മദ് നബിയുടെ സംരക്ഷണത്തിലുമാക്കിയിരിക്കുന്നു. അവരുടെ ശരീരങ്ങൾക്കും, ഭൂമി, മതം, സമ്പത്ത്, അവരെ പിന്തുടരുന്നവർ, അവരിൽ നിന്ന് വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ, മതചിഹ്നങ്ങൾ, കുരിശ്, ചർച്ച്, പുരോഹിതർ, അവരുടെ അടുത്തുള്ള ചെറുതും വലുതുമായ എല്ലാ സംഗതികൾക്കും ഇത് ബാധകമാണ്. അവയൊരിക്കലും നിന്ദിക്കപ്പെടരുത്. അവർ പ്രയാസമനുഭവിക്കുകയുമരുത്. ചർച്ചുകൾക്കോ പുരോഹിതർക്കോ ഒരു മാറ്റവും അരുത്". (കിതാബുൽ ഖരാജ്/79)
പ്രവാചകരുടെ ഈ നയനിലപാടുകളുടെ പ്രത്യക്ഷയാഥാർത്ഥ്യമാണ് തന്റെ സവിധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരിൽ ഒരാളെപ്പോലും ഇസ്ലാമിലേക്ക് നിർബന്ധപൂർവ്വം കൂട്ടാതെ വിട്ടയച്ചത്. 6000-ത്തിലധികം പേരെ അവരുടെ ഹിതം പോലെ വിട്ടയച്ചതിനു ചരിത്രം സാക്ഷിയാണ്.
ഇതുകൊണ്ടാണ് ഓറിയന്റലിസ്റ്റ് ചരിത്രകാരനായ സർ തോമസ് ആർണൾഡ് അദ്ദേഹത്തിന്റെ ‘The Preaching Of Islam’ എന്ന കൃതിയിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്- "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേർപ്പെട്ടിരുന്നു. അവർക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. അമുസ്ലിം സമൂഹങ്ങൾ മിക്കവാറും പൂർണമായ സ്വയം ഭരണാവകാശം അനുഭവിക്കുകയുണ്ടായി. തങ്ങളുടെ ആഭ്യന്തരകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ഭരണകൂടം അവരുടെ കരങ്ങളിൽ തന്നെ ഏൽപിച്ചു. മതപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അവരുടെ പുരോഹിതന്മാർക്ക് ലഭിച്ചു. അവരുടെ ചർച്ചുകളും മഠങ്ങളും യാതൊരു കോട്ടവും തട്ടാതെ നിലനിർത്താനനുവദിച്ചു". (മലയാള ഉദ്ധരിണിക്ക്, ഇസ്ലാം പ്രബോധനവും പ്രചാരവും എന്ന പരിഭാഷയോട് കടപ്പാട്).
രണ്ടാം ഖലീഫ ഉമർ ക്രിസ്തീയ,ജൂത പുരോഹിതരോട് സന്ധിയിലേർപ്പെട്ടിരുന്നു. 'ഈലിയ' നിവാസികളുമായി ഒപ്പിട്ട കരാർ ഇവ്വിഷയത്തിൽ സുവിദിതമാണ്.
"ഇത് അല്ലാഹുവിന്റെ അടിമയും വിശ്വാസികളുടെ അമീറുമായ ഉമർ, ‘ഈലിയാ’ നിവാസികൾക്കു നൽകുന്ന സംരക്ഷണപത്രമാണ്. അവർക്ക് അവരുടെ ജീവനും സ്വന്തത്തിനും ആരാധനാലയങ്ങൾക്കും കുരിശുകൾക്കും അവരുടെ മുഴുവൻ മതാചാരങ്ങൾക്കും സംരക്ഷണം നൽകിയിരിക്കുന്നു. തീർച്ചയായും അവരുടെ ദേവാലയങ്ങൾ പൊളിക്കപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്യില്ല. അവരുടെ കുരിശുകൾക്കും ഒരു ഭംഗവും വരുത്തില്ല. അവരുടെ സമ്പത്തിന് ഒരു നാശവും വരില്ല. അവരെ മതം മാറാൻ നിർബന്ധിക്കില്ല. അവരിൽനിന്ന് ഒരാൾപോലും പ്രയാസമനുഭവിക്കേണ്ടിവരില്ല". (താരീഖ് ത്വബ് രി 3-159)
ആദർശതീവ്രതയുടെ പ്രകടമായ പര്യായമായ ഉമർ, അവിശ്വാസികളോടുള്ള ഈ അനുകമ്പ പുൽകിയത് ആദർശത്തിന്റെ ദാഗമായതുകൊണ്ടും മനുഷ്യത്വത്തിന്റെ സമ്പൂർണതയായതു കൊണ്ടുമല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ പലസംഭവങ്ങളും ഇത് യാഥാർത്ഥ്യവൽക്കരിക്കുന്നതായിരുന്നു.
ഒരു ദിവസം ഉമർ ഒരു ചർച്ചിന്റെ മുറ്റത്തിരിക്കുകയായിരുന്നു. നിസ്കരിക്കാനുള്ള സമയമായി. ഉമർ മുറ്റത്തു നിന്നിറങ്ങി സ്റ്റെപ്പിൽ പോയി ഒറ്റക്കു നിസ്കരിച്ചു. തന്റെ അനുയായികളോടും ഇതേ കല്പ്പന അദ്ദേഹം പുറപ്പെടുവിച്ചു. തുടർന്നു പാത്രിയാക്കിസിനോട് പറഞ്ഞു. "ചർച്ചിനുള്ളിൽ വെച്ച് ഞാൻ നിസ്കരിച്ചിരുന്നുവെങ്കിൽ എന്റെ ശേഷം ഇതിൽ അവകാശവാദങ്ങൾ വരാനുള്ള വിദൂരസാധ്യതയുണ്ടല്ലോ!"
ഈ ഉമറിന് തന്നെയായിരുന്നു ‘ഇസ്താക്’ എന്നപേരിൽ ഒരു കിസ്ത്യൻ അടിമയുണ്ടായിരുന്നത്. അടിമയെ അദ്ദേഹം പ്രബോധനം ചെയ്ത് ഉപദേശിച്ചു നോക്കി. പക്ഷേ ഫലിച്ചില്ല. ഉടനെ ഉമർ ഖുർആൻ വരികളോതി തൃപ്തിപ്പെട്ടു. 'മതത്തിൽ നിർബന്ധിക്കലില്ല..!’ മറ്റൊരിക്കൽ ഏതാനും മുസ്ലിംകൾ ജൂതരുടെ സ്ഥലത്ത് പള്ളി നിർമിച്ചു. പരാതി ഖലിഫയുടെ അടുത്തെത്തി. ഖലീഫ പള്ളി പൊളിച്ച് ജൂതനു സ്ഥലം നൽകി. പ്രശസ്ത ലബനീസ് ക്രിസ്ത്യൻ പണ്ഡിതൻ പ്രൊഫ: കർദായ് 1933-ൽ എഴുതി: ‘ബൈതുൽ യഹൂദി എന്ന പേരിലറിയപ്പെടുന്ന ഈ ഭവനം ഇന്നും നിലനിൽക്കുന്ന പ്രശസ്ത ഭവനമാണ്.’ ((Khamāsar Tahil al-Islam fi al-Tarikh, p. 123))
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ അവിശ്വസിക്കട്ടെ - എല്ലാം പരലോകത്ത് വെച്ച് കാണാമെന്ന ഇസ്ലാമിന്റെ നിലപാട് എത്ര സുന്ദരമാണ്..!!
