ഖുർആനിലൂടെ യാത്ര ചെയ്യുന്ന ഗവേഷകൻ വരണ്ടുണങ്ങിയ മരുഭൂമിയിലൂടെയല്ല പോവുന്നത്; പ്രത്യുത സുന്ദരമായ പച്ചക്കറിത്തോട്ടങ്ങൾ, സസ്യശ്യാമളമായ താഴ്വരകൾ, ഇടതൂർന്നു നിൽക്കുന്ന കാനനങ്ങൾ, ഹരിതാഭമായ കൃഷിപ്പാടങ്ങൾ എന്നിവയിലൂടെയാണ്. അവന് അവിടെ അത്തിയും ഈന്തപ്പഴവും മുന്തിരിയും കുമ്പളവും വാഴയും ഇലന്തയും ചീരയും കക്കരിയും ഉള്ളിയും ഒലീവും മാതളവും എല്ലാം ആസ്വദിക്കാം. സമൃദ്ധമായി നിറഞ്ഞുനിൽക്കുകയും പൂത്തുലയുകയും തുടിച്ചുനിൽക്കുകയും ചെയ്യുന്ന ആ കാഴ്ച ആരെയാണ് ആകർഷിക്കാതിരിക്കുക? പുറമെ തേനീച്ചയും മരംകൊത്തിയും എട്ടുകാലിയും ഉറുമ്പുകളും പട്ടിയും പശുവും ചെന്നായയും തുടങ്ങി അനേകം ജീവികൾ അവിടെ വിഹരിക്കുന്നു. പക്ഷികളുടെ കളകൂജനങ്ങൾ വ്യക്തമായി കേൾക്കാം. ചിതലും ഉറുമ്പും പുഴുവും തുടങ്ങിയ വിഘാടകരും കുറവല്ല.
അനുഗ്രഹവും ദൃഷ്ടാന്തവുമായി ഖുർആൻ വർണിക്കുന്ന കാര്യങ്ങളിൽ പ്രകൃതി ചിന്തകരുടെ ശ്രദ്ധ ആകർഷിക്കേണ്ടതുണ്ട്. അല്ലാഹുവിലേക്ക് വഴി കാണിക്കാനും അവന് ഉപാസനകൾ അർപിക്കാനും അവതീർണമായ ഒരു ഗ്രന്ഥം എന്തിന് പ്രകൃതിരമണീയതയെക്കുറിച്ച് പേർത്തും പേർത്തും സംസാരിക്കുന്നു? കലാപരമായി അതിനെ സംവിധാനിച്ച കലാകാരനെക്കുറിച്ച് അവ ഉദ്ഘോഷിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയുടെ താളൈക്യത്തിൽ തങ്ങളുടെ ഇടം അത് അടയാളപ്പെടുത്തുക കൂടി ചെയ്യുന്നില്ലേ? ഹരിതഭൂമി അനുഗ്രഹമാണെന്ന് ബോധ്യപ്പെട്ട മനുഷ്യൻ ആ ചാരുതയെ കെടുത്തിക്കളയുന്നതൊന്നും ചെയ്തുകൂടാ എന്ന വിലപ്പെട്ട പാഠം അതിലില്ലേ?
അതേ, പ്രകൃതിയുടെ - വിശിഷ്യാ സസ്യങ്ങളുടെ - സംരക്ഷണം കൂടി ഖുർആൻ ഉയർത്തിപ്പിടിക്കുന്ന ആശയമാണെന്നാണ് പറഞ്ഞുവരുന്നത്. സസ്യങ്ങളുടെ സാന്നിധ്യമാണ് ഭൂമിയുടെ ജീവനായി ഖുർആൻ ചൂണ്ടിക്കാണിക്കുന്നത്. സസ്യങ്ങൾ ക്രൂരമായി വെട്ടിമുറിക്കുമ്പോൾ മനുഷ്യൻ ഭൂമിയെ കൊല്ലുകയാണോ എന്നല്ലേ ഖുർആൻ പറയാതെ പറയുന്നത്? പൂക്കളുടെ ആഘോഷവും ഇലകളുടെ മർമരവും കാണ്ഡങ്ങളുടെ ചാഞ്ചാട്ടവും വേരുകളുടെ സഞ്ചാരവും ഭൂമിയുടെ അവകാശങ്ങളാണ്. അത് ജീവൻ നൽകുന്നത് ഭൂമിക്കാണ്. അഥവാ ഭൂമിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ സസ്യങ്ങളുടെ പങ്ക് അനിഷേധ്യമാണ് എന്നത്രെ.
മരങ്ങൾ; ഭൂമിയുടെ ജീവൻ
ഖുർആൻ പറയുന്നത് നോക്കൂ:
{ وَنَزَّلۡنَا مِنَ ٱلسَّمَاۤءِ مَاۤءࣰ مُّبَـٰرَكࣰا فَأَنۢبَتۡنَا بِهِۦ جَنَّـٰتࣲ وَحَبَّ ٱلۡحَصِیدِ (9) وَٱلنَّخۡلَ بَاسِقَـٰتࣲ لَّهَا طَلۡعࣱ نَّضِیدࣱ (10) رِّزۡقࣰا لِّلۡعِبَادِۖ وَأَحۡیَیۡنَا بِهِۦ بَلۡدَةࣰ مَّیۡتࣰاۚ كَذَ ٰلِكَ ٱلۡخُرُوجُ} (11) }[Surah Qāf: 9-11]
“നാം ആകാശത്തു നിന്ന് ഉപകാരപ്രദമായ വെള്ളം ഇറക്കി. അതുകാരണമായി അടിയാറുകൾക്ക് ആഹരിക്കാനായി തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും അട്ടിയട്ടിയായ കുലകളുള്ള ഉയർന്നുനിൽക്കുന്ന ഈത്തപ്പനയും നാം ഉത്പാദിപ്പിച്ചു. അങ്ങനെ നാം മരിച്ച നാടിനെ ജീവിപ്പിച്ചു; അങ്ങനെ തന്നെയാണ് പുനരുത്ഥാനവും.”
{ وَءَایَةࣱ لَّهُمُ ٱلۡأَرۡضُ ٱلۡمَیۡتَةُ أَحۡیَیۡنَـٰهَا وَأَخۡرَجۡنَا مِنۡهَا حَبࣰّا فَمِنۡهُ یَأۡكُلُونَ }[Surah Yā-Sīn: 33]
“മരിച്ചഭൂമിയെ നാം ജീവസുറ്റതാക്കി. അതിൽനിന്ന് ധാന്യങ്ങൾ ഉൽപാദിപ്പിച്ചു. അത് അവർ ആഹരിക്കുന്നു.”
{ وَهُوَ ٱلَّذِی یُرۡسِلُ ٱلرِّیَـٰحَ بُشۡرَۢا بَیۡنَ یَدَیۡ رَحۡمَتِهِۦۖ حَتَّىٰۤ إِذَاۤ أَقَلَّتۡ سَحَابࣰا ثِقَالࣰا سُقۡنَـٰهُ لِبَلَدࣲ مَّیِّتࣲ فَأَنزَلۡنَا بِهِ ٱلۡمَاۤءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَ ٰتِۚ كَذَ ٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ }[Surah Al-Aʿrāf: 57]
“തൻ്റെ അനുഗ്രഹമായ മഴയുടെ സുവിശേഷമായി അവനാണ് കാറ്റുകളെ നിയോഗിച്ചത്. അങ്ങനെ അവ ഭാരമുള്ള മേഘങ്ങളെ വഹിച്ചാൽ നാം അതിനെ ഒരു മൃതഭൂമിയിലേക്ക് ആനയിക്കുകയും, എന്നിട്ടവിടെ അതുമുഖേന വെള്ളം ചൊരിയുകയും, അതുമൂലം എല്ലാതരം കായ്കനികളും നാം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. അതുപോലെയാണ് നാം മരിച്ചവരെ പുറത്തുകൊണ്ടുവരുന്നതും.”
وَٱللَّهُ ٱلَّذِیۤ أَرۡسَلَ ٱلرِّیَـٰحَ فَتُثِیرُ سَحَابࣰا فَسُقۡنَـٰهُ إِلَىٰ بَلَدࣲ مَّیِّتࣲ فَأَحۡیَیۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَ ٰلِكَ ٱلنُّشُورُ }[Surah Fāṭir: 9]
“അവനാണ് കാറ്റുകളെ പറഞ്ഞയച്ചത്; അവ മേഘങ്ങളെ ഇളക്കിവിടുന്നു. അങ്ങനെ, മൃതഭൂമിയിലേക്ക് നാം അതിനെ നയിക്കുന്നു. അതുമുഖേന ആ മൃതഭൂമിയെ നാം ജീവനുള്ളതാക്കുന്നു. അങ്ങനെ തന്നെയാണ് മരിച്ച മനുഷ്യരെ നാം പുനരുജ്ജീവിപ്പിക്കുന്നതും.”
ഈ സൂക്തങ്ങളിലെല്ലാം ഭൂമി ഹരിതാഭമാകുമ്പോഴാണ് അതിന് ജീവനുള്ളതായി ഖുർആൻ പറയുന്നത്. അതിൻ്റെ ഇന്ധനമായി ജലം വർത്തിക്കുന്നു. ജലവും അതുമുഖേന ഉണ്ടാകുന്ന സസ്യലതാദികളുമാണ് ഭൂമിയുടെ ജീവൻ! അതിനാൽ ആ ജീവൻ നിലനിൽക്കണമെങ്കിൽ അവ രണ്ടും വേണ്ട രൂപത്തിൽ നാം പരിപാലിച്ചേ പറ്റൂ!
ഭൂമിയുടെ ജീവന് മാത്രമല്ല, മനുഷ്യൻ്റെ ജീവനും സസ്യങ്ങൾ ആവശ്യമാണ്. അവന് ശ്വസിക്കണമെങ്കിൽ ശുദ്ധവായു വേണം. അത് എവിടെനിന്ന് കിട്ടുന്നു? സസ്യങ്ങൾ ഉൽസർജിക്കുന്നതുകൊണ്ടല്ലേ അത് ലഭ്യമാവുന്നത്? ഓരോ നിമിഷവും കോടിക്കണക്കിന് ജനങ്ങൾ കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നു. സസ്യങ്ങളാണ് ഇത് ആഗിരണം ചെയ്യുന്നത്. സസ്യങ്ങളില്ലെങ്കിൽ അന്തരീക്ഷം കാർബൺ ഡയോക്സൈഡ് കൊണ്ട് നിറയും; ശുദ്ധവായു അപ്രാപ്യമാകും. മനുഷ്യജീവിതം അവസാനിക്കും.
വായു മാത്രമല്ല, മനുഷ്യന് അന്നം നൽകുന്നതും സസ്യങ്ങൾ തന്നെ. ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയായ ഉൽപാദകരാണ് സസ്യങ്ങൾ. ഉൽപാദനമില്ലെങ്കിൽ ഉപഭോഗമില്ല. ആടും പോത്തും മുയലും പുല്ല് തിന്നുന്നു. അതുകൊണ്ടാണ് മനുഷ്യന് സസ്യാഹാരമായ ചോറിനൊപ്പം മാംസാഹാരവും കിട്ടുന്നത്. വെള്ളവും വ്യത്യസ്തമല്ല. ജലലഭ്യതയിൽ കാടുകളുടെ സാന്നിധ്യം അനിഷേധ്യമാണ്. കൂടാതെ പഴച്ചാറുകളാണല്ലോ മനുഷ്യൻ്റെ മറ്റൊരു മുഖ്യപാനീയം.
വായുവും വെള്ളവും അന്നവും മാത്രമല്ല, മനുഷ്യന് ജീവിക്കാനിടം നൽകുന്നതും മരം തന്നെ. കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെ കൂടുതൽ സമയം കഴിയാൻ മനുഷ്യനാവില്ല. അവന് തണൽ വേണം; മേൽക്കൂര വേണം. ഓലയും കഴുക്കോലും വേണം. വാതിലും ജനലുമായി മരം മാറുമ്പോഴാണ് മനുഷ്യജീവിതം സൗകര്യപ്രദമാകുന്നത്. അവൻ്റെ ഉടയാടയും പുസ്തകവും മരങ്ങൾ തന്നെ. മരങ്ങളില്ലെങ്കിൽ കടലാസുകളില്ല; വസ്ത്രങ്ങളും.
അപ്പോൾ, മരങ്ങൾ പ്രകൃതിയുടെ താളവും രാഗവും സൗന്ദര്യവും മാത്രമല്ല, അസ്തിത്വവും ജീവനുമാണ്. അന്നവും വെള്ളവും വായുവും ഉടുപ്പും ഇടവും പാഠപുസ്തകവും അത് സമ്മാനിക്കുന്നു. കൂടാതെ കാട്ടിൽ ഉപഭോക്താക്കളുടെ നീണ്ട ശൃംഖലകൾ കാണാം. പച്ചക്കുതിരയും ഓന്തും പാമ്പും മാത്രമല്ല, കഴുകനും കരടിയും വരയാടും വെള്ളിമൂങ്ങയും അവിടെയാണുള്ളത്. ചത്തുചീഞ്ഞതിനെ വീണ്ടും മണ്ണിൻ്റെ ഭാഗമാക്കാൻ പാടുപെടുന്ന വിഘാടകരുടെ അത്ഭുത പ്രപഞ്ചവും അവിടെയുണ്ട്. അതിനാൽ കാടില്ലെങ്കിൽ മനുഷ്യജീവിതം മാത്രമല്ല, ഇതരജീവികളുടെ അസ്തിത്വവും വഴിമുട്ടും. തദ്വാരാ ഭൂമി മരിക്കും; മനുഷ്യനും.
പക്ഷേ, ഉപകാരങ്ങൾ ആവശ്യത്തിലധികം ചൂഷണം ചെയ്യുകയാണ് മനുഷ്യൻ. വനവൽകരണമോ സസ്യസംരക്ഷണമോ മനുഷ്യരുടെ വിചാരത്തിൽ വരുന്നുണ്ടോ? ഒരിക്കലുമില്ല. ആവശ്യത്തിനുവേണ്ടി മാത്രം പ്രകൃതിയെ ഉപയോഗപ്പെടുത്താൻ പഠിപ്പിച്ചതോടൊപ്പം വനവൽകരണത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം.
ഖുർആൻ്റെ വ്യാഖ്യാനമായ ഹദീസിലും വനവൽകരണത്തിൻ്റെ കൽപനകൾ വ്യക്തമായിത്തന്നെ കാണാം. തിരുനബി പഠിപ്പിച്ചു: "വിശ്വാസി ഒരു മരം നട്ടാൽ അതിൽ നിന്ന് തിന്നുന്നതും മോഷ്ടിക്കുന്നതും വീഴുന്നതുമെല്ലാം അവന് ദാനമായി പരിഗണിക്കപ്പെടും" (മുസ്ലിം)
"ഒരു മുസ്ലിം കൃഷി ചെയ്യുകയോ മരം നടുകയോ ചെയ്തു; അതിൽ നിന്ന് മനുഷ്യനോ മൃഗമോ ഭക്ഷിക്കുന്നതെന്തും അവന് ദാനമല്ലാതിരിക്കില്ല" (മുസ്ലിം)
പ്രവാചകാനുചരൻ അനസ് ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു: "അന്ത്യനാൾ അടുത്ത സമയത്താണെങ്കിലും നിങ്ങളുടെ കയ്യിൽ ഒരു വൃക്ഷത്തൈ ഉണ്ടെങ്കിൽ അത് നട്ടേക്കുക" (അഹ്മദ്)
ഭൂമുഖത്തുള്ള ഇക്കോവ്യൂഹങ്ങളിൽ ഏറ്റവും സങ്കീർണമാണ് മഴക്കാടുകൾ. ഉൽപാദക, ഉപഭോക്തൃ, വിഘാടക സമാഹാരമാണിത്. ഉൽപാദകരായ സസ്യങ്ങൾ അവിടെ എഴുന്നുനിൽക്കുന്നു. ഉപഭോക്താക്കളായ ജന്തുക്കൾ എമ്പാടും. വിഘാടകരായി ബാക്ടീരിയകളും കീടങ്ങളും ചിതലും പുഴുക്കളും. ഇവ മൃതശരീരങ്ങളെയും സസ്യഘടകങ്ങളെയും കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളാക്കി പ്രകൃതിയിലേക്ക് മടക്കുന്നു. ചുരുക്കത്തിൽ ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവ്യൂഹമാണ് നിത്യഹരിതവനങ്ങൾ.
ആശങ്കാജനകമായ കാര്യം ഭൂമിയുടെ ജീവനായ ഈ മഴക്കാടുകൾ ഇന്ന് മരുഭൂമികളായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഉത്തരേന്ത്യയിലെ ഇന്നത്തെ മരുപ്രദേശങ്ങൾ രണ്ടായിരം സംവത്സരങ്ങൾക്കു മുമ്പ് മഴക്കാടുകൾ കൊണ്ട് നിബിഡമായിരുന്നുവെന്ന് നിരീക്ഷകർ സമർഥിച്ചിട്ടുണ്ട്. 1980-ലെ കണക്കനുസരിച്ച് കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ഏതാണ്ട് 44 ശതമാനം ഉഷ്ണമേഖലാ വനങ്ങൾ (മഴക്കാടുകൾ) നമുക്ക് നഷ്ടമായി. ഓരോ വർഷവും 75,000 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ വനനശീകരണം മൂലം നശിച്ചുകൊണ്ടിരിക്കുന്നു. ഇക്കണക്കിന് പോയാൽ 80 വർഷം കഴിയുമ്പോൾ മഴക്കാടുകളുടെ സ്ഥാനം മരുഭൂമികൾ ഏറ്റെടുക്കും. വനനശീകരണം കൊണ്ട് വർഷപാതം കുറയുകയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും സാർവത്രികമാവുകയും ചെയ്യുമെന്ന് പ്രകൃതിശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 1951-നും 1973-നും ഇടയ്ക്ക് മാത്രം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളത് 3,400 ച.കി.മീ കാടുകളാണത്രേ!
ജൈവവൈവിധ്യം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവുന്നതും വനനശീകരണത്തിൻ്റെ പ്രത്യാഘാതം തന്നെയാണ്. 1600-നും 1900-നും ഇടയിൽ മാത്രം എഴുപതോളം സസ്യവർഗങ്ങളും ജന്തുവർഗങ്ങളും ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിനകം ഈ നാശത്തിൻ്റെ വേഗത വീണ്ടും കൂടി. ഈ നില തുടർന്നാൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്ന കാലം വിദൂരമല്ല.
ശരിയാണ്; മനുഷ്യനുവേണ്ടി തന്നെയാണ് മരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; ശ്വസിക്കാനും ആഹരിക്കാനും കുടിക്കാനും ഉറങ്ങാനും ഉടുക്കാനും അതിലുണ്ട്. അതിലുമപ്പുറം വികസനത്തിൻ്റെ പൈശാചിക ആർത്തി കാരണം ക്രമാതീതമായി വനങ്ങൾ വേരറുക്കപ്പെടുമ്പോൾ ഭൂമിയുടെ ജീവനാണ് അപഹരിക്കപ്പെടുന്നത്. ജൈവവൈവിധ്യമാണ് നശിക്കുന്നത്. കാലാവസ്ഥയിലാണ് മാറ്റം വരുന്നത്. മഴയെയാണ് ബാധിക്കുന്നത്; ഈർപ്പത്തെയും താപനിലയെയുമാണ് അത് സ്വാധീനിക്കുന്നത്. വരണ്ടുണങ്ങിയ അന്തരീക്ഷത്തെ യന്ത്രലോകം എത്ര ശീതീകരിച്ചാലും അതിൻ്റെ ജൈവികത തിരിച്ചുകിട്ടില്ല. അറിയുക; പച്ചപ്പുകളെയും അതിൻ്റെ കാരണവും അതിൻ്റെ ഫലവുമായ ജലത്തെയും ഭൂമിയുടെ ജീവനായാണ് ഖുർആൻ വിശേഷിപ്പിച്ചത്. അപ്പോൾ പച്ചപ്പുകൾ ക്രമാതീതമായി നശിപ്പിക്കപ്പെടുമ്പോൾ ഭൂമിയുടെ ജീവനാണ് നാം നഷ്ടപ്പെടുത്തുന്നത്.

