വിശുദ്ധ ഖുർആൻ ഇരുപത്തൊമ്പതാം അധ്യായംത്തിന്റെ പേര് തന്നെ ചിലന്തി എന്നാണ്. നാൽപത്തൊന്നാം വചനത്തിൽ ചിലന്തിയെക്കുറിച്ച് പരാമർശിക്കുന്നത് കൊണ്ടാണ് ആ നാമകരണം ലഭിച്ചത്. ഖുർആനിൽ പേര് പറഞ്ഞ ജീവി എന്ന നിലക്ക് ചിലന്തിയെക്കുറിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾ അറേനിയേ (Araneae) എന്ന ഓർഡറിൽ (Order) അരാക്ക്നിഡ (Arachnida) എന്ന ഗോത്രത്തിൽ (Class) പെടുന്നു. ചിലന്തികളെക്കുറിച്ചുള്ള പഠനം അരാനിയോളജി (Araneology) എന്നറിയപ്പെടുന്നു. ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസിൽ ഏതാണ്ട് 44540 സ്പീഷിസ് ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചിലന്തിയുടെ ശരീരത്തെ രണ്ട് ഭാഗമായിത്തിരിക്കാം. തലയും നെഞ്ചും ഒരു ശരീരഭാഗമായും, വയറ് രണ്ടാമത്തെ ശരീരഭാഗമായും കണക്കാക്കാം. മുൻഭാഗത്ത് നാല് ജോഡി കാലുകളും, പെഡിപാൽപ്സ് എന്നറിയപ്പെടുന്ന ഒരു ജോഡി നീളം കുറഞ്ഞ, കാലുപോലുള്ള അനുബന്ധങ്ങളും, ഗ്രന്ഥികൾ സ്ഥിതി ചെയ്യുന്ന ചെളിസെറേ (കടിക്കുന്ന വായ്ഭാഗങ്ങൾ) എന്നറിയപ്പെടുന്ന ഒരു ജോഡി പ്ലയർ ആകൃതിയിലുള്ള ദംഷ്ട്രങ്ങളും ഉണ്ട്. നേർത്ത അരക്കെട്ട് ശരീരത്തിന്റെ മുൻഭാഗത്തെ അതിന്റെ പിൻഭാഗത്ത് നിന്ന് വേർതിരിക്കുന്നു.
ചിലന്തികൾക്ക് എട്ടു കണ്ണുകള് വരെ ഉണ്ടാകും. ആറും നാലും കണ്ണുള്ള സ്പീഷീസും ഉണ്ട്. പൂർവമായി മാത്രം രണ്ടു കണ്ണുള്ളവയുമുണ്ട്. പ്രാണികളെയും മറ്റ് ആര്ത്രോപോഡുകളെയും ഭക്ഷിക്കുന്ന ഒരു വേട്ടക്കാരനാണിത്. ഇതിന് രോമങ്ങളാല് പൊതിഞ്ഞ കട്ടിയുള്ള ഒരു പുറംതൊലി ഉണ്ട്. ചിലന്തി അതിന്റെ പൂര്ണപക്വത പ്രാപിക്കുന്നതിന് മുമ്പ്, ഏഴ് മുതല് എട്ട് തവണ വരെ പുറംതൊലി കൊഴിഞ്ഞാണ് വളരുന്നത്.
ഖുർആനിൽ ബഹുദൈവവിശ്വാസത്തിൻ്റെ നിരർഥകതയും ഫലശൂന്യതയും ചിലന്തിയുടെ ഉപമയിലൂടെ വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നു.
{ مَثَلُ ٱلَّذِینَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوۡلِیَاۤءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَیۡتࣰاۖ وَإِنَّ أَوۡهَنَ ٱلۡبُیُوتِ لَبَیۡتُ ٱلۡعَنكَبُوتِۚ لَوۡ كَانُوا۟ یَعۡلَمُونَ }
[Surah Al-ʿAnkabūt: 41]
“അല്ലാഹുവിനു പുറമേ സഹായികളെ സ്വീകരിച്ചവരുടെ അവസ്ഥ ഒരു വീട് നിർമിച്ച എട്ടുകാലിയുടെ അവസ്ഥക്ക് സമാനമാണ്. ഏറ്റവും ദുർബലമായ വീട് എട്ടുകാലിയുടെ വീട്തന്നെ. അവർ അറിഞ്ഞിരുന്നെങ്കിൽ!”
ഈ ഉപമയും സൂക്തവും സൂചിപ്പിക്കുന്ന ചില കൗതുകങ്ങൾ പങ്കുവെക്കാം.
ഒന്ന് : കേന്ദ്ര ആശയം
ബഹുദൈവാരാധകരുടെ പുറംപൂച്ചുകളും അവയുടെ അർഥരാഹിത്യവും അവരുടെ ദുഃഖകരമായ പരിണിതിയുമാണ് ഈ സൂറത് വിശദീകരിക്കുന്നത്. അത് സംബന്ധമായ സോദാഹരണമുള്ള ഒരു പൊതുപ്രസ്താവനയാണ് സൂക്തത്തിലുള്ളത്. അതിനുദാഹരണമായി തിരഞ്ഞെടുത്തതാണ് വീട് നിർമിച്ച ചിലന്തിയുടെ അവസ്ഥ. അപ്പോൾ ചിലന്തി ഈ സൂറ:യുടെ കേന്ദ്രബിന്ദുവായി മാറുന്നു (അതിനെക്കുറിച്ചുള്ള വിശദമായ ചർച്ച പിറകെ വരുന്നുണ്ട്).
രണ്ട്: കേന്ദ്രസ്ഥാനം
ആശയം കൊണ്ട് മാത്രമല്ല ഘടന കൊണ്ടും എട്ടുകാലി കേന്ദ്രബിന്ദുവാണ്. ഈ സൂറ:യുടെ ഒന്നു മുതൽ 13 വരെയുള്ള സൂക്തങ്ങൾ മുഖവുരയായും അവസാന രണ്ട് സൂക്തങ്ങൾ (68, 69) ഉപസംഹാരമായും കണക്കാക്കാം. അതിനിടയിലുള്ളവയാണ് മുഖ്യഭാഗം; അതായത് 55 സൂക്തങ്ങൾ. ഈ സൂക്തങ്ങളുടെ മധ്യത്തിലാണ് —കൃത്യമായി പറഞ്ഞാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ— ചിലന്തി കേന്ദ്രബിന്ദുവായി നിലകൊള്ളുന്നതായി കാണാം (വിശദീകരണം വഴിയെ).
മൂന്ന്: ഏകാന്ത ജീവിതം
അൻകബ് / അൻകബൂത് ഏകവചനമാണ്. അതിന്റെ ബഹുവചനം
العنكبوتات ، وعناكب ، وعناكيب എന്നൊക്കെയാണ്. ഉറുമ്പിനെയും തേനീച്ചയെയും അധ്യായത്തിന് നാമമായി കൊണ്ടുവന്നപ്പോൾ ബഹുവചനത്തിന്റെ പദമാണ് ഉപയോഗിച്ചത്. അവ സമൂഹമായി ജീവിക്കുന്നവയാണ്; കൂട്ടം തെറ്റിപ്പോയാൽ ഒന്നുകിൽ അവയിലേക്ക് ചെന്ന് ചേരുകയോ അല്ലെങ്കിൽ, ചാവുകയോ മാത്രമാണ് അവരുടെ മുമ്പിലുള്ള ചോയ്സ്! ഒറ്റക്ക് ജീവിക്കാൻ കഴിയില്ലത്ര. എന്നാൽ, എട്ടുകാലി പൊതുവേ അങ്ങനെയല്ല. അത് ഒറ്റക്കാണ് ജീവിക്കുക; സമൂഹമായിട്ടല്ല. ഒറ്റക്കാണ് കൂടുണ്ടാക്കുക. ഇണയോടൊപ്പമുള്ള ജീവിതം തന്നെ അപൂർവമാണ്. വെറുതെ ആയിരിക്കുമോ അധ്യായത്തിന്റെ പേരിലും സൂക്തത്തിലും ചിലന്തിയെ ഏകവചനമായി തന്നെ ഖുർആൻ പ്രയോഗിച്ചത്?
നാല്: സ്ത്രീ മേധാവിത്തം
അൻകബൂത് എന്നത് സ്ത്രീലിംഗമായും പുല്ലിംഗമായും ഉപയോഗിക്കുന്ന വാക്കാണ്. പുല്ലിംഗമായി അറബി കവിതകളിൽ തന്നെ ഇത് ഉപയോഗിച്ചിട്ടുണ്ട്. അബുന്നജ്മിന്റെ കവിതയിൽ 'مما يسدي العنكبوت إذ خلا' എന്ന് കാണാം.
ഇവിടെ 'خلت' എന്ന് സ്ത്രീലിംഗമായിട്ടല്ല പറഞ്ഞിരിക്കുന്നത്; എന്നാൽ ഖുർആൻ 'اتخذت' (അതൊരു വീടുണ്ടാക്കി) എന്ന് സ്ത്രീലിംഗമായിത്തന്നെ പറഞ്ഞു. എട്ടുകാലികളിൽ ആരാണ് വീട് ഉണ്ടാക്കുക? അടിസ്ഥാനപരമായി പെൺചിലന്തി തന്നെയാണ്. ആൺചിലന്തി ചിലപ്പോൾ സഹായിക്കാനോ മറ്റു പണികൾക്കോ ഒക്കെ കൂടിയേക്കാം.
അഞ്ച്: ചിലന്തിവലയല്ല; ചിലന്തിവീട്!
സാധാരണ എട്ടുകാലിയുടെ വീടിനെ കുറിച്ച് പറയുമ്പോൾ 'ചിലന്തിവല' (Spider’s web) എന്നാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എട്ടുകാലിയുടെ 'വല' എന്ന് പറയാതെ ‘വീട് ദുർബലമാണ്‘ എന്ന് പറഞ്ഞതിൽ വല്ല സംഗത്യവുമുണ്ടോ? തീർച്ചയായും ഉണ്ട്!
ചിലന്തിവല അത്ര ദുർബലമല്ല എന്നത് തന്നെ കാരണം. ചിലന്തിവലയ്ക്ക് ശരാശരി ഒരു ഇഞ്ചിന്റെ ഒരു ദശലക്ഷത്തിലൊന്ന് കനം മാത്രമാണുള്ളത്; അഥവാ ഒരു സാധാരണ മനുഷ്യമുടിയുടെ 4000-ൽ ഒരംശം മാത്രം! അവയുടെ സമാന കനമുള്ള സ്റ്റീലിനേക്കാൾ അഞ്ചിരട്ടി ശക്തമാണ് ഈ വല! കൂടാതെ, 'ഓർബ് വീവർ' ഗ്രൂപ്പിൽപ്പെട്ട നെഫില ചിലന്തി നെയ്ത വല, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന കെവ്ലാർ (Kevlar) നിർമിതമായ തത്തുല്യ നൂലിനെക്കാൾ മൂന്നിരട്ടി ശക്തമാണെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇതുകാരണം ചില കനേഡിയൻ കമ്പനികൾ എട്ടുകാലി വലകൾ ഉൽപാദിപ്പിച്ച് അതിൽ നിന്ന് സർജറി നൂലുകളും മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചൂണ്ടയുടെ കണ്ണികളും നിർമിക്കുന്നുവത്രെ. ഒരു വിരലിന്റെ കട്ടിയിലുള്ള വലക്കണ്ണികൾക്ക് ഏത് കരുത്തുള്ള സാധനത്തെയും തടുത്തുനിർത്താൻ കഴിയുമത്രെ; ജംബോ ജെറ്റ് വിമാനത്തെപ്പോലും!
ചിലന്തി നൂലിന് ഏകദേശം $1.3$ GPa ടെൻസൈൽ ശക്തിയുണ്ട്. ഇതിനാൽ ഉറപ്പുള്ള സാധനങ്ങൾ അതിൽ പതിച്ചാൽ ചിതറിപ്പോകാതെ വലയിലെ കണ്ണികൾ നീളുകയും പൊട്ടിപ്പോകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ചിലന്തിയെക്കാൾ വലുപ്പമുള്ള തേനീച്ച മണിക്കൂറിൽ 32 കി.മീ. വേഗത്തിൽ വലയിൽ വന്നുപതിച്ചാലും വല പൊട്ടാതെ അതിനെ പിടിച്ചുനിർത്താൻ ചിലന്തിവലയ്ക്ക് കഴിയുന്നു.
ചുരുക്കത്തിൽ, ചിലന്തിയുടെ വല (നൂൽ) ഭൂമിയിൽ ലഭ്യമായ ഏറ്റവും ശക്തമായ പദാർഥങ്ങളിൽ ഒന്നാണ്. അതുകൊണ്ടായിരിക്കണം സാധാരണ ഉപയോഗിക്കുന്ന 'നസ്ജ്', 'ഖൈത്' എന്നീ പദങ്ങൾ ഉപയോഗിക്കാതെ 'ബൈത്' (വീട്) എന്ന് ഖുർആൻ ഉപയോഗിച്ചത്. വീടിന്റെ പ്രാഥമികമായ ധർമം ചൂട്, തണുപ്പ്, കാറ്റ് എന്നിവയെ പ്രതിരോധിക്കുക, ശത്രുക്കളിൽ നിന്ന് രക്ഷനേടുക എന്നൊക്കെയാണല്ലോ. ഇക്കാര്യങ്ങളിൽ ഈ വീട് ദുർബലമാണ്. മേൽപ്പറഞ്ഞ ശക്തിയൊക്കെയുണ്ടായിട്ട് എന്ത് കാര്യം? പ്രാഥമിക ആവശ്യങ്ങൾ തന്നെ നടക്കുന്നില്ലല്ലോ.
ബഹുദൈവാരാധകർ ഭൗതികമായി വലിയ ശക്തിയും ആളും അർഥവുമുള്ളവരായിരുന്നു; പാറ തുറന്ന് വീടുണ്ടാക്കിയ സമൂദ് ഗോത്രവും അമ്പരചുംബികളായ ഗോപുരങ്ങൾ ഉണ്ടാക്കിയ ഫറോവമാരും സാമ്പത്തിക അഭിവൃദ്ധിയും ശിങ്കിടികളും ഒട്ടേറെയുള്ള ഖുറൈശികളും! അല്ലാഹുവിന് പുറമെ ദൈവങ്ങളെ സ്വീകരിക്കുന്നതോടുകൂടി ആത്യന്തികമായ വിജയവും സഹായവും അവർക്ക് നഷ്ടമായി. ഭൗതികമായ സംവിധാനങ്ങളല്ല പ്രധാനം; അവ ജീവിതലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ അവയെല്ലാം നിരർഥകമാണ്, ഫലശൂന്യമാണ് —വീടിന്റെ ആവശ്യത്തിനുവേണ്ടി നിർമിച്ച എട്ടുകാലിവലയെപ്പോലെ!
ആറ്: വീടല്ല; കൊലക്കളം!
വീട് എന്ന പ്രയോഗത്തിന് സുപ്രധാനമായ മറ്റൊരു തലമുണ്ട്. വീട് കേവലം ഒരു കെട്ടിടമല്ല; അത് നമുക്ക് സ്വസ്ഥതയും നിർഭയത്വവും നൽകുന്ന ഇടമാണ്. മാനസിക സംഘർഷങ്ങൾ കെട്ടഴിയുന്നത് അവിടെയാണ്; ഭാരങ്ങൾ ഇറക്കിവെക്കുന്നത് അവിടെയാണ്. ഭൗതികസൗകര്യങ്ങൾ കുറവാണെങ്കിലും കുടുംബത്തോടൊപ്പം സന്തോഷത്തോടെ രസിക്കാനും രമിക്കാനുമുള്ള ഇടമാണ് വീട്.
എന്നാൽ പല ചിലന്തികളുടെയും കഥ അതല്ല! അവ ഇണചേരുന്നത് തന്നെ വിചിത്രമാണ്. ഇണചേർന്നശേഷം ചില പെൺചിലന്തികൾ ആൺചിലന്തിയെ തിന്നുകളയും! പുറത്തിറങ്ങുന്ന കുട്ടികൾ ചിലപ്പോൾ അമ്മയെത്തന്നെ കൊന്നുതിന്നും! കണക്കിന് കുഞ്ഞുങ്ങൾ അമ്മയുടെ വയറ്റിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയിലുണ്ടാകും. പുറത്തിറങ്ങുന്നതോടെ കലാപം ആരംഭിക്കുകയായി; പലതും പരസ്പരം കൊല്ലും. ഇതാണ് എട്ടുകാലിയുടെ വീടിന്റെ അവസ്ഥ. അവിടെ അച്ഛനും അമ്മയ്ക്കും സഹോദരന്മാർക്കും ഒരു രക്ഷയുമില്ല! ഇതല്ലേ ലോകത്തെ ഏറ്റവും ദുർബലമായ വീട്? എത്ര കരുത്തുള്ള മെറ്റീരിയൽ കൊണ്ട് നിർമിച്ചതാണെങ്കിലും ആന്തരികമായ അർഥത്തിൽ അത് ഏറെ ദുർബലമാണ്! എത്ര കൃത്യമാണ് വിശുദ്ധ ഖുർആന്റെ പ്രയോഗങ്ങൾ!
ഏഴ്:
സൂക്തത്തിന്റെ അവസാനം 'അവർ അറിഞ്ഞിരുന്നെങ്കിൽ' എന്ന് പറയുന്നുണ്ട്. ഇതൊക്കെ വേണ്ട രൂപത്തിൽ അറിഞ്ഞാൽ അവർ ബഹുദൈവാരാധനയിൽ അകപ്പെടുമായിരുന്നില്ല; മറ്റു ദൈവങ്ങളെ സഹായികളാക്കുമായിരുന്നില്ല. ദൃഷ്ടാന്തങ്ങൾ ശരിയായ രൂപത്തിൽ മനസ്സിലാകണമെങ്കിൽ വൈജ്ഞാനികമായ മികവ് വേണം എന്ന് കൂടി ഈ സൂക്തം സൂചിപ്പിക്കുന്നുണ്ട്. വിവരമുള്ളവർക്ക് മാത്രമേ ഈ ദൃഷ്ടാന്തങ്ങൾ തിരിയുകയുള്ളൂ എന്ന് ഉടനെത്തന്നെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. തേനീച്ചയിലും ചിലന്തിയിലും പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്; പഠിച്ചുവരുമ്പോൾ ഉപമയുടെ നാനാർഥങ്ങൾ നമുക്ക് മനസ്സിലാകുന്നു.
ഇതൊക്കെ തിരുനബി സ്വന്തമായി മെനഞ്ഞുണ്ടാക്കിയതാണെന്ന് നാം പറയണമോ? അതല്ല, എല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ജഗന്നിയന്താവിന്റെ വചനങ്ങളോ?

