ഖുർആനിൽ ധാരാളമായി പരാമർശിച്ച ഒരു പഴവർഗമാണ് മുന്തിരി. ‘ഇനബ്’ എന്ന് രണ്ട് സ്ഥലങ്ങളിലും ‘അഅനാബ്’ എന്ന് ഒമ്പത് സ്ഥലങ്ങളിലും പരാമർശിക്കുന്നുണ്ട്. ആകെ പതിനൊന്ന് തവണ. എട്ടു സ്ഥലങ്ങളിൽ ഈത്തപ്പനയോടൊപ്പമാണ് മുന്തിരിയെ പരാമർശിച്ചിട്ടുള്ളത്. ആ എട്ടു സൂക്തങ്ങളും ഈത്തപ്പനയെക്കുറിച്ച് പറയുന്ന ഭാഗത്ത് വിശദമായി പറഞ്ഞിട്ടുണ്ട്. ഇവിടെ ചില ഉദാഹരണങ്ങൾ മാത്രം പരാമർശിക്കാം:
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
"ഒരാൾക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടമുണ്ട്. അതിൻ്റെ താഴ്ഭാഗത്തുകൂടി ആറുകൾ ഒഴുകുന്നുണ്ട്. തോട്ടത്തിൽ എല്ലാതരം പഴങ്ങളുമുണ്ട്. അങ്ങനെയിരിക്കെ അയാൾക്ക് വാർധക്യം ബാധിച്ചു. അവൻ്റെ സന്തതികളാണെങ്കിൽ ദുർബലരും. തീക്കാറ്റ് ബാധിച്ച് തോട്ടം കത്തിച്ചാമ്പലായി. ഇങ്ങനെയുള്ള ഒരവസ്ഥ നിങ്ങളിൽ ആരെങ്കിലും ആഗ്രഹിക്കുമോ? ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു; നിങ്ങൾ ചിന്തിക്കുന്നതിനുവേണ്ടി." (അൽബഖറ: 266)
അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങൾക്കിടയിലാണ് ഈ സൂക്തം കടന്നുവരുന്നത്. ക്ഷണഭംഗുരമായ ലോകത്തിൻ്റെ അവസ്ഥ ഒരു ഉദാഹരണത്തിലൂടെ വർണിക്കുകയാണ് ഇവിടെ. എല്ലാം ഉടയതമ്പുരാനായ അല്ലാഹുവിൻ്റെ അധികാരത്തിലാണെന്നും, അവൻ ഉദ്ദേശിക്കുന്ന നിമിഷത്തിൽ നാം അഹന്ത നടിക്കുന്ന നമ്മുടെ സമ്പാദ്യങ്ങളെല്ലാം നശിച്ചേക്കാമെന്നും ഈ സൂക്തത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.
ഈ സൂക്തത്തിലും മറ്റു പല സൂക്തങ്ങളിലും ഈത്തപ്പന, മുന്തിരി എന്നിങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. 'മുന്തിരിവള്ളി' എന്ന് പറയുന്നില്ല. എന്തുകൊണ്ടായിരിക്കും അങ്ങനെ? മുന്തിരി മാത്രമല്ല ഇവിടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. കാരണം, തോട്ടത്തിൽ മുന്തിരി മാത്രം ഉണ്ടാവുകയില്ലല്ലോ. വള്ളിയില്ലാതെ മുന്തിരി എങ്ങനെ ഉണ്ടാവാനാണ്? മുന്തിരിവള്ളിക്ക് അറബിയിൽ 'കർമ്' എന്നാണ് പറയുക. അത് ഒഴിവാക്കി ഒരിടത്ത് മരത്തിനെയും മറ്റൊരിടത്ത് പഴത്തിനെയും പറഞ്ഞതിനു പിന്നിൽ വല്ല പൊരുളുമുണ്ടോ?
ഇമാം റാസി ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്: ഈത്തപ്പനയുടെ ഭാഗങ്ങളെല്ലാം പ്രധാനമാണ്. എല്ലാം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ മുന്തിരിയിൽ പഴം മാത്രമാണ് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്; അതിനാൽ വള്ളിയെ ഒഴിവാക്കി. ചുരുക്കത്തിൽ, മുന്തിരിയിൽ അപ്രധാനമായ വള്ളിയെ അപ്രസക്തമാക്കുകയും, മരവും പഴവും ഉൾക്കൊള്ളുന്ന ഈത്തപ്പനയെ എടുത്തു പറയുകയും ചെയ്തു എന്നാണ് ആ ഉത്തരത്തിൻ്റെ സാരാംശം.
മനുഷ്യർക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ എണ്ണിപ്പറയുകയും അവയെ ദൃഷ്ടാന്തങ്ങളായി മനസ്സിലാക്കി അവൻ്റെ വിനീതദാസരാകുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൂക്തങ്ങൾക്കിടയിലാണ് ഈ വചനം കടന്നുവരുന്നത്. ഇതിൽ ഈത്തപ്പഴവും മുന്തിരിയും ഒലീവും റുമ്മാനും (മാതളം) അതിൻ്റെ വൈവിധ്യങ്ങളോടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. യാസീൻ: 34, അന്നഹ്ൽ: 11, 67, അൽമുഅ്മിനൂൻ: 19, അൻആം: 99, റഅ്ദ്: 4 എന്നീ സൂക്തങ്ങളിൽ ഈത്തപ്പനയും മുന്തിരിയും കടന്നുവരുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എടുത്തുപറയുന്ന സന്ദർഭങ്ങളിൽ തന്നെയാണ്.
സൂക്തങ്ങൾ ഇങ്ങനെ:
{ یُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّیۡتُونَ وَٱلنَّخِیلَ وَٱلۡأَعۡنَـٰبَ وَمِن كُلِّ ٱلثَّمَرَ ٰتِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ }
[Surah An-Naḥl: 11]
“അവൻ നിങ്ങൾക്ക് വിളകളും ഒലിവും ഈത്തപ്പനയും മുന്തിരിയും മറ്റെല്ലാ ഫലങ്ങളും മുളപ്പിച്ചുതരുന്നു. നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്.”
فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌۭ وَمِنْهَا تَأْكُلُون
“ആ ജലം കൊണ്ട് നിങ്ങൾക്ക് നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ ഉൽപാദിപ്പിച്ചുതന്നു. നിങ്ങൾക്ക് അതിൽ ധാരാളം പഴങ്ങളുണ്ട്. അവയിൽ നിന്നു നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു." (അൽമുഅ്മിനൂൻ 19)
"وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ"
“ഈത്തപ്പനയുടെയും മുന്തിരിവള്ളികളുടെയും പഴങ്ങളിൽ നിന്ന് ലഹരിപദാർഥവും നല്ല ഭക്ഷണവും നിങ്ങൾ എടുക്കുന്നുണ്ട്. നിശ്ചയമായും ഇതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്." (അന്നഹ്ൽ 67)
ഈ സൂക്തത്തിൽ ലഹരിപദാർഥവും നല്ല ഭക്ഷണവും എന്നു പറഞ്ഞത് നിലനിന്നിരുന്ന സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അപായസൂചനയായിരുന്നു. ലഹരി അവരുടെ ജീവിതത്തിൽ ആരൂഢമായിരുന്ന സംസ്കാരമായിരുന്നല്ലോ. അതിൽ നിന്ന് അവരെ പിഴുതെറിയണം. ഒരു പ്രസ്താവനകൊണ്ട് അത് സാധ്യമായിരുന്നില്ല. ആദ്യം അതിനെക്കുറിച്ച് അവർക്ക് സംശയം ജനിപ്പിക്കണം. പിന്നീട് അതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കുറേശ്ശെ ബോധ്യപ്പെടുത്തണം. ശേഷം അതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അവസാനം അത് പാടെ നിരോധിക്കണം. ഇതിൽ ആദ്യത്തെ ഘട്ടമാണ് ഈ വചനത്തിൽ ഉള്ളത്. നിങ്ങൾ ലഹരി ഉൽപാദിപ്പിക്കുന്നു എന്നു പറയുമ്പോൾ അത് അവർക്ക് ബോധ്യപ്പെടുന്നതും അതിൻ്റെ ‘ഉപകാരങ്ങൾ’ അവർ അനുഭവിച്ചറിഞ്ഞതുമാണ്. പക്ഷേ, പിറകെ പറയുന്നത് നല്ല ഭക്ഷണം നൽകിയ വർത്തമാനമാണ്.
ഇപ്പോൾ ലഹരി നല്ലതല്ലേ? നല്ലതാണെങ്കിൽ മറ്റൊന്നിനെക്കുറിച്ച് 'നല്ല ഭക്ഷണം' എന്ന് പറഞ്ഞതിൻ്റെ അർഥമെന്ത്? ഈ ചോദ്യം അവരുടെ മനസ്സിൽ ഉയർത്തുകയാണ് ഖുർആൻ. പിന്നീട് അതിൽ ഉപകാരങ്ങളും ഉപദ്രവവുമുണ്ടെന്ന ആശയമുള്ള സൂക്തം അവതരിച്ചു. അതോടൊപ്പം തന്നെ ഉപദ്രവമാണ് ഉപകാരത്തെക്കാൾ കൂടുതൽ എന്നും പറഞ്ഞുവെച്ചു. അതോടെ ലഹരിയുമായി അകലം പാലിക്കണമെന്ന തലത്തിലേക്ക് ചിലരെങ്കിലും എത്തി. പിന്നീടാണ് നിസ്കരിക്കുമ്പോൾ അരുത് എന്ന കൽപന വരുന്നത്. അതോടെ നിയന്ത്രണങ്ങൾ വന്നുതുടങ്ങി. അത് പൈശാചികമാണെന്നും ഉപേക്ഷിക്കണമെന്നുമാണ് പിന്നീട് വരുന്ന കൽപന. അങ്ങനെയാണ്, മരിച്ചാൽ മുന്തിരിച്ചുവട്ടിൽ മറവുചെയ്യണമെന്ന് ആശിച്ച സമൂഹത്തെ അതിനായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ പോലും ഉപേക്ഷിക്കാൻ ഇസ്ലാം സന്നദ്ധമാക്കിയത്. ലഹരിയുടെ ഒരംശം ചേർന്ന ഒരു ദ്രാവകംപോലും ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ കഴുകിക്കളയുന്ന അവസ്ഥയിലേക്ക് അവർ മാറി.
മുന്തിരിയെ മാത്രം പരാമർശിച്ച സൂക്തങ്ങൾ നബഇലും അബസയിലുമാണ്.
{ إِنَّ لِلۡمُتَّقِینَ مَفَازًا (31) حَدَاۤىِٕقَ وَأَعۡنَـٰبࣰا (32) }[Surah An-Nabaʾ: 31-32]
‘ഭക്തന്മാർക്ക് വിജയമുണ്ട്; തോട്ടങ്ങളും മുന്തിരികളുമുണ്ട്.’
തോട്ടങ്ങൾക്കൊപ്പം മുന്തിരി പറഞ്ഞതിന്റെ സാംഗത്യം എന്താണ്?
ഒന്ന്: മുന്തിരി കൂടി ഉൾക്കൊണ്ടതാണ് തോട്ടങ്ങളെങ്കിലും പ്രത്യേകം എടുത്തുപറയുമ്പോൾ അതിന് മറ്റുള്ളവയെക്കാൾ ചില സവിശേഷതകൾ ഉണ്ടെന്ന് മനസ്സിലാവുമല്ലോ. ‘മലക്കുകൾ അവതരിക്കും, ജിബ്രീലും’ എന്ന് പറയുന്നത് പോലെ.
രണ്ട്: മുന്തിരിയുടെ ധാരാളിത്തവും കാരണമാവാം. ഭൂമിയിൽ തന്നെ പതിനയ്യായിരത്തോളം ഇനം മുന്തിരികളുണ്ട്!
സൂറ: അബസയിലെ വചനം ഇങ്ങനെ:
{ فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ (24) أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا (25) ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا (26) فَأَنۢبَتۡنَا فِیهَا حَبࣰّا (27) وَعِنَبࣰا وَقَضۡبࣰا (28) وَزَیۡتُونࣰا وَنَخۡلࣰا 29)}[Surah ʿAbasa: 24-29]
“മനുഷ്യൻ അവന്റെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ? നാം വെള്ളം കോരിച്ചൊരിഞ്ഞു. ഭൂമിയെ പിളർത്തി. ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും / (കാലിത്തീറ്റയും) ഒലീവും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും ഉൽപാദിപ്പിച്ചു.”
ഖുർആൻ സൂചിപ്പിച്ച ഭാഷാപരമായ നിരീക്ഷണങ്ങൾ അതിസൂക്ഷ്മവും ഖുർആനിക സാഹിത്യത്തെ (Balaghah) ആഴത്തിൽ വിശകലനം ചെയ്യുന്നതുമാണ്. 'ഇനബ്' (ഏകവചനം/വർഗനാമം), 'അഅ്നാബ്' (ബഹുവചനം) എന്നീ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം ഖുർആൻ എത്ര കൃത്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ഇവിടെ മുന്തിരിയെക്കുറിച്ച് പരാമർശിച്ച സൂക്തത്തിൽ ഈത്തപ്പന ഇല്ലെങ്കിലും തൊട്ടടുത്ത സൂക്തത്തിൽ ഈത്തപ്പന വരുന്നുണ്ട്. അതുംകൂടി കൂടുമ്പോൾ മാത്രമേ ആ വാചകം പൂർണമാകുന്നുള്ളൂ. ഒരു പ്രത്യേകതയുള്ളത് മുന്തിരിയെയാണ്, ഈത്തപ്പനയെയല്ല ഇവിടെ ആദ്യം പറഞ്ഞിരിക്കുന്നത് എന്നതാണ്. വലിപ്പം കൊണ്ടും പ്രൗഢി കൊണ്ടും ഈത്തപ്പനയെയാണ് ആദ്യം പറയേണ്ടത്; അതുകൊണ്ടാണ് മറ്റു ധാരാളം സ്ഥലങ്ങളിൽ അങ്ങനെ പറഞ്ഞതും. എന്നാൽ ഇവിടെ വ്യത്യാസമുണ്ട്. കൃഷിയെക്കുറിച്ചല്ല, ഭക്ഷണത്തെക്കുറിച്ചാണ് ഇവിടെ പരാമർശം. ഭക്ഷ്യവസ്തുക്കൾ നൽകുന്ന മരങ്ങളെ പരാമർശിക്കുന്നതിനുമുമ്പ് നേർക്കുനേരെ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നവയെ പറഞ്ഞു. അതും അവയുടെ പ്രാധാന്യത്തിൻ്റെയും ധാരാളിത്തത്തിൻ്റെയും ക്രമത്തിൽ എന്ന് മാത്രം.
ഭാഷാപരമായ മറ്റൊരു ചർച്ച നടത്താം:
ഖുർആനിലെ ഓരോ പദങ്ങളും വളരെ കൃത്യമാണ്. പദങ്ങളുടെ തിരഞ്ഞെടുപ്പ് മാത്രമല്ല, അത് ഉപയോഗിച്ച ശൈലിയും രീതിയും ക്രമവും എണ്ണവും സ്ഥാനവുമെല്ലാം സാഹിത്യകുതുകികളുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ഈ രംഗത്ത് പുതിയ അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കുന്നുമുണ്ട്.
ഖുർആനിലെ 'ഇനബ്' / 'അഅ്നാബ്' എന്ന പ്രയോഗവൈവിധ്യങ്ങളെക്കുറിച്ചുള്ള ഒരു ആലോചനയാണ് താഴെ നൽകുന്നത്. (ഈ ആലോചനയിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ആലോചകന്റെത് മാത്രമാണ്).
ഈ സൂക്തത്തിൽ (അബസ: 28) 'ഇനബ്' എന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു സൂക്തങ്ങളിൽ പൊതുവേ 'അഅ്നാബ്' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അത് എന്തുകൊണ്ടായിരിക്കും? 'ഇനബ്' എന്നാൽ ഒരു മുന്തിരി എന്നല്ല അർഥം. ഒരു മുന്തിരി എന്നതിന് 'ഇനബത്' എന്നാണ് പറയുക. 'ഇനബ്' എന്നാൽ മുന്തിരി എന്ന വർഗത്തെ സൂചിപ്പിക്കുന്നു. ഇത്തരം പദങ്ങളെ 'ഇസ്മ് ജിൻസ് ജംഇയ്യ്' എന്നു പറയും. ഇതിൻ്റെ ബഹുവചനമാണ് 'അഅ്നാബ്'.
ധാരാളിത്തത്തെയും വൈവിധ്യത്തെയുമൊക്കെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ സൂക്തത്തിൽ (അബസ) വർഗങ്ങൾ എണ്ണിയെണ്ണി പറയുകയാണ് - ധാന്യം, മുന്തിരി, പച്ചക്കറി എന്നിങ്ങനെ. ധാരാളിത്തം സൂചിപ്പിക്കുകയല്ല ഇവിടെ ഉദ്ദേശ്യം. മറ്റു സൂക്തങ്ങളിൽ ബഹുത്വത്തിൻ്റെ / വൈവിധ്യങ്ങളുടെ സൂചകങ്ങളോടൊപ്പമാണ് ഇത് വന്നിട്ടുള്ളത്. ഉദാഹരണത്തിന്, മുന്തിരിത്തോട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ 'ഇനബ്' എന്ന പ്രയോഗം മതിയാകുമെങ്കിലും, ധാരാളിത്തവും വൈവിധ്യവും കാണിക്കുവാൻ 'അഅ്നാബ്' എന്ന പ്രയോഗം കൂടുതൽ കൃത്യമാകും. ചുരുക്കത്തിൽ, ഇവിടെ (അബസ) ഇങ്ങനെ പറയുന്നതാണ് കൃത്യം; അവിടെ (അഅ്നാബ് എന്ന് പറഞ്ഞിടത്ത്) അങ്ങനെ പറയുന്നതും.
ചോദ്യം: തോട്ടങ്ങളെക്കുറിച്ച് പരാമർശമില്ലാത്ത സന്ദർഭങ്ങളിലും 'അഅ്നാബ്' എന്ന് പ്രയോഗിച്ചിട്ടുണ്ടല്ലോ?
മറുപടി: തോട്ടങ്ങൾ എന്നത് ഒരു ഉദാഹരണം മാത്രമാണ്. ബഹുത്വത്തിൻ്റെ / വൈവിധ്യങ്ങളുടെ സൂചകങ്ങളാണ് അവിടെ ഉദ്ദേശ്യം. ഉദാഹരണത്തിന്:
{ یُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّیۡتُونَ وَٱلنَّخِیلَ وَٱلۡأَعۡنَـٰبَ وَمِن كُلِّ ٱلثَّمَرَ ٰتِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ }[Surah An-Naḥl: 11]
ഇവിടെ തോട്ടങ്ങൾ എന്നു പറഞ്ഞിട്ടില്ലെങ്കിലും സൈതൂൻ, നഖീൽ, സമറാത് എന്നിവയെല്ലാം ബഹുത്വത്തെയും വൈവിധ്യങ്ങളെയും സൂചിപ്പിക്കുന്നതാണ്. അതിനാൽ അതിനോട് ചേർത്ത് പറഞ്ഞപ്പോൾ അഅ്നാബ് എന്നുതന്നെ പറഞ്ഞു! എത്ര കൃത്യം!
ചോദ്യം: എങ്കിൽ ഈ സൂക്തത്തിൽ ‘സർഅ’ എന്ന പദം മാത്രം ഏകവചനമാക്കി പറഞ്ഞത് എന്തിനായിരിക്കും?
മറുപടി: പ്രധാന കാർഷിക വിളകളെല്ലാം ബഹുവചനമായി തന്നെ പരാമർശിച്ചു. അവയാണ് ആ തോട്ടം കൊണ്ട് സുപ്രധാനമായും ഉദ്ദേശിക്കുന്നത്. അവക്ക് ഉപയോഗിക്കുന്ന വളം വലിച്ചു കുടിച്ച് അനുബന്ധമായി വളരുന്ന കൃഷിയാണ് ‘സർഅ’ എന്ന് പരാമർശിച്ചിരിക്കുന്നത്. ഒരു വർഗനാമം എന്ന നിലക്ക് ബഹുത്വം പറയാമെങ്കിലും ബഹുവചനത്തിന്റെ പദം ഉപയോഗിച്ച് അതിനെ വലുതാക്കേണ്ടതില്ലല്ലോ.
ചോദ്യം: തോട്ടത്തിനെക്കുറിച്ച് പറഞ്ഞിടത്ത് അഅ്നാബ് എന്ന് പ്രയോഗിച്ചതു പോലെ ഇനബ് എന്നും പ്രയോഗിച്ചിട്ടുണ്ടല്ലോ.
{ أَوۡ تَكُونَ لَكَ جَنَّةࣱ مِّن نَّخِیلࣲ وَعِنَبࣲ فَتُفَجِّرَ ٱلۡأَنۡهَـٰرَ خِلَـٰلَهَا تَفۡجِیرًا [Surah Al-Isrāʾ: 91]
‘നിങ്ങൾക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടം ഉണ്ടാവുകയും അവക്ക് ഇടയിലൂടെ നിങ്ങൾ പുഴകൾ ഒഴുക്കുകയും വേണം.’
മറുപടി: ഈ സൂക്തത്തിൽ ഒരു തോട്ടത്തെക്കുറിച്ച് (ജന്നത്) ആണല്ലോ പറയുന്നത്; തോട്ടങ്ങളെകുറിച്ചല്ല. നേരത്തെ സൂചിപ്പിച്ച സൂക്തത്തിൽ തോട്ടങ്ങളാണ്, തോട്ടമല്ല. ബഹുത്വത്തിന്റെ മറ്റു അടയാളപ്പെടുത്തലുകൾ ഒന്നുമില്ല. അപ്പോൾ ഇനബ് മതി; അഅ്നാബ് വേണ്ട. എത്ര കൃത്യം!
ചോദ്യം: അങ്ങനെയെങ്കിൽ,
{ أَیَوَدُّ أَحَدُكُمۡ أَن تَكُونَ لَهُۥ جَنَّةࣱ مِّن نَّخِیلࣲ وَأَعۡنَابࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ لَهُۥ فِیهَا مِن كُلِّ ٱلثَّمَرَ ٰتِ وَأَصَابَهُ ٱلۡكِبَرُ وَلَهُۥ ذُرِّیَّةࣱ ضُعَفَاۤءُ فَأَصَابَهَاۤ إِعۡصَارࣱ فِیهِ نَارࣱ فَٱحۡتَرَقَتۡۗ كَذَ ٰلِكَ یُبَیِّنُ ٱللَّهُ لَكُمُ ٱلۡـَٔایَـٰتِ لَعَلَّكُمۡ تَتَفَكَّرُونَ [Surah Al-Baqarah: 266]
എന്ന സൂക്തത്തിൽ ‘ജന്നതുൻ’ എന്ന് ഏകവചനം ആയിട്ടാണല്ലോ പറഞ്ഞിട്ടുള്ളത്?
എന്നിട്ടെന്തേ അവിടെ അഅ്നാബ് എന്ന് പ്രയോഗിച്ചു? മേൽപറഞ്ഞ പ്രകാരം ഇനബ് എന്ന് പറയേണ്ടിയിരുന്നില്ലേ?
മറുപടി: ബഹുത്വത്തിന്റെ സൂചനകൾ ഉണ്ടാവുക എന്നതാണ് പറഞ്ഞ മാനദണ്ഡം. ആ സൂക്തത്തിൽ فِیهَا مِن كُلِّ ٱلثَّمَرَ ٰتِ (തോട്ടത്തിൽ എല്ലായിനം പഴങ്ങളും ഉണ്ട്) എന്ന് പറയുന്നുണ്ട്. മുന്തിരിയുടെ വൈവിധ്യങ്ങൾ അവിടെ പരിഗണനയിൽ വരുന്നു! അപ്പോൾ, മേൽപറഞ്ഞ മാനദണ്ഡപ്രകാരം അഅ്നാബ് എന്നുതന്നെ പറയണം! സുബ്ഹാനല്ലാഹ്! പള്ളിക്കൂടത്തിൽ പോയി അക്ഷരം പഠിച്ചിട്ടില്ലാത്ത ഒരാൾ 40 പിന്നിട്ട ശേഷം കൊണ്ടുവന്ന 23 വർഷങ്ങൾക്കിടയിലുള്ള വിവിധങ്ങളായ സൂക്തത്തിന്റെ പദപരമായ കൃത്യതയെ കുറിച്ചാണ് 14 നൂറ്റാണ്ടുകൾക്കിപ്പുറം നമ്മൾ ആലോചിച്ചു അതിശയപ്പെട്ടു കൊണ്ടിരിക്കുന്നത്! ഈ ഗ്രന്ഥം ഒരു മനുഷ്യന്റെ രചനയായിരിക്കുമോ!?
എന്തുകൊണ്ട് ഖുർആനിൽ?
പത്തിലേറെ തവണ പറയാൻ മാത്രം മുന്തിരിക്കു പോരിശകളുണ്ടോ? ഭക്ഷണവും ഔഷധവും പഴവുമായി ഉപയോഗിക്കുന്നവയാണ് ഈത്തപ്പഴവും മുന്തിരിയും എന്ന് നമുക്കറിയാം. അതിന്റെ ചരിത്രവും ഔഷധമൂല്യങ്ങളും ഉപകാരങ്ങളും അറിയുമ്പോൾ ഈ ആവർത്തനങ്ങളുടെ പ്രസക്തി നമുക്ക് കൂടുതൽ ബോധ്യപ്പെടും.
മുന്തിരിയുടെ ചരിത്രം
വിറ്റിസ് വിനിഫെറ (Vitis vinifera) എന്നാണ് മുന്തിരിയുടെ ശാസ്ത്രനാമം. വിറ്റാസിയ കുടുംബത്തിൽപ്പെട്ടതാണത്. കാരക്ക കഴിഞ്ഞാൽ ഏറ്റവും പഴക്കം ചെന്ന പഴംകൃഷി മുന്തിരിയുടെതാണെന്ന് അനുമാനിക്കപ്പെടുന്നു. മൂവായിരം വർഷങ്ങൾക്കു മുമ്പാണത്രേ ഈ കൃഷി തുടങ്ങിയത്. ഇതിൻ്റെ ഉത്ഭവം അർമീനിയയിലെയും അസർബൈജാനിലെയും കുന്നിൻപ്രദേശത്തുനിന്നാണെന്നും കാക്കസസ് പ്രദേശങ്ങളിൽ നിന്നാണെന്നും അഭിപ്രായമുണ്ട്. ഈജിപ്തിലെ 2400 വർഷം പഴക്കമുള്ള ചരിത്രരേഖകളിൽ മുന്തിരിക്കൃഷിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ കമ്പോളങ്ങളിൽ ഇത് ഏറെ ലഭ്യമായിരുന്നുവെന്ന് ഹോമറിൻ്റെ കൃതികളിൽ കാണാം.
ലോകത്ത് ആകെയുള്ള മുന്തിരിയിൽ പകുതിയും യൂറോപിൽ നിന്നാണത്രേ. 1300-ൽ മുസ്ലിംകളാണത്രേ ഇന്ത്യയിൽ മുന്തിരി എത്തിച്ചത്. എങ്കിൽ ആദ്യകാലങ്ങളിൽ ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നാം മുന്തിരി ഇറക്കുമതി ചെയ്യാറായിരുന്നു പതിവ്. 30 വർഷമായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിജയകരമായി മുന്തിരി കൃഷി ചെയ്യുന്നു. ഓരോ വർഷവും ഇന്ത്യ മൂന്ന് ലക്ഷം ടൺ മുന്തിരി ഉൽപാദിപ്പിക്കുന്നു. ലോകത്തിൻ്റെ മൊത്തം മുന്തിരി ഉൽപാദനത്തിൻ്റെ ഒരു ശതമാനം മാത്രമാണിത്!
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഓസ്ട്രേലിയ, ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങളിലാണ് ഉണക്കമുന്തിരി കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ലോകത്താകെ ഒരു വർഷം പതിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ് മെട്രിക് ടൺ ഉണക്കമുന്തിരി ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക് (2022-ലെ കണക്ക്).
പോഷകം, ഔഷധം
ഏറ്റവും നന്നായി ഗ്ലൂക്കോസും പഞ്ചസാരയും അടങ്ങിയിട്ടുള്ള പ്രകൃതിഫലമാണ് മുന്തിരി. മുന്തിരിയിൽ 25 ശതമാനവും അവയാണ്. പഞ്ചസാരയ്ക്കു പുറമെ ടാർടാറിക് ആസിഡും മാലിക് ആസിഡും അതിൽ അടങ്ങിയിരിക്കുന്നു. സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ധാരാളമായി മുന്തിരിയിലുണ്ട്. എന്നാൽ പ്രോട്ടീനും കൊഴുപ്പും നിസാരമായ തോതിലേ ഉള്ളൂ. മുന്തിരിയുടെ സഹജമായ വാസനയ്ക്ക് കാരണം ഗെറാനിയോൾ, ലിനാലൂൾ എന്നിവയാണ്. അടുത്തകാലത്ത് ജീവകം 'പി' എന്ന ഒരു പുതിയ ഘടകം അതിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. പ്രമേഹം മൂലമുള്ള രക്തസ്രാവം തടയുന്നതിന് ഈ ജീവകം ഏറെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. മനുഷ്യശരീരത്തിലെ ഞരമ്പുകളുടെ വീക്കം മാറ്റുന്നതിനും ഇത് സഹായകമാണ്. അതിറോസ്ക്ലീറോസിസ് (Atherosclerosis) ഫലപ്രദമായി ചികിത്സിക്കുന്നതിന് അത് പറ്റിയതത്രേ.
മുന്തിരിയുടെ രാസഘടന നിമിത്തം അതൊരു നല്ല ഉന്മേഷദായിനിയും ദഹനസഹായിയുമാണ്. അത് ക്ഷീണമകറ്റുകയും എരിച്ചിലിന് ആശ്വാസമരുളുകയും മൂത്രതടസ്സത്തെ ദൂരീകരിക്കുകയും ചെയ്യും. രക്തം വർധിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. ശക്തിക്ഷയം ഇല്ലാതാക്കി ഓജസ്സ് നൽകും. പഴുക്കാത്ത മുന്തിരിയുടെ നീര് ശക്തിസംവർദ്ധകവും തൊണ്ടയുടെ അസുഖങ്ങൾക്ക് ഔഷധവുമാണ്. മുന്തിരിവള്ളിയുടെ കറ ചർമരോഗങ്ങൾക്കും കണ്ണുരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശരോഗം, ഹൃദ്രോഗങ്ങൾ, വൃക്കരോഗം, രക്തവാതം തുടങ്ങിയവയ്ക്കും മുന്തിരി ഫലപ്രദമാണ്. കുട്ടികൾക്ക് മലബന്ധം തടയാൻ മുന്തിരി ജ്യൂസ് ഉപയോഗിക്കാറുണ്ട്. ജലദോഷവും പനിയുമൊക്കെ വരുമ്പോൾ മുന്തിരി നല്ലതാണ്. മഞ്ഞപ്പിത്തമുള്ളവർക്ക് നല്ലൊരു പഥ്യാഹാരമാണ് മുന്തിരി.
സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവസംബന്ധമായ രോഗങ്ങൾക്ക് മുന്തിരിനീർ നൽകിയാൽ ശമനമുണ്ടാകും. ഗർഭിണികളായ സ്ത്രീകൾക്കും പ്രസവിച്ച സ്ത്രീകൾക്കും അത് ഗുണം നൽകുന്നു. പ്രസവത്തിൽ ക്രമാതീതമായ രക്തപ്രവാഹമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ മുന്തിരിക്ക് കഴിയും. മുന്തിരിയിൽ ഇരുമ്പംശമുള്ളതിനാൽ രക്തത്തിൽ ചുവന്ന രക്താണുക്കളെ സൃഷ്ടിക്കാൻ ഇത് സഹായകമാണ്. ലവണം, മധുരം, ജലം, അമ്ലം തുടങ്ങിയവ മനുഷ്യശരീരാവസ്ഥക്കനുയോജ്യമായ തോതിൽ മുന്തിരിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുമുണ്ട്.
പ്രകൃതിജീവനം
മനുഷ്യന് ആഹരിക്കാനായി ഖുർആൻ എടുത്തുപറഞ്ഞ പദാർഥങ്ങളൊക്കെയും പ്രകൃതിജന്യമാണ്. വിഷലിപ്തമായ ഭക്ഷ്യവിഭവങ്ങൾ വിപണി കയ്യടക്കുന്ന പുതിയ ലോകത്ത് ഖുർആനിലെ പ്രകൃതിവിഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രസക്തിയുണ്ട്. ആരോഗ്യവാനായ ഒരു മനുഷ്യന് ആവശ്യമായതെല്ലാം ഖുർആൻ പല ഭാഗങ്ങളിലായി എടുത്തുപറയുന്നുണ്ട്. ഫാസ്റ്റ് ഫുഡ് സംസ്കാരം മനുഷ്യനെ ആരോഗ്യപരമായി തളർത്തുമ്പോൾ ഇത്തരം പുനർവായനകൾ പ്രസക്തമാണ്. മത്സ്യം, മാംസം, പാൽ, തേൻ, ധാന്യങ്ങൾ, ഫലവസ്തുക്കൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിങ്ങനെ പ്രത്യേകമായും ആവർത്തിച്ചു പറയുന്നതിൽ നിന്ന് ഖുർആൻ മുന്നോട്ടുവെക്കുന്ന പ്രകൃതിജീവനം വായിച്ചെടുക്കാവുന്നതാണ്. എന്നാൽ നിർമാണാത്മകമായ പാചകകലയെ ഖുർആൻ അവഗണിക്കുകയോ പാടെ തിരസ്കരിക്കുകയോ ചെയ്തിട്ടില്ല.
{ لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ }
‘അതിൻ്റെ ഫലങ്ങളിൽ നിന്ന് അവർ ആഹരിക്കാനായി; അതൊന്നും അവരുടെ കൈകൾ നിർമിച്ചതല്ല’ എന്ന സൂറ: യാസീനിലെ പരാമർശത്തിന്, ‘ഫലങ്ങളിൽ നിന്നും അവരുടെ കൈകൾ നിർമിച്ചവയിൽ നിന്നും അവർ ഭക്ഷിക്കുവാനായി’ എന്ന് വിശദീകരിച്ചവരുമുണ്ട്. പാചകകലയെക്കൂടി ഖുർആൻ പ്രതിപാദിക്കുന്നുണ്ട് എന്ന് ഈ വ്യാഖ്യാനം സ്ഥിരീകരിക്കുന്നു.

