വിശുദ്ധ ഖുർആനിലെ പതിനാറാമത്തെ അധ്യായമാണ് അന്നഹ്ൽ. തേനീച്ചകൾ എന്ന് അർഥം പറയാം. ഈ അധ്യായത്തിലെ 68, 69 സൂക്തങ്ങളിൽ തേനീച്ചയെക്കുറിച്ച് പരാമർശിക്കുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.
തേനീച്ച എന്ന ശീർഷകം ലഭിക്കാൻ അതുമാത്രമാണോ കാരണം? അതിനുമപ്പുറം ഈ അധ്യായവും തേനീച്ചയും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന അന്വേഷണമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതറിയാൻ ഈ അധ്യായത്തിന്റെ (സൂറതിന്റെ) ഉള്ളടക്കം എന്താണെന്ന് എന്നതിനെക്കുറിച്ച് ഒരു ധാരണ വേണം.
വിശ്വാസകാര്യങ്ങൾ, വിശ്വാസദൃഢതയിലേക്ക് മനുഷ്യനെ നയിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ, വിശ്വാസി ആർജിച്ചിരിക്കേണ്ട സ്വഭാവമഹിമകൾ വിശദീകരിക്കുന്ന ധർമോപദേശങ്ങൾ എന്നിവയാണ് ഈ അധ്യായത്തിലെ പ്രധാന പ്രമേയങ്ങൾ.
വിശ്വാസ കാര്യങ്ങൾ
ഖുർആൻ എല്ലാ സൂറതുകളിലും (അധ്യായം) പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരിക്കുന്ന മൂന്ന് അടിസ്ഥാന തത്വങ്ങളാണ് അൽ ഉസൂലുസ്സലാസ. ഒന്ന്: തൗഹീദ്, (ഏകദൈവ വിശ്വാസം) രണ്ട്: രിസാലത്, പ്രവാചകത്വം) മൂന്ന്: ആഖിറത് (പരലോകം).
ഈ സൂറതും വ്യത്യസ്തമല്ല. ഇസ്ലാമിലെ വിശ്വാസകാര്യങ്ങളിലെ മൂലതത്വങ്ങൾ ഇവ തന്നെയാണ്. സൂറതുന്നഹ്ൽ 89-ാം ആയത് വരെ (ആ സൂക്തമടക്കം) ഈ മൂന്നു കാര്യങ്ങൾ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ തെളിവായി ഉദ്ധരിച്ച് വിശദീകരിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അവസാനം വരെയുള്ള സൂക്തങ്ങളിൽ പ്രധാനമായും പരലോക മോക്ഷത്തിനായി കുറെ ധർമോപദേശങ്ങളും നടത്തുന്നു.
ലോകത്തിന് ഒരു സ്രഷ്ടാവുണ്ട്. അവൻ ഏകനാണ്. സ്രഷ്ടാവ് എന്ന നിലയ്ക്കുള്ള വണക്കങ്ങൾ മുഴുവനും അവൻ മാത്രമാണ് അർഹിക്കുന്നത്; ഇതാണ് തൗഹീദ്. പ്രപഞ്ചത്തിലെ ചെറുതും വലുതുമായ പ്രതിഭാസങ്ങൾ, പ്രാപഞ്ചിക വസ്തുക്കൾ, ജീവജാലങ്ങൾ എന്നിവയെല്ലാം ഏകദൈവ വിശ്വാസത്തിലേക്ക് - തൗഹീദിലേക്ക് - മനുഷ്യനെ നയിക്കുന്ന ദൃഷ്ടാന്തങ്ങളാണെന്നും, ആ സത്യത്തിലേക്ക് വഴി നടത്താൻ വേണ്ടി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും (രിസാലത്), അവരെ വിശ്വസിക്കുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ പരലോകത്ത് രക്ഷപ്പെടാമെന്നും ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും (ആഖിറത്) ആണ് ഈ സൂറത് മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ രത്നച്ചുരുക്കം.
കുറെ ദൃഷ്ടാന്തങ്ങൾ പറയുകയും അവയ്ക്ക് മുൻപും അവയ്ക്കിടയിലും ശേഷവും അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും ഓർമിപ്പിക്കുകയും ചെയ്യുന്ന ഒരു ശൈലിയാണ് ഈ സൂറ:യിൽ സ്വീകരിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ദൃഷ്ടാന്തങ്ങൾ പറയും; പിന്നാലെ പടച്ചവനെക്കുറിച്ചും പരലോകത്തെക്കുറിച്ചും പറയും. വീണ്ടും ദൃഷ്ടാന്തങ്ങൾ വിശദീകരിക്കും - ഇങ്ങനെയാണ് ഇതിന്റെ ഘടന.
അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്:
{ أَتَىٰۤ أَمۡرُ ٱللَّهِ فَلَا تَسۡتَعۡجِلُوهُۚ سُبۡحَـٰنَهُۥ وَتَعَـٰلَىٰ عَمَّا یُشۡرِكُونَ } {یُنَزِّلُ ٱلۡمَلَـٰۤىِٕكَةَ بِٱلرُّوحِ مِنۡ أَمۡرِهِۦ عَلَىٰ مَن یَشَاۤءُ مِنۡ عِبَادِهِۦۤ أَنۡ أَنذِرُوۤا۟ أَنَّهُۥ لَاۤ إِلَـٰهَ إِلَّاۤ أَنَا۠ فَٱتَّقُونِ }[Surah An-Naḥl: 1, 2]
“അല്ലാഹുവിന്റെ തീരുമാനപ്രകാരം നടക്കാനിരിക്കുന്ന ന്യായവിധിനാൾ ഇതാ ഇങ്ങ് എത്തിക്കഴിഞ്ഞു. നിങ്ങൾ ധൃതി കാണിക്കേണ്ടതില്ല. അവൻ വിശുദ്ധനാണ്. അവർ അവനോട് പങ്കുചേർക്കുന്ന എല്ലാകാര്യങ്ങളിൽനിന്നും അല്ലാഹു എത്രയോ ഉന്നതനായിരിക്കുന്നു.”
“അല്ലാഹു അല്ലാതെ മറ്റു ആരാധ്യനില്ല; അതുകൊണ്ട് എന്നെ മാത്രം നിങ്ങൾ ഭയപ്പെടുവിൻ’ എന്ന് മുന്നറിയിപ്പു നൽകാൻ വേണ്ടി അവൻ ഉദ്ദേശിക്കുന്ന അവന്റെ ഇഷ്ടദാസന്മാർക്ക് തൻ്റെ കൽപനകൾ അടങ്ങുന്ന ദിവ്യസന്ദേശവുമായി (വഹ് യ്) മലക്കുകളെ അവൻ ഇറക്കുന്നു.”
ഒന്നും രണ്ടും സൂക്തത്തിനുള്ളിൽ തന്നെ മൂന്ന് തത്വങ്ങളും പറഞ്ഞുകളഞ്ഞു! ആദ്യം പരലോകവും രണ്ടാമതായി ഏകദൈവവിശ്വാസവും മൂന്നാമതായി പ്രവാചകത്വവും!
ദൃഷ്ടാന്തങ്ങൾ
3 മുതൽ 16 വരെയുള്ള സൂക്തങ്ങൾ അല്ലാഹുവിന്റെ ആസ്തിക്യവും അവന്റെ മഹത്വവും അവന്റെ വിശുദ്ധിയും ഏകത്വവും പ്രഘോഷിക്കുന്ന തെളിവുകളാണ്. ദൃഷ്ടാന്തങ്ങളായി പ്രധാനമായും മുന്നോട്ടുവെക്കുന്നത് ഇവയാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പ്, രേതസ്കണത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത്, കന്നുകാലികളുടെ സൃഷ്ടിപ്പ്, അവയുടെ ഉപകാരങ്ങൾ, മനോഹാരിത, മഴ വർഷിപ്പിച്ചത്, അതുകാരണമായി ഫലവൃക്ഷങ്ങൾ ഉണ്ടായത്, രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, നിറവൈവിധ്യങ്ങൾ, സമുദ്രവും, അനുഗ്രഹങ്ങളും, പർവതങ്ങൾ, നദികൾ, രാത്രിയിലും പകലിലുമുള്ള വഴിയടയാളങ്ങൾ ഇത്രയും ദൃഷ്ടാന്തങ്ങൾ പറഞ്ഞു വീണ്ടും ഏകദൈവവിശ്വാസവും പ്രവാചകത്വവും പരലോകവും സംസാരിക്കുകയാണ് ഖുർആൻ.
{ أَفَمَن یَخۡلُقُ كَمَن لَّا یَخۡلُقُۚ أَفَلَا تَذَكَّرُونَ (17) وَإِن تَعُدُّوا۟ نِعۡمَةَ ٱللَّهِ لَا تُحۡصُوهَاۤۗ إِنَّ ٱللَّهَ لَغَفُورࣱ رَّحِیمࣱ (18) }[Surah An-Naḥl: 17-18]
“സൃഷ്ടിച്ചവനും അല്ലാത്തവനും ഒരുപോലെയാണോ? നിങ്ങൾ ബോധവാന്മാരാകുന്നില്ലേ?
അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങൾ നിങ്ങൾക്ക് എണ്ണി കണക്കാക്കാൻ സാധിക്കുകയില്ല. അവൻ കാരുണ്യവാനും പൊറുക്കുന്നവനുമാണ്.”
ഈ സൂക്തങ്ങളിലൂടെ തുടങ്ങുന്ന തൗഹീദിൻ്റെ (ഏകദൈവവിശ്വാസം) വിശദീകരണം ബഹുദൈവാരാധകരുടെ മൗഡ്യതയും അവരുടെ വാശിയും കുതന്ത്രങ്ങളും അവരുടെ അന്ത്യവും അന്ത്യനാളിൽ അവർക്ക് ഒരുക്കിവെച്ചിരിക്കുന്ന ശിക്ഷയും വിശദീകരിച്ചു മുന്നോട്ടുപോകുന്നു. അതേസമയം, വിശ്വാസികളുടെ അന്ത്യനിമിഷങ്ങളും അവരുടെ പരലോകമോക്ഷവും വിശദീകരിച്ച് (ആഖിറ:) പ്രവാചകത്വ നിയോഗത്തിൽ (രിസാലത്) എത്തുന്നു. ആ അവസാന സൂക്തം ഇങ്ങനെ:
{ وَلَقَدۡ بَعَثۡنَا فِی كُلِّ أُمَّةࣲ رَّسُولًا أَنِ ٱعۡبُدُوا۟ ٱللَّهَ وَٱجۡتَنِبُوا۟ ٱلطَّـٰغُوتَۖ فَمِنۡهُم مَّنۡ هَدَى ٱللَّهُ وَمِنۡهُم مَّنۡ حَقَّتۡ عَلَیۡهِ ٱلضَّلَـٰلَةُۚ فَسِیرُوا۟ فِی ٱلۡأَرۡضِ فَٱنظُرُوا۟ كَیۡفَ كَانَ عَـٰقِبَةُ ٱلۡمُكَذِّبِینَ }[Surah An-Naḥl: 36]
“അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഇതര ആരാധ്യവസ്തുക്കൾ വെടിയുക എന്ന് നിർദ്ദേശിച്ചുകൊണ്ട് നാം ഓരോ സമുദായത്തിനും ദൂതന്മാരെ നിയോഗിച്ചു. ചിലർ സന്മാർഗത്തിലെത്തി. വേറെ ചിലർ പിഴച്ചു പോയി. ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കൂ. നിഷേധികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് അറിയാം.”
വീണ്ടും ആഖിറതും രിസാലതും തൗഹീദും മാറിമാറി വരുന്നു; 65-ാം സൂക്തം മുതൽ വീണ്ടും ദൃഷ്ടാന്തങ്ങൾ എണ്ണി പറയുന്നു.
മൃതഭൂമി സജീവമായത്, കന്നുകാലികളുടെ പാൽ, ഈത്തപ്പഴ/മുന്തിരി ഉൽപന്നങ്ങൾ,
തേനീച്ചയുടെ കൂട് നിർമാണവും വിവിധ വർണങ്ങളിലുള്ള രോഗശമനിയായ തേനും,
പ്രായവൈവിധ്യം, ഭക്ഷണവൈവിധ്യം, ഇണകൾ, മക്കൾ, പേരക്കുട്ടികൾ, കേൾവി, കാഴ്ച,
പക്ഷികൾ, വീടുകൾ, കുടിലുകൾ, രോമ ഉൽപന്നങ്ങൾ, തണലുകൾ, ഗുഹകൾ, ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ.
ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചു കഴിഞ്ഞതിനുശേഷം 81, 82 സൂക്തങ്ങളിൽ പറയുന്ന ആശയം ഇങ്ങനെയാണ്:
‘ഇതൊക്കെ കേട്ടിട്ടും അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ വിഷമിക്കേണ്ടതില്ല; അങ്ങയുടെ ബാധ്യത പ്രബോധനം മാത്രമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവർക്ക് മനസ്സിലാകുന്നുണ്ട്. എന്നിട്ടും അവർ നിഷേധിക്കുകയാണ്, അധികപേരും ധിക്കാരികളാണ്’
തുടർന്ന് പരലോകത്ത് അവർക്കുള്ള ശിക്ഷകളും അന്ന് അവരുടെ പരിദേവനങ്ങളും വിശദീകരിക്കുന്നു. ഇഹലോകത്ത് അല്ലാഹുവിനെ വിട്ട് അവർ ആരാധിച്ചിരുന്ന ആരാധ്യരെല്ലാം അവരെ കൈവെടിയുന്നു. അവർക്ക് ശിക്ഷകൾ വർദ്ധിച്ചു ലഭിച്ചുകൊണ്ടിരിക്കുന്നു. അന്ത്യനാളിൽ ഓരോ പ്രവാചകന്മാരും അവരുടെ സമുദായത്തിന് സാക്ഷിയായി വരുന്നു. മുഹമ്മദ് നബി അവിടുത്തെ സമുദായത്തിനും സാക്ഷിയായി വരുന്നു. ഈ രക്ഷാശിക്ഷകളെ കുറിച്ച് എല്ലാം സമുദായത്തിന് വിശദീകരിച്ചു കൊടുത്തിട്ടുണ്ടെന്ന് പ്രവാചകന്മാർ സാക്ഷ്യം പറയുന്നു. ധിക്കാരികളായ ജനതയ്ക്ക് മേൽ അത് തെളിവായി ഭവിക്കുന്നു. എല്ലാം വിശദീകരിച്ചുകൊണ്ട് ഖുർആൻ വന്നു. വിശ്വാസികൾക്ക് അത് വഴികാട്ടിയും കാരുണ്യവും സുവിശേഷവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് 89-ാം സൂക്തം അവസാനിക്കുന്നത്.
90 മുതൽ അവസാനം വരെയുള്ള സൂക്തങ്ങളിൽ വിശ്വാസി ആചരിക്കേണ്ട മഹിതമായ സ്വഭാവഗുണങ്ങളെ കുറിച്ചും വർജ്ജിച്ചിരിക്കേണ്ട തിന്മകളെ കുറിച്ചുമാണ് പ്രധാനമായും പറയുന്നത്.
സുപ്രധാന മൂല്യങ്ങൾ പരിശോധിക്കാം:
നീതി, പരോപകാരം, കുടുംബബന്ധം, ലൈംഗിക വിശുദ്ധി, പാപങ്ങൾ വെടിയുക, അക്രമം അരുത്, കരാർ പാലിക്കുക, ശപഥം ലംഘിക്കരുത്, തുച്ഛമായ ഭൗതിക ലാഭങ്ങൾക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കരുത്, ക്ഷമ കൈക്കൊള്ളുക, സൽകർമം ചെയ്ത ആണിനും പെണ്ണിനും സുഖജീവിതമുണ്ട്, ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽ നിന്ന് കാവൽ ചോദിക്കുക
(തുടർന്ന് പിശാചിന്റെ ആളുകൾ ഖുർആൻ സംബന്ധമായി ഉയർത്തിവിട്ട സംശയങ്ങളും അവരുടെ നിഷേധങ്ങളും പരലോകത്ത് അവരുടെ പരാജയവും പത്തിലധികം സൂക്തങ്ങളിൽ വിശദീകരിക്കുന്നുണ്ട്)
നല്ലത് ഭക്ഷിക്കുക, നന്ദി ചെയ്യുക, ശവവും രക്തവും പന്നിയും അല്ലാഹുവിന്റെ പേരിൽ അല്ലാതെ അറുത്തതും നിഷിദ്ധമാണ്, സ്വയം നിയമനിർമാണം നടത്തരുത്, പശ്ചാത്താപം ചെയ്യുന്നവർക്ക് പാപമോചനം ഉണ്ട്, ഇബ്റാഹിം സരണി പിന്തുടരുക, അല്ലാഹുവിന്റെ വഴിയിലേക്ക് ജനങ്ങളെ ക്ഷണിക്കുക; ആവശ്യമെങ്കിൽ സംവാദം നടത്തുക.
ഇത്രയൊക്കെ ബോധ്യപ്പെടുത്തിയിട്ടും ആളുകൾ ഉപദേശങ്ങളൊന്നും കേൾക്കാതെ നിങ്ങളെ ധിക്കരിക്കുകയാണെങ്കിൽ, നബിയേ, അവരെക്കുറിച്ച് ഓർത്ത് നിങ്ങൾ കുണ്ഠിതപ്പെടേണ്ടതില്ല. അവരുടെ കുതന്ത്രങ്ങൾക്ക് അൽപായുസ് മാത്രമേ ഉണ്ടാകൂ. ഭക്തന്മാരുടെ കൂടെ അല്ലാഹു ഉണ്ടാവും എന്ന ആശയത്തോടെയാണ് സൂറത് അവസാനിക്കുന്നത്.
തേനീച്ചയും മൂന്ന് പ്രമേയങ്ങളും
ഈ സൂറതും തേനീച്ചയും തമ്മിൽ എന്താണ് ബന്ധം? അറുപത്തെട്ടാം സൂക്തത്തിൽ തേനീച്ചയെ കുറിച്ച് പരാമർശിച്ചു എന്ന് മാത്രമാണോ? ഈ സൂറതിൽ പല ദൃഷ്ടാന്തങ്ങളും പരാമർശിച്ചിട്ടുണ്ടല്ലോ? അവയൊന്നും നാമകരണത്തിന് വേണ്ടി എടുക്കാതെ തേനീച്ചയെ മാത്രം എടുത്തതിൽ വല്ല പൊരുളും ഉണ്ടായിരിക്കുമോ?
ഉണ്ട് എന്ന് പറയാനുള്ള ചില ന്യായങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ സൂക്തങ്ങൾ കൈകാര്യം ചെയ്യുന്നത്:
- വിശ്വാസ കാര്യങ്ങൾ
- ദൃഷ്ടാന്തങ്ങൾ
- ധർമോപദേശങ്ങൾ
ഈ മൂന്ന് കാര്യങ്ങളും തേനീച്ചയുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
തൗഹീദും രിസാലതും പ്രതിഫലനാളും തേനീച്ചയിൽ:
വിശ്വാസകാര്യങ്ങളിൽ പ്രഥമം തൗഹീദ് ആണല്ലോ. തൗഹീദും തേനീച്ചയും തമ്മിലെന്ത്? അത്ഭുതകരമാണ് തേനീച്ചയുടെ സൃഷ്ടിപ്പും തേനീച്ച സമൂഹത്തിലെ വ്യവസ്ഥകളും. പരിണാമത്തിന്റെ ഫലമായി ഇങ്ങനെയൊരു വ്യവസ്ഥ രൂപപ്പെടുമെന്നത് ഒരു വ്യാജമായ സ്വപ്നം മാത്രമാണ്; പരമാധികാരിയായ സൃഷ്ടികർത്താവിലേക്ക് —തൗഹീദിലേക്ക്— അത് നമ്മെ ക്ഷണിക്കുന്നു.
أَفَمَن یَخۡلُقُ كَمَن لَّا یَخۡلُقُۚ أَفَلَا تَذَكَّرُونَ
“സൃഷ്ടികർമം നിർവഹിച്ചവനും അല്ലാത്തവനും സമമാണോ? നിങ്ങൾ ബോധവാന്മാരാകുന്നില്ലേ?” (അന്നഹ്ൽ - 17)
രിസാലതിന്റെ കാര്യത്തിലും തേനീച്ച സൂചകവും തെളിവുമായി മാറുന്നുണ്ട്. തേനീച്ചയ്ക്ക് ദിവ്യബോധനം നൽകിയതിനെക്കുറിച്ച് സൂറതിൽ പറയുന്നുണ്ടല്ലോ. അല്ലാഹുവിൽ നിന്ന് നേരിട്ട് കിട്ടിയ ഉൾവിളിക്കനുസരിച്ചാണ് തേനീച്ച പ്രവർത്തിക്കുന്നത്. യാതൊരു ക്രമവും തെറ്റാതെ തന്നെ അത് തേനീച്ച പാലിക്കുന്നു.
മനുഷ്യന് മാർഗനിർദേശങ്ങൾ നൽകാനായി അവൻ തിരഞ്ഞെടുത്ത ദാസന്മാർക്ക് അവൻ വഹ്യ് നൽകി. അവരാണ് പ്രവാചകന്മാർ. അവരിൽ ചിലർക്ക് ഏൽപിക്കപ്പെട്ട ദൗത്യമാണ് രിസാലത്. അവരിലൂടെ ആ സന്ദേശങ്ങൾ ലഭിച്ച മനുഷ്യൻ പക്ഷേ, അവ പാലിക്കുന്നില്ല; തേനീച്ചയിൽ പാഠങ്ങളുണ്ട്!
തേനീച്ചയെ കുറിച്ചുള്ള ഖുർആനിക സൂക്തങ്ങൾ തിരുനബിയുടെപ്രവാചകത്വം വിസ്മയകരമായ സാക്ഷ്യങ്ങളാണ് (അതിനെക്കുറിച്ച് അടുത്ത അധ്യായത്തിൽ വിശദമായി എഴുതാം).
അങ്ങനെ തേനീച്ച രിസാലതിന്റെ സൂചകവും സാക്ഷ്യവുമായി മാറുന്നു.
നന്മ ചെയ്തവർക്കും തിന്മ ചെയ്തവർക്കും അവർ അർഹിക്കുന്ന പ്രതിഫലം നൽകുന്ന ഇടം എന്നാണല്ലോ ആഖിറം (പരലോകം) കൊണ്ട് വിവക്ഷിതം.
തേനീച്ചക്കൂട്ടിൽ നിന്ന് വിവിധ നിറങ്ങളിലുള്ള, പലതരം ഔഷധമൂല്യങ്ങളുള്ള, മധുരിതമായ, നിഷ്കളങ്കമായ തേൻ ലഭിക്കുന്നത് എങ്ങനെയാണ്? ലക്ഷക്കണക്കിന് തേനീച്ചകളുടെ അച്ചടക്കത്തോടെയുള്ള അവിശ്രമ കഠിനാധ്വാനത്തിന്റെ ഫലമാണത്. 700 ഗ്രാം തേൻ ലഭിക്കാൻ 3,50,00,000 (മൂന്ന് കോടി അമ്പത് ലക്ഷം / 35 മില്യൺ) പുഷ്പങ്ങളിൽ തേനീച്ച സഞ്ചരിച്ചിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം മധുരിതം തന്നെയായിരിക്കും; അതിനർഥം അലസതയുടെ ഫലം കൈപ്പേറിയതും ആയിരിക്കും എന്നുകൂടിയാണല്ലോ!
പ്രതിഫലനാളിനെക്കുറിച്ച് സൂറ: നഹ്ൽ - 97 പറയുന്നത് നോക്കൂ:
{ مَنۡ عَمِلَ صَـٰلِحࣰا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنࣱ فَلَنُحۡیِیَنَّهُۥ حَیَوٰةࣰ طَیِّبَةࣰۖ وَلَنَجۡزِیَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُوا۟ یَعۡمَلُونَ }[Surah An-Naḥl: 97]
“ആണാവട്ടെ പെണ്ണാവട്ടെ, ആരെങ്കിലും സത്യവിശ്വാസം ഉൾക്കൊണ്ട് സൽകർമം പ്രവർത്തിച്ചാൽ അവർക്ക് സുഖജീവിതമുണ്ട്. അവർ ചെയ്ത നല്ല കാര്യങ്ങളുടെ പ്രതിഫലം നാം അവർക്ക് നൽകുക തന്നെ ചെയ്യും.”
തേനീച്ച: ദൃഷ്ടാന്തങ്ങളുടെ കേന്ദ്രബിന്ദു
ഇരുപതിലേറെ ദൃഷ്ടാന്തങ്ങൾ ഈ അധ്യായത്തിൽ പറയുന്നുണ്ട്. ഈ ദൃഷ്ടാന്തങ്ങളുടെ അതിശക്തമായ പ്രാതിനിധ്യമാണ് തേനീച്ച. ദൃഷ്ടാന്തം എന്ന നിലയ്ക്ക് മറ്റുള്ളവയിൽ നിന്ന് അതിന് ചില സവിശേഷതകളുണ്ട്:
ഒന്ന്: ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു സമൂഹത്തിന്റെ വ്യവസ്ഥാപിതമായ നിയന്ത്രണം റാണി നടത്തുന്നു. തേനീച്ചക്കൂടിനെയും അതിനുള്ളിലും അതിനെ കേന്ദ്രീകരിച്ച് പുറത്തും നടക്കുന്ന ഒട്ടനവധി ശാസ്ത്രീയമായ സംവിധാനങ്ങളെയും ഒരു പ്രപഞ്ചമായും അതിന്റെ വ്യവസ്ഥയായും സങ്കൽപിച്ചാൽ, അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്ന് ആർക്കും സുതരാം വ്യക്തമാകും. റാണിയില്ലെങ്കിൽ തേനീച്ചകളുമില്ല, തേനീച്ചക്കൂടുമില്ല. ഇതിൽ നിന്ന് പ്രപഞ്ചം എന്ന മഹാവിസ്മയത്തിന് പിന്നിലും ഒരു ശക്തിയുണ്ടെന്ന് ആർക്കും മനസ്സിലാകും. മറ്റുള്ള ദൃഷ്ടാന്തങ്ങൾ തേനീച്ചയുടെ അത്രതന്നെ ഒരു കൊച്ചു പ്രപഞ്ചമായി മാറുന്നില്ല; എന്നാൽ തേനീച്ചയുടെ ലോകം ഒരു പ്രപഞ്ചത്തിന്റെ മിനിയേച്ചറായി കണക്കാക്കാം.
രണ്ട്: തേനീച്ചയെ കുറിച്ച് പരാമർശിച്ച രണ്ട് സൂക്തങ്ങളിലും പിൽക്കാലത്ത് മാത്രം ശാസ്ത്രലോകം എത്തിപ്പെട്ട ധാരാളം കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അപ്പോൾ തേനീച്ച മുഴുവൻ വിശ്വാസകാര്യങ്ങൾക്കുമുള്ള ഒരു തെളിവല്ല; പ്രത്യുത 'Collection of Evidence' (തെളിവുകളുടെ ശേഖരം) ആയി മാറുന്നു!
തേനീച്ച ; മഹദ് സ്വഭാവങ്ങളുടെ മഹിത മാതൃക
സൂറത്തിൽ സൂചിപ്പിച്ച ഇരുപതോളം ധർമോപദേശങ്ങളിൽ മിക്കതും വളരെ ഭംഗിയായി, വ്യവസ്ഥാപിതമായി, കൃത്യമായി നടത്തിക്കൊണ്ടിരിക്കുന്ന സമൂഹമാണ് തേനീച്ച (അടുത്ത അധ്യായത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കാം). മറ്റു ജീവികളെപ്പോലെ അല്ലാഹുവിന് മാത്രം വിധേയപ്പെട്ട് ജീവിക്കുന്ന, അവന് സ്തുതികീർത്തനങ്ങൾ ചെയ്യുന്ന ജീവിയാണ് എന്നതിന് പുറമെ, ആർജിക്കേണ്ട മഹിതമായ ധാരാളം സാമൂഹിക ഗുണങ്ങൾ തേനീച്ചയിലുണ്ട്.
തേനീച്ച അവർക്കിടയിൽ നീതി പാലിക്കുന്നു, കുടുംബബന്ധം പുലർത്തുന്നു, അവയുടെ പരിസ്ഥിതി വിമലീകരിക്കുന്നു, അക്രമം ചെയ്യുന്നില്ല, നിയോഗിച്ച ദൗത്യം —കരാർ— കൃത്യമായി പാലിക്കുന്നു. അങ്ങനെ ഈ സൂറ:യിൽ പറഞ്ഞ പല മഹദ്ഗുണങ്ങളുടെയും മാതൃകയായി തേനീച്ച മാറുന്നു (വിശദ വിവരണം വഴിയെ). അപ്പോൾ ഈ ഉപദേശങ്ങൾ ഓരോന്ന് പറയുന്നതിന് പകരം "ഒരു തേനീച്ചയെപ്പോലെയാകൂ" എന്ന് ചുരുക്കി പറയാവുന്ന രീതിയിലാണ് തേനീച്ചകൾക്കിടയിലെ സാമൂഹികതയും സഹവർത്തിത്വവും അനുസരണയും മറ്റും!
ചുരുക്കത്തിൽ, ഈ സൂറ:യുടെ മുഖ്യ പ്രമേയങ്ങളായ വിശ്വാസകാര്യങ്ങൾ, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ, ധർമനിഷ്ഠകൾ എന്നിവയുടെ ശക്തമായ പ്രതീകമായി തേനീച്ച മാറുന്നു!
ഇപ്പോൾ, ഈ സൂറതിന്റെ തുടക്കം മുതൽ ഒടുക്കം വരെ വർണവൈവിധ്യങ്ങളും മധുരിതവുമായ തേൻ വിതറിക്കൊണ്ട് ഒരു തേനീച്ചക്കൂട്ടം മൂളിപ്പാട്ടുപാടി പാറിക്കളിക്കുന്നത് പോലെ നിങ്ങൾക്ക് തോന്നുന്നില്ലേ? അപ്പോൾ പിന്നെ ഈ സൂറതിന് മറ്റെന്ത് പേരിടണം? സുബ്ഹാനക യാ റബ്ബ്!

