ഇന്ന് ഖിലാഫത്തില്ലല്ലോ? എന്ത് ചെയ്യും?
അങ്ങനെയാർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ വായിക്കാനുള്ളതാണ് ഇത്.
ഖിലാഫത്ത് സ്ഥാപിക്കാൻ എന്തെങ്കിലും ചില ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും വേണ്ടേ എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. അവരും ഇത് വായിക്കേണ്ടതാണ്.
ഖിലാഫത്ത് സ്ഥാപിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നും ഖിലാഫത്തില്ലെങ്കിൽ ഓരോ മുസ്ലിമും തെറ്റുകാരാണെന്നും പറയാൻ ശ്രമിച്ചവരുണ്ട്. ഇസ്ലാമിനെ ദുരുപയോഗം ചെയ്യുന്ന തീവ്രവാദപ്രസ്ഥനങ്ങളാണ് ഈ വാദം മുന്നോട്ട് വെക്കുന്നത്. മുസ്ലിംകളെ തന്നെ കൊന്നൊടുക്കാനും മുസ്ലിംകൾക്കെതിരെ യുദ്ധം നയിക്കാനും എക്കാലവും ഇത്തരം പ്രസ്ഥാനങ്ങളുപയോഗിച്ച ആയുധമായിരുന്നു ഖിലാഫത്ത് സ്ഥാപിക്കുക എന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ഓരോരുത്തരും നടത്തുന്ന ശ്രമങ്ങൾ ജിഹാദാണെന്നും അത്തരം ജിഹാദ് ഓരോ മുസ്ലിമും നടത്തണമെന്നും ഇവർ വാദിച്ചു. ഇത് തീർത്തും ഇസ്ലാംവിരുദ്ധമാണ്.
ഓരോ മുസ്ലിമും ഖിലാഫത്തിന് വേണ്ടി പോരാടണമെന്നോ ശ്രമിക്കണമെന്നോ ഇല്ലെങ്കിൽ തെറ്റുകാരനാകുമെന്നോ ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഇസ്ലാമിന് അങ്ങനെ ഒരു നിലപാടുമില്ല. എന്നു മാത്രവുമല്ല; ഓരോമുസ്ലിമും നടത്തുന്ന പോരാട്ടം ഇസ്ലാമികലോകത്ത് ഛിദ്രതയും നാശവും സൃഷ്ടിക്കുകയേയുള്ളൂ. ഇത് ഖിലാഫത്തിന്റെ അടിസ്ഥാന നയത്തോട് പൂർണമായും എതിരാണ്. ഖിലാഫത്ത് സ്ഥാപിക്കുന്നത് തന്നെ സമൂഹത്തിൽ നാശവും ഛിദ്രതയും ഇല്ലാതാക്കാനാണല്ലോ. അതുകൊണ്ടുതന്നെ ഖിലാഫത്ത് സ്ഥാപിക്കാൻ എന്ന പേരിൽ നടത്തുന്ന അക്രമണങ്ങൾ കടുത്ത തെറ്റും നിഷിദ്ധവുമാണ്. പരിശുദ്ധഖുർആനോ തിരുചര്യയോ ഓരോ വ്യക്തിയോടും ഖിലാഫത്ത് സ്ഥാപനത്തിനുവേണ്ടി മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞതായി ഇത് വരെ ആരും പറഞ്ഞിട്ടില്ല. ദുർവ്യാഖ്യാനങ്ങളുണ്ടാക്കി സമുദായത്തിനെ പരസ്പരം പോരടിപ്പിക്കുക മാത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പ്രമുഖ പണ്ഡിതനായ ഇമാം മാവർദി പറയുന്നു: ''വിജ്ഞാനം അഭ്യസിക്കുക പോലെ ഫർള് കിഫായയാണ്(സാമൂഹികബാധ്യത) ഖിലാഫത്തും. അതിന് യോഗ്യരായവരിൽനിന്നും ആരെങ്കിലും അത് നിർവഹിച്ചാൽ ഫർള്കിഫായ എന്നനിലയിൽ അതിന്റെ ഉത്തരവാദിത്വം ഒഴിവായി. ഇനി യോഗ്യരിൽനിന്ന് ആരും നിർവഹിച്ചില്ലെങ്കിൽ ജനങ്ങളിൽനിന്ന് രണ്ട് വിഭാഗത്തിനാണ് ഉത്തരവാദിത്വം: ഒന്ന്; അഹ് ലുൽ ഹല്ലിവൽ അഖ്ദ്(പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാനും അധികാരമുള്ള പണ്ഡിതന്മാരും പ്രമുഖരും അടങ്ങുന്ന സമിതി) - അവർ ഉമ്മത്തിന് വേണ്ടി ഒരു ഇമാമിനെ തിരഞ്ഞെടുക്കുന്നതു വരെയും ; രണ്ട്: ഇമാമത്തിന് യോഗ്യതയുള്ളയാളുകൾ - അവരിൽ നിന്ന് ഒരാൾ സ്വയം നിയമിതനാകുന്നത് വരെയും ഇതിനുത്തരവാദികളാണ്. മുസ്ലിംസമുദായത്തിൽ നിന്ന് ഈ രണ്ട് വിഭാഗത്തിനല്ലാതെ ഒരാൾക്കും ഖിലാഫത്തിനെ വൈകിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ല; കുറ്റവുമില്ല. (അഹ്കാമു സ്സുൽത്വാനിയ്യ : 17) ഇപ്പറഞ്ഞതിൽനിന്ന് പണ്ഡിതനിലപാട് വളരെ വ്യക്തമാണ്.
ഏതവസ്ഥയിലും എങ്ങനെയും എന്തുവിലനൽകിയും രാഷ്ട്രമോ ഖിലാഫത്തോ സ്ഥാപിക്കണമെന്ന നിർദ്ദേശം ഇസ്ലാം ഒരു മുസ്ലിമിനും നൽകിയിട്ടില്ല. ഖിലാഫത്ത് വേണം; പക്ഷേ അത് സ്ഥാപിക്കാൻ സാധ്യമായാൽ മാത്രം എന്നാണ് ഇസ്ലാം പക്ഷം. കഴിഞ്ഞകാല മുസ്ലിംപണ്ഡിതരെല്ലാം ഇതു പങ്കുവെച്ചിട്ടുണ്ട്. ഖലീഫയെ നിയമിക്കൽ നിർബന്ധമാണ് എന്നുപറഞ്ഞ സ്ഥലങ്ങളിലെല്ലാം അതിന് സാധ്യമാകുമ്പോൾ മാത്രമാണെന്നും പണ്ഡിതന്മാർ പറഞ്ഞു. സാധ്യമായില്ലെങ്കിലോ നിബന്ധനകളൊത്ത ഒരാളെ ലഭിക്കാത്തത് മൂലം സ്വയം ഇല്ലാതാകുന്നത് കാരണമായോ ഖിലാഫത്തില്ലാതെയായാൽ മുസ്ലിം സമൂഹം അതിന്റെ പേരിൽ കുറ്റക്കാരാവുകയില്ല. വലിയ പണ്ഡിതനായ ഇമാം ഹറമൈനി പറയുന്നു : "ഖലീഫയെ നിയമിക്കാൻ സാധ്യമാകുന്ന സമയത്ത് മാത്രം അത് നിർബന്ധമാകുന്നു'' (ഗിയാസുൽ ഉമം:15). സാധ്യമായാൽ മാത്രമാണ് ഇമാമിനെ വെക്കൽ നിർബന്ധം ഉള്ളതെന്ന് ഇമാം തഫ്താസാനിയും (ശറഹുൽ മഖാസിദ്: 5 /237) ഇമാം ഇബ്നു ഹജരിൽ ഹൈത്തമിയും (അസ്സ്വവാഇഖുൽ മുഹ്രിഖ: 55) പറയുന്നു. ഇതു തന്നെയാണ് എല്ലാ പണ്ഡിതന്മാരുടെയും നിലപാട്. സാധ്യമാകാത്തതിന്റെ പേരിൽ ഖിലാഫത്തില്ലാതായാൽ സമുദായം കുറ്റക്കാരാകില്ലെന്നും പണ്ഡിതന്മാർ ധാരാളം സ്ഥലങ്ങളിൽ ബോധ്യപ്പെടുത്തി. ഇമാം ഖയാലി പറയുന്നു. "സാധ്യമായിട്ടും ഇമാമത്തിനെ (ഭരണനേതൃത്വം) വേണ്ടെന്ന് വെച്ചാൽ മാത്രമേ സമുദായം കുറ്റക്കാരാകൂ. സാധ്യമാകാതിരിക്കുകയോ, വേണ്ടെന്ന് വെക്കൽ അനിവാര്യമാകുകയോ ചെയ്താൽ കുറ്റമില്ല" (ഹാശിയത്തുൽ ഖയാലി അലാ ശർഹിൽ അഖാഇദ്:48). ഇമാം തഫ്തസാനി പറയുന്നു: "ഇമാമത്ത് സാധ്യമായിരിക്കുകയും എന്നിട്ടു മനപൂർവ്വം ഉപേക്ഷിക്കുകയും ചെയ്താലാണ് സമുദായം പിഴച്ച് പോകുന്നത്. സാധ്യമാകാതിരിക്കുകയോ ഉപേക്ഷിക്കൽ അനിവാര്യമാകുകയോ ചെയ്താൽ വഴികേടിലാകുന്ന പ്രശ്നമില്ല". ( ശർഹുൽ മഖാസിദ്:5/239). ഇതു തന്നെ ശർഹുൽ അഖാഇദിന്റെ വ്യഖ്യാനഗ്രന്ഥമായ നിബ്രാസിലും കാണാം (പേജ് 312). ഇത്രയും പറയാൻ കാരണം ഇവ്വിഷയത്തിലെ പണ്ഡിതനിലപടിന്റെ ആഴം മനസ്സിലാക്കാനും ഈ സമുദായത്തിൽ നിന്ന് ഒരാൾപോലും ഇത്തരം തീവ്ര ചിന്തകളിലേക്ക് പോകരുത് എന്നതുകൊണ്ടുമാണ്.
ഖലീഫയും ഖിലാഫത്തും ഇല്ലാത്ത കാലഘട്ടം മുസ്ലിംസമൂഹത്തിന് വന്നേക്കാമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഹറമൈനി പറയുന്നു: " സമുദായത്തിന്റെ ദീനിന്റെ സംരക്ഷകരായ നബിമാർ തന്നെ ഇല്ലാത്ത കാലഘട്ടം ഭൂമുഖത്ത് വന്നിട്ടുണ്ട്. അപ്പോൾ ഇമാമുമാർ(ഭരണനേതൃത്വം) ഇല്ലാത്ത കാലഘട്ടം വരുന്നത് വിദൂരമായൊരു സംഗതിയൊന്നുമല്ല. ബുദ്ധിപരമായി നാം ചിന്തിച്ചാലും അത്തരമൊരു കാലം വന്നേക്കാമെന്നുതന്നെയാണ് മനസ്സിലാകുന്നത് " (ഗിയാസുൽ ഉമം:18) .
മുസ്ലിംലോകത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഇമാമിനെ നിയമിക്കൽ സാധ്യമാകുമോ? സാധ്യമായാൽതന്നെ നിബന്ധനകളൊത്തത് കിട്ടുമോ? നിബന്ധനകളൊത്തത് കിട്ടിയില്ലെങ്കിൽ ഏറ്റവുംകൂടുതൽ നിബന്ധനകളൊത്ത ഒരാളെ കണ്ടു പിടിച്ച് നിയമിച്ചാൽ മുസ്ലിം ലോകം അദ്ദേഹത്തെ അംഗീകരിക്കുകയും ഛിദ്രതയും നാശവും ഇല്ലാതാകുകയും ചെയ്യുമോ? - ഇതെല്ലാം വായനക്കാർക്ക് ചിന്തിക്കാവുന്നതാണ്. മുസ്ലിം രാഷ്ട്രനേതാക്കൾ അധികാരത്തിന് വേണ്ടി വടംവലി കൂടുമ്പോൾ ഈയൊരു നീക്കം അസാധ്യമാണെന്ന് വിശ്വസിക്കലാണ് ബുദ്ധി. പ്രത്യേകിച്ച് സുന്നി-ശിയാ-തീവ്രവാദ ഗ്രൂപ്പുകളൊക്കെ സജീവമായ ഇന്ന് ഒരാളെ പ്രതിഷ്ഠിച്ചാൽതന്നെ അടിപിടിയുടെ വേഗത വർദ്ധിക്കാനാണ് എല്ലാ സാധ്യതകളും കാണുന്നത്.
ഇന്ന് മഹാഭൂരിപക്ഷം മുസ്ലിംരാഷ്ട്രങ്ങളിലും പ്രജകൾക്ക് ജീവനും സ്വത്തിനും മതത്തിനും മറ്റും സുരക്ഷയും കാവലും ലഭിക്കുന്നുണ്ടല്ലോ. ഇമാമിനെ വെക്കാൻ തുനിഞ്ഞാൽ ഉള്ളത് കൂടി നഷ്ടപ്പെടുമോ എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. മുല്ലപ്പൂവിപ്ലവക്കാർ കാണിച്ച അനർത്ഥങ്ങളുടെ പ്രത്യാഘാതം എത്രമാത്രം ഗൗരവതരമായിരുന്നുവെന്ന് ചിന്തിച്ചാൽ ഈ വസ്തുത നമുക്ക് ബോധ്യപ്പെടും. മുല്ലപ്പൂവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത/ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു നാട്ടിലും സമാധാനം പൂർണമായും വന്നിട്ടില്ലല്ലോ. അതേസമയം സാഹചര്യങ്ങളല്ലൊം സമാധാനപരമായി മാറി ചിതറിക്കിടക്കുന്ന മുസ്ലിം രാഷ്ട്രങ്ങൾക്ക് ഒരു പരമോന്നത നേതാവ് വരട്ടെ എന്ന് നമുക്കാശ്വസിക്കാം. അതിന് വേണ്ടി പ്രാർത്ഥിക്കാം.
അതേസമയം ഒന്നിലധികം ഖലീഫമാർ ഒരേസമയം വ്യത്യസ്തഭാഗങ്ങളിൽ പറ്റുമെന്ന് പണ്ഡിതന്മാരിൽ ചിലരെങ്കിലും അഭിപ്രായപ്പെട്ട സ്ഥിതിക്ക് ഇന്നുള്ള മുസ്ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ അതാതു രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ഖലീഫമാർ തന്നെയാണെന്നും തദ്വാര മുസ്ലിംസമുദായത്തിന്റെ നിർബന്ധബാധ്യത നിർവ്വഹക്കപ്പെടുന്നുവെന്നും മനസ്സിലാക്കുന്നവരുണ്ട്. ഈ വീക്ഷണം അസ്ഥാനത്താണെന്നു പറയാനാകില്ല.
ഇതിലപ്പുറം ഖിലാഫത്ത് സ്ഥാപിക്കാൻ ആരും ഒന്നും ചെയ്യേണ്ടതില്ല. എല്ലാം മതം വിലക്കിയതാണ്.
