വിശുദ്ധ ഖുർആനിൽ പരാമർശിച്ച ഒരു പക്ഷിയാണ് കാക്ക. നമ്മൾ നിസ്സാരമായും പലപ്പോഴും നികൃഷ്ടമായും കാണുന്ന കാക്കയെക്കുറിച്ച് പഠിച്ചാൽ ഏറെ കൗതുകം തോന്നും. ഖുർആൻ വെറുതെ ഒരു ജീവിയുടെ പേര് പരാമർശിക്കില്ലല്ലോ, മറ്റു ജീവികളിൽ നിന്ന് സവിശേഷമായ ചില പ്രത്യേകതകൾ കാക്കക്കുണ്ട് എന്നാണ് അത് അർഥമാക്കുന്നത്. ആദം നബിയുടെ രണ്ടു മക്കളായ ഹാബീലും ഖാബീലും തമ്മിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് ഖുർആനിലെ കാക്ക പരാമർശം.
ഹാബീലും ഖാബീലും
ആദ്യ പിതാവായ ആദം നബി, ആദ്യ സ്ത്രീയായ ഹവ്വയെ വിവാഹം കഴിച്ചു. ആ ദാമ്പത്യജീവിതത്തിൽ 20 പ്രസവത്തിലായി 40 കുഞ്ഞുങ്ങൾ ജനിച്ചു എന്നാണ് ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നത്. ഓരോ പ്രസവത്തിലും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ടായി. ആദ്യ ഇരട്ടകൾ ഖാബീലും അഖ്ലീമയുമായിരുന്നു. പിന്നീട് ഹാബീലും തൻ്റെ ഇരട്ടസഹോദരി ലയൂദയമുണ്ടായി.
അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹബന്ധം പാടില്ലെന്നാണല്ലോ ഇസ്ലാമിന്റെ പൊതുവായ നിയമം. ആദം നബിയുടെ ആദ്യകാലത്ത് ഒരേയൊരു കുടുംബമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അടുത്തബന്ധം എന്നതിന് ഒരേ വയറിൽ ഒരേസമയം സഹവസിച്ചവർ എന്ന അർഥത്തിലേക്ക് ചുരുക്കി. ഇരട്ടകൾ തമ്മിൽ വിവാഹം അരുതെന്ന് അല്ലാഹു വിധിച്ചു. ഹാബീൽ അഖ്ലീമയെയും ഖാബീൽ ലയൂദയെയും വിവാഹം ചെയ്യാൻ തീരുമാനമായി. അഖ്ലീമ സുന്ദരിയും സുമുഖിയുമായിരുന്നു. ലയൂദയാകട്ടെ, അത്രതന്നെ സൗന്ദര്യവതിയായിരുന്നില്ല.
ഈ തീരുമാനം ഖാബീലിന് ഇഷ്ടപ്പെട്ടില്ല. അത് അവൻ തുറന്നുപറയുകയും ചെയ്തു. തനിക്ക് തന്റെകൂടെ ജനിച്ച അഖ്ലീമയെ വിവാഹം ചെയ്തുതരാൻ ഖാബീൽ പിതാവിനോട് ആവശ്യപ്പെട്ടു. പിതാവ് വിസമ്മതിച്ചു. ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കുന്നതിനായി
രണ്ടുപേരോടും പിതാവ് ഒരു ഖുർബാന: (ബലി) സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇബ്നു കസീർ പറയുന്നതനുസരിച്ച് ആദം നബി ഹജ്ജിനായി പുറപ്പെട്ടു. എന്റെ മക്കളെ ശ്രദ്ധിക്കുവാൻ ആകാശങ്ങളെയും ഭൂമികളെയും പർവതങ്ങളെയും ആദം നബി ഏൽപിച്ചെങ്കിലും അവരാരും അത് ഏറ്റെടുത്തില്ല. ഖാബീൽ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഹാബീൽ ഇടയനായിരുന്നു. ഖാബീൽ കർഷകനും. ഹാബീല് തടിച്ച ഒരു ആടിനെയാണ് സമർപ്പിച്ചത്. കർഷകനായ ഖാബീൽ ഗോതമ്പ് കതിരും. ആകാശത്തു നിന്ന് ഒരു തീ വന്ന് ഹാബീലിന്റെത് കരിച്ച് കളഞ്ഞു. അല്ലാഹു ആ ബലിദാനം സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു അത്. എന്നാൽ, ഖാബീലിന്റെത് അങ്ങനെ തന്നെ കിടന്നു. അവന് സഹോദരനോട് പകയായി. അസൂയയായി.
“നിന്നെ ഞാൻ കൊല്ലും; നീ അങ്ങനെ എന്റെ സഹോദരിയെ വിവാഹം ചെയ്യേണ്ട”
ഖാബീൽ ക്ഷുഭിതനായി പറഞ്ഞു.
ബലി സ്വീകരിക്കാത്തതിന് ഹാബീലിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അല്ലാഹു അവനോട് ഭയഭക്തിയുള്ളവരിൽ നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂ”
അല്ലാഹുവിനെ പേടിച്ചു ജീവിക്കണമെന്ന് ആശയം തന്റെ ജ്യേഷ്ഠനോട് സഹോദരബുദ്ധ്യാ ഉണർത്തുകയായിരുന്നു ഹാബീൽ. ഈ സംഭവം മനോഹരമായി ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നു:
۞ وَٱتۡلُ عَلَیۡهِمۡ نَبَأَ ٱبۡنَیۡ ءَادَمَ بِٱلۡحَقِّ إِذۡ قَرَّبَا قُرۡبَانࣰا فَتُقُبِّلَ أَحَدِهِمَا وَلَمۡ یُتَقَبَّلۡ مِنَ ٱلۡـَٔاخَرِ قَالَ لَأَقۡتُلَنَّكَۖ قَالَ إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ (27) لَىِٕنۢ بَسَطتَ إِلَیَّ یَدَكَ لِتَقۡتُلَنِی مَاۤ أَنَا۠ بِبَاسِطࣲ یَدِیَ إِلَیۡكَ لِأَقۡتُلَكَۖ إِنِّیۤ أَخَافُ ٱللَّهَ رَبَّ ٱلۡعَـٰلَمِینَ (28) إِنِّیۤ أُرِیدُ أَن تَبُوۤأَ بِإِثۡمِی وَإِثۡمِكَ فَتَكُونَ مِنۡ أَصۡحَـٰبِ ٱلنَّارِۚ وَذَ ٰلِكَ جَزَ ٰۤؤُا۟ ٱلظَّـٰلِمِینَ
“ആദമിൻ്റെ രണ്ടു മക്കളുടെ കഥ സത്യസന്ധമായി അവർക്ക് ഓതിക്കൊടുക്കുക. അവർ രണ്ടുപേരും ബലി സമർപ്പിച്ചെങ്കിലും ഒരാളിൽ നിന്ന് മാത്രമേ സ്വീകരിച്ചുള്ളൂ; മറ്റേയാളിൽ നിന്ന് സ്വീകരിച്ചില്ല. ‘നിന്നെ ഞാൻ കൊന്നു കളയും’ എന്ന് അവൻ ഭീഷണിപ്പെടുത്തി. ‘ഭക്തന്മാരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’ എന്നാണ് സഹോദരൻ പ്രതികരിച്ചത്. ‘എന്നെ കൊല്ലാൻ വേണ്ടി നീ നിൻ്റെ കൈ എൻ്റെ നേരെ നീട്ടിയാലും, നിന്നെ കൊല്ലാൻ വേണ്ടി ഞാൻ എൻ്റെ കൈ നിൻ്റെ നേരെ നീട്ടുകയില്ല’ എന്ന് അവൻ തീർത്തു പറഞ്ഞു. ‘എനിക്ക് ലോകരക്ഷിതാവായ അല്ലാഹുവിനെ പേടിയാണ്. എൻ്റെ കുറ്റവും നിൻ്റെ കുറ്റവും പേറി നീ നരകാവകാശിയായിത്തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അക്രമികൾക്കുള്ള പ്രതിഫലം അതാകുന്നു.’”
കൊല്ലപ്പെട്ട ഹാബീലായിരുന്നു ഘാതകനായ ഖാബീലിനെക്കാൾ കരുത്തൻ എന്ന് അബ്ദുല്ലാഹിബ്നു അംറ് ഉദ്ധരിക്കുന്നുണ്ട്. സഹോദരനെ കൊല്ലുന്നത് മതത്തിനും മനുഷ്യത്വത്തിനും എതിരാണല്ലോ എന്ന ചിന്തയായിരിക്കണം ഹാബീലിനെ തടഞ്ഞത്. ഭക്തിയെക്കുറിച്ച് സഹോദരന് സന്ദേശം നൽകുന്നതോടൊപ്പം തന്നെ സഹോദരസ്നേഹത്തിൻ്റെ ഊഷ്മളതയിലേക്ക് ഹാബീൽ ക്ഷണിക്കുന്നുണ്ട്; അതിന് വിഘ്നം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്നുമുണ്ട്. എന്നാൽ അസൂയയും പകയും മൂത്ത് ഭ്രാന്തമായ അവസ്ഥയിലെത്തിയ ഖാബീലിന് ഈ ഉപദേശങ്ങളൊന്നും ഉള്ളിലേക്ക് കടന്നില്ല.
അവൻ ഒരു ഇരുമ്പ് ദണ്ഡെടുത്ത് തൻ്റെ സഹോദരൻ്റെ തലയ്ക്കടിച്ചു. പാറക്കല്ലെടുത്ത് എറിയുകയായിരുന്നു എന്നും അഭിപ്രായമുണ്ട്. എന്തായാലും സഹോദരൻ മരിച്ചു. കൊല്ലാൻ പഠിപ്പിച്ചത് ഇബ്ലീസ് ആണ് എന്നും പല ചരിത്ര നിവേദനങ്ങളിലും കാണാം. ഒരു പാറക്കല്ലു കൊണ്ട് ഒരു ആടിൻ്റെ തലക്കെറിഞ്ഞു കൊല്ലുന്നത് അവൻ കാണിച്ചുകൊടുത്തു എന്ന് പറയപ്പെടുന്നു. കൊന്ന കാര്യം മാത്രമേ ഖുർആൻ പറയുന്നുള്ളൂ.
فَطَوَّعَتۡ لَهُۥ نَفۡسُهُۥ قَتۡلَ أَخِیهِ فَقَتَلَهُۥ فَأَصۡبَحَ مِنَ ٱلۡخَـٰسِرِینَ
“അപ്പോൾ അവന് (ഖാബീലിന്) തന്റെ സഹോദരനെ കൊല്ലണം എന്ന് തോന്നി. അങ്ങനെ അവൻ പരാജിതരിൽ പെട്ടുപോയി.”
മരിച്ച സഹോദരന്റെ മൃതദ്ദേഹം ഖാബീലിന് ഒരു പ്രതിസന്ധിയായി. അതെന്തു ചെയ്യണം എന്നറിയാതെ അവനതുമായി ഊരുചുറ്റി. അപ്പോഴാണ് നമ്മുടെ ‘കാക്ക’ കടന്നുവരുന്നത്.
കാക്ക വരുന്നു
മൃതദേഹം എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഖാബീലിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അവൻ അത് കുറേ ദിവസം ചുമലിലേറ്റി നടന്നു. അവസാനം തുറന്ന പ്രദേശത്ത് വലിച്ചെറിഞ്ഞു എന്ന് ചില നിവേദനങ്ങളിലുണ്ട്. ഏതായാലും ഒരു ‘കാക്ക’ അവിടെ പ്രത്യക്ഷപ്പെട്ടു. അത് മണ്ണിൽ ഒരു കുഴിയെടുത്തു; ഒരു ചത്ത കാക്കയെ അതിൽ മറമാടി. കാക്ക ചത്തത് എങ്ങനെയായിരുന്നു എന്ന് ഖുർആനിൽ പറയുന്നില്ല. രണ്ട് കാക്കകൾ പരസ്പരം കലഹിക്കുകയും അതിൽ ഒന്ന് മറ്റൊന്നിനെ കൊല്ലുകയും ചെയ്യുകയായിരുന്നു എന്ന് ചില വ്യാഖ്യാന ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്.
"ഞാനെന്തൊരു മഠയൻ! ഈ കാക്കയുടെ ബുദ്ധി പോലും എനിക്കുണ്ടായില്ലല്ലോ" എന്ന് ഖാബീൽ ആത്മവിമർശനം നടത്തി. തൻ്റെ പ്രവൃത്തിയിൽ അവൻ ഖേദിച്ചു. സഹോദരനെ കാക്ക ചെയ്തതുപ്രകാരം അവൻ അടക്കം ചെയ്തു.
ഖുർആൻ പറയുന്നു:
فَبَعَثَ ٱللَّهُ غُرَابࣰا یَبۡحَثُ فِی ٱلۡأَرۡضِ لِیُرِیَهُۥ كَیۡفَ -یُوَ ٰرِی سَوۡءَةَ أَخِیهِۚ قَالَ یَـٰوَیۡلَتَىٰۤ أَعَجَزۡتُ أَنۡ أَكُونَ مِثۡلَ هَـٰذَا ٱلۡغُرَابِ فَأُوَ ٰرِیَ سَوۡءَةَ أَخِیۖ فَأَصۡبَحَ مِنَ ٱلنَّـٰدِمِینَ (31) }[Surah Al-Māʾidah: 27-31]
“അപ്പോൾ തൻ്റെ സഹോദരൻ്റെ മൃതദേഹം എങ്ങനെ മറവു ചെയ്യണമെന്ന് കാണിച്ചുകൊടുക്കാനായി അല്ലാഹു ഒരു കാക്കയെ നിയോഗിച്ചു. അത് ഭൂമിയിൽ ഒരു കുഴി ഉണ്ടാക്കി. അവൻ പറഞ്ഞു: ‘കഷ്ടം! ഈ കാക്കയെപ്പോലെയാകാൻ പോലും എനിക്ക് സാധിച്ചില്ലല്ലോ; എൻ്റെ സഹോദരൻ്റെ മൃതദേഹം എനിക്ക് മറമാടാൻ കഴിഞ്ഞില്ലല്ലോ.’ അങ്ങനെ അവൻ ഖിന്നരിൽ പെട്ടുപോയി.”
മനുഷ്യചരിത്രത്തിലെ ആദ്യത്തെ മറമാടലായിരിക്കുമത്. ശവസംസ്കാരത്തിൻ്റെ ഏറ്റവും ശാസ്ത്രീയമായ രീതി മണ്ണിൽ അടക്കം ചെയ്യുന്നത് തന്നെയാണ്; രോഗങ്ങൾ സംക്രമിക്കുന്നത് തടയാൻ അത് കാരണമാകും. മരിച്ച വ്യക്തിക്കുള്ള ആദരവുമാണത്. അക്കാര്യം മനുഷ്യനെ പഠിപ്പിക്കുവാൻ അല്ലാഹു തിരഞ്ഞെടുത്തത് കാക്കയെയായിരുന്നു.
കാക്ക വിശേഷങ്ങൾ
Corvidae കുടുംബത്തിൽ Corvus വർഗത്തിൽപ്പെട്ട പക്ഷിയാണ് കാക്ക. കറുത്ത നിറം, പരുക്കൻ ശബ്ദം. ഇഷ്ടഭക്ഷണം മാംസമാണെങ്കിലും പച്ചക്കറികളും പഴവർഗങ്ങളും ഇവ ഭക്ഷിക്കും. മുപ്പത്തിയഞ്ചോളം ഇനം കാക്കകളെ പക്ഷിശാസ്ത്രജ്ഞർ വേർതിരിച്ച് മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ രണ്ടുതരം കാക്കകൾ മാത്രമേ കാണപ്പെടുന്നുള്ളൂ; ബലിക്കാക്കയും പേനക്കാക്കയും. രണ്ടും ഒരേ വർഗമാണെങ്കിലും വ്യത്യസ്ത ജാതികളാണ്.
പക്ഷികളിൽവച്ച് ഏറ്റവും ബുദ്ധിയുള്ളത് കാക്കകൾക്കാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് സ്പീഷീസുകളുള്ള പക്ഷി വർഗങ്ങളിൽ ശരീരത്തിൻ്റെ വലുപ്പത്തെ അപേക്ഷിച്ച് തലച്ചോറ് കൂടുതലുള്ളത് കാക്കയ്ക്കാണ് എന്നതാണ് ഇതിന് കാരണമായി കണക്കാക്കപ്പെടുന്നത്.
കാക്കബുദ്ധി കഥയല്ല
കൂജയുടെ അടിയിലുള്ള ജലം ചരൽക്കല്ലുകൾ കൊണ്ടിട്ട് ജലനിരപ്പ് ഉയർത്തി വെള്ളം കുടിച്ചു പറന്നുപോയ കാക്ക കേവലം കഥയല്ല; 2009-ൽ എത്തോളജിസ്റ്റായ നിക്കോള ക്ലൈറ്റൺ നടത്തിയ പരീക്ഷണങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട്. കാക്കയുടെ ബുദ്ധി പരീക്ഷിക്കാൻ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. അകത്തുകടക്കാൻ പറ്റാത്ത ഒരു കൂട്ടിനുള്ളിൽ അതിന്റെ അങ്ങേത്തലയ്ക്കൽ ഒരു ഇറച്ചിക്കഷണം വെച്ചിരിക്കുന്നു. ഒരു നീളമുള്ള കോൽ ഉപയോഗിച്ച് മാത്രമേ കാക്കയ്ക്ക് അതെടുക്കാൻ പറ്റൂ. തൊട്ടടുത്ത കൂട്ടിൽ കോൽ കിടക്കുന്നുണ്ട്; പക്ഷേ അത് കൊക്കുകൊണ്ട് എടുക്കാൻ പറ്റുന്ന ദൂരത്തിലല്ല. മറ്റൊരു സ്ഥലത്ത് ഒരു ചെറിയ കമ്പ് കെട്ടിയിട്ടിരിക്കുന്നു. കാക്ക പറന്നുവന്നു പരിസരം വീക്ഷിച്ചു. ആദ്യം ചെറിയ കമ്പ് വളരെ സമർഥമായി അഴിച്ചു താഴേക്ക് വീണുപോകാതെ തന്റെ കൊക്കിലൊതുക്കി. പിന്നീട് ആ കമ്പ് ഉപയോഗിച്ച് നീളമുള്ള കോൽ കൂട്ടിൽനിന്ന് പുറത്തെടുത്തു. പിന്നീട് ആ കോൽ ഉപയോഗിച്ച് മാംസം നീക്കിയെടുത്ത് ഭക്ഷിച്ചു. ഇത്തരം പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.
https://youtube.com/shorts/6Tz7n3M__sw?si=vkW3xyN2BA_4cln5
സമകാലിക ഖുർആൻ ശാസ്ത്രഗവേഷകരിൽ വിശ്രുതനായ ഡോ. സഗ്ലൂൽ റാഗിബ് അന്നജ്ജാർ തന്റെ 'അൽഹയവാനാത് ഫിൽ ഖുർആനിൽ കരീം' എന്ന പുസ്തകത്തിൽ എഴുതുന്നു:
‘ശക്തമായ ജാഗ്രത, കൃത്യമായ ഓർമ, മറ്റുള്ളവരോട് ബന്ധപ്പെടാനുള്ള ശക്തി, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, വ്യവസ്ഥാപിതമായ സമൂഹങ്ങളെ നിർമിക്കാനുള്ള കഴിവ്, കൂട്ടവേട്ട, സമൂഹ പ്രതിരോധം, കുഞ്ഞുങ്ങളുടെ സാമൂഹിക സംരക്ഷണം, കൂട്ടക്കളി, സാമൂഹിക കൂടുനിർമാണം, സൊറ പറച്ചിൽ, അന്വേഷണാത്മകത, ഭക്ഷണം തട്ടിയെടുക്കാനും ഒളിപ്പിച്ചു വെക്കാനുമുള്ള കഴിവ്, സ്വദേശിയെയും വിദേശിയെയും തിരിച്ചറിയാനുള്ള കഴിവ്, മറ്റു ജീവികളെയും മനുഷ്യരെയും ആക്രമിക്കാനുള്ള കഴിവ് എന്നിവയെല്ലാം തലച്ചോറിന്റെ വലിപ്പം കാരണം കാക്കകളിൽ പ്രകടമാവുന്ന വ്യത്യസ്തതകളാണ്’
പറഞ്ഞുവരുന്നത്, ഖാബീലിനെ പഠിപ്പിക്കാൻ കാക്കയെത്തന്നെ തിരഞ്ഞെടുത്തത് വെറുതെയായിരിക്കില്ല എന്നിടത്തേക്ക് നമ്മുടെ ചിന്തകൾ എത്തുന്നു. സാമൂഹ്യജീവിയാണ് കാക്ക. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താൽപര്യമുള്ള ഒരു പക്ഷി. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണപിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്കമുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു. കൂട്ടത്തിലെ ഒരു കാക്കയ്ക്കോ കുഞ്ഞിനോ അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി പ്രതികരിക്കുകയും ചിലപ്പോൾ ആക്രമോത്സുകത കാണിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം.
കാക്കയ്ക്ക് വലിയ ഓർമശക്തിയാണെന്നും അതുമൂലം തന്റെ കുട്ടിക്കാലത്ത് കാക്കയുടെ പക നേരിടേണ്ടി വന്നതും ജീവിതം തന്നെ അതുമൂലം ദുസ്സഹമായതും പ്രശസ്തനായ ഫോട്ടോഗ്രാഫർ ഇ. എച്ച്. എൻ. ലൗദർ തന്റെ "ഇന്ത്യയിൽ ഒരു പക്ഷി ഫോട്ടോഗ്രാഫർ" എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കാക്കകൾ ഭക്ഷണം എടുത്ത് മറച്ചുവെക്കുന്നതും ചിലപ്പോൾ സംഘമായി വന്ന് മറ്റുള്ള വന്യജീവികളെ തുരത്തുന്നതും ചന്ത പോലുള്ള സ്ഥലങ്ങളിൽ ഒരു കൂസലുമില്ലാതെ വന്ന് മാലിന്യം എടുത്തുകൊണ്ടുപോകുന്നതും മറ്റും കാക്കകളുടെ ബുദ്ധിശക്തിക്ക് സൂചനയായി കരുതുന്നു. ആപത്തു നേരിടുമ്പോൾ ഉള്ള കരച്ചിലിൽ വളരെ പെട്ടെന്നാണ് ഇവ കൂട്ടംചേർന്നെത്തുന്നത്. തേങ്ങ പോലുള്ള പൊട്ടിക്കാൻ പറ്റാത്ത ഭക്ഷ്യവസ്തുക്കൾ വാഹനങ്ങൾ ചീറിപ്പായുന്ന റോഡുകളിൽ നിക്ഷേപിക്കുകയും വാഹനങ്ങൾ കയറി അത് പൊളിയുമ്പോൾ ഉപയോഗിക്കുകയും ചെയ്യുന്ന വിദ്യ കാക്കകൾ പരീക്ഷിക്കാറുണ്ട്. മുക്കുവന്മാരെ അനുകരിച്ച് മീൻ പിടിക്കാനും ഉണങ്ങിയ വസ്തുക്കൾ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാനും കാക്കകൾക്കറിയാം.
കാക്കക്കോടതികൾ
കാക്കകൾക്ക് കോടതികൾ ഉണ്ട് എന്ന നിരീക്ഷണം ആദ്യം തമാശയായി തോന്നിയെങ്കിലും, ആ വിഷയത്തിൽ പഠനങ്ങൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഡോക്ടർ സ്വബ്രി ദമിർദാശ്, ഡോ. സഗ്ലൂൽ നജ്ജാർ എന്നിവരെല്ലാം അതേക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എങ്കിലും ഈ വിഷയത്തിൽ ഇനിയും ശാസ്ത്രീയമായ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്.
കാക്കക്കോടതിയിൽ നിയമം തെറ്റിക്കുന്നവർക്ക് കടുത്ത ശിക്ഷകളുണ്ട്. കുഞ്ഞു കാക്കകളുടെ ഭക്ഷണം കവർച്ച ചെയ്താൽ, കാക്കക്കൂട്ടം ചേർന്ന് കുറ്റവാളിയായ കാക്കയുടെ തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാനാവാത്ത കുഞ്ഞിക്കാക്കയെപ്പോലെയാക്കുകയാണ് ശിക്ഷ. മറ്റൊരു കാക്കയുടെ കൂട് പൊളിച്ചുകളയുകയോ അതിക്രമിക്കുകയോ ചെയ്താൽ പുതിയ കൂടുണ്ടാക്കി കൊടുക്കണം എന്നാണ് നിയമം. ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ കൂട്ടത്തിൽ നിന്ന് പുറത്താക്കും. തന്റെ ഇണയല്ലാത്ത പെൺകാക്കയെ ബലാത്സംഗം ചെയ്താൽ മരണം വരെ കൊക്കുകൾ കൊണ്ട് കുത്തിക്കൊല്ലുകയാണ് ശിക്ഷ.
വിശാലമായ മൈതാനത്തോ നെൽപാടങ്ങളിലോ വെച്ചാണ് ഈ വിധി നടപ്പാക്കുക. കൃത്യസമയത്തു തന്നെ ജഡ്ജിമാർ ഹാജരാവും. കുറ്റവാളിയായ കാക്കയെ ശക്തമായ സുരക്ഷയിൽ കൊണ്ടുവരും. വിചാരണ ആരംഭിച്ചാൽ കുറ്റവാളി തലകുനിക്കുകയും ചിറകുകൾ താഴ്ത്തുകയും ചെയ്യും. കുറ്റസമ്മതത്തെ അറിയിക്കാൻ എന്നോണം ശബ്ദം ഉണ്ടാക്കുന്നത് നിർത്തും. ജഡ്ജിമാർ കൊല്ലാനാണ് വിധിച്ചതെങ്കിൽ ഒരുകൂട്ടം കാക്കകൾ അവയുടെ കൊക്കുകൾ കൊണ്ട് ചാകുന്നത് വരെ കൊത്തും. അപ്പോഴേക്കും മറ്റൊരു കാക്ക അവൻ്റെ ശരീരം അടക്കാൻ പാകത്തിലുള്ള ഒരു കുഴിയെടുത്തിട്ടുണ്ടാവും. കൊല്ലപ്പെട്ട കാക്കയുടെ ശരീരം അതിൽ അടക്കം ചെയ്യുകയും മുകളിൽ മണ്ണ് വാരിയിടുകയും ചെയ്യും. ശവത്തോടുള്ള ആദരവ് എന്ന നിലയ്ക്കാണ് മറമാടുന്നത്.
ചില വീഡിയോകളിൽ കാക്കക്കോടതികളുടെതെന്ന് കരുതാവുന്ന ദൃശ്യങ്ങളും ഇതേക്കുറിച്ചുള്ള വിവരണങ്ങളും കണ്ടു.
https://youtu.be/G7o78mauLP4?si=3o1rs1CUZprDArrZ
അവസാനം ഒരു ചോദ്യം ബാക്കിയാവുന്നു: കാക്കയുടെ കഥ ഖുർആനിൽ വന്നതെങ്ങനെയാണ്? തിരുനബിക്ക് അതാരാണ് പറഞ്ഞുകൊടുത്തത്? ബുദ്ധിയുള്ള സാമൂഹിക ജീവിയാണ് കാക്ക എന്ന് അവിടുത്തേക്ക് എവിടുന്ന് കിട്ടി? ആരു പറഞ്ഞുകൊടുത്തു? ഈ കഥയൊക്കെ ബൈബിളിലുള്ളതല്ലേ, അതിൽനിന്ന് പകർത്തിയതല്ലേ എന്ന സംശയത്തിന് അർഥമില്ല; കാരണം വളരെ വിശദമായിത്തന്നെ ഖാബീലിൻ്റെയും ഹാബീലിൻ്റെയും കഥ ഉൽപത്തി പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും കാക്കയുടെ കാര്യം അതിൽ പറയുന്നില്ല.

