ഭൂമിയെക്കുറിച്ച് 461 സ്ഥലങ്ങളിൽ ഖുർആൻ പരാമർശിക്കുന്നു. മനുഷ്യനെ നേർവഴിയിലേക്ക് നയിക്കുവാൻ വേണ്ടി സ്രഷ്ടാവ് അവതരിപ്പിച്ച വിശുദ്ധ വേദത്തിൽ ഇത്രയും തവണ പരാമർശിക്കാൻ ഭൂമിക്ക് എന്താണിത്ര മഹത്വം? വ്യാഴം, ശനി തുടങ്ങിയ ഇതരഗ്രഹങ്ങളെ അപേക്ഷിച്ചും സൂര്യനടക്കമുള്ള ചെറുതും വലുതുമായ നക്ഷത്രങ്ങളെ അപേക്ഷിച്ചും വളരെ ചെറുതാണ് ഭൂമി! എന്നിട്ടും ഭൂമിയെ ഇങ്ങനെ പറയണമെന്നുണ്ടോ?
ശരിയാണ്. ഭൂമി നന്നേ ചെറുതാണ്. തൊട്ടടുത്ത് കിടക്കുന്ന നക്ഷത്രമായ സൂര്യന് ഭൂമിയെക്കാൾ 333,000 ഇരട്ടി ഭാരമുണ്ട്. 13 ലക്ഷം ഭൂമികൾ സൂര്യനുള്ളിൽ കൊള്ളുമത്രെ! സൂര്യൻ ഒരു നക്ഷത്രം മാത്രമാണ്. അതുപോലെയുള്ള, അതിനെക്കാൾ കോടിക്കണക്കിന് ഭാരവും വലിപ്പവും ഊർജവുമുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. ഇത്തരം നക്ഷത്രക്കൂട്ടങ്ങളാണ് ആകാശഗംഗ (ഗ്യാലക്സി). പ്രപഞ്ചത്തിൽ ഇതുപോലുള്ള കോടിക്കണക്കിന് ഗ്യാലക്സികളുണ്ട്. ഓരോ നക്ഷത്രങ്ങളും തമ്മിൽ കോടിക്കണക്കിന് പ്രകാശവർഷങ്ങളുടെ അകലമുണ്ട്.
ഇങ്ങനെ ചിന്തിക്കുമ്പോൾ ഭൂമി എത്ര നിസ്സാരമെന്ന് തോന്നും. പക്ഷേ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂമി ഏറെ വലുതാണ്. മറ്റു പ്രപഞ്ചവസ്തുക്കളെക്കാൾ ഏറെ പ്രധാനവുമാണ്. പ്രപഞ്ചത്തിൽ തന്നെയും ഇതര പ്രാപഞ്ചിക വസ്തുക്കളെക്കാൾ ഇടം ഭൂമിക്കുണ്ട്. 40,000 കിലോമീറ്റർ ചുറ്റളവുണ്ട് ഭൂമിക്ക്. 12,756 കി.മി വ്യാസം. സൗരയൂഥത്തിൻ്റെ കേന്ദ്രമായ സൂര്യനിൽ നിന്ന് 149,597,890 കി.മി അകലെയാണ് ഭൂമി. ഒരു വൈക്കോൽ കൂനക്ക് മുകളിലെ ഉറുമ്പിനെപ്പോലെ ഒന്നര മീറ്റർ മാത്രം നീളമുള്ള മനുഷ്യന് മുമ്പിൽ ഭൂമി നീണ്ടുപരന്ന് സ്വതന്ത്രമായി കിടക്കുകയാണ്. ഭൂമിയല്ലാത്ത മറ്റെവിടെയെങ്കിലും ജീവജാലങ്ങൾ നിലനിൽക്കുന്നതായി ഇന്നുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല! ഈ ഗ്രഹങ്ങളിലൊന്നും മനുഷ്യനോ ജന്തുക്കളോ ഇല്ലെങ്കിൽ പിന്നെയെന്തിനാണിവയൊക്കെ?
എല്ലാം ഒരു ദൃഷ്ടാന്തമാണ്. ചിന്താശക്തി ഉപയോഗിച്ച് മനുഷ്യന് ഭൂമിയുടെ, ഗ്രഹങ്ങളുടെ, നക്ഷത്രങ്ങളുടെ, ഗ്യാലക്സികളുടെ, ക്ലസ്റ്ററുകളുടെ സ്രഷ്ടാവായ പ്രപഞ്ചനാഥനെ കണ്ടെത്താനാകും. അതിനാണ് ആകാശഭൂമികളെക്കുറിച്ച് സ്രഷ്ടാവ് തൻ്റെ മഹാഗ്രന്ഥത്തിൽ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
നിരന്തരം ഭൂമിയെക്കുറിച്ച് പറയുന്ന ഖുർആൻ ഭൂമിശാസ്ത്ര വിജ്ഞാനത്തിലേക്ക് ശക്തമായ പ്രേരണകൂടി നൽകുന്നുണ്ട്. കൂടാതെ, ഭൂമിയെക്കുറിച്ച് സ്രഷ്ടാവ് പലയിടങ്ങളിലായി ചില വിലപ്പെട്ട അറിവുകളും സൂചനകളും നൽകുന്നുണ്ട്. ഖുർആനിന്റെ അത്തരം ചില സൂചനകളെക്കുറിച്ച് ആദ്യം ചർച്ച ചെയ്യാം. ശാസ്ത്രം തീരെ പുരോഗമിച്ചിട്ടില്ലാത്ത, അക്ഷരജ്ഞാനം പോലും ആർജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം അറിവുകളുമായി മുഹമ്മദ് നബി കടന്നുവരുന്നു എന്നത് വിശുദ്ധ ഖുർആനിൻ്റെ ദൈവീക സ്രോതസ്സിനെയാണ് കൃത്യമായി അടയാളപ്പെടുത്തുന്നത്.
ഭൂഗർഭശാസ്ത്രം
ഭൂമിയിലൂടെ സഞ്ചരിക്കാൻ ഖുർആൻ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും സൃഷ്ടിയുടെ ഉൽപത്തിയെക്കുറിച്ചും തെമ്മാടികളുടെ പതനത്തെക്കുറിച്ചും ഗവേഷണം നടത്താൻ വേണ്ടിയാണ് ഈ സഞ്ചാരം ആവശ്യപ്പെടുന്നത്. ഭൂമിയിലൂടെയുള്ള സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ചില സൂക്തങ്ങൾ ശ്രദ്ധിക്കാം.
{ قُلۡ سِیرُوا۟ فِی ٱلۡأَرۡضِ فَٱنظُرُوا۟ كَیۡفَ كَانَ عَـٰقِبَةُ ٱلۡمُجۡرِمِینَ }[Surah An-Naml: 69]
“പറയുക. ഭൂമിയിലൂടെ സഞ്ചരിക്കുവിൻ. തെമ്മാടികളുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് കണ്ടെത്തുവിൻ.”
{ قُلۡ سِیرُوا۟ فِی ٱلۡأَرۡضِ ثُمَّ ٱنظُرُوا۟ كَیۡفَ كَانَ عَـٰقِبَةُ ٱلۡمُكَذِّبِینَ} [Surah Al-Anʿām: 11]
“പറയൂ. ഭൂമിയിലൂടെ യാത്രചെയ്യൂ. നിഷേധികളുടെ ശിക്ഷ എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കുവിൻ.”
{ قُلۡ سِیرُوا۟ فِی ٱلۡأَرۡضِ فَٱنظُرُوا۟ كَیۡفَ بَدَأَ ٱلۡخَلۡقَۚ }[Surah Al-ʿAnkabūt: 20]
“പ്രഖ്യാപിക്കുക; ഭൂമിയിലൂടെ നടക്കുവിൻ. എങ്ങനെയാണ് സൃഷ്ടിപ്പ് തുടങ്ങിയതെന്ന് പഠിക്കുവിൻ.”
{ قُلۡ سِیرُوا۟ فِی ٱلۡأَرۡضِ فَٱنظُرُوا۟ كَیۡفَ كَانَ عَـٰقِبَةُ ٱلَّذِینَ مِن قَبۡلُۚ }[Surah Ar-Rūm: 42]
“ഭൂമിയിലൂടെ സഞ്ചരിക്കുവിൻ എന്നും മുൻകാലക്കാരുടെ അന്ത്യമെങ്ങനയിരുന്നുവെന്ന് പഠിക്കുവിൻ എന്നും അങ്ങ് പറഞ്ഞേക്കുക.”
{ أَفَلَمۡ یَسِیرُوا۟ فِی ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبࣱ یَعۡقِلُونَ بِهَاۤ أَوۡ ءَاذَانࣱ یَسۡمَعُونَ بِهَاۖ }[Surah Al-Ḥajj: 46]
“അവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? ചിന്തിക്കുന്ന മനസ്സുകളും കേൾക്കുന്ന കാതുകളും അവർക്കില്ലേ?”
യാത്രയും പഠനവും ഗവേഷണവും ആവർത്തിച്ച് ആവശ്യപ്പെടുകയാണ് വിശുദ്ധ ഖുർആൻ. ഖുർആനിൽ പതിനാല് സൂക്തങ്ങളിലെങ്കിലും ഈ പ്രേരണ വ്യക്തമായിക്കാണാം.
ഭൂമിയിലൂടെ സഞ്ചരിച്ചാൽ ഇത്തരം ഗവേഷണങ്ങൾക്കനുകൂലമായ പല വിവരണങ്ങളും കിട്ടുമെന്ന് വ്യക്തം. പക്ഷെ, ഒരു ബാഹ്യസഞ്ചാരം കൊണ്ട് മാത്രം അതുകിട്ടിക്കൊള്ളണമെന്നില്ല. അതിനു ഭൂമിയുടെ ഉള്ളിലേക്കിറങ്ങണം. ഒളിഞ്ഞുകിടക്കുന്ന ഫോസിലുകളെ ഖനനം ചെയ്തെടുക്കണം. ഭൂഗർഭശാസ്ത്രവും ഫോസിൽ പഠനവും പുരോഗമിക്കുമ്പോൾ പല ചരിത്രവസ്തുതകളും ചുരുളഴിയും. ഖുർആനിലേക്ക് ശ്രദ്ധിച്ചു നോക്കുക. ഭൂമിയിലൂടെ നടക്കുന്നതിനെക്കുറിച്ച് സൂറതുൽ ഫുർഖാനിൽ "അലൽഅർള്" (ഭൂമിക്ക് മുകളിലൂടെ) എന്ന് പ്രയോഗിച്ച ഖുർആൻ, ഉൽപത്തിയെക്കുറിച്ചും ചരിത്രസംഭവങ്ങളെക്കുറിച്ചും ഗവേഷണം നടത്താൻ വേണ്ടി സഞ്ചരിക്കാൻ ആവശ്യപ്പെടുന്ന സൂക്തങ്ങളിൽ (ഫിൽഅർളി) എന്നാണ് പറയുന്നത്. 'ഫിൽ അർളി' എന്ന വാക്കിന് 'ഭൂമിക്കുള്ളിൽ’ എന്നാണല്ലോ പ്രാഥമികാർഥം. ഭൂമിക്കുള്ളിലൂടെയുള്ള സഞ്ചാരമായിരുന്നു ആദിൻ്റെയും സമൂദിൻ്റെയും മറ്റും അന്ത്യങ്ങളിലേക്ക് സൂചനകൾ നൽകുന്ന അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചത്. പ്രപഞ്ചോൽപത്തിയെക്കുറിച്ച് ഒരു വൻ അന്വേഷണം നടക്കുന്നുണ്ടല്ലോ. ഇപ്പോൾ സ്വിറ്റ്സർലൻ്റിൻ്റെയും ഫ്രാൻസിൻ്റെയും അതിർത്തിയിൽ. അതും ഭൂമിയുടെ വെളിയിലല്ല. ഉള്ളിൽ വെച്ചാണെന്നോർക്കുക.
എഴു ഭൂമികൾ
പ്രപഞ്ചത്തിൽ എത്ര ഭൂമികളുണ്ട്? അത് ഖുർആൻ വ്യക്തമായി പറയുന്നില്ല. എന്നാൽ, ചില തിരുവചനങ്ങളിൽ നിന്ന് ഭൂമികളുടെ എണ്ണം ഏഴാണെന്ന് വ്യക്തമാകുന്നുണ്ട്. ആരെങ്കിലും ഒരു ചാണളവ് ഭൂമി അക്രമമായി കൈക്കലാക്കിയാൽ ഏഴ് ഭൂമികളിൽ നിന്ന് അത് അവന്റെ കഴുത്തിൽ മാലയായി അണിയിക്കപ്പെടുമെന്ന തിരുവചനം ബുഖാരിയും മുസ്ലിമും അടക്കമുള്ള തിരുവചനം റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ പണ്ഡിതന്മാരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. തിരുനബിയുടെ പ്രാർഥനയിൽ 'ഏഴ് ഭൂമികളുടെ നാഥാ' എന്ന് അല്ലാഹുവിനെ വിളിക്കുന്നതായി കാണാം. നസാഇ, ബൈഹഖി, ഹാകിം, ത്വബ്റാനി, ഇബ്നുഹിബ്ബാൻ, ഹൈസമി, ബസാർ എന്നിവർ ഈ തിരുവചനം ഉദ്ധരിച്ചിട്ടുണ്ട്. ‘അല്ലാഹു ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയിൽ നിന്ന് അതുപോലെയുള്ളതും’ എന്ന സൂക്തത്തിൽ (ഖു. 65:12), അതുപോലെയുള്ള എന്നതിൻ്റെ വിവക്ഷിതം ഏഴു ഭൂമിയാണെന്ന് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പ്രപഞ്ചത്തിൽ ഏഴ് ഭൂമിയുണ്ടെങ്കിൽ അത് എവിടെ എന്ന ചോദ്യം പ്രസക്തമാണ്. ഭൂമിയിൽ ഏഴു വൻകരകളുണ്ടെന്ന് നമുക്കറിയാം. ഓരോ വൻകരക്കും ഭൂമി എന്ന പേര് സാർഥകമാണല്ലോ. അതായിരിക്കുമോ ഈ ഏഴു ഭൂമികൾ? ഭൂമി ഏഴു അടുക്കുകളായിട്ടാണത്രെ സംവിധാനിച്ചിട്ടുള്ളത്. ഇവ ഇങ്ങനെ വർഗീകരിക്കാം.
1. Lithosphere(Water)
2. Lithosphere(Land)
3. Asthenosphere
4. Upper mantle
5. Inner Mantle
6. Outer Core
7. Inner Core
ഈ ഏഴു അടുക്കുകൾ തന്നെയാണോ ഏഴ് ഭൂമികൾ? അതല്ല, ഭൂമിക്ക് പുറമെ ജീവൻ നിലനിൽക്കാനാവശ്യമായ സംവിധാനങ്ങളുള്ള വേറെയും ആറു ഭൂമികളുണ്ടോ? സൗരയൂഥത്തിന് പുറത്ത് ഭൂമിക്കു സമാനമായ വേറെയും ഗ്രഹങ്ങളുള്ളതായി കണ്ടത്തിയതായി ഈയ്യിടെ പത്രത്തിൽ വായിച്ചതോർക്കുന്നു. ഒരു ഭൂമിയിൽ നിന്ന് അടുത്ത ഭൂമിയിലേക്കുള്ള ദൂരം അഞ്ഞൂറ് വർഷമാണെന്ന് ചില തിരുനബി വചനങ്ങളിൽ കാണുന്നുണ്ട്. അഞ്ഞൂറു വർഷം കാൽനടയെന്നോ വിമാനയാത്രയെന്നോ പ്രകാശവേഗതയെന്നോ മറ്റോ നിജപ്പെടുത്തിയിട്ടില്ല. ഈ തിരുവചനം സ്വഹീഹാണെങ്കിൽ പുതിയ ഭൂമി തേടിയുള്ള യാത്രക്ക് സാധ്യതകളുണ്ട്.
ഏഴു ഭൂമിയും മനുഷ്യരും
ഏഴ് ഭൂമികളിലേക്ക് സൂചന നൽകുന്ന ഖുർആൻ വചനത്തെ വ്യാഖ്യാനിച്ച് ഇബ്നു അബ്ബാസ് പറയുന്നു: "ഏഴു ഭൂമികൾ, എല്ലാറ്റിലും നിങ്ങളുടെത് പോലെയുള്ള നബിയുണ്ട്. ആദമിനെപ്പോലെ ആദം, നൂഹിനെപ്പോലെയുള്ള നൂഹ്, ഇബ്റാഹീമിനെപ്പോലെയുള്ള ഇബ്റാഹീം, ഈസായെപ്പോലെയുള്ള ഈസ".
ഈ രേഖ കുറ്റമറ്റ നിവേദന പരമ്പരയിലൂടെ ഉദ്ദരിക്കപ്പെട്ടതാണോ? ഇമാം ഹാകിമും ദഹബിയും ഇബ്നു അബ്ബാസിൽ നിന്ന് കുറ്റമറ്റ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, തിരുനബി പറഞ്ഞതായി അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇബ്നു അബ്ബാസ്, ബനൂ ഈസ്റാഈല്യരിൽ നിന്ന് ഉദ്ധരിച്ചതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 'ബനൂ ഇസ്റാഈല്യരിൽ നിന്ന് നിങ്ങൾ ഉദ്ധരിച്ചു കൊള്ളുക. അവരെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ വേണ്ടതില്ല' എന്ന് തിരുനബി അരുളിയിട്ടുണ്ടല്ലോ. അബൂ ഹയ്യാൻ ഈ തിരുവചനം നിർമിതമാണെന്ന് ആരോപിച്ചിട്ടുണ്ട്.
മതപരമായോ ബൗദ്ധികമായോ ഈ പ്രമാണത്തിന് യാതൊരു പ്രശ്നവുമില്ലെന്നാണ് ആലൂസിയുടെ പക്ഷം. ഈ ഭൂമിയിലെ മനുഷ്യർക്ക് ഒരു തുടക്കം എന്ന പോലെ (ആദം) മറ്റു ആറുഭൂമിയിലെ ആളുകൾക്കും അങ്ങനെയുണ്ട്. ഭൂമിയിൽ വിശിഷ്ടന്മാരായ പ്രവാചകന്മാർ ഉള്ളതുപോലെ അവിടെയും ജനങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഉണ്ട് എന്നാവാം പ്രസ്തുത തിരുവചനത്തിന്റെ വിവക്ഷയെന്നും അദ്ദേഹം വാദിക്കുന്നു.
ഭൂമിയിലെ മനുഷ്യൻ തിരുനബിയിലും ആദമിലും നൂഹിലുമൊക്കെ വിശ്വസിക്കേണ്ടതുപോലെ ഓരോ ഭൂമിയിലെ മനുഷ്യരും അങ്ങനെ വിശ്വസിക്കേണ്ടവരാണ്. നാം ഇബ്റാഹീം നബിയിൽ വിശ്വസിക്കേണ്ട മുറപോലെ അവരും വിശ്വസിക്കണം. അപ്പോൾ നമുക്ക് ഇബ്റാഹീം നബിയുള്ളതുപോലെ അവർക്കുമുണ്ട് എന്നു പറയാമല്ലോ. ഇങ്ങനെയും സാധ്യത ഇവിടെ തെളിയുന്നുണ്ട്. അപ്പോൾ അവിടെ ആരാണ് ബോധനം നടത്തുകയെന്നത് ഒരു പ്രശ്നമാണ്. മറ്റേതെങ്കിലും ഭൂമികളിൽ ഏതെങ്കിലും പ്രവാചകന്മാർ പോയതായി നമുക്കറിയില്ല. ജിന്നുകൾ പ്രബോധനം നടത്താനുള്ള സാധ്യത നിഷേധിച്ചുകൂടാ. തിരുനബിയുടെ ആഗമനത്തോടെ ജിന്നുകൾക്ക് ആകാശങ്ങളിലേക്കുള്ള പ്രവേശം നിഷേധിക്കപ്പെട്ടത് മാത്രമല്ലേ നമുക്കറിയൂ. ഭൂമികളിലേക്ക് നിഷേധിക്കപ്പെട്ടത് അറിയില്ല. തിരുനബിയിൽ നിന്ന് കിട്ടിയ സന്ദേശങ്ങൾ അവിടെ വിന്യസിപ്പിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ക്ഷിപ്രസാധ്യമാണല്ലോ. ഇനി എങ്ങാനും ഇത്തരം പുതിയ ഭൂമികൾ കണ്ടെത്തിയാൽ സാറ്റ്ലൈറ്റുകളും മറ്റും ഉപയോഗിച്ച് നേരിട്ട് ഒരു ദഅ്വാ സാധ്യതയുണ്ട്. എക്സോബയോളജിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്ന ഇക്കാലത്ത് ഈ ചിന്തകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.

