വിശുദ്ധ ഖുർആനിലെ ഇരുപത്തിയേഴാം അധ്യായത്തിൻ്റെ പേര് 'അന്നംല്' (ഉറുമ്പ്) എന്നാണ്. ഈ അധ്യായത്തിലെ പതിനെട്ടാമത്തെ വചനത്തിലാണ് ഉറുമ്പിനെക്കുറിച്ചുള്ള പരാമർശം കടന്നുവരുന്നത്. സുലൈമാൻ നബിയുടെ രാജകീയ പര്യടനത്തിനിടെ ഉണ്ടായ ഒരു സംഭവമാണ് പശ്ചാത്തലം.
ലോകം മുഴുവൻ അടക്കിഭരിച്ച രാജാക്കളിൽ ഒരാളായിരുന്നു സുലൈമാൻ നബി. ജിന്ന്-പിശാചുക്കളെയും കാറ്റുകളെയും അല്ലാഹു സുലൈമാൻ നബിക്ക് കീഴ്പ്പെടുത്തിക്കൊടുത്തിരുന്നു. മനുഷ്യേതര ജീവികളുടെ സംസാരം ഗ്രഹിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. വഹബ് ബ്നു മുനബ്ബഹിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ചരിത്രശകലത്തിൽ ഇപ്രകാരം കാണാം: ഇസ്തകറിൽ നിന്ന് യമനിലേക്ക് പോവുകയായിരുന്നു സുലൈമാൻ നബി. കൂടെ കുടുംബവും സേവകരും സൈന്യവും പരിവാരവുമുണ്ട്; പാചകക്കാരും അടുപ്പുകളും പാകം ചെയ്യാനുള്ള മൃഗങ്ങളുമുണ്ട്.
യാത്രസംഘം തിരുനബിയുടെ മദീനയിലൂടെയാണ് കടന്നുപോയത്. അവിടെയെത്തിയപ്പോൾ സുലൈമാൻ നബി പറഞ്ഞു: "അവിടുത്തെ (തിരുനബിയെ) വിശ്വസിച്ചവർക്കും പിന്തുടർന്നവർക്കും മംഗളങ്ങൾ!" യാത്രയ്ക്കിടെ അവർ ത്വാഇഫിലെ 'വാദിസ്സദീർ' എന്ന പ്രവിശ്യയിലെത്തി. അവിടെ ഉറുമ്പുകളുടെ ഒരു വൻ കോളനിയുണ്ടായിരുന്നു. സുലൈമാൻ നബി വരുന്നുണ്ടെന്നറിഞ്ഞ ഒരു ഉറുമ്പ് മറ്റു ഉറുമ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അക്കാര്യം മാത്രമാണ് ഖുർആൻ പറയുന്നത്. അതിങ്ങനെ:
{حَتَّىٰۤ إِذَاۤ أَتَوۡا۟ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةࣱ یَـٰۤأَیُّهَا ٱلنَّمۡلُ ٱدۡخُلُوا۟ مَسَـٰكِنَكُمۡ لَا یَحۡطِمَنَّكُمۡ سُلَیۡمَـٰنُ وَجُنُودُهُۥ وَهُمۡ لَا یَشۡعُرُونَ} {فَتَبَسَّمَ ضَاحِكࣰا مِّن قَوۡلِهَا وَقَالَ رَبِّ أَوۡزِعۡنِیۤ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِیۤ أَنۡعَمۡتَ عَلَیَّ وَعَلَىٰ وَ ٰلِدَیَّ وَأَنۡ أَعۡمَلَ صَـٰلِحࣰا تَرۡضَىٰهُ وَأَدۡخِلۡنِی بِرَحۡمَتِكَ فِی عِبَادِكَ ٱلصَّـٰلِحِینَ 27:18,19
“അവർ ഉറുമ്പുകളുടെ താഴ്വരയിൽ എത്തിയപ്പോൾ ഉറുമ്പൊരുത്തി പറഞ്ഞു: “ഉറുമ്പ് സമൂഹമേ! നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് കടന്നുകൊള്ളുവിൻ! സുലൈമാനും അദ്ദേഹത്തിൻ്റെ സൈന്യവും അവരറിയാതെ നിങ്ങളെ ചവിട്ടിയരയ്ക്കാതിരിക്കട്ടെ.”
അവളുടെ സംസാരം കേട്ട് സുലൈമാൻ നബി ചിരിച്ചു. എന്നിട്ട് ഇങ്ങനെ പ്രാർഥിച്ചു: "എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും, നീ ഇഷ്ടപ്പെടുന്ന സൽകർമങ്ങൾ പ്രവർത്തിക്കാനും എനിക്ക് നീ പ്രചോദനം നൽകേണമേ! നിൻ്റെ കാരുണ്യം കൊണ്ട് സദ്വൃത്തരായ നിൻ്റെ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ"
ഖുർആൻ്റെ ദൈവികമായ സ്രോതസ്സിനെ ബോധ്യപ്പെടുത്തുന്ന ചില പുതിയ അറിവുകൾ ഈ സൂക്തം മുന്നോട്ടുവെക്കുന്നു.
ഒന്ന്: മിർമെക്കോളജിയിലേക്ക് (Myrmecology) കവാടം തുറക്കുന്നു
ഉറുമ്പുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മിർമെക്കോളജി. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉറുമ്പുകൾ നിസാര ജീവികളല്ലെന്നും ധാരാളം പഠനങ്ങൾക്ക് വിധേയമാക്കേണ്ട ജീവിവർഗമാണെന്നും ഈ സൂക്തത്തിലൂടെ ഖുർആൻ സൂചിപ്പിക്കുന്നു. എന്തൊക്കെയോ ചില സവിശേഷതകളുള്ള പ്രത്യേക ജീവിവർഗമാണ് ഉറുമ്പ് എന്ന് ഏതൊരു പഠിതാവിനും ഗ്രഹിച്ചെടുക്കാമല്ലോ. അതുപ്രകാരം ഒരാൾ ഉറുമ്പുകളുടെ ലോകത്തെക്കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ് ഒരു വിസ്മയ പ്രപഞ്ചത്തിലേക്ക് എത്തിപ്പെട്ടതുപോലെ അയാൾ അത്ഭുതപ്പെട്ടുപോകുന്നത്.
ഉറുമ്പുകൾ ഹൈമനോപ്റ്റെറ (Hymenoptera) ഓർഡറിലെ ഭാഗമാണ്. ലോകത്ത് 11,000-ൽ അധികം ഇനം ഉറുമ്പുകളുണ്ട്. സ്വന്തം ഭാരത്തെക്കാൾ അനേകം ഇരട്ടിഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും. ഒറ്റ നിൽപ്പിൽ തന്നെ എട്ടു ദിക്കുകളും താഴെയും മേലെയും ഒരുപോലെ ദർശിക്കാനാവുന്ന കാഴ്ചാസംവിധാനം അവയ്ക്കുണ്ട്. ഉറുമ്പുകളുടെ ഘ്രാണശക്തി അതിശക്തമാണ്. ഉറുമ്പുകളുടെ കോളനി നിർമാണവും സാമൂഹികജീവിതവും അതിശയിപ്പിക്കുന്നതാണ്.
ജാഗ്രത, അച്ചടക്കം, ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, സഹകരണം, ആത്മാർഥത, അശ്രാന്തപരിശ്രമം, സദ്വിചാരം, സമുദായസ്നേഹം... ഇങ്ങനെ ഒരുപാട് നല്ല ഗുണങ്ങൾ ഉറുമ്പുകളിൽ നിന്ന് മനുഷ്യൻ പഠിക്കേണ്ടതുണ്ട്. ഈ ഒരൊറ്റ സൂക്തത്തിൽ തന്നെ ഉറുമ്പുകളുടെ സ്വഭാവത്തിലെ 13 കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും:
വരാൻ പോകുന്ന പ്രയാസം തിരിച്ചറിഞ്ഞു, ഉടനടി പരിഹാരം കണ്ടു, ഉറക്കെ വിളിച്ചുപറഞ്ഞു, ശ്രദ്ധ തിരിക്കുന്ന രൂപത്തിൽ അഭിസംബോധന ചെയ്തു (يا ايها النمل), കൽപിച്ചു (ادخلوا), തടഞ്ഞു (لا يحطمنكم), തറപ്പിച്ചു പറഞ്ഞു (لا يحطمنكم), ഉപദേശിച്ചു, മുന്നറിയിപ്പു നൽകി,
കാരണസഹിതം വിശദീകരിച്ചു, ആഗതരെ കുറ്റവിമുക്തരാക്കി (وهم لا يشعرون).
ഒരു വചനത്തിൽ തന്നെ ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തുക എന്നത് ഖുർആനിന്റെ സാഹിത്യഭംഗി കൂടിയാണ്.
രണ്ട്: ഉറുമ്പ് വ്യവസ്ഥാപിതമായ സാമൂഹികജീവിതം നയിക്കുന്നു
ഉറുമ്പുകളുടെ സാമൂഹ്യജീവിതത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ സൂക്തത്തിൽ അടങ്ങിയ ഉറുമ്പിൻ്റെ പ്രസ്താവന. സ്വന്തം കാര്യം നോക്കുകയല്ല; സമൂഹത്തിന്റെ കാര്യത്തിൽ ജാഗ്രതാനിർദേശം നൽകുന്നു എന്നത് സാമൂഹികതയുടെ കൃത്യമായ അടയാളപ്പെടുത്തലാണല്ലോ. ഈ വചനം മാത്രമല്ല, ഈ അധ്യായത്തിൻ്റെ പേര് തന്നെയും സാമൂഹികത സൂചിപ്പിക്കുന്നു.
സമൂഹമായിട്ടല്ലാതെ ഉറുമ്പിന് ജീവിക്കാൻ കഴിയില്ലത്രേ. ഒറ്റപ്പെട്ടുപോയ ഉറുമ്പുകൾ ഒന്നുകിൽ കൂട്ടത്തിൽ ചേരുകയോ അല്ലെങ്കിൽ ചത്തുപോവുകയോ ആണ് പതിവ്. ഒരു കൂട്ടിൽ നൂറു മുതൽ ലക്ഷക്കണക്കിന് വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മനുഷ്യനെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഉറുമ്പുകൾ സാമൂഹികജീവിതം ഐക്യത്തോടും ചിട്ടയോടും മുന്നോട്ടുകൊണ്ടുപോകുന്നു. മണ്ണിലോ മരത്തിലോ ആവും താരതമ്യേന ഭംഗി കുറഞ്ഞ കൂടുകൾ ഉണ്ടാക്കുക. ഒരു കോളനിയിൽ വിവിധതരം ഉറുമ്പുകളെ കാണാൻ കഴിയും: റാണിമാർ, ജോലിക്കാർ, ചിറകുള്ള ആണുറുമ്പുകൾ, ചിറകുള്ള പെണ്ണുറുമ്പുകൾ, പട്ടാളക്കാർ മുതലായവയാണവ.
റാണിമാർ: ചിറകില്ലാത്തതും പ്രത്യുത്പാദനശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടിൽ തന്നെ അനേകം രാജ്ഞിമാരുണ്ടാകും; എന്നാൽ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. റാണിമാരുടെ ആയുസും കൂടുതലാണ്. ഒരു വയസ്സു മുതൽ പതിനഞ്ചു വയസ്സു വരെ ജീവിച്ചിരിക്കുന്ന റാണിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും അവർ ചെയ്യാറില്ല. കൂടിൻ്റെ ഏറ്റവും ഉള്ളറകളിലൊന്നിൽ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. റാണിമാർക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാർക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു കൂട് നിർമിക്കുമ്പോൾ മാത്രമേ രാജ്ഞിമാർ കൂടുവിട്ടിറങ്ങാറുള്ളൂ.
വേലക്കാർ: പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാർ. ജോലിക്കാരാണ് ഒരു കൂട്ടിലേക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാജ്ഞിമാരെയും മറ്റുറുമ്പുകളെയും ലാർവകളെയും തീറ്റിപ്പോറ്റുക, കൂടുകൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ ചെയ്യുന്നത്. വേലക്കാരിൽ തന്നെ ജോലി വിഭജനമുണ്ട്. കൂടിനു പുറത്തുള്ള ജോലികൾ ചെയ്യേണ്ട ജോലിക്കാരും കൂട്ടിനകത്തെ ജോലികൾ ചെയ്യേണ്ട ജോലിക്കാരുമുണ്ടായിരിക്കും. മുട്ടകളെയും ലാർവകളെയും എടുത്തുമാറ്റുക, കുഞ്ഞുറുമ്പുകളെ വൃത്തിയാക്കുക, ഭക്ഷണവസ്തുക്കൾ ചുമന്നുകൊണ്ടുവരിക, ബാക്കിവരുന്ന പദാർഥങ്ങൾ കൂടിനു വെളിയിൽ കളയുക എന്നിവയാണ് പ്രധാന ജോലികൾ. ചില വേലക്കാർ ഭക്ഷണം വയറ്റിൽ സൂക്ഷിച്ചാണ് കൊണ്ടുവരിക. അവ പിന്നീട് തികട്ടിയെടുത്ത് നൽകുന്നു.
കൂട്ടിനു വെളിയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാർ ഒറ്റയ്ക്കോ കൂട്ടമായോ ഇക്കാര്യം ചെയ്യുന്നു. ഹേമന്തകാലത്തെ ദീർഘകാല ആവശ്യത്തിനായി ഉറുമ്പുകൾ ധാന്യങ്ങൾ സൂക്ഷിച്ചുവെക്കുന്നു. ധാന്യങ്ങൾ മുളയ്ക്കാതിരിക്കാൻ അവയുടെ വേരുകൾ മുറിച്ചുമാറ്റുന്നു. ധാന്യങ്ങൾ നനയുകയാണെങ്കിൽ, ഉണക്കുന്നതിനായി സൂര്യപ്രകാശത്ത് കൊണ്ടുവെക്കുന്നു. ഉണങ്ങിയ ഉടനെതന്നെ അവ അകത്തേക്ക് തിരിച്ചു കൊണ്ടുപോകുന്നു. കൂടുകളിൽ കൃത്യമായ താപനില നിയന്ത്രിക്കാനുള്ള പ്രക്രിയകളും അവർ സജ്ജീകരിക്കുന്നു.
ശസ്ത്രക്രിയ ചെയ്യുന്ന ഉറുമ്പുകൾ!: യൂനിവേഴ്സിറ്റി ഓഫ് വുർസ്ബർഗിലെ (University of Würzburg) ബിഹേവിയറൽ ഇക്കോളജിസ്റ്റായ എറിക് തോമസ് ഫ്രാങ്ക് (Erik Thomas Frank) 2024-ൽ നടത്തിയ പഠനത്തിൽ ഉറുമ്പുകൾ സർജറി നടത്തുന്നതായി കണ്ടെത്തി! ഏതെങ്കിലും ഉറുമ്പുകളുടെ കാലുകൾക്ക് പരിക്കേറ്റാൽ ഉറുമ്പുകൾ വായിലെ സ്രവങ്ങൾ ഉപയോഗിച്ച് ‘മരുന്ന്’ നൽകി പരിഹരിക്കാൻ ശ്രമിക്കുമെന്നും, മുറിവ് മാരകമാണെങ്കിൽ ശസ്ത്രക്രിയ ചെയ്യുമെന്നുമാണ് കണ്ടെത്തൽ. 40 മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണത്രേ ശസ്ത്രക്രിയ!
പട്ടാളക്കാർ: ശത്രുക്കളെ നേരിടാൻ സജ്ജരായ ഉറുമ്പുകളാണ് പട്ടാളക്കാർ. വലിയ തലയും കടിക്കാനും മുറിക്കാനുമുള്ള ഉറപ്പുള്ള വായ്ഭാഗങ്ങളും (മാൻഡിബിളുകൾ) ഇവയ്ക്കുണ്ടാകും. ഒരു കൂടിൻ്റെ പ്രവേശനമാർഗത്തിൽ ശത്രുവിൻ്റെ സാന്നിധ്യമറിഞ്ഞാൽ അവ തലയുടെ വലിയ ഭാഗമുപയോഗിച്ച് കൂടടച്ചുവെക്കുന്നു. ശത്രുക്കളെ നേരിടാൻ ഉറുമ്പുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫോർമിക് അമ്ലവും (Formic acid) ഉപയോഗിക്കാറുണ്ട്.
മൂന്ന്: ഉറുമ്പുകൾക്ക് അവരുടെതായ പ്രത്യേക ഭാഷയുണ്ട്.
ഒരു ഉറുമ്പ്, മറ്റു ഉറുമ്പുകൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതാണല്ലോ മേൽ സൂക്തത്തിലെ ഇതിവൃത്തം. അപ്പോൾ ന്യായമായും ഉയരുന്ന ഒരു ചോദ്യമുണ്ട്; ഉറുമ്പുകൾക്ക് ഭാഷയുണ്ടോ? അവർ സംസാരിക്കുമോ? ആശയവിനിമയം നടത്തുമോ? സുലൈമാൻ നബി അത് കേട്ടു എന്നത് പ്രവാചകന്മാർക്ക് നൽകപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയാം. ഉറുമ്പിൻ്റെ സംസാരവും അങ്ങനെയാവാമെങ്കിലും, മനുഷ്യരെപ്പോലെ തന്നെ ഇതര ജീവിജാലങ്ങളും ഓരോ സമുദായമാണ് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ.
{ وَمَا مِن دَاۤبَّةࣲ فِی ٱلۡأَرۡضِ وَلَا طَـٰۤىِٕرࣲ یَطِیرُ بِجَنَاحَیۡهِ إِلَّاۤ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِی ٱلۡكِتَـٰبِ مِن شَیۡءࣲۚ ثُمَّ إِلَىٰ رَبِّهِمۡ یُحۡشَرُونَ }[Surah Al-Anʿām: 38]
“ഭൂമിയിലൂടെ നടക്കുന്ന ജീവജാലങ്ങളോ സ്വന്തം ചിറകുകൾ ഉപയോഗിച്ച് പറക്കുന്ന പക്ഷികളോ നിങ്ങളെപ്പോലെയുള്ള സമുദായങ്ങൾ മാത്രമാണ്. ഈ ഗ്രന്ഥത്തിൽ നാം ഒന്നും വിട്ടേച്ചുപോയിട്ടില്ല. പിന്നീട് അവരുടെയൊക്കെ നാഥൻ്റെ അടുക്കലേക്ക് അവ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും.”
പക്ഷികളുടെ ഭാഷയെക്കുറിച്ചും ഖുർആനിൽ പരാമർശമുണ്ട്. ഭാഷ മനുഷ്യർക്ക് മാത്രമല്ല എന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്. ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ വർഷങ്ങളായി ആ ഭാഷ തിരിച്ചറിയാൻ വേണ്ടിയുള്ള - ആ ഭാഷ മനസ്സിലാക്കിയെടുക്കാനുള്ള - ശ്രമങ്ങൾ നടന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഒരു മില്ലിമീറ്റർ മുതൽ ഏഴ് മില്ലിമീറ്റർ വരെ നീളമുള്ള ഈ കൊച്ചുജീവിയുടെ തലച്ചോറ് പൊടിയുപ്പിൻ്റെ തരിയോളം മാത്രമേ കാണൂ. പക്ഷേ, അതിന് ഒന്നിലേറെ ഭാഷകൾ സംസാരിക്കാൻ കഴിവുണ്ട്. സ്വന്തം ഗ്രൂപ്പിൽ പെട്ടവരോട് പറയുന്ന ഭാഷയിലല്ല മറ്റൊരു കോളനിയിൽ പെട്ടവരോടും മറ്റു ജീവികളോടും അവ സംസാരിക്കുക. ഇതുവരെ കണ്ടെത്തിയത് പ്രകാരം ഉറുമ്പുകൾക്ക് മൂന്നുതരം ഭാഷകളുണ്ട്:
ഒന്ന്: രാസഭാഷ - ഉറുമ്പിൻ്റെ ശരീരത്തിൽ നിന്ന് നിർഗളിക്കുന്ന രാസവസ്തുക്കൾ (Pheromones) ചില പ്രത്യേക സന്ദേശങ്ങൾ നൽകുന്നു. അത് നിർദേശങ്ങളോ മുന്നറിയിപ്പുകളോ അറിയിപ്പുകളോ ആകാം.
രണ്ട്: ചലനഭാഷ - കൈകാലുകൾ, വയറ്, കൊമ്പ് (Antennae) എന്നിവ കൊണ്ടുള്ള ചലനങ്ങളിലൂടെ സന്ദേശങ്ങൾ അറിയിക്കലാണിത്.
മൂന്ന്: ശബ്ദഭാഷ - കാലുകളിലുള്ള ശബ്ദകോശങ്ങൾ ആഗിരണം ചെയ്യുന്ന ചില സ്പന്ദന ശബ്ദങ്ങൾ മാത്രമാണ് ഇതുവരെ ജന്തുശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഗവേഷണങ്ങൾ ഇനിയും പുരോഗമിക്കും. ആശയവിനിമയ മാർഗങ്ങൾ ഇല്ലാതെ മേൽപ്പറഞ്ഞ തരത്തിലുള്ള സാമൂഹിക ജീവിതം സാധ്യമല്ലല്ലോ. അവയ്ക്ക് പുറമേ നർമസല്ലാപം നടത്തുന്നതിനായി ചിലപ്പോഴൊക്കെ അവ പരസ്പരം കൂടിയിരിക്കാറുണ്ടത്രേ! കൊള്ളകൊടുക്കലുകൾ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവയ്ക്കിടയിലുണ്ട്!
നാല്: ഉറുമ്പിന് ബുദ്ധിയും ഓർമയും തിരിച്ചറിവും ബോധ്യവുമുണ്ട്.
ഖുർആനിക സൂക്തത്തിലെ ഉറുമ്പിൻ്റെ പ്രസ്താവനയിൽ, ചവിട്ടേൽക്കുന്നതിനു മുൻപ് രക്ഷപ്പെടാൻ നിർദേശമുണ്ട്; വരുന്നത് ആരാണെന്നും അവർ ബോധപൂർവമല്ല ചവിട്ടുക എന്നും അത് തിരിച്ചറിയുന്നുണ്ട്. ഉറുമ്പുകളുടെ ബുദ്ധിയും തിരിച്ചറിവുമൊക്കെ ഈ സൂക്തത്തിൽ ഏറെ വ്യക്തമാണ്.
ഉറുമ്പിലെ പാറാവുകാരെക്കുറിച്ച് പറഞ്ഞല്ലോ. മറ്റ് ഉറുമ്പുകളെക്കാൾ 300 ഇരട്ടി വരെ വലിപ്പമുള്ള ഈ പട്ടാളക്കാർ ഏറെ ജാഗ്രതയോടെയാണ് പെരുമാറുക. ശത്രുക്കളുടെ സാന്നിധ്യമറിഞ്ഞാൽ ആക്രമിക്കാൻ ഒരു മടിയും കാണിക്കില്ല; ജീവൻ പണയം വെച്ചും അവർ പോരാടും. കാൽനടക്കാരുടെ ചെരുപ്പിലും ഷൂവിലുമെല്ലാം കയറി അവ കടിക്കും. ജോലി വിഭജിച്ചു നൽകുന്ന ഇവർ, ഭക്ഷണം സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും ഏറെ വ്യവസ്ഥാപിതമാണ്.
ഇതിനൊക്കെപ്പുറമെ ഉറുമ്പുകൾക്ക് കൃഷികളും ‘കറവപ്പശുക്കളും’ തേൻ ദാതാക്കളുമുണ്ട്! ഉറുമ്പ് ബുദ്ധി ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ജന്തുക്കളാണിവ. മനുഷ്യൻ ചില ജീവികളെയൊക്കെ ചില ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെങ്കിലും, ഉറുമ്പ് തന്നെക്കാൾ ചെറിയ അനേകം ജീവികളെ അടിമകളാക്കി ഉപയോഗിക്കുന്നു!
ഉറുമ്പുകളുടെ കൃഷി
കൃഷി നടത്തുന്ന ഉറുമ്പുകൾ 'ആറ്റ' (Atta) എന്ന പേരിലാണ് അറിയപ്പെടുന്നത്. തങ്ങളെക്കാൾ വലിപ്പമുള്ള ഇലകൾ ചുമന്നുകൊണ്ട് കൂടുകളിലേക്ക് പോകുന്ന ഇക്കൂട്ടരുടെ വാസസ്ഥലം തെക്കേ അമേരിക്കയാണ്. ഒറ്റനോട്ടത്തിൽ കുടചൂടിപ്പോകുന്നതായേ തോന്നു; അതിനാൽ ഇവയെ 'പാരസോൾ ആന്റ്സ്' (Parasol Ants) എന്നും വിളിക്കാറുണ്ട്. പാരസോൾ എന്നാൽ അലങ്കാരക്കുട എന്നാണ് അർഥം.
ഉറുമ്പുകൾ ഇങ്ങനെ കഷ്ടപ്പെട്ട് വലിയ ഇലകൾ കൊണ്ടുപോകുന്നത് കൂടു നിർമിക്കാനൊന്നുമല്ല; തങ്ങളുടെ കൂടുകളിലെ തോട്ടത്തിലേക്ക് വളമാക്കാനാണ്. വളരെ താഴ്ചയുള്ള മാളങ്ങളിലാണ് ഈ ഉറുമ്പുകൾ താമസിക്കുന്നത്. ഈ മാളങ്ങളിൽ വിശാലമായ അറകളുണ്ടാകും. ഈ അറകളിലാണ് ഉറുമ്പുകളുടെ തോട്ട നിർമാണവും പരിപാലനവും നടക്കുന്നത്. തങ്ങളുടെ ഇഷ്ടാഹാരമായ ഒരുതരം പൂപ്പലാണ് (Fungus) ഇവർ വളർത്തിയെടുക്കുന്നത്.
പൂന്തോട്ടങ്ങളിൽ വളമിടാനും സംരക്ഷിക്കാനും അനേകായിരം ഉറുമ്പുകൾ നിത്യേന കഠിനശ്രമത്തിലാണ്. ഇല കൊണ്ടുവരുന്നതും അത് പരിപാലിക്കുന്നതും വെവ്വേറെ സംഘങ്ങളാണ്. കൂട്ടത്തിൽ കരുത്തന്മാരും വലിപ്പമേറിയവരുമാണ് ഇല കൊണ്ടുവരാൻ പോകുന്നത്. മൂർച്ചയേറിയ താടികൊണ്ടാണ് (Mandibles) ഇവർ ഇല മുറിക്കുന്നത്. വലിയ ഇലയാണെങ്കിൽ രണ്ടോ മൂന്നോ പേർ ചേർന്നാണ് മുറിക്കുക; അവർ ഒരുമിച്ചാണ് അത് ചുമക്കുന്നതും. ചെറിയ ഇലകൾ കൂട്ടത്തിലെ ശക്തന്മാർ ഒറ്റയ്ക്കും എടുത്തുകൊണ്ടുപോകാറുണ്ട്.
ചുമട്ടുകാർ ഇലകൾ കൂടുകളിൽ എത്തിക്കുന്നതോടെ അവരുടെ ജോലി കഴിയും. മറ്റൊരു സംഘമാണ് കൂട്ടിലെത്തിയ ഇലകൾ മുറിച്ചു ചെറുതാക്കുന്നതും ചുമന്ന് അറകളിൽ എത്തിക്കുന്നതും. ചെറുതാക്കിയ ഇലകൾ വായിലെ ഉമിനീരു ചേർത്ത് ചവച്ചാണ് വളമാക്കുന്നത്. പൂപ്പൽ നശിപ്പിക്കാൻ ചില ശത്രുക്കളും തക്കം പാർത്തിരിക്കാറുണ്ട്. അത്തരം പ്രാണികളെ ഉറുമ്പുകൾ കൂട്ടത്തോടെ ചെറുത്തുതോൽപ്പിക്കും. ഉമിനീർ കുത്തിവെച്ചാണ് അവയെ നശിപ്പിക്കുന്നത്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് റാണി ഉറുമ്പാണ്.
മുഞ്ഞകൾ (Aphids) - എന്ന ‘കറവപ്പശുക്കൾ’
മൃദുവായ ശരീരമുള്ള, പിയർ ആകൃതിയിലുള്ള സ്രവം കുടിക്കുന്ന പ്രാണികളാണ് മുഞ്ഞകൾ (Aphids). സാധാരണയായി ഏകദേശം 1-2 മില്ലീമീറ്റർ നീളമുള്ള ഇവ, വലിയ അളവിൽ കൂട്ടമായി വളർന്ന് സസ്യങ്ങളുടെ ഇളം തണ്ടുകളെ ഭക്ഷിക്കുന്നു. ഇക്കൂട്ടരെയാണ് പാലിനും തേനിനും വേണ്ടി ഉറുമ്പുകൾ 'കറവപ്പശുക്കളെ'പ്പോലെ വളർത്തുന്നത്. മുഞ്ഞകളെ കൂടാതെ മീലിബഗ്ഗുകൾ, ചെതുമ്പലുകൾ തുടങ്ങിയ നീരു കുടിക്കുന്ന മറ്റ് കീടങ്ങളെയും ഉറുമ്പ് കോളനികൾക്ക് തേൻ നൽകാൻ ഉപയോഗിക്കുന്നു.
മുഞ്ഞകളുടെ ഫാമുകൾ കൈകാര്യം ചെയ്യുന്നതിലും അവയെ സസ്യങ്ങളിൽ ആവശ്യമുള്ളിടത്ത് സ്ഥാപിക്കുന്നതിലും ഉറുമ്പുകൾ വളരെ സമർഥരാണ്. മുഞ്ഞകളെ പോറ്റാൻ ഒരു ചെടി മതിയായ ഗുണനിലവാരമുള്ളതല്ലെങ്കിൽ ഉറുമ്പുകൾ അവയുടെ കോളനികളെ മറ്റൊരു സസ്യത്തിലേക്ക് മാറ്റും. സൗമ്യമായി സമ്മർദ്ദം ചെലുത്തുകയോ 'മസാജ്' ചെയ്യുകയോ ചെയ്താണ് ഉറുമ്പുകൾ മുഞ്ഞകളിൽ നിന്ന് പാൽ കറക്കുന്നത്. ഇതിന് പകരമായി, ഉറുമ്പുകൾ ഇരപിടിയന്മാരിൽ നിന്നും പരാദങ്ങളിൽ നിന്നും മുഞ്ഞയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ മുഞ്ഞകൾ ഉത്പാദിപ്പിക്കുന്ന ഫെറോമോൺ അലാറം സിഗ്നലുകൾ ഉറുമ്പുകൾക്കുള്ള ജാഗ്രതാ നിർദേശങ്ങളായിരിക്കും.
ഇളം മുഞ്ഞകൾക്ക് ചിറകുകളില്ല; എന്നാൽ മുഞ്ഞകളുടെ കോളനികൾ പെരുകുകയോ സസ്യങ്ങൾ അവയ്ക്ക് അനുയോജ്യമല്ലാത്ത ആവാസവ്യവസ്ഥകളായി മാറുകയോ ചെയ്യുമ്പോൾ, ചിറകുള്ള മുഞ്ഞകൾ വികസിച്ച് മറ്റ് സസ്യങ്ങളിലേക്ക് കുടിയേറുന്നു. മുഞ്ഞകൾ പറന്നുപോകുന്നത് തടയാൻ ഉറുമ്പുകൾ അവയുടെ ചിറകുകൾ കടിച്ചുകളയും! കൂടാതെ, ഉറുമ്പുകൾ അവയുടെ ഗ്രന്ഥികളിൽ നിന്ന് രാസവസ്തുക്കൾ ഉത്പാദിപ്പിച്ച് മുഞ്ഞകളുടെ ചിറകുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഉറുമ്പുകളുടെ കാലിലെ രാസവസ്തുക്കൾ മുഞ്ഞയുടെ കോളനികളെ ശാന്തമാക്കാനും കീഴടക്കാനും കഴിവുള്ളവയാണത്രേ! മുഞ്ഞകളുടെ കോളനി സമീപത്തു തന്നെ നിലനിർത്തി, ഉറുമ്പ് കോളനിക്ക് എളുപ്പത്തിൽ ലഭ്യമായ ഭക്ഷണസ്രോതസ്സാക്കി മാറ്റുന്നു. മുഞ്ഞകളുടെ എണ്ണം പരിധിയിൽ കൂടുതൽ വലുതായാലോ ഉറുമ്പുകൾക്ക് പ്രോട്ടീൻ ആവശ്യമായി വന്നാലോ അവ മുഞ്ഞകളിൽ ചിലതിനെ ഭക്ഷിക്കുകയും ചെയ്യും!
അഞ്ച്: ഉറുമ്പ് കോളനികൾ
ഖുർആനിക സൂക്തത്തിൽ സുലൈമാൻ നബി ഉറുമ്പുകളുടെ കോളനിക്കടുത്ത് എത്തിയതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. 'കോളനി' എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് 'വാദി' എന്ന അറബി പദത്തെയാണ്. 'താഴ്വര' എന്നാണ് അതിന് നേർക്കുനേർ അർഥം. ഉറുമ്പിന് മാത്രമായി ഒരു താഴ്വര ഉണ്ടാകുമോ? ഉറുമ്പുകൾ കൂട്ടമായി ജീവിക്കുന്ന ഇടം എന്നാണ് ഒരു കോളനി കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് 'വാദി' എന്ന പ്രയോഗം അത്രമേൽ ശരിയാകുമോ എന്ന ചോദ്യം സ്വാഭാവികമാണ്.
ഉറുമ്പുകളുടെ അത്ഭുത ലോകത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന അവയുടെ സാമ്രാജ്യത്തെക്കുറിച്ചുള്ള പുത്തൻ അറിവുകൾ നമുക്ക് നൽകുന്നു! കാലിഫോർണിയ, ന്യൂസിലാൻഡ്, യൂറോപ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ നീണ്ടുകിടക്കുന്ന ഉറുമ്പ് കോളനികൾ (Super Colonies) കണ്ടെത്തിയിട്ടുണ്ട്. ഈ കോളനികളെക്കുറിച്ച് പഠിച്ചാൽ നമ്മൾ ഞെട്ടിപ്പോകും. യൂറോപിലെ ഒരു സൂപ്പർ കോളനി 6000 കിലോമീറ്റർ നീളത്തിൽ പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു! ഇതിൽ കോടിക്കണക്കിന് ഉറുമ്പുകളുണ്ടാകും. ലക്ഷക്കണക്കിന് കൂടുകൾ തമ്മിൽ ബന്ധിപ്പിച്ച നിലയിലാണ് ഇവ കാണപ്പെടുന്നത്.
ഒരു ഉറുമ്പ് കോളനിയിൽ താഴെപ്പറയുന്ന സംവിധാനങ്ങൾ ഉണ്ടാകും:
- വായുസഞ്ചാരത്തിനായുള്ള ‘കവാടം’.
- അപരിചിതർ പ്രവേശിക്കുന്നത് തടയാനുള്ള പാറാവുകാർ.
- ഉഷ്ണകാലത്ത് വേലക്കാരികൾക്ക് വിശ്രമിക്കാനുള്ള ഇടം.
- ഭക്ഷണം സൂക്ഷിക്കാനുള്ള നിലവറ.
- ഡൈനിംഗ് ഹാൾ.
- സൈനിക കേന്ദ്രം.
- റാണിയുടെ മുറി.
- മുഞ്ഞകൾക്ക് (കറവപ്പശു) തീറ്റ കൊടുക്കാനും താമസിക്കാനുമുള്ള ആലയം.
- പാൽ കറക്കാനുള്ള സ്ഥലം.
- മുട്ട വിരിയിക്കാനുള്ള സ്ഥലം.
- കുഞ്ഞുറുമ്പുകളെ പോറ്റാനുള്ള സ്ഥലം.
- ശീതകാല ആവാസത്തിനുള്ള സ്ഥലം; തൊട്ടടുത്തു തന്നെ മരിച്ചവരെ മറവു ചെയ്യാനുള്ള സ്ഥലവും ഉണ്ടാവും.
- റാണിക്ക് ശീതകാലത്ത് താമസിക്കാനുള്ള സ്ഥലം.
ആറ്: ജാഗ്രതാനിർദേശം നൽകിയത് പെണ്ണുറുമ്പാണ്.
സൂക്തത്തിലെ 'നംലതുൻ' (نملة) എന്ന വാക്കിൽ അതിലേക്ക് സൂചനയുണ്ട്. ഏകവചനത്തിന് എന്നപോലെ സ്ത്രീലിംഗത്തിനും അങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ. ഉറുമ്പിൻകൂട്ടിൽ പെണ്ണുറുമ്പുകൾക്ക് മാത്രമേ കാര്യമായ ജോലിയുള്ളൂ. മുട്ടയിടുന്നതും മേൽനോട്ടം വഹിക്കുന്നതുമെല്ലാം റാണികളാണ്. ജോലികൾ മുഴുവനും ചെയ്യുന്നത് ഉൽപാദനശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ്. റാണിയുമായി ഇണചേരുക എന്ന പണി മാത്രമേ ആണുറുമ്പുകൾക്കുള്ളൂ; അതിനുശേഷം വൈകാതെ തന്നെ അവ മൃതിയടയുകയും ചെയ്യും.
ഏഴ്: ഉറുമ്പിന്റെ ശരീരം ചില്ലുകൾ പോലെ പൊട്ടുന്നതാണ്.
“അവർ നിങ്ങളെ ചവിട്ടിയരയ്ക്കാതിരിക്കട്ടെ” എന്ന് വിവർത്തനം ചെയ്തിരിക്കുന്നതിൻ്റെ അറബി മൂലം 'ലാ യഹ്തിമന്നക്കും' (لَا يَحْطِمَنَّكُمْ) എന്നാണ്. “പൊട്ടിക്കാതിരിക്കട്ടെ” എന്നാണ് അതിൻ്റെ നേർക്കുനേർ അർഥം. കൊല്ലുക എന്ന് പറയാതെ ഈ വാക്ക് തന്നെ പ്രയോഗിച്ചത് അവയുടെ ശരീരഘടനയിലേക്കുള്ള സൂചനയായിരിക്കാം. ഉറുമ്പുകളുടെ പുറംചട്ട (Exoskeleton) ചില്ലുപോലെ പൊട്ടിപ്പോകുന്ന പദാർഥങ്ങൾ (Chitin) കൊണ്ട് നിർമിതമായതിനാലാവാം തകർക്കുകയോ പൊട്ടിക്കുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന ഈ പദം ഖുർആൻ തിരഞ്ഞെടുത്തത്.
പുതിയ ലോകത്തിൻ്റെ മാപിനി വെച്ചുകൊണ്ട് അളക്കുന്നവർക്കു തന്നെ ഖുർആനിക സൂക്തത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സുതരാം ബോധ്യപ്പെട്ടിരിക്കണം. സുലൈമാൻ നബി ഉറുമ്പിൻ്റെ സംസാരം കേട്ടത് എങ്ങനെ എന്ന ചോദ്യം മാത്രമായിരിക്കും ഇവിടെ ബാക്കിയാവുന്നത്. അത് അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാർക്ക് നൽകുന്ന സവിശേഷമായ സിദ്ധിയാണ്. അവയാകട്ടെ പ്രാപഞ്ചിക നിയമങ്ങൾക്ക് വിരുദ്ധമായി ഉണ്ടാകുന്നവയുമാണ്. 'മുഅ്ജിസത്' (അമാനുഷിക ദൃഷ്ടാന്തം) എന്നാണ് ഇതിനെ ഇസ്ലാമിൻ്റെ സാങ്കേതിക ഭാഷയിൽ പറയുന്നത്. ഇതെല്ലാം സൃഷ്ടിച്ചവന് അങ്ങനെയും സാധിക്കുമല്ലോ.
ഐതിഹ്യങ്ങൾ പറയുന്ന കടങ്കഥാ പുസ്തകമല്ല ഖുർആൻ; സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ജഗന്നിയന്താവിന്റെതാണ് അത്. പുതിയ ലോകത്തിൻ്റെ കണ്ടെത്തലുകൾക്ക് ശക്തി പകരുന്ന വൈജ്ഞാനിക ലോകമാണ് ഖുർആനിലെ ഉറുമ്പുകൾ നമുക്ക് തുറന്നുതന്നത്. ഭൗതിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള അക്ഷരജ്ഞാനം പോലും ആർജിച്ചിട്ടില്ലാതിരുന്ന മുഹമ്മദ് നബിക്ക് ഇതൊക്കെ എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തിന് ഉത്തരം, ഈ ഗ്രന്ഥം അല്ലാഹുവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്നത് മാത്രമാണ്.

